Prabodhanm Weekly

Pages

Search

2023 ജൂൺ 16

3306

1444 ദുൽഖഅദ് 27

മലയാളിയുടെ ഹജ്ജനുഭൂതിയും നമ്മുടെ സഞ്ചാര സാഹിത്യവും

പി.ടി കുഞ്ഞാലി

മനുഷ്യവംശത്തിന്റെ ചരിത്രത്തിൽ സഞ്ചാര ദീർഘങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്. സ്വർഗത്തിൽനിന്ന് ഭൂമിയിലേക്കുള്ള ആദമിന്റെയും ഹവ്വായുടെയും സഞ്ചാരം. ഭൂഖണ്ഡാന്തരങ്ങളിലൂടെ 'സ്രഷ്ടാവിന്റെ സുഹൃത്ത്' നടത്തിയ വിശ്രുതമായ ഇബ്റാഹീമീ സഞ്ചാരം. മിസ്വ്്ർ ദേശത്തു നിന്ന് ഫലസ്ത്വീനിലേക്കും തിരിച്ചുമായി മൂസാ പ്രവാചകന്റെ  നിരവധി ദീപ്ത യാത്രകൾ. ജസീറത്തുൽ അറബിലൂടെ കാതങ്ങൾ താണ്ടി ആകാശ ലോകങ്ങളിലേക്കും തിരിച്ചും മുഹമ്മദ് നബി ഏറ്റെടുത്ത ദീർഘ സഞ്ചാര ഹർഷങ്ങൾ.  യാത്ര, അനുഭവങ്ങളുടെയും അനുഭൂതികളുടെയും സാന്ദ്രമധുരമായ ജ്ഞാനലോകങ്ങളാണ് അവർക്ക് നൽകിയത്. അതിനു കൂടിയാവാം  സ്രഷ്ടാവ് തന്നെ അവരെയൊക്കെ  ഇങ്ങനെ വഴിനടത്തിയത്. യാത്ര അത്രമേൽ ജ്ഞാനപ്രധാനവും  അനുഭവ പ്രധാനവുമാണ്. പിന്നീടുള്ള മനുഷ്യ മഹാസഞ്ചയത്തിന്റെ ജീവിത വിഗതികൾ രൂപപ്പെട്ടതിൽ ഈ സഞ്ചാര സന്ദർഭങ്ങൾക്കു കൂടി ഇടപാടുകളുണ്ട്.
ഏത് യാത്രയും അതുവരെ കണ്ടിട്ടില്ലാത്ത അനുഭൂതി മണ്ഡലങ്ങളുടെ വെളിച്ചപ്പെടലാണ്. അത് ആത്മീയ പ്രധാനം കൂടിയാവുമ്പോൾ കൂടുതൽ കരുത്ത് ചേരുന്നു. ഈ വെളിച്ചപ്പെടൽ വിശ്വാസി സമൂഹത്തിൽ ഇന്ന് സാമൂഹികമായി ആവിഷ്കരിക്കപ്പെടുന്നത്  വാർഷിക സഞ്ചാരമായ ഹജ്ജിലൂടെയാവാം. ഇത്രയും സംഘർഷങ്ങൾ ഏറ്റെടുത്ത് സാധിതമാക്കേണ്ട ഒരു അനിവാര്യ സഞ്ചാരമാക്കി ഹജ്ജനുഷ്ഠാനത്തെ സ്രഷ്ടാവ് പ്രതിഷ്ഠിച്ചതും ഇതുകൊണ്ടായിരിക്കാം.  ഒരു യാത്ര അതിലെ ദുരിത സുകൃതങ്ങൾ ഏറ്റെടുക്കുമ്പോൾ അവർ അറിയാതെ ആന്തരികമായി വിമലീകരിക്കപ്പെടും. ഒറ്റ യാത്രയിലൂടെ തന്നെ സർവ അനുഭൂതി ലോകങ്ങളും നമ്മുടെ അനുഭവ മണ്ഡലങ്ങളിലേക്ക് കടന്നെത്തും.
ഈയൊരു വിസ്മയ ലോകം സ്വയം അനുഭവിച്ചവരായിരുന്നു പഴയകാല ഹജ്ജ് യാത്രികർ. അവരുടെ ഈ അനുഭവസമ്മിശ്രങ്ങളത്രയും വാമൊഴി വഴക്കത്തിലൂടെ  കാലത്രയങ്ങളെ ചൂഴ്ന്നു നിന്നെങ്കിലും രേഖീയമായില്ല. എഴുത്തും വായനയും ഉടലെടുത്തതോടെ ഇത്തരം വ്യക്തിഗത അനുഭവലോകം പൊതുസമൂഹത്തിലേക്ക് ശീഘ്രത്തിൽ ഒഴുകിപ്പരന്നു. ദൃശ്യമാധ്യമങ്ങൾ കൊണ്ടുവന്ന വിസ്മയ കാഴ്ചകൾക്കു മുമ്പ്  എഴുത്തുകൾ തന്നെയായിരുന്നു സഞ്ചാര ദൃശ്യങ്ങൾക്കായി നമ്മുടെ അവലംബം. ഗുട്ടൻബർഗ് വിപ്ലവത്തോടെ ഈ സഞ്ചാരമെഴുത്ത്  മലയാളത്തിലും പതിയേ പ്രചുരമായി.
ഇസ്്ലാമിൽ  ഹജ്ജ്  സമാരംഭമായപ്പോൾ ഒന്നാമത്തെ ഹജ്ജ് ഖാഫിലയിൽ തന്നെ മലയാളികൾ സാന്നിധ്യമറിയിച്ചു കാണണം. കാരണം, അത്രയ്ക്ക് സാർവത്രികവും സാധാരണവുമായിരുന്നു മലബാർ തീരങ്ങൾക്ക് അറേബ്യൻ വർത്തക ലോകങ്ങളുമായുള്ള ദാനാദാനങ്ങൾ. അന്നത്തെയാ മലയാള തീർഥാടകരുടെ ഹജ്ജ് യാത്രാനുഭൂതികൾ വ്യക്തിഗതമായി തന്നെ പരിമിതപ്പെട്ടു പോയി. പിന്നീട് എത്ര തലമുറകൾ, എത്രയെത്ര തീർഥാടക സംഘങ്ങൾ കേരളത്തിന്റെ മലമേടുകളും ഗ്രാമദേശങ്ങളും താണ്ടി അങ്ങ് അറേബ്യൻ വിദൂരതകളിലെ ദൈവ ഗേഹത്തിലേക്ക് തീർഥാടകരായെത്തി! ഇതിനൊരളവും കമ്മട്ടവുമില്ല. 
മലയാളത്തിലെ വാമൊഴി സഞ്ചാരസാഹിത്യത്തിന് അനാദി കാലത്തിന്റെ പ്രബലതയുണ്ട്. എന്നാൽ, മലയാളിയുടെ ഹജ്ജ് അനുഭവം സഞ്ചാരസാഹിത്യത്തിന് മുതൽക്കൂട്ടായത് എപ്പോഴായിരിക്കും? കണ്ടെടുക്കപ്പെട്ട ഏറ്റവും ആദ്യത്തെ ഹജ്ജ് യാത്രാ പുസ്തകം പ്രസാധിതമായത് 1946-ൽ; കൊളോണിയൽ ഇന്ത്യയിൽനിന്ന് ഹജ്ജ് യാത്ര ചെയ്ത വയനാട്ടിലെ വെള്ളമുണ്ട മൊയ്തുവിന്റെ 'ഞാൻ കണ്ട അറേബ്യ'യാണ്. വയനാട്ടിൽനിന്ന് കാൽനടയായും കാളവണ്ടിയിലും ആറ്റുവഞ്ചിയിലും  ഒടുവിൽ 1924-ൽ പണിത ഒരു പഴഞ്ചൻ സ്റ്റീമറിലുമായി മാസങ്ങൾ സഞ്ചരിച്ച്  അറേബ്യൻ തുറമുഖത്തയാൾ ചെന്നെത്തുന്നു. അവിടന്നങ്ങോട്ട് മണൽക്കാറ്റിൽ വഴിയടഞ്ഞും മൃഗതൃഷ്ണകളാൽ കബളിപ്പിക്കപ്പെട്ടും ബദൂവിയൻ ഗോത്രങ്ങളുടെ വേട്ടയിൽനിന്ന് സാഹസികമായി രക്ഷപ്പെട്ടും നബി ജനിച്ച് 1374 വത്സരങ്ങൾക്ക് ശേഷം വെള്ളമുണ്ടയിലെ പി. മൊയ്തു ദൈവഗേഹത്തിലെത്തിയ  കഥ ത്രസിപ്പിക്കുന്നത് തന്നെയാണ്. മൊയ്തു ഉൾപ്പെടെ വിശന്ന് പൊരിഞ്ഞ തീർഥാടകർ ഭക്ഷണം മേടിക്കാൻ കൈയിലുള്ള ബ്രിട്ടീഷ് ഇന്ത്യൻ ഉറുപ്പിക ഹിജാസിലെ വഴിയോരത്തെ ഹുണ്ടികക്കാരിൽനിന്ന് മാറ്റിയെടുത്തപ്പോൾ ഒരു ഉറുപ്പികക്ക് ഒരു സൗദി രിയാൽ. പുതുകാല ഹാജിമാർ നൽകുന്ന വിനിമയ നിരക്കുമായി ആലോചിക്കുമ്പോൾ അത്ഭുതം തോന്നും.
മക്കയിൽ അദ്ദേഹം ധാരാളം മലയാളികളെ കണ്ടെത്തുന്നു. മിക്കവരും മലബാർ കേന്ദ്രീകരിച്ച് നടന്ന സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് നാടുകടത്തപ്പെട്ടവരും സ്വയം രക്ഷപ്പെട്ടവരും. ഇവരൊക്കെയും അറബി സ്ത്രീകളെ കളത്രങ്ങളാക്കി മക്കയിലെയും മദീനയിലെയും നാനാതരം ചെറു ദേഹണ്ഡങ്ങൾ ഏറ്റെടുത്ത് കഷ്ടിച്ചും അരിഷ്ടിച്ചും ജീവിതായോധനം നിർവഹിക്കുന്നവർ. അവർക്കിവിടെ ഒരു മലയാളി കൂട്ടായ്മയുണ്ട്. മദ്റസത്തുൽ മലബാരിയ്യ. എഴുപതുകളിൽ പെട്രോൾ ഡോളർ കൊണ്ട് നാടാകെ തുലാഭാരപ്പെടാത്ത അന്നത്തെ അറേബ്യ  ഏതാണ്ട് നബികാലത്തോട് സദൃശപ്പെട്ട് നിൽക്കുന്നു. കഅ്ബയിലും പ്രാന്തത്തിലും കടുത്ത  ജലക്ഷാമം. ഇന്നത്തെപ്പോലെ സമുദ്രം വാറ്റി ജലസമൃദ്ധി ഉണ്ടാക്കാത്ത കാലം. വിദൂര നീരുറവുകളിൽനിന്ന് കഴുതപ്പുറത്ത് തോൽക്കുടങ്ങളുമായി  നിരനിരയായ് പോകുന്ന ജലവിതരണക്കാർ വയനാടൻ മഴക്കാടുകളിൽനിന്നെത്തിയ മൊയ്തുവിൽ നിറച്ച വിസ്മയം പുസ്തകം വിശദമാക്കുന്നു. ഒരുനാൾ മൊയ്തുവിന് കലശലായ മരുഭൂ ജ്വരം വന്നു. പനിച്ചു തുള്ളുന്ന മൊയ്തു ആരോ പറയുന്നതു കേട്ട് നേരെ സംസം കിണർക്കരയിലേക്ക് പോയി. അയാൾ ആ പുണ്യ തീർഥത്തിൽ കുളിച്ചു കയറി. അതോടെ ജ്വരം മാറി ആരോഗ്യവാനായ കഥക്ക് മൊയ്തു സാക്ഷ്യം പറയുന്നു. അന്നൊരു വെള്ളിയാഴ്ച പള്ളിയിൽ വെച്ച് മൊയ്തു സുഊദി രാജാവ് ഇബ്്നു സുഊദിനെ നേരിൽ കണ്ടു സംസാരിക്കുകയുണ്ടായത്രേ. അത്യന്തം ലാളിത്യത്തോടെ അദ്ദേഹം അവിടത്തെ കാര്യങ്ങൾ അന്വേഷിച്ചു നടക്കുന്നു. ഇസ്്ലാമിൽ അധികാരമെന്നാൽ ഉത്തരവാദിത്വമാണല്ലോ.  അന്നത്തെ രാജനീതിയും പുതുകാലവും തുലനപ്പെടുത്തുമ്പോൾ നാം അന്തിച്ചു പോകും. ഹജ്ജിൽ ബലിയറുക്കാനായി ഒരാടിനെയും തേടി ഇദ്ദേഹം മിനാപ്രാന്തത്തിലെ വിദൂര ഗ്രാമത്തിലേക്ക് പോകുന്നതും അവിടെ ബദൂവിയൻ ഗോത്ര മൂപ്പന്മാരുമായി നിന്ന് തർക്കിച്ചു ഒരാടിനെ മേടിച്ചു അതിനെയും തെളിച്ചു തിരിച്ചു പോകുന്നതും വായിക്കുമ്പോൾ ഏതോ ഒരു രാക്കഥ വായിക്കുന്നതു പോലെ തോന്നും. മുക്കാൽ നൂറ്റാണ്ട് കൊണ്ട് ഒരു ദേശവും അവിടത്തെ മനുഷ്യ ജീവിതവും എങ്ങനെയാണ് മാറിയതെന്ന് ഈ പുസ്തകം നമ്മോട് പറയുന്നു.
മദീനാ യാത്രയിൽ വഴികളത്രയും കാറ്റുകൾ തീർക്കുന്ന മണൽ കൂനകൾ നിക്ഷേപിക്കുന്നതും സഞ്ചാരം തന്നെ അടഞ്ഞു പോകുന്നതും പരിസര ഗ്രാമങ്ങളിൽനിന്നെത്തുന്ന ബദൂവിയൻ കൊള്ളസംഘങ്ങളെ ഭയന്നു കഴിയുന്നതും ഇന്നത്തെ ഹജ്ജ് യാത്രികനൊരു പകൽ കനവ് മാത്രം. മൊയ്തുവിന്റെ 'ഞാൻ കണ്ട അറേബ്യ' പ്രസിദ്ധീകരിച്ചത് കോഴിക്കോട് പി.കെ ബ്രദേഴ്സ്.
മലയാളത്തിൽ പുറത്തിറങ്ങിയ മറ്റൊരു ഹജ്ജ് സഞ്ചാര പുസ്തകം 1956-ൽ ടാംട്ടൺ അബ്ദുൽ അസീസിന്റെ ഹജ്ജ് യാത്രയാണ്. 1955-ലാണ് അസീസ് യാത്ര പോകുന്നത്. ആഴ്ചകളോളം ബോംബെയിലെ വൃത്തിഹീനമായ മുസാഫർ ഖാനയിൽ നരകിച്ച് കഴിഞ്ഞാണ് അസീസ് കപ്പലേറുന്നത്. ദിവസങ്ങളേറെ നീണ്ടുനിന്ന കടൽ ദുരിതം. ആശുപത്രി വാർഡിൽ എന്നപോലെ അന്നപാനങ്ങളില്ലാതെ കപ്പലിൽ കിടന്നത് ഇന്നത്തെ ആകാശ യാത്രയിൽ ഓർത്തെടുക്കാവുന്നതാണ്. ജിദ്ദ ദേശത്ത് കപ്പലിറങ്ങിയപ്പോൾ അവിടെ മലബാറിലെ  ഉൾനാടൻ ഗ്രാമത്തിലെന്നപോലെ ഒരു മലയാളിയുടെ ദരിദ്രമായ ചായക്കട. അവിടെ നിന്ന് വിസ്താരത്തിലൊരു ചായയും. യാത്രാ ഭാണ്ഡവുമായി നടന്നും വാഹനം കയറിയും ഉൻമാദിയെപ്പോലെ അയാൾ  മക്കയിൽ. അപ്പോൾ മസ്ജിദുൽ ഹറാം അയാൾക്ക് ഒരു അലക്ക്  പുര പോലെ തോന്നിയത്രെ. വെളുത്ത തുണിക്കെട്ടുകൾ ആയിരക്കണക്കിനായി അവിടെ തോരാനിട്ടിരിക്കുന്നു. ഹജ്ജിന് വന്നവർ തങ്ങൾക്കുള്ള അവസാനത്തെ മരണ വസ്ത്രം സംസം കിണറിൽ കുതിർത്ത് കഴുകി തോരാനിട്ടതാണ്. അതാണവർ നാട്ടിലേക്ക് പോകുമ്പോൾ കരുതുന്ന അമൂല്യമായ വസ്തു. ആ തുണിയിൽ പൊതിഞ്ഞു വേണം അവർക്ക് ബർസഖീ ജീവിതത്തിലേക്ക് യാത്ര പോകാൻ.
സംസം ആരെയും ഉദ്വേഗപ്പെടുത്തിക്കൊണ്ട് അവിടെ തുറന്ന് കിടക്കുന്നു. അതിലെ പനിനീർ പളുങ്ക് വെള്ളം ഇനിയും വന്നെത്താനിരിക്കുന്ന ഹാജറിന്റെ പൗത്രൻമാരെയും കാത്തിരിക്കുന്നു.  പ്രവാചകന്മാരൊക്കെയും പ്രഘോഷിക്കുന്നത് ആത്മീയതയെ പറ്റിയല്ല, ജീവിതത്തെപ്പറ്റിയാണല്ലോ. അവിടെ അടിസ്ഥാന ആവശ്യം തന്നെയാണ് വെള്ളം. പള്ളിത്തുറസ്സുകളിൽ കളിമൺ കൂജകളിലാണ് സംസം തീർഥം. ഒഴിച്ചു കഴിക്കാൻ പരുപരുത്ത മൺകോപ്പകളും. ത്വവാഫിനും സഅ്യിനും തീർഥാടകരെ സഹായിക്കാൻ പ്രദേശവാസികൾ തിക്കിത്തിരക്കി. അതവർക്കൊരു ഉപജീവനം. അവരെ വകഞ്ഞു പോകാൻ യാത്രികർ ഭയക്കുന്നു. അവർ സംഘടിതരായി അക്രമാസക്തരാവുമത്രേ. അതവരുടെ തൊഴിലധികാര ലോകം. അസീസ് ഇങ്ങനെയൊരു ഗൈഡിനെയും കൂട്ടി ത്വവാഫിനും പ്രാർഥനക്കും പോയി. എല്ലാ പ്രാർഥനകളും ഒറ്റ വീർപ്പിന് ചൊല്ലിപ്പറഞ്ഞ് അയാളവിടെ കൈ നീട്ടി നിൽക്കുന്നു. ഒട്ടും നേരമില്ല. ഇനിയും വന്നിറങ്ങുന്ന തീർഥാടകരിൽ അയാൾക്കുള്ള പങ്ക് പിരിക്കാൻ ധൃതി. അസീസ് കഅ്ബാലയത്തിനകത്ത് കയറിയ ഒരനുഭവം പറയുന്നുണ്ട്. കഅ്ബാ വാതിലുകൾ തുറന്ന് കിടക്കുന്നു. ആവേശിതനായ ഇദ്ദേഹം അതിനകത്തേക്കുള്ള പടിക്കെട്ടുകൾ കയറി. എത്ര കാലത്തെ മോഹവും കിനാവുമാണിത്. കവാടം കയറി അകത്തേക്ക് കടക്കാനായുമ്പോൾ അസീസിനെ ഒരാജാനുബാഹു അയാളുടെ കരവലയത്തിലാക്കി.അസീസ് പേടിച്ചു പോയി.  അരണ്ട വെട്ടത്തിൽ അപ്പോഴാണീ നിഴൽ രൂപം വ്യക്തമായത്. അതയാളുടെ ചുങ്ക ലോകമാണ്. കഅ്ബക്കകത്ത് കടക്കണമെങ്കിൽ ഇയാൾക്ക് കാണിക്ക വെക്കണം. അസീസ് കാണിക്ക നൽകി. ആജാനുബാഹു ശാന്തനായി ചിരിച്ചു നിൽക്കുന്നു. ഇസ്്ലാമിക ഹജ്ജിൽ എപ്പോഴോ കടന്നുകയറിയ ഇത്തരം അരുതുകൾ വെട്ടിത്തിരുത്തി അതിന്റെ പവിത്രത വീണ്ടെടുത്തത് ഇന്നത്തെ ബിൻ സുഊദ് ഭരണകൂടം തന്നെയാണ്.  സ്വഫാ- മർവകൾക്കിടയിൽ അനുഷ്ഠാന സഞ്ചാരം നടത്തുന്ന ഹാജിമാരെ കാത്തിരിക്കുന്നത് ഇരു വശവും നിന്നു പൊലിക്കുന്ന വഴിവാണിഭക്കാരുടെ അഞ്ചിക്കുന്ന വ്യാപാര മിടുക്ക്. സഅ്യിനിടയിലും ഇഷ്ട വസ്തുവിന് വിലപേശുന്ന ആഫ്രിക്കൻ ഹാജിമാർ.
മക്കയിലെ മലയാളി സമൂഹം അവരുടെ സർവ ദാരിദ്ര്യത്തിലും സജീവമാക്കുന്ന  സേവന ലോകമുണ്ട് .അത് ഇർശാദുന്നുസ്വ്്റത്ത് വൽ മദ്‌റസത്തുൽ മലബാരിയ്യ. അവർ മക്കയിൽ കഅ്ബക്കടുത്തൊരു  നെടുമ്പുര കെട്ടിയിട്ടുണ്ട്. അവിടെ മലയാളി ഹാജിമാരെ സ്വീകരിച്ച് വേണ്ട പരിചരണങ്ങൾ നൽകുന്നു. ഹാജിമാർക്കവർ  വിതരണം ചെയ്യുന്നത് വെറും കഞ്ഞിയും. അത്രേ ഇവർക്ക് പറ്റൂ. ഹിജാസ് ആസകലം അന്ന് ദരിദ്രമാണ്. ഇവിടെ ഈ നെടുമ്പുരയിൽ കഞ്ഞിയും കുടിച്ച് സൗജന്യമായി താമസിച്ചു അങ്ങനെ ബാക്കിയാക്കിയ പണംകൊണ്ട് തനിക്കേറെ ഇഷ്ടപ്പെട്ട  ഒരു പാട്ട് പെട്ടി (റേഡിയോ)യും വാങ്ങി തിരിച്ചുപോന്ന വിരുതന്മാരെ അസീസ് പുസ്തകത്തിൽ അനുസ്മരിക്കുന്നുണ്ട്. റമദാനിലാണ് ഇദ്ദേഹം മക്കയിൽ എത്തിയത്. റമദാൻ പിന്നിട്ട് ശവ്വാലിന്റെ പാലട ചന്ദ്രിക. ഈദുൽ ഫിത്വ്്ർ. അപ്പോൾ ഹറം പള്ളി മുറ്റത്ത് പൊടുന്നനേ ഗോതമ്പ് ചാക്കുകൾ കുമിഞ്ഞുകൂടി. ഫിത്വ്്ർ സകാത്ത് വിതരണത്തിനുള്ളതാണീ ധാന്യക്കൂനകൾ. ചുറ്റും ഈത്തപ്പനയോലയുടെ ചെറു വട്ടികളുമായി ബദുക്കളുടെ   തിക്കും തിരക്കും. അവരുടെ പരാതികളും പരിവേദനങ്ങളും ചെറു കലഹങ്ങളായി പള്ളിമുറ്റത്ത് തിടം വെച്ചു. അവർ വന്ന നൂറുകണക്കിന് കോവർ കഴുതകൾ പരിസരത്തുനിന്ന് ചിനങ്ങിക്കരയുന്നു.
മക്കയിലെയും മദീനയിലെയും വിദൂര ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുന്ന അനുഭവങ്ങൾ പറയുന്നുണ്ട് അസീസ്. മുക്കാൽ നൂറ്റാണ്ടിനപ്പുറത്താണീ സഞ്ചാരമെന്നോർക്കണം. ചേറും പനയോലകളും കൊണ്ട് പണിത കുഞ്ഞു മാടങ്ങൾ. അതിനൊക്കെയും നമ്മുടെ ഉൾനാടൻ ഗ്രാമങ്ങളിലെപ്പോലെ   വേലികൾ തിരിച്ച തൊടികളും മുറ്റവും. കളിച്ചു നടക്കുന്ന  കിടാങ്ങളും കയറിൽ കുറുക്കിയിട്ട നെയ്യാടുകളും. പനത്തോട്ടങ്ങളിൽ കൃഷിപ്പണി ചെയ്യുന്ന തൊഴിലാളികൾ. തൊടികളിൽ ചിക്കിപ്പെറുക്കുന്ന കോഴികൾ. തോൽക്കുടങ്ങളിൽ വെള്ളവുമായി പോകുന്ന അറേബ്യൻ പെൺകൊടിമാർ. ഒട്ടകങ്ങളുടെ സാത്വികതയാർന്ന വിനമ്ര സഞ്ചാരം. കാറ്റുകൾ പറത്തിക്കൊണ്ടുവരുന്ന മണൽ ഭയങ്ങൾ. തുറന്ന ആകാശം. ഉഷ്ണം പെയ്യുന്ന ചക്രവാളം- മുക്കാൽ നൂറ്റാണ്ടിനപ്പുറത്തെ ഹിജാസിയൻ ഗ്രാമ ചിത്രങ്ങൾ അങ്ങനെയാണ്.
1972-ൽ പ്രസിദ്ധീകരിച്ച നീലാമ്പ്ര മരക്കാർ ഹാജിയുടെ  'ഹജ്ജ് യാത്ര'   പരിവർത്തന കാലത്തെ അനാവൃതമാക്കുന്ന മികച്ച രചനയാണ്. സി എച്ച് മുഹമ്മദ് കോയ, യു.എ ഖാദർ,  യൂസഫലി കേച്ചേരി, ശൈഖ് മുഹമ്മദ് കാരകുന്ന് തുടങ്ങി നിരവധി എഴുത്തുകാർ അവരവരുടെ ഹജ്ജ് അനുഭൂതികൾ സഞ്ചാരസാഹിത്യമായി എഴുതിയിട്ടുണ്ട്. ആദ്യമധ്യാന്ത ഭംഗിയിൽ പാട്ടിലൂടെ മാത്രം ഹജ്ജ് യാത്ര മൂന്ന് പേർ ആവിഷ്കരിച്ചിട്ടുണ്ട് മലയാളത്തിൽ. പി.ടി വീരാൻ കുട്ടി, കെ.വി.എം പന്താവൂർ, മാനു മുസ്്ലിയാർ എന്നിവരുടേതാണാ രചനകൾ.
സാഹസികമായ  ഹജ്ജ് യാത്രയായിരുന്നു  കേരള ജമാഅത്തെ ഇസ്്ലാമിയുടെ ആദ്യ സാരഥി ഹാജി സാഹിബിേന്റത്. കാടും വഴുക്കു പാടവും മരുമലകളും മഹാ ശൈലങ്ങളും താണ്ടിക്കടന്ന് ദൈവഗേഹം മനസ്സിൽ ധ്യാനിച്ച് വിശ്വാസത്തിന്റെ പാഥേയവുമായി ഏകാന്തനായി ഒരാൾ നടത്തിയ ധീര സഞ്ചാരം. കിട്ടിയത് തിന്നും എത്തിയേടത്ത് കിടന്നും അത്രമേൽ സാഹസികമായും എന്നാൽ, ഈമാനികമായും നടന്ന ആ അനുപമ സഞ്ചാരം മലബാറിൽനിന്ന് മക്കയിലേക്കും തിരിച്ച് മലബാറിലേക്കും വിജയകരമായി പൂർത്തിയാക്കി. ഹാജി സാഹിബിന്റെ യാത്രാനുഭൂതികൾ രേഖീയമായിരുന്നെങ്കിൽ അതൊരു ഒന്നാന്തരം ഹജ്ജ് യാത്രാനുഭവ പുസ്തകമാകുമായിരുന്നു.  വിശ്വാസി സമൂഹം  മലയാളത്തിലവശേഷിക്കുവോളം അവരുടെ തീർഥ യാത്രകളും തുടരും. ഓരോ കാലസന്ധിയിലും മാറിമാറി വരുന്ന ഭൗതിക സന്നാഹങ്ങൾ അതത് കാലത്തെ യാത്രയെ നിർണയിക്കും. l
(ഈ കുറിപ്പ് തയാറാക്കാൻ പുസ്തകങ്ങൾ തന്ന് സഹായിച്ചത്  മാപ്പിള സംസ്കാര ഗവേഷകനായ അബ്ദുറഹിമാൻ മങ്ങാട്). 

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 45 അല്‍ ജാഥിയഃ സൂക്തം 07-10
ടി.കെ ഉബൈദ്‌

ഹദീസ്‌

ഇബ്റാഹീം നബിയെ ആദരിച്ച പ്രവാചകൻ
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌