Prabodhanm Weekly

Pages

Search

2012 ജൂണ്‍ 16

നമസ്‌കാരം ആത്മസഞ്ചാരത്തിന്റെ മഴപ്പെയ്ത്ത്

കവര്‍‌സ്റ്റോറി -എ.കെ അബ്ദുന്നാസിര്‍

'വിശ്വാസിയുടെ ആകാശാരോഹണ'മെന്നും 'അടിമയും ഉടമയുമായുള്ള മുഖാമുഖ'മെന്നുമാണ് നമസ്‌കാരം വിശേഷിപ്പിക്കപ്പെടുന്നത്. 'എന്റെ കണ്‍കുളിര്‍മ നമസ്‌കാരത്തിലാണ്' എന്ന് നബി(സ) പറയാറുണ്ടായിരുന്നു. പ്രശ്‌നങ്ങളും പ്രതിസന്ധികളും അലട്ടുമ്പോള്‍ ബിലാലി(റ)നോട് നബി(സ) ഇഖാമത്ത് കൊടുക്കാനും നമസ്‌കാരത്തിലൂടെ സമാശ്വാസം നല്‍കാനും ആവശ്യപ്പെട്ടിരുന്നതായി ഹദീസുകളില്‍ വന്നിട്ടുണ്ട്.
'സ്വലാത്ത്' എന്ന പദമാണ് ഖുര്‍ആന്‍ നമസ്‌കാരത്തിന് ഉപയോഗിച്ചിരിക്കുന്നത്. പ്രാര്‍ഥനയെന്നാണ് അതിന്റെ ഭാഷാര്‍ഥം. സാങ്കേതികമായി നിര്‍ത്തവും റുകൂഉം സുജൂദുമൊക്കെ ഉള്‍ക്കൊള്ളുന്ന പ്രത്യേക ആരാധനക്കാണ് സ്വലാത്ത് അഥവാ നമസ്‌കാരം എന്നു പറയുന്നത്. ഹിജ്‌റക്ക് മൂന്ന് വര്‍ഷം മുമ്പ് മിഅ്‌റാജ് വേളയിലാണ് ഇസ്‌ലാം കാര്യങ്ങളില്‍ രണ്ടാമത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ ഈ അനുഷ്ഠാനം നിര്‍ബന്ധമാക്കിയത്. പരലോകത്ത് ഏറ്റവും ആദ്യം വിചാരണ ചെയ്യപ്പെടുക നമസ്‌കാരമാണെന്നും അതില്‍ വിജയിച്ചാല്‍ മറ്റെല്ലാ കാര്യങ്ങളിലും വിജയിക്കാനാവുമെന്നും നബി(സ) അരുളിയിരിക്കുന്നു.
മുത്തഖികളുടെ പ്രധാന സവിശേഷതയായി നമസ്‌കാരത്തെ ചൂണ്ടിക്കാണിക്കുന്നു ഖുര്‍ആന്‍ (അല്‍ബഖറ 2,3). വിജയശ്രീലാളിതരായ വിശ്വാസികളുടെ ആദ്യത്തെയും അവസാനത്തെയും അടയാളമായി വരച്ചുകാട്ടുന്നത് ഭയഭക്തി നിറഞ്ഞതും കൃത്യനിഷ്ഠയുള്ളതുമായ നമസ്‌കാരമാണ് (അല്‍മുഅ്മിനൂന്‍ 1-9). അല്ലാഹു പറയുന്നു: ''നമസ്‌കാരത്തില്‍ ജാഗ്രതയുള്ളവരായിരിക്കുവിന്‍; വിശിഷ്ടമായ നമസ്‌കാരത്തില്‍ പ്രത്യേകിച്ചും. അല്ലാഹുവിന്റെ മുമ്പില്‍ ഭയഭക്തിയോടെ നില്‍ക്കുവിന്‍'' (അല്‍ബഖറ 238). തുടര്‍ന്ന് വരുന്ന സൂക്തത്തില്‍ അരക്ഷിതാവസ്ഥയില്‍ എങ്ങനെ നമസ്‌കരിക്കണമെന്ന് വിശദീകരിക്കുന്നു. സൂറത്തുന്നിസാഅ് 101-ാം സൂക്തത്തില്‍ യുദ്ധമുന്നണിയിലെ സംഘടിത നമസ്‌കാരത്തിന്റെ രൂപം അല്‍പം വിശദമായിത്തന്നെ പരാമര്‍ശിക്കുന്നുണ്ട്. അഥവാ ഇസ്‌ലാമിലെ മറ്റു ഇബാദത്തുകളെല്ലാം തന്നെ സോപാധികവും ഒഴികഴിവുള്ളതുമാണ്. എന്നാല്‍, ശഹാദത്തു കലിമ ഉച്ചരിച്ച് വിശ്വാസിയായ മനുഷ്യന്‍ ഉടനെ നമസ്‌കരിക്കാന്‍ തുടങ്ങണമെന്നും ബോധമുള്ളേടത്തോളം കാലം സാധ്യമായ രൂപത്തില്‍ അത് തുടരണമെന്നും ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു. ത്വബ്‌റാനി നിവേദനം ചെയ്യുന്നു: ''നബി(സ) അരുളി: നമസ്‌കാരം കൃത്യമായി നിര്‍വഹിച്ചവന് അത് പ്രകാശവും പ്രമാണവും അന്ത്യനാളിലെ വിജയവുമാകുന്നു. അതില്‍ നിഷ്ഠയില്ലാത്തവന് അത് പ്രകാശമോ പ്രമാണമോ വിജയമോ ആകുന്നില്ല. അവന്‍ അന്ത്യനാളില്‍ ഖാറൂന്റെയും ഹാമാന്റെയും ഫറോവയുടെയും ഉബയ്യുബ്‌നു ഖലഫിന്റെയും കൂടെയായിരിക്കും.''
ഈ വിഷയകമായി വന്ന ഖുര്‍ആനിക സൂക്തങ്ങളുടെയും തിരുവചനങ്ങളുടെയും വെളിച്ചത്തില്‍ ഉമര്‍, അബ്ദുറഹ്മാനുബ്‌നു ഔഫ്, മുആദുബ്‌നു ജബല്‍, അബൂഹുറയ്‌റ എന്നിവര്‍ ബോധപൂര്‍വം ഒരു നേരത്തെ നിര്‍ബന്ധ നമസ്‌കാരം ഉപേക്ഷിക്കുന്നവന്‍ കാഫിറും മതപരിത്യാഗിയുമാണെന്ന് അഭിപ്രായപ്പെട്ടിരുന്നതായി ഇബ്‌നു ഹസം രേഖപ്പെടുത്തുന്നു. ഇതിന് വിരുദ്ധമായ അഭിപ്രായങ്ങള്‍ ഉദ്ധരിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ അബൂഹനീഫ, മാലിക്, ശാഫിഈ തുടങ്ങിയ മുന്‍ഗാമികളും പിന്‍ഗാമികളുമായ ധാരാളം പണ്ഡിതന്മാര്‍ നമസ്‌കാരം നിര്‍ബന്ധമാണെന്ന കാര്യം നിഷേധിക്കാതെ മടിയും അലസതയും കാരണം നമസ്‌കാരം ഉപേക്ഷിക്കുന്നവര്‍ കാഫിറല്ലെന്ന അഭിപ്രായക്കാരാണ്. പക്ഷേ, അധര്‍മികളാണ്, അവരോട് തൗബ ചെയ്യാന്‍ ആവശ്യപ്പെടണം.

മനുഷ്യന്റെ യഥാര്‍ഥ സ്ഥാനം
മനുഷ്യന് ഈ ലോകത്ത് എത്തിച്ചേരാവുന്നതും അഭിലഷിക്കാവുന്നതുമായ ഏറ്റവും ഉത്തുംഗവും ഉന്നതവുമായ പദവി അല്ലാഹുവിന്റെ അടിമയെന്നതാണ്. അല്ലാഹുവിന്റെ അടിമത്തം അഭിമാനപൂര്‍വം അംഗീകരിക്കുന്ന വിശ്വാസി പ്രപഞ്ചത്തോടും അതിലെ മറ്റു ജീവജാലങ്ങളോടും താദാത്മ്യം പ്രാപിക്കുകയും സമരസപ്പെടുകയുമാണ് ചെയ്യുന്നത്. കാരണം സൂര്യ ചന്ദ്രാദികളടക്കമുള്ള പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും അല്ലാഹുവിന് സാഷ്ടാംഗം ചെയ്യുന്നതായും അവനെ പ്രകീര്‍ത്തിക്കുന്നതായും ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ''ആകാശഭൂമിയിലുള്ളവര്‍, സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍, മലകള്‍, മരങ്ങള്‍, ജന്തുജാലങ്ങള്‍, ധാരാളം മനുഷ്യര്‍ അല്ലാഹുവിന്റെ മുമ്പില്‍ പ്രണാമം ചെയ്തുകൊണ്ടിരിക്കുന്നത് താങ്കള്‍ കാണുന്നില്ലേ?'' (ഹജ്ജ് 18). ''വാനലോകത്തുള്ളവരും ഭൂമിയിലുള്ളവരും ചിറകുവിടര്‍ത്തി പറക്കുന്ന പറവകളുമെല്ലാം അല്ലാഹുവിനെ പ്രകീര്‍ത്തിക്കുന്നത് നിങ്ങള്‍ കാണുന്നില്ലയോ?! ഓരോന്നും അതിന്റേതായ നമസ്‌കാര രീതിയും സ്‌തോത്ര രീതിയും അറിയുന്നു'' (അന്നൂര്‍ 41).
ഭൂമിയുടെ പരിപാലകത്വവും അല്ലാഹുവിന്റെ പ്രാതിനിധ്യവുമെന്ന സവിശേഷ ഉത്തരവാദിത്വത്തോടെ നിയോഗിതനായ മനുഷ്യനില്‍ നിന്ന് അല്ലാഹു ഉദ്ദേശിക്കുന്നത് വ്യത്യസ്തവും മനുഷ്യന്റെ പദവിക്ക് അനുയോജ്യവുമായ ആരാധനാ രീതിയാണ്. നമസ്‌കാരം അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്.

നമസ്‌കാരം എന്ത്, എന്തിന്?
അനേകായിരം സൃഷ്ടികളില്‍നിന്ന് അല്ലാഹു തന്റെ പ്രതിനിധിയായി തെരഞ്ഞെടുത്തത് മനുഷ്യനെയാണ്. അവനെ അല്ലാഹു ആദരിക്കുകയും ഏറ്റവും ഉത്കൃഷ്ട രൂപത്തില്‍ സൃഷ്ടിക്കുകയും ചെയ്തു. ഭൂമിയിലുള്ള സകല വസ്തുക്കളെയും അവനു വേണ്ടി ഉണ്ടാക്കുകയും മാലാഖമാരെ കൊണ്ട് അവനെ പ്രണമിപ്പിക്കുകയും ചെയ്തു. അതിനാല്‍ തന്നെ പ്രപഞ്ചാധിനാഥനെ പ്രകീര്‍ത്തിക്കാനും അവന് വഴിപ്പെടാനും മനുഷ്യനാണ് ഏറ്റവും ബാധ്യസ്ഥന്‍. അഞ്ചു നേരത്തെ നമസ്‌കാരത്തിലൂടെ വിശ്വാസി ഈ വിധേയത്വമാണ് പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്. നിര്‍ബന്ധ സ്വഭാവത്തില്‍ കല്‍പിച്ചിരുന്നില്ലെങ്കില്‍ കൂടി അല്ലാഹുവിന് താണു വണങ്ങിയും വഴങ്ങിയും പ്രകീര്‍ത്തിച്ചും കഴിയാന്‍ സ്വയം സന്നദ്ധനായി മുന്നോട്ടുവരാന്‍ കടപ്പെട്ടവനാണല്ലോ മനുഷ്യന്‍. അല്ലാഹു ആവശ്യപ്പെടുകയും തന്റെ ഹിതം വെളിവാക്കുകയും ചെയ്തിരിക്കെ അവനെങ്ങനെ മുഖം തിരിക്കാന്‍!
അല്ലാഹുവിന്റെ കാരുണ്യം നൂറായി പകുത്ത് അതിലൊരു ഭാഗം മാത്രം സൃഷ്ടികള്‍ക്കിടയില്‍ വീതിച്ചുവെന്നും ആ അംശം കൊണ്ടാണ് അവര്‍ പരസ്പരം കരുണ കാണിക്കുന്നതെന്നും നബി(സ) പറഞ്ഞിട്ടുണ്ട്. ബാക്കി തൊണ്ണൂറ്റൊമ്പത് ഭാഗവും സൃഷ്ടികളോട് കരുണ കാണിക്കാന്‍ അല്ലാഹു തനിക്കായി കരുതിവെച്ചിരിക്കുകയാണെന്ന് അവിടുന്ന് തുടര്‍ന്നു. അല്ലാഹുവും മനുഷ്യനും തമ്മിലുള്ള ബന്ധ(സ്വിലത്ത്)ത്തിന്റെ സ്വഭാവം ഇതിലും ഹൃദയഹാരിയായി എങ്ങനെ വര്‍ണിക്കാന്‍! 'സ്വലാത്തി'ലൂടെ ഈ 'സ്വിലത്തി'ന്റെ പരിപോഷണവും ദൃഢീകരണവുമാണ് നടക്കുന്നത്, നടക്കേണ്ടത്. ''എന്റെ സ്മരണ നിലനിര്‍ത്താന്‍ നമസ്‌കാരം മുറപോലെ പാലിക്കുക'' (ത്വാഹാ 14) എന്ന കല്‍പന ഓര്‍ക്കുക.
മനുഷ്യന്‍ ഔന്നത്യം നേടുന്നതും ശക്തിയും ആത്മവിശ്വാസവും ആര്‍ജിക്കുന്നതും ഈ ബന്ധമാകുന്ന പാശം മുറുകെ പിടിക്കുകയും അല്ലാഹുവില്‍ നിന്നുള്ള ഊര്‍ജവും സഹായവും ലഭിക്കുകയും ചെയ്യുമ്പോള്‍ മാത്രമാണ്. അതിന്റെ അഭാവത്തില്‍ അവന്‍ ഒരു പുല്‍ക്കൊടിയെക്കാള്‍ ദുര്‍ബലനും നിസ്സാരനുമാണ്. തനിക്ക് താന്‍ പോന്നവനാണെന്നും പര്‍വതങ്ങളെ വെല്ലാനും ഭൂമിയെ പിളര്‍ക്കാനും കഴിവുള്ളവനാണെന്നും അവന്‍ മേനി നടിക്കുന്നുണ്ടെങ്കിലും. മൗലാനാ അബുല്‍ ഹസന്‍ അലി നദ്‌വി എഴുതുന്നു: ''നമസ്‌കാരം വിശ്വാസിക്ക് അഭയവും രക്ഷയും സാന്ത്വനവും, ദുര്‍ബലനും അനാഥനുമായ കുട്ടിക്ക് സ്‌നേഹനിധിയായ മാതാവിന്റെ മടിത്തട്ടിനേക്കാള്‍ കരുണാര്‍ദ്രവുമാണ്. ആരെങ്കിലും എതിര്‍ക്കാന്‍ വരികയോ ഭീഷണിപ്പെടുത്തുകയോ വിശപ്പും ദാഹവും കുട്ടിയെ അലട്ടുകയോ ചെയ്യുമ്പോള്‍ ഉമ്മയുടെ മടിത്തട്ടിലേക്ക് അവന്‍ ചെന്നുവീഴുന്നു. അപ്രകാരം നമസ്‌കാരം സത്യവിശ്വാസിയുടെ കോട്ടയും അഭയസ്ഥാനവുമാണ്. തന്റെ നാഥനായ അല്ലാഹുവുമായി മനുഷ്യനെ ബന്ധിക്കുന്ന ഭദ്രമായ പാശമാണ്. അത് നിസ്സഹായന് സഹായവും, ഭീതിതന് സുരക്ഷയും ദുര്‍ബലന് ശക്തിയും നിരായുധന് ആയുധവുമാണ്. അതുകൊണ്ടാണ്, നിങ്ങള്‍ ക്ഷമ കൊണ്ടും നമസ്‌കാരം കൊണ്ടും സഹായം തേടുക എന്ന് അല്ലാഹു പറഞ്ഞത്'' (അര്‍കാനെ അര്‍ബഅ).
'നിങ്ങള്‍ ക്ഷമ കൊണ്ടും നമസ്‌കാരം കൊണ്ടും സഹായം തേടുവിന്‍' എന്ന അല്‍ബഖറയിലെ 45-ാം സൂക്തം വിശദീകരിച്ചുകൊണ്ട് ശഹീദ് സയ്യിദ് ഖുത്വ്ബ് എഴുതുന്നു: ''നമസ്‌കാരം അടിമയും ഉടമയും തമ്മിലുള്ള ബന്ധവും സമാഗമവുമാണ്. അതിലൂടെ ഹൃദയം ശക്തി സമാഹരിക്കുന്നു. ആത്മാവ് അല്ലാഹുവുമായി സമാഗമിക്കുന്നു. മനസ് സമസ്ത ഭൗതിക വിഭവങ്ങളേക്കാളും വിലപ്പെട്ട പാഥേയം കണ്ടെത്തുന്നു. നബി(സ)യെ എന്തെങ്കിലും പ്രശ്‌നം അലട്ടിയാല്‍ നമസ്‌കരിക്കാന്‍ ധൃതി കാണിക്കുമായിരുന്നു. യാത്രക്ക് പാഥേയവും മരുഭൂമിയില്‍ ദാഹജലവും നിസ്സഹായതയില്‍ സഹായവും കൊതിക്കുന്ന എല്ലാ സത്യവിശ്വാസികള്‍ക്കും വറ്റാത്ത നീരുറവയായി നമസ്‌കാരം ഇന്നും നിലനില്‍ക്കുന്നു'' (ഖുര്‍ആന്റെ തണലില്‍).
അബുദ്ദര്‍ദ്ദാഅ് റിപ്പോര്‍ട്ട് ചെയ്യുന്നു: ''ശക്തമായ കാറ്റുള്ള രാത്രിയില്‍ നബി തിരുമേനി പള്ളിയിലേക്ക് ധൃതിപ്പെട്ട് പോകാറുണ്ടായിരുന്നു. കാറ്റ് ശമിക്കുന്നത് വരെ അവിടെ കഴിയും. സൂര്യഗ്രഹണമോ ചന്ദ്രഗ്രഹണമോ ഉണ്ടായാല്‍ അത് കഴിയുന്നത് വരെ അവിടുന്ന് നമസ്‌കരിക്കാറുണ്ടായിരുന്നു'' (ത്വബ്‌റാനി).

നമസ്‌കാരവും
ജീവിത വിശുദ്ധിയും
ജീവിത വിശുദ്ധി നമസ്‌കാരത്തിന്റെ അനിവാര്യതേട്ടവും നേര്‍ഫലവുമാണ്. ''നിശ്ചയമായും നമസ്‌കാരം മ്ലേഛകൃത്യങ്ങളില്‍നിന്നും ദുര്‍വൃത്തികളില്‍നിന്നും തടയുന്നു'' (അല്‍അന്‍കബൂത്ത് 45). മുഹമ്മദ് മുതവല്ലിശഅ്‌റാവി എഴുതുന്നു: ''ഉപാധികള്‍ പാലിച്ചുകൊണ്ടുള്ള നമസ്‌കാരം മ്ലേഛതകളില്‍നിന്നും ദുര്‍വൃത്തികളില്‍നിന്നും ആളുകളെ തടയും. ഇനി അഥവാ അങ്ങനെ അനുഭവപ്പെടുന്നില്ലെങ്കില്‍ അല്ലാഹു ഉദ്ദേശിച്ച പോലെയായിട്ടില്ല ആ നമസ്‌കാരം എന്നാണര്‍ഥം. നമസ്‌കാരത്തില്‍ വന്ന ന്യൂനതക്കനുസരിച്ചായിരിക്കും ഫലവും. മ്ലേഛകാര്യങ്ങളില്‍ ഒരാള്‍ വ്യാപൃതനാകുന്നുണ്ടെങ്കില്‍ അത് നമസ്‌കാരത്തിന്റെ ന്യൂനതയുടെ സൂചനയായി എടുക്കാം.''
ഹസന്റെ(റ) റിപ്പോര്‍ട്ട്: നബി (സ) പറഞ്ഞു: ''തന്റെ നമസ്‌കാരം മ്ലേഛ കാര്യങ്ങളില്‍നിന്നും ദുര്‍വൃത്തികളില്‍നിന്നും ഒരാളെ വിലക്കുന്നില്ലെങ്കില്‍ അവന് നമസ്‌കാരം തന്നെയില്ല'' (ബൈഹഖി). അബൂ അബ്ദുല്ലയില്‍ നിന്ന് റിപ്പോര്‍ട്ട്: അദ്ദേഹം പറഞ്ഞു: ''ആര്‍ക്കെങ്കിലും തന്റെ നമസ്‌കാരം സ്വീകരിക്കപ്പെട്ടോ എന്നറിയണമെങ്കില്‍ ദുര്‍വൃത്തികളില്‍നിന്ന് അത് തന്നെ തടഞ്ഞുവോയെന്ന് അയാള്‍ പരിശോധിക്കട്ടെ. എത്രത്തോളം തടഞ്ഞുവോ അത്രയുമായിരിക്കും അദ്ദേഹത്തിന്റെ നമസ്‌കാരം സ്വീകരിക്കപ്പെടുക.''
നമസ്‌കാരം കേന്ദ്ര ബിന്ദുവായി നിയന്ത്രണമേറ്റെടുക്കുന്ന ഒരു ജീവിത വ്യവസ്ഥയാണ് ഇസ്‌ലാം മുന്നോട്ട് വെക്കുന്നത്. അവിടെ ജീവിതത്തിന്റെ തുടക്കവും ഒടുക്കവും നമസ്‌കാരത്തോടെയാണ്. നമസ്‌കാരം ജീവിതത്തെ നിയന്ത്രിക്കുകയും ചെത്തിമിനുക്കുകയും ചെയ്യുന്നു. ശുഐബ് നബിയുടെ ചരിത്രം വിശുദ്ധ ഖുര്‍ആന്‍ അനാവരണം ചെയ്യുന്നത് കാണുക: ''അവര്‍ ചോദിച്ചു: ഹേ ശുഐബേ, നമ്മുടെ പൂര്‍വികര്‍ ആരാധിച്ചുകൊണ്ടിരുന്ന ദൈവങ്ങളെ ഉപേക്ഷിക്കണമെന്ന് നിന്നോട് കല്‍പിക്കുന്നതും ഞങ്ങളുടെ ധനം ഞങ്ങള്‍ യഥേഷ്ടം കൈകാര്യം ചെയ്യരുതെന്ന് പറയുന്നതും നിന്റെ നമസ്‌കാരമാണോ?'' (ഹൂദ് 87).
നമസ്‌കാരം മനുഷ്യ സ്വഭാവത്തിലും സമീപനത്തിലും എന്തെന്ത് മാറ്റങ്ങളാണുണ്ടാക്കുകയെന്ന് ഖുര്‍ആന്‍ വിവരിക്കുന്നു. ''മനുഷ്യന്‍ ചപലനായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ആപത്തുകളുണ്ടാകുമ്പോള്‍ അവന്‍ വെപ്രാളം കൊള്ളുന്നു. സൗഭാഗ്യം ഉണ്ടാകുമ്പോള്‍ ലുബ്ധനാകുന്നു. നമസ്‌കാരക്കാര്‍ ഒഴികെ (അവര്‍ ഈ ദോഷത്തില്‍നിന്ന് മുക്തരാകുന്നു). അവര്‍ നമസ്‌കാരത്തില്‍ നിഷ്ഠയുള്ളവരാണ്. അവരുടെ ധനത്തില്‍ ചോദിച്ചുവരുന്നവര്‍ക്കും ഉപജീവനം തടയപ്പെട്ടവര്‍ക്കും നിര്‍ണിതമായ വിഹിതമുണ്ട്'' (മആരിജ് 19-25).
മറുഭാഗത്ത്, അശ്രദ്ധമായി നമസ്‌കരിക്കുന്നവരുടെ സ്വഭാവം ഖുര്‍ആന്‍ വിശദീകരിക്കുന്നു: ''നമസ്‌കാരക്കാര്‍ക്ക് നാശം. അവര്‍ നമസ്‌കാരത്തെക്കുറിച്ച് അശ്രദ്ധരത്രെ. അവര്‍ ലോകമാന്യം തേടുന്നവരാണ്. പരോപകാരങ്ങള്‍ വിലക്കുന്നവരും'' (അല്‍മാഊന്‍ 5-7). അശ്രദ്ധമായും ബോധമില്ലാതെയും നമസ്‌കരിച്ചതുകൊണ്ടാണ് അതിന്റെ ഗുണഫലങ്ങള്‍ അവരിലുണ്ടാകാതിരുന്നതെന്നും നമസ്‌കാരം ശരിയായ രൂപത്തില്‍ അനുഷ്ഠിച്ചിരുന്നുവെങ്കില്‍ അവരുടെ സ്വഭാവം ഇതാകുമായിരുന്നില്ലെന്നും ശഹീദ് സയ്യിദ് ഖുത്വ്ബ് നിരീക്ഷിക്കുന്നുണ്ട്.
ഉത്കൃഷ്ട കര്‍മം
ഏറ്റവും ഉത്കൃഷ്ട കര്‍മമേതെന്ന ചോദ്യത്തിന് പ്രവാചകന്‍ പറഞ്ഞ മറുപടി നമസ്‌കാരമെന്നായിരുന്നു. മനുഷ്യന്റെ ശരീരവും നാവും മനസ്സും ബുദ്ധിയും ഒരുപോലെ പങ്കാളികളാവുന്ന കര്‍മമാണ് നമസ്‌കാരം. നിര്‍ത്തം, റുകൂഅ്, സുജൂദ് തുടങ്ങിയവ ശരീര പ്രധാനങ്ങളാണ്. ഖുര്‍ആന്‍ പാരായണവും തസ്ബീഹുകളും മറ്റും നാവിന്റെ ഉത്തരവാദിത്വമാണ്. ചൊല്ലുന്ന കാര്യങ്ങളെക്കുറിച്ച ചിന്തയും ആലോചനയും ബുദ്ധിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭയഭക്തിയുടെ ഇടം ഹൃദയമാണ്.
നമസ്‌കാരത്തിന്റെ സവിശേഷത ഇമാം ഖുര്‍ത്വുബിയുടെ വാക്കുകളില്‍ ഇങ്ങനെ വായിക്കാം: ''നമസ്‌കാരം മനസ്സിന്റെ ജയിലാണ്. നോമ്പ് ഇഛയുടെ പ്രതിരോധമാണ്. ഒന്നോ രണ്ടോ ഇഛകള്‍ തടയപ്പെടുന്നവന്‍ മുഴുവന്‍ ഇഛകളും തടയപ്പെട്ടവനെപ്പോലെയല്ല. നോമ്പില്‍ സ്ത്രീയും ഭക്ഷണപാനീയങ്ങളുമാണ് നിരോധിക്കപ്പെട്ടിട്ടുള്ളത്. സംസാരം, നടത്തം, നോട്ടം, മറ്റു സൃഷ്ടികളുമായുള്ള ഇടപഴകല്‍ തുടങ്ങിയവ അനുവദനീയമാണ്. എന്നാല്‍ നമസ്‌കരിക്കുന്നവന് ഇതൊന്നും പാടില്ല. അവന്റെ ഓരോ അവയവവും ബന്ധിക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ നമസ്‌കാരം കൂടുതല്‍ ശ്രമകരമാണ്. അതുകൊണ്ടാണ് അല്ലാഹു നമസ്‌കാരത്തെക്കുറിച്ച് 'പ്രയാസകര'മാണെന്ന് പറഞ്ഞത്'' (തഫ്‌സീര്‍ ഖുര്‍ത്വ്ബി).
അദ്ദേഹം തുടരുന്നു: ''നമസ്‌കരിക്കുന്നവന്‍ മിഹ്‌റാബില്‍ പ്രവശിച്ചുകഴിഞ്ഞാല്‍ ചകിതനാവുന്നു. താന്‍ തന്റെ രക്ഷിതാവിന്റെ സവിധത്തിലാണെന്ന് തിരിച്ചറിയുന്നു. അവന്‍ തന്നെ കണ്ടുകൊണ്ടിരിക്കുന്നുവെന്ന് മനസ്സിലാക്കുന്നു. അങ്ങനെ അവന്‍ തരളിതനും താഴ്മയുള്ളവനുമായിത്തീരുന്നു. അവന്റെ അവയവങ്ങളില്‍ അതിന്റെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. അടുത്ത നമസ്‌കാരം വരെ അത് തുടരുന്നു.''
ഹൃദയ സാന്നിധ്യമില്ലാത്തതും അശ്രദ്ധവുമായ നമസ്‌കാരം നിഷ്ഫലമത്രെ. ഇമാം ഗസാലി എഴുതുന്നു: ''ഹൃദയ സാന്നിധ്യം നമസ്‌കാരത്തിന്റെ ആത്മാവാണ്. നമസ്‌കാരത്തിന്റെ രഹസ്യം മനസ്സിലാക്കിയവര്‍ക്ക് അശ്രദ്ധ അതിന് വിരുദ്ധമാണെന്നറിയാന്‍ കഴിയും. ഖുര്‍ആന്‍ പാരായണത്തിന്റെയും ദിക്ര്‍-തസ്ബീഹുകളുടെയും പ്രാര്‍ഥനയുടെയും പ്രകീര്‍ത്തനങ്ങളുടെയും സാക്ഷാല്‍ ലക്ഷ്യം അല്ലാഹുവാണ്. അവനെയാണ് അഭിസംബോധന ചെയ്യുന്നത്. അശ്രദ്ധമായ ഹൃദയത്തിന് അവനെ കാണാനോ അറിയാനോ കഴിയില്ല. എന്നല്ല, നാവുകള്‍ പതിവനുസരിച്ച് ചലിക്കുന്നുണ്ടെങ്കിലും അഭിസംബോധിതനായ അല്ലാഹുവിനെക്കുറിച്ച് അയാള്‍ തീരെ അശ്രദ്ധനാണ്. ഹൃദയത്തെ കടഞ്ഞെടുക്കാനും ദൈവസ്മരണ പുതുക്കാനും ഈമാന്‍ ഹൃദയത്തില്‍ ഉറപ്പിക്കാനും വേണ്ടി നിര്‍ബന്ധമാക്കപ്പെട്ട യഥാര്‍ഥ നമസ്‌കാരത്തില്‍നിന്ന് ഈ നമസ്‌കാരം എത്ര വിദൂരം!'' (ഇഹ്‌യാ ഉലൂമിദ്ദീന്‍).
[email protected]


Comments

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം
എ.വൈ.ആര്‍