പടച്ച റബ്ബിന്റെ കരുതൽ
ലോകത്ത് ഭൂരിഭാഗവും ദൈവ വിശ്വാസികളാണ്. നിരീശ്വരവാദികളും നിർമതവാദികളും പലതരം ആശയങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ടെങ്കിലും ഈ പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പിന് പിന്നിൽ, അല്ലെങ്കില്‍ കാര്യങ്ങളുടെ നിയന്ത്രണങ്ങള്‍ക്ക് പിന്നിൽ ഒരു ശക്തിയുണ്ടെന്ന് അകമേയെങ്കിലും വിശ്വസിക്കാത്തവരും അനുഭവിക്കാത്തവരും വിരളമായിരിക്കും. അപൂർണനായ മനുഷ്യന് ഒരു ശക്തിയിൽ അഭയം പ്രാപിക്കാനുള്ള ത്വര ജന്മനാ നിക്ഷിപ്തമാണ്. ശുദ്ധ പ്രകൃതിയിലാണ് മനുഷ്യനെ സൃഷ്ടിച്ചതെന്ന് ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ട്. മാനസികാരോഗ്യ രംഗത്തെ പ്രമുഖരും ഈ അനുമാനത്തിലെത്തിയിട്ടുമുണ്ട്.
ദൈവം മനുഷ്യനെ സൃഷ്ടിച്ചു വിട്ടേച്ചു പോയിട്ടില്ല. മനുഷ്യന്റെ വിചാരവികാരങ്ങളും സൃഷ്ടിഘടനയും ഒക്കെ അറിയുന്ന റബ്ബ് അവന്റെ ജീവിതത്തിനാവശ്യമായ നിയമങ്ങളും നിർദേശങ്ങളും മാത്രമല്ല, മാനസികാരോഗ്യത്തിനും വളർച്ചക്കും ആവശ്യമായതൊക്കെയും നൽകിക്കൊണ്ട് അവന്റെ കൂടെയുണ്ട്. എല്ലാ മനുഷ്യരും ആഗ്രഹിക്കുന്ന ഒന്നാണ് ആദരവ്. അവഗണനയും അവഹേളനവും ആരും സഹിക്കുകയില്ല. ഖുര്‍ആന്‍, 'ആദം സന്തതികളെ നാം ആദരിച്ചിരിക്കുന്നു'വെന്നും, 'അല്ലാഹുവിന്റെ പ്രതിനിധികളായിട്ടാണ് മനുഷ്യനെ സൃഷ്ടിച്ചതെ'ന്നും പറഞ്ഞുകൊണ്ട് സൃഷ്ടിയെന്ന നിലയിൽ മനുഷ്യന് വേണ്ട ആദരവുകളൊക്കെയും നൽകിയിരിക്കുന്നു. സ്വയം വധിക്കരുതെന്ന് കൽപിക്കുകയും ജീവനും സ്വത്തും അഭിമാനവും വിലപ്പെട്ടതാണെന്ന് പഠിപ്പിക്കുകയും ചെയ്തിരിക്കുന്നു.
'മനുഷ്യനെ സൃഷ്ടിച്ചത് തനിക്ക് ഇബാദത്ത് ചെയ്യാനാണെ'ന്ന് അല്ലാഹു പറയുമ്പോൾ അവന്റെ ജീവിതലക്ഷ്യം എന്തായിരിക്കണമെന്ന് കൃത്യപ്പെടുത്തുന്നുണ്ട്. എന്ത് ചെയ്യുമ്പോഴും അതൊരു ഇബാദത്തായി മാറണം എന്ന ലക്ഷ്യബോധം ദൈവകൽപനക്കുള്ള അനുസരണവുമായിത്തീരുകയാണ്. ഇങ്ങനെ മുന്നോട്ട് പോകുമ്പോള്‍ ജീവിതത്തിൽ ഉണ്ടാവുന്ന പ്രശ്നങ്ങളെയും പ്രയാസങ്ങളെയും പടച്ചവനിൽ ഭരമേൽപിക്കാനാണ് ദൈവകൽപന. ഭരമേൽപിക്കുന്നവന് അവൻ മതിയാവുന്നതാണ്.
ദുരിതങ്ങളും പ്രയാസങ്ങളും ഒന്നിന് മീതെ ഒന്നായി വരുമ്പോൾ, ആഗ്രഹിച്ചതൊന്നും നടക്കാതെ വരുമ്പോള്‍ നിരാശ ബാധിക്കുക സ്വാഭാവികമാണ്. എന്നാല്‍, അല്ലാഹുവിന്റെ കാരുണ്യത്തെക്കുറിച്ച് നിരാശരാവരുതെന്നും നിരാശ പിശാചിൽനിന്നുള്ളതാണെന്നും ഉണർത്തി ദുഃഖത്തിന്റെ ആഴങ്ങളിലേക്ക് പതിച്ചുപോവാൻ മനുഷ്യനെ അല്ലാഹു അനുവദിക്കുന്നേയില്ല. ഇങ്ങനെ ഒരുപാടൊരുപാട് അല്ലാഹുവിനോട് അടുത്താൽ പിന്നെ മനുഷ്യന് ഭാവിയെക്കുറിച്ച ഭയമോ, ഭൂതത്തെക്കുറിച്ച ദുഃഖമോ വേണ്ടതില്ല.
വിശ്വാസിയായി ജീവിക്കുന്നത് തന്നെ വെല്ലുവിളിയാകുമ്പോൾ അല്ലാഹുവിന്റെ മാർഗത്തിൽ സധീരം പോരാടാനാണ് ദൈവകൽപന. അതുവഴി ഉണ്ടായേക്കാവുന്ന നഷ്ടങ്ങളൊന്നും നഷ്ടങ്ങളല്ലെന്നും ജീവനഷ്ടങ്ങൾ വരെ സംഭവിക്കുകയാണെങ്കിൽ അതിൽനിന്ന് ലഭ്യമാവുന്ന പ്രതിഫലവും ദൈവപ്രീതിയും ഏറ്റവും മഹത്തരമാണെന്നും ഉണർത്തുന്നു. മാത്രമല്ല, മരണവും മരണവേദനയും എവിടെവെച്ചും ഏത് സമയത്തും സംഭവിപ്പിക്കുന്നത് അല്ലാഹുവിന് പ്രയാസമുള്ള കാര്യമല്ലെന്നും മനസ്സിലാക്കുന്നവനായിരിക്കും വിശ്വാസി.
'ദൈവസ്മരണയിലാണ് മനസ്സുകൾക്ക് സമാധാനം' എന്ന് ഉൾക്കൊണ്ട വിശ്വാസികൾ എപ്പോഴും ശുഭാപ്തി വിശ്വാസമുള്ളവരാവണം. ഇന്ന് നാം നേരിടുന്ന വ്യക്തിപരമായ മാനസിക പ്രയാസങ്ങൾക്കും ആത്മസംഘർഷങ്ങൾക്കും പരിഹാരം അല്ലാഹുവിലേക്ക് അടുക്കുക മാത്രമാണ്.
പൊതു പ്രവര്‍ത്തകര്‍ ആത്മഹത്യ ചെയ്യേണ്ടിവരുമ്പോള്‍
'പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ആരോ മരിച്ചിട്ടുണ്ട്.' മദ്‌റസയില്‍ പോകാന്‍ ഒരുങ്ങുന്ന പേരക്കുട്ടി ഇതും പറഞ്ഞോടി. വാഹനാപകടമാകുമെന്ന് കരുതി ഏതാനും മീറ്റര്‍ അകലമുള്ള പഞ്ചായത്ത് ഓഫീസിനടുത്തേക്ക് ഞാനും ഓടി. ചെന്നപ്പോള്‍ ഞെട്ടി! വാഹനാപകടമല്ല, തൂങ്ങിമരണം. ഒറ്റനോട്ടത്തില്‍ തന്നെ ആളെ മനസ്സിലായി. പ്രശസ്ത സാമൂഹിക പ്രവര്‍ത്തകനായ ഉന്നത വ്യക്തി. 'ഇതെന്തൊരല്‍ഭുതം, എന്തു പറ്റി?' -തിങ്ങിക്കൂടിയവരില്‍ ഒരു പരിചയക്കാരനോട് പതുക്കെ ചോദിച്ചു. 'നിരാശ തന്നെ'- പരിചയക്കാരന്‍ ഒറ്റവാക്കില്‍ ഉത്തരം പറഞ്ഞു.
ശരിയാണ്, നിരാശ തന്നെയാണ് ആത്മാര്‍ഥതയുള്ള ഈ സുഹൃത്തിനെ ആത്മഹത്യയിലെത്തിച്ചത്. നിസ്വാര്‍ഥമായ സേവന മനസ്സുമായി ചെറു പ്രായത്തില്‍ തന്നെ വഴിയന്വേഷിച്ചിറങ്ങിയ സുഹൃത്തിന് മുന്നില്‍ കേവല ഭൗതിക പ്രസ്ഥാനം വഴികാട്ടിയായി വന്നുനിന്നു. ഏറെ ചിന്തിച്ചു നിന്നില്ല, തന്റേതായ എല്ലാം പ്രസ്തുത പ്രസ്ഥാനത്തിന് സമര്‍പ്പിച്ചു പ്രവര്‍ത്തനവുമായി മുന്നോട്ടു നീങ്ങി. ഒരു പ്രശ്‌നപരിഹാരത്തിനായി പഞ്ചായത്തിൽ ചെന്നപ്പോള്‍, താന്‍ സര്‍വസ്വവും അര്‍പ്പിച്ച തന്റെ പ്രസ്ഥാനം തനിക്കൊപ്പമില്ലെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടു. തലകറങ്ങി കൂരിരുളിലകപ്പെട്ട് ഒന്നും കാണാനാകാതെ ആത്മഹത്യയില്‍ അഭയം തേടി. അതെ, ദാഹജലമന്വേഷിച്ചിറങ്ങി മരുഭൂമിയിലെ മരീചിക കണ്ട് ജലമെന്ന്് ധരിച്ച് പിന്നാലെ കൂടി അവസാനം ദാഹിച്ചരണ്ട് മരുഭൂമിയില്‍ അതിദാരുണമായി മരണത്തിന് കീഴടങ്ങേണ്ടിവന്ന അവസ്ഥ. ഖുര്‍ആന്‍ ഇക്കാര്യം കൃത്യമായി തന്നെ രേഖപ്പെടുത്തുന്നുണ്ട് (അന്നൂര്‍ അധ്യായം 39-40). ഭൗതിക പ്രസ്ഥാനത്തിന്റെ അമരക്കാരായിരുന്ന ചില പ്രമുഖരുടെ ദാരുണാന്ത്യത്തെപ്പറ്റി മുമ്പ് കേട്ടത് ഇതിനോട് ചേര്‍ത്തു വെച്ചപ്പോള്‍ ചിത്രം കൂടുതല്‍ തെളിഞ്ഞു. 'ദിവ്യപ്രകാശം ലഭിക്കാത്തവന് മറ്റൊരു പ്രകാശവും ലഭിക്കാനില്ല തന്നെ' എന്ന ഖുര്‍ആനിന്റെ തുടര്‍ പരാമര്‍ശം ഏറെ ഇരുത്തിച്ചിന്തിപ്പിച്ചു. ദൈവദത്തമായ പ്രകാശത്തിന്റെ ശേഷിപ്പുകളല്ലേ മുസ്്‌ലിം നാടുകളെയും പ്രദേശങ്ങളെയും സമൂഹത്തെയും താരതമ്യേന ആത്മഹത്യയില്‍നിന്ന് തടയുന്നതെന്ന് ആലോചിക്കാനും ഇത് നിമിത്തമായി.
എന്നാല്‍, മുസ്്‌ലിം സമൂഹത്തിന് ഈ സവിശേഷത പതുക്കെ നഷ്ടമായിത്തുടങ്ങുന്നുണ്ടോ എന്നും ആലോചിക്കണം. ദൈവദത്തമായ പ്രകാശത്തിന്റെ ശേഷിപ്പുകള്‍ക്ക് മങ്ങലേറ്റ് തുടങ്ങിയോ? ഈയിടെ മുസ്്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ചില ഒറ്റപ്പെട്ട ആത്മഹത്യാ പ്രവണതകള്‍ വിദ്യാര്‍ഥികളില്‍ കണ്ടുതുടങ്ങിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി. പരീക്ഷയിൽ പ്രതീക്ഷിച്ച ഗ്രേഡ് ലഭിക്കാത്തതാണത്രെ ആത്മഹത്യക്ക് കാരണം! ഇസ്്‌ലാമിക ബോധമുള്ള കുടുംബങ്ങളില്‍ എങ്ങനെയാണ് ഇത്തരം പ്രവണത ഉടലെടുക്കുക? അന്തിമ വിജയം മരണാനന്തര ജീവിതത്തിലാണെന്ന് ഉറച്ച് വിശ്വസിക്കുന്നവരല്ലേ മുസ്്‌ലിംകള്‍? ഭൗതിക വിജയമാണ് ആത്യന്തിക വിജയമെന്ന് വിശ്വസിച്ചവര്‍ അത് നഷ്ടമാകുമ്പോള്‍ നിരാശരാവുക സ്വാഭാവികം.
ഈയിടെ ഭൗതിക വിദ്യാഭ്യാസ രംഗത്ത് പ്രശംസനീയമായ മുന്നേറ്റം നടത്തിയ സമുദായം ആത്മീയ വിദ്യാഭ്യാസരംഗത്ത് പിന്നോട്ട് പോയോ? എങ്കിലിത് അത്യാപത്തിലെത്തിക്കും. ഭൗതിക വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റം അനിവാര്യമാണ്. പക്ഷേ, മറുവശം അവഗണിച്ചാലോ? ഇതിനകം തന്നെ ഉന്നത വിദ്യാഭ്യാസം ലഭിച്ച പലരും കുടുംബങ്ങള്‍ക്കപമാനമുണ്ടാക്കി വിലപ്പെട്ട ജീവന്‍ കളഞ്ഞിട്ടില്ലേ? ഇസ്്‌ലാമിക സമൂഹം, സംഘടനകള്‍, വിദ്യാഭ്യാസ സമിതികള്‍... എല്ലാം അതീവ ജാഗ്രത പുലര്‍ത്തിയേ പറ്റൂ. രക്ഷിതാക്കളുടെ നിസ്സംഗതയും ഭൗതിക ചിന്തയും അത്യാപത്കരം.
കെ.സി ജലീല്‍ പുളിക്കല്‍
മികച്ച വിശകലനം
2023 മെയ് 16-ന്റെ ലക്കത്തിൽ 'കര്‍ണാടക: പ്രതിപക്ഷത്തിന് ആത്മവിശ്വാസം നല്‍കുന്ന വിജയം' എന്ന തലക്കെട്ടില്‍ എ. റശീദുദ്ദീന്‍ എഴുതിയ ലേഖനം, ഭാരതത്തിന്റെ ഭാവി രാഷ്ട്രീയത്തിന്റെ നാഡീസ്പന്ദനം നിരീക്ഷിച്ചു തയാറാക്കിയതാണ്. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തിലേക്കൊന്നും ഞാന്‍ പോകുന്നില്ല. എന്നാല്‍, അതിലെ ചില വ രികളിലേക്ക് വിരല്‍ ചൂണ്ടാതിരിക്കാൻ വയ്യാത്തതുകൊണ്ട് അതിവിടെ കുറിക്കട്ടെ:
- അടുത്ത വര്‍ഷം ഒരുപക്ഷേ, രാമക്ഷേത്രത്തിന്റെ പണി പൂര്‍ത്തിയാവുമായിരിക്കാം.
- മോദിയുടെ പുതിയ കൊട്ടാരവും പാര്‍ലമെന്റുമൊക്കെ അതും ദേശീയ മാഹാത്മ്യങ്ങളായി അവതരിപ്പിക്കപ്പെടുമായിരിക്കാം. 'ദീപസ്തംഭം മഹാശ്ചര്യം' മട്ടിലുള്ള സുഖിപ്പിക്കല്‍ അവസാനിപ്പിച്ച് ജനത്തിന് എന്ത് നല്‍കിയെന്ന ചോദ്യം കോണ്‍ഗ്രസും പ്രതിപക്ഷ സംഘടനകളും ചോദിച്ചാൽ അവര്‍ക്ക് നല്ലത്. തോല്‍ക്കുന്ന മോദി എടുത്തു പയറ്റുന്ന കപട ദേശീയതയെ കൊമ്പിന് പിടിച്ച് എതിരിടുകയേ നിവൃത്തിയുള്ളൂ.
ലേഖനത്തിന്റെ അവസാന പാരഗ്രാഫിലാണ് ശ്രദ്ധേയമായ വരികള്‍. ആ വരികള്‍ കുറിക്കാന്‍ വെറും അറിവും ബുദ്ധിയും മതിയാവില്ല; നട്ടെല്ല് കൂടി വേണം.
മമ്മൂട്ടി കവിയൂര്‍
Comments