സമയവും അവസരവും ലാഭപരതയും പലിശക്ക് ന്യായമാവുമോ? - 4
നിങ്ങളൊരാള്‍ക്ക് പണം കടമായി നല്‍കുമ്പോള്‍ ആ പണം അയാള്‍ക്ക് വലിയ തോതില്‍ പ്രയോജനപ്പെടുന്നുണ്ടെന്നത് സത്യമാണ്. അതിനുള്ള അവസരം ഒരുക്കിയതും നിങ്ങള്‍ തന്നെ. പക്ഷേ, അതിന്റെ പേരില്‍ മാത്രം നിങ്ങള്‍ അയാളില്‍ നിന്ന് പലിശയെന്ന പേരില്‍ ഒരു സംഖ്യ വസൂലാക്കിക്കൊണ്ടേയിരിക്കുക എന്നതില്‍ ന്യായമെന്താണുള്ളത്? എവിടെയാണതില്‍ നീതി? കടം വാങ്ങിയതിന്റെ പേരില്‍ ആ മനുഷ്യന്റെ ദുരിതങ്ങള്‍ മാസാ മാസം, വര്‍ഷാവര്‍ഷം ഇരട്ടിച്ചുകൊണ്ടിരിക്കെ നിങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സംഖ്യയും ഇരട്ടിക്കുമ്പോള്‍ പ്രത്യേകിച്ചും?
ഒരു മനുഷ്യന്റെ പ്രയാസങ്ങളും ദുരിതങ്ങളും നിങ്ങള്‍ക്ക് പണം വാരാനുള്ള സുവര്‍ണാവസരമൊരുക്കുക, പട്ടിണി മരണത്തിലേക്ക് നീങ്ങുന്ന ഒരു കൂട്ടം മനുഷ്യരുടെ ചെലവില്‍ പണം മുടക്കാനുള്ള മികച്ച അവസരം കണ്ടെത്തുക- ഇതെന്തൊരു തരം ഇടപാടാണ്, ബിസിനസ്സാണ്!
മൂലധനം കൊണ്ട് മാത്രം ലാഭമുണ്ടാക്കാനാവില്ല എന്ന കാര്യവും നാം കണക്കിലെടുക്കണം. മനുഷ്യന്റെ ബുദ്ധിയും അധ്വാനവും കൂടി ചേരുമ്പോഴേ ലാഭമുണ്ടാവൂ. ഇവ രണ്ടും ചേര്‍ന്നാലും ഉടനെയൊന്നും ലാഭം ഉണ്ടാവാനും പോകുന്നില്ല. മൂലധനത്തോടൊപ്പം മനുഷ്യബുദ്ധിയും അധ്വാനവും ചേര്‍ന്നുകഴിഞ്ഞാലും ലാഭം ഉണ്ടായിവരാന്‍ കുറച്ചധികം സമയമെടുക്കും. ഇതൊക്കെ ഒത്തുവന്നാലും ഒടുവില്‍ ലാഭം കിട്ടുമെന്നതിന് ഒരു ഉറപ്പുമില്ല താനും. ബിസിനസ് പൊളിയാനുള്ള സാധ്യതയും ശക്തമായി നിലനില്‍ക്കുന്നു.
ഇനി ലാഭസാധ്യത അംഗീകരിച്ചാല്‍ തന്നെയും എപ്പോഴാണ് ലാഭത്തിലാവുക, എത്രമാത്രം ലാഭമുണ്ടാവും എന്നൊന്നും നേരത്തെ പറയാന്‍ കഴിയില്ല. എന്നാല്‍, പലിശ സമ്പ്രദായത്തില്‍, മനുഷ്യാധ്വാനവും ബുദ്ധിയും മൂലധനവുമായി ചേരുന്ന മാത്രയില്‍ തന്നെ ലാഭമുണ്ടായിത്തുടങ്ങി എന്ന തീര്‍പ്പിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. എന്നല്ല, ആ ലാഭം എത്രയെന്ന് മുന്‍കൂട്ടി കണ്ട് അതിന് കൊടുക്കേണ്ട വിഹിതം വരെ നിശ്ചയിച്ചുറപ്പിച്ചിരിക്കുന്നു! ഇതിലൊക്കെ എന്ത് യുക്തിയാണുള്ളത്? ലാഭവുമായി ബന്ധപ്പെട്ട എല്ലാം അസ്ഥിരവും പ്രവചനാതീതവുമാണ് എന്നതല്ലേ ശരി?
ഈ പ്രശ്‌നത്തിന് ഒരൊറ്റ പരിഹാരമേയുള്ളൂ: മൂലധനം കൊടുക്കുന്നയാള്‍ അതേറ്റ് വാങ്ങുന്ന സംരംഭകന്റെ കച്ചവടത്തില്‍ ചേര്‍ന്ന് ലാഭത്തിലും നഷ്ടത്തിലും അയാളോടൊപ്പം പങ്കാളിയാവുക. ഇതിന് തയാറാവാതെ മൂലധന ഉടമ പറയുകയാണ്: ''നിനക്ക് വേണ്ട ആയിരം രൂപ ഞാനിതാ തരുന്നു. നിന്റെ സംരംഭത്തില്‍ ഒരവകാശം എനിക്ക് ഉണ്ടായിക്കഴിഞ്ഞിരിക്കുന്നു. അതിനാല്‍ നീ എന്റെ പണം ഉപയോഗിക്കുന്ന കാലമത്രയും നീയെനിക്ക് മാസാമാസം പത്ത് രൂപ വീതം അധികമായി നല്‍കിക്കൊണ്ടിരിക്കണം.'' ഈ സംരംഭം നഷ്ടത്തിലായി എന്ന് വെക്കുക. എങ്കില്‍ മാസാന്തം എനിക്ക് പത്ത് രൂപ 'ലാഭം' ലഭിച്ചുകൊണ്ടിരിക്കുന്നത് എന്തടിസ്ഥാനത്തിലാണ്? ഇനി മാസാന്തം ആകെ ലഭിക്കുന്ന ലാഭം പത്ത് രൂപയാണെന്ന് കരുതുക. ആ ലാഭമത്രയും മൂലധന ഉടമക്ക് കൊടുത്തുകഴിഞ്ഞാല്‍ സംരംഭകന്റെ അധ്വാനത്തിനും സമയത്തിനുമുള്ള ലാഭവിഹിതം എവിടെ നിന്ന് ലഭിക്കും? ലാഭമത്രയും ഒരു പണിയും ചെയ്യാത്ത മൂലധനമുടമ അടിച്ചുമാറ്റുകയല്ലേ.
എണ്ണച്ചക്കില്‍ പണിയെടുക്കുന്ന ഒരു കാളയുടെ കാര്യമെടുക്കൂ. ഏറ്റവും ചുരുങ്ങിയത് അതിന്റെ യജമാനന്‍ തീറ്റയും വെള്ളവുമെങ്കിലും ദിനേനെ അതിന് കൊടുത്തിരിക്കും. ഇവിടെയിതാ ഒരു സംരംഭകന്‍ കാളയെപ്പോലെ പണിയെടുത്തിട്ടും തന്റെ ഭക്ഷണത്തിനുള്ള വക മറ്റെവിടെ നിന്നെങ്കിലും കണ്ടെത്തേണ്ടിവരുന്നു! സംരംഭകന്‍/ നിര്‍മാതാവ്/ കര്‍ഷകന്‍ തന്റെ സമയവും ശ്രദ്ധയും അധ്വാനവുമെല്ലാം ആ സംരംഭത്തില്‍/തൊഴിലില്‍ വിനിയോഗിക്കുക (ഇതിനൊക്കെ വേണ്ടി വരുന്ന ശാരീരികവും മാനസികവുമായ ക്ലേശങ്ങള്‍ എത്രയാണ്!), മിച്ചമുള്ള തന്റെ പണം കൊടുത്തതിന്റെ പേരില്‍ മാത്രം മൂലധനമുടമ സംരംഭകന്റെ വിഹിതത്തേക്കാള്‍ വലിയ ഒരു തുക ലാഭമായി പറ്റിക്കൊണ്ടിരിക്കുക (അതും നിശ്ചിത തോതില്‍)- ലോകത്ത് പ്രചാരത്തിലുള്ള ഒരു നീതിശാസ്ത്രമനുസരിച്ചും സമ്പദ്ഘടനയനുസരിച്ചും ഈ പ്രവൃത്തിയെ ന്യായീകരിക്കാന്‍ കഴിയില്ല. സംരംഭകന്റെ ലാഭവും ലാഭവിഹിതവുമെല്ലാം കമ്പോളത്തിനനുസരിച്ച് മാറിമറിഞ്ഞുകൊണ്ടിരിക്കുമ്പോള്‍ മൂലധനം കൊടുത്തയാള്‍ക്ക് അതൊന്നും അറിയേണ്ട കാര്യമേയില്ല. നേരത്തെ നിശ്ചയിക്കപ്പെട്ട ലാഭവിഹിതത്തില്‍ അയാള്‍ എന്നുമെന്നും സുരക്ഷിതനായി കഴിയുന്നു.
പലിശ 'സമയ'ത്തിനും 'അവസര'ത്തിനും?
നാമിപ്പോള്‍ നടത്തിയ വിശകലനത്തില്‍നിന്ന് പലിശ വാങ്ങാന്‍ നിരത്തുന്ന ന്യായങ്ങളൊക്കെയും ആഴത്തില്‍ പരിശോധിച്ചാല്‍ നീര്‍കുമിളകളാണെന്ന് ബോധ്യമാവും. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കാണ് കടം വാങ്ങിയതെങ്കില്‍ പലിശ ഈടാക്കുന്നതിന് യാതൊരു ന്യായവും യഥാര്‍ഥത്തില്‍ നിരത്താനില്ല. ഇനി ന്യായങ്ങള്‍ പറയുന്നുണ്ടെങ്കില്‍ തന്നെ അതൊക്കെയും ദുര്‍ബലമാണെന്ന് പലിശയുടെ വക്താക്കള്‍ തന്നെ സമ്മതിക്കും.
വ്യാപാരാവശ്യത്തിനുള്ള കടമാണെങ്കിലും, അതിന് എന്തടിസ്ഥാനത്തിലാണ് പലിശ ചുമത്തുന്നത് എന്ന് ചോദിച്ചാല്‍ പലിശയുടെ വക്താക്കള്‍ നിന്ന് വിയര്‍ക്കും. 'മുതലെടുക്കാന്‍ അവസരം നല്‍കിയതിന്' എന്നാണ് ഒരു വിഭാഗം പറയുന്ന ന്യായം. നാം നേരത്തെ പറഞ്ഞ പോലെ, അവസരം നല്‍കിയത് കൊണ്ട് മാത്രം ഒരാള്‍ക്ക് തുടര്‍ച്ചയായി, കാലം കടന്നുപോകുന്നതിനനുസരിച്ച് വര്‍ധമാനമായി ലാഭം ലഭിച്ചുകൊണ്ടിരിക്കാന്‍ ഈ 'അവസരം' മതിയായ ന്യായമല്ല. ഏറെക്കവിഞ്ഞാല്‍, കടം വാങ്ങിയവന് ലാഭം കിട്ടിയാല്‍ അതിലൊരു വിഹിതം പണം നല്‍കിയവന് കൊടുക്കണം എന്നേ പറയാനാവൂ.
മൂലധനമുടമ കടം വാങ്ങുന്നവന് തിരിച്ചടവിന് നിശ്ചിത 'കാലം' അനുവദിക്കുന്നുണ്ടല്ലോ. ഈ 'കാലം' തന്നെയാണ് പലിശക്കുള്ള ന്യായം എന്നാണ് മറ്റൊരു വിഭാഗം പറയുന്നത്. കാലത്തിന് അതിന്റേതായ മൂല്യമുണ്ടെന്നും കാലം കൂടുന്നതിനനുസരിച്ച് അതിന്റെ മൂല്യവും കൂടുമെന്നും അവര്‍ വാദിക്കുന്നു. പണം കടം വാങ്ങി അത് മുടക്കി ഉല്‍പാദനം തുടങ്ങാനും ആ ഉല്‍പന്നങ്ങള്‍ മാര്‍ക്കറ്റില്‍ എത്തിക്കാനും ഒരു കാലയളവ് ആവശ്യമാണ്. കടം വാങ്ങിയവനെ സംബന്ധിച്ചേടത്തോളം വളരെ പ്രധാനമാണ് ഈ കാലയളവ്. ഈ സമയം ഉപയോഗിച്ചില്ലെങ്കില്‍ ഉല്‍പാദനമോ വിതരണമോ ഒന്നും നടക്കില്ല. അപ്പോള്‍ കടം വാങ്ങുന്നവന്‍ ആ 'സമയ'ത്തെ ഉപയോഗിക്കുകയാണ് ചെയ്യുന്നത്. അതേ ന്യായം വെച്ച് കടം നല്‍കിയവനും സമയത്തിന്റെ പേരില്‍ ലാഭം വാങ്ങിക്കൂടേ? ഇതിനിടക്ക് മാര്‍ക്കറ്റില്‍ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ സംരംഭകന്റെ/കടം വാങ്ങിയവന്റെ ലാഭത്തിലും പ്രതിഫലിക്കും. അങ്ങനെയെങ്കില്‍, കടം തിരിച്ചടവിന്റെ കാലദൈര്‍ഘം പരിഗണിച്ച് തന്റെ സംഖ്യക്ക് കടം നല്‍കിയവന്‍ ഒരു വില നിശ്ചയിക്കുന്നതില്‍ എന്താണ് തകരാറ്?
ഇവിടെയും നമുക്ക് ചോദിക്കാനുള്ളത് ഇതാണ്: താന്‍ കൊടുത്ത സംഖ്യ കൊണ്ട് കടം വാങ്ങിയവന്‍ ചെയ്യുന്ന ബിസിനസ് ലാഭത്തിലേ കലാശിക്കൂ, നഷ്ടം ഒരിക്കലും വരില്ല എന്ന വിവരം ഇയാള്‍ക്ക് എവിടെ നിന്ന് കിട്ടി? ലാഭത്തില്‍ തന്റെ വിഹിതം ഇത്ര ശതമാനമായിരിക്കുമെന്ന് അയാള്‍ എന്തടിസ്ഥാനത്തിലാണ് മുന്‍കൂട്ടി നിശ്ചയിച്ചത്? താന്‍ അനുവദിച്ച് നല്‍കുന്ന സമയത്ത് ഓരോ മാസവും ഓരോ വര്‍ഷവും ഇത്ര ലാഭം വന്നുചേരുമെന്ന് കണക്കുകൂട്ടാനുള്ള എന്ത് വിദ്യയാണ് ഇയാളുടെ പക്കലുള്ളത്? ഈ ചോദ്യങ്ങള്‍ക്കൊന്നും ഇവരുടെ പക്കല്‍ മറുപടിയില്ല എന്നതാണ് നേര്. എല്ലാം ചേര്‍ത്തു വായിച്ചാല്‍ യുക്തിസഹമായി ചെയ്യാവുന്നത് ഒരേയൊരു കാര്യമാണ് എന്ന് വ്യക്തമാവും. പണം കൊടുക്കുന്നവന്‍ സംരംഭകന്റെ ബിസിനസില്‍ ലാഭത്തിലും നഷ്ടത്തിലും പങ്കാളിയാവാം എന്ന വ്യവസ്ഥയോടെ ചേരുക എന്നതാണത്. മുന്‍കൂട്ടി നിശ്ചയിക്കുന്ന പലിശ എന്ന ലാഭവിഹിതം ഒരു നീതീകരണവുമര്‍ഹിക്കുന്നില്ല എന്നും ബോധ്യമാവും.
'ലാഭപരത'യില്‍ പങ്ക്
പലിശയുടെ വക്താക്കള്‍ ഉയര്‍ത്തുന്ന മറ്റൊരു വാദമാണിത്. 'ലാഭപരത' (profitability) എന്നുള്ളത് ഏതൊരു മൂലധനത്തിന്റെയും സ്വാഭാവിക ഗുണമാണ്. അതിനാല്‍ മൂലധനക്കാരന് കടക്കാരനില്‍നിന്ന് തന്റെ പണത്തിന് പകരമായി ഒരു വിഹിതം അവകാശപ്പെടാന്‍ അര്‍ഹതയുണ്ട്. ഉല്‍പാദനത്തെ എല്ലാ വിധത്തിലും ത്വരിപ്പിക്കുന്ന പ്രധാന ഘടകം മൂലധനം തന്നെയാണ്. മികച്ച ഗുണനിലവാരമുള്ള ഉല്‍പന്നങ്ങള്‍ ധാരാളമായി ഉണ്ടാക്കാനും മാര്‍ക്കറ്റിലെത്തിക്കാനും മൂലധനം അനിവാര്യം. മൂലധനമില്ലെങ്കില്‍ ഉല്‍പാദനം മന്ദീഭവിക്കുന്നു, കമ്പോളത്തില്‍ മത്സരിക്കാനും ഉല്‍പന്നങ്ങള്‍ക്ക് കഴിയാതെ പോകുന്നു. മൂലധനത്തിന്റെ സ്വാഭാവികമായ ലാഭപരതയാണ് ഇത് കാണിക്കുന്നത്. അതിനാല്‍ മൂലധനം ഉപയോഗിക്കുക എന്നതുതന്നെ പലിശ അവകാശപ്പെടാന്‍ മതിയായ ന്യായമാണ്.
ഇവിടെ മനസ്സിലാക്കേണ്ട ഒന്നാമത്തെ കാര്യമിതാണ്: മൂലധനത്തിന് തീര്‍ത്തും സ്വാഭാവികമായി 'ലാഭപരത' എന്ന ഗുണമുണ്ട് എന്നത് അടിസ്ഥാനപരമായി തന്നെ ഒരു അബദ്ധ ധാരണയാണ്. ലാഭകരമായ സംരംഭങ്ങളില്‍ മുടക്കുമ്പോള്‍ മാത്രം മൂലധനം ആര്‍ജിക്കുന്ന (അതില്‍ നിലീനമായ ഒന്നല്ല) ഒരു ഗുണമാണ് ലാഭപരത എന്നത്. അങ്ങനെ ലാഭമുണ്ടാക്കുന്നുണ്ടെങ്കില്‍ അതിന്റെയൊരു വിഹിതം മൂലധനക്കാരന് ആവശ്യപ്പെടുകയും ചെയ്യാം. ആശുപത്രി ബില്ലടക്കാനോ മയ്യിത്ത് സംസ്‌കരണത്തിനോ കടമായി വാങ്ങുന്ന മൂലധനത്തിന് എന്ത് ലാഭപരതയാണുള്ളത്? ഏത് സാമ്പത്തിക മാനദണ്ഡം വെച്ചാണ് അതിന്റെ 'ലാഭം' അയാള്‍ കൈപറ്റുക?
മറ്റൊരു കോണിലൂടെ വിഷയത്തെ നോക്കി കാണാം. ബിസിനസ് ലാഭകരമാണെങ്കില്‍ തന്നെ അതില്‍ ഒരുപാട് മൂലധനം ഇറക്കിയത് കൊണ്ട് ലാഭവിഹിതമോ മൂല്യമോ വര്‍ധിക്കണമെന്നില്ല. അതിനാല്‍ മൂല്യമുണ്ടാക്കുക എന്നത് മൂലധനത്തില്‍ പ്രകൃതിപരവും സ്വാഭാവികവുമായ ഗുണമാണെന്ന് പറയാന്‍ പറ്റില്ല. അമിതമായ മൂലധനമുടക്ക് പലപ്പോഴും ലാഭവിഹിതം കൂട്ടുകയല്ല, കുറക്കുകയാണ് ചെയ്യുക; ചിലപ്പോഴത് നഷ്ടത്തിന് വരെ കാരണമാവും. ലോക സാമ്പത്തിക ഘടനയില്‍ ഉണ്ടായ പല പ്രതിസന്ധികള്‍ക്കും കാരണം അമിതമായ മുതല്‍മുടക്കായിരുന്നുവെന്ന് കാണാം. അമിതമായി മൂലധനം വരുമ്പോള്‍ ഉല്‍പാദനം കണ്ടമാനം വര്‍ധിക്കും. അത് ഉല്‍പന്നങ്ങളുടെ വിലയിടിവിന് കാരണാകും. ഉല്‍പന്നങ്ങളുടെ ആധിക്യവും താഴ്ന്ന വിലയും മൂലധനത്തിന്റെ ലാഭപരതയെ ചിലപ്പോള്‍ പൂജ്യത്തില്‍ വരെ കൊണ്ടെത്തിക്കും.
ഇനി മൂലധനത്തിന്റെ ലാഭപരത എന്ന ഗുണത്തെക്കുറിച്ച് പഠിച്ച് നോക്കിയാല്‍ അത് ഒട്ടേറെ ഘടകങ്ങളെ ആശ്രയിച്ചാണ് നില്‍ക്കുന്നത് എന്നും കാണാന്‍ കഴിയും. തൊഴിലാളികള്‍ വേണം. ബുദ്ധിപൂര്‍വം പ്രവര്‍ത്തിക്കുന്ന സംരംഭകന്‍ വേണം. അയാള്‍ തന്റെ മേഖലയില്‍ നല്ല അനുഭവ പരിജ്ഞാനമുള്ളവനായിരിക്കണം. അനുയോജ്യമായ സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ കാലാവസ്ഥയുണ്ടാവണം. പ്രകൃതി ദുരന്തങ്ങളില്‍ നിന്നും അന്താരാഷ്ട്ര കമ്പോളത്തിലെ വന്‍തിരിച്ചടികളില്‍ നിന്നും സംരക്ഷണം വേണം. ഇങ്ങനെ ഒട്ടേറെ ഘടകങ്ങള്‍ ഒത്തുവന്നാലേ മൂലധനം ലാഭം ഉല്‍പാദിപ്പിക്കൂ. ഇതില്‍ ഏതെങ്കിലുമൊരു ഘടകം ഇല്ലാതായാല്‍ തന്നെ മൂലധനത്തിന്റെ ലാഭപരത ഇല്ലാതാകുമെന്ന് മാത്രമല്ല, സംരംഭം നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്യും. പക്ഷേ, പലിശ വ്യവസ്ഥയില്‍ പണം കടം കൊടുക്കുന്നവന്‍ ഇത്തരം കാര്യങ്ങളിലൊന്നും യാതൊരു ഉത്തരവാദിത്വവുമേല്‍ക്കുന്നില്ല. മേല്‍പറഞ്ഞ പ്രതികൂല സാഹചര്യങ്ങളില്‍ സംരംഭത്തിന് ലാഭമുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തന്റെ 'ലാഭവിഹിതം' വേണ്ടെന്ന് വെക്കാന്‍ അയാള്‍ തയാറുമില്ല. മറിച്ച്, തന്റെ മൂലധനം ഒരുത്തന്‍ ഉപയോഗിച്ചിട്ടുണ്ട്, ഉപയോഗിച്ചു എന്നത് തന്നെ നിശ്ചിത ശതമാനം ലാഭം അവകാശപ്പെടാന്‍ മതിയായ കാരണമാണ് എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് അയാള്‍. മൂലധനം ലാഭമുണ്ടാക്കിയോ ഇല്ലേ എന്നൊന്നും തനിക്ക് നോക്കേണ്ട കാര്യമില്ല. ഇനി ലാഭപരത എന്നത് പണത്തിന്റെ സ്വാഭാവിക ഗുണമാണെന്ന ഹുണ്ടികക്കാരന്റെ വാദം സമ്മതിച്ചുകൊടുത്താല്‍ തന്നെ, ഓരോ ഘട്ടത്തിലും ലാഭം ഇത്രയാണെന്ന് കണക്കുകൂട്ടി ഒരു ലാഭവിഹിതം എങ്ങനെയാണ് നിശ്ചയിക്കാനാവുക?
(തുടരും)
Comments