Prabodhanm Weekly

Pages

Search

2012 ജൂണ്‍ 16

ഇസ്‌ലാമിക മുന്നേറ്റത്തെക്കുറിച്ച സുവിശേഷം

കവര്‍‌സ്റ്റോറി - അബ്ദുല്‍ വാസിഅ് ധര്‍മഗിരി

പ്രവാചക ചരിത്രത്തില്‍ അത്ഭുതകരമെന്ന് വിലയിരുത്തപ്പെട്ട സംഭവങ്ങളാണ് ഇസ്‌റാഉം മിഅ്‌റാജും. മക്കയിലെ മസ്ജിദുല്‍ ഹറമില്‍ നിന്നും അഖ്‌സായിലേക്കും, അവിടെ നിന്ന് ആകാശ ലോകത്തേക്കും ഒറ്റ രാവില്‍ നടത്തിയ പ്രയാണമാണല്ലോ ഇസ്‌റാഉം മിഅ്‌റാജും. വിശുദ്ധ ഖുര്‍ആനിലെ ആയത്തുകളും പ്രവാചക വചനങ്ങളും ഈ സംഭവത്തിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്.
ഇസ്‌റാഉം മിഅ്‌റാജും സംഭവിച്ച ചരിത്ര പശ്ചാത്തലം അറിഞ്ഞാലേ അവയുടെ പ്രസക്തി നമുക്ക് മനസ്സിലാവുകയുള്ളൂ. പ്രവാചകന്‍ പന്ത്രണ്ട് വര്‍ഷം നിരന്തരമായി ഇസ്‌ലാമിലേക്ക് പ്രബോധനം നടത്തിയിട്ടും കാര്യമായ പുരോഗതിയുണ്ടായില്ലെന്ന് മാത്രമല്ല, അതുവരെ മുസ്‌ലിംകള്‍ക്ക് സംരക്ഷണം നല്‍കിയിരുന്ന പ്രവാചക പിതൃവ്യന്‍ അബൂത്വാലിബും പത്‌നി ഖദീജ ബീവിയും ഈ കാലയളവില്‍ മരണമടയുകയും ചെയ്തു. അവസരം മുതലെടുത്ത് ശത്രുക്കള്‍ ആക്രമണത്തിന് മൂര്‍ച്ച കൂട്ടി. പുത്തന്‍പ്രസ്ഥാനത്തെ വേരോടെ പിഴുതെറിയുന്നതിന് വേണ്ടി അശ്രാന്ത പരിശ്രമം നടത്തുകയും ചെയ്തു. സമൂഹത്തില്‍ ഒറ്റപ്പെടലും അനാഥത്വവും അനുഭവപ്പെട്ടപ്പോഴാണ് നബി തിരുമേനി(സ) ത്വാഇഫില്‍ അഭയം തേടിച്ചെന്നത്. എന്നാല്‍, അവിടെ നിന്നും വേദനാജനകമായ അനുഭവമാണ് അദ്ദേഹത്തിന് ഏല്‍ക്കേണ്ടി വന്നത്. ത്വാഇഫിലെ ബന്ധുക്കള്‍ അഭയം നല്‍കിയില്ലെന്ന് മാത്രമല്ല, കുട്ടികളെ വിട്ട് പുണ്യപ്രവാചകനെ കല്ലെറിഞ്ഞോടിക്കുകയും ചെയ്തു. മക്കയിലെ ബഹുദൈവാരാധകരില്‍ ഇനി പ്രതീക്ഷക്ക് വകയില്ലെന്ന അവസ്ഥ വന്നു. ദൈവിക സന്ദേശവുമായി ദൈവദൂതനും വിരലിലെണ്ണാവുന്ന അനുയായികളും ഇവിടെത്തന്നെ തിരോഭവിക്കുമോ എന്ന ആശങ്കയും പരന്നു. ഇത്തരത്തില്‍ തീര്‍ത്തും ക്ലേശകരമായ ഒരു സാഹചര്യത്തിലാണ് ദൈവത്തില്‍ നിന്നുള്ള ഒരു അത്ഭുതവൃത്തി സംഭവിക്കുന്നത്. ശത്രുക്കളാല്‍ പ്രയാസങ്ങളില്‍ അകപ്പെടുകയും, മനക്ലേശം അനുഭവിക്കുകയും ചെയ്യുമ്പോള്‍ ദൃഷ്ടാന്തങ്ങള്‍ നല്‍കി അവരെ ആശ്വസിപ്പിക്കുകയെന്നത് ദൈവികചര്യയാണല്ലോ. ഫറോവയുടെ അടുത്തേക്ക് നിയോഗിക്കപ്പെടുന്നതിന് മുമ്പ് മൂസാ പ്രവാചകന് കാണിച്ചു കൊടുത്ത ദൃഷ്ടാന്തങ്ങളെയും മിഅ്‌റാജില്‍ പ്രവാചകന് കാണിച്ചു കൊടുത്ത ദൃഷ്ടാന്തങ്ങളെയും വിശുദ്ധ ഖുര്‍ആന്‍ ഒരേ ഭാഷയിലും പ്രയോഗത്തിലുമാണല്ലോ വിശദീകരിക്കുന്നത് (നമ്മുടെ മഹത്തായ ദൃഷ്ടാന്തങ്ങള്‍ അദ്ദേഹത്തിന് കാണിച്ച് കൊടുക്കാന്‍ വേണ്ടി, ത്വാഹാ 22, അന്നജ്മ് 18).
മക്കയുടെ ഏതോ കോണില്‍ ആരുമറിയാതെ നാമാവശേഷമായിപ്പോകുമെന്ന് ശത്രുക്കള്‍ ധരിക്കുകയും, വിശ്വാസികള്‍ ആശങ്കിക്കുകയും ചെയ്ത ദര്‍ശനത്തിന്റെ ഭൗതികവും ആത്മീയവുമായ മുന്നേറ്റത്തിന്റെ പ്രതീകാത്മക സൂചനയായിരുന്നു ഇസ്‌റാഉം മിഅ്‌റാജും. ഇത് മക്കയില്‍ തുടങ്ങി മക്കയില്‍ ഒടുങ്ങുന്ന പ്രസ്ഥാനമല്ല. രാഷ്ട്രത്തിന്റെ അതിരുകള്‍ ഭേദിച്ച് അങ്ങ് ഫലസ്ത്വീനിലെ അഖ്‌സായോളം ചെന്നെത്തും ഇതിന്റെ സന്ദേശം. മക്കക്കും അഖ്‌സാക്കും ഇടയിലുള്ള എല്ലാ ദൈവിക മതത്തിന്റെ അനുയായികളും ഇതില്‍ അണി നിരക്കും. പ്രസ്തുത മുന്നേറ്റത്തിന് ലോകം നൂറ്റാണ്ടുകളോളം തപസ്സിരിക്കേണ്ടി വരികയില്ല. ഒരൊറ്റ രാവ് കൊണ്ട് പരിശുദ്ധ കഅ്ബാലയത്തില്‍ നിന്ന് അഖ്‌സായിലേക്കും അവിടെ നിന്ന് ഏഴാമാകാശത്തേക്കും ചെന്നെത്തിയ പ്രവാചകന്റെ ദര്‍ശനത്തിന് ഇത് ഒട്ടും അപ്രാപ്യമല്ല.
അടുത്ത വര്‍ഷം മദീനയിലേക്കുള്ള ഹിജ്‌റയോടെ പ്രാരംഭം കുറിക്കുന്ന ഇസ്‌ലാമിക പ്രയാണത്തെക്കുറിച്ച സൂചനയാണിത്. മദീനയിലെ ഭൂരിപക്ഷ സമൂഹം അഹ്‌ലുല്‍ കിതാബ് അഥവാ വേദക്കാര്‍ ആയിരുന്നു. ഹിജ്‌റക്ക് തയാറെടുക്കുന്ന പ്രവാചകന് പുതിയ മണ്ണൊരുക്കിക്കൊടുക്കുകയെന്ന ഉത്തരവാദിത്വം കൂടി ഈ ദൃഷ്ടാന്തത്തിനുണ്ടായിരുന്നു. വേദക്കാര്‍ എന്നല്ല ലോകത്ത് നിലനില്‍ക്കുന്ന ദൈവികമതങ്ങളുടെ അനുയായികളെല്ലാം പ്രവാചകന്‍ മുഹമ്മദില്‍ വിശ്വസിക്കുകയും പിന്‍പറ്റുകയും ചെയ്യേണ്ടതുണ്ട്. അതുകൊണ്ടാണ് മസ്ജിദുല്‍ ഹറമില്‍ നിന്നും നേരേ വാനലോകത്തേക്ക് യാത്ര നടത്താതെ, അഖ്‌സായുടെ തിരുമുറ്റത്ത് ചെന്ന് നിന്നത്. മസ്ജിദുല്‍ ഹറാമിനെയും അഖ്‌സായെയും ബന്ധിപ്പിക്കുന്ന സന്ദേശം ഒന്നു തന്നെയാണെന്നും, അവയുടെ അനുയായികള്‍ വിളിച്ച് പ്രാര്‍ഥിക്കുന്ന നാഥന്‍ ഒന്നാണെന്നും, ആ നാഥനാല്‍ നിയോഗിക്കപ്പെട്ട പ്രവാചകന്‍ മുഹമ്മദ്(സ) രണ്ട് ഖിബ്‌ലകളുടെയും ഇമാമാണെന്നും ഇത് സൂചിപ്പിക്കുന്നു. മാത്രവുമല്ല, ഇബ്‌റാഹീം, മൂസാ, ഈസാ തുടങ്ങിയ പ്രവാചകന്മാര്‍ക്ക് ഇമാമായി നബി തിരുമേനി(സ) അവിടെ വെച്ച് രണ്ട് റക്അത്ത് നമസ്‌കരിക്കുകയുണ്ടായി. ഇബ്‌റാഹീമീ പാതയിലാണെന്ന് മേനി നടിക്കുന്ന ഒരാള്‍ക്കും മുഹമ്മദ് പ്രവാചകനെ പിന്‍പറ്റാതിരിക്കാന്‍ ന്യായമില്ല എന്നതാണ് ഈ നമസ്‌കാരം നല്‍കുന്ന സൂചന. ഈ ആശയത്തിലേക്ക് വിരല്‍ ചൂണ്ടുന്ന ധാരാളം നബി വചനങ്ങളും കാണാം. ''ഞാനും മറ്റു പ്രവാചകന്മാരും തമ്മിലുള്ള ഉപമ, ഒരു മനുഷ്യന്‍ സുന്ദരമായ വീടൊരുക്കുകയും ഒരു ഇഷ്ടിക സ്ഥാനം മാത്രം അവശേഷിപ്പിക്കുകയും ചെയ്തത് പോലെയാണ്. അത് സന്ദര്‍ശിച്ച ജനങ്ങള്‍ പറഞ്ഞു, ഈ ഇഷ്ടിക കൂടി ഉണ്ടായിരുന്നെങ്കില്‍ എത്ര മനോഹരമായേനെ. ഞാനാണ് ആ ഇഷ്ടിക. ഞാനാണ് അന്ത്യപ്രവാചകന്‍.ടട
''മര്‍യമിന്റെ പുത്രനോട്(ഈസാ) ഏറ്റവും അടുത്തവന്‍ ഞാനാകുന്നു. പ്രവാചകന്മാര്‍ ഒരേ പിതാവിന്റെ മക്കളാണ്. എനിക്കും അദ്ദേഹത്തിനും ഇടയില്‍ മറ്റൊരു പ്രവാചകനില്ല.''
''എന്റെ സഹോദരന്‍ മൂസാ(അ) ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തിന് എന്നെ പിന്‍പറ്റേണ്ടതുണ്ടായിരുന്നു.''
മിഅ്‌റാജില്‍ വിവിധ ആകാശങ്ങളില്‍ മുന്‍ കഴിഞ്ഞ പ്രവാചകന്മാരെ കണ്ട് മുട്ടിയതും അവരെ അഭിവാദ്യം ചെയ്തതും ഈ ആശയം തന്നെയാണ് അരക്കിട്ടുറപ്പിക്കുന്നത്.
ഇസ്‌റാഅ് നല്‍കിയ ആത്മവിശ്വാസത്തിലും അടിത്തറയിലും ഊന്നിയാണ് പിന്നീട് ഇസ്‌ലാമിക സമൂഹം ലോകത്ത് മുന്നേറിയത്. ഹിജ്‌റയോടെ തുടങ്ങിയ പ്രസ്തുത പ്രയാണം പ്രവാചക കാലത്ത് മക്കയില്‍ പടര്‍ന്ന് പന്തലിക്കുകയും ഉമറി(റ)ന്റെ കാലമായപ്പോഴേക്കും ലോകത്തിന്റെ ഏകദേശം എല്ലാ കോണുകളിലും അതിന്റെ സാന്നിധ്യമറിയിക്കുകയും ചെയ്തിരുന്നു. പ്രസ്തുത ഇസ്‌ലാമിക മുന്നേറ്റം ഉത്തമ തലമുറയില്‍ മാത്രം പരിമിതമായിരിക്കില്ലെന്നും, ചരിത്രത്തില്‍ അത് ആവര്‍ത്തിച്ചുകൊണ്ടിരിക്കുമെന്നുമാണ് ആ സംഭവം. എന്നെന്നും പാരായണം ചെയ്യപ്പെടുന്ന വേദവചനങ്ങളാക്കി മാറ്റിയതിലെ ധ്വനി. ചുരുക്കത്തില്‍ ഇസ്‌ലാമിക മുന്നേറ്റത്തെ സ്വപ്‌നം കണ്ട് ജീവിക്കുന്ന വിശ്വാസികള്‍ക്കുള്ള സുവിശേഷമാണ് ഇസ്‌റാഅ്. വര്‍ഷങ്ങള്‍ക്ക് ശേഷം സുല്‍ത്താന്‍ സ്വാലാഹുദ്ദീന്‍ അയ്യൂബിക്ക് ഖുദ്‌സ് വിജയിച്ചടക്കാനുള്ള പ്രചോദനമായി വര്‍ത്തിച്ചത് പ്രസ്തുത വചനമായിരുന്നുവെന്നത് ഇതിനോട് ചേര്‍ത്ത് വായിക്കാം.
കഅ്ബ വര്‍ഷത്തിലൊരിക്കല്‍ കഴുകുകയും വൃത്തിയാക്കുകയും അവിടം സന്ദര്‍ശിക്കുകയും ചെയ്യുന്നതോടെ തങ്ങളുടെ ബാധ്യത പൂര്‍ത്തിയായെന്ന് വിശ്വാസി ധരിക്കേണ്ടതില്ല. കാരണം, മസ്ജിദുല്‍ അഖ്‌സാ നേരിടുന്ന ഏതൊരു ഭീഷണിയും കഅ്ബാലയത്തിന് നേരെയുള്ള ഭീഷണിയാണ്. മുസ്‌ലിംകളുടെ ഒന്നാമത്തെ ഖിബ്‌ലയും ലോകത്തെ രണ്ടാമത്തെ പള്ളിയും മൂന്നാമത്തെ തീര്‍ത്ഥാടന കേന്ദ്രവുമാണല്ലോ മസ്ജിദുല്‍ അഖ്‌സാ. ഇവിടെ നിന്നാണ് ഏഴാം ആകാശത്തേക്കുള്ള പ്രവാചക യാത്ര നടക്കുന്നത്. അതായത് ഭൂമിയില്‍ നിന്നും ആകാശത്തേക്കുള്ള കവാടമാണ് അഖ്‌സാ. ഒട്ടേറെ പ്രവാചകന്മാര്‍ക്ക് ദിവ്യബോധനം അവതരിച്ച മുറ്റമാണത്. 'അതിന്റെ ചുറ്റുവട്ടങ്ങളെ നാം അനുഗ്രഹിച്ചിരിക്കുന്നു' എന്നാണ് ഖുര്‍ആന്റെ പ്രയോഗം. അതിനാല്‍ തന്നെ അതിന്റെ മോചനത്തിന് വേണ്ടി പരിശ്രമിക്കലും ത്യാഗം ചെയ്യലും വിശ്വാസികളുടെ ബാധ്യതയാണെന്ന് കൂടി ഇസ്‌റാഅ് നമ്മെ ഓര്‍മിപ്പിക്കുന്നു. ബൈത്തുല്‍ മഖ്ദിസിനെയും അവിടെ നിയോഗിക്കപ്പെട്ട പ്രവാചകന്മാരെയും ആദരിക്കുന്ന നിങ്ങള്‍ക്ക് എങ്ങനെ പരിശുദ്ധ കഅ്ബാലയത്തെയും മുഹമ്മദ് പ്രവാചകനെയും അവഗണിക്കാനാവും എന്നതായിരുന്നു ഇസ്‌റാഇന്റെ ആയത്തുകള്‍ അക്കാലത്തുയര്‍ത്തിയ ചോദ്യം. എന്നാല്‍, പരിശുദ്ധ കഅ്ബാലയത്തെ വിലമതിക്കുന്ന, ആദരിക്കുന്ന വിശ്വാസി സമൂഹം എന്തുകൊണ്ട് മസ്ജിദുല്‍ അഖ്‌സാക്ക് അര്‍ഹമായ പരിഗണന നല്‍കുന്നില്ല എന്നാണ് ഇന്ന് അവ ഉയര്‍ത്തുന്ന ആശയം.
മുസ്‌ലിം ഉമ്മത്തിന്റെ മുന്നോട്ടുള്ള പ്രയാണ ദൂരമാണ് ഇസ്‌റാഅ് അടയാളപ്പെടുത്തുന്നതെങ്കില്‍ അതിന് പ്രേരകമായി വര്‍ത്തിക്കുന്ന ആത്മീയ-സംസ്‌കരണ ശീലങ്ങളുടെ ഉയര്‍ന്ന വിതാനത്തെയാണ് മിഅ്‌റാജ് പ്രതിനിധീകരിക്കുന്നത്. ഭൂമിയില്‍ കാലൂന്നി ദൈവത്തോളം ചെന്നെത്തേണ്ട ആത്മീയ ലക്ഷ്യത്തെയാണ് മിഅ്‌റാജ് വരച്ചു കാണിക്കുന്നത്. വിവിധങ്ങളായ ആകാശങ്ങളില്‍ മുന്‍കഴിഞ്ഞ പ്രവാചകന്മാര്‍ മുഹമ്മദ് നബിയെ സ്വീകരിക്കാന്‍ കാത്തു നിന്നിരുന്നു. ദൈവാജ്ഞകളുടെ വാഹകരെന്ന നിലക്ക് ഉയര്‍ന്ന സ്ഥാനങ്ങളിലാണ് അവരുണ്ടായിരുന്നത്. പ്രസ്തുത പദവികളെല്ലാം കടന്ന് പ്രവാചകന്‍ തിരുമേനി(സ) ജിബ്‌രീല്‍ മാലാഖയുടെ കൈപിടിച്ച് സിദ്‌റത്തുല്‍ മുന്‍തഹാ എന്ന മഹദ് വൃക്ഷത്തിന്റെ ചുവട്ടില്‍ വരെ എത്തി. ഭൂമിയില്‍ അല്ലാഹുവിന്റെ നിയമമനുസരിച്ച് ജീവിക്കുന്ന മനുഷ്യന് എത്താന്‍ സാധിക്കുന്ന പരമാവധി ദൂരമാണ് സിദ്‌റത്തുല്‍ മുന്‍തഹാ.
മിഅ്‌റാജ് രാവില്‍ ദൈവസാമീപ്യം നേടിയ പ്രവാചകന്‍, വിശ്വാസികള്‍ക്ക് അത് നേടിയെടുക്കാന്‍ പര്യാപ്തമായ വഴികളുമായാണ് മടങ്ങി വന്നത്. ആരാധനകളര്‍പ്പിക്കുകയും നന്മ•ചെയ്യുകയും മുഖേന ദൈവത്തിന്റെ സഹവാസം വിശ്വാസികള്‍ക്ക് ലഭ്യമാവുന്നു. നമസ്‌കാരം വിശ്വാസികളുടെ മിഅ്‌റാജ് അഥവാ അല്ലാഹുവിങ്കലേക്കുള്ള പ്രയാണമാവുന്നത് അങ്ങനെയാണ്.
പില്‍ക്കാലത്ത് മുസ്‌ലിം ഉമ്മത്തിന്റെ സംസ്‌കരണ പദ്ധതികള്‍ക്ക് വെളിച്ചമേകിയത് നബി തിരുമേനി(സ)യില്‍ നിന്ന് ഉദ്ധരിക്കപ്പെട്ട മിഅ്‌റാജിനെക്കുറിച്ച ഹദീസുകളായിരുന്നുവെന്നത് ശ്രദ്ധേയമാണ്. ആത്മീയമായി അപചയം സംഭവിച്ച, ധാര്‍മികതയില്‍ വിള്ളല്‍ വീണ സമൂഹത്തിന് ഒരിക്കലും ലോകത്ത് നിലനില്‍ക്കാനോ വിജയം വരിക്കാനോ സാധിക്കുകയില്ല. മുസ്‌ലിം ഉമ്മത്തിന് ഭൂമിയില്‍ മുന്നേറ്റം സാധ്യമാവണമെങ്കില്‍ ഹൃദയങ്ങളില്‍ ദൈവസ്മരണ നിറഞ്ഞൊഴുകേണ്ടതുണ്ട്. ആരാധനാ കര്‍മങ്ങളിലൂടെ വിശ്വാസി നേടിയെടുക്കുന്നത് നിസ്സാരമായ കാര്യമല്ല. തനിക്കും അല്ലാഹുവിനുമിടയില്‍ ആരാധനകളാലും വിധേയത്വത്താലും പാലം പണിത് അതിലൂടെ സഞ്ചരിച്ച്, അല്ലാഹുവിന്റെ സാമീപ്യം പരമാവധി നേടിയെടുക്കുകയെന്ന മഹത്തായ ദൗത്യമാണ് അവന്‍ നിര്‍വഹിക്കുന്നത്.
ബൈത്തുല്‍ മഖ്ദിസ് കീഴടക്കിയതിന് ശേഷമുള്ള പ്രഥമ ഖുത്വ്ബയില്‍ സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി നടത്തിയ പ്രഖ്യാപനം ഇവിടെ സ്മരണീയമാണ്. ''വിജയത്തിന് നിദാനം നിങ്ങളുടെ കുതിരകളുടെ ശക്തിയോ വാള്‍തലപ്പിന്റെ മൂര്‍ച്ചയോ ആയുധശക്തിയോ ആണെന്ന തോന്നല്‍ നിങ്ങള്‍ക്കുണ്ടാവുന്നുണ്ടെങ്കില്‍ അതിനെ സൂക്ഷിക്കുക. യഥാര്‍ഥ വിജയം അല്ലാഹുവിങ്കല്‍ നിന്നാണ്. അല്ലാഹു വിലക്കിയ മഹാ അപരാധങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ നിന്ന് നിങ്ങള്‍ ജാഗ്രത കൈക്കൊള്ളാത്ത പക്ഷം നിങ്ങള്‍ക്ക് ഈ വിജയം അന്യം നിന്നു പോയേനെ.''



Comments

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം
എ.വൈ.ആര്‍