ഇസ്‌ലാമിക യുവജന മുന്നേറ്റത്തിന്റെ രണ്ട് പതിറ്റാണ്ട്
2003 മെയ് 13-നാണ് സോളിഡാരിറ്റി രൂപവത്കൃതമായത്. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ മുന്നോട്ടുപോക്കിന് സാമൂഹിക തലത്തില്‍ വേഗത നല്‍കിയ ചുവടുവെപ്പായിരുന്നു സോളിഡാരിറ്റി. ജനകീയ സമരങ്ങള്‍, വിപുലമായ ജനസേവനം, വിശാലമായ യുവജന സംഘാടനം എന്നിവയില്‍ ശ്രദ്ധയൂന്നിയാണ് സംഘടന അതിന്റെ പ്രവര്‍ത്തനം വികസിപ്പിച്ചത്. കേരളത്തിന്റെ മത-സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക രംഗത്ത് ശ്രദ്ധേയമായ മുന്നേറ്റം ഉണ്ടാക്കാന്‍ ഈ യുവ സംഘത്തിന് സാധിക്കുകയും ചെയ്തു.
യുവജനങ്ങളുടെ ഈ സക്രിയമായ ഇടപെടലുകളിലൂടെ സാധിച്ചെടുത്ത പ്രധാന കാര്യങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം:
1. ഇസ്‌ലാമിന്റെ രാഷ്ട്രീയ-സാമൂഹിക ഉള്ളടക്കം സമുദായത്തെയും സമൂഹത്തെയും ബോധ്യപ്പെടുത്താനായി. അതിലൂടെ മുസ്‌ലിം സംഘടനകളുടെ പ്രവര്‍ത്തന അജണ്ടകളെയും നയങ്ങളെയും സ്വാധീനിക്കാനും പൊതുസമൂഹത്തിന്റെ ഇസ്‌ലാമിനോടുള്ള കാഴ്ചപ്പാടിനെ മാറ്റാനും കഴിഞ്ഞു.
2. വികസനം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ ഇസ്‌ലാമികമായ ഒരു വിശകലന രീതി വികസിപ്പിച്ചു.
3. മൂല്യാധിഷ്ഠിത രാഷ്ട്രീയം യാഥാർഥ്യമാക്കാനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി.
4. പൗരാവകാശ സംരക്ഷണത്തിനും ഭീകരനിയമങ്ങള്‍ക്കെതിരായ പൗരബോധം ഉയര്‍ത്തിക്കൊണ്ടുവരാനും ഭീകരനിയമങ്ങളുടെ ഇരകളുടെ മോചനം സാധ്യമാക്കാനും അവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ആത്മവിശ്വാസം പകർന്നു നല്‍കാനും സാധിച്ചു.
5. ഒരു വിമോചന ദര്‍ശനമെന്ന നിലക്ക് ഇസ്‌ലാമിനെ നെഞ്ചേറ്റാന്‍ യുവാക്കളെ പ്രാപ്തരാക്കി. ഇതുവഴി ഇസ്‌ലാമിക പ്രവര്‍ത്തനത്തിന്റെ പ്രസക്തിയും പ്രാധാന്യവും വര്‍ധിപ്പിക്കാനും ഇസ്‌ലാമിക പ്രബോധനത്തിന്റെ പുതിയ വഴികളും സാധ്യതകളും തുറക്കാനും സാധിച്ചു.
6. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് സാധ്യമാകാത്ത സേവന സംരംഭങ്ങള്‍ക്ക് സോളിഡാരിറ്റി നേതൃത്വം നല്‍കി. സര്‍ക്കാറും മറ്റു സന്നദ്ധ സംഘടനകളും പിന്നീട് അതിനെ മാതൃകയാക്കി (എൻഡോസൾഫാന്‍ ഇരകളുടെ സംരക്ഷണം, ഭവന നിർമാണം, ജനകീയ കുടിവെള്ള പദ്ധതി, കമ്യൂണിറ്റി എംപവര്‍മെന്റ് തുടങ്ങിയവ ഉദാഹരണങ്ങള്‍.......).
സോളിഡാരിറ്റിയുടെ
ചുവടുകള്‍
ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ അജണ്ടകള്‍ യുവജന കേന്ദ്രീകൃതമായി അവതരിപ്പിക്കുക, യുവാക്കളെ സംഘടിപ്പിക്കുക, അംഗബലവും കരുത്തുമുള്ള ഒരു ഇസ്‌ലാമിക യുവജന പ്രസ്ഥാനമായി സോളിഡാരിറ്റിയെ മാറ്റുക തുടങ്ങിയ കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാണ് സോളിഡാരിറ്റി അതിന്റെ ചുവടുകള്‍ മുന്നോട്ടു വെച്ചത്. രാജ്യത്ത് പൊതുസമൂഹത്തിന് മുന്നില്‍ ശരിയായ ഇസ്‌ലാമിക പ്രതിനിധാനം നിര്‍വഹിക്കുകയെന്ന ദൗത്യമാണ് ഈ കൊച്ചു യുവസംഘം ഏറ്റെടുത്തത്. ഇസ്‌ലാമാണ് ഈ പ്രവര്‍ത്തനങ്ങളുടെയെല്ലാം അടിത്തറ.
മുഴു ജീവിതത്തെയും സമ്പൂര്‍ണമായും അല്ലാഹുവിന് സമര്‍പ്പിക്കലാണ് മുസ്‌ലിമാവുകയെന്നതിന്റെ ഉദ്ദേശ്യമെന്ന് സോളിഡാരിറ്റി അതിന്റെ പ്രവര്‍ത്തനങ്ങളിലൂടെ തെളിയിച്ചുകൊണ്ടിരിക്കുന്നു. മുസ്്ലിമാവുക എന്നാൽ ഇഹ്‌സാനോടെ, കീഴ്‌വണക്കവും അനുസരണവുമെല്ലാം അല്ലാഹുവിന് മാത്രമാക്കലാണെന്ന് അല്ലാഹു പഠിപ്പിക്കുന്നുണ്ട് (അല്‍ബഖറ 112).
ഖുര്‍ആനും നബിപാഠങ്ങളും ശ്രദ്ധിച്ചാല്‍ ഇഹ്‌സാനിന് രണ്ട് വ്യത്യസ്ത പ്രയോഗ രൂപങ്ങൾ കാണാനാകും. ഒന്നാമത്തേത് വിശ്വാസിയുടെ ഉദ്ദേശ്യ ശുദ്ധിയുമായി ബന്ധപ്പെട്ടതാണ്. അല്ലാഹുവിന്റെ തൃപ്തി മാത്രം ലക്ഷ്യംവെച്ച് പ്രവര്‍ത്തനങ്ങളില്‍ നിരതരാവുകയെന്നതാണത്. നബി (സ) പഠിപ്പിച്ച പോലെ, ഇഹ്‌സാന്‍ എന്നാല്‍ 'നീ അല്ലാഹുവിനെ കാണുന്നില്ലെങ്കിലും അവന്‍ നിന്നെ കാണുന്നുണ്ടെന്ന ബോധ്യത്തോടെ അവന് ഇബാദത്ത് ചെയ്യലാണ്' (ബുഖാരി, മുസ്‌ലിം).
ഇഹ്‌സാനിന്റെ രണ്ടാമത്തെ തലം ആ പ്രവര്‍ത്തനത്തിന്റെ ഫലവുമായി ബന്ധപ്പെട്ടതാണ്. അത് ആളുകള്‍ക്ക് ഉപകാരപ്പെടുന്ന, നന്മയേകുന്ന സുന്ദരമായ പ്രവര്‍ത്തനങ്ങളാകണം. ബലിയെന്നത് ഇസ്‌ലാമിലെ ഒരു പുണ്യകര്‍മമാണ്. അതിനായി മൃഗങ്ങളെ അറുക്കുമ്പോള്‍ പോലും ഇഹ്‌സാനോടെ ബലിമൃഗത്തിന് ആശ്വാസം നല്‍കി അറുക്കണമെന്ന് നബി(സ) പഠിപ്പിച്ചിട്ടുണ്ട് (മുസ്‌ലിം, തിർമിദി). ഇവിടെ പറയുന്ന ബലിയെന്ന കര്‍മത്തിന്, അല്ലാഹുവിന് മാത്രമാക്കുകയെന്ന ഒരു തലവും, ആവശ്യക്കാര്‍ക്ക് ഭക്ഷണമെത്തിക്കുകയെന്ന രണ്ടാമത്തെ തലവും കാണാം (അൽ ഹജ്ജ് 28,36).
പ്രവര്‍ത്തനങ്ങളിലെ ഈ സൗന്ദര്യം നിലനിര്‍ത്തുകയാണ് സോളിഡാരിറ്റി അതിന്റെ ഇടപെടലുകളിലൂടെ. ആത്മീയവും മാനസികവുമായ പ്രവര്‍ത്തനങ്ങളിലൂടെ സ്രഷ്ടാവിലേക്ക് അടുക്കുകയും അവന്റെ ഇഷ്ടവും സ്‌നേഹവും സ്വന്തമാക്കുകയും ചെയ്യുന്നു. നേടിയെടുത്ത ആത്മീയ-മാനസിക സംസ്‌കരണത്തിന്റെ ഫലങ്ങള്‍ സ്വഭാവസംസ്‌കരണത്തിലൂടെ ആളുകളിലേക്ക് എത്തുന്നു. അതിലൂടെ സാമൂഹിക ജീവിതത്തില്‍ ആളുകള്‍ക്ക് പരമാവധി നന്മകളും ഉപകാരങ്ങളും ഉണ്ടാക്കുകയെന്ന ലക്ഷ്യത്തിലേക്ക് സോളിഡാരിറ്റിയുടെ സമരങ്ങളും സേവനങ്ങളും ഇടപെടലുകളും വികസിക്കുകയും ചെയ്യുന്നു.
സൗന്ദര്യാ
വിഷ്‌കാരത്തിലേക്ക്
സ്രഷ്ടാവിന്റെ മാര്‍ഗത്തില്‍ ചലിച്ച് സൃഷ്ടികള്‍ക്ക് ഉപകാരപ്പെടുന്ന ജീവിതം നയിക്കുകയെന്ന സുന്ദരമായ ദീനീ സങ്കല്‍പം പൂര്‍ത്തീകരിക്കാന്‍ ഭൗതിക ലോകത്ത് ചില പ്രധാന ഉത്തരവാദിത്വങ്ങള്‍ നെഞ്ചേറ്റാന്‍ യുവാക്കള്‍ സന്നദ്ധരാകണം. അതാണ് ഇരുലോകത്തെയും വിജയം നേടാന്‍ സഹായിക്കുക. ആ ഉത്തരവാദിത്വങ്ങള്‍ ഇവയാണ്:
1. ഇസ്‌ലാമിനെ കുറിച്ച് ശരിയായ വിധം പഠിക്കുക.
2. പഠിച്ചത് ജീവിതത്തില്‍ പ്രയോഗവല്‍ക്കരിക്കുക.
3. ജീവിതസാക്ഷ്യത്തോടൊപ്പം ആ ആശയത്തിന്റെ തബ്‌ലീഗും ദഅ്വത്തും നിർവഹിക്കുക.
4. ദീനിന്റെ അടിത്തറയില്‍ സമൂഹത്തെ പുനര്‍നിർമിക്കാനും ജനങ്ങളെ വിമോചിപ്പിക്കാനുമുള്ള ശ്രമത്തില്‍ (ജിഹാദില്‍) ഏര്‍പ്പെടുക.
ഇവയോരോന്നും സോളിഡാരിറ്റി പ്രത്യേക പരിഗണന നല്‍കുന്ന പ്രവര്‍ത്തന മേഖലകളാണ്. ഇസ്‌ലാമിനെക്കുറിച്ച് ഓരോ സോളിഡാരിറ്റി പ്രവർത്തകനും കൃത്യമായ അറിവ് നേടുകയെന്നതാണ് ഒന്നാമത്തെ ചുവട്. അല്ലാഹു ഒരാളിലൂടെ ലോകത്ത് നന്മ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അവന് അറിവും പാണ്ഡിത്യവും (ഫിഖ്ഹ്) നല്‍കുമെന്ന് നബി(സ) പഠിപ്പിക്കുന്നുണ്ട് (ബുഖാരി, മുസ്‌ലിം). അല്ലാഹുവെക്കുറിച്ചും ദീനിനെക്കുറിച്ചും നബിയെക്കുറിച്ചും ആത്മവിശ്വാസവും തൃപ്തിയുമുണ്ടെങ്കിലേ വിശ്വാസത്തിന്റെ യഥാര്‍ഥ രുചി ആളുകള്‍ക്ക് ആസ്വദിക്കാനാകൂ എന്നും നബി(സ) പഠിപ്പിച്ചു (മുസ്‌ലിം).
സ്രഷ്ടാവിനെക്കുറിച്ചും സൃഷ്ടികളെക്കുറിച്ചും ഈ ലോകത്തെക്കുറിച്ചും നേടിയ അറിവും ബോധ്യങ്ങളും ജീവിതത്തില്‍ പകര്‍ത്തുകയെന്നതാണ് അടുത്ത ചുവട്. ഓരോ യുവാവിനെയും അതിന് സഹായിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ സോളിഡാരിറ്റിയുടെ പ്രധാന പരിഗണനയാണ്. നേടിയ അറിവിലൂടെ ആത്മസംസ്‌കരണം പൂര്‍ത്തീകരിക്കാനാകണം. സ്രഷ്ടാവിനെ മാത്രം ഭയപ്പെട്ട് ഭൗതിക പ്രതിബന്ധങ്ങളെയൊന്നും കൂസാതെ മുന്നേറുന്നൊരാള്‍ പൂര്‍ണ സ്വാതന്ത്ര്യമാണ് അനുഭവിക്കുക. കാരണം, സര്‍വശക്തന്റെ കല്‍പനകളാണ് അവന്‍ ജീവിതത്തില്‍ പാലിക്കുന്നത്. അതിനാല്‍, അവനല്ലാതെ മറ്റൊരാളും മറ്റൊന്നും അവന്റെ പരിഗണനാ വിഷയമല്ല. അതിലൂടെ അവന്റെ വ്യക്തിജീവിതം സംസ്‌കരിക്കപ്പെടുന്നു. ഒപ്പം മറ്റൊരാളുടെയും തീരുമാനത്തിന് കാത്തുനില്‍ക്കേണ്ടവനാകുന്നുമില്ല അവന്‍. ഇങ്ങനെ സോളിഡാരിറ്റിക്കാരനായി ജീവിക്കുന്ന ഒരാളുടെ ജീവിതം തന്നെ ദീനിന്റെ സാക്ഷ്യമാണ്.
സ്വന്തം ജീവിതംകൊണ്ട് ചുറ്റുമുള്ളവര്‍ക്ക് ദീനിന്റെ ശ്രേഷ്ഠത കാണിച്ചുകൊടുക്കാന്‍ സോളിഡാരിറ്റി പ്രവർത്തകന് അവന്റെ ജീവിതത്തിലൂടെ സാധിക്കുന്നു. അതോടൊപ്പം തന്റെ കൂടെയുള്ളവര്‍ക്കും ചുറ്റും ജീവിക്കുന്നവര്‍ക്കും ആ ദീനിന്റെ സമാധാനവും ശാന്തിയും ലഭിക്കാന്‍ അവന്‍ ആഗ്രഹിക്കുന്നു. അതിനായി അവന്‍ കര്‍മങ്ങളും വാക്കുകളും ചിട്ടപ്പെടുത്തുന്നു. അതിലൂടെ ആളുകള്‍ക്ക് സത്യത്തിന് സാക്ഷ്യം വഹിക്കുകയെന്ന വലിയ ഉത്തരവാദിത്വവും അവന്‍ പൂര്‍ത്തീകരിക്കുന്നു. ഇതാണ് മൂന്നാമത്തെ ചുവട്.
നാലാമത്തെ കാര്യം, ദീനിന്റെ അടിത്തറയില്‍ സമൂഹത്തെ പുനര്‍നിർമിക്കാനും ജനങ്ങളെ വിമോചിപ്പിക്കാനുമുള്ള ശ്രമത്തില്‍ (ജിഹാദില്‍) ഏര്‍പ്പെടുക എന്നതാണ്. സോളിഡാരിറ്റി തുടക്കം മുതലേ ഈ മേഖലയില്‍ വലിയ ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്. വ്യക്തിയിലും സമൂഹത്തിലും സ്വാധീനം ചെലുത്തിയ ദൈവവിരുദ്ധമായ എല്ലാ പ്രവണതകളില്‍നിന്നും നമ്മെയും സമൂഹത്തെയും മോചിപ്പിക്കാനുള്ള അങ്ങേയറ്റത്തെ ശ്രമവും സമരവുമാണ് ജിഹാദ്. തനിക്ക് അല്ലാഹു നല്‍കിയ മുഴുവന്‍ കഴിവുകളും അല്ലാഹുവിന് വേണ്ടി വിനിയോഗിക്കലാണത്. ഇഛയുടെയും പിശാചിന്റെയും താല്‍പര്യങ്ങളില്‍നിന്ന് സ്വന്തത്തെ മോചിപ്പിക്കുന്നത് മുതല്‍ അക്രമത്തെയും അനീതിയെയും ചെറുത്ത് അവകാശങ്ങള്‍ നേടിയെടുക്കൽ വരെ ജിഹാദാണ്.
ഇങ്ങനെ മനുഷ്യജീവിതവും അതിന്റെ പര്യവസാനവും സുന്ദരമാക്കാനുള്ള ദൗത്യമാണ് സോളിഡാരിറ്റി ഏറ്റെടുത്തിരിക്കുന്നത്. ഈ പ്രവര്‍ത്തനങ്ങളില്‍ നിങ്ങളും ഒപ്പമുണ്ടാകണമെന്നാണ് സോളിഡാരിറ്റിക്ക് യുവതയോട് പറയാനുള്ളത്. ഈ ചെറുകൂട്ടത്തെ ശക്തിപ്പെടുത്താന്‍ യുവാക്കള്‍ രംഗത്ത് വരണം.
പ്രയോഗതലത്തില്‍ സോളിഡാരിറ്റി കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഇസ്‌ലാമിന്റെ പ്രതിനിധാനങ്ങളെയെല്ലാം നിര്‍വഹിക്കാൻ ശ്രമിച്ചിട്ടുണ്ട്. മുതലാളിത്തവും കുത്തകകളും അരങ്ങുവാഴുന്ന കാലത്ത് മുതലാളിത്തം വലിച്ചെറിയുകയെന്ന് ആഹ്വാനം ചെയ്താണ് സോളിഡാരിറ്റി കേരളത്തില്‍ പ്രവര്‍ത്തനങ്ങളാരംഭിക്കുന്നത്. മണ്ണിനും മനുഷ്യനും വേണ്ടിയാണ് എല്ലാ വികസനങ്ങളുമുണ്ടാകേണ്ടതെന്ന് പറയാനാണ് പിന്നീട് യുവത്വം തെരുവിലിറങ്ങിയത്. തുടര്‍ന്നുള്ള കാലത്ത്, വ്യത്യസ്ത രീതിയില്‍ മണ്ണിനെയും മനുഷ്യനെയും പ്രതികൂലമായി ബാധിക്കുന്ന പല വികസന പ്രവര്‍ത്തനങ്ങളുടെയും പ്രശ്‌നങ്ങള്‍ സമൂഹത്തെ ബോധ്യപ്പെടുത്താനും ജനപക്ഷ വികസന ബദലുകള്‍ സമര്‍പ്പിക്കാനും ശ്രദ്ധിച്ചു. എക്‌സ്പ്രസ് ഹൈവെ, കരിമണല്‍ ഖനനം, മൂലംപള്ളി സമരം, എൻഡോസള്‍ഫാന്‍ സമരം തുടങ്ങിയവ ഉദാഹരണം. സമരത്തോടൊപ്പം സേവനം കൂടി സംഗമിക്കുന്ന പുതിയ മാതൃകയാണ് എൻഡോസള്‍ഫാന്‍ മേഖലയില്‍ സോളിഡാരിറ്റി കാഴ്ചവെച്ചത്. വികസനത്തിന് ബദലുകള്‍ സമര്‍പ്പിക്കുന്ന അക്കാദമിക പരിപാടികള്‍ നടത്തി.
മനഷ്യാവകാശവുമായി ബന്ധപ്പെട്ട മേഖലകളില്‍ സക്രിയമായ ഇടപെടലുകളുമായി സോളിഡാരിറ്റി മുന്നോട്ടുവന്നു. രാജ്യത്ത് അന്യായമായി ഭീകരമുദ്ര ചാര്‍ത്തപ്പെട്ടവരും അവരുടെ കുടുംബങ്ങളും വലിയ അവഗണനക്കിരകളാവുകയും ഒരാളും അവരെ പിന്തുണക്കാനില്ലാതിരിക്കുകയും ചെയ്ത ഘട്ടത്തില്‍ സോളിഡാരിറ്റി സധീരം അവര്‍ക്കൊപ്പം ചേര്‍ന്നു. അറസ്റ്റുകള്‍ നടന്ന പ്രദേശങ്ങളില്‍ ജനകീയ പങ്കാളിത്തത്തോടെ പരിപാടികള്‍ നടത്തി. 'കെട്ടിച്ചമച്ച കേസുകളുടെ ജനകീയ വിചാരണ' എന്ന തലക്കെട്ടില്‍ വിപുലമായ രീതിയില്‍ രണ്ട് പീപ്പ്ള്‍സ് ട്രൈബ്യൂണലുകള്‍ നടത്തി.
ഇസ്‌ലാമോഫോബിയയുടെ സൂക്ഷ്മതലങ്ങളെ ഉയര്‍ത്തിക്കാട്ടിയ അക്കാദമിക പരിപാടിയും, സംഘ് പരിവാറിനെ വിശകലനം ചെയ്യുന്ന വൈജ്ഞാനിക സെമിനാറും ശ്രദ്ധേയമായിരുന്നു. രാജ്യത്ത് ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന സംഘ് ഭീകരതയെ പ്രതിരോധിക്കാന്‍ ജനകീയ കൂട്ടായ്മകളും മറ്റും അനിവാര്യമാണെന്ന തിരിച്ചറിവില്‍ വിപുലമായ രണ്ട് ഫാഷിസ്റ്റ് വിരുദ്ധ കാമ്പയിനുകളും സംഘടിപ്പിച്ചു.
ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുന്ന കാലമാണ് യുവത്വം. അതിനെ പരമാവധി ഉപയോഗപ്പെടുത്താന്‍ സോളിഡാരിറ്റി കൂടെയുണ്ടാകും. ഇരു ലോകത്തും വിജയതീരത്തണയാന്‍ നമ്മുടെ ജീവിതത്തിന്റെ ക്രിയാത്മക കാലമായ യൗവനം നമുക്ക് വിനിയോഗിക്കാം. l
Comments