Prabodhanm Weekly

Pages

Search

2023 ജൂലൈ 14

3309

1444 ദുൽഹജ്ജ് 25

ഒരു ദലിതന്റെ "സംഘ്' അനുഭവം

അദീബ് ഹൈദർ

ഇന്ത്യയിലെ മരുഭൂപ്രദേശങ്ങളുടെ നാടായ രാജസ്ഥാനില്‍നിന്നുള്ള ഒരു  ദലിത് ആക്ടിവിസ്റ്റ്  തന്റെ ജീവിതം പറയുകയാണ്, 'എനിക്ക് ഹിന്ദുവാകാന്‍ കഴിഞ്ഞില്ല: ആർ.എസ്.എസ്സിൽ ഒരു ദലിതന്റെ കഥ' (I Could Not be Hindu: The Story of a Dalit in  RSS)' എന്ന പുസ്തകം. വളരെ ചെറിയ പ്രായത്തില്‍, പതിമൂന്നാം വയസ്സില്‍, ആർ.എസ്.എസ്സില്‍ ചേരുകയും മുഴുവന്‍ സമയ സംഘ് പ്രവര്‍ത്തനത്തില്‍ മുഴുകുകയും പിന്നീട് ജില്ലാ തലത്തില്‍ നേതൃത്വം വഹിക്കുകയും ചെയ്ത വ്യക്തിയാണ് പുസ്തകത്തിലെ കഥാപുരുഷന്‍- ഭാന്‍വര്‍ മേവാന്‍ഷി. കാലക്രമേണ താന്‍ ജീവന് തുല്യം സ്‌നേഹിച്ചിരുന്ന പ്രസ്ഥാനം തന്നെ വഞ്ചിക്കുകയായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ജാതീയതയ്ക്കതീതമായ ഹിന്ദു ഏകതാ, ഹിന്ദു സംഘാടനം  എന്നിങ്ങനെ പലതും സംഘ് യോഗങ്ങളിലെ പ്രസംഗങ്ങളിൽ ഉണ്ടാകുമെങ്കിലും ഗ്രന്ഥകാരന്റെ അനുഭവം മറിച്ചായിരുന്നു.
ഈ പുസ്തകം  ആത്മകഥാ രൂപത്തിലുള്ള അനുഭവക്കുറിപ്പാണ്. ആർ.എസ്.എസ്സിന്റെ നയനിലപാടുകളും യാഥാർഥ്യങ്ങളും തമ്മിലുള്ള പൊരുത്തക്കേടുകള്‍  ജീവിതാനുഭവത്തിന്റെ വെളിച്ചത്തില്‍ ഇതിൽ വിമര്‍ശന വിധേയമാക്കുന്നു. ആർ.എസ്.എസ് ഒരു ജാതിവാദി സംഘടനയാണെന്ന് തീര്‍ത്തു പറയുകയാണ് മേവാന്‍ഷി. തന്റെ സ്‌കൂള്‍ പഠനകാലത്ത് ജ്യോഗ്രഫി അധ്യാപകന്‍ ആർ.എസ്.എസ് ശാഖ നടക്കുന്ന ഗ്രൗണ്ടിലേക്ക് വരാന്‍ പറയുമായിരുന്നു. അവിടെ കായികാഭ്യാസങ്ങളും മറ്റു കളികളും ഉണ്ടാകും. ശ്ലോകങ്ങളും മുദ്രാവാക്യങ്ങളും പരിശീലിപ്പിക്കുമായിരുന്നു. സംഘത്തെ പൂർണമായി നെഞ്ചേറ്റിയിരുന്നു എന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. മുസ്്ലിം-ക്രിസ്ത്യന്‍ വിരുദ്ധ വികാരം തന്റെ മനസ്സിൽ എപ്പോള്‍ മുതലാണുണ്ടായത് എന്ന് കൃത്യമായി പറയുന്നില്ലെങ്കിലും, സംഘ് പ്രവര്‍ത്തനത്തിന് ശേഷം അത്തരമൊരു മാനസികാവസ്ഥയിലേക്ക് താന്‍ പരിവര്‍ത്തിക്കപ്പെട്ടുവെന്ന് അദ്ദേഹം സമ്മതിക്കുന്നു. സംഘ് പ്രവര്‍ത്തനത്തിന്റെ തുടക്കത്തില്‍, 'നമ്മുടെ മതത്തിന്റെയും ഗ്രാമത്തിന്റെയും സമൂഹത്തിന്റെയും സംസ്‌കാരത്തിന്റെയും മഹത്വ'ത്തെക്കുറിച്ചാണ് പറഞ്ഞിരുന്നത്. ആര്യരക്തം എത്ര പരിശുദ്ധമാണെന്നും ഈ നാടിനോട് ഹിന്ദു എങ്ങനെ കടപ്പെട്ടിരിക്കുന്നുവെന്നും ഇന്ത്യ ഹിന്ദുവിന്റെ ജന്മഭൂമിയും മാതൃഭൂമിയുമാണെന്നും, മുസ്്ലിമിന് മക്കയും ക്രിസ്ത്യന് ജറൂസലമുമാണ് പുണ്യഭൂമിയെന്നും, അവ ഇന്ത്യക്ക് പുറത്താണെന്നുമൊക്കെയാണ് പഠിപ്പിക്കപ്പെട്ടുകൊണ്ടിരുന്നത്.
1980-കളുടെ ഒടുക്കത്തിലും '90-കളുടെ തുടക്കത്തിലും ശക്തിപ്പെട്ട  ബാബരി മസ്ജിദ് വിരുദ്ധ കര്‍സേവാ കാമ്പയിനിലും മേവാന്‍ഷി പങ്കെടുത്തിരുന്നു. അതാണ് തനിക്ക് മാറിച്ചിന്തിക്കാൻ പ്രേരണയായത്. ഒന്നാമത്തെ കര്‍സേവയിൽ പങ്കെടുക്കാന്‍ താൻ ഉള്‍പ്പെടെയുള്ള സംഘ്പ്രവര്‍ത്തകര്‍ ട്രെയിന്‍ കയറിയപ്പോള്‍ ഉന്നത ജാതിക്കാരായ സംഘ്പ്രവര്‍ത്തകര്‍ മാറി നിന്നത് മേവാന്‍ഷി ശ്രദ്ധിച്ചിരുന്നു. തങ്ങളെ പ്രസംഗിച്ച് വികാരമിളക്കിവിട്ട ആളുകള്‍ തന്നെ മേലനങ്ങേണ്ടുന്ന പരിപാടിയില്‍നിന്ന് മാറിനിന്നു. കര്‍സേവ കഴിഞ്ഞ് തിരികെ വന്ന മേവാന്‍ഷി ഒരിക്കല്‍ അന്നദാനത്തിനായി സംഘ് പ്രവര്‍ത്തകരെ വീട്ടിലേക്ക് ക്ഷണിച്ചു.  മേവാന്‍ഷി താഴ്ന്ന ജാതിക്കാരനായതുകൊണ്ട് തന്റെ വീട്ടിലേക്കുള്ള ക്ഷണം പലരും സ്വീകരിച്ചില്ല. ഇത് മേവാന്‍ഷിയെ വല്ലാതെ ചൊടിപ്പിച്ചു. വരാത്ത അതിഥികള്‍ക്ക് വേണ്ടി  ഭക്ഷണം കൊടുത്തയക്കുകയും ചെയ്തിരുന്നു. ആ ഭക്ഷണം, കൊണ്ടുപോകുന്ന വഴിക്ക് സംഘ്പ്രവര്‍ത്തകര്‍ കൊട്ടിക്കളയുകയാണുണ്ടായത്. ഈ അനുഭവം വളരെ വേദനയോടെയാണ് അദ്ദേഹം വിവരിക്കുന്നത്.
അതിനെത്തുടര്‍ന്ന്  ഒരുപാട് നേതാക്കന്മാരെ കണ്ട് പരിഭവം പറഞ്ഞു. സര്‍സംഘ് ചാലകിന് കത്തയച്ചു. ആരും അതിനോട് പ്രതികരിക്കാന്‍ പോലും തയാറായില്ല.  അതിനു ശേഷമാണ് 'താന്‍ ഇനി സംഘത്തിനു വേണ്ടി പ്രവര്‍ത്തിക്കില്ല' എന്ന്  അദ്ദേഹം പറഞ്ഞതും ഹിന്ദുമതം തന്നെ ഉപേക്ഷിക്കുന്ന നിലപാടിലേക്ക് അദ്ദേഹം എത്തുന്നതും. പിന്നീട് ഗ്രന്ഥകാരൻ അംബേദ്ക്കര്‍, പെരിയാര്‍, ഫൂലെ, മറ്റു മത ദര്‍ശനങ്ങള്‍, ദലിത് സാഹിത്യങ്ങള്‍ ധാരാളം വായിച്ചു. ആർ.എസ്.എസ്സിന്റെ കീഴാള വഞ്ചനക്കെതിരെ തന്റെ ജീവിതം സമര്‍പ്പിക്കുന്നതായും അദ്ദേഹം പ്രഖ്യാപിച്ചു. ഇന്നദ്ദേഹം മർദിത പക്ഷത്തുനിന്നും കീഴാളപക്ഷത്തുനിന്നും പൊതുപ്രവര്‍ത്തനത്തില്‍ സജീവമായി ഇടപെട്ടും അക്കാദമികമായി സംവദിച്ചും രാഷ്ട്രീയ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നു.
മേവാന്‍ഷിയുടെ ഈ പുസ്തകത്തെക്കുറിച്ച് ശ്രദ്ധേയമായ അഭിപ്രായങ്ങളാണ് പല പ്രമുഖരും പങ്കുെവച്ചിട്ടുള്ളത്. 'സ്ഫുടവും ലളിതവുമായ ഭാഷയില്‍, പൊള്ളിക്കുന്നതും വേദനിപ്പിക്കുന്നതുമായ ഒരു സത്യസന്ധ ഓർമക്കുറിപ്പ്' എന്നാണ് ശശി തരൂര്‍ അഭിപ്രായപ്പെട്ടത്. 'എല്ലാ ഇന്ത്യക്കാരും വായിച്ചിരിക്കേണ്ടതാണിത്. ഇത് നിങ്ങളുടെ കണ്ണുകള്‍ തുറപ്പിക്കുകയും ചിന്തകള്‍ സ്വതന്ത്രമാക്കുകയും ചെയ്യും' എന്ന് സാഹിത്യകാരന്‍ ബെന്യാമിന്‍ എഴുതുന്നു. 'ബ്രാഹ്മണ രാഷ്ട്രീയത്തെ ശക്തിയുക്തം തുറന്ന് കാണിക്കുന്ന ഒന്ന്' എന്ന് സിന്ധ്യ സ്റ്റീഫന്‍ അഭിപ്രായപ്പെട്ടപ്പോള്‍, 'ആർ.എസ്.എസ്സിന്റെ ഹിന്ദുദേശീയതയെ തുറന്ന് കാണിക്കുന്ന ഒന്ന്' എന്നാണ് ജീന്‍ ഡ്രസ് അഭിപ്രായപ്പെട്ടത്. ഹിന്ദിയില്‍ ഇറങ്ങിയ പ്രസ്തുത കൃതി ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാണ്. l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 45 അല്‍ ജാഥിയഃ സൂക്തം 18-22
ടി.കെ ഉബൈദ്‌