Prabodhanm Weekly

Pages

Search

2023 മെയ് 19

3302

1444 ശവ്വാൽ 28

ദ കശ്മീർ ഫയൽസും ദ കേരള സ്റ്റോറിയും പിന്നെ പത്താനും

സ്വദഖത്ത് സെഞ്ചർ

ഇന്ത്യൻ ഫിലിം ബോർഡിൽ അംഗമായ  വിവേക് അഗ്നിഹോത്രി എന്ന സംവിധായകനിൽനിന്ന് കശ്മീർ ഫയൽസ് പോലുള്ള ഒരു സിനിമ പുറത്തുവന്നുവെന്നത് തന്നെയാണ് ഇന്ത്യൻ ഫിലിം ഇൻഡസ്ട്രിയുടെ ആദ്യത്തെ പോരായ്മ.  കശ്മീരിലെ മനുഷ്യർ തീവ്രവാദികളായും രാജ്യത്തെ ഒറ്റുകൊടുക്കുന്ന ദേശ വിരുദ്ധരായും ചിത്രീകരിക്കപ്പെടുന്ന സിനിമ റിലീസ് ചെയ്തതിന് പിന്നിൽ  ഭരണകൂട/അധികാരവർഗ കൈകടത്തലില്ലേ എന്ന ചോദ്യം അത്ര വേഗം തള്ളപ്പെടേണ്ട ഒന്നല്ല.
ബോളിവുഡിലെ 'കിങ് ഖാന്റെ' കം ബാക്ക് ആയി വിലയിരുത്തപ്പെട്ട 'പത്താൻ' പ്രതീക്ഷിച്ചതിലധികം കളക്്ഷൻ നേടിയത് സംഘ് പരിവാറിന്റെ നിരോധനാ മുറവിളികളുടെ ആഫ്റ്റർ എഫക്ട് കൊണ്ട് തന്നെയാണ്. നായകൻ ഒരു ഖാൻ മുസ്്ലിമായതു കൊണ്ടും, സിനിമ മറ്റെല്ലാറ്റിനെയും വെല്ലുന്ന തരത്തിൽ വിജയിച്ചു കഴിഞ്ഞാൽ അതിന്റെ ക്രെഡിറ്റ്‌ ആ ഖാന് ലഭിക്കുമെന്നുള്ളതു കൊണ്ടുമാണ് യഥാർഥത്തിൽ ഭരണകൂട തൽപര കക്ഷികൾക്ക് പത്താൻ ദഹിക്കാതെ പോയതെങ്കിലും പുറത്തു വന്ന കാരണമാവട്ടെ, നായികയുടെ അടിവസ്ത്രത്തിന്റെ നിറം കാവി ആയതും. എന്നാൽ, അടിവസ്ത്രം പോലും കാവിയണിയുന്ന നായികയുടെ സിനിമ നമ്മളുടേത് കൂടിയല്ലേ എന്ന വലത് സൈബർ ചിന്തയെങ്കിലും അവർക്ക് ഉദിക്കണമായിരുന്നു.
ഫാഷിസ്റ്റ് സിനിമാ ശ്രേണിയിലെ ഒടുവിലത്തെ കണ്ണിയാണ് 'ദ കേരള സ്റ്റോറി.' ഉത്തരേന്ത്യൻ സംവിധായകനായ സുദീപ്്തോ സെന്നിന്റെ സിനിമയായതു കൊണ്ടല്ല അത് ഫാഷിസ്റ്റ് ലേബലിൽ അറിയപ്പെടുന്നത്. മുപ്പത്തി രണ്ടായിരത്തിൽ പരം മുസ്്ലിം സ്ത്രീകൾ കേരളത്തിൽനിന്ന് ഇറാഖിലെ ഐസിസിൽ ചേക്കേറിയെന്നും തീവ്രവാദ പ്രവർത്തനമാണ് അവരുടെ ലക്ഷ്യമെന്നുമുള്ള വിഷലിപ്ത സന്ദേശമാണ് സിനിമയുടേത്. എന്നാൽ, തെളിവ് കൊണ്ടുവരുന്നവർക്ക് ഇനാം പ്രഖ്യാപിക്കപ്പെട്ടതോടെ മുപ്പത്തി രണ്ടായിരം മൂന്നിലേക്ക് മലക്കം മറിഞ്ഞിട്ടുണ്ട്.
നിരോധിക്കപ്പെട്ടതുകൊണ്ട് ഒന്നും നിരോധിതമാവുന്നില്ല എന്നതുകൊണ്ട് തന്നെ നിരോധനമല്ല പരിഹാരം. മറിച്ച്, കൃത്യമായ സെൻസർഷിപ്പ് സിസ്റ്റവും  കണ്ടന്റ് / ഫാക്ട് ചെക്കിങ് സംവിധാനവും സിനിമാ മേഖലയിൽ കാര്യക്ഷമമായി ഉണ്ടെന്ന് ഉറപ്പ് വരുത്തണം.

 

ചിന്തനീയമായ ലേഖനം


           'ഈദുൽ ഫിത്വ്്ർ വിജയങ്ങളുടെ ആഘോഷം' എന്ന തലക്കെട്ടിൽ സദ്റുദ്ദീൻ വാഴക്കാട് എഴുതിയ ലേഖനം (2023 ഏപ്രിൽ 21) വായിച്ചു. പരിശുദ്ധ റമദാനിനെയും ഈദുൽ ഫിത്വ്്റിനെയും കാലഘട്ടത്തിന്റെ ഭാഷയിൽ അവതരിപ്പിക്കുന്നതായിരുന്നു ലേഖനം.
അക്കമിട്ടു പറഞ്ഞ അല്ലാഹു അക്ബറിന്റെ വായനകൾ, ഇന്നത്തെ മുസ്്ലിം യുവത്വത്തെ കരുത്തുറ്റ കാഴ്ചപ്പാടുകളിലേക്ക് നയിക്കുന്നതാണ്. ലേഖനം വായിച്ച എന്റെ പല സുഹൃത്തുക്കളും ഈ അഭിപ്രായം ഫോൺ വഴി അറിയിക്കുകയുണ്ടായി.
മുഹമ്മദ് വെട്ടത്ത്

 

സുഡാൻ പ്രശ്ന പരിഹാരത്തിന് മുസ്്ലിം രാഷ്ട്രങ്ങൾ ഇടപെടണം


  സുഡാനിൽ നടക്കുന്ന സൈനികരും അർധസൈനികരും തമ്മിലുള്ള പോരാട്ടം അവസാനിപ്പിച്ചു അവിടെ സമാധാനം പുനഃസ്ഥാപിക്കാൻ മുസ്്ലിം രാഷ്ട്രങ്ങൾ ചേർന്ന് പുതിയൊരു പദ്ധതിക്ക് രൂപം നൽകണം. സുഡാൻ ജനതക്ക് സമാധാനപരമായി ജീവിക്കാനുള്ള അവസരം ഇല്ലാതായിരിക്കുന്നു. ഇനിയെന്ന് സമാധാനാന്തരീക്ഷം തിരിച്ചുവരുമെന്ന് പറയാനും കഴിയില്ല. എന്നാൽ, സുഊദി അറേബ്യ ഉൾപ്പെടെയുള്ള രാഷ്ട്രങ്ങൾ ചേർന്നാൽ രാജ്യത്ത് സമാധാനാന്തരീക്ഷം തിരിച്ചുകൊണ്ടുവരാൻ സാധിക്കും.
അബ്ദുൽ മാലിക്  മുടിക്കൽ

 

ഐ.പി.എച്ച് അങ്ങനെ പരിമിതപ്പെടേണ്ടതുണ്ടോ?


എടയൂരിലെ ഒരു മുരുക്കുംപെട്ടിയില്‍നിന്ന് തുടങ്ങി ഐ.പി.എച്ചിന്റെ പ്രയാണം ഏഴര പതിറ്റാണ്ട് പിന്നിട്ട് ഒരു വലിയ പ്രസാധക സംരംഭമാക്കിയിരിക്കുന്നു. അന്ന് ഐ.പി.എച്ചിന്റെ പേരുതന്നെ പുതുമയായിരുന്നു. 1940-കളിലും തുടര്‍ന്നും ഇസ്്‌ലാമിക സാഹിത്യം എന്ന പേരുപോയിട്ട് ഇസ്്‌ലാമിനെ യഥാവിധം അവതരിപ്പിക്കുന്ന പുസ്തകങ്ങള്‍ വളരെ ദുർലഭമായിരുന്നു. അന്ന് തിരൂരങ്ങാടിയില്‍നിന്നും മറ്റും  ഇറങ്ങിയിരുന്നത് കിസ്സകളും കെസ്സുകളും പാട്ടുകളുമായിരുന്നു. അന്നത്തെ തലമുറയിലെ യുവതികളുടെയും ഉമ്മമാരുടെയും ഉമ്മൂമ്മമാരുടെയും കിടക്കപ്പായയില്‍ തലയിണയോടൊപ്പം ഇവ കാണും. അവരത് വായിച്ചും പാടിയും രസിക്കും. പിന്നീടുള്ളത് മാലകളും മൗലിദുകളുമായിരുന്നു. ഞങ്ങളുടെ വീട്ടില്‍ '313 വക'യുള്ള ഒരു കിത്താബ് ഉണ്ടായിരുന്നു. മഞ്ഞക്കുളം മാല, നഫീസത്തു മാല, മുഹ്്യിദ്ദീന്‍ മാല മുതലായവയും, മൗലിദുകളും റാത്തീബുകളും, ദീനിയാത്തും അമലിയാത്തും, പൊന്നാനി അച്ചില്‍ അച്ചടിച്ചുവരുന്ന മുസ്ഹഫുകളും. ഇതായിരുന്നു അന്നത്തെ പ്രസിദ്ധീകരണങ്ങള്‍.
അറബിമലയാളത്തിനായിരുന്നു അന്ന് പ്രാമുഖ്യം. ഓത്തുപള്ളിയിലും സ്‌കൂളില്‍ പോലും അറബി ഭാഷാ പഠനത്തിനു പകരം അറബി മലയാളത്തിലുള്ള പാഠപുസ്തകങ്ങളായിരുന്നു. ഇന്നും കേരളത്തിലെ വലിയൊരു വിഭാഗത്തിന്റെ മദ്‌റസാ പാഠ്യപദ്ധതി അറബി മലയാളത്തിലാണ്. കേരളീയ മുസ്്‌ലിംകള്‍ക്ക് പൊതു വിദ്യാഭ്യാസം ലഭിക്കുന്നതിന് മുമ്പും ഒരു ലിപിയെന്ന നിലക്ക് അറബി മലയാളം വ്യാപകമായിരുന്നു. 1918-ല്‍ വക്കം മൗലവി തുടങ്ങിയ അല്‍ ഇസ്്‌ലാം മാസിക അറബി മലയാളത്തിലായിരുന്നു.
ജമാഅത്തെ ഇസ്്‌ലാമിയുമായി ബന്ധപ്പെട്ട് പ്രവർത്തനം ആരംഭിച്ചതോടെയാണ് മാരേക്കാട് ഹല്‍ഖയില്‍ എനിക്ക് പ്രബോധനവുമായും ജമാഅത്ത് സാഹിത്യങ്ങളുമായും ആത്മബന്ധമായത്.  അറുപതിലേറെ വര്‍ഷങ്ങളായി അത് ഇപ്പോഴും തുടരുന്നു. ഐ.പി.എച്ച് സാഹിത്യവുമായി ബോംബെയിലും നാട്ടിലും സ്‌ക്വാഡ് നടത്തിയ കാലം. ഗള്‍ഫില്‍ അതു വേറൊരു രീതിയിലായിരുന്നു. അവിടെയും സ്‌ക്വാഡ് വര്‍ക്കുണ്ടായിരുന്നു; ജമാഅത്തെ ഇസ്്‌ലാമി എന്ന പ്രസ്ഥാനം തുടങ്ങിവെച്ച പുതിയ പ്രവര്‍ത്തനരീതി. അത് ഇന്നും തുടരുന്നു. ഞാന്‍ അഴീക്കോട് (ജെട്ടി) ഇര്‍ശാദുല്‍ മുസ്്‌ലിമീന്‍ കോളേജില്‍ എസ്.എസ്.എല്‍.സിക്കു ശേഷം മൂന്നു മാസത്തോളം പഠിച്ചിരുന്നു. ജമാഅത്ത് ബന്ധമുള്ളവരായി ഞങ്ങള്‍ ഏതാനും പേര്‍ അവിടെയുണ്ടായിരുന്നു. 'പരിപാടിക്കാര്‍' എന്നാണ് ചിലര്‍ ഞങ്ങളെ വിളിച്ചിരുന്നത്. ഇതൊക്കെ അറുപത് കൊല്ലം മുമ്പുള്ള കഥയാണ്. എന്നാല്‍, ഇന്നു കാണുന്ന എല്ലാ മത സംഘടനകളും പ്രസ്ഥാനങ്ങളും ജമാഅത്തെ ഇസ്്‌ലാമിയുടെ ഈ പ്രവര്‍ത്തന രീതികളും പഠന സമ്പ്രദായങ്ങളും അവലംബിച്ച് മുന്നേറുകയാണ്.
ഇന്ത്യയിലെ ബഹുസ്വര സമൂഹത്തില്‍ ഗാന്ധിയന്‍ ചിന്താഗതികളും സെക്യുലരിസവും നമുക്ക് സ്വീകാര്യമെങ്കില്‍ അത്തരം ചിന്താഗതിക്കാര്‍ക്കും, ക്ഷേമരാഷ്ട്രത്തിനു വേണ്ടി നിലകൊള്ളുന്നവര്‍ക്കും ഐ.പി.എച്ചില്‍ ഇടം നല്‍കുകയും പ്രബോധനത്തില്‍ അവരുടെ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നത് നന്നായിരിക്കും. ഇത്രയും വലിയ ഒരു പ്രസിദ്ധീകരണാലയം കേവലം മത സാഹിത്യങ്ങള്‍ക്കു മാത്രം നീക്കിവെക്കാമോ? കേവലം ഒരു സംഘം എഴുത്തുകാരില്‍ മാത്രം അതിനെ പരിമിതപ്പെടുത്തേണ്ടതില്ലല്ലോ.
വി.എം ഹംസ മാരേക്കാട്

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 44 അദ്ദുഖാൻ സൂക്തം 40-50
ടി.കെ ഉബൈദ്‌

ഹദീസ്‌

മാതൃപിതൃ പരിചരണം സ്വർഗത്തിലേക്കുള്ള വഴി
കെ.പി യൂസുഫ് പെരിങ്ങാല