Prabodhanm Weekly

Pages

Search

2023 ജൂൺ 16

3306

1444 ദുൽഖഅദ് 27

നക്്ബാ ദുരന്തത്തിന്റെ നാൾവഴികൾ

കെ.എസ് അഹ്്മദ് യാസീൻ

ഫലസ്ത്വീന്‍ രാഷ്ട്രം വിഭജിച്ച് ജെറുസലേം തലസ്ഥാനമായുള്ള ഇസ്രായേല്‍ രാഷ്ട്രം നിലവില്‍ വന്നിട്ട് ഇക്കഴിഞ്ഞ മെയ് പതിനഞ്ചിന് ഏഴര പതിറ്റാണ്ട് തികഞ്ഞു. 1948 മെയ് 14 അര്‍ധരാത്രിയോടെ സ്ഥാപിതമായ ഇസ്രായേല്‍  മേഖലക്ക് സമ്മാനിച്ചത് വലിയ കാലുഷ്യങ്ങളാണ്. ഈ പശ്ചാത്തലത്തിലാണ് ലോകമെമ്പാടുമുള്ള ഫലസ്ത്വീന്‍ ജനത മെയ് 15 നക്്ബാ ദിനമായി ആചരിച്ചുപോരുന്നത്. 
     1987-ലെ ഒന്നാം ഇന്‍തിഫാദയോടെയാണ് ഇങ്ങനെ ഒരാവശ്യം ഉയര്‍ന്നുവരുന്നത്. 1998 മെയ് 15-നാണ് യാസിര്‍ അറഫാത്ത് നക്്ബാ ദിനം ആചരിക്കുമെന്ന പ്രഖ്യാപനം നടത്തുന്നത്. നക്ബാ എന്നാല്‍ ദുരന്തം എന്നാണര്‍ഥം. പത്തൊമ്പതാം നൂറ്റാണ്ടില്‍ ജൂതസമൂഹം യൂറോപ്പില്‍ മത, സാംസ്കാരിക, രാഷ്ട്രീയ, തൊഴില്‍ രംഗങ്ങളില്‍ വിവേചനവും അപരവൽക്കരണവും നേരിട്ടിരുന്നു. ചില ഇടങ്ങളില്‍ അഭയം പോലും ലഭിക്കാത്ത സാഹചര്യമുണ്ടായി. മറുഭാഗത്ത് ജൂത ഐഡന്റിറ്റിയെ കുറിച്ച ആലോചനകളും സജീവമായി. അവര്‍ക്കായി ഒരു രാഷ്ട്രം എന്ന ചര്‍ച്ചയും ശക്തിപ്പെട്ടു. പത്തൊമ്പതാം നൂറ്റാണ്ട് മുതൽ തന്നെ നിരവധി വ്യക്തികളും കൂട്ടായ്മകളും ഇതിൽ പങ്ക് കൊണ്ടു.
മോസ്സസ് ഹെസ്സ് (1812-1875) എന്ന ജര്‍മൻകാരനായ ജൂത തത്ത്വചിന്തകൻ ജൂതര്‍ക്കു ലഭിക്കേണ്ട അവകാശങ്ങളെ കുറിച്ചാണ് കാര്യമായും സംസാരിച്ചത്. പോളണ്ടിൽ ജീവിച്ച ലിയോണ്‍ പിന്‍സ്കര്‍ (1821-1892), യഹൂദ വിഭാഗത്തിന്റെ സാംസ്കാരികവും രാഷ്ട്രീയവുമായ ഉദ്ഗ്രഥനത്തെ കുറിച്ച് വാചാലനായി, അവര്‍ക്കായി രാഷ്ട്രം വേണമെന്ന് വാദിച്ചു. അതിനായി പിന്‍സ്കര്‍ നിര്‍ദേശിച്ച പ്രദേശം ഫലസ്ത്വീനായിരുന്നു. ജൂതരാഷ്ട്രം എവിടെ ആകണം എന്ന ചര്‍ച്ചയില്‍ മറ്റു പല രാജ്യങ്ങളും നിര്‍ദേശമായി വന്നെങ്കിലും ഫലസ്ത്വീനില്‍ തന്നെ ആകണം എന്നതായിരുന്നു പിന്‍സ്കറിന്റെ പക്ഷം. അതിന് മുന്നോടിയായി ധാരാളമായി ഭൂമി വിലയ്ക്കു വാങ്ങണമെന്നും ഹീബ്രു ഭാഷ ദേശീയ ഭാഷയാക്കണമെന്നും നിര്‍ദേശിച്ചു.  സെല്‍ഫ് ഇമാന്‍സിപ്പേഷന്‍, ഓട്ടോ ഇമാൻസിപ്പേഷന്‍ എന്നിവ പിന്‍സ്കറുടെ മുഖ്യ രചനകളാണ്.
ഐസക്ക് റൂള്‍ഫ് (1831-1902) ജര്‍മനിയില്‍ നിന്നുള്ള യഹൂദ പുരോഹിതനാണ്. ഇദ്ദേഹം ഫലസ്ത്വീനിലേക്ക് കുടിയേറുന്നവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കണം എന്ന് അഭിപ്രായപ്പെട്ടു. അതിനായി ബ്രിട്ടീഷ് അധികൃതരുമായുള്ള ഔദ്യോഗിക ബന്ധം ഉപയോഗപ്പെടുത്തണം എന്ന പക്ഷക്കാരനായിരുന്നു റൂള്‍ഫ്. സയണിസം എന്ന സംജ്ഞ മുന്നോട്ടുവെച്ച ചിന്തകനാണ് നെദാന്‍ ബേണ്‍ ബോണ്‍ (1864-1937).

ഹെര്‍സലിന്റെ രംഗപ്രവേശം 
മേല്‍ പരാമര്‍ശിക്കപ്പെട്ടവര്‍ സയണിസത്തിനും ജൂത രാഷ്ട്രത്തിനും ആശയാടിത്തറ പാകുകയായിരുന്നെങ്കില്‍ തിയോഡർ ഹെര്‍സലിന്റെ (1860-1904) രംഗപ്രവേശത്തോടെ അതിന് പ്രായോഗിക തലം കൈവന്നു. മാധ്യമ പ്രവര്‍ത്തകനായ ഹെര്‍സല്‍ 1896-ൽ The State of the Jews എന്ന കൃതി രചിച്ചു.  സുല്‍ത്താന്‍ അബ്ദുല്‍ ഹമീദ് രണ്ടാമനുമായി  (1876-1909) ഹെർസൽ അഞ്ച് തവണ കൂടിക്കാഴ്ചക്ക് ശ്രമിക്കുന്നുണ്ട്.
രണ്ട് തവണ ചര്‍ച്ചക്ക് സന്നദ്ധനായെങ്കിലും ഹെര്‍സലുന്നയിച്ച, ഫലസ്ത്വീനിലേക്കുള്ള ജൂത കുടിയേറ്റം എന്ന ആവശ്യത്തെ സുല്‍ത്താന്‍ പൂര്‍ണമായും നിരാകരിക്കുകയായിരുന്നു. 1897-ലെ ഹെര്‍സൽ-സുല്‍ത്താന്‍ കൂടിക്കാഴ്ചക്ക് സവിശേഷ പ്രാധാന്യമുണ്ട്. ആ വര്‍ഷം ഗ്രീസിനെതിരെ നടന്ന യുദ്ധത്തോടെ ഖിലാഫത്ത് അഭിമുഖീകരിച്ചുകൊണ്ടിരുന്ന സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി. ഖിലാഫത്തിനു മേലുള്ള സാമ്പത്തിക ബാധ്യത പൂര്‍ണമായും പരിഹരിക്കാം എന്ന ഉപാധിയോടെയാണ് ഹെര്‍സല്‍ ഫലസ്ത്വീനിലേക്കുള്ള ജൂത കുടിയേറ്റം എന്ന ആവശ്യം മുന്നോട്ട് വെക്കുന്നത്.
എന്നാല്‍, ചരിത്ര പ്രസിദ്ധമായ തന്റെ പ്രഖ്യാപനം കൊണ്ട് സുല്‍ത്താന്‍ ആ വാഗ്ദാനവും നിരസിക്കുകയാണ് ചെയ്തത്. അതേ വര്‍ഷം, ലോകത്തെ ചെറുതും വലുതുമായ സയണിസ്റ്റ് സംഘടനകളുടെയും പ്രമുഖ വ്യക്തിത്വങ്ങളുടെയും സാന്നിധ്യത്തില്‍ ഹെര്‍സലിന്റെ അധ്യക്ഷതയില്‍ സ്വിറ്റ്സര്‍ലന്‍റിലെ ബേസില്‍ പട്ടണത്തില്‍ സയണിസ്റ്റ് കോണ്‍ഗ്രസ് വിളിച്ചുചേര്‍ത്തു. 
ഫലസ്ത്വീനില്‍ ഒരു രാഷ്ട്രം സ്ഥാപിക്കുമെന്നും സുല്‍ത്താന്‍ അബ്ദുല്‍ ഹമീദിനെ താഴെ ഇറക്കുമെന്നുമുള്ള രണ്ട് തീരുമാനങ്ങള്‍ കൈക്കൊണ്ട് പിറ്റേ വര്‍ഷം (1898) അതേ പട്ടണത്തില്‍ രണ്ടാം സയണിസ്റ്റ് കോണ്‍ഗ്രസ്സും നടന്നു. ഹീബ്രു ഭാഷയെ ഔദ്യോഗിക ഭാഷയാക്കണമെന്നും ജൂത ബാങ്ക്  സ്ഥാപിക്കുമെന്നും, പിറക്കാനിരിക്കുന്ന രാഷ്ട്രത്തിന്റെ ഔദ്യോഗിക രൂപരേഖ തയാറാക്കി യൂറോപ്പിന് സമര്‍പ്പിക്കുമെന്നും ആ സമ്മേളനം തീരുമാനിച്ചു.
   1903-ല്‍ ലണ്ടനില്‍ മൂന്നാം സയണിസ്റ്റ് കോണ്‍ഗ്രസ് വിളിച്ചുചേര്‍ത്ത ഹെര്‍സലും സംഘവും തങ്ങളുടെ പദ്ധതിക്ക് ബ്രിട്ടന്‍ മാത്രമാണ് പിന്തുണ നല്‍കുന്നതെന്ന് ചൂണ്ടിക്കാട്ടി. ഈ വര്‍ഷം വലിയ തോതിലുള്ള പലായനമാണ് ഫലസ്ത്വീനിലേക്ക് നടന്നത്. സമ്മേളനത്തെ തുടർന്ന് ഫലസ്ത്വീനില്‍ ജൂത കുടിയേറ്റം അനുവദിക്കണമെന്ന് ബ്രിട്ടന്‍ ഉസ്മാനി സുല്‍ത്താനു മേല്‍ വലിയ തോതില്‍ സമ്മര്‍ദം ചെലുത്തി. എന്നാല്‍, സയണിസ്റ്റ് നീക്കങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ച് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് സുല്‍ത്താന്‍ ചെയ്തത്. 1905-ല്‍ ബ്രിട്ടന്‍, ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള കൊളോണിയല്‍ രാഷ്ട്രങ്ങള്‍ ചേര്‍ന്ന് ഫലസ്ത്വീനെ ബഫര്‍ സ്റ്റേറ്റായി നിലനിര്‍ത്തണമെന്നു തീരുമാനിച്ചു.
ഈ വിഷയത്തില്‍ തുടക്കം മുതല്‍ സുല്‍ത്താന്‍ അബ്ദുല്‍ ഹമീദ് രണ്ടാമന്‍ കൈക്കൊണ്ട നിലപാടുകള്‍ ശ്രദ്ധേയമാണ്. ജൂത സമൂഹം നേരിട്ട മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്ക് നേരെ മുഖം തിരിഞ്ഞു നിന്നെങ്കിലും യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ ഫലസ്ത്വീന്‍ വിഷയത്തില്‍ സുല്‍ത്താനു മേല്‍ സമ്മര്‍ദം ചെലുത്തിക്കൊണ്ടിരുന്നു.
എന്നാല്‍, അനുകമ്പാപൂര്‍വമാണ് സുല്‍ത്താന്‍ ഈ വിഷയത്തില്‍ പ്രതികരിച്ചത്. ഫലസ്ത്വീന്‍ ഒഴികെയുള്ള ഖിലാഫത്തിനു കീഴിലെ മറ്റു പ്രദേശങ്ങളിലേക്ക് പലായനം ചെയ്യാന്‍ ജൂതര്‍ക്ക് അദ്ദേഹം അനുവാദം നല്‍കി. ബൈത്തുല്‍ മുഖദ്ദസിലേക്ക് വരുന്നവര്‍ക്ക് തൊണ്ണൂറ് ദിവസം വരെ തങ്ങാനുള്ള അനുവാദവും നല്‍കിയിരുന്നു. പിന്നീട് സ്ഥിതിഗതികള്‍ വഷളായപ്പോള്‍ സന്ദര്‍ശന കാലയളവ് 30 ദിവസമാക്കി ചുരുക്കി. സയണിസ്റ്റ് നീക്കങ്ങള്‍ ശക്തമാവുകയും നുഴഞ്ഞുകയറ്റങ്ങള്‍ ശക്തിപ്പെടുകയും ചെയ്തതോടെ ജൂതര്‍ക്കിടയിലെ ഭൂമി ഇടപാടുകളില്‍ ഉള്‍പ്പെടെ സുല്‍ത്താന്‍ അബ്ദുല്‍ ഹമീദ് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു.
1909 ഏപ്രില്‍ 27-ന് അബ്ദുല്‍ ഹമീദ് രണ്ടാമന്‍ നാടുകടത്തപ്പെട്ടതോടെ സയണിസ്റ്റുകള്‍ക്ക് കാര്യങ്ങള്‍ എളുപ്പമായി. 1916 മെയ് മാസത്തില്‍ ബ്രിട്ടനും ഫ്രാന്‍സിനും ഇടയില്‍ രൂപപ്പെട്ട സൈക്ക്സ്-പിക്കോ ഉടമ്പടിയും ബാല്‍ഫര്‍ പ്രഖ്യാപനവും ഇസ്രായേലെന്ന ജൂത, കൊളോണിയല്‍ അധിനിവേശ പദ്ധതിയിലേക്കും നക്്ബയിലേക്കുമുള്ള ദൂരം കുറച്ചു.
1917 നവംബര്‍ രണ്ടിന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി  ആര്‍തര്‍ ബാൽഫർ ബ്രിട്ടനിലെ ജൂത നേതാവായ റോത്്സ് ചൈൽഡിനെഴുതിയ കത്താണ് ചരിത്രത്തില്‍ ബാല്‍ഫര്‍ പ്രഖ്യാപനമായി അറിയപ്പെടുന്നത്. പ്രസ്തുത രേഖയിലൂടെ ഫലസ്ത്വീനില്‍ ഒരു ജൂതരാഷ്ട്രം എന്ന സയണിസ്റ്റ് പദ്ധതിക്ക് ബ്രിട്ടന്‍ ഔദ്യോഗികമായി പിന്തുണ രേഖപ്പെടുത്തുകയായിരുന്നു. പ്രഖ്യാപനം മുസ്്ലിം ലോകത്ത് കനത്ത പ്രതിഷേധത്തിന് വഴിവെച്ചു.
1919-ല്‍ അമേരിക്കന്‍ പ്രസിഡന്‍റ് വുഡ്റോ വില്‍സന്‍ നിയോഗിച്ച കമീഷന്‍ നടത്തിയ സര്‍വേയില്‍ ഫലസ്ത്വീന്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങളിലെ ജനങ്ങള്‍ തങ്ങളുടെ വിയോജിപ്പ് രേഖപ്പെടുത്തി. 1920-ലെ സേന്‍ റിമോ കോണ്‍ഫറന്‍സ് ബാല്‍ഫര്‍ പ്രഖ്യാപനം ശരിവെച്ചുകൊണ്ട് ഫലസ്ത്വീനിലെ ബ്രിട്ടീഷ് മാന്‍ഡേറ്റിന് അനുവാദം നല്‍കി. ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ഹെര്‍ബെര്‍ട്ട് സാമുവലിനായിരുന്നു മാന്‍ഡേറ്റിന്റെ ചുമതല.
  1920 ഒക്ടോബറില്‍ ഫലസ്ത്വീനില്‍ യഹൂദര്‍ക്കു മേല്‍ ഏര്‍പ്പെടുത്തിയ ഭൂമി ഇടപാടുകളിലെ നിയന്ത്രണം പൂര്‍ണമായും എടുത്തുകളഞ്ഞു. ജൂത കുടിയേറ്റത്തിനു മേലുള്ള നിയന്ത്രണവും ഒഴിവാക്കി, ഓരോ വര്‍ഷവും 16,500 ജൂതര്‍ക്ക് ഫലസ്ത്വീനിലേക്കുള്ള പലായനത്തിനായി അവസരമൊരുങ്ങി. ഡേവിഡ് ബെൻ ഗൂറിയന്റെ നേതൃത്വത്തില്‍ ജൂത സമിതി നിലവില്‍വന്നു. പ്രസ്തുത സമിതിക്ക് ഭരണകൂടത്തിനു സമാനമായ അധികാരം ഉണ്ടായിരുന്നു. സൈന്യത്തിനു പുറമെ ഹഗാന, ഇര്‍ഗുന്‍ തുടങ്ങിയ തീവ്ര സയണിസ്റ്റ് സംഘടനകളുടെ സാന്നിധ്യവും ഇതോടെ അധിനിവിഷ്ട ഫലസ്ത്വീനില്‍ ശക്തിപ്പെട്ടു.
   മറുവശത്ത് ഫലസ്ത്വീനികളുടെ ചെറുത്തുനില്‍പ്പും കനപ്പെട്ടുകൊണ്ടിരുന്നു. മൂസാ നബിയുടെ സ്മരണാര്‍ഥമുള്ള തങ്ങളുടെ ആഘോഷ ദിവസത്തില്‍ ഫലസ്ത്വീനികള്‍ ജൂതര്‍ക്കു നേരെ കനത്ത ആക്രമണം അഴിച്ചുവിട്ടു. അതില്‍ അഞ്ചു ജൂതന്‍മാര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചരിത്രത്തില്‍ ഇത് 'മൗസിം മൂസ വിപ്ലവം' എന്നറിയപ്പെടുന്നു.  ഇതിനെ ശക്തമായി നേരിട്ട ബ്രിട്ടീഷ് നടപടിയില്‍ നാല് മുസ്്ലിംകള്‍ കൊല്ലപ്പെടുകയും ഇരുപത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 
1921-ല്‍ യാഫയില്‍ നടന്ന  മറ്റൊരു ആക്രമണത്തില്‍ 48 ജൂതന്‍മാര്‍ കൊല്ലപ്പെടുകയും 146 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിനെതിരെ നടന്ന ബ്രിട്ടീഷ് പ്രത്യാക്രമണത്തില്‍ 46 മുസ്്ലിംകള്‍ കൊല്ലപ്പെടുകയും 73 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
രാഷ്ട്രീയവും നയതന്ത്രപരവുമായ പരിഹാരങ്ങള്‍ക്കും ശ്രമങ്ങള്‍ നടന്നു. 1921-ല്‍ ഫലസ്ത്വീനില്‍ നിന്നുള്ള ഒരു സംഘം ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചിലുമായി കൂടിക്കാഴ്ച നടത്തി. എന്നാല്‍, ബാല്‍ഫര്‍ പ്രഖ്യാപനത്തില്‍നിന്ന് പിന്‍മാറണം എന്ന സംഘത്തിന്റെ ആവശ്യം ചര്‍ച്ചില്‍ പൂര്‍ണമായും നിരാകരിച്ചു. തുടര്‍ന്ന് ഫലസ്ത്വീന്‍ ഗ്രാന്റ് മുഫ്്തിയായിരുന്ന ശൈഖ്  അമീന്‍ അല്‍ ഹുസൈനിയുടെ നേതൃത്വത്തില്‍ 'അല്‍ മജ്ലിസുല്‍ ഇസ്്ലാമില്‍ അഅ്ലാ' എന്ന സമിതിക്ക് രൂപം നല്‍കി. ഇത് അധിനിവേശ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് ശക്തിപകര്‍ന്നു.
1922 ജൂണില്‍ ബ്രിട്ടന്‍ പുറത്തിറക്കിയ ധവളപത്രത്തിലൂടെ ഫലസ്ത്വീനിലെ തങ്ങളുടെ മാന്‍ഡേറ്റ് ഒരിക്കല്‍ കൂടി ഊട്ടിയുറപ്പിച്ചു. ബാല്‍ഫര്‍ പ്രഖ്യാപനത്തില്‍ നിന്ന് പിന്‍മാറില്ലെന്നും പ്രസ്തുത രേഖയിലൂടെ ബ്രിട്ടന്‍ വ്യക്തമാക്കി. ജൂലൈ 22-ന് ലോക രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ 'ലീഗ് ഓഫ് നാഷന്‍സ്' ഫലസ്ത്വീനിലെ ബ്രിട്ടീഷ് മാന്‍ഡേറ്റിന് അംഗീകാരം നല്‍കിയതോടെ പ്രശ്നത്തിന് അന്താരാഷ്ട്ര മാനം കൈവന്നു. 
ആ വര്‍ഷം ഒക്ടോബറില്‍ 23 അംഗ ഭരണഘടനാ സമിതിക്ക് രൂപം നല്‍കി. എന്നാല്‍, ഫലസ്ത്വീന്‍ ജനസംഖ്യയുടെ 78 ശതമാനം വരുന്ന മുസ്്ലിംകളുടെ പ്രാതിനിധ്യം പത്തിലൊതുങ്ങി. സമിതിക്ക് രാഷ്ട്രീയമോ സാമ്പത്തികമോ ആയ കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ യാതൊരു അധികാരവും ഉണ്ടായിരുന്നില്ല.
തുടർന്നുള്ള വര്‍ഷങ്ങള്‍ കനത്ത പോരാട്ടങ്ങളുടേതും പലായനങ്ങളുടേതുമായിരുന്നു. ഹഗാന, ഇര്‍ഗുൻ ഉള്‍പ്പെടെയുള്ള സംഘങ്ങള്‍ക്ക് വിവിധ രാഷ്ട്രങ്ങളുടെ വമ്പിച്ച സൈനിക, ആയുധ പിന്തുണ ലഭിച്ചു. ഫലസ്ത്വീൻ വിഷയത്തിലുള്ള ബ്രിട്ടന്റെ ഓരോ നീക്കവും ഏകപക്ഷീയമായിരുന്നു. ഫലസ്ത്വീന്‍ പ്രശ്നത്തിന് ആഗോള മാനം കൈവന്നിരുന്നെങ്കിലും അധിനിവേശ വിരുദ്ധ പോരാട്ടം ഫലസ്ത്വീനികളുടെ മാത്രം ചുമതലയായി ചുരുങ്ങി. അറബ് രാഷ്ട്രങ്ങളുടെ പിന്തുണ ഇക്കാര്യത്തിൽ ദുർബലമായിരുന്നു. പല രാജ്യങ്ങളും സൈക്ക്സ്-പിക്കോ ഉടമ്പടിയെ തുടർന്ന് യൂറോപ്യൻ കോളനികളായി മാറി. 
എന്നാല്‍, ശൈഖ് അമീന്‍ അല്‍ ഹുസൈനിയുടെയും ഇസ്സുദ്ദീന്‍ ഖസ്സാമിന്റെയും നേതൃത്വത്തില്‍ ഫലസ്ത്വീനികൾ ശക്തമായി തന്നെ തങ്ങളുടെ ചെറുത്തുനിൽപ്പ് തുടർന്നു. നിരവധി പേര്‍ ബ്രിട്ടീഷ് സൈന്യത്താൽ തടവിലടക്കപ്പെട്ടു. സയണിസ്റ്റ് വിരുദ്ധ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പലരും നാടുകടത്തപ്പെട്ടു.
 രണ്ടാം ലോക യുദ്ധവും ഹോളോ കോസ്റ്റും ഫലസ്ത്വീനിലേക്കുള്ള ജൂത കുടിയേറ്റം ക്രമാതീതമായി വര്‍ധിക്കാൻ കാരണമായി. യുദ്ധത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധികള്‍ ഫലസ്ത്വീനിലെ മാൻഡേറ്റ് അവസാനിപ്പിക്കാൻ ബ്രിട്ടനെ നിർബന്ധിതരാക്കി. 1948 മെയ് 15-ഓടെ തങ്ങളുടെ മാൻഡേറ്റ് അവസാനിപ്പിക്കുകയാണെന്നും യു.എന്‍ പരിഹാരം നിര്‍ദേശിക്കണമെന്നും ബ്രിട്ടൻ പ്രഖ്യാപിച്ചു.
1947 നവംബര്‍ 29-ന് യു.എന്‍ പാസാക്കിയ 181-ാം നമ്പർ പ്രമേയം ഫലസ്ത്വീനിനെ വിഭജിച്ച് ഇസ്രായേൽ രാഷ്ട്രം സ്ഥാപിക്കാം എന്ന തീരുമാനത്തിനനുകൂലമായിരുന്നു. സമവായത്തെ ജൂത സമിതി അംഗീകരിച്ചെങ്കിലും ഫലസ്ത്വീന്‍ പൂര്‍ണമായും തള്ളിക്കളഞ്ഞു. കാരണം, യു. എന്‍ പ്രമേയത്തോടെ അധിനിവേശത്തിന് ഔദ്യോഗിക മാനം കൈവരികയാണ് ചെയ്തത്.
ബെൻ ഗൂറിയന്റെ നേതൃത്വത്തിലുള്ള ജൂത സമിതിക്ക്  ഭരണത്തിന് തുല്യമായ അധികാരങ്ങളും, എന്നാല്‍ ഫലസ്ത്വീന്‍ ജനതക്ക് സംഘാടനം പോലും സാധ്യമാകാത്ത വിധമുള്ള സ്ഥിതിഗതിയും രൂപപ്പെട്ടു കഴിഞ്ഞിരുന്നു. രാഷ്ട്ര സ്ഥാപനത്തിന്, വ്യാപകമായ അക്രമങ്ങള്‍ അഴിച്ചുവിട്ട് സയണിസ്റ്റുകൾ പല ഗ്രാമങ്ങളും കീഴടക്കാന്‍ ആരംഭിച്ചു.
അറബികളും ജൂതരും തമ്മിലെ ഏറ്റുമുട്ടലുകള്‍ കൂട്ടക്കൊലക്കും വന്‍ തോതിലുള്ള പലായനങ്ങളിലേക്കും നയിച്ചു. ബ്രിട്ടൻ, ഫ്രാന്‍സ്, അമേരിക്ക ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ ഹഗാനക്കും ഇർഗുനിനും വമ്പിച്ച തോതിൽ ആയുധ സഹായങ്ങൾ നൽകി. എന്നാൽ, ഫലസ്ത്വീന്‍ ആകട്ടെ പുറം സഹായങ്ങളില്ലാതെ ആയിരുന്നു പോരാട്ടങ്ങളില്‍ പങ്കാളികളായത്. 
1946-ല്‍ രൂപവത്കരിക്കപ്പെട്ട 'അറബ് ലീഗ്' മെല്ലെപ്പോക്ക് നയമാണ് സ്വീകരിച്ചു പോന്നത്. 1948 ഏപ്രിലില്‍ നടന്ന കസ്തല്‍ യുദ്ധത്തിന് മുന്നോടിയായി ഫലസ്ത്വീന്‍ പോരാളിയായ അബ്ദുല്‍ ഖാദര്‍ ഹുസൈനിക്കും അറബ് ലീഗ് നേതൃത്വത്തിനും ഇടയില്‍ നടന്ന കത്തിടപാടുകളില്‍, ഒറ്റക്കുള്ള പോരാട്ടങ്ങളില്‍നിന്ന് പിന്‍മാറണം എന്ന് ഹുസൈനിയോട് ഉപദേശിക്കുക മാത്രമാണ് അറബ് ലീഗ് ചെയ്തത്. എന്നാല്‍, അറബ് ലീഗ് നിര്‍ദേശത്തെ മറികടന്ന ഹുസൈനിയും സംഘവും പോരാട്ടത്തിന്റെ ആദ്യ ഘട്ടത്തില്‍ സയണിസ്റ്റുകളോട് പോരാടി ഗ്രാമത്തെ തങ്ങള്‍ക്ക് കീഴില്‍ നിലനിര്‍ത്തി. ഏപ്രിലിൽ നടന്ന ഏറ്റുമുട്ടലിൽ അബ്ദുല്‍ ഖാദര്‍ ഹുസൈനിയെ വധിച്ച ശേഷമാണ് ഗ്രാമം സയണിസ്റ്റുകൾക്ക് കീഴ്്പ്പെടുത്താൻ കഴിഞ്ഞത്. 250 പേരാണ് ഈ യുദ്ധത്തില്‍ കൊല്ലപ്പെട്ടത്. നിരവധി ഫലസ്ത്വീനികൾക്ക് ഗ്രാമം വിട്ടു പലായനം ചെയ്യേണ്ടി വന്നു.
തൊട്ടടുത്ത ദിവസം ഏപ്രിൽ 9-ന് ദേര്‍ യാസീനില്‍ വെച്ചു നടന്ന മറ്റൊരു കൂട്ടക്കൊലയും ലോകത്തിനു മുമ്പാകെ ബാക്കിയാക്കിയത് ദാരുണ കാഴ്ചകളാണ്. പല അറബ് രാജ്യങ്ങളും അവസാന ദിവസങ്ങളിലാണ് തങ്ങളുടെ സൈന്യത്തെ ഫലസ്ത്വീനിലേക്ക് നിയോഗിച്ചത്; ചില രാജ്യങ്ങളാകട്ടെ, മെയ് 15-ന് ബ്രിട്ടന്‍ തങ്ങളുടെ മാൻഡേറ്റ് അവസാനിപ്പിച്ച് ഫലസ്ത്വീനില്‍നിന്ന് പിന്‍വാങ്ങിയതിന് ശേഷവും.
  1948 മെയ് 14-ന് അർധരാത്രി ഇസ്രായേൽ രാഷ്ട്രം നിലവിൽ വരികയും ഡേവിഡ് ബെന്‍ ഗൂറിയന്‍ ആദ്യ പ്രധാനമന്ത്രിയായി ചുമതലയേൽക്കുകയും ചെയ്തു. ബ്രിട്ടീഷ് മാൻഡേറ്റിന് മുമ്പ് 10 ശതമാനം എന്ന എണ്ണത്തിൽനിന്ന് ബ്രിട്ടൻ ഫലസ്ത്വീനില്‍നിന്ന് പിന്‍വാങ്ങുമ്പോഴേക്കും 30 ശതമാനത്തിലേക്കെത്തിയിരുന്നു ജൂത ജനസംഖ്യ. ഇസ്രായേലിന്റെ പിറവി ബാക്കിയാക്കിയത് ഏഴര ലക്ഷം ഫലസ്ത്വീൻ അഭയാർഥികളെയാണ്.
യു.എന്നിന്റെയും ലോക രാഷ്ട്രങ്ങളുടെയും ഫലസ്ത്വീനിനോടുള്ള തുടർ സമീപനങ്ങള്‍ വഞ്ചനാപരവും ഇരട്ടത്താപ്പ് നിറഞ്ഞതുമായിരുന്നു. തൊട്ടടുത്ത വര്‍ഷം 1949-ൽ യു.എന്‍ പാസാക്കിയ 194-ാം നമ്പര്‍ പ്രമേയം, ഫലസ്ത്വീനില്‍നിന്ന് കുടിയിറക്കപ്പെട്ടവര്‍ക്ക് തിരിച്ചുവരാന്‍ അവസരം ഒരുക്കണം എന്നതായിരുന്നു. എന്നാല്‍, ഈ പ്രമേയം പൂർണമായും നടപ്പാക്കപ്പെട്ടിട്ടില്ല.
75 വര്‍ഷം പിന്നിടുമ്പോള്‍ നക്്ബയുടെ ഓർമകള്‍ തീക്ഷ്ണമാകുന്നു എന്നതാണ് മുന്നിലെ യാഥാർഥ്യം. ഒപ്പം നക്്ബയെ കുറിച്ച ഓര്‍മകള്‍ വീണ്ടും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അലയൊലികൾ തീർക്കുന്നു. നക്്ബാ ദിനത്തോടനുബന്ധിച്ച് പ്രമുഖ മാധ്യമമായ മിഡിലീസ്റ്റ് ഐ (Middle East Eye) പുറത്തു വിട്ട അസ്സാം തമീമിയുടെ വീഡിയോയില്‍ അദ്ദേഹം പറയുന്നത്, നക്്ബയെ കുറിച്ച ഓര്‍മകള്‍ ഞാന്‍ എന്റെ മക്കള്‍ക്കും പേരക്കുട്ടികള്‍ക്കും പകർന്നുനൽകുന്നുണ്ട് എന്നാണ്.  തലമുറകളിലേക്ക് നക്്ബയെ കുറിച്ച ഓര്‍മകള്‍ കൈമാറ്റം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു.
നക്്ബ ഒരു ചരിത്രസംഭവം മാത്രമല്ല, സംഭവിച്ചുകൊണ്ടിരിക്കുന്ന അനുഭവ യാഥാർഥ്യം കൂടിയാണ്. l
(അഹ്്മദ് യാസീൻ അലിഗഡ് മുസ്്ലിം സർവകലാശാലയിലെ ഇസ്‌ലാമിക് സ്റ്റഡീസ് വിഭാഗത്തിൽ ഗവേക്ഷക വിദ്യാർഥിയാണ്.)

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 45 അല്‍ ജാഥിയഃ സൂക്തം 07-10
ടി.കെ ഉബൈദ്‌

ഹദീസ്‌

ഇബ്റാഹീം നബിയെ ആദരിച്ച പ്രവാചകൻ
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌