Prabodhanm Weekly

Pages

Search

2012 ജൂണ്‍ 16

വാര്‍ത്തകള്‍ വിശേഷങ്ങള്‍

മൂസക്കുട്ടി വെട്ടിക്കാട്ടിരി

മുബാറകിനെ ജീവപര്യന്തത്തിന് ശിക്ഷിച്ചത് മര്‍സിക്ക് ഗുണം ചെയ്യുമെന്ന്

'വസന്ത വിപ്ളവ' കാലത്ത് നടന്ന സൈനിക നടപടിയില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ നല്‍കിയ കേസില്‍ മുന്‍ പ്രസിഡന്റ് ഹുസ്നി മുബാറകിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത് ഈജിപ്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് നടക്കുന്ന രണ്ടാം ഘട്ട മത്സരത്തില്‍ മുസ്ലിം ബ്രദര്‍ഹുഡ് സ്ഥാനാര്‍ഥി ഡോ. മുഹമ്മദ് മര്‍സിക്ക് തുണയാകുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തി. ജൂണ്‍ 16,17 തീയതികളില്‍ നടക്കുന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ മര്‍സിയുടെ എതിര്‍ സ്ഥാനാര്‍ഥി അഹ്മദ് ശഫീഖ്, മുബാറകിന്റെ അടുത്ത അനുയായിയും ഭരണത്തില്‍ ഉന്നത സ്ഥാനമാനങ്ങള്‍ വഹിച്ചിരുന്ന ആളുമായിരുന്നു. ഹുസ്നി മുബാറകിനു ലഭിച്ച ശിക്ഷ പ്രധാനമന്ത്രിയായിരുന്ന അഹ്മദ് ശഫീഖിനും കൂടിയുള്ളതാണെന്ന പ്രചാരണം ഈജിപ്തില്‍ ശക്തമാണ്. ചില വിഭാഗങ്ങള്‍ ശഫീഖിന് വധശിക്ഷ നല്‍കണമെന്നും വാദിക്കുന്നുണ്ട്. ഈ ജനവികാരം അനുകൂലമാക്കാനായാല്‍ മുസ്ലിം ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയ വിഭാഗമായ ഫ്രീഡം ആന്റ് ജസ്റിസ് പാര്‍ട്ടി സ്ഥാനാര്‍ഥി ഡോ. മുഹമ്മദ് മര്‍സിക്ക് അനായാസം ജയിച്ചു കയറാനാകും.
പുതിയ ഭരണഘടന നിര്‍മാണവുമായി ബന്ധപ്പെട്ട് ഫ്രീഡം ആന്റ് ജസ്റിസ് പാര്‍ട്ടിയും പട്ടാളവും തമ്മില്‍ ഭിന്നത രൂക്ഷമായതായാണ് റിപ്പോര്‍ട്ട്. പാര്‍ലമെന്റില്‍ ഭൂരിപക്ഷമുള്ള ഫ്രീഡം ആന്റ് ജസ്റിസ് പാര്‍ട്ടിയെ ഭയപ്പാടോടെയാണ് പട്ടാളം വീക്ഷിക്കുന്നത്. പാര്‍ട്ടി അധികാരത്തില്‍ വരുന്നത് തടയാന്‍ പട്ടാളം കിണഞ്ഞു ശ്രമിക്കുമെന്നുറപ്പാണ്. അക്കാര്യം മനസ്സിലാക്കി പഴുതടച്ച പ്രവര്‍ത്തനങ്ങളുമായാണ് ബ്രദര്‍ഹുഡ് മുന്നേറുന്നത്.
ഹുസ്നി മുബാറകിനും മക്കള്‍ക്കുമെതിരായ കേസിന്റെ വിധിയില്‍ ഈജിപ്ഷ്യന്‍ ജനത അസംതൃപ്തരാണ്. മുബാറകിന് മതിയായ ശിക്ഷ ലഭിച്ചില്ലെന്ന അഭിപ്രായമാണ് പരക്കെ. പട്ടാള നടപടിയുമായി ബന്ധപ്പെട്ട കേസില്‍ ജീവപര്യന്തം ശിക്ഷ ലഭിച്ചെങ്കിലും അഴിമതി, പണാപഹരണം തുടങ്ങി വിവിധ കുറ്റങ്ങളില്‍ മുബാറകിനെയും മക്കളെയും വെറുതെ വിട്ടത് ജനരോഷം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. അതിനിടെ, ജനങ്ങള്‍ വീണ്ടും തഹ്രീര്‍ സ്ക്വയറില്‍ കൂട്ടംചേരാന്‍ തുടങ്ങി. ജനഹിതംപോലെ കാര്യങ്ങള്‍ മുന്നോട്ട് പോകുന്നില്ലെങ്കില്‍ വീണ്ടും തഹ്രീര്‍ സ്ക്വയറിലേക്ക് നീങ്ങുമെന്ന് വിവിധ സംഘടനകളും മുന്നറിയിപ്പ് നല്‍കി.

'ദ്വി രാഷ്ട്ര' തത്ത്വം അംഗീകരിക്കണമെന്ന് മഹ്മൂദ് അബ്ബാസ്


1967-ലെ അതിര്‍ത്തിയിലേക്ക് മടങ്ങി 'ദ്വി രാഷ്ട്ര' തത്ത്വം അംഗീകരിക്കാന്‍ ഇസ്രയേലിനോട് ഫലസ്ത്വീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ആവശ്യപ്പെട്ടു. ഈ അവസരം ഇനി അധിക കാലം ലഭിക്കാനിടയില്ലെന്നും അബ്ബാസ് മുന്നറിയിപ്പ് നല്‍കി.
തുര്‍ക്കി തലസ്ഥാനമായ ഇസ്തംബൂളില്‍ നടന്ന 'വേള്‍ഡ് ഇക്കണോമിക് ഫോറ'ത്തില്‍ സംസാരിക്കവെ, ഐക്യരാഷ്ട്ര സഭയില്‍ ഫലസ്ത്വീന്‍ സമ്പൂര്‍ണ അംഗത്വത്തിനുള്ള ഫലസ്ത്വീന്‍ അതോറിറ്റിയുടെ ശ്രമം തുടരുമെന്നും അദ്ദേഹം പറഞ്ഞു. 'ഫലസ്ത്വീനികള്‍ സമാധാന പ്രേമികളും നീതിയും സ്വാതന്ത്യ്രവും കാംക്ഷിക്കുന്നവരുമാണ്. ഏറെ സഹനത്തിനു തയാറായ ഫലസ്ത്വീന്‍ ജനതയുടെ സ്വതന്ത്രരാഷ്ട്രമെന്ന ആവശ്യത്തിനെതിരെ പുറം തിരിഞ്ഞുനില്‍ക്കരുത്'. മേഖലയില്‍ അതിവേഗമാണ് മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നതെന്ന് 'അറബ് വസന്ത'ത്തെ സൂചിപ്പിച്ച് അബ്ബാസ് ഇസ്രയേലിനെ ഓര്‍മിപ്പിച്ചു.
ഫലസ്ത്വീന്‍ പ്രശ്നം മേഖലയില്‍ സമാധാന ശ്രമങ്ങള്‍ക്ക് ഭീഷണിയായി നില്‍ക്കുന്ന മുഖ്യവിഷയം തന്നെയാണെന്നും ഇസ്രയേല്‍ സ്വീകരിച്ചുവരുന്ന രാഷ്ട്രീയ നിലപാടുകള്‍ അവരോട് ശത്രുത വളര്‍ത്താന്‍ മാത്രമേ ഉപകരിക്കുകയുള്ളൂവെന്നും ഫോറത്തില്‍ സംസാരിച്ച തുര്‍ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞു. ഇസ്രയേലിന്റെ കാടത്തപരമായ ഉപരോധത്തില്‍ ഫലസ്ത്വീനികള്‍ അനുഭവിക്കുന്ന യാതനകള്‍ വിവരണാതീതമാണ്. ലോകത്തെ ഏറ്റവും വലിയ തുറന്ന ജയിലില്‍ ഫലസ്ത്വീന്‍ ജനത നരകയാതന അനുഭവിക്കുകയാണെന്നും ഉര്‍ദുഗാന്‍ തുറന്നടിച്ചു.


കോസികാലാന്‍ കലാപം പടര്‍ത്തിയത് അധികൃതരുടെ അനാസ്ഥ

ന്യൂദല്‍ഹി: യു.പിയിലെ മഥുര ജില്ലയില്‍ കോസികാലാന്‍ നഗരത്തിലുണ്ടായ വര്‍ഗീയ സംഘര്‍ഷം അധികൃതരുടെ സമയോചിത ഇടപെടല്‍ ഉണ്ടായിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്നുവെന്ന് ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി സെക്രട്ടറി മുഹമ്മദ് അഹ്മദ് പറഞ്ഞു. ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് മുസ്ലിംകള്‍ സംഭവത്തില്‍ കൊല്ലപ്പെട്ടിരുന്നു.
വളരെ നിസ്സാരമായ ഒരു തര്‍ക്കമാണ് ഒട്ടും പ്രതീക്ഷിക്കാതെ വര്‍ഗീയ കലാപമായി പടര്‍ന്നത്. നഗരത്തിലെ പള്ളികള്‍ക്ക് മുമ്പില്‍ വെള്ളിയാഴ്ച സബീല്‍ എന്ന പേരില്‍ തണുപ്പിച്ച കുടിവെള്ളം സൌജന്യമായി വിതരണം ചെയ്യുന്ന സമ്പ്രദായമുണ്ട്. ആരോ ഒരാള്‍ ആ വെള്ളം വാങ്ങി കൈകഴുകിയതിനെ തുടര്‍ന്ന് ചെറിയ തോതില്‍ തര്‍ക്കമുണ്ടായി. മുതിര്‍ന്നവര്‍ ഇടപെട്ട് തര്‍ക്കം അപ്പോള്‍തന്നെ പരിഹരിക്കുകയും ചെയ്തു. പക്ഷേ, ജുമുഅ നമസ്കാരം കഴിഞ്ഞ് പുറത്തിറങ്ങിയ മുസ്ലിംകള്‍ കണ്ടത് കുറെ ആളുകള്‍ സംഘം ചേര്‍ന്ന് വരുന്നതാണ്. അവര്‍ മുസ്ലിംകളുടെ പള്ളികളും വീടുകളും കടകളും ആക്രമിച്ചു. അവരുടെ കൈയില്‍ നാടന്‍ ബോംബുകളും മൂര്‍ച്ചയുള്ള ആയുധങ്ങളുമുണ്ടായിരുന്നു.
പ്രാദേശിക ഭരണാധികാരികള്‍ ഏഴു മണിക്കൂറോളം ഒന്നും ചെയ്യാതെ ഈ അതിക്രമങ്ങള്‍ നോക്കിനില്‍ക്കുകയായിരുന്നുവെന്ന് ജമാഅത്ത് സെക്രട്ടറി പറഞ്ഞു. ജമാഅത്തിന്റെയും വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും നേതാക്കള്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷവും പരിക്കേറ്റവര്‍ക്ക് 5 ലക്ഷവും നഷ്ടപരിഹാരം നല്‍കണമെന്ന് ജമാഅത്ത് ആവശ്യപ്പെട്ടു.


'സകാത്ത്' നല്‍കൂ, സാമ്പത്തിക വിപ്ളവം സാധ്യമാക്കൂ


ലോകം സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലായതിനെത്തുടര്‍ന്ന് ചാരിറ്റി ഫണ്ടുകള്‍ വെട്ടിക്കുറച്ചപ്പോള്‍ സകാത്ത് ഇനത്തില്‍ മുസ്ലിം ലോകത്ത് കോടികള്‍ ചെലവഴിച്ചതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഓരോ വര്‍ഷവും ആയിരം കോടി ഡോളര്‍ (*1 ൃശഹഹശീി) സകാത്തിനത്തില്‍ ലോകത്ത് ചെലവഴിക്കുന്നതായാണ് കണക്ക്. എന്നാല്‍ വിവിധ സംഘടനകള്‍ വഴി വിതരണം ചെയ്യപ്പെടുന്ന പണം പലപ്പോഴും യഥാര്‍ഥ അര്‍ഹരിലേക്കെത്തുന്നില്ലെന്നും പഠനം പറയുന്നു.
കണക്കനുസരിച്ചുള്ള സകാത്ത് മുസ്ലിം ലോകം ശേഖരിച്ച് വിതരണം നടത്തുകയാണെങ്കില്‍ ഒരളവോളം ദാരിദ്യ്രം നിര്‍മാര്‍ജനം ചെയ്യാനാകുമെന്ന് പ്രശസ്ത സാമ്പത്തിക വിദഗ്ധന്‍ ഹബീബ് അഹ്മദ് വ്യക്തമാക്കി. എന്നാല്‍, മിക്ക മുസ്ലിം രാഷ്ട്രങ്ങളിലും സകാത്തിന്റെ ഫലപ്രദമായ ശേഖരണമോ വിതരണമോ നടക്കുന്നില്ല. അദ്ദേഹം ചൂണ്ടിക്കാട്ടി.
'മുസ്ലിം രാജ്യങ്ങളില്‍ സമ്പത്ത് വര്‍ധിക്കുകയാണ്. അതോടൊപ്പം ദാരിദ്യ്രത്തിലും വര്‍ധനവ് രേഖപ്പെടുത്തുന്നുണ്ട്. അപ്പോള്‍ എവിടെയാണ് പിഴക്കുന്നത്' ണീൃഹറ ഇീിഴൃല ീള ങൌഹെശാ ജവശഹമിവൃീുേശ (ണഇങജ) പ്രസിഡന്റ് താരിഖ് ചോദിക്കുന്നു. സകാത്ത് ശേഖരണം മാത്രമല്ല വിതരണവും കുറ്റമറ്റതും ഇസ്ലാമിക നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലുമാകണം, അദ്ദേഹം പറഞ്ഞു. അതോടൊപ്പം ദീര്‍ഘവീക്ഷണത്തോടെയുള്ള നിക്ഷേപക സംരംഭങ്ങളുടെ കുറവും സകാത്ത് സംഖ്യ പാഴായിപ്പോകുന്നതിനു കാരണമാകുന്നതായി ഇസ്ലാമിക സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ദീര്‍ഘകാല നിക്ഷേപ സംരംഭത്തെക്കുറിച്ച കാഴ്ചപ്പാടില്ലാതെ വാര്‍ഷിക സകാത്തിനെ മാത്രം ആശ്രയിക്കുന്നത് സകാത്തിന്റെ മതിയായ ഗുണം ലഭിക്കാതെ പോകാന്‍ കാരണമാകുന്നതായി മലേഷ്യന്‍ സര്‍ക്കാറിലെ സകാത്ത് ഫണ്ട് ഗവേഷണ വിഭാഗം മേധാവി സയ്യിദ് വഫ പറഞ്ഞു.
ലോകം സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയില്‍പെട്ട് കാലിട്ടടിക്കുമ്പോള്‍ ഇസ്ലാമിക സാമ്പത്തിക നിക്ഷേപങ്ങള്‍ വളര്‍ച്ച പ്രാപിക്കുന്നത് ലോക ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്. അനേകം രാജ്യങ്ങളെ പ്രത്യേകിച്ച് യൂറോപ്യന്‍ രാഷ്ട്രങ്ങളെ ഇസ്ലാമിക് ബാങ്കിംഗ് പരീക്ഷിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകവും മറ്റൊന്നല്ല.

മുസ്ലിം യുവാക്കളെ കള്ളക്കേസില്‍ കുടുക്കുന്നതിനെതിരെ ജമാഅത്ത് കാമ്പയിന്‍

ന്യൂദല്‍ഹി: മുസ്ലിം യുവാക്കളെ കള്ളക്കേസില്‍ കുടുക്കി നിയമവിരുദ്ധമായി തടങ്കലില്‍ പാര്‍പ്പിക്കുന്നതിനെതിരെ രാജ്യവ്യാപകമായി കാമ്പയിന്‍ നടത്തുമെന്ന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അധ്യക്ഷന്‍ മൌലാനാ സയ്യിദ് ജലാലുദ്ദീന്‍ ഉമരി. ജമാഅത്ത് ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. "സ്വാതന്ത്യ്രം ലഭിച്ച് 64 വര്‍ഷം പിന്നിട്ടിട്ടും രാജ്യത്തെ നിയമവാഴ്ച ഒട്ടും തൃപ്തികരമല്ല. വിവിധ ഭരണകൂട ഏജന്‍സികളാല്‍ ദുര്‍ബല വിഭാഗങ്ങള്‍, പ്രത്യേകിച്ച് മുസ്ലിംകള്‍ നിരന്തരം പീഡിപ്പിക്കപ്പെടുന്നു. ഒരു സമുദായമെന്ന നിലയില്‍ മുസ്ലിംകളുടെ പ്രതിഛായ വികൃതമാക്കുകയാണ് ഈ ഏജന്‍സികളുടെ ഉന്നം. വിദ്യാ സമ്പന്നരായ മുസ്ലിം യുവാക്കളെയാണ് ഇവര്‍ പിടികൂടുന്നത്. എന്നിട്ട് ഭീകര പീഡനമുറകളിലൂടെ ചെയ്യാത്ത കുറ്റങ്ങള്‍ ചെയ്തെന്ന് അവരെക്കൊണ്ട് സമ്മതിപ്പിക്കുന്നു. ഒട്ടനവധി കള്ളക്കേസുകള്‍ അവര്‍ക്കെതിരെ ചുമത്തുകയും ചെയ്യുന്നു.''
കഴിഞ്ഞ മെയ് 13-ന് ഒരു അജ്ഞാത ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സി സുഊദി ഗവണ്‍മെന്റിന്റെ സഹായത്തോടെ എഞ്ചിനീയറായ ഫസീഹ് മുഹമ്മദിനെ തട്ടിക്കൊണ്ട് പോയി അറസ്റ് ചെയ്ത സംഭവം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരുടെ നിര്‍ദേശപ്രകാരമാണ് ഫസീഹിനെ അറസ്റ് ചെയ്തതെന്നോ എന്താണ് ആരോപിക്കപ്പെട്ട കുറ്റമെന്നോ ആഭ്യന്തരമന്ത്രാലയമോ വിദേശ മന്ത്രാലയമോ ഇതുവരെ വിശദീകരിച്ചിട്ടില്ല.
കഴിഞ്ഞ മെയ് 24-നാണ് കശ്മീരില്‍ നിന്നുള്ള വിദ്യാര്‍ഥികളായ വസീം ഭട്ടിനെയും സജ്ജാദ് അഹ്മദ് ഭട്ടിനെയും അലീഗഢ് റെയില്‍വേ സ്റേഷനില്‍ വെച്ച് ചില ഗവണ്‍മെന്റ് ഏജന്‍സികള്‍ തട്ടിക്കൊണ്ട് പോയത്. അഅ്സംഗഢിലെ പ്രശസ്ത ഇസ്ലാമിക കലാലയമായ ജാമിഅത്തുല്‍ ഫലാഹിലെ വിദ്യാര്‍ഥികളായിരുന്നു അവര്‍. ഇത്തരം സംഭവങ്ങള്‍ മുസ്ലിം സമൂഹത്തെ മാത്രമല്ല, സമാധാനം ആഗ്രഹിക്കുന്ന മുഴുവന്‍ പൌരന്മാരെയും അസ്വസ്ഥപ്പെടുത്തുന്നുണ്ടെന്ന് അമീര്‍ ചൂണ്ടിക്കാട്ടി. നിയമാനുസൃതമാണ് അറസ്റെങ്കില്‍ 24 മണിക്കൂറിനകം അവരെ കോടതിയില്‍ ഹാജരാക്കേണ്ടതല്ലേ എന്നും അദ്ദേഹം ചോദിച്ചു.
മീഡിയ പ്രശ്നം ഏറ്റെടുക്കുകയും അതേത്തുടര്‍ന്ന് വ്യാപകമായ പ്രതിഷേധം ഉയരുകയും ചെയ്തപ്പോഴാണ് വിദ്യാര്‍ഥികളെ അവരുടെ രക്ഷിതാക്കളുടെ അടുത്ത് എത്തിച്ചത്. പൊതുസമൂഹത്തിന്റെ സമ്മര്‍ദമില്ലായിരുന്നെങ്കില്‍ ഈ യുവാക്കള്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുമായിരുന്നെന്നും അമീര്‍ പറഞ്ഞു.

Comments

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം
എ.വൈ.ആര്‍