Prabodhanm Weekly

Pages

Search

2012 ജൂണ്‍ 16

സ്ത്രീവിമോചനം വേണം പക്ഷേ, എന്തില്‍നിന്ന്?

ലേഖനം - മര്‍യം ബിന്‍ത് അഹ്മദ്‌

സ്ത്രീശാക്തീകരണത്തിന്റെ കാര്യത്തില്‍ കേരളം ഏറെ മുന്നേറിയിട്ടുണ്ടെന്നാണല്ലോ പറയപ്പെടുന്നത്. ഇവിടത്തെ തൊഴിലിടങ്ങളിലെ വര്‍ധിച്ച സ്ത്രീ സാന്നിധ്യം ഇതിന്റെ തെളിവായി ചൂണ്ടിക്കാട്ടപ്പെടുന്നു. സ്ത്രീവിമോചനമെന്നാല്‍ സ്ത്രീ തൊഴിലെടുക്കലാണെന്ന ധാരണയിലാണ് ഇന്ന് കേരളം എത്തിനില്‍ക്കുന്നത്. ഈ ധാരണയില്‍ എത്രത്തോളം അതിശയോക്തിയുണ്ടെന്നത് ചര്‍ച്ചാവിഷയമാക്കുകയാണ് ഈ ലേഖനത്തിന്റെ ഉദ്ദേശ്യം.
പരമ്പരാഗത സമൂഹങ്ങളില്‍ നിലനില്‍ക്കുന്ന ഗൃഹബാഹ്യമായ ജോലി പുരുഷനും ഗാര്‍ഹിക ജോലി സ്ത്രീയും ചെയ്യുകയെന്ന തൊഴില്‍ വിഭജനമാണല്ലോ അഭിനവ സ്ത്രീശാക്തീകരണവാദികളുടെ കണ്ണില്‍ സ്ത്രീ-പുരുഷ വിവേചനത്തിന്റെ അടിസ്ഥാന കാരണം. അതുകൊണ്ടുതന്നെ കാലത്തിന്റെ മൂശയില്‍ പാകമായ ഈ സംവിധാനം തകിടം മറിക്കാനാണവര്‍ മുതിരുന്നത്. അടിസ്ഥാനപരമായ ഒരു ധാരണാ പിശകാണവരെ നയിച്ചത്. ഗൃഹബാഹ്യമായ ജോലിയെന്ന പ്രത്യുല്‍പാദനപരമായ പ്രവൃത്തി ചെയ്യുന്ന പുരുഷന്‍ സമ്പത്തിന്റെ ഉടമയാകുന്നുവെന്നും പ്രത്യുല്‍പാദനപരമല്ലാത്ത ഗൃഹജോലി ചെയ്യുന്ന സ്ത്രീയെ അടിച്ചമര്‍ത്താന്‍ അതുകൊണ്ടുതന്നെ അവനു സാധിക്കുന്നുവെന്നും, ഇത് മാറ്റിയാല്‍ മാത്രമേ സ്ത്രീയുടെ അവശതകള്‍ പരിഹരിക്കാന്‍ സാധിക്കുകയുള്ളൂവെന്നും അവര്‍ സിദ്ധാന്തിച്ചു.
ഈ സിദ്ധാന്തീകരണത്തിനിടയില്‍ സ്ത്രീശാക്തീകരണവാദികള്‍ക്ക് എവിടെയാണ് തെറ്റു പറ്റിയതെന്നാലോചിക്കുന്നത് നമ്മുടെ ചര്‍ച്ചയുടെ ദിശ നിര്‍ണയിക്കാന്‍ സഹായിക്കും. സമൂഹത്തില്‍ നിലനില്‍ക്കുന്ന പുരുഷ മേധാവിത്വപരമായ ഒരു കാഴ്ചപ്പാട് തിരുത്തുന്നതിനു പകരം അതിനെ അടിസ്ഥാനമായി എടുത്തുകൊണ്ട് മറ്റുള്ള കാര്യങ്ങള്‍ തിരുത്തിക്കുറിക്കാന്‍ ശ്രമിച്ചുവെന്നതാണ് സ്ത്രീശാക്തീകരണവാദികള്‍ക്ക് പറ്റിയ ഏറ്റവും വലിയ തെറ്റ്. സ്ത്രീകളുടെ ബുദ്ധിമുട്ടുകള്‍ കൂടുതല്‍ വര്‍ധിക്കാനാണിത് കാരണമായത്. പരമ്പരാഗതമായ പഴയ ജോലിക്ക് പുറമെ പുതിയതു കൂടി ഏറ്റെടുത്തതുകൊണ്ട് സ്ത്രീയുടെ ജീവിതം കൂടുതല്‍ ദുസ്സഹമായി. പുരുഷനാവട്ടെ സ്ത്രീയുടെ ഉത്തരവാദിത്വത്തില്‍നിന്ന് ഒന്നും ഏറ്റെടുക്കാതെ തന്റെ ഉത്തരവാദിത്വത്തില്‍ പകുതി കൂടി അവളുടെ തലയില്‍ കെട്ടിയേല്‍പിച്ചുകൊണ്ട് വിശ്രമിച്ചു.
നമ്മുടെ നാട്ടില്‍ പണ്ടൊക്കെ കീഴാള ജനവിഭാഗങ്ങള്‍ക്കിടയിലാണ് ഗൃഹബാഹ്യമായ ജോലിയില്‍ സ്ത്രീ പങ്കാളിയായിരുന്നത്. അതിന് കാരണമുണ്ടായിരുന്നു. ഉപരിവര്‍ഗ/സമ്പന്ന വിഭാഗങ്ങള്‍ക്കിടയില്‍ സ്ത്രീ വീടിനു പുറത്ത് ജോലിക്ക് പോകാതെ തന്നെ കഴിഞ്ഞു കൂടാനുള്ള വകയുണ്ടായിരുന്നു. എന്നാല്‍, ദരിദ്ര കീഴാള ജനവിഭാഗങ്ങള്‍ക്കിടയില്‍ രണ്ടു പേരും അധ്വാനിച്ച് പണിയെടുത്താല്‍ മാത്രമേ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. കേന്ദ്ര സര്‍ക്കാര്‍ പിന്നാക്ക ജനവിഭാഗങ്ങളെ കണ്ടെത്തുന്നതിന് നിയമിച്ച പല കമീഷനുകളും പിന്നാക്ക വിഭാഗങ്ങളെ കണ്ടെത്തുന്നതിന് സ്വീകരിച്ച മാനദണ്ഡങ്ങളിലൊന്ന് ഗൃഹബാഹ്യമായി സ്ത്രീകള്‍ ജോലി ചെയ്യുന്നുണ്ടോ എന്നതായിരുന്നു.
പാശ്ചാത്യ നാടുകളില്‍ ഗൃഹബാഹ്യമായ ജോലി സ്ത്രീക്കും അവകാശപ്പെട്ടതാണെന്ന വാദത്തിന് പൊതുവെ ശക്തി ലഭിച്ചത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും തൊഴിലാളി യൂനിയനുകളുടെയും ഉല്‍പത്തിക്കു ശേഷമാണ്. മുതലാളി വര്‍ഗത്തിന്റേതായ താല്‍പര്യങ്ങള്‍ അതിന് പിന്നിലുണ്ടായിരുന്നു. പുരുഷ തൊഴിലാളികള്‍ മെച്ചപ്പെട്ട സേവന-വേതന വ്യവസ്ഥകള്‍ക്കു വേണ്ടി സമരം ചെയ്യാനാരംഭിച്ചപ്പോള്‍ ഒരിക്കലും സമരം ചെയ്യുകയോ കൊടി പിടിക്കുകയോ ചെയ്യാതെ അനുസരണയോടു കൂടി ജോലി ചെയ്യുന്ന ഒരു വിഭാഗം തൊഴിലാളികള്‍ മുതലാളിമാര്‍ക്കാവശ്യമുണ്ടായിരുന്നു. സ്ത്രീകളെ തൊഴിലിടങ്ങളിലേക്ക് ആട്ടിത്തെളിക്കുന്നതിലൂടെ അത് സാധിക്കാമെന്നവര്‍ കണക്കുകൂട്ടി.
ഗൃഹബാഹ്യമായ ജോലിയെന്ന പ്രത്യുല്‍പാദനപരമായ പ്രവൃത്തി ചെയ്യുന്ന പുരുഷന്‍ സമ്പത്തിന്റെ ഉടമയാകുന്നുവെന്നും പ്രത്യുല്‍പാദനപരമല്ലാത്ത ഗൃഹജോലി ചെയ്യുന്ന സ്ത്രീയെ അടിച്ചമര്‍ത്താന്‍ അതുകൊണ്ടുതന്നെ അവന് സാധിക്കുന്നുവെന്നുമുള്ള കാഴ്ചപ്പാടിന്റെ അശാസ്ത്രീയത നാം വിലയിരുത്തേണ്ടതുണ്ട്. ഗൃഹജോലിക്ക് പതിത്വം കല്‍പിക്കുകയെന്നത് പുരുഷ മേധാവിത്വപരമായ കാഴ്ചപ്പാടാണ്. അത് തിരുത്താതെ അതേ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ ദൂരവ്യാപകമായ ഫലങ്ങളുളവാകുന്ന രീതിയില്‍ നൂറ്റാണ്ടുകളുടെ അനുഭവങ്ങളിലൂടെ മനുഷ്യ സമൂഹത്തില്‍ വളര്‍ന്നുവന്നതും സ്ത്രീക്ക് ഏറെ സുരക്ഷിതത്വം നല്‍കുന്നതുമായ ഒരു തൊഴില്‍ വിഭജനത്തെ തകിടം മറിക്കുകയാണ് ശാക്തീകരണവാദികള്‍ ചെയ്തത്. സ്ത്രീയും പുരുഷനും പരസ്പരം ശത്രുത പുലര്‍ത്തുന്ന രണ്ട് ഏകകങ്ങളാണെന്ന കാഴ്ചപ്പാടാണ് ഗൃഹബാഹ്യമായ ജോലി ചെയ്യുന്നതിലൂടെ സ്ത്രീശാക്തീകരിക്കപ്പെടുമെന്ന വാദത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. യഥാര്‍ഥത്തില്‍ സ്ത്രീയും പുരുഷനുമെന്നത് പരസ്പരം അനുപൂരകമായ രണ്ട് ഭാവങ്ങളാണ്. ഈ അനുപൂരകത്വത്തിന്റെ പൂര്‍ത്തീകരണമാണ് പരമ്പരാഗതമായ തൊഴില്‍ വിഭജനത്തില്‍ നാം കാണുന്നത്.
ധനാഗമനത്തിനുതകുന്ന ജോലി സ്ത്രീ ചെയ്താല്‍ മാത്രമേ അവള്‍ ശാക്തീകരിക്കപ്പെടൂ എന്ന കാഴ്ചപ്പാട് എപ്പോഴും മുമ്പില്‍ കാണുന്നത് ഭാര്യാഭര്‍ത്താക്കന്മാര്‍ പരസ്പരം കലഹിക്കുന്ന സാഹചര്യമാണ്. ഭര്‍ത്താവ് ഭാര്യയെ ഉപേക്ഷിച്ചാല്‍ തൊഴിലില്ലെങ്കില്‍ അവള്‍ കഷ്ടപ്പെടുമെന്നാണ് ശാക്തീകരണവാദികള്‍ പറയുന്നത്. പരസ്പരം ഒത്തൊരുമയോടെ സ്‌നേഹിച്ചു കൊണ്ട് കഴിഞ്ഞുകൂടുന്ന തൊണ്ണൂറു ശതമാനത്തിലധികം ദമ്പതിമാര്‍ക്കു പകരം തെറ്റിപ്പിരിയുന്ന പത്തു ശതമാനത്തില്‍ താഴെയുള്ള ദമ്പതികമാരെ പൊതുസിദ്ധാന്തീകരണത്തിന്റെ മാതൃകയാക്കുന്നുവെന്നതാണ് ഈ വാദത്തിന്റെ ഏറ്റവും വലിയ അശാസ്ത്രീയത. പൊതുതത്ത്വങ്ങള്‍ക്ക് എന്നും മാതൃകയാവേണ്ടത് ഭൂരിപക്ഷത്തില്‍ നിലനില്‍ക്കുന്നതും പ്രാതിനിധ്യ സ്വഭാവമുള്ളതുമായ ഭാവങ്ങളായിരിക്കണം. അതിനു പകരം ചെറിയൊരു ന്യൂനപക്ഷത്തില്‍ മാത്രം സംഭവിക്കുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ സിദ്ധാന്തമുണ്ടാക്കുകയും നേര്‍വിപരീതമായ അവസ്ഥ നിലനില്‍ക്കുന്ന ഭൂരിപക്ഷ സമൂഹത്തില്‍ അത് അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുവെന്നതാണ് ഈ സമീപനത്തിന്റെ ഏറ്റവും വലിയ ന്യൂനത. സ്ത്രീകള്‍ ഗൃഹബാഹ്യമായ ജോലി ചെയ്യുന്ന സമ്പ്രദായം ദരിദ്ര-കീഴാള ജനവിഭാഗങ്ങളിലാണ് മുമ്പ് കൂടുതലുണ്ടായിരുന്നതെന്നു പറഞ്ഞുവല്ലോ. ഒരാള്‍ പണിയെടുത്തുണ്ടാക്കുന്ന വരുമാനം കൊണ്ട് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പറ്റാത്ത അവസ്ഥയില്‍ അവരതിന് നിര്‍ബന്ധിതരാവുകയായിരുന്നു. അതുകൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ കൂടുതലായി അനുഭവിച്ചതും ദരിദ്ര-കീഴാള ജനവിഭാഗങ്ങള്‍ തന്നെയായിരുന്നു. ഉപരിവര്‍ഗ സമ്പന്ന ഗൃഹങ്ങളിലെ കുട്ടികള്‍ സൗകര്യങ്ങളുടെ മണിമെത്തയില്‍ അമ്മയുടെ ലാളനയേറ്റു വളര്‍ന്നപ്പോള്‍ ദരിദ്ര-കീഴാള ജനവിഭാഗങ്ങളില്‍ അഛനമ്മമാരുണ്ടായിട്ടും അനാഥമായി വളര്‍ന്ന കുഞ്ഞുങ്ങള്‍ക്ക് സ്വന്തം മാതാപിതാക്കളടക്കമുള്ള മുന്‍ഗാമികള്‍ ചെയ്തു വന്ന കൂലിപ്പണിയല്ലാതെ മറ്റൊന്നും എത്തിപിടിക്കാനായില്ല. ഇന്നും ഉപരിവര്‍ഗ-സമ്പന്ന ഗൃഹങ്ങളിലെ സന്താനങ്ങള്‍ വളരുന്നത് സൗകര്യങ്ങളുടെ മടിത്തട്ടിലാണ്. എന്നാല്‍, അത്തരം സൗകര്യങ്ങള്‍ ദരിദ്ര ഗൃഹങ്ങളിലെ കുട്ടികള്‍ക്ക് സ്വപ്നം കാണാന്‍ പോലും ആയെന്നു വരില്ല. അതുകൊണ്ടുതന്നെ അഛനും അമ്മയും പുറത്തു ജോലിക്കു പോകുമ്പോള്‍ അവര്‍ക്ക് നഷ്ടപ്പെടുന്നത് സ്വന്തം ബാല്യകാലമാണ്.
വ്യക്തിവാദത്തിന്റെ പാരമ്യതയിലാണ് സ്ത്രീയുടെ ഗൃഹബാഹ്യ ജോലിക്ക് ന്യായീകരണമുണ്ടാവുന്നത്. സമഷ്ടിവാദത്തില്‍ അതൊന്നുമല്ല. മനുഷ്യരിലെ കുടുംബസംവിധാനം ഇന്നത്തെ നിലയിലായിത്തീര്‍ന്നത് ഒരുപാട് കാലത്തെ അനുഭവങ്ങളില്‍ നിന്നുണ്ടായ അറിവിന്റെ വെളിച്ചത്തിലാണ്. പല ജന്തുവിഭാഗങ്ങളിലും ജനിച്ച് അല്‍പനാളുകള്‍ക്കകം തന്നെ കുഞ്ഞുങ്ങള്‍ സ്വന്തമായി ജീവിക്കാനുള്ള കഴിവാര്‍ജിച്ചിരിക്കും. എന്നാല്‍ മനുഷ്യരില്‍ അങ്ങനെയല്ല. ദീര്‍ഘകാലത്തെ പരിചരണത്തിന്റെ ഒടുവിലാണ് ഒരു മനുഷ്യക്കുഞ്ഞ് പൂര്‍ണ മനുഷ്യനായി മാറുന്നത്. ഗര്‍ഭവും പ്രസവവുമായി ബന്ധപ്പെട്ട് സ്ത്രീ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടനുഭവിക്കുന്നതും മനുഷ്യരില്‍ തന്നെയാണ്. ഈ സന്ദര്‍ഭങ്ങളെല്ലാം അനുഭവത്തിലൂടെ ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് മനുഷ്യരില്‍ ഇന്നു കാണുന്ന തരത്തിലുള്ള കുടുംബസംവിധാനം നിലവില്‍ വന്നത്. സ്ത്രീയെ ഗൃഹബാഹ്യ ജോലിക്ക് നിര്‍ബന്ധിക്കുമ്പോള്‍ താറുമാറാവുന്നതും അതുതന്നെയാണ്.
കേരളത്തില്‍ സ്ത്രീശാക്തീകരണം മാത്രമല്ല, സ്ത്രീവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പോലും സ്വീകരിക്കപ്പെട്ടത് മലയാളിയുടെ സ്വതസിദ്ധമായ വീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ്. അറിവിനു ധനാഗമ മാര്‍ഗമെന്ന നിലയിലുള്ള വില മാത്രമേ മലയാളി കല്‍പിക്കുന്നുള്ളൂ. മുമ്പ് സ്ത്രീക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലത്ത് പ്രസ്തുത നിഷേധത്തിന് കാരണമായി പറഞ്ഞത് കുടുംബം പോറ്റിവളര്‍ത്തേണ്ടതില്ലാത്തതിനാല്‍ അവള്‍ വിദ്യ സമ്പാദിക്കേണ്ടതില്ലെന്നായിരുന്നു. ഇന്ന് സ്ത്രീ വിദ്യാഭ്യാസം അനുവദിക്കപ്പെട്ടപ്പോള്‍ സ്വാഭാവികമായും അതിന്റെ ലക്ഷ്യം ധനസമ്പാദനമായി മാറി. അറിവിനോടുള്ള നമ്മുടെ സമീപനമാണിവിടെ തെളിയുന്നത്. വിദ്യാഭ്യാസമെന്നാല്‍ നമുക്ക് തൊഴില്‍ സമ്പാദിക്കാനുള്ള മാര്‍ഗം മാത്രമാണ്.
സ്ത്രീശാക്തീകരണത്തില്‍ കേരളത്തില്‍ കുതിച്ചുചാട്ടമുണ്ടായതായി കരുതപ്പെടുന്ന കഴിഞ്ഞ അരനൂറ്റാണ്ട് സംഭാവന ചെയ്തത് സ്ത്രീ തൊഴിലാളികളെയാണെന്നതാണ് സത്യം. തൊഴിലുടമകളായി മാറിയ സ്ത്രീകള്‍ കുറവാണ്. സ്വന്തം ഇഛാശക്തിക്കും ക്രിയാത്മകതക്കും പ്രാധാന്യമുള്ള ബിസിനസുടമകളും രാഷ്ട്രീയ നേതാക്കളുമായ സ്ത്രീകളും കുറവാണ്.
സ്ത്രീ വിമോചനത്തെയും ലിംഗനീതിയെയും കുറിച്ചുള്ള കാഴ്ചപ്പാടുകളല്ല നമ്മുടെ നാട്ടിലെ സ്ത്രീശാക്തീകരണവാദികളെ നയിച്ചത്. കേവലം കരിയറിസത്തിനാണ് അവര്‍ ഊന്നല്‍ നല്‍കിയത്. കരിയറിസം തെറ്റാണെന്നല്ല ഇവിടെ പറഞ്ഞുവരുന്നത്. എല്ലാം കരിയറിന്റെ കണ്ണില്‍ കൂടി മാത്രം കാണുന്ന സമീപനം ജീവിതമൂല്യങ്ങളില്‍ ഇടിവു വരുത്തുകയേയുള്ളൂ. ഓരോ ആളും തൊഴിലെടുത്തു ജീവിക്കുന്ന സാഹചര്യം അഭിമാനാര്‍ഹം തന്നെയാണ്. പക്ഷേ, ജീവിതമെന്നാല്‍ തൊഴില്‍ മാത്രമല്ല, എന്തുകൊണ്ടോ മൂന്നാം ലോക രാജ്യങ്ങളില്‍ ജീവിതമെന്നാല്‍ തൊഴിലാണെന്ന സമീപനത്തിനാണ് പ്രാമുഖ്യമുള്ളത്. കേരളത്തിലാണെങ്കില്‍ തെക്കന്‍ ജില്ലകളിലാണ് ഈ ചിന്തക്ക് കൂടുതല്‍ വേരോട്ടമുള്ളത്. എന്തു വില കൊടുത്തും മഹാരാജാവിന്റെ കീഴില്‍ ഒരു തോട്ടിപ്പണിയെങ്കിലും നേടുകയും അതില്‍ അഭിമാനം കൊള്ളുകയും ചെയ്തിരുന്ന മനസ്സാണ് ഇന്നും അവിടെ നിലനില്‍ക്കുന്നത്. വിദ്യാഭ്യാസത്തെ അത് കണ്ടത് തൊഴില്‍ നേടാനുള്ള ഉപാധി മാത്രമായാണ്. സ്ത്രീശാക്തീകരണത്തെ സമീപിച്ചതും ഇതേ വീക്ഷണകോണില്‍ കൂടിയാണ്. തിരുവനന്തപുരത്ത് ഗസറ്റഡ് റാങ്കില്‍ ജോലി ചെയ്യുന്ന വ്യക്തിയുടെ ഭാര്യ, നല്ലകാലത്ത് ആസ്വദിക്കേണ്ട ദാമ്പത്യ ജീവിതം വേണ്ടിവിധം ആസ്വദിക്കാതെ, കുട്ടികള്‍ക്ക് അവരര്‍ഹിക്കുന്ന സ്‌നേഹവും പരിചരണവും നല്‍കാതെ, കാസര്‍കോട്ടെ സര്‍ക്കാറാപ്പീസില്‍ തൂപ്പുകാരിയായി ജോലി ചെയ്യുന്നത് സ്ത്രീശാക്തീകരണമായി കാണുന്നതിനു പിന്നിലെ മനശ്ശാസ്ത്രം ഇതാണ്. ജീവിതത്തെക്കുറിച്ചും ലിംഗ നീതിയെക്കുറിച്ചും സ്ത്രീ വിമോചനത്തെക്കുറിച്ചും പുതിയൊരു അവബോധം വളര്‍ത്തിയെടുക്കുന്നതിലൂടെ മാത്രമേ ഈ കാഴ്ചപ്പാടിനെ അതിജയിക്കാനൊക്കൂ.
തീര്‍ച്ചയായും നമ്മുടെ സ്ത്രീ വിമോചിതയാവേണ്ടതുണ്ട്. അതു പക്ഷേ, അടുക്കളയില്‍ നിന്നല്ല. തീര്‍ച്ചയായും നമ്മുടെ സ്ത്രീ വിദ്യാ സമ്പന്നയാവേണ്ടതുണ്ട്. അതു പക്ഷേ സര്‍ക്കാര്‍ ജോലിയോ ഏതെങ്കിലും സ്വകാര്യ സ്ഥാപനത്തില്‍ ടൈപ്പിസ്റ്റ്/ സ്റ്റനോഗ്രഫര്‍/ സെക്രട്ടറി പദവികളോ നേടാനുള്ളത് മാത്രമാവരുത്. ദമ്പതിമാരിലൊരാളുടെ വരുമാനം കുടുംബം പുലര്‍ത്താനാവുന്നില്ലെങ്കില്‍ രണ്ടു പേര്‍ക്കും ജോലിക്കു പോകാം. പക്ഷേ, വിദ്യാഭ്യാസമെന്നത് സ്ത്രീയായാലും പുരുഷനായാലും തൊഴില്‍ നേടാനുള്ളത് മാത്രമാവരുത്. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം തൊഴില്‍ ലബ്ധിയല്ല. മനുഷ്യനും മൃഗവും തമ്മിലുള്ള വ്യത്യാസത്തിലാണ് ജ്ഞാനലബ്ധിയും വിദ്യാഭ്യാസവും ഊന്നുന്നത്. അവയുടെ ലക്ഷ്യം കേവലം തൊഴില്‍ നേടലാവുമ്പോള്‍ സംഭവിക്കുന്നത് വിശപ്പടക്കുകയെന്ന മനുഷ്യരുടെയും മൃഗങ്ങളുടെയും പൊതു സ്വഭാവത്തില്‍ അവയെ തളച്ചിടുകയാണ്. മൃഗങ്ങളെപ്പോലെ ആഹാരവും നിദ്രയും സംഭോഗവും കൊണ്ടു മാത്രം ഒരു മനുഷ്യന്‍ സംതൃപ്തനാവുന്നില്ല. അവന്റെ മസ്തിഷ്‌കത്തിനും വിശപ്പുണ്ട്. അത് ശമിപ്പിക്കേണ്ടത് ജ്ഞാന സമ്പാദനത്തിലൂടെയായിരിക്കണം. അതിനിടയിലുള്ള ചെറിയൊരു ഇടവേള മാത്രമാണ് തൊഴില്‍. തൊഴില്‍ ആവശ്യമില്ലെങ്കിലും വിദ്യാഭ്യാസം വേണ്ടെന്നു വെക്കരുത്. മസ്തിഷ്‌കത്തിന്റെ വിശപ്പ് പുരുഷനു മാത്രമല്ല, സ്ത്രീക്കുമുണ്ട്. അതുകൊണ്ടുതന്നെ വിദ്യ അഭ്യസിക്കാനുള്ള അവകാശം സ്ത്രീക്കും പുരുഷനും ഒരുപോലെയാണ്. സ്ത്രീ വിദ്യാസമ്പന്നയായെന്നു കരുതി ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളില്‍ ഗൃഹബാഹ്യമായ ജോലി ചെയ്യേണ്ട ഉത്തരവാദിത്വം അവളുടെ തലയില്‍ വന്നുചേരുന്നില്ല. കുട്ടികളെ പരിപാലിക്കുകയും അതുവഴി ആരോഗ്യമുള്ള പുതു തലമുറയെ വാര്‍ത്തെടുക്കുകയും ചെയ്യുകയെന്ന പരമ്പരാഗതമായി സ്ത്രീ ചെയ്തുവരുന്ന ജോലി ശരീര ശാസ്ത്രപരവും മനഃശാസ്ത്രപരവുമായ കാരണങ്ങളാല്‍ അവള്‍ക്കു മാത്രമേ ചെയ്യാന്‍ സാധിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ അവള്‍ക്കു വേണ്ടി മറ്റുള്ള ജോലികള്‍ ചെയ്തു കൊടുക്കുകയെന്നത് പുരുഷന്റെ കര്‍ത്തവ്യമാണ്. നിര്‍ബന്ധിത സാഹചര്യമില്ലെങ്കില്‍ അതുകൂടി ഏറ്റെടുത്തുകൊണ്ട് സ്ത്രീ തന്റെ തലയിലെ ഭാരം വര്‍ധിപ്പിക്കേണ്ടതില്ല. ഇസ്‌ലാമും ആധുനിക പാശ്ചാത്യ ജനാധിപത്യ വ്യവസ്ഥയും സ്ത്രീക്ക് പരിപൂര്‍ണ സാമ്പത്തിക സ്വാതന്ത്ര്യം അനുവദിക്കുന്നതുകൊണ്ടുതന്നെ ധനാഗമന തൊഴിലുകളില്‍ അവള്‍ക്ക് ഏര്‍പ്പെടാമെങ്കിലും അത് അവളുടെ മേലുള്ള നിര്‍ബന്ധ ബാധ്യതയല്ല.


Comments

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം
എ.വൈ.ആര്‍