ഇബ്റാഹീം നബിയെ ആദരിച്ച പ്രവാചകൻ
عَنْ عَبْدِ اللهِ بْنِ عَبْدِ الرَّحْمٰنِ بْنِ أَبْزَى، عَنْ أَبِيهِ: كَانَ رَسُولُ اللهِ صلَّى اللهُ عَلَيْهِ وَسَلَّمَ إذَا أََصْبَحَ يَقُولُ: أَصْبَحْنَا عَلَى فِطْرَةِ الإسْلَامِ، وكَلِمَةِ الإخْلَاصِ، وَدِينِ نَبيِّنَا مُحَمَّدٍ صَلَّى اللهُ عَلَيْهِ وَسَلَّمَ ، وَعَلَى مِلَّةِ أبِينا إبْرَاهِيمَ، حَنِيفًا مُسْلِمًا، وَمَا كَانَ مِنَ المُشْرِكِينَ [مسند الإمام أحمد ].
അബ്ദുല്ലാഹിബ്്നു അബ്്ദിർറഹ്്മാനിബ്്നി അബ്സ സ്വന്തം പിതാവിൽനിന്ന്.
അല്ലാഹുവിന്റെ റസൂൽ (സ) പ്രഭാതമായാൽ ഇപ്രകാരം പറയാറുണ്ടായിരുന്നു: ''നാം ഇസ്്ലാമിന്റെ പ്രകൃതത്തിലായി; ഇഖ്ലാസ്വിന്റെ വചനത്തിലായി; നമ്മുടെ പ്രവാചകൻ മുഹമ്മദ് നബി (സ) യുടെ ദീനിലായി; നമ്മുടെ പിതാവ് ഇബ്റാഹീമിന്റെ മില്ലത്തിലുമായി. അദ്ദേഹം ശുദ്ധ മനസ്കനും മുസ്‌ലിമുമായിരുന്നു. ബഹുദൈവ വിശ്വാസികളിൽ പെട്ടവനായിരുന്നില്ല" (അഹ്്മദ്).
നബി (സ) തന്റെ അനുയായികളെ പ്രാർഥനയുടെ സമഗ്ര പദങ്ങൾ പഠിപ്പിക്കാറുണ്ടായിരുന്നു. അവരുടെ ഈമാനിനെ ദൃഢമാക്കുകയും പ്രതീക്ഷകളെ ഉയർത്തുകയുമായിരുന്നു ലക്ഷൃം.
ഈ രീതിയിലുള്ള വ്യത്യസ്ത പ്രാർഥനകൾ ഹദീസുകളിൽ കാണാം. ഇസ്്ലാമിന്റെ പ്രകൃതത്തിലാക്കണം എന്നതിന്റെ ഉദ്ദേശ്യം, അല്ലാഹുവിനെ മാത്രം അനുസരിക്കുകയും അവന് മാത്രം സമർപ്പിക്കുകയും ചെയ്യുന്ന വിശുദ്ധ ചര്യയിലാക്കണമെന്നാണ്.
ഏകദൈവ വിശ്വാസത്തിന്റെ മുദ്രയായ 'ലാ ഇലാഹ ഇല്ലല്ലാ' എന്നതാണ് ഇഖ്ലാസ്വിന്റെ വചനം.
പ്രവാചകന്റെ പ്രവർത്തനങ്ങളും അധ്യാപനങ്ങളുമാണ് നബിചര്യ കൊണ്ട് ഉദ്ദേശിക്കുന്നത്.
ഇരു പ്രവാചകൻമാരുടെയും ശരീഅത്തിൽ സാമ്യതയുള്ള അടിസ്ഥാന നിയമങ്ങളാണ് ഇബ്റാഹീമീ മില്ലത്ത്.
ഏത് സന്ദർഭങ്ങളിലും സാഹചര്യങ്ങളിലും സത്യത്തിന്റെ സരണിയിൽ അടിയുറച്ച് നിൽക്കാൻ അനുഗ്രഹിക്കണമെന്നാണ് ഈ പ്രാർഥനയുടെ കാതൽ.
ഇബ്റാഹീം നബി (അ)യുമായി മുഹമ്മദ് നബി (സ)ക്കുണ്ടായിരുന്ന ആത്മബന്ധം ഹദീസിൽ കാണാം. പ്രവാചകന്മാരുടെ കൂട്ടത്തിൽ ഇബ്റാഹീം നബി (അ) യോടാണ് മുഹമ്മദ് നബി (സ)ക്കും ഉമ്മത്തിനും കൂടുതൽ അടുപ്പമുള്ളത്.
മുസ്്ലിംകളുടെ ശരീഅത്തിനെ മില്ലത്തു ഇബ്റാഹീം എന്നാണ് വിശുദ്ധ ഖുർആൻ വിശേഷിപ്പിച്ചത്. ഇബ്റാഹീം നബിക്കും കുടുംബത്തിനും അല്ലാഹു അനുഗ്രഹങ്ങൾ നൽകിയതു പോലെ എനിക്കും കുടുംബത്തിനും അവന്റെ അനുഗ്രഹങ്ങൾ ലഭിക്കാൻ നിങ്ങൾ പ്രാർഥിക്കണമെന്ന് റസൂൽ (സ) ആവശ്യപ്പെടാറുണ്ടായിരുന്നു.
പ്രവാചകന്റെ ഒരു പുത്രന് ഇബ്റാഹീം എന്നാണ് പേരിട്ടത്. പിന്നീട് പറഞ്ഞു:
وُلِدَ لِي اللَّيْلةَ غُلاَمٌ فَسَمَّيْتُهُ بِاِسْمِ أبي إبراهيمَ
"എനിക്ക് ഇന്നലെ രാത്രി ഒരു കുഞ്ഞ് പിറന്നു. ഞാനവന് എന്റെ പിതാവ് ഇബ്റാഹീമിന്റെ നാമമാണ് നൽകിയത്" (ബുഖാരി).
അനസ് (റ) പറയുന്നു: ഒരാൾ വന്ന്, 'സൃഷ്്ടികളിൽ ഏറ്റം ഉത്തമനായവനേ' എന്ന് അഭിസംബോധന ചെയ്തപ്പോൾ അല്ലാഹുവിന്റെ റസൂൽ പറഞ്ഞു: "അത് ഞാനല്ല; ഇബ്റാഹീം (അ) ആണ് " (മുസ്്ലിം).
പരലോകത്തും ഇബ്റാഹീം (അ) ഉയർന്ന പദവിയിലായിരിക്കുമെന്ന് നബി പ്രവചിക്കുകയുണ്ടായി. 'പുനരുത്ഥാന നാളിൽ ഏറ്റവും ആദ്യം വസ്ത്രം ധരിക്കുക ഇബ്റാഹീം നബി (അ) ആയിരിക്കും' (ബുഖാരി, മുസ്്ലിം). ശാരീരികമായി തന്നോട് ഏറെ രൂപസാദൃശ്യമുള്ളയാൾ ഇബ്റാഹീം(അ) ആണെന്ന് പ്രവാചകൻ ശിഷ്യരോട് പറയാറുണ്ടായിരുന്നു (ബുഖാരി, മുസ്്ലിം).
ഒരിക്കൽ പൊന്നോമന പുത്രി ഫാത്വിമ (റ)യുടെ മക്കളായ ഹസനും ഹുസൈനും വേണ്ടി അല്ലാഹുവിനോട് പ്രത്യേകം അഭയപ്രാർഥന നടത്തിക്കൊണ്ട് റസൂലുല്ലാഹി (സ) ഇപ്രകാരം പ്രാർഥിച്ചു:
أَعُوذُ بِكَلِمَاتِ اللَّهِ التَّامَّةِ مِنْ كُلِّ شَيْطَانٍ وَهَامَّةٍ وَمِنْ كُلِّ عَيْنٍ لَامَّةٍ
''അല്ലാഹുവിന്റെ സമ്പൂർണ വചനങ്ങളാൽ പിശാചിൽനിന്നും, വിഷ ജീവികളുടെയും കണ്ണേറുകളുടെയും ഉപദ്രവത്തിൽനിന്നും ഞാൻ കാവൽ തേടുന്നു.''
തുടർന്ന് ഇപ്രകാരം പറഞ്ഞു: "നിങ്ങളുടെ പിതാവ് ഇബ്റാഹീം, മക്കളായ ഇസ്മാഈലിനും ഇസ്ഹാഖിനും ഈ പ്രാർഥന ചൊല്ലിയാണ് അഭയം തേടിയിരുന്നത്" (ബുഖാരി).
ഇബ്റാഹീം നബിക്ക് മക്കയുമായും മുഹമ്മദ് നബിക്ക് മദീനയുമായുമുള്ള ദൃഢ ബന്ധത്തിലേക്ക് സൂചന നൽകുന്ന ഒരു പ്രാർഥന ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. റസൂലിന്റെ ആ പ്രാർഥന ഇങ്ങനെ: "അല്ലാഹുവേ, നിന്റെ ദാസനും ഉറ്റ മിത്രവുമായ ഇബ്റാഹീം മക്കക്കാർക്ക് അനുഗ്രഹം ലഭിക്കാനായി പ്രാർഥിച്ചു. ഞാൻ മുഹമ്മദ്, നിന്റെ ദാസനും ദൂതനുമാണ്. മദീനക്കാരുടെ അളവിലും തൂക്കത്തിലും മികവുണ്ടാവാൻ നിന്നോട് ഞാൻ പ്രാർഥിക്കുന്നു." l
Comments