പ്രമാണങ്ങൾ ഖനിച്ചു പോകുമ്പോൾ നാം കാണുന്ന ചരിത്ര സത്യങ്ങൾ
ചരിത്ര നിരാസവും ശൂന്യമാക്കപ്പെടലും ബോധപൂർവം നിർവഹിക്കപ്പെടുന്ന രാഷ്ട്രീയ പ്രവർത്തനമാണ്. ഒരു സമൂഹത്തിന്റെ ഉന്മൂലനം ലക്ഷ്യമാക്കിയാൽ അവർക്ക് ചരിത്രം നിഷേധിക്കുകയാണ് ആദ്യം ചെയ്യുക. അതോടെ ഗ്രന്ഥങ്ങളിലും രേഖപ്പുരകളിലും ആ സമൂഹത്തിന്റെ ചരിത്ര സാന്നിധ്യ സ്ഥലങ്ങൾ ശൂന്യമായിരിക്കും. ചരിത്രത്തിലേക്ക് വേരുപടലങ്ങൾ ഇല്ലാത്തവരെ ദേശ യുക്തിയിൽനിന്ന് പുറന്തള്ളാൻ എളുപ്പമാവും. സ്വാഭാവികമായും അപ്പോൾ ചരിത്രരേഖകൾ കൊണ്ടുതന്നെയുള്ള വസ്തുനിഷ്ഠ പ്രതിരോധം അനിവാര്യമാകും. പാർശ്വവത്കൃത സമൂഹങ്ങൾ എപ്പോഴും പക്ഷേ, മറ്റുള്ളവർ എഴുതിവെച്ച ചരിത്രത്തിനകത്തു ജീവിക്കാൻ വിധിയുള്ളവരാണ്. ഇവർ സ്വന്തം ചരിത്രപ്പുളകങ്ങൾ തേടിയുള്ള സഞ്ചാരങ്ങളിൽ ഏർപ്പെട്ടാൽ അതു പോലും പ്രതിവൽക്കരിക്കാൻ വരേണ്യ ചരിത്രരചനക്ക് എളുപ്പത്തിൽ സാധ്യമാകും.
ഇങ്ങനെയുള്ള ഒരു സങ്കീർണ കാലത്ത് സത്യചരിത്രങ്ങളും അതിന്റെയൊക്കെ ഉപാദാനങ്ങളും തേടി സഞ്ചരിക്കുക എന്നത് തന്നെ ഇന്നത്തെ ഇന്ത്യയിൽ തീക്ഷ്ണമായൊരു രാഷ്ട്രീയ പ്രവർത്തനമാണ്. അത്തരമൊരു ചരിത്ര സഞ്ചാരത്തിന്റെ രേഖകളും ഉപാദാനങ്ങളുമാണ് കേരള ഹെറിറ്റേജ് ഫൗണ്ടേഷൻ പ്രസിദ്ധീകരിച്ച എ.ടി യൂസുഫ്് അലിയുടെ 1921 രേഖവരി എന്ന ബൃഹത് സമാഹാരം. 800-ലേറെ താളുകളിലേക്ക് വികസിക്കുന്ന ഈ രേഖാ പുസ്തകം അപ്പാടെ അധിനിവേശ കൊടൂരതകൾക്കെതിരെ ഒരു സമൂഹം ഏറ്റെടുത്ത വിമോചന ദൗത്യത്തെ അസന്നിഹിതമാക്കാൻ ഉളരുന്ന കുൽസിതങ്ങൾക്കെതിരെയുള്ള തെളിവുകളും പ്രമാണരേഖകളും തന്നെയാണ്. നാല് ഭാഗങ്ങളായാണ് പുസ്തകം വിടരുന്നത്. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് മദ്രാസ് ജുഡീഷ്യൽ ആർക്കൈവ്സിൽ നിന്ന്, ഗവേഷകനായ എ.ടി യൂസുഫ്് അലി കണ്ടെടുത്ത അപൂർവ പുരാരേഖകളാണ് ഒന്നാം ഭാഗത്ത് എടുത്തുചേർത്തിട്ടുള്ളത്. മമ്പുറം ഫസൽ പൂക്കോയ തങ്ങളുമായി ബന്ധപ്പെട്ട നിരവധി അപൂർവ വിവരങ്ങൾ രേഖവരിയിൽ പ്രാധാന്യത്തോടെ ചേർത്തിട്ടുണ്ട്. മമ്പുറം അലവി തങ്ങളും ഫസൽ തങ്ങളും കൊളോണിയൽ വിരുദ്ധ പോരാട്ടത്തിലെ നിറ സാന്നിധ്യങ്ങൾ തന്നെയായിരുന്നു. മലബാർ വിമോചനപ്പോരാളികളുടെ തടവറ രേഖകൾ, ശിക്ഷാവിധികൾ തുടങ്ങി അപൂർവമായ നിരവധി സൂക്ഷ്മ വിവരങ്ങൾ രേഖവരി സമൃദ്ധമായി പങ്കുവെക്കുന്നു. ഒരു ജനതയുടെ ത്യാഗസുരഭിലമായ സഹനജീവിതം ഭരണകൂടം തന്നെ അടപടലം അദൃശ്യമാക്കുന്ന വർത്തമാനകാലത്ത് ഇത്തരം രേഖകൾ സംസാരിക്കുന്ന സാക്ഷ്യങ്ങൾ തന്നെയാണ്.
മലബാർ സമരത്തിന് അമ്പതാണ്ട് തികഞ്ഞപ്പോൾ പ്രസിദ്ധീകരിക്കപ്പെട്ട പ്രത്യേക പതിപ്പിൽ വന്ന മൗലികതയുള്ള കുറെ പ്രബന്ധങ്ങളും രേഖവരിയിൽ എടുത്തുചേർത്തിട്ടുണ്ട്. അധീശ ബ്രാഹ്മണ്യം ബോധപൂർവം തന്നെ ചരിത്രത്തിൽനിന്ന് ഇല്ലാതാക്കിയ സമരനായകൻ വാരിയൻ കുന്നത്തിനെ പ്രതി സർദാർ ചന്ത്രോത്ത് എഴുതിയ ഒരു ജീവചരിത്രമുണ്ടിതിൽ. സമരകാലത്ത് ഏറനാട് താലൂക്കിൽ ജീവിച്ചിരുന്ന ചന്ദ്രോത്തിന്റെ വാരിയൻ കുന്നൻ സ്മൃതികൾ തീർച്ചയായും ഹൃദ്യമായൊരു വായനാനുഭവമാണ്. 1946-ൽ ദേശാഭിമാനി പ്രസിദ്ധീകരിച്ച ലേഖനം ഇന്നേറെ പ്രസക്തവുമാണ്. സമരസംഘാടനത്തിൽ നേതൃപരമായ ചുമതലകൾ നിർവഹിച്ച നിരവധി ആരബ്ധ യൗവനങ്ങളുടെ ജീവിത നഖചിത്രങ്ങൾ ഈ രണ്ടാം ഭാഗത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ഒപ്പം സമര സഖാക്കൾ രചിച്ച നിരവധിയായ വിമോചന ഗീതകങ്ങളും പുസ്തകത്തിൽ എടുത്തുചേർത്തിട്ടുണ്ട്.
പുസ്തകത്തിലെ ഒരു പ്രധാന ഭാഗം അക്കാലങ്ങളിൽ കൊളോണിയൽ പട മലബാറിലെ നിസ്വജനതയ്ക്ക് നേരെ നടത്തിയ സമാനതകളില്ലാത്ത ക്രൂരതകളുടെ, ഇനിയും അനാവൃതമാക്കപ്പെടാത്ത പുരാരേഖകളാണ്. ഈ ഭാഗം വായിച്ചു പോകുമ്പോൾ ഉറക്കെ കരയാനോ ഒന്നു വിതുമ്പാൻ പോലുമോ ആവാതെ ഒരു നിമിഷം നാം സ്തംഭിച്ചു നിന്നുപോകും. വീടുകൾ തീയിട്ടും, ബയണറ്റുകൾ കൊണ്ട് കുത്തിക്കൊന്നും, മാനം കശക്കിയും, കാർഷികവിളകൾ ചാമ്പലാക്കിയും, കൊന്നും കൊലവിളിച്ചും അക്കാലത്ത് കൊളോണിയൽ അധീശത്വവും അവർ ഒപ്പം കൂട്ടിയ ജന്മി പ്രഭുത്വവും ഈ നാട്ടിൽ ചെയ്തുകൂട്ടിയ കൊടൂരതകളുടെ നേർചിത്രം ഈ പുസ്തകത്തിൽ തെളിയുന്നു. സ്ഥിതി രേഖകളും കൃത്യ പ്രമാണങ്ങളും ഉദ്ധരിച്ചു തന്നെയാണ് പുസ്തകം ഈ രംഗചിത്രീകരണം നടത്തിയിട്ടുള്ളത്.
പുസ്തകത്തിലെ പ്രധാനമായ മറ്റൊരു ഭാഗം, അക്കാലത്ത് ഏറനാട്ടിലെ ക്ഷേത്രങ്ങളെ പറ്റിയുള്ള സൂക്ഷ്മരേഖകളാണ്. സമരാനന്തരം കൊളോണിയൽ അധികൃതർ അംശം അധികാരിമാർക്കും ഊരാളന്മാർക്കും ക്ഷേത്രവിശേഷങ്ങൾ തേടി നിരവധി കത്തുകൾ അയച്ചിരുന്നു. ഇത്തരം സർക്കുലറുകളും, അതിന് അംശം അധികാരിമാരും ഊരാളന്മാരും നൽകിയ കൃത്യതയാർന്ന മറുപടിയുമാണ് ഈ ഭാഗത്ത് ക്രോഡീകരിച്ചിട്ടുള്ളത്. ക്ഷേത്ര ധ്വംസനമെന്നത് അസംബന്ധ ആരോപണം മാത്രമാണെന്നും മലബാറിലെ ക്ഷേത്ര സമുച്ചയങ്ങളത്രയും ഇരുപത്തി ഒന്നിലെ സ്വാതന്ത്ര്യ സമരകാലത്ത് ഒരു പോറലും ഏൽക്കാതെ സുരക്ഷിതമായിരുന്നുവെന്നും അംശം അധികാരിമാർ നൽകിയ സാക്ഷ്യ പ്രമാണങ്ങളുടെ ഒറിജിനൽ രേഖകളാണ് പുസ്തകത്തിൽ യൂസുഫ് അലി ഹാജരാക്കുന്നത്. ഇതോടെ ക്ഷേത്ര നശീകരണമെന്ന കൊളോണിയൽ ആഖ്യാനങ്ങളും അതിന്റെ ബലത്തിൽ സവർണ ചരിത്രകാരന്മാർ കെട്ടിപ്പൊക്കിയ വർഗീയതയുടെ വാൽമീകങ്ങളും ഉടഞ്ഞുപോകുന്നു. ഇത് ഗ്രന്ഥകാരൻ നടത്തിയ ധീരമായ ഒരു ചരിത്ര ദൗത്യമാണ്.
അങ്ങനെ ഇക്കാലം വരെയും പൊതുമണ്ഡലത്തിൽ മാത്രമല്ല, ചരിത്ര ഗവേഷകരുടെ കാഴ്ചയിൽ പോലും പെടാതെ സൂക്ഷ്മരേഖകളുടെ മഹാ ഖനികളിൽ സുഷുപ്തിയിൽ കഴിഞ്ഞ നിരവധി പ്രമാണങ്ങളാണ് പുസ്തകത്തിലൂടെ ഇപ്പോൾ വെളിപ്പെടുന്നത്. ഇതിന്റെ മാത്രം നിറവിൽനിന്ന് അധിനിവേശ വിരുദ്ധ പോരാട്ടം ഒരു പുനർപാരായണത്തിന് വിധേയമാക്കാവുന്നതാണ്. അത്രയ്ക്ക് ചരിത്രബലമുള്ള രേഖകളാണ് രേഖവരിയിലുള്ളത്. അക്കാലത്തെടുത്ത നിരവധി അപൂർവ ചിത്രങ്ങൾ പുസ്തകത്തിലുണ്ട്. ഇതിലെ ഏഴാം ഭാഗം അപ്പാടെ ചിത്രങ്ങളാണ്. മൂന്ന് പതിറ്റാണ്ട് നീണ്ടുനിന്ന ഗവേഷണ സപര്യയുടെ ഉപലബ്ധമാണ് ഈ പുസ്തകം. എഴുത്തുകാരന്റെ നെടുങ്കൻ നിരീക്ഷണങ്ങളോ ദീർഘ പ്രബന്ധങ്ങളോ ഇതിലില്ല. 830 പുറങ്ങളും രേഖകൾ കൊണ്ട് മാത്രം സമൃദ്ധമാണ്. അതുവെച്ച് നമുക്ക് ചരിത്രം ഖനിക്കാം. വഴിതെറ്റാതെ ഒരു ദീർഘ മധുരമായ ചരിത്ര സഞ്ചാരം സാധ്യമാകും. വിദ്യാർഥികൾക്ക്, ഗവേഷകർക്ക്, സാമാന്യ ജനത്തിന് ഇവർക്കൊക്കെയും ഇതൊരു സഞ്ചാര സുമാർഗമാണ്.
കേരള ഹെറിറ്റേജ് ഫൗണ്ടേഷൻ പ്രസാധനം നിർവഹിച്ച രേഖവരി വിതരണം ചെയ്യുന്നത് പ്രശസ്ത പ്രസാധക സ്ഥാപനമായ ഇസ്്ലാമിക് പബ്ലിഷിംഗ് ഹൗസാണ്. l
1921 രേഖവരി
എ.ടി യൂസുഫ് അലി
കേരള ഹെറിറ്റേജ്
ഫൗണ്ടേഷൻ
വില: 1600
Comments