എഴുത്തിലും വായനയിലും എന്നെ വഴിനടത്തിയ വാരിക
ഹൈസ്‌കൂള്‍ ക്ലാസ്സുകളില്‍ പഠിച്ചിരുന്ന കാലം മുതല്‍ തന്നെ ഞാന്‍ പ്രബോധനം വായനക്കാരനായിരുന്നു. എടവണ്ണപ്പാറയിലെ മര്‍ഹൂം സി.കെ സൈനുദ്ദീന്‍, ടൈലര്‍ ഉണ്ണിമോയി എന്നിവരിലൂടെയാണ് എന്റെ പ്രബോധനം ബന്ധത്തിന്റെ തുടക്കം. മറ്റൊരാള്‍ പാതിപ്പറമ്പന്‍ സൈദലവിയായിരുന്നു. മുകളില്‍ പറഞ്ഞ രണ്ട് പേരും ജീവിതാവസാനം വരെയും പ്രബോധനവുമായും ഇസ്്‌ലാമിക പ്രസ്ഥാനവുമായും ബന്ധം പുലര്‍ത്തിപ്പോന്നു.
പ്രബോധനത്തെ 'പ്രതിപക്ഷത്തിന്റെ പത്രം' എന്ന നിലയിലായിരുന്നു ഞാന്‍ മനസ്സിലാക്കിയിരുന്നത്. പ്രതിപക്ഷത്തിന്റെ പത്രമല്ല, പക്ഷം(പതിനഞ്ച് ദിവസം) തോറും പുറത്തിറങ്ങുന്ന പത്രം എന്നതാണതിന്റെ വിവക്ഷയെന്ന് പിന്നീടാണ് വ്യക്തമായത്. എന്റെ വീട്ടിലും കുടുംബത്തിലും നാട്ടില്‍ തന്നെയും അന്ന് പ്രബോധനം തീർത്തും അപരിചിതമായിരുന്നു. മധുരക്കുഴി കുടുംബത്തിലെ പ്രഥമ പ്രബോധനം വായനക്കാരനും പ്രസ്ഥാന പ്രവര്‍ത്തകനുമായി ഞാന്‍.
പ്രബോധനത്തിലെ ലേഖനങ്ങളിലെ പദസൗകുമാര്യവും സാഹിത്യ ഗുണവും ഒഴുക്കുള്ള ഭാഷാ ശൈലിയും തുടക്കം മുതല്‍തന്നെ എന്നെ ആകര്‍ഷിച്ചു. നല്ല ഭാഷയില്‍ എഴുതാനുള്ള കഴിവാര്‍ജിക്കുന്നതില്‍ പ്രബോധനം വായന എനിക്ക് ഏറെ സഹായകമായി. ഇതര മുസ്്‌ലിം സംഘടനകളെയും അവരുടെ നിലപാടുകളെയും വിമര്‍ശന വിധേയമാക്കുന്നതിന് പകരം, അവരുടെ നിലപാടുകളും വീക്ഷണങ്ങളും ഉള്‍ക്കൊള്ളുന്ന ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്ന വിശാല വീക്ഷണം പ്രബോധനം സ്വീകരിച്ചത് ഏറെ മതിപ്പുളവാക്കി. ദേശീയ-അന്തര്‍ദേശീയ ചലനങ്ങളെക്കുറിച്ചും സംഭവ വികാസങ്ങളെക്കുറിച്ചും സത്യസന്ധവും വസ്തുനിഷ്ഠവുമായ അവലോകനങ്ങള്‍ പ്രബോധനത്തിന്റെ വ്യതിരിക്തമായ ആകര്‍ഷകത്വം തന്നെയായിരുന്നു. പ്രബോധനം കിട്ടിയാല്‍ ആദ്യം വായിച്ചിരുന്നത് 'കത്തുകള്‍' പംക്തിയായിരുന്നു. പില്‍ക്കാലത്ത് ചരമമടഞ്ഞ ചോദ്യോത്തര പംക്തിയും വാര്‍ത്താവലോകനവും താല്‍പര്യപൂര്‍വം വായിക്കുക പതിവായിരുന്നു. ഒ. അബ്ദുര്‍റഹ്്മാന്‍ സാഹിബ് നടത്തുന്ന ദേശീയ-അന്തര്‍ദേശീയ സംഭവ വികാസങ്ങളുടെ വസ്തുനിഷ്ഠമായ അവലോകനം ഏറെ താല്‍പര്യപൂര്‍വം വായിക്കുമായിരുന്നു.
പ്രബോധനം വാരികയും ചന്ദ്രിക ദിനപത്രവുമാണ് എന്നിലെ എഴുത്തുകാരനെ പ്രോത്സാഹനം നല്‍കി വളര്‍ത്തിയത്. 1960 മുതല്‍ പ്രബോധനത്തിലെ 'കത്തുകള്‍' പംക്തിയിലേക്ക് കുറിപ്പുകള്‍ അയച്ചുതുടങ്ങി. പ്രസിദ്ധീകരിച്ചു തുടങ്ങിയപ്പോള്‍ തുടര്‍ന്നും എഴുതാന്‍ പ്രചോദനമായി. റഹീം മേച്ചേരി ചന്ദ്രികയുടെ മുഖ്യ പത്രാധിപരായിരുന്ന കാലത്ത് ചന്ദ്രികയിലേക്ക് ലേഖനങ്ങള്‍ അയച്ചുകൊടുക്കാന്‍ ആവശ്യപ്പെടുമായിരുന്നു. അങ്ങനെ എഴുതി ചന്ദ്രികയിലും പ്രബോധനത്തിലും പ്രസിദ്ധീകരിച്ച തെരഞ്ഞെടുത്ത ലേഖനങ്ങളുടെ സമാഹാരമാണ് വചനം ബുക്‌സ് പ്രസിദ്ധീകരിച്ച 'പ്രതികരണങ്ങള്‍' എന്ന എന്റെ പ്രഥമ ഗ്രന്ഥം. ഇപ്പോള്‍ ഐ.പി.എച്ച് പ്രസിദ്ധീകരിച്ച 'നമ്മുടെ കുട്ടികള്‍, നമ്മുടെ കുടുംബം' എന്ന പുസ്തകത്തിലെ ലേഖനങ്ങളും പ്രബോധനം പ്രസിദ്ധീകരിച്ചവയാണ്. പത്ര-മാസികകളില്‍ വരുന്ന വ്യത്യസ്ത വീക്ഷണങ്ങളും പ്രതികരണങ്ങളും മറുപടി ആവശ്യമായി വരുന്ന വിമര്‍ശനങ്ങളും സോഷ്യല്‍ മീഡിയ പ്രചാരത്തിലില്ലാതിരുന്ന പോയ കാലങ്ങളില്‍ പേപ്പര്‍ കട്ടിംഗ് വഴിയും കുറിപ്പുകളെടുത്തും സമാഹരിച്ചത്, ലേഖനങ്ങളില്‍ എഴുതുന്ന കാര്യങ്ങള്‍ക്ക് ആധികാരികത കൈവരുത്താന്‍ സഹായകമായി.
ഒരിക്കല്‍, മര്‍ഹൂം ടി.കെ അബ്ദുല്ല സാഹിബും സിദ്ദീഖ് ഹസന്‍ സാഹിബും എന്നെ പ്രബോധനത്തിലേക്ക് വിളിച്ചുവരുത്തി, നിങ്ങള്‍ക്ക് നിലവിലുള്ള ജോലി രാജിവെച്ചോ ദീര്‍ഘകാല ലീവെടുത്തോ പ്രബോധനത്തിലേക്ക് വരാമോ എന്ന് ചോദിച്ചിരുന്നു. താങ്കള്‍ പ്രബോധനത്തിലേക്ക് അയച്ചുകൊണ്ടിരുന്ന സൃഷ്ടികളാണ് ഇങ്ങോട്ട് ക്ഷണിക്കാന്‍ പ്രേരകം എന്നും പറയുകയുണ്ടായി. എന്നാല്‍, വീട്ടിലെ പ്രത്യേക സാഹചര്യം നിമിത്തം ഈ ക്ഷണം സ്വീകരിക്കാന്‍ എനിക്ക് കഴിയാതെ പോയി. പക്ഷേ, പ്രബോധനത്തോടുള്ള ബന്ധം അന്നും ഇന്നും സജീവമായി തുടരുന്നു. l
Comments