Prabodhanm Weekly

Pages

Search

2023 ജൂൺ 16

3306

1444 ദുൽഖഅദ് 27

മുസ്്ലിം പെണ്ണ് മാത്രം പ്രശ്നവൽക്കരിക്കപ്പെടുന്നത് എന്തുകൊണ്ട്?!

സഫ ശൗക്ക്

മാസങ്ങൾക്കു മുമ്പ് ഒരു നേതൃപരിശീലന പരിപാടിയിൽ നടന്ന  സംഭവം സുഹൃത്ത് പങ്കുവെക്കുകയുണ്ടായി: സദസ്സിൽ വിവിധ സമുദായങ്ങളിൽനിന്നുള്ള ഒരു കൂട്ടം ആളുകൾ, ഇവരിൽ രണ്ടോ മൂന്നോ ശിരോവസ്ത്ര ധാരികൾ. പൊതുവെ നിശ്ശബ്ദരായിക്കണ്ട അവർക്ക് നേരെ പൊടുന്നനെ ട്രെയ്‌നറുടെ  ചോദ്യം: തലയിൽ തട്ടമിട്ടതു കൊണ്ടാണോ ബുദ്ധി പ്രവർത്തിക്കാത്തതും അഭിപ്രായങ്ങൾ ഉദിക്കാത്തതും?
ക്ലാസ്സിൽ കൂട്ടച്ചിരി പരന്നു. പക്ഷേ, അവൾ ആ വിദ്വേഷ പരാമർശത്തോട് രൂക്ഷമായി പ്രതികരിച്ചു. പൂർണ മനസ്സോടെ അല്ലെങ്കിലും മാപ്പ് പറഞ്ഞ് അയാൾ ആ രംഗം ശാന്തമാക്കി. "വളരെ സെൻസിറ്റീവ് ആയ ഇടങ്ങളിൽ തൊട്ടുകൊണ്ട് രൂക്ഷമായി പ്രതികരിപ്പിക്കുക" എന്ന പ്രതികരണ ശേഷി  വളർത്താനുള്ള തന്റെ തന്ത്രത്തെക്കുറിച്ച് അദ്ദേഹം വീണ്ടും വാചാലനായി. വളരെ സ്വാഭാവികമെന്ന് തോന്നിയേക്കാവുന്ന ഇത്തരം സംസാരങ്ങൾ പൊതുബോധത്തിന്റെ സ്വാധീനം മൂലമാണ് എന്നതത്രെ വാസ്തവം.

മുസ്്ലിം സ്ത്രീ 'ചർച്ച'യാകുന്നത്...

മുസ്്ലിം സ്ത്രീയും അവളുടെ ദൈനംദിന ജീവിതവും പൊതുരംഗവും സ്വാഭാവിക വ്യവഹാരങ്ങളും അടുക്കളയുമെല്ലാം അനുദിനം മറ്റുള്ളവർ ആശങ്കപ്പെടുന്ന ഗുരുതര പ്രശ്നമാവുകയാണ്. കാര്യങ്ങളുടെ മെറിറ്റുകൾക്കപ്പുറം ആരൊക്കെയോ കൊളുത്തിവിടുന്ന, ആരൊക്കെയോ ഏറ്റുപിടിക്കുന്ന അജണ്ടകളുടെ ഭാഗമായാണ് ഇത്തരം ചർച്ചകൾ ഉരുത്തിരിയുകയും വികസിക്കുകയും ചെയ്യുന്നത്. ഇതെല്ലാം നിരന്തരം സമൂഹത്തിൽ ആവശ്യത്തിനും അനാവശ്യത്തിനും ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കണം എന്നതും ചിലരുടെ ആവശ്യമാണ്.
നിരവധി മത- ജാതി -സംസ്കാരങ്ങളും സ്വത്വങ്ങളും നിലനിൽക്കുന്ന ഈ നാട്ടിൽ ഇസ്്ലാമും മുസ്്ലിം സ്ത്രീയും മാത്രം നിരന്തരം ചർച്ച ചെയ്യപ്പെടുകയും ഓഡിറ്റിങ്ങിന് വിധേയമാക്കപ്പെടുകയും ചെയ്യുന്നത് യാദൃച്ഛികമായി സംഭവിക്കുന്ന ഒന്നല്ല.  രാജ്യത്തിന്റെ അടിത്തറ തന്നെ പൊളിച്ചെഴുതുന്ന തരത്തിലുള്ള നിരവധി ഗുരുതര സംഭവങ്ങൾ അരങ്ങേറുമ്പോഴാണ് മുസ്്ലിം സ്ത്രീ ഇങ്ങനെ തുടരെത്തുടരെ വിവാദമാക്കപ്പെടുന്നതെന്ന് ഓർക്കണം. പുൽവാമ ആക്രമണത്തിന്റെ നിഗൂഢതകൾ ചുരുളഴിക്കാനോ, രാമരാജ്യ പ്രഖ്യാപനങ്ങളെ പറ്റി ആശങ്കപ്പെടാനോ, ബോംബ് പൊട്ടിത്തെറിച്ച് കൈപ്പത്തി അറ്റു പോവുകയോ, ജീവൻ തന്നെ നഷ്ടപ്പെടുകയോ ചെയ്യുന്ന കേരളത്തിലെ 'നിർമാതാക്കളെ' പറ്റി ഗൗരവപ്പെടാനോ മാധ്യമങ്ങളും സമൂഹവും തയാറാകുന്നില്ല.
ഇന്ത്യയിൽ സ്ത്രീകൾ പൊതുവായി നേരിടുന്ന ഗൗരവപ്പെട്ട പ്രശ്നങ്ങൾക്കൊന്നും വലിയ വാർത്താ പ്രാധാന്യമില്ല. മുസ്്ലിംകൾക്കിടയിൽ ഉള്ളതിനെക്കാൾ പതിന്മടങ്ങ് ശൈശവ വിവാഹവും, ഗാർഹിക പീഡനങ്ങളും ദുരിതങ്ങളും സ്ത്രീ ആത്മഹത്യകളും മറ്റും നടക്കുന്ന ഇടങ്ങളിലെ വാർത്തകൾക്ക് ഒട്ടും ചൂടില്ലാതെ പോകുന്നതും കാണാം. സ്ത്രീജീവിതം പൊതുവെ ദുഷ്കരമായ ഒരു രാജ്യത്താണ്  ഒരു വിഭാഗത്തിൽ പെട്ട  സ്ത്രീകളെക്കുറിച്ച് മാത്രം ചിലർ വാചാലരാവുന്നത് എന്നതാണ് കൗതുകം. മുഖ്യധാരാ വാർത്തകളിലേക്ക് മുസ്്ലിം പെണ്ണും അവളുടെ ഉടുപ്പും ഭക്ഷണവും പഠനവും മാത്രം  നിരന്തരം കടന്നുവരുന്നതിന് ഇടവേളകൾ ഇല്ല തന്നെ.

മാധ്യമ അജണ്ടകൾ

തലക്കെട്ടുകളിലൂടെ വിവാദം സൃഷ്ടിക്കുന്ന മാധ്യമ രീതി തിരിച്ചറിയുക എന്നത് മുസ്്ലിം സമുദായത്തെ സംബന്ധിച്ച് ഏറെ പ്രധാനമാണ്. പ്രകോപനമാണ് ഉദ്ദേശ്യം. മുസ്്ലിം സംബന്ധിയായ വാർത്തകളിൽ പുതിയ കാലത്ത് ദുരൂഹതയും നിഗൂഢതയും കുത്തിനിറക്കാൻ വലിയ അധ്വാനമില്ല. ജനങ്ങളിൽ പലരും എന്ത് അസംബന്ധവും വിശ്വസിക്കാൻ പാകപ്പെട്ടിട്ടുണ്ട്. പക്ഷേ, തലക്കെട്ടുകളുടെ കച്ചവട തന്ത്രത്തെ കുറിച്ച് ചർച്ച ചെയ്യാതെ, അതിന്റെ സ്രോതസ്സുകളെ കുറിച്ച വ്യക്തമായ അന്വേഷണങ്ങൾ നടത്താതെ നീളൻ പ്രബന്ധങ്ങളും പ്രതികരണങ്ങളും ചാനൽ ചർച്ചകളും അരങ്ങു തകർക്കുന്നു. ഓൺലൈൻ മീഡിയക്കും യു ട്യൂബ് ചാനലുകൾക്കും എന്നല്ല, മുഖ്യധാരാ പത്രമാധ്യമങ്ങൾക്ക് പോലും ഇസ്്ലാമും മുസ്്ലിം സ്ത്രീയും അവളുടെ ഹിജാബും അടുക്കളയും അൽപനേരം കൊണ്ട് വിറ്റുതീരുന്ന ചൂട് പലഹാരങ്ങളാണ്. ഈ തിരിച്ചറിവാണ് അവരെ ഈ രംഗത്ത് കൂടുതൽ വ്യവഹരിക്കാൻ നിരന്തരം പ്രേരിപ്പിക്കുന്നത്. വലിയ ഒരളവോളം അത് വിജയിക്കുകയും ചെയ്യുന്നു.

ഒളിഞ്ഞിരിക്കുന്ന ലിബറൽ അജണ്ട

മുസ്്ലിം സ്ത്രീകൾ നിർബാധം ഓഡിറ്റ് ചെയ്യപ്പെടുന്നതിന് പിന്നിൽ പല താൽപര്യങ്ങളുമുണ്ട്. അതിലൊന്ന് സമൂഹത്തിന്റെ ധാർമിക മൂല്യങ്ങളുമായി ബന്ധപ്പെട്ടതാണ്. മതവിശ്വാസവും ആത്മീയതയുമെല്ലാം സാമൂഹിക ജീവിതത്തിന്റെ സുഗമമായ  ഒഴുക്കിന് അവശ്യമാണ് എന്നതാണ് ഇസ്്ലാമിന്റെ മൗലിക കാഴ്്ചപ്പാട്.  അതിരുകളില്ലാത്ത സ്വാതന്ത്ര്യവും കുത്തഴിഞ്ഞ ജീവിതവും ആഗ്രഹിക്കുന്നവർക്ക് മതത്തോടും മത മൂല്യങ്ങളോടും നിരന്തരം കലഹിക്കേണ്ടി വരും. കുടുംബ വ്യവസ്ഥ തകരാറിലാക്കുക, കുടുംബത്തിന്റെ ആണിക്കല്ലായ സ്ത്രീകളെ നിലവിലെ സാമൂഹിക-സാംസ്‌കാരിക -മത മൂല്യങ്ങളിൽനിന്ന് അകറ്റിനിർത്തുക എന്നത് ഇത്തരക്കാരെ സംബന്ധിച്ച് വലിയ ആവശ്യമാണ്. മത മൂല്യങ്ങൾ കണിശമായി പാലിക്കുന്ന മുസ്്ലിം യുവത അവരുടെ അജണ്ടകൾക്ക് വലിയ തടസ്സമാണ്. അതിനാൽ നിരന്തരം അവരെ ചർച്ചാ പരിസരത്തു നിർത്തി വളഞ്ഞിട്ട് ആക്രമിക്കുക, പ്രകോപിപ്പിക്കുക എന്നതാണ് അവരുടെ ശൈലി. കുടുംബം എന്ന സാമൂഹിക സമ്പ്രദായം തകർക്കുക എന്ന ലിബറൽ അജണ്ട ഈ ചർച്ചകൾക്ക് പിന്നിലുണ്ടെന്നത് പരസ്യമായ രഹസ്യമാണ്.
മുസ്്ലിം സ്ത്രീകളുടെ സ്വാതന്ത്ര്യത്തിലും കരിയറിലും വിവാഹത്തിലും വിവാഹമോചനത്തിലുമെല്ലാം അവർ കയറിയിറങ്ങുന്നു, ഭരണകൂടം തങ്ങളുടെ അധികാരം മതനിയമങ്ങൾ ഉന്നം വെച്ച് ഭേദഗതി ചെയ്യുമ്പോൾ മതത്തിനുള്ളിൽ തന്നെയുള്ള ചില കപട മുഖങ്ങൾ മത നിയമങ്ങൾ ഭേദഗതി ചെയ്യണമെന്ന് പരസ്യമായി ആവശ്യപ്പെടുന്നു. കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഈ നീക്കങ്ങൾക്കെല്ലാം പിന്നിലുണ്ട് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്നാൽ, ഇതെല്ലാം തിരിച്ചറിഞ്ഞുകൊണ്ട് തന്നെ സകല കെണികളിലും പോയി വീണുകൊടുക്കുക എന്നതാണ് സമുദായത്തിന്റെ പതിവ് രീതി. വേട്ടക്കാർ ആവേശ ഭരിതരാകുന്നത് അവർ വിതച്ചത് കൊയ്യാൻ നാം കളമൊരുക്കുന്നതുകൊണ്ട് കൂടിയാണ്. വിമർശകരുടെ സ്വഭാവവും ലക്ഷ്യവും അജണ്ടയും വിസ്മരിച്ച് നാം നടത്തുന്ന പ്രതികരണങ്ങൾ അത് എന്തു തന്നെയായാലും പലപ്പോഴും ദോഷം ചെയ്യുന്നുണ്ട്.

തെറ്റിദ്ധാരണകൾ, വാർപ്പു മാതൃകകൾ

മുസ്്ലിം സ്ത്രീകളെ പറ്റിയുള്ള കാഴ്ചപ്പാടുകളിലും ധാരണകളിലും ഒരു മാറ്റവും വരുത്താൻ പൊതു സമൂഹത്തിന്റെ അജണ്ട നിർണയിക്കുന്ന വലിയൊരു വിഭാഗം തയാറാവുന്നില്ല. അടിച്ചമർത്തപ്പെടുന്ന മുസ്്ലിം സ്ത്രീ എന്നത് പൊതുബോധമായി നിലനിർത്താനുള്ള തത്രപ്പാടിലാണ് അവർ. അതിന് സാധ്യമായ എല്ലാ വഴികളും ഉപയോഗിക്കുകയും നിസ്സാരമായ, സ്വാഭാവികമായ പല സംഭവങ്ങളെയും പർവതീകരിക്കുകയും ചെയ്യുന്നു. മുസ്്ലിം ജീവിതങ്ങളുമായി ഇടപഴകാത്തവരിൽ ഈ   തെറ്റിദ്ധാരണകളൊക്കെ  ശരിയായ ധാരണകളായി നിലനിൽക്കുന്നു.
മഹിതമായ പാരമ്പര്യം ഇസ്്ലാമിക ചരിത്രത്തിൽ സ്ത്രീജീവിതങ്ങൾക്കുണ്ട്. ഹസ്രത്ത് ഖദീജ, ഹസ്രത്ത് ആഇശ മുതൽ തുടങ്ങുന്ന ഈ പാരമ്പര്യത്തെ കാത്തുകൊണ്ട് വിവിധ കാലങ്ങളിൽ, വിവിധ ഇടങ്ങളിൽ, വിവിധ മേഖലകളിൽ ചരിത്രത്തിലുടനീളം തങ്ങളുടെ സംഭാവനകൾ അർപ്പിച്ചവരുണ്ട്. ഇന്നും അത് തുടരുന്നു. ഈയിടെ പുറത്തിറങ്ങിയ മുഹമ്മദ്‌ അക്്റം നദ്‌വിയുടെ അൽ മുഹദ്ദിസാത്ത് എന്ന പഠന കൃതിയിൽ, ഹദീസ് വിജ്ഞാന ശാഖയിൽ മാത്രം സംഭാവന അർപ്പിച്ച വനിതകളുടെ ചരിത്രം മുപ്പതിനടുത്ത് ബൃഹത്തായ വാള്യങ്ങളിലായാണ്  രേഖപ്പെടുത്തപ്പെട്ടത്. വൈജ്ഞാനിക രംഗം മുതൽ സൈനിക, ഭരണ മേഖലകളിൽ വരെ മറ്റാർക്കും അവകാശപ്പെടാനില്ലാത്ത ചരിത്ര പാരമ്പര്യം മുസ്്ലിം മഹിളകൾക്ക് സ്വന്തമായുള്ള  ഒരു രാജ്യത്താണ് അവരെ പറ്റി ഇത്തരം ചർച്ചകൾ എന്നത് തന്നെ അജണ്ടകളുടെ ഉള്ള് തുറന്നുകാണിക്കുന്നുണ്ട്. എന്നാൽ, വർത്തമാനകാലത്തും സമീപ ഭൂതകാലത്തുമെല്ലാം കലയിലും സാഹിത്യത്തിലും സ്‌ക്രീനിലും അവൾ കൊണ്ടാടപ്പെടുന്നത്  വികൃതമാക്കപ്പെട്ടുകൊണ്ട് തന്നെയാണ്. നാല് കെട്ടുന്ന ഹാജിയാരുടെ ബീവിയും, എവിടെയും ഇല്ലാത്ത ഭാഷ സംസാരിക്കുന്ന മുസ്്ലിംകളും, അയൽ പക്കത്തെ  കല്യാണത്തിന്   ഒപ്പന കളിക്കുന്ന തട്ടക്കാരികളും ഒക്കെയാണ് സിനിമയിലെ മുസ്്ലിം സ്ത്രീ അടയാളങ്ങൾ. അപവാദമായി എടുത്തുപറയത്തക്ക വിധമുള്ളത് ഒരുപാടൊന്നുമില്ല.   
കാലങ്ങളോളമായുള്ള വാർപ്പു മാതൃകകളിൽ പതിഞ്ഞുപോയ ഒരു രൂപമാണ് ഇന്നും  സിനിമയിലെ മുസ്്ലിം കഥാപാത്രങ്ങൾക്ക്. പണ്ടത്തെപ്പോലെ കണ്ട് കൈയടിച്ചു ചിരിക്കുന്നതിനു പകരം അത്തരം ബോധ്യങ്ങളെ പൊളിച്ചെഴുതാനുള്ള ശ്രമങ്ങൾ സമാന്തരമായി  നടക്കുന്നുണ്ട് എന്നത് ആശ്വാസകരമാണ്.
അടിച്ചമർത്തപ്പെടുന്ന പെണ്ണിന്റെ അടയാളമായി ഹിജാബിനെയാണ്  പ്രതിഷ്ഠിക്കുന്നത്. കർണാടകയിലെ  ഹിജാബ് വിലക്കിലും തുടർ വിവാദങ്ങളിലും പ്രധാനമായും പ്രതിഫലിച്ചതും ഇതൊക്കെ തന്നെയാണ്. അതിനെയൊക്കെ  അതിജീവിച്ചുകൊണ്ടാണ് അതേ നാട്ടിൽ തന്നെ  ഹിജാബ് ധാരിയായ കനീസ് ഫാത്തിമ നിയമസഭയിലേക്ക് ജയിച്ചുകയറിയത്. എന്നാൽ, ഇതിന് പൊതു ഇടങ്ങളിൽ വേണ്ടത്ര വാർത്താ പ്രാധാന്യം ലഭിച്ചില്ല. തങ്ങൾ നിർമിച്ചുവെച്ച  വാർപ്പ് മാതൃകകളുടെ പരിധി ലംഘിച്ച് മുസ്്ലിം സ്ത്രീ ചർച്ചയാവുന്നത് പൊതു സമൂഹം ആഗ്രഹിക്കുന്നുപോലുമില്ല. പെൺകുട്ടിയെ സ്റ്റേജിൽ നിന്ന് ഇറക്കിവിടുന്നതും ബാങ്ക് വിളിക്കാൻ ആഗ്രഹിക്കുന്ന പെൺകുട്ടിയുടെ കഥയും   മോണോ ആക്ടായും നാടകമായും സിനിമയായും  പ്രദർശിപ്പിച്ചുകൊണ്ട്  മുസ്്ലിം സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിന്റെ ദൃശ്യത പരമാവധി കുറക്കാനാണ് വിമർശകർ ശ്രമിക്കുന്നത്. വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച, മതം അനുഷ്ഠിച്ചു ജീവിക്കുന്ന നിരവധി വനിതകളുണ്ട് മുസ്്ലിം സമൂഹത്തിൽ. അവരെയൊന്നും  പക്ഷേ, മാധ്യമങ്ങൾക്ക് ആവശ്യമില്ല.

പ്രതികരണങ്ങളുടെ സ്വഭാവം മാറണം

പൊതുബോധം സൃഷ്ടിക്കുന്ന ട്രെന്റുകളെ മനസ്സിലാക്കി  വിവേകത്തോടെ, തിരുത്തൽ എങ്ങനെ സാധ്യമാവും എന്ന ചോദ്യമാണ് നാം നേരിടുന്ന പ്രധാന വെല്ലുവിളി. എല്ലാറ്റിനെയും ഇസ്്ലാമോഫോബിയയുടെ ആലയിൽ കൊണ്ട് കെട്ടുന്നത് നമ്മളും ശീലമാക്കി. അതുകൊണ്ടുതന്നെ ഇത്തരം വിമർശനങ്ങളോടുള്ള സമുദായത്തിന്റെ സമീപനം എങ്ങനെയായിരിക്കണമെന്ന് രണ്ടാവൃത്തി ചിന്തിക്കേണ്ടതുണ്ട്. സാമൂഹികാന്തരീക്ഷം കലുഷിതമാക്കുന്ന പ്രതികരണങ്ങളെ   കുറിച്ച് ബോധവാന്മാരാവേണ്ടതുണ്ട്. ഇതെല്ലാം പുനർവിചിന്തനം ചെയ്യേണ്ടത് അനിവാര്യമാണ്.
സാമൂഹിക മാധ്യമങ്ങളിൽ കൂടിയാണ് പലപ്പോഴും ഇത്തരം ചർച്ചകൾ സജീവമായി ഒന്നിന് പിറകെ ഒന്നായി നിലനിർത്തപ്പെടുന്നത്. ഒട്ടും പ്രസക്തമല്ലാത്ത എത്രയേറെ വിമർശനങ്ങളാണ് മാധ്യമങ്ങൾ കൊണ്ടാടിയത്. അതിനോടുള്ള അപക്വമായ പ്രതികരണങ്ങൾ പലതിനും മറുപടി ആയല്ല, 'മറപിടി' ആയാണ് തോന്നിപ്പോവുക. വാളെടുത്തവരെല്ലാം വെളിച്ചപ്പാടാവുന്ന സാമൂഹിക മാധ്യമങ്ങളിൽ മുസ്്ലിം സമൂഹം പൊതുവായിത്തന്നെ ചില ബോധ്യങ്ങളും പെരുമാറ്റ മൂല്യങ്ങളും കാത്തുസൂക്ഷിക്കേണ്ടതുണ്ട്. ഇങ്ങനെയുള്ള  വിഷയങ്ങൾ നിറഞ്ഞുനിൽക്കുമ്പോൾ മുസ്്ലിം സമൂഹം അതിൽ  എങ്ങനെ  ഇടപെടണം എന്നത് പ്രധാനമാണ്. തീർച്ചയായും ചർച്ചകളുടെയും പ്രതികരണങ്ങളുടെയും സ്വഭാവത്തെ പുനഃക്രമീകരിക്കേണ്ടതുണ്ട്. അതേസമയം ഇത്തരം മാധ്യമ  പ്രവണതകളെ നിസ്സാരമാക്കി തള്ളിക്കളയാൻ പറ്റുന്നതുമല്ല.  ഗൗരവപ്പെട്ട കാര്യങ്ങൾ ചർച്ചക്കെടുക്കാത്ത ഒരു പൊതുബോധം രൂപവത്കരിക്കാൻ അറിഞ്ഞോ അറിയാതെയോ ഇത്  കാരണമാകുന്നുണ്ട്.

പുനരാലോചന അനിവാര്യം

മുസ്്ലിം സമുദായത്തിലെ  നടപ്പുസമ്പ്രദായങ്ങളിൽ പലതും ഇതര സംസ്കാരങ്ങളിൽനിന്ന് കുടിയേറി വന്നിട്ടുള്ളതാണ്. മുസ്്ലിം സാംസ്കാരിക ജീവിതം പലയിടത്തും അത്തരത്തിൽ സമരസപ്പെടുകയും അറിയാതെ പലതും സ്വാംശീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ഇസ്്ലാമിക സംസ്കാരം തീർത്തും ദൈവദത്തമാണ്. അതിന് അതിന്റെതായ വ്യതിരിക്തതയും മഹത്വവുമുണ്ട്. സ്ത്രീ സംബന്ധിയായ വിഷയങ്ങളിലും ഇസ്്ലാം ആ ഗുണങ്ങൾ സൂക്ഷിക്കുന്നു. മറ്റു സമുദായങ്ങളെപ്പോലെ സ്ത്രീ-പുരുഷന്മാർ ഇഴുകിച്ചേർന്നുള്ള സംസ്‌കാരമല്ല  ഇസ്്ലാമിന്റെത്. ഇസ്്ലാം സ്ത്രീക്ക് സുരക്ഷയും ആദരവും നൽകുന്നുണ്ട്, അവൾ പ്രത്യേകം ആദരിക്കപ്പെടുന്നു, അവൾക്ക് അവകാശങ്ങൾ കൂടുതലുണ്ട്. എന്നാൽ, മുസ്്ലിം സമൂഹം ഇത് പ്രതിഫലിപ്പിക്കുന്നുണ്ടോ എന്നത് മറ്റൊരു പ്രശ്നമാണ്. ഇത്തരം ചർച്ചകൾ ഉയർന്നുവരുമ്പോൾ ഇസ്്ലാം സ്ത്രീകൾക്ക് നൽകുന്ന  ബഹുമതികളെ പറ്റിയും അതിന്റെ വിനിമയം മുസ്്ലിം സമൂഹത്തിൽ ഏതളവിൽ സാധ്യമാകുന്നുണ്ട് എന്നതിനെ പറ്റിയുമെല്ലാം ആഭ്യന്തരമായി നാം പുനർ വിചിന്തനം നടത്തേണ്ടതുണ്ട്. ബഹളങ്ങൾ മാറ്റിനിർത്തിയുള്ള ആത്മപരിശോധന നിർബന്ധമാണ്. നിലവിലെ നമ്മുടെ സാമൂഹികാവസ്ഥ പഠനവിധേയമാക്കുകയും വീഴ്ച പറ്റിയ ഇടങ്ങളെ പുനഃപരിശോധിച്ച് ക്രമീകരിക്കുകയും വേണം. ആവശ്യമുള്ള ഇടങ്ങളിൽ സമയ ബന്ധിതമായി സമുദായത്തെ ബോധവത്കരിക്കാനുള്ള ശ്രമങ്ങൾ കാര്യക്ഷമമായി ഉണ്ടാവേണ്ടതുമുണ്ട്.
ലെസ്ബിയൻ ഇണകളുടേത് എന്ന് അവകാശപ്പെടുന്നവരുടെ അഭിമുഖം കണ്ടു. ചെറുപ്പം മുതലേ വാപ്പിയെ അനുസരിച്ച് മാത്രം ശീലിച്ച ഉമ്മയെ കുറിച്ച് അതിലൊരു കുട്ടി പറയുന്നുണ്ട്: "ഒരിക്കലും ഉമ്മാക്ക് വീട്ടിൽ ഒരു ശബ്ദവും ഉണ്ടായിരുന്നില്ല. അതിനോടെനിക്ക് താൽപര്യം തോന്നുന്നില്ല." ഈ  വരി അടിവരയിട്ട് ഓർക്കേണ്ടതാണ്. ഇസ്്ലാമിൽനിന്നും പിന്നീട് കുടുംബത്തിൽനിന്നും സമൂഹത്തിന്റെ സ്വാഭാവികതയിൽനിന്നുമൊക്കെ അടർത്തി മാറ്റി അരക്ഷിതരാക്കാൻ തക്കം പാർത്ത് നടക്കുന്നവർക്ക് ഇത്തരം നീതികേടുകൾ വലിയ സഹായമാകുന്നുണ്ട്. മുസ്്ലിം സ്ത്രീകളോടുള്ള സ്നേഹമോ, അവർ അനീതി അനുഭവിക്കുന്നുണ്ടോ എന്ന ആധിയോ ഒന്നുമല്ല  വിഷയം. മറിച്ച്, ഇസ്്ലാമിനെയും മുസ്്ലിം സ്ത്രീകളെയും അപരവത്കരിച്ച് കളയുക, പുരോഗമനം ഇസ്്ലാമിന് പുറത്താണെന്ന് സ്ഥാപിക്കുക എന്നതാണ്. പെൺകുഞ്ഞ് പിറന്നാൽ അപമാനഭാരത്താൽ ഒളിച്ചുനടക്കുകയും അതിൽനിന്ന് രക്ഷപ്പെടാൻ പിഞ്ചുകുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടുകയും ചെയ്തിരുന്ന ഒരു അവസ്ഥയിൽനിന്നാണ്  സ്ത്രീക്ക് അഭിമാനകരമായ ഒരു ജീവിതം ഇസ്്ലാം നൽകുന്നത്. നമ്മുടെ സമൂഹത്തിൽ മുസ്്ലിം സ്ത്രീകൾ ഒട്ടും അനീതി അനുഭവിക്കുന്നില്ലെന്നല്ല. സ്വന്തം അവകാശങ്ങൾ തന്നെ തല്ല് കൂടി വാങ്ങേണ്ട അവസ്ഥ  ഉണ്ടെന്നതും വിസ്മരിക്കാനാവില്ല. ഇസ്്ലാമാണോ അതോ ഇസ്്ലാമിനെ ഉൾക്കൊള്ളാത്ത മുസ്്ലിംകളാണോ വിമർശിക്കപ്പെടേണ്ടത്  എന്നതാണ് കാതലായ ചോദ്യം. ആ ചോദ്യവും അതിനുള്ള ഉത്തരവും സമുദായത്തിനകത്തുനിന്ന് തന്നെ വരേണ്ടതാണ്. അല്ലാത്തപക്ഷം 'ഇസ്്ലാം ഇങ്ങനെയല്ല', 'മുസ്്ലിംകൾ ഇങ്ങനെ ശീലിച്ചു പോയി' എന്നു  പറഞ്ഞ് കാലം കഴിക്കാം!
ഇസ്്ലാം എന്താണെന്ന് ഷെൽഫിൽ അടക്കിവെച്ച ഖുർആനിൽനിന്നും ഹദീസുകളിൽനിന്നും ജീവൻ വെച്ച് ഇറങ്ങി വരട്ടെ. അത് അങ്ങാടിയിലൂടെ നടക്കട്ടെ. വീടകങ്ങളിലും അങ്ങാടികളിലും ഇസ്്ലാമിനെ അനുഭവിച്ചറിയട്ടെ. വിമർശകർ പോലും രഹസ്യമായെങ്കിലും മുസ്്ലിം സ്ത്രീകളെ കുറിച്ച് അസൂയപ്പെടട്ടെ. കച്ചവടമായാലും ഫോബിയ ആയാലും ലിബറലുകൾ ആയാലും ശരി, എത്ര ഒച്ചവെച്ചാലും ഇസ്്ലാമിന്റെ സൗന്ദര്യം അതങ്ങനെത്തന്നെ നിലനിൽക്കും. l
(കോഴിക്കോട് എണ്ണപ്പാടം സ്വദേശിനിയായ സഫ ശൗക്ക് അധ്യാപികയും എഴുത്തുകാരിയുമാണ്. സുഊദി അറേബ്യയിലെ രിയാദിൽ താമസം).

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 45 അല്‍ ജാഥിയഃ സൂക്തം 07-10
ടി.കെ ഉബൈദ്‌

ഹദീസ്‌

ഇബ്റാഹീം നബിയെ ആദരിച്ച പ്രവാചകൻ
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌