Prabodhanm Weekly

Pages

Search

2023 ജൂൺ 16

3306

1444 ദുൽഖഅദ് 27

മുസ്്ലിം സ്ത്രീയുടെ സാമൂഹിക വളർച്ച അനുഭവങ്ങൾ, കാഴ്ചകൾ, കാഴ്ചപ്പാടുകൾ

ഫർസാന അലി (നോവലിസ്റ്റ്, ചെറുകഥാകൃത്ത്)

മുസ്്ലിം സ്ത്രീയെക്കുറിച്ച് പറയുമ്പോൾ വിശുദ്ധ ഖുർആൻ ഓർക്കാതെ പോകുന്നതെങ്ങനെ! ഒരു ഡസനിലേറെ സ്ത്രീകളെക്കുറിച്ച് ഖുർആൻ പരാമർശിക്കുന്നുണ്ട്. ചില വചനങ്ങളിൽ, ദൈവം സ്ത്രീ വ്യക്തിത്വങ്ങളെ പുകഴ്ത്തുന്നു, ചില സ്ഥലങ്ങളിൽ ചിലരെ അംഗീകരിക്കുന്നു, ചിലപ്പോൾ ചിലരുടെ പെരുമാറ്റത്തെ ശാസിക്കുന്നു. എങ്ങനെ നോക്കിയാലും സ്ത്രീ ജീവിതത്തെ ഇഴചേർത്തല്ലാതെ പുരുഷനെക്കുറിച്ച് അല്ലാഹു പറയുന്നില്ല.
ചില സ്ത്രീകളെയും  അവരുടെ  അചഞ്ചലമായ ദൈവവിശ്വാസത്തെയും കുറിച്ച് വർണിക്കുന്ന രംഗങ്ങൾ ഖുർആനിൽ ഏറെയുണ്ട്. ഈസാ നബിയുടെ മാതാവായ മറിയം തന്നെയാണ് ഉത്തമ ഉദാഹരണം. പിതാവാരെന്ന് ചൂണ്ടിക്കാണിക്കാനില്ലാത്ത ഒരു കുഞ്ഞിനെ ഉദരത്തിൽ വഹിക്കുകയും പ്രസവിക്കുകയും ചെയ്ത മറിയം ജനങ്ങളിൽനിന്നേറ്റ കളിയാക്കലുകൾക്കും കുത്തുവാക്കുകൾക്കും കണക്കില്ല. പക്ഷേ അതുവഴി, സ്ത്രീ വൈകാരികമായും ശാരീരികമായും ഏറ്റവും ദുർബലയാവുന്ന ഗർഭ- പ്രസവാനന്തര അവസ്ഥകളെ  കൂടിയാണ് ഖുർആൻ മനുഷ്യർക്ക് മുന്നിൽ അവതരിപ്പിക്കുന്നതെന്ന് സൂക്ഷിച്ചു നോക്കിയാൽ നമുക്ക് മനസ്സിലാക്കാനാവും. അതേ ത്രാസിൽ വെച്ചുതന്നെ തൂക്കാവുന്ന മറ്റൊരു മാതാവാണ് മൂസാ നബിയുടേത്. ഫറോവയുടെ സംഘത്തിൽനിന്ന് കുഞ്ഞിനെ രക്ഷപ്പെടുത്താനായി നദിയിലേക്ക് ഒഴുക്കിവിടുന്ന ഉമ്മയുടെ ചരിത്രം വായിക്കുമ്പോൾ കണ്ണുനനയാത്ത  മനുഷ്യർ ഉണ്ടാവുമോ? സ്ത്രീ സഹജമായ എല്ലാ ദൗർബല്യങ്ങളും ഉണ്ടായിരിക്കെതന്നെ, ഏറ്റവും ശക്തരായി നിലകൊണ്ട സ്ത്രീകളെ കുറിച്ചും ഖുർആനിൽ പ്രതിപാദിച്ചിട്ടുണ്ട്.
ശേബാ രാജകുമാരി, മൂസാ നബിയുടെ സഹോദരി, ഫറോവയുടെ പത്നി ആസിയ എന്നിവർ ഉദാഹരണങ്ങളാണ്.
പ്രവാചകന്റെ കാലത്ത് യുദ്ധങ്ങളിലും വ്യാപാരങ്ങളിലും ഏർപ്പെട്ട് സമൂഹത്തിൽ സജീവമായി വർത്തിച്ചിരുന്ന സ്വഹാബി വനിതകളുടെ സുന്ദരമായ ഒരു കാലമുണ്ടായിരുന്നു. അവിടെനിന്ന്, അക്ഷരങ്ങൾ അഭ്യസിക്കാൻ അനുവാദമില്ലാത്ത, വീടിനു വെളിയിലേക്ക് പോലും ഇറങ്ങാൻ സ്വാതന്ത്ര്യമില്ലാത്ത, പള്ളിക്കൂടങ്ങൾ വിലക്കപ്പെട്ട, പള്ളികളിൽ പ്രവേശനം നിഷിദ്ധമായ രീതിയിലേക്ക് മുസ്്ലിം സ്ത്രീയുടെ ജീവിതം ഗതിമാറിയ ഒരു കാലത്തെയും നാം അഭിമുഖീകരിക്കുകയുണ്ടായി.
അവിടെനിന്ന്  മുസ്്ലിം വനിതകൾ സ്വാതന്ത്ര്യത്തിന്റെ തുറസ്സിലേക്ക് ആഹ്ലാദത്തോടെ തിരിച്ചെത്തിയിട്ട് രണ്ടര പതിറ്റാണ്ടായിട്ടുണ്ടാവും.  അതിശക്തമായൊരു തിരിച്ചുവരവ് തന്നെയാണത്. പഠനം, തൊഴിൽ, വ്യവസായം, സാഹിത്യം, സിനിമ തുടങ്ങിയ ഏത് രംഗങ്ങളിലും ശക്തമായ സാന്നിധ്യമായി ഇന്ന് മുസ്്ലിം സ്ത്രീകളുണ്ട്.  പൗരോഹിത്യ വിലക്കുകളെയും ലിബറൽ പരിഹാസങ്ങളെയും തോൽപ്പിക്കുന്നതാണ് സമകാലിക മുസ്്ലിം സ്ത്രീയുടെ വിജയക്കുതിപ്പ്.
ഫാത്തിമ ബീഗം എന്ന തിരക്കഥാകൃത്തും നടിയും സംവിധായികയുമായ സ്ത്രീയെ കുറിച്ച് അധികം ധാരണ ഇല്ലാത്തവരാണ് നമ്മൾ. ഇന്ത്യൻ സിനിമയിലെ ആദ്യത്തെ ഈ സ്ത്രീ സംവിധായിക 1892-ൽ ഒരു മുസ്്ലിം കുടുംബത്തിലാണ് ജനിച്ചത്. പുരുഷന്മാർ മാത്രം വാണിരുന്ന, സ്ത്രീ വേഷങ്ങൾ പോലും പുരുഷന്മാർ കൈകാര്യം ചെയ്തിരുന്ന സിനിമാ മേഖലയിലേക്ക് ധൈര്യപൂർവം ഫാത്തിമ ബീഗം കടന്നുചെന്നു. ഒന്നും രണ്ടും വർഷമല്ല, നീണ്ട പതിനാറ് വർഷങ്ങളാണ് സിനിമാ മേഖലയിൽ അവർ തിളങ്ങിനിന്നത്. സ്വപ്‌നങ്ങൾ കുരുതി കൊടുക്കേണ്ടി വരുന്ന ഓരോ മുസ്്ലിം വനിതയും ഫാത്തിമ ബീഗം നടന്നുവന്ന വഴികളെക്കുറിച്ച് ഇടയ്ക്കിടെ ആലോചിച്ചു നോക്കണം.
മലപ്പുറം ജില്ലയിലെ ഒരു സാധാരണ ഗ്രാമത്തിൽനിന്ന് മലയാള സാഹിത്യലോകത്തേക്ക് കടന്നെത്തിയ ഒരു മുസ്്ലിം സ്ത്രീയെന്ന നിലക്ക് അഭിമാനത്തോടെയാണ് ഈ മാറ്റങ്ങളെ ഞാൻ നോക്കിക്കാണുന്നത്. അപ്പോഴും ആലോചിക്കാറുണ്ട്, ഒരു  ചെറുകഥാകൃത്തെന്ന, അല്ലെങ്കിൽ നോവലിസ്റ്റെന്ന നിലയ്ക്കുള്ള എന്റെ യാത്ര എളുപ്പമായിരുന്നോ എന്ന്. അല്ലായിരുന്നു എന്ന ഉത്തരമാണ് എനിക്ക് നൽകാനുള്ളത്. പ്രോത്സാഹിപ്പിച്ചവരെക്കാളും തളർത്താൻ ശ്രമിച്ചവരാണ് ലിസ്റ്റിൽ കൂടുതലും. 
അനുഭവത്തിൽ മനസ്സിലാക്കിയ ഒന്നുണ്ട്: കേരളത്തിലെ സ്ത്രീകൾ പലതരത്തിലുള്ള  ചൂഷണങ്ങൾക്കും വിധേയരാവാൻ വിധിക്കപ്പെട്ടവരാണ്. അതിൽ തന്നെ, സാമ്പ്രദായികമായ അനേകം കെട്ടുപാടുകൾക്കിടയിൽനിന്ന് എഴുത്തിലേക്ക് വരുന്ന മുസ്്ലിം സ്ത്രീകളെ ചൂഷണം ചെയ്യാൻ ഏറെ തൽപരരാണ് ചില പുരുഷന്മാർ. സാഹിത്യ ലോകത്തെ പുതിയ മാധവിക്കുട്ടിയാക്കാം എന്ന വാഗ്ദാനവുമായി ഗോഡ്ഫാദർ ചമയാൻ വന്ന എഴുത്തുകാരനെ ഈ അവസരത്തിൽ സ്മരിക്കുകയാണ്. അതിലൊന്നും തീർന്നില്ല, സാഹിത്യലോകത്തെ ജീർണത മനസ്സിലാക്കാൻ പിന്നെയും ഏറെ അവസരങ്ങൾ ലഭിക്കുകയുണ്ടായി. 
2016 മുതൽക്കുള്ള എന്റെ നിരന്തര  എഴുത്ത് ശ്രമങ്ങൾ ഫലം കണ്ടത്  2018-ൽ മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിൽ കഥകൾ വന്നതോടെയാണ്. കഠിനമായിരുന്നു  ലക്ഷ്യത്തിലേക്കുള്ള യാത്ര എന്നു പറയട്ടെ. ഇന്ന് പക്ഷേ, രണ്ട് പുസ്തകങ്ങളുടെ രചയിതാവായി മാറിയിട്ടുണ്ട്. ‘എൽമ’ എന്ന  നോവലും, ‘വേട്ടാള’ എന്ന  ചെറുകഥാ സമാഹാരവും മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിക്കുകയുണ്ടായി.  നുള്ളോളം മാത്രം സ്വപ്നം കണ്ടവൾക്ക് മുന്നിൽ കുന്നോളം ദൈവം കൊണ്ടിട്ട് തരികയുണ്ടായി. ‘താങ്കളുടെ കഥ പ്രസിദ്ധീകരണ യോഗ്യമല്ല’ എന്ന് പറഞ്ഞുകൊണ്ട് പല ആനുകാലികങ്ങളിൽനിന്നും പണ്ട് ലഭിച്ച  മെയിലുകൾ ഇപ്പോഴും ഞാൻ ഇടയ്ക്കിടെ എടുത്തുനോക്കാറുണ്ട്.   ഒരാളുടെയും സഹായമില്ലാതെ എത്തിച്ചേർന്ന ഈ ഇടം ചെറുതെങ്കിലും ആത്മവിശ്വാസം ഇരട്ടിപ്പിക്കുന്നതാണല്ലോ എന്നോർത്ത് ആഹ്ലാദിക്കാറുമുണ്ട്. 
ചൈനയെന്ന രാജ്യത്തിരുന്ന്, ഭാവനയുടെ കൈയും പിടിച്ചു ഞാൻ എഴുതിയതെല്ലാം, എവിടെയോ ഇരുന്ന് ആരെങ്കിലും വായിക്കണമെന്ന അത്യാഗ്രഹത്തിന്റെ പുറത്തായിരുന്നു. അപ്പോഴും മിക്കയിടങ്ങളിൽനിന്നും ഞാൻ കേട്ടത്, കുടുംബമെന്ന വ്യവസ്ഥിതിക്ക് ചേരാത്തതാണ് മുസ്്ലിം വനിതകളുടെ ‘കഥയെഴുത്ത്’ എന്നാണ്. എഴുത്തുകാരിയായാൽ സമൂഹവുമായി ഇടപഴകേണ്ടി വരുമെന്നും, അത് ഇസ്്ലാമിൽ ശരികേടാണെന്നും ചിലർ സ്ഥാപിച്ചു.  സുന്ദരമായ കവിതകളും കഥകളും എഴുതുന്നവരെ ദൈവം ഇഷ്ടപ്പെടുന്നില്ല എന്നുപോലും ഇപ്പോഴും വാദിക്കുന്നു ചിലർ. പക്ഷേ, അവരുടെ ഇടങ്ങളിൽ, ‘ദൈവം സുന്ദരനാണ്, അവൻ സൗന്ദര്യം ഇഷ്ടപ്പെടുന്നു’ എന്ന് ഉറക്കെയുറക്കെ പറയുകയും ചെയ്യുന്നുണ്ട്. എന്തൊരു വൈരുധ്യം!
പുരുഷന്മാർ സൗകര്യപൂർവം ചെയ്യുന്ന യാതൊന്നും അവരവരുടെ കുടുംബത്തെ ബാധിക്കില്ല. പക്ഷേ, സ്ത്രീകളുടെ സർഗാത്മകമായ കുഞ്ഞ് കുഞ്ഞ് സന്തോഷങ്ങൾ പോലും സമൂഹത്തെ അസ്വസ്ഥമാക്കുന്നു. എന്തുകൊണ്ടാണത്? ‘എന്നെ മാത്രം ആരാധിക്കേണ്ട അടിമ’ എന്ന് വ്യക്തമായി പറഞ്ഞുകൊണ്ട് ഈ സുന്ദരമായ ഉലകത്തിലേയ്ക്ക് സ്ത്രീയെയും പുരുഷനെയും അയച്ചവനാണ് ഉടയോൻ. അങ്ങനെയിരിക്കെ എല്ലാ സന്തോഷങ്ങളും സ്വാതന്ത്ര്യവും പുരുഷന് മാത്രമെന്ന് വിധിക്കാൻ ഇവിടെ ആർക്കാണ് അധികാരം? ചിലർ നിരത്തിയ അത്തരം കപട വ്യാഖ്യാനങ്ങളെ വിശ്വസിച്ച്, നരകത്തീക്ക് മുന്നിൽ കാവലിരിക്കുന്ന ഒരു സ്രഷ്ടാവിനെ മനസ്സിൽ പരുവപ്പെടുത്തി, അനുവദനീയമായ ആനന്ദങ്ങളിൽനിന്നുപോലും അകന്ന് ഈ ഭൂമിയിൽ ജീവിതം തുടരുന്ന എത്രയേറെ മുസ്്ലിം സ്ത്രീകളുണ്ട്! ഇത്ര മനോഹരമായ ഭൂമി വെറുതെയങ്ങ് പണിതിട്ടതാണെന്ന് വിചാരിക്കുന്നുണ്ടോ? അല്ല, അനുവദനീയമായ എല്ലാം ആഘോഷിച്ചിട്ടേ ഈ ഭൂമിയിൽനിന്ന് മടങ്ങാവൂ. 
മുസ്്ലിം സ്ത്രീകളിൽ മിക്കവരും അവരുടെ സ്വത്വത്തെ തിരിച്ചറിഞ്ഞ് എല്ലാ മേഖലകളിലും അതിശക്തമായ സാന്നിധ്യമാവുന്നു എന്നത് ഏറ്റവും സന്തോഷകരമായ  കാര്യമാണ്. രാഷ്ട്രീയ - സാമൂഹിക കാര്യങ്ങളിലെല്ലാം ഇടപെട്ട് ഉറച്ച തീരുമാനങ്ങൾ കൈക്കൊള്ളുന്നു ഇന്നവർ. മറ്റു സമുദായങ്ങളിലെ  സ്ത്രീകളെപ്പോലെ തന്നെ വിദ്യാഭ്യാസപരമായ ഉന്നതി ആർജിച്ച ശേഷം മാത്രമേ മിക്കവരും വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നുള്ളൂ. പതിനെട്ട് തികഞ്ഞ മകൾ ബാധ്യതയെന്ന് നിനച്ചുപോന്നിരുന്നവരെപ്പോലെയല്ല; പുതുകാല  മാതാപിതാക്കൾ മക്കളുടെ അത്തരം തീരുമാനങ്ങളോട് യോജിക്കുന്നതും കാണാം.
മുസ്്ലിം പള്ളികൾക്കും ഹലാൽ ഭക്ഷണം ലഭിക്കുന്ന ഭക്ഷണശാലകൾക്കും യാതൊരു പഞ്ഞവുമില്ല ചൈനയിൽ. ഇസ്്ലാമിനെ കുറിച്ച് അറിവുള്ളവർ കുറവാണെങ്കിലും മതത്തെ ഇകഴ്ത്തുന്ന നിലക്ക് സംസാരിക്കുന്നവർ ചൈനക്കാർക്കിടയിൽ ഇല്ല. ആരും മറ്റുള്ളവരുടെ ഒരു കാര്യത്തിലും, ഒന്നിലും ഇടപെടാറില്ല. ഒരിക്കൽ ബുദ്ധമത വിശ്വാസിയായ ഒരു സുഹൃത്തുമായുള്ള സംസാരത്തിനിടെ, ഖുർആനിലുള്ള ‘സൂറത്തുൽ ഇഖ്ലാസ്വ്’ അദ്ദേഹം എനിക്കായി പാരായണം ചെയ്തു തന്നത് അവിശ്വസനീയമായ അനുഭവമായിരുന്നു. പ്രവാചകന്മാരായ മൂസാ നബിയുടെയും യൂനുസ് നബിയുടെയും ചരിത്രം എനിക്കായി വിശദീകരിച്ചുതരുമ്പോൾ അദ്ദേഹത്തിലുമുണ്ടായിരുന്നു അളവറ്റ ആനന്ദം.
‘എന്തിനാണ് തട്ടമിടുന്നത്? ചൂടെടുക്കില്ലേ?’- ചൈനയിലെ ജീവിതത്തിനിടെ ഏറ്റവുമധികം കേട്ട  ചോദ്യമാണിത്. ‘മതം നിഷ്കർഷിക്കുന്നതാണ്, എനിക്ക് അനുസരിച്ചേ തീരൂ’ എന്ന് പറഞ്ഞൊഴിയും. അപ്പോൾ ലഭിക്കുന്ന മറു ചോദ്യം, ‘ഇവിടെ നിങ്ങളുടെ മതക്കാർ ആരുമില്ലല്ലോ, പിന്നെന്തിനാണ് പേടി?’ എന്നാണ്. ഇസ്്ലാമിനെക്കുറിച്ചോ ഇതര മതങ്ങളെക്കുറിച്ചോ യാതൊരു ധാരണയുമില്ലാത്ത മനുഷ്യരോട് മറ്റൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന തിരിച്ചറിവ് നന്നായിട്ടുള്ളതിനാൽ ആ സംഭാഷണം പെട്ടെന്ന് അവസാനിപ്പിക്കും. അന്നേരം കേരളത്തെ ഓർക്കും. എനിക്ക് തോന്നുന്നു കേരളത്തിലെ മുസ്്ലിം പുരുഷന്മാർക്ക് മതമെന്നത് കേവലം വരികളുടെ വായന മാത്രമാണെന്ന്. അല്ലെങ്കിൽ പിന്നെ അൽപം മുടി മറയ്്ക്കാതെയോ തട്ടം ധരിക്കാതെയോ നടക്കുന്ന മുസ്്ലിം സ്ത്രീകളെ അവർക്ക് എങ്ങനെ അപമാനിക്കാനാവുന്നു? വസ്ത്രത്തിന്റെ ഇറക്കവും ഇടുക്കവും നോക്കി അവരെന്തിന് അസഹിഷ്ണുത കാണിക്കുന്നു?  സംരക്ഷണമെന്ന മട്ടിൽ ഈ ‘ആങ്ങളമാർ’ ഒരുക്കുന്ന ഇറുക്കിപ്പിടിത്തം ഞങ്ങളെയെല്ലാം എത്രത്തോളം അസ്വസ്ഥപ്പെടുത്തുന്നുണ്ട് എന്നറിയാമോ? പൂച്ചയെ കെട്ടിയിട്ടതിനാൽ നരകമുറപ്പാക്കിയ സത്യവിശ്വാസിനിയായ സ്ത്രീയുടെയും, നായയുടെ ദാഹം തീർക്കുക വഴി സ്വർഗാവകാശിയായിത്തീർന്ന വേശ്യയുടെയും കഥകൾ അവർ സൗകര്യപൂർവം മറക്കുന്നു. ‘നിങ്ങളുടെ ഹൃദയത്തിലേക്കാണ് ഞാൻ നോക്കുക’ എന്ന ദൈവവചനത്തെയും, ‘സ്ത്രീകളോട് മാന്യമായി പെരുമാറുന്നവരാണ് നിങ്ങളിൽ ഉത്തമർ’ എന്ന നബിവചനത്തെയും മനസ്സിരുത്തി ഓർക്കുന്നവരാണെങ്കിൽ, അല്ലെങ്കിൽ മാനിക്കുന്നവരാണെങ്കിൽ, അത്തരത്തിലുള്ള പെരുമാറ്റം ഉണ്ടാവുക സാധ്യമല്ലല്ലോ.
മുസ്്ലിം സ്ത്രീകൾ ദുർബലരാണെന്നും എല്ലായ്്പോഴും തുണ ആവശ്യമുള്ളവരാണെന്നുമുള്ള നരേറ്റിവ് പൊതുബോധത്തിലേക്ക് എത്തിച്ചത് ആരാണെന്നും അവരുടെ ലക്ഷ്യം എന്തായിരുന്നുവെന്നും വ്യക്തമായി ഇന്ന് സ്ത്രീകൾക്ക് അറിയാം. അതുകൊണ്ടാണല്ലോ സ്റ്റേജിലേക്ക് വിളിപ്പിച്ച ഒരു പെൺകുട്ടിയെ ആക്ഷേപിച്ച് ഇറക്കിവിട്ടപ്പോൾ മുസ്്ലിം വനിതകൾ അതിനെതിരെ ശക്തമായി പ്രതികരിച്ചത്. പണ്ടത്തെ കാലമല്ല, അന്തസ്സും ആത്മാഭിമാനവും ഉണ്ടെന്ന് തിരിച്ചറിഞ്ഞ മുസ്്ലിം സ്ത്രീകളാണ് ഇവിടെയുള്ളത്. ജീൻസ് ധരിച്ചും തട്ടം ചുറ്റിയും പർദയും ഹിജാബും ധരിച്ചും അവർ കുതിക്കുന്നത് ഒരേ ലക്ഷ്യത്തിലേക്കാണ്. വെറുതെയങ്ങ് ജീവിച്ച് മരിക്കാതെ, ഈ ലോകത്തിൽനിന്ന് മടങ്ങും മുമ്പേ എന്തെങ്കിലും സാധിക്കണം എന്ന ഉറച്ച ബോധ്യമുണ്ട് അവർക്ക്. 
കർബലാ യുദ്ധത്തെക്കുറിച്ച് ഓർക്കുകയാണ്; പ്രവാചകന്റെ പ്രിയ പുത്രി ഫാത്തിമയുടെ മകൾ സയ്യിദത്ത് സൈനബിനെക്കുറിച്ച്. തന്റെ സഹോദരൻ ഹുസൈനിന്റെ വെട്ടിയെടുത്ത തലയുമായി വിജയം ആഘോഷിച്ച യസീദിനെ കാണേണ്ടിവന്ന സൈനബ്. ക്ഷീണവും തളർച്ചയും പിടിപെട്ട ഭാവത്തെ ഉടൻ കുടഞ്ഞെറിഞ്ഞ്, യസീദിന്റെ അഹങ്കാരത്തെയും  ക്രൂരമായ തിന്മയെയും കണക്കിന് പരിഹസിച്ച സൈനബ്. യസീദിനെ വിധിക്കാൻ കാത്തിരിക്കുന്ന ഒരു ഉയർന്ന ശക്തിയുണ്ടെന്നും,   പ്രവാചകനിലൂടെ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും വാക്ക് പ്രചരിപ്പിച്ച ആ ദൈവത്തോട് യസീദിന് ഉത്തരം നൽകേണ്ടി വരുമെന്നും ധീരതയോടെ മുന്നറിയിപ്പ് നൽകിയ സൈനബ്. കർബലായുടെ പെൺസിംഹം! നിശ്ചയദാർഢ്യമുള്ള ആ സ്ത്രീ കാരണം, അടിച്ചമർത്താനാവാത്ത വിധത്തിലുള്ള ഒരു കലാപമുണ്ടായേക്കുമെന്ന് ഭയന്ന് യസീദിന് ഒടുക്കം സൈനബിനെയും മറ്റു തടവുകാരെയും വിട്ടയക്കേണ്ടിവന്നു എന്നാണ് ചരിത്രം പറയുന്നത്.
ഇന്നിന്റെ കാലത്തെ ഓരോ മുസ്്ലിം സ്ത്രീയോടും, സ്വന്തം കുടുംബത്തെയും രാജ്യത്തെയും സംരക്ഷിക്കാൻ തക്ക കഴിവുള്ള ഒരു സൈനബിനെ ഉള്ളിൽ വഹിക്കണമെന്നാണ് എനിക്ക് ആവശ്യപ്പെടാനുള്ളത്. ചരിത്രത്തിലേക്ക്  നോക്കൂ: എത്രത്തോളം ഇറുക്കിപ്പിടിക്കാൻ പുരുഷാധിപത്യം ശ്രമിച്ചുവോ, അത്രത്തോളം ആവേശത്തോടെ ആ കെട്ടഴിഞ്ഞു വീണുകൊണ്ടേയിരുന്ന അത്ഭുതം നിങ്ങൾക്ക് ദർശിക്കാനാവും! തീർച്ചയായും ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തങ്ങളുണ്ട്. l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 45 അല്‍ ജാഥിയഃ സൂക്തം 07-10
ടി.കെ ഉബൈദ്‌

ഹദീസ്‌

ഇബ്റാഹീം നബിയെ ആദരിച്ച പ്രവാചകൻ
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌