നികുതിയിളവിലെ നുണയാട്ടങ്ങൾ
പ്രതികരണം
മധ്യപ്രദേശ് ഭരണകൂടം 'ദ കേരള സ്റ്റോറി' സിനിമക്ക് നികുതിയിളവ് പ്രഖ്യാപിച്ചിരിക്കുന്നു. 'ദ കശ്മീർ ഫയൽസ്' എന്ന പ്രൊപഗണ്ടാ സിനിമക്കും ഹിന്ദുത്വ ഭരണം കൈയാളുന്ന സംസ്ഥാനങ്ങൾ നികുതിയിളവ് നൽകിയിരുന്നു. രണ്ടു സിനിമകൾക്കും പ്രധാനമന്ത്രിയുടെ ആശീർവാദം വേണ്ടുവോളമുണ്ട്. ഭീകരവാദികളെ തുറന്നുകാട്ടുന്നതും സത്യം പറയുന്നതുമായ സിനിമ എന്നാണ്, കർണാടകയിലെ ബെല്ലാരിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രസംഗിക്കെ, നരേന്ദ്ര മോദി 'കേരള സ്റ്റോറി'യെക്കുറിച്ച് ഊറ്റം കൊണ്ടത്. 'ദ കശ്മീർ ഫയൽസ്' എല്ലാവരും കാണണമെന്ന് പ്രഖ്യാപിച്ചതും ആശീർവദിച്ചതും അതേ മോദി തന്നെ. അതുണ്ടാക്കിയ മുറിവുകൾ ഇനിയും ഉണങ്ങാതെ കിടക്കുമ്പോഴാണ് നുണയുടെ ഈർച്ചവാളുമായി 'കേരള സ്റ്റോറി' എത്തുന്നത്. കശ്മീർ ഫയൽസ് കാണാൻ വേണ്ടി ഒരു ദിവസം മുഴുക്കെ അവധി അനുവദിച്ച് നൽകിയ പോലെ ഇതിനും സർക്കാർ ഉദ്യോഗസ്ഥർക്കും നിയമപാലകർക്കും ഒരു ദിവസം അവധി നൽകിയാലും അതൊരു പുതു വാർത്തയാകില്ല.
കശ്മീർ എന്ന സംസ്ഥാനത്തെയും കശ്മീരി മുസ്്ലിംകളെയും വികലമായി അവതരിപ്പിക്കുകയായിരുന്നു 'ദ കശ്മീർ ഫയൽസ്' എങ്കിൽ, കേരളത്തെ തീവ്രവാദത്തിന്റെ ഹബ്ബാക്കി മാറ്റുകയായിരുന്നു 'ദ കേരള സ്റ്റോറി'യുടെ ലക്ഷ്യം. മതംമാറ്റശേഷം പിതാവിനെ കാഫിറെന്ന് വിളിക്കുന്ന, ആ പിതാവിന്റെ നേർക്ക് കാർക്കിച്ച് തുപ്പുന്ന, ഐ.എസ് റിക്രൂട്ടിങ് ഏജന്റിന്റെ തലപ്പത്ത് ഒരു മലപ്പുറത്തുകാരി പെൺകുട്ടിയെ പ്രതിഷ്ഠിക്കുന്ന, പഠനകാലയളവിൽ ഹിന്ദു- ക്രിസ്ത്യൻ പെണ്‍കുട്ടികളോട് സൗഹൃദപ്പെടുന്ന മുസ്്ലിം സഹപാഠി ഭീഷണിയാണെന്ന് ധ്വനിപ്പിക്കുന്ന, ഹോസ്റ്റൽ ജീവിതത്തിൽ റൂംമേറ്റായി ഒരു മുസ്്ലിമിനെ കിട്ടിയാൽ അകലം പാലിക്കണമെന്ന സന്ദേശം നൽകുന്ന, പർദ കത്തിച്ച് വിരാമമിടുന്ന ഒരു സിനിമക്ക് ഇസ്്ലാമോഫോബിക് സമൂഹത്തിൽ ആഴത്തിലുള്ള വേരോട്ടം ലഭിക്കുമെന്നത് സ്വാഭാവിക പരിണതിയാണ്.
സാക്ഷര കേരളത്തെ പൈശാചികവത്കരിക്കുന്ന ഒരു സിനിമ എന്നതിനപ്പുറം, വിദ്യാഭ്യാസത്തിന് പറഞ്ഞയക്കുന്ന ഹിന്ദു-ക്രിസ്ത്യൻ മാതാപിതാക്കളുടെ മനസ്സിൽ കനൽ കോരിയിട്ട്, അതുവഴി കേരള രാഷ്ട്രീയ- സാംസ്കാരിക ഭൂമികയിൽ കാലൂന്നി വിഭജനരാഷ്ട്രീയം വിജയിപ്പിച്ചെടുക്കുക എന്ന ഗൂഢതന്ത്രം ഈ സിനിമയുടെ പ്രമേയപരിസരത്തുനിന്ന് വായിച്ചെടുക്കാനാവുന്നുണ്ട്.
സത്യത്തിന് സഞ്ചരിക്കാൻ ഇന്നേറെ ഊർജവും സമയവും പാതയും ഒരുക്കേണ്ട സാഹചര്യത്തിലാണ് നുണക്കൂമ്പാരങ്ങളെ അഭ്രപാളികളിലേക്ക് പടർത്തി സമൂഹത്തെയാകെ അരാഷ്ട്രീയവത്കരിക്കാനും വർഗീയവത്കരിക്കാനും പ്രതിലോമ ശക്തികൾ കൊണ്ടുപിടിച്ച് ശ്രമിക്കുന്നത്. എ.ആർ റഹ്്മാൻ, റസൂൽ പൂക്കുട്ടി, മണിരത്നം പോലുള്ള കലാകാരന്മാരുടെ പ്രതിരോധ സ്വരങ്ങള്‍ സമാന്തരമായി ഉയർന്നുവന്നത് ആശ്വാസവും ശുഭോദർക്കവുമാണ്.
ഒരേ മതിൽ പങ്കിടുന്ന പാളയം പള്ളിയുടെയും ഗണപതി കോവിലിന്റെയും ചിത്രം പങ്കുവെച്ച് 'ഇതാണ് എന്റെ കേരള സ്റ്റോറി' എന്ന് ട്വീറ്റ് ചെയ്താണ് ഓസ്കാർ അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടി നുണസ്റ്റോറിയോട് പ്രതിഷേധം രേഖപ്പെടുത്തിയത്.
ഇതാ യഥാർഥ കേരള സ്റ്റോറി എന്ന് കുറിച്ചുകൊണ്ട് എ.ആർ റഹ്്മാൻ, കായംകുളം ചേരാവള്ളി മസ്ജിദ് അങ്കണത്തിൽ ഹൈന്ദവ ആചാര പ്രകാരം നടത്തപ്പെട്ട ഹിന്ദുവിവാഹത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് ജനശ്രദ്ധ പിടിച്ചുപറ്റി. സാമ്പത്തിക പരാധീനത അനുഭവിക്കുന്ന ഹിന്ദു യുവതിയുടെ കല്യാണത്തിന് കാർമികത്വം വഹിച്ച് മതനിരപേക്ഷ മാതൃക സൃഷ്ടിച്ചത് വീണ്ടും ചർച്ചയായപ്പോൾ അത് പരിവാറിന്റെ ആൾക്കൂട്ടത്തെ വിറളി പിടിപ്പിച്ചു. എ.ആർ റഹ്്മാന്റെ സംഗീതത്തിന് അന്നേവരെ താളംപിടിച്ച വിരലുകൾ 'നീയാണ് യഥാർഥ ജിഹാദി' എന്ന് ചൂണ്ടുന്നതാണ് പിന്നീട് ഇന്ത്യ സാക്ഷ്യം വഹിച്ചത്.
സിനിമയുടെ പ്രമേയം യഥാർഥ സംഭവത്തെ കേന്ദ്രീകരിച്ചല്ലെന്നും സാങ്കൽപിക കഥയാണെന്നും, സിനിമയുടെ തുടക്കത്തിൽ അത് എഴുതിക്കാണിക്കുമെന്നും, തെറ്റ് പറ്റിയ സിനിമാടീസർ സാമൂഹികമാധ്യമങ്ങളിൽനിന്ന് പിൻവലിക്കുമെന്നും 'കേരള സ്റ്റോറി'യുടെ നിർമാതാവ് ഹൈക്കോടതിയിൽ ബോധിപ്പിച്ചത് ചരിത്രബോധമുള്ള ജനാധിപത്യ വിശ്വാസികളുടെ നിയമ പോരാട്ടങ്ങളുടെ ഫലമായിട്ടായിരുന്നു. എന്നിരുന്നാലും വർഗീയ-വിഭജന രാഷ്ട്രീയത്തെ ഉദ്ദീപിപ്പിക്കാൻ ഈ സിനിമ കൈയാളുന്ന പ്രമേയത്തിന് കരുത്തുണ്ട്. ചരിത്ര പിൻബലമില്ലാത്ത വ്യാജങ്ങളെന്തും വിശ്വസിക്കാൻ തക്ക അൽപജ്ഞാനികളെ ഉൽപാദിപ്പിക്കുന്ന ഹിന്ദുത്വയുടെ ആൾക്കൂട്ടങ്ങളെ ഈ സിനിമ മത്തുപിടിപ്പിക്കുന്നുണ്ടെന്ന് സൈബർസ്ഥലികളിലെ വിഭ്രാന്തികളും ഉന്മാദങ്ങളും വ്യക്തമാക്കുന്നു.
യഥാർഥ കേരള സ്റ്റോറി ഉപാധികളില്ലാത്ത സ്നേഹത്തിന്റേതും സഹവർത്തിത്വത്തിന്റേതുമാണെന്ന്, കേരളത്തെ പൈശാചികവത്കരിക്കാൻ ഇറങ്ങിപ്പുറപ്പെട്ടവർക്ക് ബോധ്യമില്ലാതിരിക്കില്ല. അതിന് തുരങ്കം വെക്കാവുന്ന എന്തും വിഭജന രാഷ്ട്രീയത്തിന് ഇന്ധനമാണ്. സിനിമയാകട്ടെ, ചരിത്ര വക്രീകരണമാകട്ടെ, പാഠപുസ്തകത്തിലേക്കുള്ള നുഴഞ്ഞുകയറ്റമാകട്ടെ എന്തിനും കൃത്യമായ അജണ്ടയുണ്ട്. ദൂരദർശനിലൂടെ മുടക്കമില്ലാതെ രാമായണം, മഹാഭാരതം എന്നീ രണ്ടു സീരിയലുകൾ പ്രദർശിപ്പിച്ച് ബാബരി മസ്ജിദിന്റെ പതനത്തിന് പൊതു സ്വീകാര്യത ഉറപ്പിക്കാൻ കരുക്കൾ നീക്കിയ അതേ ഉറവിടത്തിൽനിന്ന് തന്നെയാണ് 'ദ കേരള സ്റ്റോറി'യും 'ദ കശ്മീർ ഫയൽസും' നുണയുടെ കാളകൂടവിഷം പുരട്ടി പുറത്തുചാടുന്നതും നികുതിയിളവിൽ നുണയാട്ടമാടുന്നതും. l
Comments