Prabodhanm Weekly

Pages

Search

2023 മെയ് 19

3302

1444 ശവ്വാൽ 28

പൗര്‍ണമി ചന്ദ്രന്‍

സീനത്ത് മാറഞ്ചേരി

രാക്കാറ്റ് വീശിയ താഴ്്വര പൂക്കവെ,
വെണ്‍മരുപ്പാറകള്‍ കൈകോര്‍ത്തു നില്‍ക്കവെ,
തേന്‍നിലാ പാല്‍ക്കുടം രണ്ടായ് പിളര്‍ന്നുപോയി,
നിന്‍ വിരല്‍ത്തുമ്പില്‍ പ്രകാശ സൂനങ്ങളായ്.

സൗഭാഗ്യമായ് നീ കരുതുന്നതൊക്കെയും,
സല്‍ശീലങ്ങളാല്‍ ശോഭനമാക്കണം.
ഞാനെന്ന ഭാവത്തിന്‍ മാന്ദ്യം വെടിയണം,
മാനവര്‍ക്കനുഗുണമായി വസിക്കണം.

ഉടമയായ് വിലസിയും കൊലവിളിയേറ്റിയും
പരിഹാസോക്തികള്‍ ചൊല്ലിത്തളര്‍ത്തിയും,
ശ്രേഷ്ഠരാം സന്ദേശ വാഹകരൊക്കെയും
മേല്‍പ്പോട്ടു ദൃഷ്ടികള്‍ പായിക്കും നിമിഷങ്ങള്‍,

ഏറ്റം ഭീകരമാണതെന്നോര്‍ക്കുവാന്‍
ഇച്ചന്ദ്രബിംബത്തിന്‍ പാഠം മറിക്കുക.
നൂഹും ഹൂദും സ്വാലിഹും ലൂത്വും
മൂസയും പ്രാപിച്ച രക്ഷയതോര്‍ക്കണം.

വെള്ളിനിലാവും വെണ്‍മേഘ വൃന്ദവും
ഒരുനാള്‍ നിനക്കായ് ദൂതുമായ് വന്നിടാം.
വാനവും ഭൂമിയും ജലധാര മീട്ടിയ
നേരത്തൊരു കപ്പല്‍ മേലേയ്ക്കുയര്‍ന്നതും,
കോപിച്ച കാറ്റിന്റെ കൈകളില്‍ ആജാനു-
ബാഹുക്കള്‍ നീറി നിലം പരിശായതും.
നൈപുണ്യമേറുന്ന കോട്ടകള്‍ക്കുള്ളില്‍
പ്രകമ്പനം കൊണ്ടങ്ങനങ്ങാതിരുന്നതും
നീളെ ചരല്‍ക്കാറ്റു വീശിയും പിന്നെ,
കീഴ് മേല്‍ മറിച്ചങ്ങു ചാക്കടല്‍ തീര്‍ത്തതും.

മഹാസമുദ്രങ്ങളെ നെടുകെ പിളര്‍ത്തുന്ന
ദണ്ഡിനാല്‍ അന്ത്യം കുറിച്ച റാംസേസുമാര്‍,
ആരായിരുന്നിവര്‍ നാഥനെ ധിക്കരിച്ചതിരുകള്‍ ലംഘിച്ച ജനതകളല്ലയോ.

ശേഷിക്കും ലോക ജനതയ്ക്കറിയുവാന്‍,
പാഠങ്ങളിട്ടേച്ചു പോയവരല്ലയോ!
സഞ്ചാരികള്‍ക്കു തിരിച്ചറിഞ്ഞീടുവാന്‍
അന്ത്യം വരേയ്ക്കും ബാക്കിയായ് തീര്‍ന്നവര്‍!

സത്യമില്ലാത്തൊരാ സംഘങ്ങള്‍ തോല്‍ക്കവേ
ഉദ്ബുദ്ധരാകുവാന്‍ സന്നദ്ധരാകുമോ!
ഉഗ്രപ്രതാപിയാം രാജാധിരാജന്റെ
ഭക്തരായ് പാദം ഉറപ്പിക്ക മര്‍ത്ത്യരേ!

കണ്ണിമ മിന്നും വിനാഴികക്കുള്ളില്‍
കണ്‍കുളിര്‍മയ്ക്കിടം നീളെയൊരുക്കിടും,
സത്യവും സൂക്ഷ്മത കൈമുതലാക്കിയോര്‍
മിഥ്യയല്ലാനന്ദ നിത്യത നേടിടും.

(വിശുദ്ധ ഖുര്‍ആനിലെ അല്‍ഖമര്‍ അധ്യായത്തെ ഉപജീവിച്ചെഴുതിയത്)


l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 44 അദ്ദുഖാൻ സൂക്തം 40-50
ടി.കെ ഉബൈദ്‌

ഹദീസ്‌

മാതൃപിതൃ പരിചരണം സ്വർഗത്തിലേക്കുള്ള വഴി
കെ.പി യൂസുഫ് പെരിങ്ങാല