Prabodhanm Weekly

Pages

Search

2023 ജൂൺ 16

3306

1444 ദുൽഖഅദ് 27

കഫെ യാഫാ അതിജീവനത്തിന്റെ പുസ്തകക്കട

സ്വദഖത്ത് സെഞ്ചർ [email protected] 7994874791

"ജാഫ എന്നെന്നും ഒരു ജൂത നഗരമായി നിലകൊള്ളണമെങ്കിൽ അറബ് ജനതയെയും ഫലസ്ത്വീനികളെയും അവിടേക്ക് പ്രവേശിപ്പിക്കരുത്. അതാണ് നമുക്ക് നല്ലത് ."
1948 ജൂണിൽ ഇസ്രായേൽ പ്രധാനമന്ത്രി ഡേവിഡ് ബെൻ ഗൂറിയൻ  തന്റെ ഡയറിയിൽ കുറിച്ച വരികൾ.
ഇസ്രായേലിന്റെ പ്രഥമ പ്രധാനമന്ത്രി ഈ വാചകം കുറിക്കുമ്പോൾ ജാഫാ നഗരം സയണിസ്റ്റ് ഭീകര സംഘമായ ഇർഗണിന്റെ ക്രൂരകൃത്യങ്ങൾക്ക് സാക്ഷ്യം വഹിച്ചുകഴിഞ്ഞിരുന്നു. ഏകദേശം എഴുപതിനായിരം ഫലസ്ത്വീനികൾ ഒന്നുമല്ലാതെയായിത്തീർന്ന ആ ഏപ്രിൽ മാസം ഫലസ്ത്വീനിയൻ ഡയറിയിലെ മായാ ചിത്രമായി അവശേഷിക്കുന്നതും അതുകൊണ്ടുതന്നെയാണ്.
ബെൻ ഗൂറിയന്റെ പ്രത്യേക നിർദേശ പ്രകാരം ഫലസ്ത്വീനിലെ പുസ്തക കടകളും സാംസ്‌കാരിക കേന്ദ്രങ്ങളും ഒന്നൊന്നായി നിലം പതിച്ചു. "ചുരുങ്ങിയ മാസങ്ങൾക്കകം  തെരുവീഥികൾ പുസ്തകങ്ങൾ കൊണ്ട് നിറഞ്ഞു. പലതും സ്ഫോടനങ്ങളിൽ ചിന്നിച്ചിതറിയവ.. കേടുപാടുകളില്ലെന്ന് പ്രത്യക്ഷത്തിൽ തോന്നിപ്പിച്ചതൊക്കെയും എടുക്കുമ്പോഴേക്കും പൊടിഞ്ഞ് ധൂളിയായിപ്പോയിരുന്നു..." 'ദ ലൂട്ടിങ് ഓഫ് അറബിക് പ്രോപ്പർട്ടി ഇൻ ദ വാർ ഓഫ് 1948' എഴുതിയ ഇസ്രായേലി ചരിത്രകാരൻ ആദം റാസ് പറയുന്നു....
ഒരു കാലത്ത്  പതിനായിരക്കണക്കിന് പുസ്തകങ്ങളുടെ കേന്ദ്രമായിരുന്ന ജാഫായിലെ തെരുവീഥികൾ  പുസ്തകത്തിന്റെ ഗന്ധമനുഭവിക്കാനുള്ള അടങ്ങാത്ത അഭിനിവേശത്തിലായിരുന്നു. 2003 വരെ ജാഫാ ഒരു മാറ്റവുമില്ലാതെ തുടർന്നു. അങ്ങനെയാണ് മൈക്കൽ റാഹേബ്, കഫെ യാഫാ തുറക്കുന്നതും പുതിയൊരു കഥ ആരംഭിക്കുന്നതും...
മൈക്കൽ റാഹേബ് 1990-കളിൽ ചർച്ചിന് കീഴിൽ ഒരു ലൈബ്രറി തുടങ്ങാൻ തന്റെ പ്രൈവറ്റ് കളക്്ഷനിൽ നിന്ന് പുസ്തകങ്ങൾ സംഭാവന ചെയ്ത് മുമ്പും കൈയടി നേടിയിട്ടുണ്ട്. എന്നാൽ, കേവലം ഗ്രന്ഥശാല ആയിരുന്നില്ല കഫെ യാഫാ. ഒരുമിച്ചിരുന്ന് ചായയും സ്നാക്‌സും കഴിച്ച് പരസ്പരം കഥകൾ പറഞ്ഞ് അനുഭവങ്ങൾ പങ്ക് വച്ച് സ്വന്തം വേദനകൾക്ക് മരുന്ന് തേടുന്ന ഒരു കൂട്ടം ജനങ്ങളുടെ ആശ്വാസ കേന്ദ്രം കൂടിയാണ് കഫെ യാഫാ...
ഫലസ്ത്വീനി ജനതയെ സംബന്ധിച്ച് കഫെ യാഫക്ക് ഇനിയും പ്രത്യേകതകളുണ്ട്.. ഇസ്രായേലിൽ തന്നെ കയറിയിറങ്ങാൻ വളരെ ചുരുക്കം ഗ്രന്ഥയിടങ്ങൾ മാത്രമുള്ളതുകൊണ്ടും സൗത്ത് ജാഫയിൽ അത്തരമൊരു പൊതുയിടം ഒന്നുപോലും ഇല്ലാത്തതുകൊണ്ടും അവർക്ക് യാഫ  സ്വർഗമാണ്.. ഒന്നുമില്ലാത്തവൻ എല്ലാം തേടിവരുന്ന സ്വർഗീയ ഇടം.
ഫലസ്ത്വീൻ വിമോചന സമരങ്ങളുടെ ഭാഗമായി പ്രതിഷേധ പരിപാടികളും പ്രഭാഷണങ്ങളും ഒത്തുകൂടലുകളുമെല്ലാം ഇവിടെ അരങ്ങേറുന്നുണ്ട്. വിമോചന പ്രമേയം ആസ്പദമാക്കിയുള്ള സിനിമകൾ പ്രദർശിപ്പിക്കുന്നതും ചർച്ചകൾ സംഘടിപ്പിക്കുന്നതും വാഗ്വാദങ്ങൾ നടത്തുന്നതുമെല്ലാം കഫെ യാഫായിൽ വെച്ചാവും.
ഗസ്സയുടെ പോരാട്ട ചരിത്ര കഥകൾ കഫെ യാഫായുടെ ഷെൽഫുകളിലുണ്ട്; മഹ്്മൂദ് ദർവേശിന്റേതു പോലുള്ള പോരാട്ട കവിതകളും. "ഇസ്രായേൽ  ജനതയോ പൗരസമൂഹമോ ഒന്നും തന്നെ അത്തരം അറബിക് ക്ലാസ്സിക്കുകൾ വായിക്കില്ലെന്ന് ഉറപ്പുണ്ടെങ്കിലും അതൊക്കെയും അവിടെയുണ്ടെന്ന് അറിയിക്കലാണ് എന്റെ ആത്യന്തിക ലക്ഷ്യം.. അതിനാണ് എന്റെ പ്രഥമ പരിഗണനയും"- മൈക്കൽ റാഹേബ് പറയുന്നു...
ഫലസ്ത്വീനിൽ പുസ്തകങ്ങൾ വിൽക്കാൻ വേണ്ടി മാത്രമുള്ള കടകൾ അത്യപൂർവമാണ്. കഫെ, ഓഫീസ് എക്യുപ്മെന്റ്സ്, മറ്റിതര വസ്തുക്കളുടെ വിൽപന കേന്ദ്രങ്ങൾ ഇവയിൽ പുസ്തകങ്ങളും ഉണ്ടാവുമെന്ന് മാത്രം.  ഇസ്രായേൽ പോലീസിന്റെ കടുത്ത നിയന്ത്രണങ്ങളും നിയമങ്ങളും തന്നെയാണ് അതിന് കാരണം. അത്തരം അറബി പുസ്തകങ്ങൾ വായിക്കുന്നത് നിശ്ശബ്ദ ഇൻതിഫാദ ആണെന്നിരിക്കെ, ആ ചെറുത്തുനിൽപുകൾ ഭരണകൂടം പേടിക്കുന്നുണ്ടാവണം. l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 45 അല്‍ ജാഥിയഃ സൂക്തം 07-10
ടി.കെ ഉബൈദ്‌

ഹദീസ്‌

ഇബ്റാഹീം നബിയെ ആദരിച്ച പ്രവാചകൻ
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌