Prabodhanm Weekly

Pages

Search

2023 മെയ് 19

3302

1444 ശവ്വാൽ 28

മിയ കവിതകൾ പോരാട്ടവും സൗന്ദര്യവും

ഫൈസൽ കൊച്ചി

എഴുതെടോ.
എഴുതിയെടുക്കെടോ.
ഞാനൊരു മിയ.
200543 ആണ് പൗരത്വ പട്ടികയിലെ ക്രമനമ്പർ.
എനിക്ക് രണ്ടു കുഞ്ഞുങ്ങൾ.
അടുത്തത് വരും ഉഷ്ണകാലത്ത്.
എന്നെ വെറുത്തതു പോലെ
നീ അവനെയും വെറുക്കുമോ?
    -ഡോ. ഹാഫിസുദ്ദീൻ അഹ്്മദ്

2016-ൽ അസമീസ് ഭാഷയും സംസ്കാരവും സംരക്ഷിക്കുന്നതിന് രൂപംകൊണ്ട ചാർചപോരി  സാഹിത്യപരിഷത്തിന്റെ പ്രസിഡന്റായ ഡോ. ഹാഫിസുദ്ദീൻ അഹ്്മദ് ഫേസ്ബുക്കിൽ ‘ഞാനൊരു മിയ’ എന്ന പേരിലെഴുതിയ കവിതയുടെ ആദ്യവരികളാണിത്. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ സമാനമായ 20 മിയ കവിതകൾ മുഖപുസ്തകത്തിൽ വൈറലായി. മിയ എന്ന ഉർദു പദത്തിന് ‘മാന്യൻ’ എന്നാണ് ഭാഷാർഥം. പക്ഷേ, അസമിൽ അത് ബംഗാളി മുസ്്ലിംകളെ നിന്ദിക്കാനും അവഹേളിക്കാനുമുള്ള ചാപ്പയും താപ്പുമാണ്.  കറുത്ത വർഗക്കാരെ  ആക്ഷേപിക്കാൻ യൂറോപ്യന്മാർ കണ്ടെത്തിയ പദമായിരുന്നു നീഗ്രോ. ആ പദത്തെ തന്നെ പ്രതിരോധത്തിന്റെ ചവിട്ടുപടിയാക്കിയാണ് നെഗ്രിറ്റ്യൂഡ് പ്രസ്ഥാനം ചരിത്രത്തിലേക്ക് ചുവടുവെച്ചത്. സമാനമായ പ്രതിരോധപ്രസ്ഥാനത്തിനാണ് അസമിൽ മിയകളും നേതൃത്വം നൽകുന്നത്. അവയെ മുന്നിൽനിന്ന് നയിക്കുകയാണ് ഡോ. ഹാഫിസിനെപ്പോലുള്ള മിയ കവികൾ.
മുഖപുസ്തകത്തിലല്ലാതെ മറ്റൊരിടത്തും ഈ കവിത പ്രത്യക്ഷപ്പെടാനുള്ള സാധ്യതകളില്ലായിരുന്നു. കാരണം, 1964-ൽ ഫലസ്ത്വീൻ കവിയായ മഹ്്മൂദ് ദർവേശ് എഴുതിയ ‘ഐഡൻറിറ്റി കാർഡ്’ എന്ന കവിതയുടെ, പോരാട്ട വീര്യവും ഭാവസമാനതകളും ആവാഹിച്ചതായിരുന്നു ‘ഞാൻ മിയ’യും. ഫലസ്ത്വീനിലും അസമിലും നടക്കുന്ന പോരാട്ടങ്ങളിലെ ഉപമാലങ്കാരങ്ങൾ, കവിതയിൽ ഉപയോഗിച്ചതിനാൽ ഫാഷിസ്റ്റ് ഭരണകൂടത്തിന് അതേൽപിച്ച പൊള്ളൽ ചെറുതല്ലായിരുന്നു. 2019-ൽ പ്രണാബ് ജിത്ത് ദോലോയ് എന്ന പത്രപ്രവർത്തകനെ ചട്ടം കെട്ടി, മിയ കവികൾക്കെതിരെ ഗുവഹാട്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകിക്കുകയും, കവികൾക്കെതിരെ മാരകമായ വകുപ്പുകളിട്ട് പോലീസ് കേസ് എടുക്കുകയും ചെയ്തു. ഇതോടെ മിയ കവിതകളും ഭരണകൂട നടപടികളും ആവിഷ്കാരവും  വലിയ അളവിൽ ചർച്ച ചെയ്യപ്പെട്ടു. സമാനമായ ഭരണകൂട നടപടിയായിരുന്നു, സ്വന്തം വീട്ടിൽ മിയ മ്യൂസിയം സ്ഥാപിച്ചതിന് മൂന്നു ചെറുപ്പക്കാരെ അറസ്റ്റു ചെയ്തത്.  ഗോൾപാറ ജില്ലയിൽ വെറും 7000 രൂപ മുടക്കിയാണ് അലി എന്ന ചെറുപ്പക്കാരൻ മിയ സംസ്കാരത്തെ പ്രതിനിധാനം ചെയ്യുന്ന മ്യൂസിയം വീട്ടിൽ തയ്യാറാക്കിയത്. താമസിക്കുന്ന വീട് വാണിജ്യാവശ്യത്തിന് ഉപയോഗിച്ചു എന്ന ‘ഗുരുതര’ കുറ്റമാണ് അറസ്റ്റിന് കാരണമായത്. 
മിയ: സ്വത്വവും സംസ്കാരവും
നൂറു കണക്കിന് സാമൂഹിക വിഭാഗങ്ങൾ സങ്കരമായും സഹകരണ മനസ്സാലും സംഗമിക്കുന്നിടമാണ് അസം. ബോഡോകൾ, സന്താൾ, കച്ചാർ, മിഷിങ്ങ്, ലാലൂങ്ങ്, അഹോമി ഹിന്ദുക്കൾ, അഹോമി മുസ് ലിംകൾ തുടങ്ങി സ്വന്തമായി ഭാഷയും വാമൊഴി ഭേദങ്ങളുമുള്ള വിഭാഗങ്ങളാണ് അവിടത്തെ നിവാസികൾ. തേയിലത്തോട്ടങ്ങളിലേക്കുള്ള കുടിയേറ്റവും പലായനവുമാണ് അസമിലെ ജനസംഖ്യ വർധിപ്പിച്ചത്. കിഴക്കൻ ബംഗാളിൽനിന്നുള്ള കുടിയേറ്റം ഇതിൽ പ്രധാനമായിരുന്നു. ബ്രിട്ടീഷുകാരാണ് അതിന് പ്രോൽസാഹനം നൽകിയത്. 1837-ൽ ബ്രിട്ടീഷുകാർ അസമിലെ ഔദ്യോഗിക ഭാഷയായി ബംഗാളിയെ പ്രഖ്യാപിച്ചത് ഗൂഢ ലക്ഷ്യങ്ങളോടെയായിരുന്നു. കുടിയേറിയവരിൽ പലർക്കും ജനന രേഖകളോ  തിരിച്ചറിയൽ പ്രമാണങ്ങളോ കൈവശമുണ്ടായിരുന്നില്ല.തദ്ദേശീയരും കുടിയേറ്റക്കാരും തമ്മിൽ ഭിന്നതയും അകൽച്ചയും സൃഷ്ടിക്കുന്നതിന് ബ്രിട്ടീഷ് നയങ്ങൾ കാരണമായി. 1940-ൽ അസം സാഹിത്യസഭയുടെ തലവനായ ഡോ. മൊയ്ദുൽ ഇസ്്ലാം ബോറ, അസം മുസ്്ലിം വിഭാഗങ്ങളോട് അസം മുഖ്യധാരയിൽ ‘ലയിക്കാൻ’ നിർദേശം നൽകി. 1941-ലെ സെൻസസിൽ തങ്ങളുടെ പുതിയ നാടിനോടുള്ള നന്ദിസൂചകമായി ബംഗാളി മുസ്്ലിംകൾ, തങ്ങളുടെ ഔദ്യോഗിക ഭാഷയായി അസമിയയെ അംഗീകരിച്ചു. ഇന്ത്യാ വിഭജനത്തിന് ശേഷം അസം മുസ്്ലിം ലീഗ് പിരിച്ചുവിടുകയും നേതാക്കളോട് കോൺഗ്രസ്സിൽ ലയിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഈ ലയനതീരുമാനങ്ങളൊന്നും തന്നെ തദ്ദേശീയരെ തൃപ്തിപ്പെടുത്തിയില്ല. 1983-ൽ നടന്ന നെല്ലി കലാപം ഔദ്യോഗിക കണക്ക് പ്രകാരം രണ്ടായിരത്തിലധികം (പതിനായിരമെന്നാണ് അനൗദ്യോഗിക കണക്കുകൾ) ബംഗാളി മുസ്്ലിംകളുടെ കൂട്ടക്കൊലയിലാണ് കലാശിച്ചത്. അതോടെ വിദേശികളെ പുറത്താക്കണമെന്ന മുദ്രാവാക്യത്തിന് തീവ്രത വർധിച്ചു. അസം പ്രക്ഷോഭത്തിലേർപ്പെട്ട വിദ്യാർഥിനേതാക്കൾ 1985-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മൽസരിച്ചു ജയിക്കുകയും സർക്കാർ രൂപവത്കരിക്കുകയും ചെയ്തു. കേന്ദ്രസർക്കാരുമായി അവരേർപ്പെട്ട പ്രധാന കരാറുകളിലൊന്ന്, 1971 മാർച്ച് 24 അർധരാത്രിക്ക് ശേഷം അസമിലെത്തിയവരെ നാട്ടിൽനിന്ന് പുറത്താക്കണമെന്നതായിരുന്നു. നുഴഞ്ഞുകയറ്റക്കാരിൽനിന്ന് യഥാർഥ പൗരന്മാരെ കണ്ടുപിടിക്കുന്ന പൗരത്വ രജിസ്റ്റർ എന്ന ആശയം രൂപപ്പെടുന്നത് അപ്രകാരമാണ്. 50 ലക്ഷം മുതൽ 80 ലക്ഷം വരെ കുടിയേറ്റക്കാർ അസമിലുണ്ടെന്നായിരുന്നു പ്രോപഗണ്ട. ഡിറ്റക്ട് (കണ്ടെത്തുക), ഡിലീറ്റ് (നീക്കം ചെയ്യുക), ഡീപോർട്ട് ( നാടുകടത്തുക) എന്ന മൂന്നു ‘ഡി’ കൾ ഉടനടി നടപ്പാക്കണമെന്നതായിരുന്നു തീവ്ര ദേശീയ വാദികളുടെ ആക്രോശം. 
അസം സംസ്കാരവുമായി അലിഞ്ഞു ചേർന്നിട്ടും സ്വന്തം ഭാഷയും സംസ്കാരവും കൈയൊഴിച്ചിട്ടും നിരാലംബരായ ബംഗാളി മുസ്്ലിംകൾ, അവരുടെ സ്വത്വത്തിലേക്കുള്ള ‘യൂടേണി’ന്റെ ആരംഭത്തെ അടയാളപ്പെടുത്തുകയാണ് സമകാലിക മിയ കവിതകൾ ചെയ്യുന്നത്. പൗരത്വ രജിസ്റ്ററിനോടുള്ള അടക്കാനാവാത്ത അമർഷം മിയ കവിതകളിൽ പ്രകടമാണ്.
മിയ കവിതകൾ
1939-ൽ മൗലാനാ ബന്ദേ അലിയാണ് ബംഗാളി മുസ് ലിംകളുടെ ദുരിതങ്ങളെ കുറിച്ച് ആദ്യമായി കവിതകളിലൂടെ പ്രതികരിച്ചു തുടങ്ങിയത്. പക്ഷേ, അപ്പോഴും അദ്ദേഹം മിയ എന്ന പദം ബോധപൂർവം  കവിതയിൽ ഉപയോഗിച്ചിരുന്നില്ല. അത്രയും വെറുപ്പുളവാക്കുന്ന വിളിപ്പേരായിരുന്നു അവർക്കത്. മിയ കവിതകൾ സാഹിത്യത്തിൽ ആദ്യമായി ചലനം സൃഷ്ടിക്കുന്നത് 1985 കാലയളവിലാണ്. നെല്ലി കൂട്ടക്കൊലകളുടെ പശ്ചാത്തലത്തിൽ കബീർ അഹ്്മദാണ് ‘ഞാൻ യാചിച്ചു പ്രഖ്യാപിക്കുന്നു’ (I beg to state that….) എന്ന പേരിലുള്ള കവിത രചിക്കുന്നത്. ആദ്യമായി മിയ എന്ന പദം ഉപയോഗിക്കുന്നതും ഈ കവിതയിലാണ്.
ഞാൻ യാചിച്ചു പ്രഖ്യാപിക്കുന്നു
ഞാനൊരു കുടിയേറ്റക്കാരനാണ്.
വെറുക്കപ്പെട്ട മിയ.
എന്തുതന്നെയായാലും
എന്റെ പേര് ഇസ്്മാഈൽ ശൈഖ് എന്നാണ്.
റംസാൻ അലി, മജീദ് മിയ.
പക്ഷേ, ഞാൻ അസമിയാണ്.

എനിക്ക് ധാരാളം പറയാനുണ്ട്.
അസം നാടോടിക്കഥകളെക്കാൾ പഴക്കമുള്ള കഥകൾ.
നിങ്ങളുടെ സിരകളിലൊഴുകുന്ന രക്തത്തെക്കാൾ 
പഴക്കമുള്ളവ.
സ്വാതന്ത്ര്യത്തിന് നാൽപതു വർഷങ്ങൾക്ക് ശേഷവും
എഴുത്തുകാരുടെ രചനകളിൽ എന്റെ പേരില്ല.
എണ്ണഛായങ്ങളിൽ എന്റെ ചിത്രമില്ല.
പാർലമെന്റിലും നിയമസഭകളിലും
എന്റെ നാമം ഉച്ചരിക്കാറേയില്ല.
രക്തസാക്ഷി മണ്ഡപങ്ങളിലും
എന്റെ ചൂരില്ല.
പത്രങ്ങളിൽ എന്റെ പേരച്ചടിച്ചുവരാറില്ല.
എന്തിന് എന്നെ എന്തു വിളിക്കണമെന്നുപോലും
നിങ്ങൾക്കറിയില്ല.
ഞാൻ മിയ അതോ
അസമിയോ?

ബ്രഹ്മപുത്രയുടെ പ്രളയാനുഭവങ്ങളിൽ മേൽവിലാസം നഷ്ടപ്പെടുന്നതിനെക്കുറിച്ചാണ് കവിത പിന്നീട് സംസാരിക്കുന്നത്. വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്ന കവിയെ ഏതോ ഒരു വഞ്ചിക്കാരനാണ് കരക്കടുപ്പിക്കുന്നത്. അന്നു മുതൽ ഈ മണ്ണിനെ അവർ നെഞ്ചോട് ചേർത്ത് പ്രണയിച്ചു. 1983-ൽ നെല്ലിയിലെ കത്തിക്കരിഞ്ഞ രാത്രികളെ ഓർത്തുകൊണ്ടാണ് കവിത അവസാനിക്കുന്നത്.
ഹാഫിസ് അഹ്്മദിന്റെ ‘ഞാൻ’ മിയ എന്ന കവിതയോടു കൂടിയാണ് മിയ കവിതകളുടെ പുതു കാലത്തിന് തുടക്കം കുറിക്കുന്നത്. ‘എഴുതിയെടുക്കെടോ ഞാൻ മിയ’ എന്ന അലർച്ച ആദ്യകാല കവിതകളിലെ യാചനകളിൽനിന്നും മാപ്പുസാക്ഷ്യങ്ങളിൽനിന്നുമുള്ള മോചനമായിരുന്നു.
ഞാൻ മിയ.
നിന്റെ മലിനനിലങ്ങളും തരിശുപാടങ്ങളും
ഞാൻ പച്ചനിറച്ചതാക്കുന്നു,
നിനക്ക് മൂക്കുമുട്ടേ തിന്നാൻ.
കല്ലുകൾ ചുമക്കുന്നു,
നിനക്ക് കോട്ട കെട്ടാൻ.
വാഹനചക്രം തിരിക്കുന്നു,
നിനക്ക് ദിശയിലെത്താൻ.
നിന്റെ ഓടകൾ പളുങ്കുപോലെയാക്കുന്നു.
എന്നിട്ടും നീ സംതൃപ്തനല്ലെന്നോ?
മിയകളനുഭവിക്കുന്ന ആത്മസംഘർഷങ്ങളെ കൃത്യമായി കൊത്തിവെച്ചുകൊണ്ടാണ് ഈ കവിത മുന്നോട്ടു പോകുന്നതും അവസാനിക്കുന്നതും.
ഒരു കവിതയെഴുതിയതിന്റെ പേരിൽ നാല് എഫ്.ഐ.ആറുകൾക്കും ബലാൽസംഗ ഭീഷണികൾക്കും വിധേയയായ കവയിത്രിയാണ് രഹ്്ന സുൽത്താന. 2019-ലാണ് അവർ ‘അമ്മ’ എന്ന പേരിലുള്ള കവിത രചിക്കുന്നത്. സ്കൂൾ പഠനകാലത്ത് പാവപ്പെട്ട ബംഗാളിയായ ഒരു റിക്ഷക്കാരനെ സഹപാഠികൾ മിയ എന്നു പറഞ്ഞ് പരിഹസിക്കുന്നതും ഉച്ചത്തിൽ ചിരിക്കുന്നതും കേട്ട രഹ്്ന, അത് തന്റെ മനസ്സിലുണ്ടാക്കിയ നീറ്റലിനെക്കുറിച്ച് അഭിമുഖത്തിൽ വിവരിക്കുന്നുണ്ട്. അമ്മ എന്ന കവിത അസം നാടിനോടുള്ള സംസാരമാണ്.

നീയെന്റെ അമ്മയല്ലേ?
നിന്റെ മടിയിലല്ലേ ഞാൻ പിറന്നുവീണത് ?
എന്റെ അഛനും സഹോദരങ്ങളും
പിറന്നതും ഇവിടെ തന്നെ.
അമ്മേ
എന്നിട്ടും നീ പറയുന്നോ,
ഞാൻ നിേന്റതല്ലെന്ന്
ഞാൻ നിന്റെയാരുമല്ലെന്ന്
നിനക്കെന്നെ വിശ്വാസമില്ല?
എനിക്കെങ്ങനെയോ താടി വളർന്നിട്ടുണ്ട്.
ഒരു ലുങ്കിയിലേക്ക് ഊർന്നിറങ്ങിയിട്ടുണ്ട്.
എന്നെ നിനക്ക് പരിചയപ്പെടുത്തി പരിചയപ്പെടുത്തി
ഞാൻ മടുത്തുപോയിട്ടുണ്ട്.
നിന്റെ എല്ലാ അപമാനങ്ങളും അട്ടഹാസങ്ങളും
ഞാൻ സഹിക്കുന്നു.
അമ്മേ
ഞാൻ നിങ്ങളുടേത് തന്നെയല്ലേ?

പോരാട്ടത്തിന്റെ ചൂടും ചൂരും  നിറഞ്ഞതാണ് മിയ കവിതകൾ. പൗരത്വ ഭേദഗതി നിയമങ്ങൾക്കും, വംശീയ വിദ്വേഷം പരത്തുന്ന ഭരണകൂട ഇടപെടലുകൾക്കുമെതിരെയുള്ള  ജനകീയ ചെറുത്തുനിൽപ്പിന്റെ സൗന്ദര്യമുള്ള ആവിഷ്കാരങ്ങൾ. l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 44 അദ്ദുഖാൻ സൂക്തം 40-50
ടി.കെ ഉബൈദ്‌

ഹദീസ്‌

മാതൃപിതൃ പരിചരണം സ്വർഗത്തിലേക്കുള്ള വഴി
കെ.പി യൂസുഫ് പെരിങ്ങാല