Prabodhanm Weekly

Pages

Search

2023 ജൂൺ 16

3306

1444 ദുൽഖഅദ് 27

കൺതുറന്ന് കാണൂ, ഞങ്ങൾ ഉയർന്നു പറക്കുന്ന ആകാശങ്ങൾ

സി.യു ഫദീല

2022 ജൂലൈ 30-ന് അമേരിക്കയിലെ വാഷിംഗ്ടൺ ഡി.സിയിൽ വിമാനമിറങ്ങുമ്പോൾ അൽഭുത സ്തബ്ധമായിരുന്നു എന്റെ മനസ്സ്.  കാരണം, ഗവേഷണത്തിന് വേണ്ടിയുള്ള ഒരു അമേരിക്കൻ യാത്ര എന്റെ സ്വപ്നമോ പ്രതീക്ഷയോ ആയിരുന്നില്ല. പക്ഷേ, അതൊരു യാഥാർഥ്യമായി ഇതാ സംഭവിച്ചിരിക്കുന്നു. ജീവിതാനുഭവങ്ങളുടെ വഴിദൂരങ്ങൾ താണ്ടി, തൃശൂർ ജില്ലയിലെ വെള്ളാങ്കല്ലൂർ ഗ്രാമത്തിൽ നിന്നുള്ള ഒരു മുസ്്ലിം സ്ത്രീ, കാൻസസ് സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിൽ വിസിറ്റിംഗ് റിസർച്ച് സ്കോളറായി യു.എസിന്റെ മണ്ണിലെത്തിയിരിക്കുന്നു, അൽഹംദു ലില്ലാഹ്!


വ്യത്യസ്തമായ ഒട്ടേറെ അനുഭവങ്ങൾ തന്ന ഈ അമേരിക്കൻ യാത്ര, വ്യക്തിപരവും സാമൂഹികവുമായി  ഏറെ പ്രാധാന്യമുള്ളതായിരുന്നു. കേരള മുസ്്ലിം സ്ത്രീയുടെ ചരിത്രത്തിലെ തിക്താനുഭവങ്ങളും, വർത്തമാനകാലത്തെ വിമർശനാത്മക ആഖ്യാനങ്ങളുടെ പരിഹാസ്യമായ ആവർത്തനങ്ങളും ഇത്തരമൊരു വളർച്ചയുടെയും നേട്ടങ്ങളുടെയും സാമൂഹിക-രാഷ്ട്രീയ പ്രസക്തിയെ അടയാളപ്പെടുത്തുന്നുണ്ട്.


മുസ്്ലിം സ്ത്രീയുടെ സാമൂഹിക വളർച്ചയുടെ ബഹുതല മാതൃകകൾ ലോകമെങ്ങും ദൃശ്യമാണ്; ഇനിയും പരിഹരിക്കപ്പെടേണ്ട പ്രശ്നങ്ങളും പരിമിതികളും ഉണ്ടായിരിക്കെത്തന്നെ. കേരളത്തിൽ നിന്നുള്ള മുസ്്ലിം സ്ത്രീകളുടെ ലോക സാന്നിധ്യവും ഈ വളർച്ചയുടെ ഭാഗമാണ്. വിദ്യാഭ്യാസം, തൊഴിൽ, കുടുംബം എന്നിവയുമായി ബന്ധപ്പെട്ട്, വിവിധ രാഷ്ട്രങ്ങളിലേക്ക് പറന്നെത്തിയ ധാരാളം മുസ്്ലിം സ്ത്രീകൾ ലോകമെങ്ങുമുണ്ട്. പ്രവാസത്തിന്റെ വർധിച്ച സാന്നിധ്യമുള്ള ഗൾഫ് രാജ്യങ്ങളിൽ മാത്രമല്ല, അമേരിക്കൻ - യൂറോപ്യൻ രാജ്യങ്ങളിലും, കേരളത്തിൽ നിന്നുള്ള ഹിജാബിട്ട മുസ്്ലിം സ്ത്രീകൾ ഇന്ന് ഉന്നത വിദ്യാഭ്യാസം നേടുകയോ, തൊഴിലെടുക്കുകയോ, കുടുംബ ജീവിതം നയിക്കുകയോ ചെയ്യുന്നുണ്ട്. ഇനിയും ഉണരാൻ ബാക്കിയുള്ള, ഇടുങ്ങിയ സമീപനങ്ങളുള്ള സാമുദായിക പരിസരങ്ങളെ മറികടന്നുകൊണ്ടാണ്, ചില സ്ത്രീകൾ തങ്ങളുടെ ഇടങ്ങൾ കണ്ടെത്തിയിട്ടുള്ളതെങ്കിൽ, ലിബറൽ പൊതു ഇടങ്ങൾ സൃഷ്ടിച്ചുവെച്ചിട്ടുള്ള പരിഹാസവിമർശങ്ങളെ അതിജീവിച്ചുകൊണ്ടാണ് മറ്റു പലരും മുന്നോട്ട് കുതിച്ചിട്ടുള്ളത്. രണ്ടായിരുന്നാലും, പൗരോഹിത്യവും പൊതു ഇടങ്ങളും പറഞ്ഞുണ്ടാക്കുന്ന പരിമിതികളെ അതിലംഘിച്ച്, മുസ്്ലിം സ്ത്രീ മുന്നേറിയിട്ടുണ്ട് എന്നതാണ് സത്യം.

കോട്ടയം മഹാത്മാ ഗാന്ധി യൂനിവേഴ്സിറ്റിയിൽ, പ്രഫ. നന്ദകുമാർ കളരിക്കലിന്റെ കീഴിൽ, 'Optical properties of graphene derivatives for Sensing applications' എന്ന വിഷയത്തിൽ ഞാൻ നടത്തുന്ന പി.എച്ച്.ഡി ഗവേഷണത്തിന്റെയും അനുബന്ധ പ്രോജക്ടിന്റെയും ഭാഗമായിരുന്നു ഈ അമേരിക്കൻ യാത്ര. നെടുമ്പാശ്ശേരി എയർപോർട്ടിൽനിന്ന് സുഊദിയിലെ രിയാദ് വഴി, വാഷിംഗ്ടൺ ഡി.സിയിലേക്ക് ഫ്ലൈറ്റിലും, അവിടെ നിന്ന് ഷിക്കാഗോ വഴി കാൻസസിലേക്കും മറ്റും ട്രെയ്നിലും ഒറ്റക്കായിരുന്നു എന്റെ യാത്രകൾ മുഴുവനും. ആഗസ്റ്റ് മുതൽ ഡിസംബർ വരെ അഞ്ച് മാസങ്ങൾ ഞാൻ അമേരിക്കയിൽ ഉണ്ടായിരുന്നു. എന്റെ സഹോദരൻ മുതൽ, അമേരിക്കയിലെയും കാനഡയിലെയും മലയാളി സുഹൃത്തുക്കൾ വരെ വലിയ പിന്തുണ തരികയുണ്ടായി. ഈ യാത്രയിൽ, ദൽഹിയിലെ യു.എസ് എംബസി മുതൽ അമേരിക്കയിലെ തെരുവുകളിലും കാമ്പസുകളിലും ഉണ്ടായ അനുഭവങ്ങൾ പൊതുവിലും, മുസ്്ലിം സ്ത്രീജീവിതങ്ങൾ സവിശേഷമായും വേറെത്തന്നെ പറയേണ്ടതുണ്ട്.
'

മുസ്്ലിം സ്ത്രീകൾക്ക് സ്വാതന്ത്ര്യമില്ല, അവരുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നു, അടുക്കളയിൽ ഭക്ഷണമൊരുക്കി അവരുടെ ജീവിതം തീർന്നുപോകുന്നു....' തുടങ്ങി, സഹതാപാർഹം മാത്രമായ വിമർശങ്ങൾ കഴിഞ്ഞ മാസങ്ങളിലും ചിലർ ആവർത്തിക്കുന്നത് കണ്ടപ്പോഴാണ്, ഈ അമേരിക്കൻ യാത്രയെക്കുറിച്ച് പറയണമെന്ന് തോന്നിയത്.

കേരളത്തിലെ മുസ്്ലിം സ്ത്രീകൾക്ക് ഇത്തരം വിമർശനങ്ങൾ പുതുമയുള്ളതല്ലെങ്കിലും, ഇതിനെല്ലാം വീണ്ടും വീണ്ടും മറുപടി പറയേണ്ടി വരുന്നത് തീർത്തും അരോചകമാണ്. അനവധിയായ പ്രശ്നങ്ങൾ നേരിടുന്ന മറ്റു സമുദായങ്ങളിലെ സ്ത്രീകളെ അപേക്ഷിച്ച്, മുസ്്ലിം സ്ത്രീകൾ മാത്രം സ്ഥിരമായി ഇത്തരത്തിൽ മറുപടി പറയേണ്ടി വരുന്നത് എത്ര ദൗർഭാഗ്യകരമാണ്! ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവരും തൊഴിൽ മേഖലകളിൽ ഉള്ളവരുമായ മുസ്്ലിം സ്ത്രീകൾ എത്ര തവണ ഇത്തരം ചോദ്യങ്ങൾ അഭിമുഖീകരിച്ചിട്ടുണ്ടാവും! തങ്ങളുടെ വിശ്വാസ സംഹിതകൾക്കുള്ളിൽ നിന്നുകൊണ്ടും ലിബറൽ പൊതുബോധത്തെ തൃപ്തിപ്പെടുത്തിക്കൊണ്ടും എത്ര കഷ്ടപ്പെട്ടിട്ടാവണം ഞാനടക്കമുള്ള പല സ്ത്രീകളും ഇത്തരം ചോദ്യങ്ങളിൽ നിന്ന് രക്ഷപ്പെട്ടിട്ടുണ്ടാവുക.


പ്രബോധന മനസ്സും സൗഹൃദ ബന്ധങ്ങളും സൂക്ഷിക്കുന്നതുകൊണ്ട്, പലപ്പോഴും വിമർശകരെ മുഷിപ്പിക്കാത്ത രീതിയിലാണ് വിഷയങ്ങൾ കൈകാര്യം ചെയ്യുക. എങ്കിലും, ഒരു കഴമ്പും കാതലുമില്ലാത്ത ആരോപണങ്ങൾക്ക് അത്ര കാരുണ്യത്തോടെ ഇക്കാലത്തും മറുപടി പറയേണ്ടതില്ല എന്നും തോന്നുന്നുണ്ട്. അതോടൊപ്പം, മറ്റേതൊരു സ്ത്രീപക്ഷ ചർച്ചയും പോലെ സ്വാഗതം ചെയ്യപ്പെടേണ്ട ചില കാര്യങ്ങളും ഉണ്ടെന്നതിലും തർക്കമില്ല. മുസ്്ലിം സ്ത്രീകൾക്ക്, പുരുഷാധിപത്യ മനസ്കരിൽനിന്ന് എന്തെങ്കിലും വിവേചനം നേരിടേണ്ടി വരുന്നുണ്ടെങ്കിൽ, അത് കൃത്യമായി അഡ്രസ്സ് ചെയ്യപ്പെടേണ്ടത് സമുദായത്തിൽ നിന്നുകൊണ്ടു തന്നെയാണ്. കാലാകാലങ്ങളിൽ അത് കൃത്യമായി അഡ്രസ്സ് ചെയ്യപ്പെട്ടിട്ടുമുണ്ട്.
സമുദായത്തിനകത്ത് ഉണ്ടായിട്ടുള്ള നവോത്ഥാന ശ്രമങ്ങളും, മറ്റു പല വിചാര ബോധ്യങ്ങളും സ്ത്രീകളുടെ സ്ഥാനം വളരെയേറെ ഉയർത്തിയിട്ടുണ്ട്. അങ്ങനെയാണല്ലോ നാൽപ്പത് -അമ്പത് വർഷങ്ങൾക്ക് മുമ്പുള്ളതിൽനിന്ന് തീർത്തും വ്യത്യസ്തമായി, മുസ്്ലിം സ്തീകൾ ഉന്നമനം നേടിയിട്ടുള്ളത്. ഇസ്്ലാമിക പരിസരത്ത് ജീവിച്ചും, മുസ്്ലിം സമുദായം സ്ഥാപിച്ച സംരംഭങ്ങൾ പ്രയോജനപ്പെടുത്തിയും തന്നെയാണ് ഈ ദൃശ്യത കൈവരിച്ചിട്ടുള്ളത് എന്നും ഓർക്കണം.

ഇസ്്ലാമിക വിശ്വാസ ദർശനത്തിൽ  ഉന്നതമായ സ്ഥാനം മുസ്്ലിം സ്ത്രീകൾക്ക് ഉണ്ടായിരിക്കെത്തന്നെ, വ്യത്യസ്ത സംസ്കാരങ്ങളുമായുള്ള ക്രോസ്സ്‌ പോളിനേഷൻ വഴിയും, വിഭിന്നമായ സാമൂഹികാവസ്ഥകൾ കൊണ്ടുള്ള പലതരം വ്യാഖ്യാനങ്ങൾ കാരണമായും പുരുഷാധിപത്യ സമീപനങ്ങൾ മുസ്്ലിം സ്ത്രീകൾ അനുഭവിച്ചിട്ടുണ്ട്. എന്നാൽ, അതിനെയെല്ലാം ഭേദിച്ചുകൊണ്ട് ഒട്ടേറെ പ്രമുഖ വനിതകൾ ഈ സമുദായത്തിൽനിന്ന് ഉയർന്നുവരികയുണ്ടായി. വനിതാ സ്വാതന്ത്ര്യ വാദം അഥവാ ഫെമിനിസം എന്ന വാക്ക് പോലും മലയാള മണ്ണിൽ ആദ്യമായി ഉപയോഗിച്ചിട്ടുള്ളത് വക്കം മൗലവിയാണെന്ന് അദ്ദേഹത്തിന്റെ സ്മാരക ദിന പ്രഭാഷണത്തിൽ ഡോ. എ.കെ രാമകൃഷ്ണൻ സൂചിപ്പിക്കുന്നുണ്ട് (ഈ പ്രഭാഷണം ഓൺലൈനിൽ ലഭ്യമാണ്). വിമർശകരും മുസ്്ലിം സ്ത്രീസംരക്ഷകർ എന്നവകാശപ്പെടുന്നവരും ഇത്തരം കാര്യങ്ങൾ വിസ്മരിച്ചുകൊണ്ടാണ് പരിഹാസ്യമായ പ്രസ്താവനകളുമായി മുന്നോട്ടു വരുന്നത്.

മുസ്്ലിം സ്ത്രീകളുടെ വസ്ത്രധാരണം, വിവാഹം, വിദ്യാഭ്യാസം  തുടങ്ങിയ വിഷയങ്ങളിലാണ് പലപ്പോഴും ചർച്ചകൾ ഉണ്ടാകാറെങ്കിലും, ഇന്ന് ഒരു പടി കൂടി കടന്ന് വിവാഹ സൽക്കാരങ്ങളിൽ അവർക്കുള്ള പ്രത്യേക സ്ഥലസൗകര്യം അടുക്കള ഭാഗത്താണ്, അത് വിവേചനമാണ് എന്ന തരത്തിലേക്ക് വരെ ചർച്ചകൾ എത്തിയിരിക്കുന്നു. പ്രസ്താവന നടത്തിയ സിനിമാ താരം അത് ഉദ്ദേശിച്ചാലും ഇല്ലെങ്കിലും എത്ര അരോചകമാണ് അതിനെ തുടർന്നുണ്ടായ ചർച്ചകൾ! നോക്കൂ, വിവാഹങ്ങൾ പലതും വിവാഹ മണ്ഡപങ്ങളിലേക്കും സ്റ്റാർ ഹോട്ടലുകളിലേക്കും മാറിയ ഇക്കാലത്താണ് ഇത്തരം ചർച്ചകൾ എന്നതു തന്നെ വിരോധാഭാസമല്ലേ? ഇതിൽ രസകരമായ മറ്റൊരു കാര്യമുണ്ട്; ഇത്തരം ആഘോഷ വേളകൾ സ്ത്രീകൾക്ക് പലപ്പോഴും ആശ്വാസത്തിന്റെയും വിശ്രമത്തിന്റെയും സന്തോഷത്തിന്റെയും ഒക്കെ സമയമാണ്. മൈലാഞ്ചിയും ഒപ്പനപ്പാട്ടുകളും ഒക്കെയായി വിവാഹ സൽക്കാരങ്ങൾ ഇത്രയേറെ ആഘോഷിക്കുന്ന സ്ത്രീകൾ മറ്റു മതസമുദായങ്ങളിൽ ഉണ്ടാകുമോ എന്ന്  സംശയമാണ്. സ്ത്രീകൾക്ക് അന്ന് വിളമ്പിക്കൊടുക്കുന്നത് പോലും പുരുഷന്മാരായിരിക്കും.

വിവാഹമായാലും മരണമായാലും എന്റെ നാട്ടിൽ പലപ്പോഴും ഞാൻ കണ്ടിട്ടുള്ളത് സ്ത്രീകളും പുരുഷന്മാരും തമ്മിൽ ഒരു സെഗ്്രിഗേഷൻ ഉണ്ട് എന്നതു തന്നെയാണ്. അതിനു ജാതി-മത വ്യത്യാസം ഒന്നുമില്ല. കാലങ്ങളായി നിലനിന്നു പോന്നിരുന്ന അന്തഃപുരവാസ സമ്പ്രദായമാണിത്. അതിനു ദീർഘമായ ഒരു ചരിത്രവുമുണ്ട്. സ്ത്രീകൾ ഇപ്പോഴും അത്രയൊന്നും ഇടകലരാൻ ആഗ്രഹിക്കുന്നില്ല. സുഹൃത്തുക്കളോടൊപ്പം ട്രെയിനിൽ യാത്രപോകുമ്പോഴൊക്കെയും മിക്കവരും ലേഡീസ് കംപാർട്മെന്റ് ആണ് ഇഷ്ടപ്പെടുന്നത്.  അതിനർഥം ഇടകലരാൻ തരത്തിൽ പുരുഷൻമാരുടെ സമീപനം അത്ര ഉയർന്നിട്ടൊന്നുമില്ല എന്നതും കൂടിയാകാം.

മുസ്്ലിം പെൺകുട്ടികളുടെ വിവാഹത്തെ സംബന്ധിച്ചുള്ള വർത്തമാനമാണ് അരോചകമായി തോന്നിയിട്ടുള്ള മറ്റൊരു കാര്യം. സംരക്ഷകർ ചമയുന്നവർ ഇപ്പോഴും കരുതുന്നത് പതിനാറുകാരിയായ മുസ്്ലിം പെൺകുട്ടിയെ വിവാഹം കഴിച്ചു കൊടുക്കുന്നത് 50-ഉം 60-ഉം കഴിഞ്ഞവർക്കാണ് എന്നത്രെ. ഇക്കാലത്ത് മുസ്്ലിം ആൺകുട്ടികൾ ഇരുപത്തിയഞ്ചിനോടടുത്ത പ്രായത്തിൽ തന്നെ വിവാഹിതരാകുന്നുണ്ടെന്ന യാഥാർഥ്യം സൗകര്യപൂർവം മറച്ചുവെച്ചുകൊണ്ടാണ് ഇത്തരം സംരക്ഷകർ വരാറുള്ളത്. ഞങ്ങളുടെ വസ്ത്രധാരണത്തെ കുറിച്ചുള്ള ചോദ്യങ്ങൾ മുമ്പൊക്കെ ഒരു ക്യൂരിയോസിറ്റിക്കു പുറത്താണ് എന്ന് തോന്നിയിരുന്നു. അതൊക്കെ ധരിച്ചാൽ ചൂടെടുക്കില്ലേ, ബുദ്ധിമുട്ടല്ലേ എന്നൊക്കെ തരത്തിലുള്ളതായിരുന്നു ചോദ്യങ്ങൾ. എന്നാൽ, ഇപ്പോൾ അത് നമ്മുടെ തെരഞ്ഞെടുപ്പിനെ (റൈറ്റ് ഫോർ റിലീജിയസ് ഫ്രീഡം) ചോദ്യം ചെയ്യുന്നതായാണ് അനുഭവം. ഈ തെരഞ്ഞെടുപ്പിൽ, മുസ്്ലിം സ്ത്രീകൾക്ക് ഇന്ന് ഉത്തരം പറയേണ്ടിവരുന്നത് രണ്ടു കൂട്ടരോടാണ്: ഒന്ന്, ലിബറൽ വസ്ത്രധാരണ രീതികളെ ആരും ചോദ്യം ചെയ്യരുത് എന്ന് പറയുന്നവരോട്. എന്നാൽ, അക്കൂട്ടർ നമ്മുടെ തെരഞ്ഞെടുപ്പിനെ ചോദ്യം ചെയ്യുമ്പോൾ ഈ ലിബറൽ തത്ത്വങ്ങളെല്ലാം വിസ്മരിക്കുന്നു. രണ്ടാമത്തേത് തീവ്ര വലതു പക്ഷക്കാരോടാണ്. വംശവെറി ആദർശമാക്കിയ അവരെപ്പറ്റി ഒരു ചർച്ചക്കും യാതൊരു പ്രസക്തിയുമില്ല താനും.  

മുസ്്ലിം പെൺകുട്ടികൾ എത്ര ഉയർന്നാലും അവരെ, 'താത്തക്കുട്ടി, 'മൊഞ്ചത്തി' എന്നെല്ലാം തരത്തിൽ അഭിസംബോധന ചെയ്യുന്നു എന്നതാണ് മറ്റൊരു പ്രശ്നം. എത്ര തന്നെ വിദ്യാഭ്യാസം കൈവരിച്ചാലും ഉയർന്ന ജോലി നേടിയാലും ഇത്തരത്തിലുള്ള വിശേഷണങ്ങളിലൂടെ നമ്മെ അഭിസംബോധന ചെയ്യാനാണ് ആളുകൾ താൽപര്യപ്പെടുന്നത്. അടുത്ത കാലങ്ങളിൽ സമരമുഖത്തും പത്രസമ്മേളനങ്ങളിലും സാന്നിധ്യമറിയിച്ച ഉശിരുള്ള പെൺകുട്ടികളെ കണ്ടിട്ടും ഇവരുടെ ഇത്തരം മാനസികാവസ്ഥയിൽ  യാതൊരു മാറ്റവും ഉണ്ടായിട്ടില്ലെന്നത് സങ്കടകരമാണ്.

വിദ്യാഭ്യാസ രംഗത്ത് മുസ്്ലിം പെൺകുട്ടികൾ ഒരുപാട് ഉയർന്നെങ്കിലും,  എന്തിനാണ് ഇത്രയും പഠിക്കാൻ അനുവദിച്ചത് എന്ന്  ഇപ്പോഴും ചിലരെല്ലാം ചോദിക്കാറുണ്ട്. സാധാരണ ഗതിയിൽ നിങ്ങളെ പഠിക്കാൻ അനുവദിക്കില്ലല്ലോ എന്നാണ് ഇപ്പോഴും അവരുടെ സംശയം. പല കുടുംബങ്ങളിലും വിദ്യാഭ്യാസം ചെയ്യാൻ കഴിഞ്ഞവരും ഇല്ലാത്തവരും ഉണ്ട്. ഞങ്ങളുടെ തലമുറയിലെ മുസ്്ലിം പെൺകുട്ടികൾ പൊതുവെ, സ്വന്തം താൽപര്യ പ്രകാരമാണ് വിദ്യാഭ്യാസം തുടരണോ വേണ്ടയോ എന്ന് തീരുമാനിച്ചത്. എന്നാൽ പഴയ തലമുറകളിൽ സ്ത്രീകൾക്ക് അറിവ് നേടാൻ കഴിയാതെ പോയത്, മതപരമല്ലാത്ത സാമൂഹിക കാരണങ്ങൾ കൊണ്ടായിരുന്നു. ഉദാഹരണത്തിന്, എന്റെ വലിയുമ്മക്ക് (പിതാവിന്റെ ഉമ്മ) നല്ല രീതിയിൽ മത വിദ്യാഭ്യാസം ലഭിച്ചിരുന്നു. ചെറുപ്പത്തിൽ ഞാൻ ഖുർആൻ ഓതുമ്പോൾ പലപ്പോഴും അവർ തെറ്റ് തിരുത്തിത്തന്നിരുന്നത്   അത്ഭുതത്തോടെ ഓർക്കുകയാണ്. എന്നാൽ, എന്റെ മാതാവിന് അത്രത്തോളം മത-ഭൗതിക വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല. എത്തിപ്പെടാവുന്ന തരത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലാത്തതും, സാമൂഹിക സാഹചര്യങ്ങൾ കൊണ്ടും ആയിരുന്നു അതിനു കഴിയാതെ പോയതെന്ന് അവർ തന്നെ പറഞ്ഞിട്ടുണ്ട്. മതപരമായ അറിവും അറബി മലയാളത്തിലുള്ള അറിവും  വിദ്യാഭ്യാസ യോഗ്യതയുടെ മാനദണ്ഡമായി എടുക്കുകയാണെങ്കിൽ എന്റെ വലിയുമ്മയെ എത്ര വിദ്യാഭ്യാസം നേടിയിരുന്ന സ്ത്രീയായി പരിഗണിക്കണം! എന്നാൽ, സ്ത്രീകളെ എഴുത്തും വായനയും പഠിപ്പിക്കുന്നതിൽനിന്ന് വിലക്കിയ പഴയ പുരോഹിത നിലപാടിനെയും അതുവഴി അതിന്റെ 'മധുരവും കയ്്പും' (വിദ്യാഭ്യാസം മധുരം മാത്രമല്ല, കയ്്പും കൂടിയാണ് എന്നാണ് എന്റെ അഭിപ്രായം) നിഷേധിക്കപ്പെട്ട സ്ത്രീകളെയും വിസ്മരിക്കുന്നുമില്ല. ഇന്ന് പക്ഷേ, ഈ ഗതകാലത്തിന്റെ പുകയിലേക്ക് നോക്കി വെറുതെ വിമർശിക്കുകയല്ല, വർത്തമാനത്തിന്റെ വെളിച്ചത്തിൽ മുസ്്ലിം സ്ത്രീകളുടെ ജീവിതത്തിന്റെ വിവിധ തലത്തിലുള്ള പുരോഗതിയെയും വളർച്ചയെയും കൺതുറന്ന് കാണുകയാണ് വേണ്ടത്.

വ്യക്തിപരമായ നിരീക്ഷണത്തിൽ, ഞാൻ ഉൾപ്പെടെ പലരും നേടിയിട്ടുള്ള വിദ്യാഭ്യാസ വളർച്ച പല പ്രിവിലേജുകൾക്കുമൊപ്പം,  കുടുംബത്തിനകത്തു നിന്നുള്ള നിരന്തര പ്രോത്സാഹനങ്ങൾകൊണ്ട് തന്നെയാണ്.  ഞാൻ വിദ്യാഭ്യാസപരമായി ഉയർന്നു പോകണം എന്ന് കൂടുതൽ ആഗ്രഹിച്ചിരുന്നത് എന്റെ ഉമ്മയാണ്. സാഹചര്യങ്ങൾ കൊണ്ട് ഭൗതിക വിദ്യാഭ്യാസം നേടാതെ പോയ, എന്നാൽ അതിന്റെ പ്രാധാന്യം മനസ്സിലാക്കിയ വളരെ ഉയർന്ന ചിന്താഗതിയുള്ള സ്ത്രീയാണ് ഉമ്മ. അവർ ആ ചിന്തയിലേക്കെത്തിയത് അവരുടെ വായനകൊണ്ടായിരിക്കണം. ഉമ്മയെ വായനയുടെ ലോകത്തേക്ക് എത്തിച്ചത് പ്രവാസിയായിരുന്ന എന്റെ ഉപ്പ അയച്ചുകൊടുത്തിരുന്ന പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളുമാണ്. ഇപ്പോഴും എന്റെ വിദ്യാഭ്യാസ കാര്യങ്ങൾക്കും യാത്രകൾക്കും ഞാൻ ഉപദേശങ്ങൾ സ്വീകരിക്കുന്നതും, അതിനുള്ള പ്രോത്സാഹനങ്ങളും  സൗകര്യങ്ങളും ചെയ്തുതരുന്നതും എന്റെ സഹോദരനാണ്. അങ്ങനെ കുടുംബത്തിന്റെ അകമഴിഞ്ഞ പിന്തുണകൊണ്ട് മാത്രമാണ് ഇത്രയേറെ സമയം പഠന കാര്യങ്ങൾക്കായി നീക്കിവെക്കാൻ കഴിഞ്ഞത്. എല്ലാ പെൺകുട്ടികൾക്കും അത്തരം ഭൗതിക സാഹചര്യങ്ങൾ ലഭിക്കുന്നില്ലെങ്കിലും ആളുകളുടെ ചിന്തകളിൽ വന്നിട്ടുള്ള മാറ്റങ്ങൾ നാം കാണാതെ പോകരുത്. മുൻകാലങ്ങളെ അപേക്ഷിച്ച്, വിദ്യാഭ്യാസം കേവലം ജോലി സമ്പാദനത്തിനു മാത്രമല്ല എന്ന അവബോധം വളർന്നുതുടങ്ങിയിരിക്കുന്നു. പലപ്പോഴും റിബലായി പെരുമാറുന്ന സുഹൃത്തുക്കളോട് പറയാറുള്ള ഒരു കാര്യമുണ്ട്: ഈ സമൂഹത്തിനകത്തും നിങ്ങളുടെ ചുറ്റുപാടുകളിലും മാറ്റം വരുത്തണം എന്ന്  ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവിടുത്തെ ആളുകളുടെ സ്പന്ദനം നാം അറിഞ്ഞിരിക്കണം. അവരിലൊരാളായി നിന്ന് അവരിൽ മാറ്റം വരുത്തണം. റിബലുകളെ പെട്ടെന്നൊന്നും സമൂഹം അംഗീകരിക്കുകയില്ല. ഇതിന് ഉദാഹരണമായി ഞാൻ പറയാറുള്ളത് എന്റെ തന്നെ അനുഭവങ്ങളാണ്. ഏതാണ്ട്  പത്തു വർഷം മുമ്പ് വൈകിട്ട് അഞ്ചര കഴിഞ്ഞാൽ നാട്ടുകാർക്ക്  അതൊരു 'അസമയം' ആയിരുന്നു. എന്നാൽ ഇന്ന്, രാത്രി പത്തു മണിയായാലും പ്രശ്നവുമില്ല. ദൂരെയുള്ള യൂനിവേഴ്സിറ്റിയിൽ വരുന്ന എന്നെ എത്രയും വേഗം വീട്ടിലെത്താൻ ഓട്ടോ പിടിച്ചുതരികയോ, കിട്ടിയില്ലെങ്കിൽ അവരുടെ തന്നെ വണ്ടിയിൽ കൊണ്ടുവിടാമെന്ന് പറയുകയോ ചെയ്യുന്ന തരത്തിലുള്ള ഗുണപരമായ മാറ്റം നമുക്ക് സമൂഹത്തിൽ കാണാം. സാധാരണക്കാരുടെ മനോഭാവത്തിൽ വരെ കാണുന്ന മാറ്റങ്ങൾ വളരെ പ്രതീക്ഷ നൽകുന്നതാണ്. സമൂഹത്തിന്റെ കൂടി പിന്തുണ നമുക്കുണ്ട്.  സമൂഹത്തിൽ മാറ്റങ്ങൾ വരുത്താൻ വേണ്ടി, അവിടെയും ഇവിടെയും ഇരുന്ന് കല്ലെറിഞ്ഞതുകൊണ്ട് പ്രയോജനമില്ല. അത് പലപ്പോഴും ഗുണത്തെക്കാളേറെ ദോഷങ്ങൾ ഉണ്ടാക്കുന്നുമുണ്ട്.

ഇനിയും ആവശ്യമായ മാറ്റങ്ങൾ വരുത്താൻ നാം ഇറങ്ങിത്തിരിക്കണം. അത് മുസ്്ലിം സമുദായത്തിലെ സ്ത്രീകൾ തന്നെ ചെയ്യുന്നുണ്ട്. അതായത്, ഞങ്ങൾ എറിയുന്ന കല്ലുകൾ ലക്ഷ്യസ്ഥാനത്ത് എത്തുന്നുണ്ട് എന്നർഥം. അതിന്, 'ലിബറൽ സംരക്ഷണ ആങ്ങളമാരുടെ' സഹായം ഞങ്ങൾക്ക് ആവശ്യമില്ല. ഞങ്ങളെപ്പോലുള്ളവർക്ക് മാതൃകയാവുന്നത് സ്വന്തം സമുദായത്തിൽനിന്ന് ഉന്നതിയിലേക്കെത്തിയിട്ടുള്ള സ്ത്രീകളും ഇസ്്ലാമിക ലോകത്തുനിന്നുള്ള ചരിത്ര വനിതകളുമാണ്. അതല്ലാതെ, പടിഞ്ഞാറൻ മുതലാളിത്ത സ്വാതന്ത്ര്യവാദ ദർശനങ്ങളല്ല. ഇസ്്ലാം തന്നെ മതിയായതാണ്.

മറ്റൊന്നു കൂടി:  എന്റെ വ്യക്തിപരമായ അനുഭവത്തിൽ, മുസ്്ലിം പെൺകുട്ടികൾക്ക് മറ്റു മതങ്ങളിലെ പെൺകുട്ടികളെക്കാൾ കൃത്യമായ  രാഷ്ട്രീയ ബോധമുണ്ട്; അതോടൊപ്പം വല്ലാത്തൊരു ധൈര്യവും. അതുകൊണ്ടുതന്നെ മാലിന്യം പോലെ കുമിഞ്ഞു കൂടുന്ന വെറുപ്പിനെ പ്രതിരോധിക്കാനായാൽ രാഷ്ട്രീയമടക്കമുള്ള പല സുപ്രധാന മേഖലകളിലും മുൻകാലങ്ങളെ അപേക്ഷിച്ച് അവർ കൂടുതൽ ശോഭിക്കുമെന്ന ശുഭപ്രതീക്ഷയുമുണ്ട്. l

(കോട്ടയം മഹാത്മാ ഗാന്ധി യൂനിവേഴ്സിറ്റിയിലെ ഗവേഷക വിദ്യാർഥിയും, അമേരിക്കയിലെ കാൻസസ് സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിൽ  വിസിറ്റിംഗ് സ്കോളറുമാണ് ലേഖിക)

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 45 അല്‍ ജാഥിയഃ സൂക്തം 07-10
ടി.കെ ഉബൈദ്‌

ഹദീസ്‌

ഇബ്റാഹീം നബിയെ ആദരിച്ച പ്രവാചകൻ
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌