ചോര നനഞ്ഞുവളര്‍ന്ന സ്റ്റാനിലിസ്റ്റ പൂമരം
പുതിയൊരു ലോകത്തെക്കുറിച്ചുള്ള പ്രതീക്ഷകളും അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് അധികാരം ലഭ്യമാകുന്നതിന്റെ പ്രത്യാശകളും മാനവരാശിയില്‍ വിതരണം ചെയ്തുകൊണ്ടാണ് കമ്യൂണിസം ആഗോള ജനതയെ അഭിസംബോധനം ചെയ്തു തുടങ്ങിയത്. മനുഷ്യ ചരിത്രത്തിന്റെ അപഗ്രഥനാത്മകമായ പുനര്‍വായനകളിലൂടെ ചൂഷണരാഹിത്യത്തിന്റെ സ്വപ്നങ്ങളെ സഫലീകരിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട് മാര്‍ക്‌സ്-ലെനിന്‍-എംഗല്‍സ് ത്രയങ്ങള്‍ മുന്നോട്ടുവെച്ച ആശയങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നവീനമായ വിമോചനാന്വേഷണങ്ങള്‍ക്ക് വിത്തുപാകി. മാറ്റങ്ങളുടെ നൈരന്തര്യത്തിലൂടെ മാനവരാശി മാറ്റമില്ലാത്ത ശാശ്വതമായ ഒരു വ്യവസ്ഥിതിയെ പ്രാപിക്കുന്ന വിദൂരമായ കാലം വരാനിരിക്കുന്നുവെന്ന ധാരണയുടെ വിവിധ വശങ്ങളെയാണ് കമ്യൂണിസത്തിന്റെ പ്രത്യാശകള്‍ പ്രതിനിധാനം ചെയ്തത്. ആശയപരവും തത്ത്വശാസ്ത്രപരവുമായ ചര്‍ച്ചകളിലൂടെ മാത്രം മാറ്റങ്ങള്‍ കടന്നുവരില്ലെന്നും, വിപ്ലവത്തിന്റെയും കൈക്കരുത്തിന്റെയും ഉപാധികള്‍ അനിവാര്യമാണെന്നും-റഷ്യന്‍ വിപ്ലവത്തിന്റെ ഉള്‍ക്കഥകളിലൂടെ കമ്യൂണിസം ലോകത്തെ പഠിപ്പിക്കുകയും ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉയര്‍ന്നുവന്ന കമ്യൂണിസത്തെക്കുറിച്ചുള്ള ശുഭപ്രതീക്ഷകള്‍ക്ക് വിപ്ലവം ചുവന്ന കട്ടിയടിവരയിട്ടു.
ആശയപരവും പ്രത്യയശാസ്ത്രപരവുമായ എല്ലാ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കുമൊപ്പം രക്തരൂഷിതങ്ങളായ ഇടപെടലുകളുടെ വിവരണങ്ങളും, വിപ്ലവത്തിന്റെ മറപിടിച്ചു നടന്ന നരവേട്ടയുടെ കഥകളും കമ്യൂണിസത്തിന്റെ അഭിവാജ്യത എന്ന നിലയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിയിരുന്നു. 1917-ലെ ബോള്‍ഷെവിക് വിപ്ലവം രക്തരഹിതമായിരുന്നില്ല. അവസാന റഷ്യന്‍ ചക്രവര്‍ത്തിയായിരുന്ന റോമനോവ് കുടുംബത്തിലെ നിക്കോളാസ് രണ്ടാമന്‍, ഭാര്യ വിക്‌ടോറിയ അലെക്‌സി ഹെലന്‍, പെണ്‍മക്കളായ മേരി, അനസ്താസിയ, ഒര്‍ഗ, ടാടിയാന, പുത്രന്‍ അലക്‌സിസ് എന്നിവരെ 1918 ജൂലൈയില്‍ വിപ്ലവകാരികള്‍ വെടിവെച്ചു കൊന്നു. ലിയോണ്‍ ട്രോഡ്‌സ്‌കിയുടെ ഡയറിക്കുറിപ്പുകളില്‍ ഈ നരവേട്ടയുടെ വിവരണങ്ങളുണ്ട്. യഥാര്‍ഥത്തില്‍ അതൊരു തുടക്കമായിരുന്നു. ചരിത്രത്തെ ചുവപ്പു ചായം തേച്ച് മായ്ച്ചുകളയാനുള്ള ശ്രമങ്ങളുടെ തുടക്കം. വിപ്ലവത്തിന്റെ സഹയാത്രികര്‍ക്കു നേരെയായി-പിന്നീട് ഹിംസയുടെ കണ്ണോടെയുള്ള ശുദ്ധീകരണ ശക്തികളുടെ നോട്ടം. വിപ്ലവത്തിന്റെ ലക്ഷ്യങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും എതിരേ നീങ്ങുകയോ വിഭാവനം ചെയ്യപ്പെട്ട സ്വപ്നങ്ങളിലേക്ക് വഴിമുടക്കുകയോ ചെയ്യുന്നവര്‍ നിഷ്‌കരുണം വേട്ടയാടപ്പെട്ടു. അവരെ വിശേഷിപ്പിക്കാന്‍ ലക്ഷ്യവഞ്ചകന്‍ എന്നര്‍ഥമുള്ള RENEGADE എന്ന വിശേഷണം ഉപയോഗിക്കപ്പെട്ടു. എതിരാളികളെ അടിച്ചമര്‍ത്തുകയെന്നത് മാറ്റിവെക്കപ്പെടാനാവാത്ത ഒരനിവാര്യ ദൗത്യമായി കമ്യൂണിസത്തിന്റെ നാള്‍വഴികളിലെവിടെയും അടിസ്ഥാനപരമായിത്തന്നെ അംഗീകരിക്കപ്പെട്ടു വന്നിട്ടുണ്ട്.
സ്റ്റാലിന്റെ സ്വേഛാധിപത്യകാലം കമ്യൂണിസത്തിന്റെ ചുവപ്പിനെ ചോരയുമായി ബന്ധിപ്പിക്കുന്നതില്‍ നിര്‍ണായകമായിരുന്നു. കമ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് രാഷ്ട്രത്തിനെതിരെ നില്‍ക്കുന്നവര്‍, സ്റ്റാലിന്റെ സ്വേഛാധിപത്യത്തെ ചോദ്യം ചെയ്യുന്നവര്‍, ആശയപരവും ബൗദ്ധികവുമായ വിമത ശബ്ദങ്ങള്‍ ഉയര്‍ത്തുന്നവര്‍, സ്റ്റേറ്റ് അഥവാ സ്റ്റാലിന്‍ ആസൂത്രണം ചെയ്യുന്ന ഒരു പദ്ധതിക്ക് ഏതെങ്കിലും നിലക്ക് തടസ്സം നില്‍ക്കുന്നവര്‍ എന്നിവരെയൊക്കെ കശാപ്പു ചെയ്യുന്നതിന് സ്ഥിരം സംവിധാനങ്ങള്‍ നിലവില്‍ വന്നു. വിപ്ലവത്തിന്റെ ഒഴിച്ചുകൂടാനാവാത്ത നിര്‍വഹണരീതികളില്‍ ഒന്ന് എന്ന നിലയില്‍ പച്ചയായ നരഹത്യകള്‍ക്ക് ലെനിന്‍ തന്നെ അംഗീകാരം നല്‍കിയിരുന്നത് സ്റ്റാലിന്റെ ക്രൂരതകളെ കൂടിയ തോതില്‍ ന്യായീകരിക്കുന്നതിന് അവസരങ്ങളുണ്ടാക്കി. എന്നാല്‍, സ്റ്റാലിന്‍ ലെനിനെപ്പോലും അമ്പരപ്പിക്കും വിധത്തിലാണ് ഇക്കാര്യത്തില്‍ മുന്നേറിയത്. സ്റ്റാലിന്റെ കൊലക്കത്തി തനിക്കുനേരെ നീണ്ടുവരാന്‍ പോകുന്നുവെന്ന ഭീതിയിലാണ് ലെനിന്റെ അവസാന നാളുകള്‍ അദ്ദേഹം തള്ളി നീക്കിയത്. സ്റ്റാലിന്റെ വിഷപ്രയോഗമാണ് ലെനിന്റെ മരണകാരണം എന്ന സംശയം നേരത്തെ നിലനിന്നതാണ്. കമ്യൂണിസത്തിന്റെ പര്യായപദമായി സ്റ്റാലിനിസം കടന്നുവന്നതോടെയാണ് ആഗോള ചരിത്രത്തില്‍ കൂട്ടനിലവിളികളുടേതായ ഒരു കറുത്ത യുഗം ആരംഭിക്കുന്നത്. ഒറ്റയായും കൂട്ടമായും വേട്ടയാടപ്പെട്ടവരുടെ നിലവിളികളും ആര്‍ത്തനാദങ്ങളും ബലപ്രയോഗങ്ങളുടെ കാലൊച്ചകള്‍ കൊണ്ട് തടയാനാവാത്തവിധം ഉച്ചത്തിലായിരുന്നു. 'കൊല്ലുക, നിലനിര്‍ത്തുക' എന്ന ഒരു പുതിയ സിദ്ധാന്തം സ്റ്റാലിന് നല്‍കിയത് അദ്ദേഹത്തിന്റെ വിശ്വസ്തനും പല കൊലപാതകങ്ങളുടെയും ആസൂത്രകനുമായിരുന്ന നിക്കോളാസ് ഏഴോവ് ആയിരുന്നു. സ്റ്റാലിന്റെ ക്രൂരതകള്‍ക്ക് പുതിയ പുതിയ വ്യാഖ്യാനങ്ങളിലൂടെ പുതുപുതു പ്രത്യയശാസ്ത്രാര്‍ഥങ്ങള്‍ നിര്‍മിച്ചുനല്‍കുന്നതില്‍ നിക്കോളാസ് ഏഴോവ് അതീവ തല്‍പരനായിരുന്നു. ട്രോഡ്‌സ്‌കി, ക്രെസ്റ്റന്‍കി, റൈക്കോവ്, റഖോസ്‌വക്, നിക്കോളായ് ബുഖാറിന്‍, വ്‌ളാദ്മിര്‍ ആന്റണോവ്, റെയ്‌സന്‍ ദോവ് ഗബ്രിയേല്‍ തുടങ്ങിയവരൊക്കെ സ്റ്റാലിനിസത്തിന്റെ ഇരകളായിത്തീര്‍ന്നു. സ്റ്റാലിന്റെ കാലത്ത് കൊല്ലപ്പെട്ട വ്യക്തികളും ആള്‍ക്കൂട്ടങ്ങളും ഉള്‍പ്പെടുന്ന മനുഷ്യരുടെ സംഖ്യ ഇനിയും തിട്ടപ്പെടുത്തപ്പെട്ടിട്ടില്ല. റോബര്‍ട്ട് കോണ്‍ക്വസ്റ്റിനെപ്പോലുള്ളവര്‍ (The great terror: a reassessment) പറയുന്നത് ഒന്നരക്കോടിയുടെ കണക്കുകളാണ്. വിവിധ തടവറകളിലായ എട്ടര ലക്ഷത്തോളം പേരും, തൊഴില്‍ ക്യാമ്പുകളില്‍ ഇരുപത് ലക്ഷത്തോളവും, കൃഷിയിടങ്ങളില്‍ നിന്ന് കുടിയൊഴിപ്പിക്കലിനു വിധേയരായ നാലു ലക്ഷത്തോളം പേരും ഉള്‍പ്പെടുന്നതാണ് കോണ്‍ക്വസ്റ്റിന്റെ കണക്ക്. സ്റ്റാലിന്റെ പ്രത്യേക കൂലിപ്പടയായിരുന്ന ഗുലാകുകള്‍ നിര്‍ബന്ധിത തൊഴില്‍ സേവനത്തിനായി അകപ്പെട്ടിരുന്ന അനേകം പേരെ കൊന്നു തള്ളിയിരുന്നു. 'മരണം ഏറ്റവും വിലകുറഞ്ഞ ഒരു മുന്നറിയിപ്പായി മാറിയ കാലം' എന്നാണ് ഖസാക്കിസ്താനിലെ വിക്‌റം നെഗ്‌ദോവ് എന്ന ക്രൈസ്തവ ദൈവശാസ്ത്രജ്ഞന്‍ സ്റ്റാലിന്റെ വാഴ്ചയെ ചിത്രീകരിച്ചത്. ഉക്രയിന്‍, വോള്‍ഗ തീരപ്രദേശങ്ങള്‍, വടക്കന്‍ കോക്കാസസ്, ഖസാക്കിസ്ഥാന്‍ എന്നിവിടങ്ങളിലെ കര്‍ഷകരെ രണ്ടു വര്‍ഷത്തോളം തുടര്‍ച്ചയായി പട്ടിണിക്കിട്ട് കൊന്നത് സ്റ്റാലിന്റെ കുബുദ്ധിയായിരുന്നു. ഇതിനു വേണ്ടി കൃത്രിമക്ഷാമം ഉണ്ടാക്കിയും, മറ്റു പ്രദേശങ്ങളില്‍ നിന്ന് മേല്‍പറഞ്ഞ സ്ഥലങ്ങളിലേക്ക് ഭക്ഷ്യ വസ്തുക്കള്‍ എത്തുന്നത് തടയാന്‍ ചാരപ്പട്ടാളത്തെ ഏര്‍പ്പാടാക്കുകയും ചെയ്തു (The industrialization of Soviet Russia, The years of Hunger: Soviet agriculture 1931-1933). മനുഷ്യഹത്യയുടെ കാര്യത്തില്‍ സ്റ്റാലിന്‍ നടപ്പിലാക്കിയ മാതൃകകള്‍ പിന്തുടരാന്‍ പിന്നീട് പല കമ്യൂണിസ്റ്റ് രാജ്യങ്ങളിലെയും സ്വേഛാധിപന്മാര്‍ തയാറായി. അവര്‍ക്ക് അധികാരവും സ്വേഛാധിപത്യവും നിലനിര്‍ത്താന്‍ മറ്റുപാധികളൊന്നും സാധ്യമായിരുന്നില്ല എന്നാണ് യാഥാര്‍ഥ്യം. ചൈന, കമ്പോഡിയ, ബള്‍ഗേറിയ, ജര്‍മനി, റൊമാനിയ, വടക്കന്‍ കൊറിയ, വിയറ്റ്‌നാം എന്നിവിടങ്ങളിലൊക്കെ സ്റ്റാലിനിസ്റ്റ് മാതൃകയില്‍ നരവേട്ടകള്‍ നടന്നു. അധികാരം നേടാനും നിലനിര്‍ത്താനും പ്രത്യയശാസ്ത്രമല്ല, കൈക്കരുത്താണ് അത്യാവശ്യമായി വേണ്ടത് എന്ന് കമ്യൂണിസ്റ്റ് സ്വേഛാധിപതികളെ പഠിപ്പിച്ചത് സ്റ്റാലിനാണ്. അങ്ങനെയാണ് മാര്‍ക്‌സിസം, കമ്യൂണിസം, ലെനിനിസം എന്നിവയൊക്കെ പുറംതള്ളി സ്റ്റാലിനിസം ആഗോള കമ്യൂണിസത്തിന്റെ ഏറ്റവും അഭികാമ്യമായൊരു പ്രത്യയശാസ്ത്ര പ്രയോഗ പദ്ധതിക്ക് പേരായിത്തീര്‍ന്നത്. 'കൊല്ലുക നിലനില്‍ക്കുക നിലനിര്‍ത്തുക' എന്നതിനേക്കാള്‍ വലിയ പ്രത്യയശാസ്ത്ര ഉപാധികളന്വേഷിച്ച് സമയം കളയരുത് എന്ന മുന്നറിയിപ്പാണ് സ്റ്റാലിനിസം ആഗോള കമ്യൂണിസ്റ്റുകള്‍ക്ക് നല്‍കിക്കൊണ്ടിരുന്നത്.
ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ആദ്യകാല നേതാക്കളില്‍ പലരും വൈയക്തികമായി സ്റ്റാലിനിസത്തോട് നീരസവും പ്രതിഷേധവും പുലര്‍ത്തിയവരായിരുന്നു. പി.സി ജോഷിയുടെ ഒരു ലേഖനത്തില്‍ അദ്ദേഹം സ്റ്റാലിന്റെ ചില ക്രൂരതകളെ എടുത്തുപറഞ്ഞ് വിമര്‍ശിക്കുന്നുണ്ട്. മാര്‍ക്‌സിസത്തില്‍ നിന്ന് ഹ്യൂമനിസത്തിന്റെ സാധ്യതകള്‍ അന്വേഷിച്ചു തുടങ്ങിയ എം.എന്‍ റോയ് നരവേട്ടങ്ങളെ ന്യായീകരിച്ച് കമ്യൂണിസ്റ്റായി തുടരുന്നതിനേക്കാള്‍ നല്ലത് മനുഷ്യന്റെ സ്വാഭാവിക നീതിയെ അംഗീകരിക്കുന്ന മറ്റു പ്രത്യയശാസ്ത്രങ്ങളെ പിന്തുടരുന്നതാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. നാല്‍പ്പത്തിയേഴു വരെ ഇന്ത്യയില്‍ സ്വീകരിക്കേണ്ടുന്ന പ്രത്യയശാസ്ത്ര-പ്രയോഗ ലൈനുകളെക്കുറിച്ച് നിലനിന്നിരുന്ന വിരുദ്ധാഭിപ്രായങ്ങള്‍ പാര്‍ലമെന്ററി ജനാധിപത്യവുമായി നീക്കുപോക്കുകള്‍ നടത്തി മുന്നോട്ടുപോവുകയെന്ന ഒരു കേവല നിലപാടിന്റെ അടിസ്ഥാനത്തില്‍ അപ്രത്യക്ഷമാവുകയുണ്ടായി. എന്നാല്‍, ഏറ്റവും അസഹനീയമായൊരു വിധേയപ്പെടലായി പാര്‍ലമെന്ററി ജനാധിപത്യത്തെ അനുഭവിക്കേണ്ടിവന്നത് സ്റ്റാലിനിസ്റ്റ് വൈകാരിക വിചാരങ്ങള്‍ ഉള്ളില്‍ കൊണ്ടുനടന്ന ഇന്ത്യന്‍ കമ്യൂണിസ്റ്റുകളാണ്. അവര്‍ക്ക് വിപ്ലവത്തിന്റെ വൈകാരികോന്മാദങ്ങളില്‍ നിന്ന് ഇടയ്ക്കിടെ ചോരപ്പുഴകള്‍ വിരിയുന്ന കാഴ്ചകള്‍ കാണാതിരിക്കുക എന്നത് ആത്മഹത്യാപരമായി തോന്നിയിരുന്നു. പ്രത്യയശാസ്ത്ര വിരോധികള്‍, വര്‍ഗവഞ്ചകര്‍, വിപ്ലവത്തിന്റെ ഒറ്റുകാര്‍, ആശയ വിരുദ്ധര്‍ എന്നിവരൊക്കെ ലോകത്തെവിടെയും കമ്യൂണിസ്റ്റുകള്‍ക്കെതിരില്‍ സജീവമായി ഉണ്ടായി വരാം എന്നതിനാല്‍ പ്രതിരോധത്തിന്റെ സജ്ജീകരണങ്ങള്‍ എവിടെയും ആവശ്യമാണ് എന്ന് സ്റ്റാലിന്‍ പഠിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ ഈ പാഠം വിസ്മരിച്ചവരായിരുന്നില്ല. പാര്‍ലമെന്ററി ജനാധിപത്യം എന്ന ഊരാക്കുടുക്കില്‍ തലവെച്ചു കിടക്കുമ്പോഴും വിരുദ്ധ നിലപാടുകളുടെ വക്താക്കള്‍ക്കെതിരായ നടപടികളെക്കുറിച്ച് ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ ആലോചിക്കാതിരുന്നില്ല. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ എതിര്‍പ്പിനെ അവഗണിച്ചുകൊണ്ടുതന്നെ സ്റ്റാലിന്റെ മാതൃകയിലുള്ള നിരവധി നരഹത്യകള്‍ നാല്‍പ്പത്തിയേഴിനും അറുപത്തിയേഴിനുമിടയിലെ ഇരുപത് വര്‍ഷങ്ങള്‍ക്കിടയില്‍ ഇന്ത്യയില്‍ അരങ്ങേറിയിരുന്നു. കൊല്ലപ്പെട്ടവര്‍ ആള്‍ക്കൂട്ടങ്ങള്‍ അല്ലാത്തതുകൊണ്ടും, ആ പതിറ്റാണ്ടുകളുടെ സവിശേഷമായ ചില പരിമിതികള്‍ മൂലവും ഇത്തരം കമ്യൂണിസ്റ്റ് പദ്ധതികളില്‍ മിക്കതും പൊതുസമൂഹത്തില്‍ നിന്ന് മറച്ചുവെക്കപ്പെട്ടു. ആദര്‍ശത്തിന്റെയും മനുഷ്യവിമോചനത്തിന്റെയും പുരോഗമനവാദത്തിന്റെയും കുപ്പായങ്ങള്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ക്ക് അവരുടെ രഹസ്യ ദുര്‍മുഖങ്ങള്‍ മറച്ചുവെക്കാന്‍ സഹായിക്കുകയും ചെയ്തു. പട്ടിണിപ്പാവങ്ങളുടെ മേല്‍വിലാസത്തില്‍ നിലനിന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെ സംശയിക്കേണ്ട എന്ന നിലപാടാണ് നെഹ്‌റു അടക്കമുള്ളവര്‍ സ്വീകരിച്ചത്.
ആന്ധ്ര, ബീഹാര്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ ചില സംസ്ഥാനങ്ങളില്‍ അമ്പത് അറുപതുകളില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് പ്രസക്തമായ സ്വാധീനമുണ്ടായിരുന്നു. ഇത്തരം ചില സംസ്ഥാനങ്ങളില്‍ പ്രത്യയശാസ്ത്ര വിരോധികളെ കൊന്നൊടുക്കുന്ന സ്റ്റാലിനിസ്റ്റ് രീതി പ്രയോഗിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് ഡാങ്കെയോട് വിയോജിച്ച് ഇറങ്ങിപ്പോന്നവരുടെ കൂട്ടത്തില്‍ തന്റെ സഹപ്രവര്‍ത്തകനായിരുന്ന വ്യക്തിയെന്ന നിലയില്‍ ടി.കെ ഹംസക്ക് വി.എസ് ചൂണ്ടിക്കാണിച്ചു കൊടുത്ത മുസഫര്‍ അഹ്മദ് ഉള്‍പ്പെടെ പലരും ആ കാലഘട്ടത്തില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടന്ന സ്റ്റാലിനിസ്റ്റ് ഉന്‍മൂലന സ്വഭാവമുള്ള പ്രതിയോഗി വേട്ടകള്‍ക്കെതിരെ ഉള്ളില്‍ പ്രതികരിച്ചവരായിരുന്നു. അതീവ സങ്കീര്‍ണമായ ഒരു വ്യവസ്ഥിതി നിലനില്‍ക്കുന്ന സാമൂഹിക ചുറ്റുപാടില്‍ വിപ്ലവവിരുദ്ധങ്ങളായ ബൂര്‍ഷ്വാ-പ്രതിലോമകതകളെ ചെറുക്കാന്‍ ഹിംസയുടെ ലളിതോപാധികള്‍ സ്വീകരിക്കുന്നതില്‍ തെറ്റില്ല എന്ന വാദഗതി അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ലെനിനിസ്റ്റ് പക്ഷപാതികള്‍ ഉയര്‍ത്തിപ്പിടിച്ചു. യഥാര്‍ഥത്തില്‍ ഇന്ത്യയിലെ നക്‌സലൈറ്റ് പ്രസ്ഥാനക്കാര്‍ ഇന്ന് പ്രതിനിധാനം ചെയ്യുന്ന ഉന്മൂലന ചിന്തകള്‍ക്ക് അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ മെച്ചപ്പെട്ട സ്‌പെയ്‌സ് ഉണ്ടായിരുന്നു എന്നത് ചരിത്രപരമായ ഒരു യാഥാര്‍ഥ്യം മാത്രമാണ്-നിഷേധിച്ച് രക്ഷപ്പെടുക എന്ന തന്ത്രം ഇക്കാര്യത്തില്‍ കമ്യൂണിസ്റ്റുകള്‍ സ്വീകരിക്കാറുണ്ടെങ്കിലും. കേരളം അടക്കമുള്ള പല സ്ഥലങ്ങളിലും അറുപതുകള്‍ വരെയുള്ള ഘട്ടത്തില്‍ ഇരുളിന്റെ മറവിലും പകലിന്റെ തെളിവിലുമായി നടത്തപ്പെട്ടുവന്ന പഠനക്ലാസുകളിലും രഹസ്യയോഗങ്ങളിലുമൊക്കെ ഉന്മൂലനത്തിന്റെ രീതികള്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. പൊതു ജനങ്ങള്‍ക്കായുള്ള ബോധവല്‍ക്കരണ ക്ലാസ്സുകള്‍ എന്ന നിലയിലല്ലാതെ അണ്ടര്‍ഗ്രൗണ്ട് ഷെല്‍ട്ടറുകളിലായി നടന്നിരുന്ന പ്രത്യേക പഠനക്ലാസ്സുകളിലാണ് ഇത്തരം രീതികള്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. ആക്ഷന്‍ എന്ന വാക്കിനെ ചുവപ്പു രാഷ്ട്രീയവുമായി ബന്ധിപ്പിക്കുകയാണെങ്കില്‍ നക്‌സലൈറ്റുകളുടെ ചെലവില്‍ മാത്രമേ ബന്ധിപ്പിക്കാവൂ എന്ന് ചില ഇടതു-വലതു തല്‍പരകക്ഷികള്‍ക്ക് ദുര്‍വാശിയുണ്ടെങ്കിലും ഇന്ത്യയിലെ മുഖ്യധാരാ ഇടതുപക്ഷ രാഷ്ട്രീയം അതിന്റെ നിലനില്‍പില്‍ ആശ്രയിച്ചുവന്നിരുന്ന ഒരു സാധാരണ വാക്കാണ് ആക്ഷന്‍ എന്ന സത്യം അത്രപെട്ടെന്നു മായ്ക്കപ്പെടുന്നതല്ല. കേരളത്തിലെ കമ്യൂണിസ്റ്റ് രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യകാലങ്ങളില്‍ ഇരകളെയും വേട്ടക്കാരെയും അടയാളപ്പെടുത്തുന്ന പദ്ധതികള്‍ ആക്ഷനുകള്‍ എന്നാണറിയപ്പെട്ടത്. ആസക്തിയാല്‍ സമൃദ്ധമായ രാഷ്ട്രീയേതര താല്‍പര്യങ്ങളുടെ കടിഞ്ഞാണ്‍ കൊണ്ട് നിയന്ത്രിക്കപ്പെട്ടിരുന്ന വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍ മാന്യതയുടെ തൂവെള്ള വസ്ത്രങ്ങളില്‍ ചുളിവോ കറയോ വീഴാതെ ജാഗ്രതയോടെ നീങ്ങുന്ന കമ്യൂണിസ്റ്റ് സഖാക്കള്‍ക്ക് മുന്നിലേക്കല്ല, ചില മുന്‍വിധികളാല്‍ നയിക്കപ്പെടുന്ന പൊതുസമൂഹത്തിന് മുന്നിലേക്കാണ് ആക്ഷന്‍ എന്ന വാക്കിന്റെ രാഷ്ട്രീയത്തെ വിചാരണക്കായി തിരിച്ചുവിളിക്കപ്പെടേണ്ടത്. കൊന്നും, കൊല്ലിച്ചും, കൊല്ലപ്പെട്ടുമാണ് ഇന്ത്യയില്‍ കമ്യൂണിസം നിലനിന്നു വന്നിട്ടുള്ളത്. അവിഭക്ത കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ നിന്ന് വേര്‍പെട്ട് സി.പി.എം ഉരുത്തിരിഞ്ഞു വന്നതോടെ കൊല എന്ന പ്രക്രിയക്ക് ഇന്ത്യന്‍ കമ്യൂണിസത്തിന്റെ ചരിത്രത്തില്‍ പുതിയൊരു പരിഗണനയും പ്രാധാന്യവും കൈവന്നു. രാഷ്ട്രീയ കൊലപാതകങ്ങള്‍ സമൂഹത്തിനു നേരെ ചോദ്യങ്ങളുയര്‍ത്തിത്തുടങ്ങിയതും അതിനു ശേഷമാണ്. അമ്പതു വര്‍ഷം കൊണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ കമ്യൂണിസ്റ്റ് പ്രസ്ഥാനമായി സി.പി.എം വളര്‍ച്ചയെത്തിയതിന് പിന്നില്‍ തീവ്രമായ രാഷ്ട്രീയപ്രവര്‍ത്തനങ്ങളുടെയും, അര്‍ഥവത്തായ സാമൂഹിക ഇടപെടലുകളുടെയും, ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടുന്ന നിസ്വാര്‍ഥരായ കമ്യൂണിസ്റ്റുകളുടെ ആത്മസമര്‍പ്പണത്തിന്റെയും അനിഷേധ്യങ്ങളായ ഘടകങ്ങള്‍ക്ക് പങ്കുണ്ടെന്നത് സത്യമാണ്. എന്നാല്‍ ഉപജാപങ്ങളുടെയും, ഒളിമറ യുദ്ധങ്ങളുടെയും അമാനവികങ്ങളായ ദുഷ്‌ചെയ്തികളുടെയും കറവീഴാത്ത സംശുദ്ധതയൊന്നും ആ വളര്‍ച്ചക്ക് അവകാശപ്പെടാനുമാവില്ല. കേരളത്തിന്റെയും പശ്ചിമ ബംഗാളിന്റെയും സവിശേഷമായ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങള്‍ സിപിഎമ്മിന്റെ വളര്‍ച്ചക്ക് സഹായകമായിത്തീര്‍ന്നിട്ടുമുണ്ട്. ഇത്തരത്തിലായിരുന്നില്ല, കേരളമെങ്കില്‍ കമ്യൂണിസത്തിനിവിടെ വേരുറപ്പിക്കാനാകുമായിരുന്നില്ലെന്ന് സാക്ഷാല്‍ ഇ.എം.എസ്സ് തന്നെ തുറന്നു പറഞ്ഞ സന്ദര്‍ഭങ്ങള്‍ ധാരാളം ഉണ്ടായിട്ടുണ്ട്. പൊതുവില്‍ അംഗീകരിക്കപ്പെടുന്നുണ്ട് അദ്ദേഹത്തിന്റെ ആ തുറന്നു പറച്ചില്‍.
ഇന്ത്യന്‍ മതനിരപേക്ഷതക്ക് ഇടതുപക്ഷം നല്‍കിയിട്ടുള്ള സവിശേഷമായ ഊര്‍ജ്ജം വളരെ വലുതായ ചില രാഷ്ട്രീയ മാനങ്ങളുള്‍ച്ചേര്‍ന്നതാണ്. സംഘ്പരിവാര്‍ ഫാഷിസത്തിനെതിരായ ചെറുത്തുനില്‍പ് ഒരു സുപ്രധാന ദൗത്യമായി ഏറ്റെടുത്ത ഇടതുപക്ഷം മതനിരപേക്ഷതക്കെതിരായ പ്രവണതകളെ മറയില്ലാതെ ചെറുത്തു നിന്നിട്ടുണ്ട്. കേരളത്തിന്റെ സാമൂഹ്യ-സാമ്പത്തിക മേഖലകളില്‍ ഗുണപരമായ പരിവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ചവരില്‍ ഇ.എം.എസ്സ് ഉള്‍പ്പെടെയുള്ള കമ്യൂണിസ്റ്റ് നേതാക്കളുടെ നാമധേയങ്ങള്‍ കനത്ത അക്ഷരങ്ങളില്‍ രേഖപ്പെട്ടു കിടക്കുന്നുമുണ്ട്. എന്നാല്‍ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ സദ്ഫലങ്ങള്‍ അനുഭവിക്കുന്നതിനിടയിലും കേരളീയ പൊതു സമൂഹം ചുവപ്പു രാഷ്ട്രീയത്തിന്റെ ഒളിയുദ്ധങ്ങളെക്കുറിച്ചുള്ള ചെറുതും വലുതുമായ അനേകം സന്ദേഹങ്ങളെ ഉള്ളില്‍ കൊണ്ടു നടക്കുകയായിരുന്നു. സി.പി.എമ്മിന്റെ നായകത്വത്തിലുള്ള ഇടതുപക്ഷ രാഷ്ട്രീയം നിലനില്‍പിനും, പ്രതിരോധത്തിനും, സമൂഹത്തില്‍ സ്വാധീനമുറപ്പിക്കാനുമായി മാനവികതയുടെ പ്രത്യക്ഷസാധാരണങ്ങളായ മര്യാദകളെ അതീവ രഹസ്യമായിട്ടെങ്കിലും ലംഘിക്കുന്നുണ്ടാകാമെന്ന സംശയം കേരളീയ സമൂഹത്തില്‍ നിലനിന്നതു കൊണ്ടു കൂടിയാണ് കമ്യൂണിസ്റ്റ് ഭീതിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന സവിശേഷമായൊരു മാനസ്സികാവസ്ഥ കേരളത്തിനകത്ത് ഉറങ്ങിക്കിടന്നത്. കേവലം ഒരു വലതുപക്ഷ ദുഷ്പ്രചരണം മാത്രമായിരുന്നില്ല ഇത്തരമൊരു ഭീതിയുടെ മാനസ്സികാവസ്ഥയെന്ന് തെളിയിക്കുന്നവയാണ് സമീപകാല സംഭവ വികാസങ്ങള്‍. സമീപകാല സംഭവവികാസങ്ങളിലൂടെ പുതിയൊരു തുറസ്സിലേക്ക് ആ സന്ദേഹങ്ങള്‍ വികസിച്ചു കഴിഞ്ഞു.
ഓഞ്ചിയത്തെ റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ചന്ദ്രശേഖരന്റെ കൊലപാതകം കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിലെ നായകസ്ഥാനം വഹിക്കുന്ന സി.പി.എമ്മിന് കാലം കരുതി വെച്ച ഒരു താക്കീതായി പരിണമിച്ചു കഴിഞ്ഞിരിക്കുന്നു. പ്രതികളുടെ സി.പി.എം അടിത്തറയെക്കുറിച്ച് വെളിപ്പെടുന്ന കാര്യങ്ങളേക്കാള്‍ ഉപരിയായി, മാധ്യമങ്ങളുടെ സ്വാധീനഫലമായോ അല്ലാതെയോ പൊതുസമൂഹം എത്തിച്ചേര്‍ന്നിട്ടുള്ള ചില ബോധ്യങ്ങളാണ് ഇക്കാര്യത്തില്‍ കൂടുതല്‍ വിശകലനമര്‍ഹിക്കുന്നത്. കൊലക്കത്തി രാഷ്ട്രീയത്തെ ഏറ്റവും ദുരൂഹമായ വിധത്തില്‍ ഉപയോഗിച്ചു വന്നിട്ടുള്ള പ്രസ്ഥാനമാണ് സി.പി.എം എന്നതാണ് ആ ബോധ്യങ്ങളില്‍ പരമപ്രധാനമായ ഒന്ന്. ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ട് സി.പി.എം ആരോപണങ്ങളുടെ ശരങ്ങള്‍ക്കിടയില്‍ വീണുകിടക്കുമ്പോള്‍ പെട്ടെന്നൊരു അപ്രതീക്ഷിതമായ പ്രകമ്പനം പോലെ കടന്നു വന്ന സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണിയുടെ പട്ടിക തയ്യാറാക്കി കൊന്നു തള്ളല്‍ പ്രസ്താവന ആ ബോധ്യത്തിന് ചുവന്ന കട്ടിയടിവര ചാര്‍ത്തിക്കളഞ്ഞു. ബോധത്തോടെയോ അബോധത്തോടെയോ നടത്തിയ ഒരു വീണ്‍വാക്കു പറച്ചില്‍ എന്ന നിലയില്‍ സഖാവ് മണിയുടെ പ്രസ്താവനയെ കേരളീയ സമൂഹം പതുക്കെപ്പതുക്കെ വിസ്മൃതിയിലേക്ക് തള്ളുമായിരുന്നു, ചന്ദ്രശേഖരന്റെ കൊലപാതകം ഒരു നീറുന്ന ചര്‍ച്ചാവിഷയമായി നില്‍ക്കുന്ന സാഹചര്യത്തിലായിരുന്നില്ലെങ്കില്‍. എന്നാല്‍ വാവിട്ടുപോയ വാക്ക് വന്‍പ്രത്യാക്രമണങ്ങളുടെ വിത്തായി മാറിക്കഴിഞ്ഞിരിക്കുന്നു സിപിഎമ്മിന്റെ കാര്യത്തില്‍.
ആരോപണങ്ങള്‍ ഉയര്‍ന്നുകൊണ്ടിരുന്ന ഈ ഘട്ടത്തില്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് പാര്‍ട്ടിയുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും, കര്‍ശനമായ നിര്‍ദ്ദേശം നല്‍കപ്പെട്ടതാണെന്നും മണി ആ നിര്‍ദ്ദേശം ലംഘിച്ചതിന്റെ ഭവിഷ്യത്തുകള്‍ അദ്ദേഹം അനുഭവിക്കേണ്ടി വരാം എന്നുമാണ് പിണറായി വിജയന്‍ ഇക്കാര്യത്തില്‍ ആദ്യമായി പ്രതികരിച്ചത്. മണിയുടെ പ്രസംഗ പരാമര്‍ശത്തിന്റെ അന്തസ്സത്തയെയും ഉള്ളടക്കത്തെയും നിരാകരിക്കുന്ന ആശയങ്ങള്‍ പിണറായി പ്രയോഗിച്ചില്ല എന്നതു ശ്രദ്ധേയമാണ്, പറയപ്പെട്ടതിന്റെ സത്യാ-സത്യങ്ങള്‍ വ്യക്തമാക്കുന്നതിനു പകരം പറയപ്പെട്ട സാഹചര്യത്തിന്റെ സ്വഭാവത്തില്‍ മാത്രം ഊന്നുന്ന ഈ പിണറായിയന്‍ പ്രതികരണത്തിന് ചില അര്‍ഥങ്ങള്‍ കണ്ടെത്തുവാന്‍ കഴിയും. സ്റ്റാലിനിസത്തിന്റെ ഉന്മൂലന സിദ്ധാന്തങ്ങളെ പ്രയോഗവല്‍ക്കരിച്ചു കൊണ്ട് കേരള രാഷ്ട്രീയത്തില്‍ സി.പി.എം നടത്തിയിട്ടുള്ള ഒളിഹത്യകളുടെ കണക്കെടുപ്പിന് അവസരമൊരുക്കുന്നതായി മാറി എം.എം.മണിയുടെ പ്രസംഗം.
കൂടുതല്‍ മാനവികമായ ഒരു രാഷ്ട്രീയ ലൈന്‍ സ്വീകരിച്ച് ഇന്ത്യന്‍ ജനാധിപത്യവുമായി ഇടപഴകുന്നതില്‍ ഇന്ത്യയിലെ കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ പരാജയപ്പെട്ടിരിക്കുന്നു എന്ന പാഠമാണ് ഈ വിവാദങ്ങളില്‍ നിന്ന് ഉരുത്തിരിയുന്നത്. മതനിരപേക്ഷതക്കും, സ്ഥിതിസമത്വത്തിനും, ലിംഗ നീതിക്കും വേണ്ടി ശബ്ദിച്ചുകൊണ്ടിരുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനം ചരിത്രവും മാനവരാശിയും അറപ്പോടെ തള്ളിക്കളഞ്ഞ സ്റ്റാലിനിസ്റ്റ് ഉന്മൂലന തന്ത്രങ്ങളെ ആശ്രയിച്ചിരുന്നു എന്നു വരുന്നത് അത്ര സുഖകരമായ ഒരു പാഠനിര്‍മിതിയായിരിക്കില്ല. ഇത്തരമൊരു പ്രതിസന്ധിയിലേക്ക് സി.പി.എം നയിക്കപ്പെട്ടത് അകത്തളങ്ങളില്‍ ചിലതെല്ലാം ശരിയായിരുന്നില്ല എന്നതുകൊണ്ടു തന്നെയാണ്. കൂടുതല്‍ മെച്ചപ്പെട്ട മാനവിക രാഷ്ട്രീയം കയ്യേല്‍ക്കുന്നതില്‍ സംഭവിച്ച പരാജയത്തിന്റെ ദുഷ്ഫലങ്ങള്‍ സത്യമോ അസത്യമോ ആയ പലതരം ആരോപണങ്ങളുടെ രൂപത്തില്‍ സിപിഎം അനുഭവിച്ചു തുടങ്ങുകയാണ്. ഇതിന്റെ ഈ വലിയ പ്രതിസന്ധികളെ മറികടന്ന്, തിരുത്തുകയും ശുദ്ധീകരിക്കുകയും ചെയ്യുന്ന പുതിയൊരു പ്രവര്‍ത്തന ശീലവുമായി സംസ്ഥാന-ദേശീയ രാഷ്ട്രീയത്തെ അഭിമുഖീകരിക്കാന്‍ സിപിഎം തയ്യാറാകുമോ എന്ന ചോദ്യം ശക്തമായി ഉന്നയിക്കേണ്ട സന്ദര്‍ഭം ഇതല്ലാതെ മറ്റൊന്നല്ല.
Comments