കുറ്റവാളിക്ക് സംരക്ഷണമൊരുക്കുന്ന ഭരണകൂടം
ന്യൂ ദൽഹിയിലെ ജന്തർ മന്തറിൽ വനിതാ ഗുസ്തി താരങ്ങൾ നടത്തുന്ന കുത്തിയിരിപ്പ് സമരം ഇതെഴുതുമ്പോഴും തുടരുകയാണ്. വൻ ജനപങ്കാളിത്തവും അതിന് ലഭിച്ചുകൊണ്ടിരിക്കുന്നു. തങ്ങളെ ലൈംഗികമായി പീഡിപ്പിച്ച റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റും ബി.ജെ.പി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഈ രണ്ടാം ഘട്ട ധർണ. സുപ്രീം കോടതിയുടെ ഇടപെടലിനെ തുടർന്ന് ദൽഹി പോലീസ് ബ്രിജ് ഭൂഷണെതിരെ എഫ്.ഐ. ആർ തയറാക്കിയെങ്കിലും ഇതുവരെയും ഒരു നടപടിയും ഉണ്ടായിട്ടില്ല. ഭരണ സ്വാധീനമുപയോഗിച്ച് കേസ് എങ്ങനെയെങ്കിലും ഒതുക്കിത്തീർക്കാനാണ് ബി.ജെ.പിയുടെ ശ്രമം. ഗുസ്തി താരങ്ങളാവട്ടെ, ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്താലേ തങ്ങൾ സമര രംഗത്തുനിന്ന് പിൻമാറൂ എന്ന ഉറച്ച നിലപാടിലും. സ്ത്രീകളുടെ സുരക്ഷ, സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളിൽ ഭരണകൂടത്തിന്റെ പ്രതികരണം, നമ്മെ നയിക്കുന്ന രാഷ്ട്രീയ നേതാക്കളുടെ ധാർമിക നിലവാരം തുടങ്ങിയ വിഷയങ്ങളിൽ ഗൗരവമാർന്ന ചില ചോദ്യങ്ങൾ ഉയർത്തുന്നുണ്ട് ഈ സമരം. ഭരണകക്ഷിയുടെ നിരുത്തരവാദപരമായ നിലപാടിനെ മാത്രമല്ല, ആ പാർട്ടിയുടെ വാക്കും പ്രവൃത്തിയും തമ്മിലുള്ള വൈരുധ്യത്തെക്കൂടി ഇത് തുറന്നുകാട്ടുന്നുണ്ട്.
വർഷങ്ങളായി തങ്ങൾ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് തുറന്നുപറഞ്ഞ് കഴിഞ്ഞ ജനുവരിയിലാണ് ഗുസ്തി താരങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. അന്ന് ഭരണകൂടം അവർക്ക് നൽകിയ ഉറപ്പുകളൊന്നും പാലിക്കപ്പെടാത്ത സാഹചര്യത്തിൽ നാല് മാസം കഴിഞ്ഞ് വീണ്ടും സമര രംഗത്തിറങ്ങാൻ അവർ നിർബന്ധിതരാവുകയായിരുന്നു. പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർക്ക് ഗുസ്തി താരങ്ങൾ നേരത്തെ പരാതി നൽകിയതാണ്. 'പോസ്കോ' വരെ ചുമത്തി കുറ്റവാളിയെ അറസ്റ്റ് ചെയ്യാൻ തെളിവുകൾ സമർപ്പിക്കപ്പെട്ടിട്ടുണ്ട്. എല്ലാം പ്രതിപക്ഷത്തിന്റെ രാഷ്ട്രീയക്കളിയായി ചിത്രീകരിച്ച് കണ്ണടച്ച് ഇരുട്ടാക്കുകയാണ് ഭരണകൂടം. സ്ത്രീസുരക്ഷയെ സംബന്ധിച്ച വലിയ ചോദ്യങ്ങൾക്ക് തന്നെയാണ് ഭരണകൂടം ആദ്യം ഉത്തരം നൽകേണ്ടത്. സ്ത്രീസുരക്ഷക്ക് നിയമങ്ങൾ പലതുണ്ടെങ്കിലും അവൾ നാൾക്കു നാൾ കൂടുതൽ അരക്ഷിതയാവുകയാണ് നമ്മുടെ നാട്ടിൽ. പ്രശസ്തരായ കായിക താരങ്ങളുടെ സ്ഥിതി ഇതാണെങ്കിൽ, സാധാരണക്കാരുടെ കാര്യം പറയാനുണ്ടോ! പിഡിപ്പിക്കപ്പെട്ടു എന്ന പരാതിയുമായി പോലീസ് സ്റ്റേഷനിൽ ചെല്ലാൻ പറ്റാത്ത സ്ഥിതിവിശേഷമാണ് പല സംസ്ഥാനങ്ങളിലും. പീഡകർക്ക് പണത്തിന്റെയും അധികാരത്തിന്റെയും പിൻബലമുള്ളതിനാൽ, എഫ്. ഐ.ആർ എഴുതാൻ പോലും പോലീസ് തയാറാവില്ല. പരാതിയുമായി ചെല്ലുന്നവരെ കള്ളക്കേസുകളിൽ കുടുക്കുന്നതും സാധാരണമായിരിക്കുന്നു.
ബേട്ടി പഠാവോ, ബേട്ടി ബച്ചാവോ (പെൺകുട്ടിയെ പഠിപ്പിക്കൂ, പെൺകുട്ടിയെ രക്ഷിക്കൂ) എന്ന മുദ്രാവാക്യമുയർത്തി വലിയ പ്രചാരണ കോലാഹലങ്ങൾ സൃഷ്ടിക്കുന്ന കേന്ദ്ര ഭരണകൂടം, തങ്ങൾ വിളിച്ചുപറയുന്നതിൽ തരിമ്പെങ്കിലും ആത്മാർഥതയുണ്ടെങ്കിൽ ഇത്തരം കുറ്റവാളികളെ അറസ്റ്റ് ചെയ്യാൻ തയാറാവണം. l
Comments