Prabodhanm Weekly

Pages

Search

2023 മെയ് 19

3302

1444 ശവ്വാൽ 28

മാതൃപിതൃ പരിചരണം സ്വർഗത്തിലേക്കുള്ള വഴി

കെ.പി യൂസുഫ് പെരിങ്ങാല

وَعَنْ عَبْدِ الله بْن عَمْرو بْن الْعَاص رَضِيَ اللَّه عَنْهُما قَالَ: أَقْبَلَ رَجُلٌ إلى نَبِيِّ اللهِ صَلَّى اللَّهُ عليه وَسَلَّمَ فَقالَ: أُبَايِعُكَ علَى الهِجْرَةِ وَالْجِهَادِ، أَبْتَغِي الأجْرَ مِنَ اللهِ، قالَ: فَهلْ مِن وَالِدَيْكَ أَحَدٌ حَيٌّ؟ قالَ: نَعَمْ، بَلْ كِلَاهُمَا، قالَ: فَتَبْتَغِي الأجْرَ مِنَ اللهِ؟ قالَ: نَعَمْ، قالَ: فَارْجِعْ إلى وَالِدَيْكَ فأحْسِنْ صُحْبَتَهُمَا(متفق عليه)

 

അബ്ദുല്ലാഹിബ്നു അംരിബ്്നിൽ ആസ്വി(റ)ൽ നിന്ന്. അല്ലാഹുവിന്റെ ദൂതന്റെ അടുക്കലേക്ക് ഒരാൾ കടന്നുവന്ന് പറഞ്ഞു: ഹിജ്റയുടെയും ജിഹാദിന്റെയും കാര്യത്തിൽ  ഞാൻ അങ്ങയുമായി ബൈഅത്ത് ചെയ്യുന്നു. അല്ലാഹുവിന്റെ പ്രതിഫലമാണ് ഞാൻ കാംക്ഷിക്കുന്നത്. റസൂൽ(സ) ചോദിച്ചു: താങ്കളുടെ  മാതാപിതാക്കളിൽ ആരെങ്കിലും ജീവിച്ചിരിപ്പുണ്ടോ? അയാൾ: ഉണ്ട്, രണ്ട് പേരുമുണ്ട്. റസൂലിന്റെ ചോദ്യം: അല്ലാഹുവിങ്കൽ നിന്നുള്ള പ്രതിഫലം തന്നെയാണോ താങ്കൾ ആഗ്രഹിക്കുന്നത്? അയാൾ: അതെ. റസൂൽ: എങ്കിൽ താങ്കൾ താങ്കളുടെ മാതാപിതാക്കളിലേക്ക് തിരിച്ച് ചെല്ലുക, അവരുമായുള്ള സഹവാസം നന്നാക്കുക (ബുഖാരി, മുസ്‌ലിം).

 

അല്ലാഹുവും റസൂലും കഴിഞ്ഞാൽ ഒരു വിശ്വാസി ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നത് തന്റെ മാതാപിതാക്കളോടാണ് എന്നുണർത്തുന്ന ഇത്തരം നിരവധി പാഠങ്ങൾ ഖുർആനിലും ഹദീസിലും കാണാം.
"നിന്റെ റബ്ബ് അനുശാസിച്ചിരിക്കുന്നു: അല്ലാഹുവിനല്ലാതെ ഇബാദത്ത് പാടില്ല എന്നും മാതാപിതാക്കൾക്ക് നന്മ ചെയ്യണമെന്നും "(അൽ ഇസ്റാഅ് 23). ശിർക്ക് ചെയ്യാൻ അവർ നിന്നെ നിർബന്ധിച്ചാൽ അവരെ അനുസരിക്കരുതെന്നും തുടർന്ന് പറയുന്നു. ഒരിക്കൽ നബി(സ) പറഞ്ഞു: 'അവൻ നിന്ദ്യനാകട്ടെ, അവൻ നിന്ദ്യനാകട്ടെ. ആരാണത് എന്ന് ചോദിച്ചപ്പോൾ അവിടുന്ന് ഉത്തരം നൽകി: വൃദ്ധരായ മാതാപിതാക്കളെയോ അവരിൽ ഒരാളെയോ ലഭിച്ചിട്ടും സ്വർഗത്തിൽ കടക്കാത്തവൻ.'
ആദ്യം കൊടുത്ത ഹദീസിൽ സംശയരഹിതമായി അരുളിയിരിക്കുന്നു; മാതാപിതാക്കൾ ജീവിച്ചിരിക്കെ അവരോടൊത്ത സഹവാസവും അവരെ പരിചരിക്കുന്നതുമാണ് ഹിജ്റയെക്കാളും ജിഹാദിനെക്കാളും ഉത്കൃഷ്ടവും പുണ്യകരവുമായ പ്രവൃത്തി എന്ന്.
മുസ്‌ലിം സമൂഹത്തിൽ പൊതുവെ പ്രായം ചെന്നവർക്ക് വലിയ പരിഗണന ലഭിച്ചുവരുന്നുണ്ട്. വൃദ്ധസദനങ്ങളിലെ മുസ്‌ലിം സാന്നിധ്യവും അപൂർവമാണ് എന്നതും വസ്തുത. വലിയൊരു പൊതുനന്മയായും ഇസ്‌ലാമിന്റെ ഔന്നത്യമായും ഇത്തരമൊരു സാമൂഹിക പരിസരം രൂപപ്പെട്ടത് യാദൃഛികമല്ല. വിശുദ്ധ ഖുർആനും നബിചര്യയും മുസ്്ലിം സമൂഹത്തിൽ സൃഷ്ടിച്ചെടുത്ത ഉദാത്തഗംഭീരമായ പെരുമാറ്റ മര്യാദയുടെ പ്രതിഫലനമാണത്. ഈ ദൈവികാധ്യാപനങ്ങളെ അവർ തങ്ങളുടെ ശാശ്വത സൗഭാഗ്യത്തിനുള്ള അനുഗൃഹീത വഴിയായി ഉപയോഗപ്പെടുത്തുന്നു. തദ്ഫലമായി, വാർധക്യത്തിന്റെയും രോഗത്തിന്റെയും പീഡകളനുഭവിക്കുന്ന അനേകായിരം രക്ഷിതാക്കൾ തങ്ങളുടെ ശിഷ്ടജീവിതത്തിൽ മനഃസമാധാനം അനുഭവിക്കുന്നു.
മാതാപിതാക്കളോടുള്ള മക്കളുടെ ബാധ്യതയെപ്പറ്റി ചോദിച്ചപ്പോൾ റസൂലിന്റെ മറുപടി, 'അവർ നിന്റെ സ്വർഗവും നരകവുമാണ്' എന്നായിരുന്നു.
സാമൂഹിക പോരാട്ടവീഥികളിൽ തിളങ്ങാനുള്ള ആരുടെയെങ്കിലും പുറപ്പാടുകൾ, അല്ലാഹുവിന്റെ തൃപ്തി നേടാനുള്ള ത്യാഗപരിശ്രമമാണെന്ന തെറ്റിദ്ധാരണയിൽ, മാതാപിതാക്കളെ ശ്രദ്ധിക്കാതെയും അവരുടെ പരിചരണത്തിൽ വലിയ വീഴ്ചകൾ വരുത്തിയുമാണ് മുന്നോട്ട് പോകുന്നതെങ്കിൽ അത് നരകത്തിലേക്കുള്ള വഴി പണിയലായിരിക്കും. വിശ്വാസികൾ ആത്മവിചാരണ നടത്തുകയും കുറവുകൾ വന്നിട്ടുണ്ടെങ്കിൽ അവ ഉടനടി തിരുത്തുകയും ചെയ്യേണ്ടതുണ്ട്. ആ തിരുത്തൽ പാരത്രികമോക്ഷത്തോളം വിശാലവും ശാശ്വതവുമായ നേട്ടമായി പരിണമിക്കും. അത് ഇഹലോകത്ത് ആലംബഹീനരായ അനേകം വയോവൃദ്ധർക്ക് ആശ്വാസനിശ്വാസങ്ങളുടെ തണൽ വിരിക്കുകയും ചെയ്യും. l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 44 അദ്ദുഖാൻ സൂക്തം 40-50
ടി.കെ ഉബൈദ്‌

ഹദീസ്‌

മാതൃപിതൃ പരിചരണം സ്വർഗത്തിലേക്കുള്ള വഴി
കെ.പി യൂസുഫ് പെരിങ്ങാല