Prabodhanm Weekly

Pages

Search

2023 ജൂലൈ 14

3309

1444 ദുൽഹജ്ജ് 25

ഇത് അധഃസ്ഥിത വിഭാഗങ്ങൾക്കെതിരായ നീക്കം കൂടിയാണ്

എഡിറ്റർ

രാജ്യത്ത് ഏക സിവിൽ കോഡ് വീണ്ടും ചർച്ചയായിരിക്കുകയാണ്. ചില രാഷ്ട്രീയ നിക്ഷിപ്ത താൽപര്യങ്ങൾക്കു വേണ്ടി ആ വിഷയം മനപ്പൂർവം ചർച്ചയാക്കിയിരിക്കുകയാണ് എന്നു പറയുന്നതാവും ശരി. സിവിൽ നിയമങ്ങൾ ഒറ്റ അച്ചിൽ വാർക്കുന്നത് എന്തിന് എന്ന് ചോദിച്ചാൽ ഭരണാധികാരികൾ പറയുന്ന ഉത്തരം ദേശീയോദ്ഗ്രഥനത്തിനു വേണ്ടി, ഐക്യത്തിനു വേണ്ടി എന്നൊക്കെയാണ്. ഭരണഘടന നൽകുന്ന മൗലികാവകാശങ്ങൾക്ക് വിരുദ്ധമാണ് കൃത്രിമമായി ഉണ്ടാക്കിയെടുക്കുന്ന ഈ ഏക സിവിൽ നിയമം എന്ന് ഭരണാധികാരികൾക്ക് അറിയാഞ്ഞിട്ടല്ല. വിവാഹം, വിവാഹ മോചനം, അനന്തരാവകാശം പോലുള്ള കുടുംബ കാര്യങ്ങളിൽ അതത് മതങ്ങളുടെയും സംസ്കാരങ്ങളുടെയും നിയമങ്ങളും ആചാരങ്ങളുമനുസരിച്ചാണ് ഇന്ത്യയിൽ വ്യക്തിനിയമങ്ങൾക്ക് രൂപം നൽകിയിരിക്കുന്നത്. 1955-ലെ ഹിന്ദു വിവാഹ നിയമവും 1956-ലെ ഹിന്ദു പിന്തുടർച്ചാവകാശ നിയമവും ഇതിന് ഉദാഹരണങ്ങളാണ്. ഇതിൽ തന്നെ വിവിധ സംസ്ഥാനങ്ങളിൽ പലതരം ആചാരങ്ങളാണ് വ്യക്തിനിയമങ്ങളായി ഉൾപ്പെടുത്തിയിട്ടുള്ളത്. അത്തരം ആചാരങ്ങൾ നാനൂറിൽ പരമുണ്ട്. ക്രിസ്ത്യാനികൾ, സിഖുകാർ, ഹിന്ദുക്കൾ, ഗോത്ര വർഗങ്ങൾ, മുസ്്ലിംകൾ, കശ്മീരി മുസ്്ലിംകൾ, കശ്മീരി പണ്ഡിറ്റുകൾ തുടങ്ങിയ അനവധി വിഭാഗങ്ങൾക്ക് വ്യക്തിനിയമങ്ങൾ അനുവദിച്ച് നൽകിയിട്ടുണ്ട്. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭോപാൽ പ്രസംഗം കേട്ടാൽ തോന്നുക, 1937-ലെ മുസ്്ലിം പേഴ്സനൽ ആപ്ലിക്കേഷൻ ആക്ട് മാത്രമാണ് രാജ്യത്ത് നിലവിലുള്ള ഏക വ്യക്തിനിയമം എന്നാണ്. മുസ്്ലിം വ്യക്തിനിയമത്തിന്റെ മറവിൽ ഇസ്്ലാമിന്റെ കുടുംബ നിയമങ്ങൾക്കെതിരെയായിരുന്നു ആ പ്രസംഗം മുഴുവൻ. രാജ്യത്ത് നിലവിലുള്ള അസംഖ്യം വ്യക്തിനിയമങ്ങളെക്കുറിച്ച് അദ്ദേഹം പരാമർശിക്കുക പോലുമുണ്ടായില്ല. മുസ്്ലിം പേഴ്സനൽ ലോ ഒഴിച്ച് ബാക്കി എല്ലാ വ്യക്തി, ഗോത്ര, ആദിവാസി നിയമങ്ങളെയും സംരക്ഷിക്കുന്ന നിയമ നിർമാണമാണ് നടത്താൻ പോകുന്നത് എന്നും കേൾക്കുന്നു. എങ്കിലത് ഇന്ത്യാ ചരിത്രത്തിലെ തന്നെ ഏറ്റവും അനീതി നിറഞ്ഞ, വിഭാഗീയത മാത്രം ലക്ഷ്യമിടുന്ന നിയമ നിർമാണങ്ങളിൽ ഒന്നായിരിക്കും.
അതുകൊണ്ടുതന്നെ രാജ്യവ്യാപകമായി ഈ നീക്കത്തിനെതിരെ പ്രതിഷേധമുയരുകയാണ്. മേഘാലയാ ട്രൈബൽ കൗൺസിൽ പ്രസിഡന്റ് പറഞ്ഞിരിക്കുന്നത്, തങ്ങൾ ഈ നിയമ നിർമാണത്തെ നഖശിഖാന്തം എതിർക്കുമെന്നാണ്. ഝാർഖണ്ഡിലെ റാഞ്ചിയിൽ മുപ്പതിലേറെ ഗോത്ര പ്രതിനിധികൾ ഒത്തുകൂടി, ഈ നീക്കം തങ്ങളുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകി. ഒരു പക്ഷേ, ഏക സിവിൽ കോഡ് ഏറ്റവും പ്രതികൂലമായി ബാധിക്കുക ആദിവാസികളെയും ഗിരിവർഗക്കാരെയുമൊക്കെ ആയിരിക്കും. ഏക സിവിൽ കോഡ് വരുന്നതോടെ അധഃസ്ഥിത ജനതയുടെ സംരക്ഷണം ഉറപ്പുവരുത്തുന്ന പ്രത്യേക വനനിയമങ്ങളും മറ്റും ഇല്ലാതാകും. മാഫിയകൾക്ക് ആദിവാസി-ഗിരിവർഗ വിഭാഗങ്ങളുടെ ഭൂമി തട്ടിയെടുക്കാൻ ഇത് വഴിയൊരുക്കും. ഏതെങ്കിലും മത വിഭാഗത്തെ മാത്രമല്ല ഇത് അപകടപ്പെടുത്തുക എന്ന് ചുരുക്കം. ഈ നിലക്ക് തന്നെയാണ് ഈ വിഷയത്തെ സമീപിക്കേണ്ടതും. l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 45 അല്‍ ജാഥിയഃ സൂക്തം 18-22
ടി.കെ ഉബൈദ്‌