Prabodhanm Weekly

Pages

Search

2023 മെയ് 19

3302

1444 ശവ്വാൽ 28

വരൂ, പുതിയൊരു ജീവിതം തുടങ്ങാം

മുഹമ്മദുല്‍ ഗസാലി

ജീവിതത്തില്‍ പുതിയ അധ്യായം ആരംഭിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് അധിക ആളുകളും. തന്റെ നില മെച്ചപ്പെടുമെന്നോ നിലവിലുള്ള അവസ്ഥ മാറുമെന്നോ കരുതി അജ്ഞാതമായ ഭാവിയിലെ വിധി നിശ്ചയങ്ങളുമായി ബന്ധപ്പെടുത്തിയാണ് പലരും തുടക്കത്തിന്റെ മുഹൂര്‍ത്തം തീരുമാനിക്കുന്നത്. അല്ലെങ്കില്‍ ജന്മ വാർഷികം, പുതു വര്‍ഷം തുടങ്ങിയ സവിശേഷ സന്ദര്‍ഭങ്ങളെ തുടര്‍ന്നാവാം പുതു ജീവിതത്തിന് തുടക്കം കുറിക്കുന്നത് എന്ന് കരുതുന്നവരുമുണ്ട്.
ആലസ്യത്തിന്റെയും അകര്‍മണ്യതയുടെയും പുറംതോട് ഭേദിച്ച് മുന്നോട്ടു നയിക്കുന്ന ഒരു ചാലകശക്തി ആ മുഹൂര്‍ത്തത്തോടെ ആഗതമാകുമെന്നാണ് അവരുടെ വിചാരം. തെറ്റിദ്ധാരണയാണിത്. വ്യര്‍ഥമാണ് ഈ വിചാരം. ജീവിത നവീകരണ ചിന്തകള്‍ ഉറവ പൊട്ടി ഒഴുകേണ്ടത് അന്തരംഗത്തുനിന്നാണ്.
നിശ്ചയദാര്‍ഢ്യത്തോടും ഉള്‍ക്കാഴ്ചയോടും കൂടി ലോകത്തെ നേരിടാനുറച്ച വ്യക്തിയെ ഒരു കെട്ട സാഹചര്യത്തിനും കീഴ്‌പ്പെടുത്താനാവില്ല. സാഹചര്യങ്ങള്‍ക്ക് അവനെ ഉള്ളംകൈയിലിട്ട് അമ്മാനമാടാനും കഴിയില്ല. സാഹചര്യങ്ങളെ പ്രയോജനപ്പെടുത്തുകയും തന്റെ വ്യക്തിത്വ ശോഭ കൊണ്ട് പ്രതികൂല സാഹചര്യങ്ങള്‍ക്ക് മുന്നില്‍ പതറാതെ നിലയുറപ്പിക്കുകയും ചെയ്യും അയാള്‍. പൂച്ചെടികളുടെ വിത്തുകള്‍ കണ്ടിട്ടില്ലേ? ചെളിക്കുണ്ടില്‍ മറഞ്ഞിരിക്കുകയാവും അവ. ഭൂമിയുടെ പുറംതോടിനെ ഭേദിച്ചുകൊണ്ട് സൂര്യപ്രകാശത്തിനഭിമുഖമായി അവ നാമ്പ് നീട്ടുന്നു. ചുറ്റിലും സൗരഭ്യം പരത്തിക്കൊണ്ടാണ് അവയുടെ രംഗപ്രവേശം. കലക്കു വെള്ളവും ദുര്‍ഗന്ധം വമിക്കുന്ന ചെളിയും സുരഭില സുന്ദര സൂനമായി മാറിയ വിസ്മയക്കാഴ്ച കണ്ടില്ലേ? അതുതന്നെയാണ് മനുഷ്യന്റെ കഥയും. അവന്‍ തന്നെ നിയന്ത്രിക്കുകയും സമയത്തിനു മേല്‍ അധീശത്വം സ്ഥാപിക്കുകയും അരോചകമായ അവസ്ഥാന്തരങ്ങളെ ആര്‍ജവത്തോടെ അഭിമുഖീകരിക്കുകയും ചെയ്താല്‍, താന്‍ അഭിലഷിക്കുന്ന കാര്യങ്ങള്‍ കരഗതമാക്കാന്‍ അയാള്‍ക്ക് ബാഹ്യ സഹായ ഹസ്തങ്ങള്‍ തന്നെ തേടിവരുന്നതും കാത്തിരിക്കേണ്ടിവരില്ല. അതില്‍ അന്തര്‍ലീനമായ ശക്തിയും സിദ്ധിയും കൈവന്ന അവസരവും ഉപയോഗപ്പെടുത്തി തന്റെ ജീവിതം നവീനമായി നിര്‍മിക്കാന്‍ അയാള്‍ക്ക് സാധിക്കും.
കാത്തിരിക്കാന്‍ ഇടമില്ല. സത്യസരണിയിലൂടെ ചരിക്കാനുറച്ചവര്‍ക്ക് കരുത്ത് പകരുന്ന സഹായവുമായി കാലം കൂടെയുണ്ടാവും. അവശതയോടെ കുത്തിയിരിക്കുന്നവര്‍ക്ക് ഓട്ടപ്പന്തയത്തില്‍  ജയിച്ചുകയറാമെന്ന വിചാരം വെറുതെയാണ്. അസാധ്യമാണത്; അസംഭവ്യവും.
നിങ്ങളുടെ ജീവിതത്തിന്റെ നിര്‍മിതി അദൃശ്യ ഭാവിയുടെ ഗര്‍ഭാശയത്തിലുള്ള വ്യര്‍ഥ മോഹങ്ങളുമായി നിങ്ങള്‍ ബന്ധിക്കരുത്. കാരണം, ഈ കാത്തിരിപ്പ് ഒരിക്കലും നിങ്ങളുടെ നന്മക്കല്ല, നിങ്ങളുടെ മുന്നില്‍ ഉടലോടെ നിൽക്കുന്ന ഇന്ന്, നിങ്ങളിലെ ശരീരവും ആത്മാവും, പുഞ്ചിരി പൊഴിക്കുന്നതോ ഇരുള്‍ പരത്തുന്നതോ ആയ നിങ്ങളുടെ ജീവിത സാഹചര്യങ്ങള്‍- ഇവയാണ് നിങ്ങളുടെ ഭാവിക്ക് പിറവി നല്‍കുന്ന അടിസ്ഥാന ഘടകങ്ങള്‍. അതിനാല്‍, കാത്തിരുന്ന് നേരം കളയാതെ. നബി (സ) പറഞ്ഞു: ''പകല്‍ തെറ്റ് ചെയ്്തവന്‍ പശ്ചാത്തപിച്ച് മടങ്ങാനായി അല്ലാഹു തന്റെ കൈകള്‍ രാത്രിയില്‍ നിവര്‍ത്തിപ്പിടിക്കും. രാത്രിയില്‍ തെറ്റ് ചെയ്തവര്‍ പശ്ചാത്തപിച്ചു മടങ്ങാനായി അല്ലാഹു തന്റെ കൈകള്‍ പകല്‍ നേരങ്ങളില്‍ നിവര്‍ത്തിപ്പിടിക്കും'' (മുസ്്‌ലിം).
ജീവിത നവീകരണത്തിനാവശ്യമായ അടിസ്ഥാനോപാധികള്‍ പൂര്‍ത്തീകരിക്കാതെ നീട്ടിക്കൊണ്ടുപോകുന്നത് നിങ്ങളുടെ രക്ഷാമാര്‍ഗം കൊട്ടിയടക്കും. സ്വേഛയുടെയും വീഴ്ചകളുടെയും മുന്നില്‍ പരാജിതനായി നിങ്ങൾ നിലം പതിക്കുകയും ചെയ്യും.  കൂടുതല്‍ കടുത്ത വീഴ്ചയിലേക്കും അത് വഴിതുറക്കും. അതാണ് വന്‍ ദുരന്തം. നബി (സ) പറഞ്ഞു: ''ഖേദമുള്ളവന്‍ അല്ലാഹുവിന്റെ കാരുണ്യം കാത്തിരിക്കുന്നവനാണ്. ആത്മരതിയില്‍ അകപ്പെട്ടവന് പ്രതീക്ഷിക്കാന്‍ അശുഭ ചിന്തകളേ ഉണ്ടാവൂ.  ദൈവദാസന്മാരേ, അറിയുക: ഓരോരുത്തരും തങ്ങളുടെ കര്‍മവുമായി മുന്നോട്ടു ഗമിക്കുകയാണ്. കര്‍മത്തിന്റെ നന്മയോ തിന്മയോ അനുഭവിക്കാതെ ഒരാളും ഈ ലോകത്തോട് വിടപറയില്ല. കര്‍മങ്ങള്‍ അവയുടെ പരിണതിയെയും പര്യവസാനത്തെയും ആശ്രയിച്ചാണ്.  രാവും പകലും പരലോകത്തിലേക്കുള്ള വാഹനമാണ്. അവയിലേറി പരലോക യാത്ര സുഗമമാക്കുക.  'പിന്നെയാവട്ടെ' എന്ന ചിന്ത കൈയൊഴിക്കുക. കാരണം, മരണം പെട്ടെന്നാണ് വന്നുഭവിക്കുക. അല്ലാഹുവിന്റെ സഹനം നിങ്ങളെ വഞ്ചനയില്‍ അകപ്പെടുത്താതിരിക്കട്ടെ. 'അണു അളവ് നന്മ ചെയ്തിട്ടുള്ളവന്‍ അതവിടെ കാണും. അണു അളവ് തിന്മ ചെയ്തിട്ടുള്ളവന്‍ അതും കാണും'' (അസ്സൽസല 7,8).
മനുഷ്യന്‍ ഇടക്കിടെ തന്നെ സ്വയം ചിട്ടപ്പെടുത്തുകയും ആ പ്രക്രിയ പുനരാവര്‍ത്തിക്കുകയും ചെയ്യുക എന്നത് എത്ര മനോഹരമാണ്. മനസ്സിന്റെ വൈകല്യങ്ങളും കുറ്റങ്ങളും കുറവുകളും വിപത്തുകളും തിരിച്ചറിയാന്‍, വിമര്‍ശനാത്മകമായി തന്നിലേക്ക് തന്നെ ദൃഷ്ടി പായിക്കാന്‍ ഒരുമ്പെടുന്നത് എത്ര സുന്ദരമായ പ്രവൃത്തിയാണ്! തന്നെ നാശഗര്‍ത്തത്തിലേക്ക് എടുത്തെറിയുന്ന ഹേതുക്കളില്‍നിന്ന് മോചിതനാവാന്‍ ഹ്രസ്വകാല - ദീര്‍ഘകാല പദ്ധതികള്‍ക്ക് രൂപം നല്‍കുന്നത് എന്തൊരു വിവേകപൂര്‍വമായ നടപടിയാണ്!
കുറച്ചു ദിവസങ്ങള്‍ പിന്നിടുമ്പോള്‍ തന്നെ ഞാന്‍ എന്റെ മേശയുടെ വലിപ്പ് തുറന്ന്, പേപ്പര്‍ കട്ടിംഗുകളും ചിതറിക്കിടക്കുന്ന ഫയലുകളും ആവശ്യം കഴിഞ്ഞ കടലാസുകളും ഒക്കെ വാരിക്കൂട്ടി അതിന്റെ അകം വൃത്തിയാക്കും. എല്ലാം അതിന്റെ ചിട്ടയോടെ ഒതുക്കി വെക്കും. സൂക്ഷിക്കേണ്ടതില്ലാത്ത കടലാസുകളൊക്കെ ചവറ്റു കൊട്ടയിലേക്കിടും. എന്റെ ഓഫീസ് വൃത്തിയായും വെടിപ്പായും ഇരിക്കാന്‍ ഞാന്‍ ഇങ്ങനെ ചെയ്‌തേ പറ്റൂ.
ഇതു തന്നെ വീട്ടിലെയും സ്ഥിതി. ഒരു ദിവസം ഉപയോഗിച്ചു കഴിഞ്ഞാല്‍ നമ്മുടെ കിടപ്പുമുറിയും സ്വീകരണ മുറിയുമൊക്കെ അലങ്കോലപ്പെട്ടു കിടക്കില്ലേ? പൊടി തട്ടാനും തുടച്ചു മിനുക്കാനും തൂത്ത് വൃത്തിയാക്കാനും ചിട്ടയോടെ ഒതുക്കിവെക്കാനും ചില കൈകള്‍ നിരന്തരം പണിയെടുത്തുകൊണ്ടിരുന്നാല്‍ മാത്രമേ വീടിന്റെ അകത്തളത്തിന് അഴകും ഭംഗിയും കൈവരികയുള്ളൂ.
ഇതുപോലുള്ള ചില പരിശ്രമങ്ങള്‍ നമ്മുടെ ജീവിതവും അര്‍ഹിക്കുന്നില്ലേ? ഇടക്കൊക്കെ നമ്മുടെ മനസ്സിനെയും ഹൃദയത്തെയും വിമലീകരിക്കാനും ശുദ്ധീകരിക്കാനും നാം ഒരുമ്പെട്ട് ഇറങ്ങേണ്ടതല്ലേ? വീടിന്റെ മുറ്റത്തുനിന്ന് മാലിന്യക്കൂമ്പാരങ്ങള്‍ എടുത്തുമാറ്റുന്നതു പോലെ ജീവിത പരിസരത്ത് കുമിഞ്ഞുകൂടിയ പാപക്കൂനകള്‍ തീ കൊടുത്ത് ചുട്ടു ചാരമാക്കേണ്ടതില്ലേ?
പിന്നീടുള്ള ഓരോ ഘട്ടത്തിലും ജീവിതത്തിലെ ലാഭ-നഷ്ടങ്ങള്‍ വിലയിരുത്തി പുനരാലോചനക്ക് നാം തയാറാവേണ്ടതില്ലേ? ജീവിതത്തില്‍ വിനഷ്ടമായ സന്തുലിതത്വം തിരിച്ചുപിടിക്കാനും ഭദ്രമായ അടിത്തറകളില്‍ ജീവിതത്തെ പുനഃപ്രതിഷ്ഠിക്കാനും നമുക്ക് സാധിക്കേണ്ടതല്ലേ? രോഗ നിമിത്തങ്ങളില്‍നിന്നും ശൈഥില്യത്തില്‍നിന്നും ജീവിതത്തെ കരുതലോടെ കാത്തുരക്ഷിക്കുന്ന സുരക്ഷാ ക്രമീകരണങ്ങള്‍ ഏറ്റവും ആവശ്യമുള്ള സൃഷ്ടിയല്ലേ മനുഷ്യന്‍? വിവിധങ്ങളായ മോഹങ്ങളും കാമനകളുമായി ഇടപഴകുമ്പോള്‍ ഇടര്‍ച്ച സംഭവിക്കുന്ന  ജീവിത പാദുകങ്ങളെ നേരെ നിര്‍ത്താനും, ബുദ്ധിപരവും വൈകാരികവുമായ തലങ്ങളെ മാറ്റമേതുമേശാതെ നിലനിര്‍ത്താനും നിരന്തര ശ്രമം ആവശ്യമാണ്. നാശഹേതുകങ്ങളെ കണ്ടില്ലെന്ന് നടിച്ചു വെറുതെ വിട്ടാല്‍ ആപത്ത് സുനിശ്ചിതം. വൈകാരികവും ബുദ്ധിപരവുമായ ചോദനകളുടെ തിരോധാനമായിരിക്കും അന്നേരം സംഭവിക്കുക. നൂല് ചരടറ്റുപോയാല്‍ മാലയിലെ മുത്തുമണികള്‍ ചിതറിത്തെറിക്കുന്നതു പോലെ ജീവിതം ഛിന്നഭിന്നമാകും. അല്ലാഹു പറഞ്ഞത് നോക്കുക: ''നാം നമ്മുടെ സ്മരണയില്‍നിന്ന് മനസ്സിനെ അശ്രദ്ധമാക്കുകയും അങ്ങനെ സ്വേഛയെ പിന്‍പറ്റുകയും അങ്ങനെ കാര്യങ്ങള്‍ കൈവിട്ടുപോവുകയും ചെയ്ത ആളുകളെ നീ അനുസരിച്ചുപോകരുത്'' (അല്‍ കഹ്ഫ്  28).
സൂക്തത്തില്‍ ഉപയോഗിച്ച 'ഫുറുത്വ്' എന്ന പദം നമ്മുടെ പ്രത്യേക പരിചിന്തനം അര്‍ഹിക്കുന്നുണ്ട്. കുലയില്‍നിന്ന് ഉതിര്‍ന്ന് നിലത്തു വീണ മുന്തിരിയെയും, തണ്ടില്‍നിന്ന് വേര്‍പ്പെട്ട് നിലത്ത് വീണ ഈത്തപ്പഴത്തെയും സൂചിപ്പിക്കാനാണ് നമ്മുടെ നാടൻ ഭാഷയില്‍ 'ഫുറുത്വ്' എന്ന് പറയുന്നത്. പൊടിക്കുന്നതിന് മുന്നോടിയായി കതിരില്‍നിന്ന് അടര്‍ത്തിയെടുക്കുന്ന ധാന്യ മണിയെയും 'ഫുറുത്വ്' എന്നാണ് പറയുക.
ഇതുതന്നെയാണ് മനുഷ്യ മനസ്സിന്റെ സ്ഥിതിയും. ബന്ധങ്ങള്‍ അറ്റുപോവുകയും അതിന്റെ ശക്തിയും പൊരുളും ഏകോപിപ്പിക്കുന്ന ഘടകങ്ങള്‍ ഇല്ലാതെ പോവുകയും ചെയ്താല്‍, ചിന്തകളും വികാരങ്ങളും ചിതറിത്തെറിച്ചു പോകും. ഞെട്ടറ്റു നിലത്ത് വീണ പഴങ്ങളെയും ധാന്യമണികളെയും പോലെ ആര്‍ക്കും ഒരു പ്രയോജനവും ചെയ്യാത്ത ജീവിതമാകും അത്. ഹൃദയത്തെയും ആത്മാവിനെയും ചിട്ടപ്പെടുത്തുന്ന നിരന്തരവും നിസ്തന്ദ്രവുമായ കര്‍മമേഖലയിലേക്കാണ് അല്ലാഹു നമ്മെ നയിച്ചുകൊണ്ടുപോകുന്നത്. l
(ഐ.പി.എച്ച് പ്രസിദ്ധീകരിക്കാനിരിക്കുന്ന ശൈഖ് മുഹമ്മദുല്‍ ഗസാലിയുടെ 'ജദ്ദിദ് ഹയാതക' എന്ന കൃതിയുടെ ആദ്യ അധ്യായം).
വിവ: പി.കെ ജമാല്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 44 അദ്ദുഖാൻ സൂക്തം 40-50
ടി.കെ ഉബൈദ്‌

ഹദീസ്‌

മാതൃപിതൃ പരിചരണം സ്വർഗത്തിലേക്കുള്ള വഴി
കെ.പി യൂസുഫ് പെരിങ്ങാല