അതിസമ്പന്നന്‍ മാത്രമേ അതിജീവിക്കൂ
ദരിദ്രരുടെയും അധഃസ്ഥിത വിഭാഗങ്ങളുടെയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ഒരു ആഗോള എന്‍.ജി.ഒ ആണ് ഓക്സ്ഫാം. ലോകത്ത് നിലനില്‍ക്കുന്ന അതിഭീകരമായ സാമ്പത്തിക അസമത്വങ്ങളെക്കുറിച്ച് ഈ വര്‍ഷാദ്യം അവര്‍ ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. ' അതിസമ്പന്നന്റെ അതിജീവനം' (Survival of The Richest) എന്നാണ് റിപ്പോര്‍ട്ടിന്റെ തലക്കെട്ട്. 'ഇന്ത്യാ സ്‌റ്റോറി' എന്ന ഉപശീര്‍ഷകത്തില്‍ ഇന്ത്യയെ പ്രത്യേകമായിത്തന്നെ പരാമര്‍ശിക്കുന്നുണ്ട്. ഇന്ത്യയുടെ മൊത്തം സമ്പത്തിന്റെ 40 ശതമാനവും ജനസംഖ്യയില്‍ ഒരു ശതമാനം വരുന്ന സമ്പന്നര്‍ കൈയടക്കി വെച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ട് തുറന്നുകാട്ടുന്നു. ജനസംഖ്യയുടെ താഴെക്കിടയിലുള്ള പകുതി പേര്‍ക്കും ആകക്കൂടിയുള്ളത് സമ്പത്തിന്റെ മൂന്ന് ശതമാനം മാത്രമാണ്. ഇന്ത്യയിലെ 700 ദശലക്ഷം ആളുകള്‍ക്കുള്ള സമ്പത്ത് കേവലം 21 വ്യക്തികളുടെ കൈവശമുണ്ട്. സമ്പന്നര്‍ മിന്നല്‍ വേഗത്തില്‍ അതിസമ്പന്നരായിത്തീര്‍ന്ന കാലം കൂടിയായിരുന്നു കോവിഡ് മഹാമാരിക്കാലം. ദരിദ്രര്‍ അമ്പേ നിലം പൊത്തുകയും ചെയ്തു. മഹാമാരി പൊട്ടിപ്പുറപ്പെട്ടത് മുതല്‍ 2022 നവംബർ വരെ ഇന്ത്യയിലെ ശതകോടീശ്വരന്‍മാരുടെ സമ്പത്ത് 121 ശതമാനമാണ് വര്‍ധിച്ചത്. അതായത്, ഓരോ ദിവസവും അവരുടെ പണപ്പെട്ടികളിലേക്ക് വന്നുചേര്‍ന്നത് 3608 കോടി രൂപ. 2020-ല്‍ മഹാ കോടീശ്വരന്‍മാര്‍ (Billionaires) 102 പേര്‍ ആയിരുന്നെങ്കില്‍ 2022-ല്‍ അത് 166 ആയി ഉയര്‍ന്നു. എത്ര വലിയ സാമ്പത്തിക അസമത്വത്തിലാണ് രാജ്യം എത്തിപ്പെട്ടിരിക്കുന്നത് എന്നതിന് മറ്റൊരു തെളിവും ആവശ്യമില്ല.
തൊണ്ണൂറുകളില്‍ തുടക്കം കുറിച്ച ആഗോളവത്കരണവും ഉദാരവത്കരണവുമാണ് സാമ്പത്തിക അസമത്വത്തിന്റെ മുഖ്യ ഹേതു എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. ആഗോളവത്കരണ യത്‌നങ്ങള്‍ സമ്പത്ത് കുറച്ചാളുകളിലേക്ക് കേന്ദ്രീകരിക്കപ്പെടാന്‍ ഇടയാകും എന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍, അതിന്റെ പ്രയോജനം സാധാരണക്കാരിലേക്കും ഒലിച്ചിറങ്ങും എന്നായിരുന്നു ഭരണകൂടത്തിന്റെ വാദം. കുറച്ചൊക്കെ അത് സംഭവിക്കുകയും ചെയ്തു. 2004 മുതല്‍ 2016 വരെ ദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെക്കാന്‍ ഇന്ത്യക്ക് സാധിച്ചു. നരേന്ദ്ര മോദിയുടെ ഭരണകാലത്താണ്, പ്രത്യേകിച്ച് കോവിഡ് മഹാമാരിക്കാലത്ത് ദശലക്ഷക്കണക്കിനാളുകള്‍ ദാരിദ്ര്യത്തിന്റെ കാണാക്കയങ്ങളിലേക്ക് എടുത്തെറിയപ്പെട്ടത്. നോട്ട് നിരോധം നേരത്തെ തന്നെ ചെറുകിട കച്ചവടക്കാരെയും മറ്റും പാപ്പരാക്കിക്കളഞ്ഞിരുന്നു.
കോര്‍പറേറ്റുകളായ കോടീശ്വരന്മാരാണ് ഭരണകൂടത്തെയും അതിന്റെ നയങ്ങളെയും നിയന്ത്രിക്കുന്നത് എന്നതിനാല്‍ പ്രശ്‌നം അതീവ രൂക്ഷമാകാന്‍ മാത്രമാണ് സാധ്യത. പണ സ്ഥാപനങ്ങളെ കൊഴുപ്പിക്കുകയും പാവപ്പെട്ടവരെ വലിച്ചൂറ്റുകയും ചെയ്യുന്ന പലിശയും ഈ സാമ്പത്തിക അസമത്വത്തില്‍ പ്രധാന വില്ലനാണ്. ആ വിഷയം ചര്‍ച്ചക്കെടുക്കാന്‍ പോലും ലോക സമ്പദ്ഘടന സന്നദ്ധമല്ല. ലോകത്ത് ഏറ്റവും പുതുതായി സൃഷ്ടിക്കപ്പെട്ട ധനത്തിന്റെ മൂന്നില്‍ രണ്ടും, അഥവാ 42 ട്രില്യന്‍ ഡോളര്‍ ഒരു ശതമാനം സമ്പന്നരുടെ കൈകളിലാണ്. പുതിയൊരു ബദല്‍ പരീക്ഷിക്കുകയല്ലാതെ മറ്റൊരു മാര്‍ഗവും നമ്മുടെ മുന്നിലില്ല. l
Comments