കത്തുകള്‍
വിദ്യാഭ്യാസ മേഖല എങ്ങനെ മൂല്യവത്താകും
പി.എ.എം അബ്ദുല്‍ ഖാദര്‍
ദര്‍ശനങ്ങളുടെ ശക്തിദൗര്‍ബല്യങ്ങള്‍ കാര്യഗൗരവത്തോടെ ആധുനിക വിദ്യാഭ്യാസ മേഖല പഠനവിധേയമാക്കുന്നില്ല എന്നാണ് പ്രഫ. കെ. മുഹമ്മദ് അയിരൂരിന്റെ ആരോപണം. ആഗോളാടിസ്ഥാനത്തില്‍ വിലയിരുത്തുമ്പോള്‍ മതകീയമായതുള്‍പ്പെടെയുള്ള പല ദര്‍ശനങ്ങളും ലോകരാഷ്ട്രങ്ങളില്‍ പഠന വിഷയമാക്കിയിട്ടുള്ളതായി കാണാന്‍ കഴിയും. ദര്‍ശനങ്ങളുടെ മാത്രം പഠനമാണ് വിദ്യാഭ്യാസം എന്ന വിലയിരുത്തല്‍ ശരിയല്ല. അതോടൊപ്പം പഠിതാവിന്റെ ചിന്താശക്തി തട്ടിയുണര്‍ത്താനും നൈപുണികള്‍ വികസിപ്പിക്കാനും മനോഭാവങ്ങള്‍ വളര്‍ത്താനും ഗവേഷണ ചാതുരി സൃഷ്ടിക്കാനും വിദ്യാഭ്യാസത്തിലൂടെ സാധിക്കണം. ഭൗതികതയിലൂന്നിയ ദര്‍ശനങ്ങള്‍ വാര്‍ത്തെടുക്കുന്ന തലമുറ അവയുടെ വക്താക്കളായി മാറാനുള്ള സാധ്യത ഏറെയാണ്. ലോകത്ത് എല്ലായിടത്തും മതദര്‍ശനം വിദ്യാഭ്യാസത്തില്‍ ഉള്‍പ്പെടുത്തി പരിഹരിക്കാവുന്ന ഒരു പ്രശ്‌നമല്ലിത്. ഏത് ദര്‍ശനവും തലമുറയെ സ്വാധീനിക്കണമെങ്കില്‍ വിപ്ലവകരമായ പ്രബോധന പ്രവര്‍ത്തനമാണാവശ്യം. ഭൗതികതയും ബഹുസ്വരതയും മത-ദര്‍ശന വൈജാത്യങ്ങളും നിലനില്‍ക്കുന്ന ഒരു സമൂഹത്തെ സ്വാധീനിക്കാന്‍ കര്‍മപരിപാടികള്‍ക്ക് രൂപം നല്‍കേണ്ടതുണ്ട്.
ഏതൊരു ദര്‍ശനത്തെയും വിദ്യാഭ്യാസ പ്രക്രിയയുടെ അടിസ്ഥാനമായി സ്വീകരിക്കണമെങ്കില്‍ ആ ദര്‍ശനത്തിന്റെ മൂല്യം പഠന ഗവേഷണങ്ങള്‍ക്ക് വിധേയമാക്കണം. ഇസ്‌ലാമിക ദര്‍ശനത്തെ ഒരു വിദ്യാഭ്യാസ സിദ്ധാന്തമായി ആധുനിക ലോകത്തവതരിപ്പിക്കാന്‍ ബൗദ്ധികവും ധിഷണാപരവുമായ മുന്നേറ്റങ്ങള്‍ വേണ്ടപോലെ ഉണ്ടായിട്ടില്ല. ശ്രമമുണ്ടായെങ്കില്‍ തന്നെ അത് സമഗ്ര രൂപത്തിലായതുമില്ല. അതിന്റെ അനന്തരഫലം ലേഖകന്‍ തന്നെ ചൂണ്ടിക്കാട്ടുന്നത് പോലെ വ്യക്തമാണ്. രണ്ടു രീതികളെ ഒന്നിച്ച് ഉള്‍ക്കൊള്ളാന്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിതരാക്കുന്നു. വളരെ വലിയ മാനസിക സംഘര്‍ഷങ്ങള്‍ വിദ്യാര്‍ഥികള്‍ അനുഭവിക്കേണ്ടി വരുന്നു.
നിലവിലുള്ള ഭൗതികാടിത്തറയിലുള്ള വിദ്യാഭ്യാസ ദര്‍ശനങ്ങള്‍ക്കു പകരം മൂല്യാധിഷ്ഠിതമായ വിദ്യാഭ്യാസ ദര്‍ശനം ആവിഷ്‌ക്കരിക്കലാണോ, അതല്ല നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായത്തില്‍ കുറെ മൂല്യങ്ങള്‍ കൂട്ടിച്ചേര്‍ക്കലാണോ ലേഖകനുദ്ദേശിക്കുന്നതെന്നും വ്യക്തമല്ല. നിലവിലുള്ള വിദ്യാഭ്യാസ ദര്‍ശനങ്ങളധികവും വ്യക്തികളുടെ പഠനങ്ങളില്‍ നിന്നും ഗവേഷണങ്ങളില്‍ നിന്നും ഉരുത്തിരിഞ്ഞ് വന്നിട്ടുള്ളതാണ്. എന്നാല്‍ ഇസ്‌ലാമിക ജീവിതവ്യവസ്ഥയുടെയും ദര്‍ശനത്തിന്റെയും അടിസ്ഥാനത്തിലുള്ള വിദ്യാഭ്യാസ ചിന്താധാരക്ക് പ്രായോഗിക രൂപം കൊടുക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നത് ഒരു ന്യൂനതയായി അവശേഷിക്കുന്നു. മൂല്യാധിഷ്ഠിത വിദ്യാഭ്യാസം സാധിച്ചെടുക്കുന്നതിന് വിദ്യാലയാന്തരീക്ഷത്തില്‍ മൊത്തത്തില്‍ തന്നെ മൂല്യപോഷണത്തിനും ധാര്‍മികവളര്‍ച്ചക്കും സഹായകമായ വിധത്തില്‍ പഠന ബോധനപ്രവര്‍ത്തനങ്ങളും പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്യണമെന്ന ലേഖകന്റെ അഭിപ്രായം സ്വാഗതാര്‍ഹമാണ്. പഠന മേഖലയുമായി ബന്ധപ്പെട്ട അധ്യാപകര്‍ക്കോ രക്ഷിതാക്കള്‍ക്കോ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കോ ഇത് സാധിച്ചെന്നു വരാം. എന്നാല്‍ ഒരു ദര്‍ശനത്തിന്റെ അടിസ്ഥാനത്തിലുള്ള മൂല്യാധിഷ്ഠിത വിദ്യാഭ്യാസം എന്ന സ്വപ്നം ഇതുകൊണ്ടു മാത്രം സാധ്യമാകുമെന്ന് തോന്നുന്നില്ല.
സ്ത്രീധനം, ആരാണ് പ്രതി?
കെ.എം ആരിഫുദ്ദീന്‍, ദാറുല്‍ ഹുദാ ചെമ്മാട്
സ്ത്രീ, പുരുഷനാല്‍ സംരക്ഷിക്കപ്പെടേണ്ടവളാണെന്നും അതിനവള്‍ നല്‍കുന്ന നോക്കുകൂലിയാണ് സ്ത്രീധനമെന്നുമാണ് സമുദായവും സമൂഹവും ഈ വിഷയത്തോട് സ്വീകരിക്കുന്ന നിലപാട് കാണുമ്പോള്‍ തോന്നിപ്പോകുന്നത്. പറഞ്ഞുറപ്പിച്ച സ്ത്രീധനം കുറഞ്ഞു പോയതിന്റെ പേരില്‍ ഭര്‍തൃവീട്ടില്‍ ആട്ടും തുപ്പും സഹിച്ച് ആടുജീവിതം നയിക്കേണ്ടിവരുന്ന സഹോദരിമാരുടെ എണ്ണം അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഭര്‍തൃവീട്ടുകാരുടെ കല്‍പനകള്‍ക്കനുസൃതം വെടിപ്പായി ജോലി ചെയ്യുന്ന ഒരു വേലക്കാരിയായി അവള്‍ പരിണമിക്കുന്നു.
സ്ത്രീധനം മൂലം ഇത്തരത്തില്‍ അടുക്കളയുടെ കരിപുരളാന്‍ വിധിക്കപ്പെട്ട ഒരുപാട് സ്ത്രീകള്‍ നമുക്ക് ചുറ്റുമുണ്ടെന്നത് സമുദായത്തെയും പണ്ഡിതന്മാരെയുമല്ലേ പ്രതിക്കൂട്ടിലാക്കുന്നത്?
മനസ്സിന്
കുളിര്‍മയേകുന്നതാവണം മസ്ജിദുകള്‍
കെ.വി ഖയ്യൂം പുളിക്കല്‍
മുസ്‌ലിം പള്ളികളില്‍ വര്‍ദ്ധിച്ചുവരുന്ന ഒരു ബോര്‍ഡുണ്ട് 'ചെരിപ്പ് ഇവിടെ അഴിച്ചുവെക്കുക'. ഒരിക്കല്‍ ഈ ബോര്‍ഡ് കണ്ട് ഞാന്‍ അന്തം വിട്ടു നിന്നു. ഷൂ അഴിച്ചു മൂത്രപ്പുരയിലേക്ക് പോകാന്‍ വല്ലാത്ത പ്രയാസം. സോക്‌സ് നനഞ്ഞാല്‍ തുടര്‍യാത്ര ബുദ്ധിമുട്ടും. ഷൂസിട്ട് കയറവെ പള്ളിയിലെ ചേറ്റുപടിയില്‍ നിന്ന് ഒരാക്രോശം! ആ വാക്കുകള്‍ ഞാനിവിടെ കുറിക്കുന്നില്ല. ജാള്യതയോടെ തലതാഴ്ത്തി നനഞ്ഞ തറയിലൂടെ മൂത്രപ്പുരയുടെ അടുത്തെത്തി. കറുത്ത കറ പിടിച്ച ഹവായ് ചെരിപ്പുകള്‍. അതിടാന്‍ എന്റെ മനസ് സമ്മതിച്ചില്ല. ചെരിപ്പില്ലാതെ മൂത്രപ്പുരയില്‍ കടന്നു. മുസ്‌ലിം മതനേതൃത്വത്തോട് സ്‌നേഹപൂര്‍വം: പള്ളികളെ നാം ആദരിക്കുന്നു. അതുമായി ബന്ധപ്പെട്ടിടങ്ങളിലെല്ലാം ശുദ്ധി വേണം.
വൃത്തി ഈമാനിന്റെ പകുതിയാണെന്ന് പഠിപ്പിച്ചത് പ്രവാചകനാണ്. കടന്നു വരുമ്പോള്‍ മൂത്രവാസനയില്ലാത്ത പള്ളികള്‍ ഇന്ന് കേരളത്തില്‍ തുലോം കുറവാണ്. വരുമ്പോള്‍ മനസ്സിന് കുളിര്‍മയേകുന്ന തരത്തിലേക്ക് പള്ളികള്‍ പരിവര്‍ത്തിപ്പിക്കാന്‍ മുസ്‌ലിം നേതൃത്വം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അത് വൃത്തിയിലും സൗന്ദര്യത്തിലും മാത്രമല്ല, സൗമ്യതയിലുമാകണം. കടന്നുവരുന്നവര്‍ പലതരക്കാരാണ്. അവരെ സ്‌നേഹപൂര്‍വം സ്വീകരിക്കാന്‍, അവര്‍ക്ക് വേണ്ട ഒത്താശകള്‍ ചെയ്തു കൊടുക്കാന്‍ നമുക്ക് കഴിയണം. ഗേറ്റുകള്‍ മാത്രം തുറന്നിട്ടതുകൊണ്ടായില്ല, അവര്‍ക്ക് മുന്നില്‍ സ്‌നേഹത്തിന്റെ ഹൃദയങ്ങള്‍ നാം തുറന്നിട്ടേ മതിയാവൂ. 'നിന്റെ ഹൃദയം പരുഷമാണെങ്കില്‍ ജനങ്ങള്‍ നിന്നില്‍ നിന്നകന്ന് കളയും' എന്നാണ് പ്രവാചകനോട് അല്ലാഹു പറഞ്ഞത്.
സഞ്ചാര സ്വാതന്ത്ര്യത്തിന്റെ
ഇസ്‌ലാമിക മാതൃക
സി. അബ്ദുല്‍ അസീസ്
കഴിഞ്ഞലക്കം (2012 ജൂണ്‍ 9) പ്രബോധനം വാരിക വളരെ ശ്രദ്ധേയമായി. കേരളത്തില്‍ 7 വര്‍ഷത്തോളമായി നടക്കുന്ന ബി.ഒ.ടി വിരുദ്ധ സമരത്തിന്റെ വിവിധ വശങ്ങള്‍ക്കൊപ്പം ഇസ്‌ലാമിക നാഗരികതയില്‍ സഞ്ചാര സ്വാതന്ത്ര്യത്തിന്റെ തലംകൂടി വിവരിച്ചത് സന്ദര്‍ഭോചിതമായി. ഇത്തരം സമരങ്ങള്‍ ഏറ്റെടുക്കാന്‍ ഇസ്‌ലാമിക സമൂഹത്തിന് കൂടുതല്‍ ആവേശവും ഇഛാശക്തിയും നല്‍കുന്നതാണ് പ്രസ്തുത ലേഖനം. ഇസ്‌ലാമിക നാഗരികത സമൂഹത്തിനു പകര്‍ന്നുനല്‍കിയ ഈടുറ്റ സാമൂഹിക പ്രതിബദ്ധയുള്ള സങ്കല്‍പ്പങ്ങളെ പ്രയോഗവല്‍ക്കരിക്കാന്‍ ധീരമായി രംഗത്തിറങ്ങേണ്ടത് ഇസ്‌ലാമിക പ്രവര്‍ത്തകരുടെ ബാധ്യതയാണ്. യാഥര്‍ഥത്തില്‍ സഞ്ചാര സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള മുറവിളികളായി ബി.ഒ.ടി വിരുദ്ധ സമരത്തെ കാണാന്‍ നമുക്ക് സാധിക്കണം. ദേശീയ രാഷ്ട്രീയ പാര്‍ട്ടികള്‍ ബി.ഒ.ടിവിരുദ്ധ സമരത്തിന്റെ മറുപക്ഷത്ത് നിലയുറപ്പിക്കുമ്പോള്‍ ജനപക്ഷ രാഷ്ട്രീയത്തിന്റെ ദിശ ശക്തമായി അവതരിപ്പിക്കുന്നതായിരുന്നു പാലിയേക്കര സമരത്തിന്റെ സന്ദേശങ്ങള്‍ പങ്കുവെച്ച ലേഖനങ്ങള്‍. മതപ്രവര്‍ത്തനമെന്നത് ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടലും ഇസ്‌ലാമിക നാഗരികതയുടെ മൂല്യങ്ങള്‍ സമകാലിക സമൂഹത്തില്‍ പ്രതിനിധീകരിക്കലുമാണെന്ന ഓര്‍മപ്പെടുത്തലുകള്‍ നിരന്തരം നിര്‍വഹിക്കുന്ന പ്രബോധനത്തിനും ലേഖകര്‍ക്കും അഭിനന്ദനങ്ങള്‍.
സമുദായമര്‍ഹിക്കാത്ത നേതൃത്വം
പി.എ.എം ശരീഫ് നോര്‍ത്ത് പറവൂര്‍
ലക്കം 50-ല്‍ എ.വി ഫിര്‍ദൗസിന്റെ 'മുസ്‌ലിം നവേത്ഥാനത്തെ സാമുദായിക രാഷ്ട്രീയം എന്തു ചെയ്തു' എന്ന നിരീക്ഷണം ഗൗരവമര്‍ഹിക്കുന്നതായി. നിലവിലെ കേരളീയ മുസ്‌ലിം സമൂഹം സാമൂഹിക വിദ്യാഭ്യാസ രംഗത്ത് വളരെയേറെ പുരോഗമിച്ചിട്ടുണ്ട്. ആധുനിക വിവരസാങ്കേതിക വിദ്യയിലൂടെ ഉണ്ടായ വിജ്ഞാന വിസ്‌ഫോടനം സമുദായത്തിന്റെ പുരോഗതിക്ക് സഹായകമായിട്ടുണ്ട്. വിദേശ രാഷ്ട്രങ്ങളിലെ സാങ്കേതിക മേഖലകളില്‍ ഉന്നതതലങ്ങളില്‍ സേവനമര്‍പ്പിക്കുന്ന മുസ്‌ലിം യുവാക്കള്‍ ഇതിന്റെ തെളിവാണ്.
പുതിയ മാറ്റങ്ങള്‍ക്ക് കേരള മുസ്‌ലിംകള്‍ കാതോര്‍ക്കുമ്പോള്‍, അവരെ നയിക്കുന്ന നേതൃത്വം മാറ്റങ്ങളോട് പുറംതിരിഞ്ഞു നില്‍ക്കുകയാണ്. സാമുദായിക രാഷ്ട്രീയം ജീര്‍ണ്ണത പേറുമ്പോള്‍ പൊതുസമൂഹത്തിന്റെ പഴികള്‍ മുഴുവന്‍ ഏറ്റുവാങ്ങേണ്ടിവരുന്നത് മൊത്തം മുസ്‌ലിം സമൂഹമാണ്.
വിലപേശലിന്റെ കമ്പോളമായി നമ്മുടെ വിവാഹം രംഗം അധഃപതിച്ചിരിക്കുന്നു. ഇടനിലക്കാരനും വില പറഞ്ഞുറപ്പിക്കുന്നവനും മാത്രമല്ല, മേലൊപ്പു ചാര്‍ത്തുന്ന 'പണ്ഡിത'രും ഈ മാര്‍ക്കറ്റിലെ പാപം പറ്റുന്നവരാണ്. കണ്ണുനീരിന്റെ ഉപ്പുരസം പുരണ്ട നോട്ടുകെട്ടുകളില്‍ ദാമ്പത്യ ജീവിതം കെട്ടിപ്പടുക്കുന്നവര്‍ ഇമ്പമേറുന്ന കുടുംബത്തിന്റെ മാധുര്യം എങ്ങനെയാണ് ആസ്വദിക്കുക?
ബുഷ്‌റാ ബഷീര്‍ ചെറുപുത്തൂര്‍
Comments