പ്രഫ. മൂസക്കുട്ടി
സാമ്പത്തികമായി അത്ര ഭദ്രമല്ലാത്ത ഒരു കുടുംബ പശ്ചാത്തലത്തില്‍ ജനിച്ചുവളര്‍ന്നു അനാഥ ശാലയില്‍ വിദ്യാഭ്യാസം ആരംഭിച്ചു സ്വപ്രയത്നം കൊണ്ട് മാത്രം ഉന്നതിയുടെ പടവുകള്‍ കയറിയ ഒരാളായിരുന്നു കഴിഞ്ഞ മാസം അല്ലാഹുവിലേക്ക് യാത്രയായ പ്രഫ. കെ. മൂസക്കുട്ടി. ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയില്‍ സ്കൂളിലെ ഒന്നും രണ്ടും ക്ലാസുകള്‍ ‘മിസ്സ്’ആയ മൂസക്കുട്ടി ജ്യേഷ്ഠന്‍ മമ്മൂട്ടിയില്‍നിന്ന് കേട്ടു പഠിച്ച ‘പാഠങ്ങളുമായി’ നേരിട്ട് മൂന്നാം ക്ലാസിലാണ് സ്കൂളില്‍ ചേരുന്നത്. കണ്ണൂര്‍ ജില്ലയിലെ ഉളിയില്‍ ഗ്രാമത്തോട് ചേര്‍ന്നുനില്‍ക്കുന്ന പുന്നാട് ആയിരുന്നു അവസാന കാലത്തെ തട്ടകം. 2005-ല്‍ നടന്ന വര്‍ഗീയ കലാപത്തിന്റെ പേരില്‍ കുപ്രസിദ്ധി നേടിയ ആ ഗ്രാമത്തില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന് ഘടകം ഉണ്ടായിരുന്നില്ല. രണ്ടു സമുദായങ്ങളുടെ സമാധാനപരമായ സഹവര്‍ത്തിത്വത്തെ തകര്‍ത്ത കലാപത്തില്‍ അകന്നുപോയ മനസ്സുകളെ കൂട്ടിയിണക്കാന്‍ മുന്നിട്ടിറങ്ങിയവരില്‍ അന്ന് മൂസക്കുട്ടി മാഷുമുണ്ടായിരുന്നു. പുന്നാട് ബാലന്‍ മാസ്റ്ററുമായി ചേര്‍ന്നു സര്‍വകക്ഷി സമാധാന സമ്മേളനം സംഘടിപ്പിക്കുകയും കലാപത്തീ അയല്‍നാടുകളിലേക്ക് പടരാതെ തടഞ്ഞു നിര്‍ത്തുകയും ചെയ്തതില്‍ സമാധനക്കമ്മിറ്റി സെക്രട്ടറി ആയിരുന്ന മൂസക്കുട്ടി മാസ്റ്ററുടെ പങ്ക് ചെറുതല്ല. ആ ദാരുണ സംഭവത്തിനു ശേഷമാണ് വി.കെ കുട്ടു സാഹിബുമായി ചേര്‍ന്ന് പുന്നാട് ജമാഅത്തെ ഇസ്‌ലാമി ഹല്‍ഖ രൂപവത്കരിക്കുന്നത്.
മാതൃകായോഗ്യമായ പ്രാസ്ഥാനിക ജീവിതം കൊണ്ട് പാര്‍ട്ടി – മത ഭേദമില്ലാതെ സര്‍വരാലും ആദരിക്കപ്പെടുന്ന വ്യക്തിത്വമായി വളരാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പ്രാസ്ഥാനികമായ നിലപാടുകളില്‍ ഉറച്ചുനിന്നു കൊണ്ട് തന്നെ സമസ്തയുടെ നിയന്ത്രണത്തിലുള്ള പുന്നാട് മഹല്ലിന്റെ ഉപദേശകസമിതി അംഗമായി പ്രവര്‍ത്തിച്ചു. ഒരു മുഴുസമയ ഇസ്‌ലാമിക പ്രബോധകനായിരുന്ന മൂസക്കുട്ടി മാഷ് ജാതി-മത ഭേദമന്യേ പരിചിത വൃത്തത്തിലുള്ളവര്‍ക്കെല്ലാം മരണത്തിന്റെ തോട്ടുമുമ്പ് വരെ മുടങ്ങാതെ ‘പ്രബോധനം’ എത്തിച്ചു കൊടുത്തുകൊണ്ടിരുന്നു.
തലശ്ശേരി ദാറുസ്സലാം അനാഥ ശാല, തലശ്ശേരി ബ്രണ്ണന്‍ കോളേജ്, തിരുവനന്തപുരം ഗവണ്മെന്റ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. അറബി സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ഉടനെ തപാല്‍ വകുപ്പിലാണ് ജോലി ലഭിച്ചതെങ്കിലും അധികം വൈകാതെ അധ്യാപന മേഖലയിലേക്ക് മാറി. കാസര്‍കോട് ഗവണ്മെന്റ് കോളേജിലും തലശ്ശേരി ബ്രണ്ണനിലും അറബിക് പ്രഫസറായി ജോലി ചെയ്തു. റിട്ടയര്‍മെന്റിനു ശേഷം ഉളിയില്‍ ഐഡിയല്‍ ട്രസ്റ്റ് സ്ഥാപനങ്ങളില്‍ സജീവ സാന്നിധ്യമായി. 22 വര്‍ഷത്തെ അധ്യാപന ജീവിതകാലത്ത് ഒരു വിദ്യാർഥിയോട് പോലും കയര്‍ത്ത് സംസാരിക്കാത്ത മൂസക്കുട്ടി മാഷ് വീട്ടില്‍ സൗമ്യ സാന്നിധ്യത്തിന്റെ തണലേകിയിരുന്ന കുടുംബനാഥനുമായിരുന്നു. വിനയവും ലാളിത്യവുമായിരുന്നു ആ വ്യക്തിത്വത്തിന്റെ മുഖമുദ്ര.
ജമാഅത്തെ ഇസ്്ലാമി പുന്നാട് ഹല്‍ഖാ നാസിം, പലിശ രഹിത നിധി കണ്‍വീനര്‍, ഉളിയില്‍ ഐഡിയല്‍ കോളേജില്‍ അക്കാദമിക് തല മേധാവി, മൗണ്ട് ഫ്ലവര്‍ ഇംഗ്ലീഷ് സ്കൂള്‍ പ്രിന്‍സിപ്പല്‍ എന്നീ പദവികള്‍ അലങ്കരിച്ച പ്രഫ. മൂസക്കുട്ടി കര്‍മരംഗത്ത് സജീവമായിരിക്കെയാണ് അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നല്‍കിയത്.
Comments