ക്രിസ്ത്യൻ സമൂഹത്തിനെതിരെ അതിക്രമങ്ങൾ വർധിക്കുന്നു
ഇക്കഴിഞ്ഞ ഫെബ്രുവരി 19-ന് ദല്‍ഹിയിലെ ജന്തര്‍ മന്തറില്‍ അഭൂതപൂർവമായ ഒരു ധര്‍ണാ സമരം അരങ്ങേറി. ക്രിസ്ത്യൻ സമൂഹത്തിൽ പെട്ട രണ്ടായിരത്തിലേറെ പേർ തങ്ങളുടെ ബിഷപ്പുമാരുടെയും പാതിരിമാരുടെയും കന്യാസ്ത്രീകളുടെയുമൊക്കെ നേതൃത്വത്തില്‍ കൂട്ടപ്രതിഷേധവുമായി വന്നത്, അവര്‍ക്കെതിരെ രാജ്യത്തുടനീളം വര്‍ധിച്ചുവരുന്ന അതിക്രമങ്ങളിലേക്ക് ജനശ്രദ്ധ ക്ഷണിക്കാനായിരുന്നു. ദൽഹി എന്‍.സി.ആറിനകത്തെ ക്രൈസ്തവ സംഘടനകളാണ് ഈ സമരം ആസൂത്രണം ചെയ്തത്. വംശീയ അതിക്രമങ്ങളുടെയും അവഗണനയുടെയും ദിനംപ്രതി വര്‍ധിച്ചുവരുന്ന ആക്രമണങ്ങളുടെയും കണക്കുകള്‍ ഉയര്‍ത്തിക്കാട്ടി നടത്തിയ സമരത്തില്‍ ബാപ്റ്റിസ്റ്റ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്, യുനൈറ്റഡ് പെന്തക്കോസ്ത് ചര്‍ച്ച്, നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ, മണിപ്പൂര്‍ ഇവാഞ്ചലിക്കല്‍ ലൂഥറന്‍ ചര്‍ച്ച് തുടങ്ങി 79 സംഘടനകള്‍ പങ്കെടുത്തു. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയില്‍ ആദ്യമായാണ് ഇത്തരമൊരു പ്രതിഷേധ പരിപാടിയെന്ന് ആ സംഘടനകള്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ എടുത്തു പറഞ്ഞിരുന്നു. ദലിത് ക്രിസ്ത്യാനികളുടെ വിഷയത്തിലാണ് ഇതിനു മുമ്പ് ദല്‍ഹി ഇത്തരമൊരു പ്രതിഷേധത്തിന് സാക്ഷിയായത്.
ക്രിസ്ത്യന്‍ സമൂഹത്തിനു നേരെ നടക്കുന്ന ആക്രമണങ്ങള്‍ ആസൂത്രിതമാണെന്നാണ് സമരക്കാര്‍ ചൂണ്ടിക്കാട്ടിയത്. ഇക്കാര്യത്തില്‍ സംസ്ഥാന ഗവണ്‍മെന്റുകളുടെയും പൊതു സമൂഹത്തിന്റെയും ജുഡീഷ്യറിയുടെയുമൊക്കെ അടിയന്തര ഇടപെടല്‍ ഉണ്ടാവണമെന്ന് അവർ ആവശ്യപ്പെട്ടു. 'സംസ്ഥാന ഭരണകൂടങ്ങള്‍ ഞങ്ങളെ ചതിക്കുകയാണ്. കര്‍ണാടക, ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ്, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ഗവണ്‍മെന്റുകള്‍ അടിയന്തരമായി ഞങ്ങളുടെ പരാതികളില്‍ നടപടിയെടുക്കാന്‍ തയാറാവണം'- സമരവേദിയില്‍ പ്രക്ഷോഭകരെ അഭിസംബോധന ചെയ്ത് എഴുത്തുകാരനും ആക്ടിവിസ്റ്റുമായ ജോണ്‍ ദയാൽ പറഞ്ഞു.
ധര്‍ണയുടെ തലേദിവസം യുനൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ (യു.സി.എഫ്) ആഭിമുഖ്യത്തില്‍ സംഘടനയുടെ അധ്യക്ഷനായ മിഖായേല്‍ വില്യംസും ജോണ്‍ ദയാലും മനുഷ്യാവകാശ പ്രവര്‍ത്തക മീനാക്ഷി സിംഗും ചേര്‍ന്ന്, ദല്‍ഹിയില്‍ ഇത്തരം കുറ്റകൃത്യങ്ങളെ കുറിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. 2014-നു ശേഷം ക്രിസ്ത്യാനികള്‍ക്കു നേരെ രാജ്യത്ത് നടക്കുന്ന വിദ്വേഷ ആക്രമണങ്ങളുടെ തോത് 400 ശതമാനം വര്‍ധിച്ചുവെന്നാണ് കണക്കുകള്‍ പറയുന്നത്. 2014-ല്‍ ഇത്തരം ആക്രമണങ്ങളുടെ എണ്ണം 147 ആയിരുന്നുവെങ്കില്‍ 2022-ല്‍ അത് 598-ലേക്കെത്തി. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആക്രമണങ്ങളുടെ 186 എണ്ണവും വരവുവെച്ച ഉത്തര്‍ പ്രദേശാണ് മുന്നിലുള്ളത്. ഛത്തീസ്ഗഢില്‍ 132-ഉം ഝാര്‍ഖണ്ഡില്‍ 51-ഉം കര്‍ണാടകയില്‍ 37-ഉം തമിഴ്‌നാട്ടില്‍ 33-ഉം ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മതംമാറ്റ നിരോധന നിയമമനുസരിച്ച് 74 കേസുകളാണ് 2022-ല്‍ മാത്രം രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഇതില്‍ 56-ഉം ഉത്തര്‍ പ്രദേശില്‍നിന്നാണ്. രാജ്യത്ത് ഏറ്റവുമധികം ക്രിസ്തുമത വിശ്വാസികളെ അറസ്റ്റ് ചെയ്തതും യു.പിയിലാണ്; 332 പേരെ. കര്‍ണാടകയില്‍ 40, മധ്യപ്രദേശില്‍ 21, ഉത്തരാഖണ്ഡില്‍ 21 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ കണക്കുകള്‍.
ക്രിസ്ത്യാനികള്‍ക്ക് റേഷന്‍ നിഷേധിച്ചതും ശവമടക്കിന് സ്ഥലം നല്‍കാത്തതുമായ സംഭവങ്ങളുണ്ടെന്ന് ജോണ്‍ ദയാല്‍ പറഞ്ഞു. ഞായറാഴ്ച പ്രാര്‍ഥനകള്‍ക്കു നേരെ നടക്കുന്ന ആക്രമണങ്ങള്‍, ഛത്തീസ്ഗഢില്‍ ആദിവാസി ക്രിസ്ത്യാനികള്‍ക്ക് ഘർ വാപസി നടത്തണമെന്ന് ആവശ്യപ്പെട്ട് ലഭിക്കുന്ന അന്ത്യശാസനകള്‍, അതേ തുടര്‍ന്ന് അവരെ ഗ്രാമങ്ങളില്‍നിന്ന് ബലം പ്രയോഗിച്ച് ഒഴിപ്പിച്ച സംഭവങ്ങള്‍, അങ്ങനെ ആട്ടിയോടിക്കപ്പെട്ടവര്‍ കാടുകളില്‍ താമസിക്കാന്‍ നിര്‍ബന്ധിതരായത് എന്നിങ്ങനെ നിരവധി ഉദാഹരണങ്ങള്‍ അദ്ദേഹം എടുത്തു പറഞ്ഞു. ബസ്തര്‍ കാടുകളില്‍നിന്ന് ആദിവാസി ക്രിസ്ത്യാനികള്‍ കുടിയൊഴിപ്പിക്കപ്പെടുന്നത് കഴിഞ്ഞ ഡിസംബറില്‍ തന്നെ ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നുവെന്ന് മിഖായേല്‍ വില്യംസ് ചൂണ്ടിക്കാട്ടി. പക്ഷേ, അതിനു ശേഷവും ബലം പ്രയോഗിച്ചുള്ള കുടിയൊഴിപ്പിക്കലുകള്‍ക്ക് ഒരു ശമനവും ഉണ്ടായില്ല. 'ഹിന്ദുത്വ ഗ്രൂപ്പുകള്‍ ആഗ്രഹിക്കുന്നത് ഫാദറും (ക്രിസ്ത്യന്‍) ചാദറും (മുസ്‌ലിംകളെ ഉദ്ദേശിച്ച്) ഇല്ലാത്ത ഇന്ത്യ'യാണെന്ന് ജോണ്‍ ദയാല്‍ കുറ്റപ്പെടുത്തി. ദേശീയ ന്യൂനപക്ഷ കമീഷനിലെ അഞ്ച് അംഗങ്ങളില്‍ ഒരാള്‍ പോലും ക്രിസ്ത്യാനിയല്ല. അവര്‍ ഞങ്ങളെ ഒരു പാഠം പഠിപ്പിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. അതെന്താണെന്ന് അവര്‍ തന്നെയാണ് പറയേണ്ടത്' - ദയാല്‍ തുടര്‍ന്നു.
സമരവേദിയില്‍ പരാമര്‍ശിക്കപ്പെട്ട ഫിയാകോനയുടെ (ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ ക്രിസ്ത്യന്‍സ് ഓഫ് നോര്‍ത്ത് അമേരിക്ക) റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്, ഇന്ത്യന്‍ ക്രിസ്ത്യാനികള്‍ക്കു നേരെ 1198 ആക്രമണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ്. ഈ റിപ്പോര്‍ട്ടിലും ഉത്തര്‍ പ്രദേശിനാണ് ഒന്നാം സ്ഥാനം. അവിടത്തെ ക്രിസ്ത്യാനികള്‍ക്കു നേരെ 334 ആക്രമണങ്ങള്‍ നടന്നു. ഛത്തീസ്ഗഢില്‍ 195-ഉം മധ്യപ്രദേശില്‍ 113-ഉം ഝാര്‍ഖണ്ടില്‍ 76-ഉം തമിഴ്‌നാട്ടില്‍ 66-ഉം ആക്രമണങ്ങള്‍ അരങ്ങേറി. പോയ വാരം മധ്യപ്രദേശില്‍ നടന്ന ഒരു അക്രമ സംഭവത്തില്‍ നര്‍മദാപുരം ജില്ലയിലെ ഒരു ചര്‍ച്ച് തകര്‍ക്കപ്പെട്ടു. ചർച്ചിന്റെ മതിലില്‍ 'റാം' എന്ന് എഴുതിവെച്ചതിനും ചര്‍ച്ചിലെ ഫര്‍ണിച്ചറുകള്‍ തീയിട്ട് നശിപ്പിച്ചതിനും മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി. ഞായറാഴ്ച കുര്‍ബാന നടക്കുന്ന ഹാള്‍ മൊത്തമായി തീവെച്ചു നശിപ്പിക്കാനായിരുന്നു അവരുടെ ശ്രമം. l
(ദ വയർ, 2023 ഫെബ്രുവരി 20)
Comments