സൽസ്വഭാവിയാവുക, സ്വർഗാവകാശിയാവുക
തന്റെ നിയോഗത്തിന്റെ പ്രഥമ ലക്ഷ്യമായി നബി (സ) വിവരിച്ചത് ഉത്തമസ്വഭാവങ്ങളുടെ പൂർത്തീകരണമാണ് (إنما بُعِثْتُ لأتمم مكارم الأخلاق).
أخلاق / അഖ്ലാഖ് എന്നാണ് സ്വഭാവങ്ങളെക്കുറിക്കാൻ പ്രവാചകൻ ഉപയോഗിച്ച പദം. خُلُق/ ഖുലുഖ് എന്നതാണ് അതിന്റെ ഏക വചനം. خَلْق/ ഖൽഖ് എന്നതും خُلُق/ ഖുലുഖ് എന്നതും ഒരേ മൂലത്തിലുള്ള പദങ്ങളാണ്. خَلْق ( ഖൽഖ്) എന്നത് മനുഷ്യന്റെ ബാഹ്യ ശരീര ഘടനയെ കുറിക്കുമ്പോള്‍ خُلُق (ഖുലുഖ്) നമ്മുടെ സ്വഭാവത്തെ കുറിക്കുന്നു. ഇവ രണ്ടും ഒരേ പോലെ നന്നാവണമെന്നാണ് അല്ലാഹു നമ്മില്‍നിന്ന് ആവശ്യപ്പെടുന്നത്. അല്ലാഹു ഏറ്റവും നല്ല രൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു. അങ്ങനെയുള്ള മനുഷ്യൻ നല്ല ആകാരവും ആരോഗ്യവുമുള്ള ആളാവണമെന്നതു പോലെ തന്നെ പ്രധാനമാണ് അയാളുടെ സ്വഭാവവും നന്നാവണമെന്നത്.
വിശാലമായ അർഥത്തില്‍ നമ്മുടെ സ്വഭാവങ്ങള്‍ മൂന്നായി തരം തിരിയുന്നതായി കാണാം: ഒന്ന്, അല്ലാഹുവിനോട് നാം പാലിക്കേണ്ട സ്വഭാവ ഗുണങ്ങൾ. അതായത് അല്ലാഹുവിനെ മാത്രം വഴിപ്പെടുക, അവനെ മാത്രം അനുസരിക്കുക, അവനോട് മാത്രം പ്രാർഥിക്കുക എന്നിങ്ങനെയുള്ള സ്വഭാവ ഗുണങ്ങൾ. രണ്ട്, മനുഷ്യരോട് നാം പാലിക്കേണ്ട സ്വഭാവ ഗുണങ്ങൾ. അതായത്, മറ്റു മനുഷ്യരോടുള്ള നമ്മുടെ ഇടപെടലുകളിലും ഇടപാടുകളിലും പെരുമാറ്റങ്ങളിലും നാം പുലർത്തേണ്ട മര്യാദകൾ. മൂന്ന്, നാം സ്വന്തത്തോട് പുലർത്തേണ്ട മര്യാദകൾ. എന്നുപറഞ്ഞാല്‍, നാം എന്തെങ്കിലും പ്രവർത്തിക്കുമ്പോള്‍ അത് ഏറ്റവും ഭംഗിയായി ചെയ്യുക, നമ്മുടെ തന്നെ കഴിവുകളുടെ വികാസത്തിന് വേണ്ട കാര്യങ്ങൾ ചെയ്യുക. ഒരു യഥാർഥ മുസ്‌ലിമിന്റെ സ്വഭാവം എന്തായിരിക്കണം, അവൻ/അവള്‍ സ്വന്തം കുടുംബത്തിലും, അയൽപക്കങ്ങളിലും, സമൂഹത്തിലുമൊക്കെ മറ്റുള്ളവർക്ക് മാതൃകയാവുന്ന രൂപത്തിൽ തന്റെ വ്യക്തിത്വം വളർത്തിയെടുക്കാൻ വേണ്ട സ്വഭാവ സവിശേഷതകൾ എന്തൊക്കെയാണ് എന്നത് സുപ്രധാനമായ സംഗതിയാണ്. ഒരു മുസ്‌ലിം ചില ആരാധനകൾ അനുഷ്ഠിക്കുന്ന കേവലം ആരാധനാ ജീവിയല്ല, മറിച്ച് മറ്റുള്ളവർക്ക് നൻമ ചെയ്യുകയും ഉത്തമ സ്വഭാവം കൊണ്ട് ആളുകള്‍ക്ക് ഉപകാരിയായി മാറുകയും ചെയ്യേണ്ട വ്യക്തിയാണ്. ഒരാളുടെ സല്‍സ്വഭാവം കാരണം ചില സന്ദർഭങ്ങളില്‍ ആരാധനാനുഷ്ഠാനങ്ങളെക്കാൾ കൂടുതൽ പ്രതിഫലം ലഭിക്കുന്ന അവസരങ്ങൾ വന്നുചേർന്നേക്കാമെന്നും നബി (സ) പഠിപ്പിച്ചിട്ടുണ്ട്.
مَا مِنْ شَيءٍ أَثْقَلُ في ميزَانِ المُؤمِنِ يَومَ القِيامة مِنْ حُسْنِ الخُلُقِ
(വിചാരണാ നാളിൽ ഒരു വിശ്വാസിയുടെ തുലാസിൽ സൽസ്വഭാവത്തെക്കാൾ കനം തൂങ്ങുന്ന ഒന്നുമില്ല) എന്നാണ് നബിവചനം. എന്നു മാത്രമല്ല, ഒരാൾ സ്വർഗത്തിൽ പ്രവേശിക്കാൻ ഏറ്റവുമധികം കാരണമാവുക അവന്റെ സൽസ്വഭാവമാണ് എന്നും നബി (സ) പറഞ്ഞിട്ടുണ്ട്. അപ്പോൾ സ്വാഭാവികമായും ഒരു സംശയം വരാം: ഈ സ്വഭാവം നമുക്ക് ജന്മനാ ഉണ്ടാകുന്നതാണോ, അതോ നമുക്ക് ജീവിതത്തിൽ നേടിയെടുക്കാൻ കഴിയുന്നതാണോ? ഉദാഹരണമായി, നമുക്ക് നമ്മുടെ കുടുംബത്തിലെ ചില ആളുകളെ വളരെ പെട്ടെന്ന് ദേഷ്യപ്പെടുന്ന സ്വഭാവക്കാരായും മറ്റു ചിലരെ വളരെ പക്വതയോടെയും വിനയത്തോടെയും പെരുമാറുന്നവരായും കാണാം. അതവർക്ക് ജന്മനാ ലഭിച്ചതാണെന്ന് കരുതാൻ തക്ക ലക്ഷണങ്ങളും കണ്ടേക്കാം. നബി (സ) തന്നെ പറഞ്ഞിട്ടുണ്ട്:
إنَّ اللهَ قَسَّمَ بينَكُم أخلاقَكُم، كما قَسَّمَ بينَكم أرزاقَكُم
( നിങ്ങളുടെ ഭൗതിക വിഭവങ്ങൾ എങ്ങനെയാണോ വിഭജിച്ചിട്ടുള്ളത്, അതേ പോലെ തന്നെ നിങ്ങളുടെ സ്വഭാവ വിശേഷങ്ങളും അല്ലാഹു നിങ്ങൾക്ക് വിഭജിച്ചു നൽകിയിട്ടുണ്ട്). അതായത്, ചില സ്വഭാവങ്ങൾ നമുക്ക് ജന്മനാ കിട്ടുന്നതാണ്. പക്ഷേ, എന്റെ മുൻകോപം, ദേഷ്യം, ആളുകളെ പരിഗണിക്കാതിരിക്കൽ, മറ്റുള്ളവരോട് പെരുമാറുമ്പോൾ എന്നിൽ നിന്ന് വരുന്ന അശ്രദ്ധ മുതലായവയൊക്കെ എനിക്ക് ജന്മനാ ഉള്ളതാണെന്ന് പറഞ്ഞ് അതിനെ ന്യായീകരിക്കാൻ നമുക്ക് സാധ്യമല്ല. കാരണം, നാം അത്തരം സ്വഭാവ ദൂഷ്യങ്ങളെ നന്നാക്കിയെടുക്കാൻ കല്‍പിക്കപ്പെട്ടവരാണ്. അതിനാലാണ് നബി (സ), 'ഞാൻ നിയോഗിക്കപ്പെട്ടത് ഉത്തമ സ്വഭാവങ്ങളുടെ പൂർത്തീകരണത്തിനാണ്' എന്ന് പറഞ്ഞത്.
നമ്മുടെ സ്വഭാവത്തെ ശുദ്ധീകരിക്കാൻ നാല് കാര്യങ്ങൾ പ്രധാനമാണ്: അതിൽ ഒന്നാമത്തേത് വിജ്ഞാനമാണ്. അതായത്, നല്ല സ്വഭാവ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കണം. രണ്ടാമത്, നമുക്ക് മാതൃകയാക്കാൻ ഒരു റോൾ മോഡൽ വേണം. ആ അർഥത്തിൽ നബി (സ) തന്നെയായിരിക്കണം നമ്മുടെ റോൾ മോഡൽ. അല്ലാഹു തന്നെ നബി(സ)യെക്കുറിച്ച് പറഞ്ഞിട്ടുള്ളത്, وَإِنَّكَ لَعَلَىٰ خُلُقٍ عَظِيم (താങ്കൾ ഏറ്റവും നല്ല സ്വഭാവത്തിന്റെ ഉടമയാണ് ) എന്നാണല്ലോ. അപ്പോൾ നബി പഠിപ്പിച്ച ഉത്തമ സ്വഭാവങ്ങളായിരിക്കണം നാം മാതൃകയാക്കേണ്ടത്. അല്ലെങ്കിൽ പ്രവാചകൻ പഠിപ്പിച്ച ഉത്തമ സ്വഭാവഗുണങ്ങൾ കാത്തുസൂക്ഷിക്കുന്നവരെയോ, പ്രവാചകന്റെ തന്നെ അനുചരൻമാരെയോ ഒക്കെ നമുക്ക് റോൾ മോഡലായി സ്വീകരിക്കാം. മൂന്നാമത്തേത്, നമുക്കുണ്ടായ വ്യക്തിപരമായ അനുഭവങ്ങളാണ്. ആ അനുഭവങ്ങളിൽനിന്ന് പാഠമുൾക്കൊണ്ട് നാം നമ്മുടെ സ്വഭാവത്തെ മാറ്റിയെടുക്കേണ്ടതുണ്ട്. നാലാമത് വേണ്ടത് പ്രാർഥനയാണ്. നബി (സ), കണ്ണാടി നോക്കുമ്പോൾ നമ്മോട് ഇങ്ങനെ പ്രാർഥിക്കാൻ പറഞ്ഞിട്ടുണ്ട്: اللَّهُمَّ كَمَا حَسَّنْتَ خَلْقِي فَحَسِّنْ خُلُقِي (അല്ലാഹുവേ, നീ എന്റെ ആകാരത്തെ നന്നാക്കിയതു പോലെ എന്റെ സ്വഭാവത്തെയും നന്നാക്കേണമേ). അപ്പോൾ ഉത്തമ സ്വഭാവ ഗുണങ്ങൾ നൽകാൻ വേണ്ടി നിരന്തരം അല്ലാഹുവിനോട് പ്രാർഥിക്കുക എന്നതും നമ്മുടെ സ്വഭാവ ശുദ്ധീകരണത്തിന് വേണ്ടി നാം ചെയ്യേണ്ട കാര്യങ്ങളിൽ പ്രധാനമാണ്. l
Comments