Prabodhanm Weekly

Pages

Search

2023 മെയ് 19

3302

1444 ശവ്വാൽ 28

മണിപ്പൂർ കത്തിയമർന്ന ക്രൈസ്തവ ചർച്ചുകളും ബി.ജെ.പിയുടെ ധ്രുവീകരണ രാഷ്ട്രീയവും

എ. റശീദുദ്ദീന്‍

രാഷ്ട്രീയമെന്നത് രാഷ്ട്രത്തിനു വേണ്ടിയല്ല, ഭൂരിപക്ഷ സമൂഹത്തിന്റെ മാത്രം താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണെന്ന് ഇന്ന് ഇന്ത്യയിലാരെയും  പറഞ്ഞു പഠിപ്പിക്കേണ്ട ആവശ്യമില്ല. പ്രധാനമന്ത്രി തന്നെ ഇക്കാര്യത്തില്‍ ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാകുന്ന ഉദാഹരണങ്ങള്‍ ഓരോ ദിവസവും നിരത്തിക്കൊണ്ടിരിക്കുന്ന സ്ഥിതിക്ക് ഇതൊരു 'സാമാന്യ ബോധ'മായി മാറിയിട്ടുണ്ട്. ഒരു സംസ്ഥാനത്തെ മറ്റൊന്നിന് എതിരായും, ഒരിടത്തെ സമൂഹത്തെ മറ്റൊരിടത്തുള്ളതിന് കടകവിരുദ്ധമായും അവതരിപ്പിക്കുന്നതില്‍ ബ്രിട്ടീഷുകാരെ വെല്ലുന്ന ഈ സാമര്‍ഥ്യം ചിലപ്പോഴൊക്കെ അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ബി.ജെ.പിക്ക് തിരിച്ചടികളും നല്‍കുന്നുണ്ട്. മണിപ്പൂരില്‍ നടന്ന സംഘര്‍ഷം അക്കൂട്ടത്തിലൊന്നാണ്. മേത്തി- കുക്കി തര്‍ക്കമെന്ന് മാധ്യമങ്ങള്‍ ലഘൂകരിച്ച് അവതരിപ്പിക്കുമ്പോഴും ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ കത്തിയമരുന്നതിന്റെ ദൃശ്യങ്ങളാണ് പ്രധാനമായും പുറത്തു വരുന്നത്. മണിപ്പൂരില്‍ ഇതെഴുന്നതു വരെയുള്ള റിപ്പോര്‍ട്ടുകളനുസരിച്ച് 25 ചര്‍ച്ചുകളാണ് മേത്തികള്‍ അഗ്‌നിക്കിരയാക്കിയത്. ഉത്തരേന്ത്യയില്‍ എവിടെയൊക്കെയോ ബി.ജെ.പി ആഗ്രഹിക്കുന്ന ധ്രുവീകരണം ഈ ദൃശ്യങ്ങള്‍ ഉണ്ടാക്കുന്നുണ്ടാവാം. എന്നാല്‍, ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് ഇന്ത്യയെ കാത്തിരിക്കുന്നത്.
മണിപ്പൂരിലെ ഇപ്പോഴത്തെ ബി.ജെ.പി മുഖ്യമന്ത്രി നൊംഗോത്തംബന്‍ ബിരേന്‍ സിംഗിന്റെ മുന്‍കാല രാഷ്ട്രീയ ചരിത്രം സംസ്ഥാനത്തെ ജനവിഭാഗങ്ങള്‍ക്കിടയില്‍ ഒരുമക്കു വേണ്ടി പ്രവര്‍ത്തിച്ചതിന്റെതാണ്. ഇപ്പോഴും എല്ലാ മാസവും 15-ാം തീയതി ജനസമ്പര്‍ക്കത്തിനായി പ്രത്യേകം മാറ്റിവെച്ചും മണിപ്പൂര്‍ കുന്നുകളിലെ ഗോത്രത്തലവന്‍മാരുമായി പ്രത്യേക ബന്ധം സ്ഥാപിച്ചുമൊക്കെ മുഖ്യമന്ത്രി പദവിയില്‍ താരതമ്യേന മികച്ച പ്രകടനമായിരുന്നു ബിരേന്‍ സിംഗ് കാഴ്ചവെച്ചുകൊണ്ടിരുന്നത്. സംസ്ഥാനത്തെ ആദ്യകാല കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളായ ബിരേന്‍ 2016-ല്‍ അന്നത്തെ മുഖ്യമന്ത്രി ഇബോബി സിംഗുമായി ഉടക്കിയാണ് ബി.ജെ.പിയിലെത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 29 സീറ്റ് നേടി വിജയിച്ച കോണ്‍ഗ്രസ്സില്‍നിന്നും എം.എല്‍.എമാരെ ചാക്കിട്ടു പിടിച്ച് ബി.ജെ.പി മന്ത്രി സഭ ഉണ്ടാക്കാന്‍ ചരടുവലിച്ചപ്പോള്‍ ബിരേന്‍ ആയി അടുത്ത മുഖ്യമന്ത്രി. ഭരണഘടനക്കും ബി.ജെ.പിക്കുമിടയിലാണ് ഇപ്പോൾ ബിരേന്‍ പെട്ടു കിടക്കുന്നത്.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പി വിതച്ചുകൊണ്ടിരിക്കുന്ന വര്‍ഗീയ നയങ്ങളാണ് സൂക്ഷ്മ വിശകലനത്തില്‍ മണിപ്പൂരില്‍ ആളിപ്പടരുന്ന തീജ്വാലകളുടെ മൂലകാരണം. മേത്തികള്‍ക്ക് അവരുടെ പട്ടിക വര്‍ഗ പദവി നഷ്ടമായത് ഇന്നും ഇന്നലെയുമൊന്നുമല്ല; 1949 സെപ്റ്റംബര്‍ 19-ന് ലയന കരാറില്‍ ഒപ്പുവെച്ചതിനു ശേഷമാണ്. പക്ഷേ, മണിപ്പൂരിന്റെ രാഷ്ട്രീയ ഭരണ നിര്‍വഹണ മേഖലകളില്‍ കാലങ്ങളായി പിടിപാടുള്ള, സാമൂഹികമായും സാമ്പത്തികമായും കുക്കികളെക്കാള്‍ എല്ലാ അര്‍ഥത്തിലും ബഹുദൂരം മുന്നിലുള്ള മേത്തികളെ സംവരണ ചിന്ത വല്ലാതെയൊന്നും അലട്ടിയിരുന്നില്ല. സാമൂഹികമായി അവര്‍ നേടിയെടുത്ത പുരോഗതി കണക്കിലെടുത്താണ് പട്ടികവര്‍ഗ പദവിയില്‍നിന്ന് അവരെ മാറ്റിയത്. ഇത് പുനഃസ്ഥാപിക്കുന്ന കാര്യം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മേത്തി ട്രൈബല്‍ യൂനിയന്‍ നല്‍കിയ ഹരജിയില്‍ മണിപ്പൂര്‍ ഹൈക്കോടതി ഇക്കഴിഞ്ഞ മാര്‍ച്ച് മാസം പുറപ്പെടുവിച്ച ഉത്തരവിനെ തുടര്‍ന്നാണ് പ്രത്യക്ഷത്തില്‍ ഇപ്പോഴത്തെ കലാപങ്ങളുടെ തുടക്കം. വെടിമരുന്ന് പുരയുടെ മുകളിലേക്ക് വീണ ഒരു തീപ്പൊരി മാത്രമായിരുന്നു അത്. കത്തിയമരാന്‍ പാകത്തില്‍ വെടിക്കോപ്പുകള്‍ കൂട്ടിവെക്കുന്ന പണി അവിടെ സജീവമായി നടക്കുന്നുണ്ടായിരുന്നു.
മണിപ്പൂരില്‍ ഭൂരിപക്ഷ സമൂഹമായ മേത്തി ഹിന്ദുക്കള്‍ക്കും ഏതാണ്ട് അവരോളമുള്ള കുക്കി ക്രിസ്ത്യാനികള്‍ക്കുമിടയില്‍ അവസരങ്ങളും പൊതുവിഭവങ്ങളും പങ്കുവെക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്ക് എത്രയോ പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ പൊതു ചിത്രമാണിത്. എന്നാല്‍ ഉള്‍ഫ മുതല്‍ ബോഡോ, നാഗാ പ്രക്ഷോഭകര്‍ വരെ സജീവമായി രംഗത്തുണ്ടായപ്പോഴും ഈ സംസ്ഥാനങ്ങളിലെ ജനവിഭാഗങ്ങളെ വലിയൊരളവില്‍ യോജിപ്പിച്ചു നിര്‍ത്താന്‍ കോണ്‍ഗ്രസ്സിന് കഴിഞ്ഞിരുന്നു. ഉള്‍ഫയുടെയും നാഗാ വിഘടന വാദികളുടെയും കാര്യത്തില്‍ കോണ്‍ഗ്രസ്സിന്റെ കാലത്തുണ്ടായ പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ കഴിഞ്ഞത് മോദി സര്‍ക്കാറിന്റെ നേട്ടം തന്നെയാണെന്ന് മറച്ചുപിടിക്കുന്നില്ല. എന്നാല്‍, കുക്കികളുടെ കാര്യത്തില്‍ ഇതേ ചര്‍ച്ചകള്‍ ഉപേക്ഷിക്കണമെന്ന് ബിരേന്‍ കേന്ദ്രത്തിന് ശിപാര്‍ശ അയച്ചു. രാഷ്ട്രീയ സമ്മർദമായിരുന്നു കാരണം. ജനങ്ങളെ ഒപ്പം നിര്‍ത്താന്‍ ബി.ജെ.പി ഉപയോഗിക്കുന്ന, വേണമെങ്കില്‍ ഹിന്ദുത്വ വിചാരധാര എന്നു വിശേഷിപ്പിക്കാവുന്ന ഈ ആശയങ്ങളില്‍നിന്നാണ് മണിപ്പൂരിലെ ഇപ്പോഴത്തെ കലാപം ജന്‍മം കൊള്ളുന്നതെന്നത് നിഷേധിക്കാനാവില്ല. അസമില്‍ പയറ്റി വിജയിച്ച 'മണ്ണിന്റെ മക്കള്‍ - വിദേശി നുഴഞ്ഞു കയറ്റക്കാരന്‍' വാദവും, 'ജനസംഖ്യാ വിസ്‌ഫോടന' സിദ്ധാന്തവും മുതല്‍ 'നാര്‍ക്കോട്ടിക് കുരിശുകൃഷി' ആരോപണം വരെ മണിപ്പൂരില്‍ ബി.ജെ.പി ഉയര്‍ത്തുന്നുണ്ട്. രണ്ട് മതവിഭാഗങ്ങള്‍ക്കിടയില്‍ അതിഭീകരമായ തോതിലാണ് അവിശ്വാസം ശക്തിപ്പെട്ടു വന്നത്.
    സംസ്ഥാന സര്‍ക്കാറിന്റെ ചില നയങ്ങള്‍ ക്രിസ്ത്യാനികളായ കുക്കികളെ പ്രകോപിപ്പിക്കുന്നതിനിടയിലാണ് മേത്തികളെ പട്ടികവര്‍ഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനെ അനുകൂലിക്കുന്ന പ്രമാദമായ ഇപ്പോഴത്തെ ഹൈക്കോടതി വിധി വരുന്നത്.  കോടതി വിധിക്കെതിരെ കൃത്യമായി നിലപാടെടുക്കാന്‍ മടിച്ചുനിന്നതിന്റെ പിന്നിലും ഹിന്ദുത്വ വോട്ട്ബാങ്ക് രാഷ്ട്രീയമാണ് കാണാനാവുക.  മണിപ്പൂരില്‍ ആഢ്യഹിന്ദുക്കളായ മേത്തികളിലെ ഒരു വിഭാഗത്തിന് പട്ടികജാതി സംവരണം കൊടുക്കണമെന്ന വിധിയുടെ പശ്ചാത്തലവും, അതിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ പോകുന്നതിനെക്കാള്‍ എളുപ്പം ആ വിധി നടപ്പാക്കുന്നതാണെന്ന് കണ്ടെത്തിയ സര്‍ക്കാറിന്റെ മാനസിക വ്യാപാരങ്ങളും ഒരേ കാണാച്ചരടു കൊണ്ടാണ് ബന്ധിക്കപ്പെട്ടിരുന്നത്.
കുക്കികള്‍ മണിപ്പൂരിലേക്ക് കുടിയേറി വന്നവരാണെന്നാണ് ഈയടുത്ത കാലത്തായി സംസ്ഥാനത്ത് ശക്തിപ്പെട്ടുവരുന്ന വാദം. മ്യാന്‍മറിലെ പട്ടാളഭരണകൂടത്തിന്റെ അടിച്ചമര്‍ത്തല്‍ നയങ്ങളില്‍നിന്ന് രക്ഷതേടി അവിടത്തെ ഗോത്രസമൂഹമായ ചിന്‍ ആദിവാസികള്‍ അന്താരാഷ്ട്ര അതിര്‍ത്തി കടന്ന് സമീപകാലത്തായി മണിപ്പൂരിലേക്ക് കുടിയേറുന്നുണ്ട് എന്നത് വസ്തുതയാണ്. ഇവരും കുക്കികളെ പോലെ ക്രിസ്ത്യാനികളുമാണ്. കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ചെറുതെന്ന് തോന്നുമെങ്കിലും വളരെ ലോലമായ ജനസംഖ്യാ ഘടനയുള്ള മണിപ്പൂരില്‍ ഈ ചിന്‍ അഭയാര്‍ഥികള്‍ വലിയ തോതില്‍ ഭീതി പടര്‍ത്തുന്നുണ്ട്. തങ്ങളുമായി ഗോത്രപരമായും മതപരമായുമുള്ള സാമ്യതകള്‍ പങ്കുവെക്കുന്ന ചിന്‍ അഭയാര്‍ഥികളെ കുക്കികള്‍ സ്വന്തം ഗ്രാമങ്ങളില്‍ സംരക്ഷിക്കുന്നതാണ് മുഴുവന്‍ കുക്കികളും കുടിയേറ്റക്കാരാണെന്ന ആരോപണത്തിന് വഴിമരുന്നിടുന്നത്. 50 ശതമാനമുള്ള മേത്തി ഹിന്ദുക്കളും 40 ശതമാനമുള്ള ക്രിസ്ത്യന്‍ കുക്കികളും തമ്മിലുള്ള ജനസംഖ്യാ വ്യത്യാസം നേര്‍ത്തു വരികയാണെന്ന രാഷ്ട്രീയ ഭീതിയാണ് നിലവില്‍ മണിപ്പൂരിലെ അസ്വസ്ഥതകള്‍ക്ക് വഴിമരുന്നിട്ട പ്രധാന കാരണം.
ചിന്‍ ഗോത്രം ഉൾപ്പെടെ പതിനഞ്ചോളം ആദിവാസി സമൂഹങ്ങള്‍ മണിപ്പൂരിലുണ്ട്. ഹിന്ദുക്കളായ മേത്തികള്‍ക്ക് സംവരണം ഉറപ്പു വരുത്താനുള്ള നീക്കത്തിന്റെ പിന്നിലെവിടെയോ പല്ലിളിച്ചു നില്‍ക്കുന്നത് ഈ നുഴഞ്ഞു കയറ്റ ഭീതിയാണ്. ഇതിലടങ്ങിയ തമാശ എന്തെന്നാല്‍, ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമമാണ് മേത്തികളുടെ ഭീതിക്ക് കാരണം  എന്നതാണ്! ഇന്ത്യയിലേക്ക് വന്നാല്‍ ചെറിയൊരു കാലയളവില്‍ പൗരൻമാരായി മാറാമെന്ന് വ്യാപകമായ തോതില്‍ അയല്‍രാജ്യങ്ങളിലെ മുസ്‌ലിംകളല്ലാത്ത ജനവിഭാഗങ്ങള്‍ക്കിടയില്‍ പ്രചാരണം നടക്കുന്നുണ്ട്. അത് മ്യാന്‍മറില്‍നിന്ന് വരുന്ന ചിന്‍ ഗോത്രങ്ങള്‍ ഉപയോഗപ്പെടുത്തി ഭാവിയില്‍ തങ്ങളെ മറികടക്കുമെന്നാണ് മേത്തികളുടെ ആശങ്ക.
മേത്തികള്‍ കോണ്‍ഗ്രസ്സിനെ ഉപേക്ഷിച്ച് ഈയടുത്ത കാലത്തായി ബി.ജെ.പിയിലേക്ക് കൂറുമാറാന്‍ തുടങ്ങിയത് കുക്കി ഭീതിയുടെ പശ്ചാത്തലത്തിലാണ്. ശക്തിപ്പെട്ടുവന്ന ഈ അസ്വസ്ഥതകളുടെ കടന്നല്‍ക്കൂട്ടിലേക്ക് കോടതിയുടെ മറപിടിച്ച് ഹിന്ദുവര്‍ഗീയതയുടെ കല്ലെറിയുകയായിരുന്നു ബി.ജെ.പി ചെയ്തത്. അപരവല്‍ക്കരണം മുതല്‍ മയക്കുമരുന്ന് ആരോപണം വരെ സംഘ് പരിവാര്‍ സംഘടനകള്‍ കുക്കികള്‍ക്കെതിരെ എടുത്തുപയോഗിച്ച ആയുധങ്ങളായിരുന്നു. കേരളത്തില്‍ കൃസംഘികള്‍ മുസ്‌ലിംകള്‍ക്കെതിരെ ആരോപിക്കുന്ന 'മയക്കുമരുന്ന് ജിഹാദ്' മണിപ്പൂരില്‍ ക്രിസ്ത്യാനികളായ കുക്കികള്‍ക്ക് നേരെയാണ്  ഭരണകൂടത്തിന്റെ ഒത്താശയോടെ ആരോപിക്കപ്പെടുന്നത്. സംസ്ഥാനത്ത് പോപ്പി കൃഷി നടത്തുന്നത് കുക്കികളാണെന്ന ഈ ആരോപണത്തിന് ബി.ജെ.പി നയിക്കുന്ന സംസ്ഥാന സര്‍ക്കാറിന്റെ പിന്തുണയുണ്ട്.  
അസമിലെ മുസ്‌ലിംകളുടെ നെഞ്ചത്തേക്ക് ബുള്‍ഡോസര്‍ പായിക്കാന്‍ സര്‍ക്കാറിന്റെ ഭൂമി കയ്യേറിയെന്ന വെറുമൊരു ആരോപണം ധാരാളം മതിയാവുമെങ്കില്‍, മണിപ്പൂരില്‍ സര്‍ക്കാര്‍ ഭൂമിയില്‍ പോപ്പികൃഷി നടത്തുന്നവരെ ഒഴിപ്പിക്കാന്‍ നിയമാനുസൃതമായ നടപടി എടുക്കുന്നു എന്നാണ് വിശദീകരണം. കുക്കികളുടെ ഗോത്രവര്‍ഗ സവിശേഷതകള്‍ അനുസരിച്ച് ഓരോ ഗ്രാമവും അതത് സ്ഥലത്തെ മുഖ്യന്റെ ഉടമസ്ഥതയിലുള്ളതായതു കൊണ്ട് വ്യക്തികള്‍ക്ക് സ്ഥലത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കുക എളുപ്പവുമല്ല. യു.പിയിലും അസമിലും മധ്യപ്രദേശിലും മുസ്‌ലിം ഭവനങ്ങള്‍ക്ക് നേരെ പാഞ്ഞടുക്കുന്ന ബുള്‍ഡോസറുകള്‍ മണിപ്പൂരില്‍ ക്രിസ്ത്യന്‍ ചര്‍ച്ചുകളുടെ നേരെയാണ്. ആള്‍ മണിപ്പൂര്‍ ക്രിസ്ത്യന്‍ അസോസിയേഷന്‍ (ആംകോ) പറയുന്നത്, മലനിരകളില്‍ മാത്രമല്ല ഇംഫാല്‍ നഗരത്തില്‍ പോലും ചര്‍ച്ചുകള്‍ തകര്‍ക്കപ്പെട്ടു എന്നാണ്. മണിപ്പൂരില്‍ ആരാധനാലയങ്ങള്‍ സ്ഥിരപ്പെടുത്തുന്ന സര്‍ക്കാര്‍ പട്ടികയില്‍ ക്രിസ്ത്യന്‍ ചര്‍ച്ചുകളില്‍ ഒന്നുപോലും ഉള്‍പ്പെടുത്തിയിട്ടില്ല എന്നാണ് ആംകോ ചൂണ്ടിക്കാട്ടുന്നത്. 188 ആരാധനാലയങ്ങളാണ് ഈ പട്ടികയിലുള്ളത്.
കലാപം ബി.ജെ.പി സ്‌പോണ്‍സേര്‍ഡ് ആണെന്ന് പറയാന്‍ നേര്‍ക്കു നേരെ തെളിവുകളൊന്നും ഇല്ല. പക്ഷേ, കലാപത്തിന്റെ വഴിമരുന്ന് ചെന്നെത്തുന്നത് അവരിലേക്ക് തന്നെയാണ്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പി വിതച്ച ന്യൂനപക്ഷ ഭീതിയുടെ മറ്റൊരു മുഖമാണ് മണിപ്പൂരില്‍ രാജ്യം കണ്ടത്. അവിടെ ബംഗ്ലാദേശി നുഴഞ്ഞുകയറ്റമെന്ന യക്ഷിക്കഥ മറ്റൊരു രൂപത്തില്‍ അവര്‍ പ്രചരിപ്പിക്കുന്നുണ്ടായിരുന്നു. മുസ്‌ലിംകള്‍ പെറ്റുകൂട്ടുന്നുവെന്ന് മറ്റു സംസ്ഥാനങ്ങളില്‍ ആരോപിക്കുന്നതു പോലെ കുക്കികള്‍ മേത്തികളെ ജനസംഖ്യയില്‍ മറികടക്കുമെന്ന പ്രചാരണം മണിപ്പൂരില്‍ ശക്തമാണ്. അപരനെ കുറിച്ച ഈ ഭയം മണിപ്പൂരില്‍ എന്‍.ആര്‍.സി നടപ്പാക്കണമെന്ന പുതിയൊരു ആവശ്യത്തിനും വഴിയൊരുക്കിയിട്ടുണ്ട്. മാത്രമല്ല, ഇന്നർ ലൈന്‍ പെര്‍മിറ്റിനു വേണ്ടിയുള്ള വാദവും മണിപ്പൂരില്‍ ശക്തമാണ്. അസം ഉൾപ്പെടെ, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഈ പെര്‍മിറ്റ് ഇതുവരെ നടപ്പാക്കാത്ത സംസ്ഥാനങ്ങളില്‍ പോലും ഈ ആവശ്യമുയരുന്നുണ്ട്. ഓരോ ഗോത്രങ്ങളിലും മറ്റുള്ളവരെ കുറിച്ച ഭീതി വ്യാപകമാകുന്തോറും 'അന്യരു'ടെ സഞ്ചാര, വ്യവഹാര നിയന്ത്രണം ഉറപ്പു വരുത്തുന്നതിനെ കുറിച്ച ചര്‍ച്ചകളാണ് ഉയര്‍ന്നുവരുന്നതെന്ന് മറക്കരുത്. തെരഞ്ഞെടുപ്പ് ജയിക്കാന്‍ വേണ്ടി ചെയ്യുന്നതാണെങ്കില്‍ കൂടിയും, കേരളത്തെ കുറിച്ച് കര്‍ണാടകയില്‍ പരത്തുന്ന ഭീതി ഭാവിയില്‍ ഇത്തരമൊരു പെര്‍മിറ്റിലേക്ക് തന്നെയല്ലേ എത്തിപ്പെടുക?
എന്‍.ആര്‍.സിയും പൗരത്വ ഭേദഗതി നിയമവുമൊക്കെ തിരിച്ചടിക്കാന്‍ തുടങ്ങിയത് ദേശീയ മാധ്യമങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയാണ്. അസമിലെ വോട്ടര്‍മാരെ കൈയിലെടുക്കാന്‍ ബംഗ്ലാദേശി മുസ്‌ലിംകളുടെ നുഴഞ്ഞുകയറ്റമെന്ന കെട്ടുകഥ കുറച്ചൊന്നുമല്ല ബി.ജെ.പിയെ സഹായിച്ചത്. എന്നാല്‍, അത് മണിപ്പൂരില്‍ എന്‍.ആര്‍.സി ഉണ്ടാക്കാനിറങ്ങിയാല്‍ കുക്കികള്‍ കൂട്ടത്തോടെ ബി.ജെ.പിക്ക് എതിരെയാവുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. അസമില്‍ പറ്റിയ ഈ അക്കിടി ആവര്‍ത്തിക്കാതിരിക്കാന്‍ ബി.ജെ.പി നല്ലതു പോലെ ശ്രദ്ധിക്കുന്നുമുണ്ട്. ബംഗ്ലാദേശില്‍ നിന്നെത്തിയ 90 ലക്ഷം മുസ്‌ലിംകള്‍ അസമിലുണ്ടെന്ന് ഭീതി വിതച്ച് പൗരത്വ പട്ടികയുണ്ടാക്കാനിറങ്ങിയ ബി.ജെ.പി സര്‍ക്കാര്‍ ഇന്നും അതിന്റെ അന്തിമരൂപം പുറത്തുവിട്ടിട്ടില്ല. സംസ്ഥാനത്തെ 120 ലക്ഷം മുസ്‌ലിംകളില്‍ 40 ലക്ഷം പേരെയാണ്, 2019-ല്‍ പുറത്തുവന്ന പട്ടികയില്‍നിന്ന് കള്ളത്തരം കാണിച്ച് പുറത്താക്കിയത്. കോടതി കണ്ണുരുട്ടിയപ്പോള്‍ ഈ 40 ലക്ഷം 19 ലക്ഷമായി ചുരുങ്ങി. അതിലും അപാകതകളുണ്ടെന്ന് വന്നപ്പോള്‍ മൂന്നു മാസം കൊണ്ട് തെറ്റു തിരുത്തി പുനഃപ്രസിദ്ധീകരിക്കുമെന്ന് പറഞ്ഞ പട്ടികയെ കുറിച്ച് പിന്നീടൊന്നും രാജ്യം കേട്ടിട്ടില്ല. പട്ടികയിലെ മഹാഭൂരിപക്ഷവും രേഖകളില്ലാത്ത ഹിന്ദു അഭയാര്‍ഥികളാണെന്ന് വന്നപ്പോഴാണ് പൗരത്വ നിയമം എന്ന ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വിവേചനപരമായ നിയമങ്ങളിലൊന്നിന് മോദി സര്‍ക്കാര്‍ രൂപം നല്‍കിയത്. രേഖകളില്ലാത്ത ബംഗ്ലാദേശി അഭയാര്‍ഥി ഹിന്ദുക്കളെ നാടു കടത്തുന്നതിന് പകരം പൗരന്‍മാരാക്കി മാറ്റി സ്വന്തം വോട്ടുബാങ്കിന് പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു ബി.ജെ.പി.
ഹിന്ദു ദേശീയത ശക്തിപ്പെടുന്നുണ്ടെങ്കിലും ദേശീയ ഉദ്ഗ്രഥനമല്ല ഇന്നത്തെ ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. മുസ്‌ലിം എന്ന പൊതു ശത്രു ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലും ഒരുപോലെ നിലനില്‍ക്കുമ്പോള്‍ ആളും തരവുമനുസരിച്ച് മറ്റു സംസ്ഥാനങ്ങളില്‍ പുതിയ ശത്രുക്കള്‍ സൃഷ്ടിക്കപ്പെടുന്നു. ഓരോ സമൂഹവും അപരനെതിരെ കൂടുതല്‍ സംശയാലുക്കളാവുകയാണ്. രാഷ്ട്രഗാത്രത്തില്‍ വര്‍ഗീയതയുടെ 'പറങ്കിപ്പുണ്ണ്' പടര്‍ന്നുപിടിച്ച് ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പോലും ആനുകൂല്യങ്ങളുടെയും സംവരണത്തിന്റെയും അവാര്‍ഡുകളുടെയും ഭാഷയില്‍ മാത്രം മനസ്സിലാക്കുന്ന, എല്ലാറ്റിനുമുപരി ഭൂരിപക്ഷ താല്‍പര്യങ്ങളുടെ ഉരകല്ലില്‍ പരിശോധിക്കപ്പെടുന്ന കുത്തഴിഞ്ഞ റിപ്പബ്ലിക്കായി കഴിഞ്ഞ ഒമ്പത് വര്‍ഷംകൊണ്ട് ഇന്ത്യ മാറിക്കഴിഞ്ഞു. ഭയം എന്ന ഒറ്റ വികാരമാണ് ഒരു രാജ്യമെന്ന നിലയില്‍ ഇന്ന് ഇന്ത്യന്‍ ജനതയെ കൂട്ടിയോജിപ്പിക്കുന്നത്. കേരളത്തെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടെ മറുവശത്ത് പ്രതിഷ്ഠിക്കാനുള്ള 'കേരള സ്‌റ്റോറി' എന്ന അറുവഷളന്‍ ഗോസിപ്പിനെ, സുപ്രീം കോടതിയെപ്പോലും പരിഹസിക്കുന്ന രീതിയില്‍ പ്രധാനമന്ത്രി തന്നെ ഏറ്റുപിടിക്കുന്നു. അദ്ദേഹത്തിന് കേരളത്തോടോ അവിടെ ജീവിക്കുന്ന ഹിന്ദുക്കളുടെയടക്കമുള്ളവരുടെ മാനാഭിമാനങ്ങളോടോ ഒരു പ്രതിപത്തിയുമില്ല എന്നല്ലേ അതിന്റെ അര്‍ഥം?
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സമസ്ത മേഖലകളിലും ബഹുദൂരം മുന്നിലുള്ള കേരളത്തിലെ യുവാക്കളോടാണ്, ഉത്തരേന്ത്യയിലെ ബി.ജെ.പി സംസ്ഥാനങ്ങളിലെ വികസനത്തെ കുറിച്ച നുണക്കഥകള്‍ പ്രധാനമന്ത്രി തന്നെ കൊട്ടിപ്പാടുന്നത്. കണക്കുകള്‍ സത്യം പറയുമെന്ന ബോധവും അദ്ദേഹത്തിനില്ല. മുന്നില്‍ നിന്നു നയിക്കുന്ന നേതാവിനെപ്പോലെ അപ്പപ്പോഴത്തെ രാഷ്ട്രീയ നേട്ടങ്ങളാണ് എല്ലാ സമൂഹങ്ങളുടെയും ലക്ഷ്യമായി മാറുന്നത്. 
ഹിന്ദു ദേശീയതയുടെ പല തലകളുള്ള വ്യാളി മണിപ്പൂരില്‍ തീതുപ്പുകയും കേരളത്തില്‍ പതുങ്ങി നില്‍ക്കുകയും ചെയ്യുമ്പോഴും മുസ്‌ലിം വിരുദ്ധതയില്‍ ശക്തനായ ഒരു കൂട്ടാളിയെ കിട്ടിയ സന്തോഷത്തിലാണ് കേരളത്തിലെ ചില ബിഷപ്പുമാര്‍. മണിപ്പൂരില്‍ നിന്ന് അവര്‍ ഒരു പാഠവും പഠിക്കുമെന്ന് കരുതാനാവില്ല. മണിപ്പൂരില്‍ മേത്തികള്‍ക്കൊപ്പം നിന്ന ബി.ജെ.പിയാണ് കേരളത്തില്‍ സഭാധ്യക്ഷന്‍മാരെ കെട്ടിപ്പിടിച്ചും യേശുക്രിസ്തുവിന്റെ തിരുരൂപത്തിന് മുമ്പില്‍ പോയി കണ്ണീരൊഴുക്കിയും വോട്ടു ചോദിക്കുന്നത്. മേത്തികള്‍ക്കും കുക്കികള്‍ക്കുമിടയില്‍ അവിശ്വാസത്തിന്റെ കൊടുങ്കാറ്റു വിതച്ച ഇന്റർനാഷനല്‍ മേത്തി ഫോറം പോലുള്ള 'കാസ'കള്‍ മണിപ്പൂരിലുമുണ്ടായിരുന്നു. ഇങ്ങനെയുള്ള രണ്ട് 'കരിമ്പിന്‍കാല'കള്‍ക്കെതിരെ ക്രൈസ്തവ സംഘടനകള്‍ ഒരു വര്‍ഷം മുമ്പെ കേസുകളും ഫയല്‍ ചെയ്തിരുന്നു. ഒരു നടപടിയും ബിരേന്‍ സിംഗ് എടുത്തിട്ടില്ല. അതേ ബി.ജെ.പിക്കു വേണ്ടിയാണ് ഇന്ന് കേരളത്തില്‍ കുഴലൂതുന്നതെന്ന് ഓർമിപ്പിച്ചു എന്നേയുള്ളൂ. സ്വന്തം ഫോറിന്‍ അക്കൗണ്ടുകളും ഭൂമി ഇടപാടുകളും ബലാല്‍സംഗ കേസുകളുമൊക്കെയാണ് ഒരു വിഭാഗത്തിന്റെ നിലപാടുകളുടെ അടിത്തറയായി മാറുന്നതെങ്കില്‍, കഷ്ടം എന്നല്ലാതെ എന്തു പറയാന്‍! l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 44 അദ്ദുഖാൻ സൂക്തം 40-50
ടി.കെ ഉബൈദ്‌

ഹദീസ്‌

മാതൃപിതൃ പരിചരണം സ്വർഗത്തിലേക്കുള്ള വഴി
കെ.പി യൂസുഫ് പെരിങ്ങാല