Prabodhanm Weekly

Pages

Search

2023 ജൂൺ 16

3306

1444 ദുൽഖഅദ് 27

മുസ്്ലിം സ്ത്രീകളുടെ സഞ്ചാരക്കാഴ്ചകൾ

ഡോ. നസ്റീന ഇല്യാസ്

മനുഷ്യന്റെ സംസ്കാരവും നാഗരികതയും വ്യക്തിത്വവും വികസിപ്പിക്കുന്നതിൽ സഞ്ചാരങ്ങൾക്കുള്ള പങ്ക് വളരെ വലുതാണ്. ലോകചരിത്രത്തോളം തന്നെ പഴക്കമുണ്ടെന്ന് മാത്രമല്ല, ചരിത്രത്തിന്റെ ഗതിവിഗതികൾ നിർണയിച്ചത് വരെ പലപ്പോഴും സഞ്ചാരങ്ങൾ ആയിരുന്നു. കച്ചവടവും അധികാരവും അഭയവും വിജ്ഞാനവും വിനോദവും ആത്മീയതയും വൈവിധ്യങ്ങളും തേടി മനുഷ്യൻ നിരന്തരം സഞ്ചാരത്തിലാണ്.  മുൻകാലങ്ങളിൽ യാത്രകൾ പലപ്പോഴും സാധ്യമായത് സമൂഹത്തിന്റെ ഉന്നത ശ്രേണികളിലുള്ളവർക്കായിരുന്നു. അതിൽ ലിംഗ അസമത്വം വളരെ പ്രകടമായിരുന്നു. മറ്റേതു രംഗങ്ങളെയും പോലെ സഞ്ചാരങ്ങൾ പുരുഷന്മാരുടെ കുത്തകയായിരുന്നു. സ്ത്രീ സഞ്ചാരികൾക്ക് ഒട്ടും സൗഹൃദമല്ലാത്ത അന്തരീക്ഷത്തെ അഭിമുഖീകരിക്കേണ്ടിയും വന്നിട്ടുണ്ട്. സാമൂഹിക പിന്നാക്കാവസ്ഥയാൽ സ്ത്രീകളും മറ്റു വിഭാഗങ്ങളും സഞ്ചാര ഭൂമികയിൽനിന്ന് തമസ്കരിക്കപ്പെട്ടുവെങ്കിലും ഇന്ന് യാത്രകളെ വലിയ ആവിഷ്കാരമായി കൊണ്ടുനടക്കുന്ന സമൂഹത്തിന്റെ വ്യത്യസ്ത തുറകളിലുള്ള ഒട്ടേറെ ആളുകളെ നമുക്ക് കണ്ടെത്താൻ സാധിക്കും.
സോഷ്യൽ മീഡിയയിലും മറ്റും ഈയടുത്തായി ഏറ്റവും കൂടുതൽ ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന  സ്വത്വമാണ് മുസ്്ലിം സ്ത്രീയുടേത്. അവൾ അടച്ചിടപ്പെട്ടവളും അവകാശങ്ങളും ആവിഷ്കാരങ്ങളും  നിഷേധിക്കപ്പെട്ടവളുമായി അവതരിപ്പിക്കപ്പെടുന്നു.  'ചങ്ങലകൾ' പൊട്ടിച്ചെറിഞ്ഞ് അവരെ വിമോചിപ്പിക്കാൻ വെമ്പുന്ന  ഒരു വിഭാഗം അവർക്ക് മീതെ നിരന്തരം വട്ടമിടുകയും ചെയ്യുന്നു. എന്നാൽ, ഈ രോദനങ്ങളുടെയൊക്കെ ഇടയിൽ ചിറകു വിരിച്ചു പറന്ന് തങ്ങളുടെ ജീവിതവും സ്വാതന്ത്ര്യവും അവകാശങ്ങളുമൊക്കെ അതിമനോഹരമായി ആവിഷ്കരിക്കുന്ന അനേകം മുസ്്ലിം സ്ത്രീകൾ നമുക്ക് ചുറ്റുമുണ്ട്. സ്വാതന്ത്ര്യത്തിൽ സുപ്രധാന ഇനങ്ങളിലൊന്നായ സഞ്ചാര സ്വാതന്ത്ര്യം മനുഷ്യന്റെ സംതൃപ്തിയും ആത്മാഭിമാനവും സ്വാതന്ത്ര്യ ബോധവുമൊക്കെ ഉയർത്തുന്നുവെന്നതിൽ തർക്കമില്ല. പലപ്പോഴും പൊള്ളയായ നവോത്ഥാന പരികൽപനകൾ ചർച്ച ചെയ്യുന്ന, സ്ത്രീ- പുരുഷ സമത്വവും സ്ത്രീ ശാക്തീകരണവും അന്ധവിശ്വാസങ്ങൾ മാത്രമായി തുടരുന്ന ഈ കാലഘട്ടത്തോട് സംവദിക്കുന്ന ഒട്ടേറെ മുസ്്ലിം വനിതാ സഞ്ചാരികളെ നമുക്ക് ചരിത്രത്തിലും വർത്തമാനത്തിലും കണ്ടെത്താൻ സാധിക്കും. സംഘാടനവും  പോരാട്ടങ്ങളും വിദ്യാഭ്യാസ-നവോത്ഥാന പ്രവർത്തനങ്ങളും വ്യാപാര-വ്യവസായ വ്യവഹാരങ്ങളും കലാ-സാംസ്കാരിക പ്രവർത്തനങ്ങളും വിനോദങ്ങളുമൊക്കെയായി യാത്രാ ഭൂമികയിൽ വിപ്ലവങ്ങൾ സൃഷ്ടിച്ച നായികമാരാണവർ.
2022-ൽ ഇന്ത്യാന യൂനിവേഴ്സിറ്റി പ്രസ്സ് പുറത്തിറക്കിയ 'Three Centuries of Travel Writing by Muslim Women' (മുസ്്ലിം സ്ത്രീകളുടെ മൂന്നു നൂറ്റാണ്ടുകളിലെ യാത്രാ രചനകൾ) എന്ന പുസ്തകം, കഴിഞ്ഞ മൂന്നു നൂറ്റാണ്ടുകളിലായി വിദ്യാഭ്യാസത്തിനും രാഷ്ട്രീയ പ്രവർത്തനത്തിനും തീർഥാടനത്തിനും വിനോദത്തിനുമൊക്കെയായി ദൂരദിക്കുകളിലേക്ക് സഞ്ചരിച്ച ലോകത്തിന്റെ പല ഭാഗത്തുള്ള 45 മുസ്്ലിം സ്ത്രീകളുടെ, അത്ര അറിയപ്പെടാത്ത രചനകളുടെ ഒരു ശേഖരമാണ്. അറബിക്, ടർക്കിഷ്, ഉർദു, പഞ്ചാബി, ഇന്തോനേഷ്യൻ, ഇംഗ്ലീഷ് തുടങ്ങിയ 10 ഭാഷകളിൽ നടത്തിയ രചനകളുടെ വിപുലമായ തെരഞ്ഞെടുപ്പിലൂടെയാണ് എഡിറ്റർമാരായ സിയോബൻ ലംബെർട് ഹുർലെ, ഡാനിയേൽ മച്ചറോവിക്സ്, സുനിൽ ശർമ എന്നിവർ ഈ പുസ്തകം തയാറാക്കിയത്. ആത്മകഥാപരമായ വിവരണങ്ങൾ, ഉപന്യാസങ്ങൾ, പ്രഭാഷണങ്ങൾ, കവിതകൾ, ലേഖനങ്ങൾ, കുടുംബത്തിനുള്ള കത്തുകൾ, സ്വകാര്യ ഡയറി എൻട്രികൾ, കൈയെഴുത്ത് പ്രതികൾ എന്നിവയിൽനിന്നാണ് ആഴത്തിലുള്ള ഗവേഷണങ്ങൾക്ക് ശേഷം എഡിറ്റർമാർ ഈ രചനകൾ കണ്ടെത്തിയത്. മുഗൾ രാജകുമാരി ജഹനാരാ ബീഗം, ബീഗം സർഗുലാന്ദ് ജങ്, ഉമ്മത്ത് അൽഗാനി, നൂർ അൽ നിസ, മുഹമ്മദി ബീഗം തുടങ്ങിയ മഹിളകൾ ലോകം അറിയാതെ പോയ സഞ്ചാരികളിൽ ചിലർ മാത്രം. ഈ സഞ്ചാരികളൊക്കെയും തങ്ങളുടേതിൽനിന്ന് വ്യത്യസ്തമായ ആളുകളെയും സ്ഥലങ്ങളെയും ഭൂപ്രകൃതിയെയും ജീവിതത്തെയും കുറിച്ചറിയാനാണ് യാത്രകളെ ഉപയോഗപ്പെടുത്തിയത്.
ശേഖരത്തിൽ പരിചയപ്പെടുത്തുന്ന ആദ്യ സഞ്ചാരി 'ലേഡി എസ്ഫഹാൻ' എന്ന് മാത്രം അറിയപ്പെടുന്ന ഒരു സ്ത്രീയാണ്. യഥാർഥത്തിൽ ഫാർസിയിൽ പദ്യരൂപത്തിൽ എഴുതിയ രചന, ഭർത്താവിന്റെ മരണശേഷം മക്കയിലേക്കുള്ള അവരുടെ തീർഥാടനത്തിന്റെ വിരഹഭാവം പൂണ്ട ആവിഷ്കാരമാണ്. കോവിഡ് -19 യാത്രാ നിയന്ത്രണങ്ങൾക്കൊക്കെ നൂറ്റാണ്ടുകൾ മുന്നേ ഹജ്ജ് തീർഥാടനത്തിനായി  മക്കയിലേക്കുള്ള യാത്രയ്ക്കിടെ യമൻ തീരത്തുള്ള കമ്രാൻ ദ്വീപിൽ തീർഥാടകർ നിർബന്ധ ക്വാറന്റൈനിൽ കഴിയേണ്ടതിനെക്കുറിച്ചു വിവരിക്കുന്ന നവാബ് സിക്കന്ദർ ബീഗത്തെയും ഹജ്ജുമായി ബന്ധപ്പെട്ട സഞ്ചാര അനുഭവങ്ങൾ പങ്കുവെക്കുന്ന  റാഹിൽ ബീഗം ഷെർവാനിയയെയും നൂർ ബീഗത്തെയുമൊക്കെ പുസ്തകം നമുക്ക് പരിചയപ്പെടുത്തുന്നു. ഈജിപ്ഷ്യൻ ജേർണലിസ്റ്റ് ആമിന സെയ്ദിന്റെ ഇന്ത്യയെക്കുറിച്ചുള്ള യാത്രാവിവരണവും, തന്റെ ജന്മദേശം ആക്രമിക്കപ്പെട്ട് പിടിക്കപ്പെട്ടപ്പോൾ ഉസ്ബെക്കിസ്താനിലേക്ക് കുടിയേറിയ താജിക്കിസ്താൻ  കവയിത്രിയും ചരിത്രകാരിയും അധ്യാപികയുമായ ദിൽഷാദ് അഭിമുഖീകരിച്ച രാഷ്ട്രീയവും സാംസ്കാരികവുമായ പ്രക്ഷോഭങ്ങളെ ചുറ്റിപ്പറ്റി അവളുടെ സഞ്ചാര ചരിത്രവുമൊക്കെ വെളിപ്പെടുത്തുന്നു ഈ ശേഖരം. രോഗം, യുദ്ധം, നിർബന്ധിത കുടിയേറ്റം, സമാധാനപരമായി ജീവിക്കാനുള്ള അവകാശ പോരാട്ടം തുടങ്ങിയവയൊക്കെയും കാരണം സഞ്ചാരികളായ ഒരു കൂട്ടം മുസ്്ലിം വനിതകളുടെ യാത്രാ രചനകൾ മാത്രമല്ല ഇതിലൂടെ പുറം ലോകം അറിഞ്ഞത്. മറിച്ച്‌, അധികാരികളുടെ സാന്നിധ്യത്തിലും പ്രതികൂല സാഹചര്യങ്ങളിലും തങ്ങളുടെ ചിന്തകൾ പ്രകടിപ്പിക്കാൻ മടിയില്ലാതിരുന്ന പോരാളികളെക്കൂടിയാണ്.
ഇന്ത്യൻ സ്വാതന്ത്ര്യ പോരാട്ടവുമായി ബന്ധപ്പെട്ട് തങ്കലിപികളിൽ എഴുതിച്ചേർക്കേണ്ട നാമമാണ് ‘ബീ ഉമ്മ’ എന്ന അബാദി ബാനു ബീഗത്തിന്റേത്. പ്രസിദ്ധരായ 'അലി സഹോദരന്മാരു'ടെ മാതാവായ ആ പോരാളി, ബ്രിട്ടീഷ് സർക്കാരിന് തന്റെ മക്കളെങ്ങാനും അടിയറവു പറഞ്ഞാൽ താൻ അവരെ കഴുത്തു ഞെരിച്ച് കൊല്ലുമെന്നും ഈ വൃദ്ധയുടെ കൈകളിൽ ദൈവം അതിനു വേണ്ടത്ര ഊർജം നൽകുമെന്നും പ്രഖ്യാപിച്ച ധീര മാതാവാണ്. തന്റെ പ്രായമോ അനാരോഗ്യമോ പോലും വകവെക്കാതെ ഖിലാഫത്ത്-നിസ്സഹകരണ പ്രസ്ഥാനവുമായി, ഇന്ത്യൻ നാഷനൽ കോൺഗ്രസ് - സർവേന്ത്യാ മുസ്്ലിം ലീഗ് സമ്മേളനങ്ങളുമായി, സ്വാതന്ത്ര്യ സമര പോരാട്ടവുമായി ബന്ധപ്പെട്ട് ഇന്ത്യയിലുടനീളം സഞ്ചരിച്ചുവെന്ന് മാത്രമല്ല, അഖിലേന്ത്യാ പര്യടനങ്ങൾ നടത്തുന്നതിന് അവർ മഹാത്മാ ഗാന്ധിയെയും മറ്റു ഖിലാഫത്ത് നേതാക്കളെയും സാമ്പത്തികമായി സഹായിക്കുകയും ചെയ്തു. ആദ്യത്തെ കൂടിക്കാഴ്ച മുതൽ 'അമ്മീജാൻ' എന്ന് അവരെ അഭിസംബോധന ചെയ്ത ഗാന്ധിജിയെ പിന്തുടർന്ന  മുഴുവൻ സ്വാതന്ത്ര്യ സമര പോരാളികൾക്കും അവർ അമ്മീജാൻ ആയി.
മലയാള ഭൂമികയിൽ, വിശിഷ്യാ മലബാറിലെ ചരിത്രം പരിശോധിക്കുകയാണെങ്കിൽ, വളരെക്കാലം മുമ്പുതന്നെ തലശ്ശേരിയിലെ മുസ്്ലിം കുടുംബങ്ങളിൽ നവോത്ഥാനപരമായ ഉണർവ് പ്രകടമായിരുന്നു. പുരോഗതിയിലെത്താൻ മതവിദ്യാഭ്യാസത്തോടൊപ്പം പൊതുവിദ്യാഭ്യാസം കൂടി നേടേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിയിരുന്നതിനാൽ, 1930-കളിൽ തന്നെ സ്ത്രീകളടക്കം ഇംഗ്ലീഷ് വിദ്യാഭ്യാസം നേടുകയും ഉന്നത വിദ്യാഭ്യാസത്തിനും മറ്റുമായി  രാജ്യത്തിന്റെ പല ഭാഗങ്ങളിലും വിദേശങ്ങളിലും കുടിയേറുകയുമുണ്ടായി. പെൺകുട്ടികൾക്ക് പൊതുവിൽ വീടിനു പുറത്ത് സഞ്ചരിക്കാൻ പോലും അവകാശമില്ലാതിരുന്ന അന്നത്തെ കാലത്ത് ഒട്ടേറെ വെല്ലുവിളികൾ നേരിട്ട് തന്നെയാണ് രാജ്യത്തിനകത്തും പുറത്തും തങ്ങളുടെ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ നവോത്ഥാന പ്രവർത്തനങ്ങളിലൂടെ പ്രശസ്തരായ തലശ്ശേരി കുഞ്ഞിമായിൻ സാഹിബിന്റെ മക്കളും 'തലശ്ശേരി സിസ്റ്റേഴ്സ്' എന്നറിയപ്പെടുന്നവരുമായ ആമിന ഹാഷിം,  ആയിഷ മായിൻ റഊഫ്, ഹലീമ അബൂട്ടി എന്നീ  സഹോദരിമാർ ഉയർന്നുവന്നത്.
മലബാറില്‍ ആദ്യമായി ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പഠിച്ച മുസ്്ലിം വനിതയായ ഡോക്ടര്‍ ആമിന ഹാഷിം തലശ്ശേരിയില്‍നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി മദ്രാസ് ക്വീൻ മേരീസ് കോളേജില്‍നിന്ന് ഇന്റര്‍മീഡിയേറ്റ് പാസായി പഞ്ചാബ് യൂനിവേഴ്‌സിറ്റിയില്‍നിന്ന് എം.ബി.ബി.എസ് പഠനം പൂര്‍ത്തിയാക്കി, ബോംബെയിലും പൂനെയിലും തലശ്ശേരിയിലടക്കം കേരളത്തിലെ വിവിധ ഭാഗങ്ങളിലും ആതുര ശുശ്രൂഷാ രംഗത്ത് സേവനമനുഷ്ഠിച്ചു. അന്നത്തെ ബ്രിട്ടീഷ് ഗവണ്‍മെന്റിനു കീഴിലുള്ള മലബാര്‍ ജില്ലയിലെ ഡെപ്യൂട്ടി കളക്ടര്‍ ആയിരുന്ന വില്ലന്റവിടുത്ത ഹാഷിം സാഹിബിനെ 1936-ല്‍ വിവാഹം ചെയ്ത ആമിന മലബാറിലെ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക മണ്ഡലങ്ങളില്‍ സജീവ സാന്നിധ്യം അറിയിച്ചു.  ഊട്ടിയില്‍ താമസിച്ചുകൊണ്ട് തമിഴ് ജനതയുടെ ആരോഗ്യ സംരക്ഷണ മേഖലയില്‍ പ്രവര്‍ത്തന നിരതയാവുകയും റെഡ്‌ ക്രോസിനു വേണ്ട സഹായ സഹകരണങ്ങള്‍ നല്‍കുകയും ചെയ്തതിന്റെ പേരില്‍ ബ്രിട്ടീഷ് ചക്രവര്‍ത്തി നല്‍കുന്ന 'കൈസര്‍- എ- ഹിന്ദ്' അവാര്‍ഡിന് അര്‍ഹയായി. മദ്രാസില്‍ താമസമാക്കിയപ്പോള്‍ 1940-കളില്‍ ലണ്ടനിലെ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കില്‍നിന്ന് ഡിപ്ലോമ കരസ്ഥമാക്കിയ അവര്‍ ചവിട്ട് ഹാര്‍മോണിയത്തില്‍ അഗ്രഗണ്യയായിരുന്നു. മധുരയിലും മറ്റും സഞ്ചരിച്ചെത്തിയ അവര്‍ അവിടങ്ങളിലെ സൂഫി കേന്ദ്രങ്ങളിലെത്തി സൂഫി ബൈത്തുകള്‍ക്ക് പുതിയ ട്യൂണുകള്‍ നല്‍കി പാടുകയും അവ പിന്നീട് സിനിമാ ഗാനരംഗത്തെത്തുകയും ചെയ്തു. ഇംഗ്ലീഷ്, ജര്‍മന്‍, ഫ്രഞ്ച് ഭാഷകളില്‍ അഗ്രഗണ്യയായിരുന്ന ആമിന ഹാഷിം ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ റഷ്യ സന്ദര്‍ശിച്ച ഇന്ത്യന്‍ വനിതാ സംഘത്തെ നയിച്ചിരുന്നു.
'സിലോണ്‍ മനോഹരമായ ഒരു രാജ്യമാണ്. മാത്രമല്ല, കൊളംബോ വളരെ വൃത്തിയുള്ള നഗരവുമാണ്. നിങ്ങള്‍ക്കാര്‍ക്കെങ്കിലും ഒരു അവസരം ലഭിക്കുകയാണെങ്കില്‍ സിലോണ്‍ സന്ദര്‍ശിക്കാന്‍ മറക്കരുത്.' 1930-ല്‍ സിലോണ്‍ ശ്രീലങ്ക സന്ദര്‍ശിച്ച് മടങ്ങിയെത്തിയ കുഞ്ഞിമായിന്‍ സാഹിബ് തന്റെ മക്കളെ വിളിച്ച് വിശദീകരിച്ച കാര്യം അദ്ദേഹത്തിന്റെ രണ്ടാമത്തെ മകളായ ആയിഷ മായിന്‍ റഊഫിലൂടെ അക്ഷരംപ്രതി യാഥാര്‍ഥ്യമാവുകയായിരുന്നു. തലശ്ശേരിയിലെ പഠനശേഷം സെന്റ് ആനീസ് കോളേജിലും മദ്രാസ് ക്വീന്‍ മേരീസ് കോളേജിലും ബാംഗ്ലൂര്‍ സെന്റ് ജോസഫ് കോളേജിലും പഠനം പൂര്‍ത്തിയാക്കിയ അവര്‍ അന്നത്തെ മലബാര്‍ ജില്ലയില്‍ യൂനിവേഴ്‌സിറ്റി ബിരുദം കരസ്ഥമാക്കുന്ന ആദ്യ മുസ്്ലിം വനിതയായി. മികച്ച ടെന്നീസ്  കളിക്കാരിയായിരുന്ന അവര്‍ ക്വീന്‍ മേരീസ് കോളേജിനെ പ്രതിനിധാനം ചെയ്യുന്ന ഇന്റര്‍ കോളേജ് മത്സരങ്ങളില്‍ പങ്കെടുത്തു. മദ്രാസ് വെല്ലിംഗ്ടണ്‍ കോളേജില്‍നിന്ന് ബി.എ.എല്‍.ടി ബിരുദം കരസ്ഥമാക്കി തലശ്ശേരി വനിതാ ട്രെയിനിംഗ് സ്കൂള്‍ അധ്യാപികയായും ശേഷം മഞ്ചേരിയില്‍ മുസ്്ലിം സ്‌കൂള്‍ ഇന്‍സ്‌പെക്ടറായും സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് മലബാറിന്റെയും തെക്കന്‍ കര്‍ണാടകയുടെയും സ്ത്രീ വിദ്യാഭ്യാസ സ്‌പെഷ്യല്‍ ഓഫീസറായി നിയമിതയായി. വിവാഹാനന്തരം 1944-ല്‍ സിലോണിലേക്ക് കുടിയേറിയ ആയിഷ ശ്രീലങ്കന്‍ വിദ്യാഭ്യാസ രംഗത്തും രാഷ്ട്രീയത്തിലും വളരെ സുപ്രധാനമായ ചുവടുവെപ്പുകള്‍ നടത്തി. ശ്രീലങ്കയിലെ ആദ്യ മുസ്്ലിം വനിതാ കൗണ്‍സിലറും ആദ്യ വനിതാ ഡെപ്യൂട്ടി മേയറായും തെരഞ്ഞെടുക്കപ്പെട്ട അവര്‍ 1954-ല്‍ സിരിമാവോ ബണ്ഡാരനായകെയുടെ യു.എന്‍.പി കക്ഷിയില്‍ ചേര്‍ന്ന് സജീവ രാഷ്ട്രീയ ജീവിതം നയിച്ചു. 1961-ലെ ശ്രീലങ്കന്‍ ഗവണ്‍മെന്റ് സാഹിറ മുസ്്ലിം ലേഡീസ് കോളേജ് ഏറ്റെടുത്തപ്പോള്‍  സര്‍ക്കാര്‍ ഉദ്യോഗസ്ഥയായി മാറിയ അവര്‍ തന്റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം ഉപേക്ഷിച്ച് വീണ്ടും വിദ്യാഭ്യാസ പ്രവര്‍ത്തകയായി. ആഫ്രിക്കന്‍ രാജ്യമായ സാംബിയയില്‍ ആദ്യമായി ഒരു വനിതാ കോളേജില്‍ സ്ഥാപക പ്രിന്‍സിപ്പല്‍ ആവാനുള്ള ക്ഷണം ലഭിച്ചപ്പോള്‍ പ്രായം വകവെക്കാതെ ക്ഷണം സ്വീകരിച്ച് സേവനമനുഷ്ഠിച്ചു.
കാലം പുരോഗമിച്ചതോടെ സഞ്ചാരികളുടെയും സഞ്ചാരങ്ങളുടെയും എണ്ണത്തിലും വൈവിധ്യത്തിലും വന്‍ വര്‍ധനവുണ്ടായി. യാത്രയുടെ അനന്ത സാധ്യതകൾ കണ്ടറിഞ്ഞ് അതിന്റെ മനോഹാരിതയും വ്യത്യസ്തതകളും തേടുന്നവരായ ധാരാളം സ്ത്രീകള്‍ ഇന്ന് നമുക്ക് ചുറ്റുമുണ്ട്.  കൊടുമുടികള്‍ കയറിയവരിൽ ധാരാളം മുസ്്ലിം സ്ത്രീകളും ഉള്‍പ്പെടും.  മാഹി പള്ളൂരില്‍നിന്ന് നാജി നൗഷി എന്ന മുപ്പത്തിനാലുകാരി ഫിഫ വേൾഡ് കപ്പ്‌ ഫൈനൽ ‍കാണാന്‍ 49 ദിവസം നീണ്ട സഞ്ചാരത്തിനൊടുവിലാണ് ഖത്തറിലെത്തിയത്. പത്തൊന്‍പതാം വയസ്സില്‍ വിവാഹിതയും അഞ്ച് മക്കളുടെ അമ്മയുമായ അവര്‍ക്ക് പ്ലസ്ടു വിദ്യാഭ്യാസവും അൽപം ഹിന്ദിയുമാണ് കൈമുതല്‍. സുഹൃത്തിന്റെ 'ഇന്നോവ ക്രിസ്റ്റ'യില്‍ 2021-ല്‍ ലഡാക്കിലേക്കായിരുന്നു ആദ്യ ദീര്‍ഘ ദൂര യാത്ര. എവറസ്റ്റിലെ ബേസ് ക്യാമ്പ് ലക്ഷ്യമാക്കി നടത്തിയ ഹിച്ച് ഹൈക്കിങ് ആയിരുന്നു അവരുടെ മറ്റൊരു പ്രധാന യാത്ര. കുട്ടനാട്ടില്‍നിന്ന് കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ആരംഭിച്ച ആ സഞ്ചാരം ബംഗളൂരു മുതല്‍ നേപ്പാള്‍ വരെ ട്രക്കുകള്‍ മാറിമാറി കയറിയും ഇടയ്ക്ക് ചില ബൈക്കുകളെ ആശ്രയിച്ചും എവറസ്റ്റ് ബേസ് ക്യാമ്പ്  വരെയെത്തി.
ലോകമെന്തെന്ന് പഠിപ്പിക്കുന്ന ഏറ്റവും മികച്ച അധ്യാപകയായി ഓരോ യാത്രയെയും കണ്ട് സോളോ- ഹിച്ച് ഹൈക്കിങ് സഞ്ചാരങ്ങള്‍ നടത്തുന്നയാളാണ് കൊല്ലം സ്വദേശിയായ ഫാത്തിമ നസീമ സലീം എന്ന ഇരുപതുകാരി. ഏറെയും ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലേക്കായി നടത്തിയ തന്റെ സഞ്ചാരങ്ങള്‍ ജീവിതാനുഭവങ്ങള്‍ സമ്പാദിക്കാനും കാഴ്ചപ്പാടുകളും സങ്കൽപങ്ങളും വിശാലമാക്കാനും സഹായകമായെന്ന് ഫാത്തിമ വിശദീകരിക്കുന്നു. കോഴിയും താറാവും വിറ്റു പണം സമ്പാദിച്ച് ലോക സഞ്ചാരം നടത്തുന്ന തിരുവനന്തപുരം സ്വദേശി അറുപതു വയസ്സുകാരി ജമീലത്ത ഇതിനോടകം മൂന്നു രാജ്യങ്ങളും കശ്മീരടക്കം ഇന്ത്യയിലെ നിരവധി സ്ഥലങ്ങളും സന്ദര്‍ശിച്ചു. 'അപ്പൂപ്പൻ താടി'  എന്ന പേരില്‍ ടെക്‌നോ പാര്‍ക് ജീവനക്കാരിയായ കോഴിക്കോട്ടുകാരി സജ്‌ന അലി ഏഴു വര്‍ഷങ്ങള്‍ മുമ്പ് തുടങ്ങിയ യാത്രാ കമ്പനിയിലൂടെ 4300-ലധികം സ്ത്രീകള്‍ രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ യാത്ര ചെയ്തു. നിരവധി സോളോ-ഹിച്ച് ഹൈക്കിങ് സഞ്ചാരങ്ങള്‍ക്കു ശേഷമാണ് ഇങ്ങനെയൊരു കൂട്ടായ്മയുണ്ടാക്കിയത്.
കോഴിക്കോട് ചെറൂപ്പ സ്വദേശിയായ അഡ്വ. റൈഹാന പ്ലസ്ടു വിദ്യാഭ്യാസത്തിനു ശേഷം സ്വന്തം നിലയ്ക്ക് അധ്യാപനവും മറ്റു വരുമാന മാര്‍ഗങ്ങളും തേടിയാണ് തുടര്‍ പഠനവും യാത്രകളും സാധ്യമാക്കിയത്. നിലവില്‍ കേരള ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന അവര്‍ ഈ ചെറിയ കാലയളവിനുള്ളില്‍ ഇന്ത്യയൊട്ടാകെ സഞ്ചരിച്ചു. ഇതിനോടകം മറ്റുള്ളവരെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് നിരവധി യാത്രകള്‍ സംഘടിപ്പിച്ചു. തന്റെ ഉമ്മയോടൊത്തും രാജ്യത്തിന്റെ പല ഭാഗങ്ങളിലേക്കായി നിരവധി യാത്രകള്‍ നടത്തി. ഒരു ഇസ്്ലാംമത വിശ്വാസിനി ആയതിനാല്‍ തന്നെ, തന്റെ മതം യാത്ര ചെയ്യാന്‍ മനുഷ്യനോട് ആവശ്യപ്പെടുന്നുവെന്നും ദൈവത്തിന്റെ സൃഷ്ടിപ്പിനെയും ദൃഷ്ടാന്തങ്ങളെയും തിരിച്ചറിയാനുള്ള വലിയ അവസരമായാണ് അതിനെ താന്‍ കാണുന്നതെന്നുമാണ് റൈഹാനയുടെ അഭിപ്രായം. പഠനത്തിനും വിനോദത്തിനും സംഘാടനത്തിനും ജോലിയാവശ്യാർഥവും, എന്തിനേറെ ഭാഷകള്‍ സ്വായത്തമാക്കാനും വരെ ഇതിനോടകം നിരവധി യാത്രകള്‍ നടത്തുകയും നിരവധി നാടുകളിലേക്ക് കുടിയേറുകയും ചെയ്തു.
യാത്രകളിലെ പെണ്‍സാന്നിധ്യം പലരും ബാധ്യതയായി പ്രഖ്യാപിക്കുന്നിടത്താണ് പല കുടുംബങ്ങളും വ്യത്യസ്തമായ യാത്രകളിലൂടെ ലോകത്തെ അറിയാന്‍ ഇറങ്ങിത്തിരിക്കുന്നത്. യാത്ര ജീവിതമാക്കിയ തലശ്ശേരിയിലെ ഒരു കൊച്ചു കുടുംബമാണ് 'ഫാമിലി ബിഹൈന്‍ഡ് ദ വീല്‍സ്' എന്ന ഇന്‍സ്റ്റാഗ്രാം പേജിലൂടെ തങ്ങളുടെ സഞ്ചാരക്കാഴ്ചകള്‍ ലോകത്തിനു മുന്നില്‍ തുറന്നുവെക്കുന്നത്. വിവാഹാനന്തരം ബനിസദറും പങ്കാളി ഷഹനാസും ചേര്‍ന്ന് നടത്തിയ ഓള്‍ കേരള കാര്‍ യാത്രയില്‍ തുടങ്ങിയ സഞ്ചാരം പിന്നീട് മൂന്നു മക്കളോടൊപ്പം 37 രാജ്യങ്ങള്‍ താണ്ടിക്കഴിഞ്ഞിരിക്കുന്നു. കണ്ണൂര്‍ യൂനിവേഴ്‌സിറ്റിയില്‍നിന്ന് രണ്ടാം റാങ്കോടെ അഭിഭാഷകയായി എൻറോള്‍ ചെയ്ത ഷഹനാസ് സാഹസികത നിറഞ്ഞ സോളോട്രിപ്പുകളെ ഭ്രാന്തമായി സ്‌നേഹിക്കുകയും മൗണ്ട് എവറസ്റ്റ് കീഴടക്കുക എന്ന ലക്ഷ്യവുമായി എവറസ്റ്റ് ബേസ് ക്യാമ്പ്, കിളിമഞ്ചാരോട്രിങ് എന്നിവ കഠിന പരിശ്രമത്തിലൂടെ പൂര്‍ത്തിയാക്കി ആഴ്ചതോറും യു.എ. ഇയിലെ വിവിധ ട്രക്കിംഗ്‌സ് പോട്ടുകളില്‍ സ്ഥിരം പരിശീലന സാന്നിധ്യമായി മാറുകയും ചെയ്തു. l
(തുടരും)

(കാസർകോട് ഇ.കെ.എൻ.എം ഗവൺമെന്റ് കോളേജിലെ അസിസ്റ്റന്റ് പ്രഫസറാണ് ഡോ. നസ്റീന ഇല്യാസ്).

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 45 അല്‍ ജാഥിയഃ സൂക്തം 07-10
ടി.കെ ഉബൈദ്‌

ഹദീസ്‌

ഇബ്റാഹീം നബിയെ ആദരിച്ച പ്രവാചകൻ
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌