അധിനിവേശത്തിനെതിരെ മുസ്‌ലിം പെണ്ണെഴുത്ത്
തീവ്രവാദം, ഭീകരവാദം, ഇസ്‌ലാം എന്ന പാശ്ചാത്യ സമവാക്യത്തിന് ആഗോള അക്കാദമിക കമ്പോളങ്ങളില്‍ സ്വീകാര്യത ഏറെയാണ്. ഇറാഖ്, ഫലസ്ത്വീന്‍, അഫ്ഗാനിസ്താന്‍, കശ്മീര്‍, പാകിസ്താന്‍, സെപ്റ്റംബര്‍ 11, ഇസ്‌ലാം, ഭീകരത, പര്‍ദ, സ്ത്രീ സ്വാതന്ത്ര്യം എന്നിവ കോര്‍ത്തിണക്കിക്കൊണ്ട് അധിനിവേശ യുദ്ധങ്ങളെയും കൂട്ടക്കുരുതികളെയും ന്യായീകരിക്കാന്‍, നിലനില്‍പിനു വേണ്ടി പൊരുതുന്ന ഒരു കൂട്ടം ജനതയുടെ പ്രതിരോധങ്ങളെയും പോരാട്ടങ്ങളെയും ചില പ്രത്യേക ലേബലില്‍ അവരോധിക്കുന്ന കാഴ്ചയാണ് നാളേറെയായി നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഹിജാബിന്റെയും പര്‍ദയുടെയും ഇരകളായ ഒരു വിഭാഗം സ്ത്രീകളുടെ വിമോചനം കൂടിയാണ് ഈ യുദ്ധങ്ങളെന്ന് പ്രഖ്യാപിക്കുന്ന (മുഖ്യധാര) വെളുത്ത സ്ത്രീവാദങ്ങള്‍ക്കും (white feminism), നിരന്തരം തുടര്‍ന്നുകൊണ്ടിരിക്കുന്ന മുസ്‌ലിം സ്ത്രീ സ്റ്റീരിയോടൈപ്പിങ്ങിനും എതിരെയുള്ള ഒരു കൂട്ടായ പ്രതിരോധത്തിന്റെ (Collective resistance) ശബ്ദമാണ് സാറാ ഹുസൈന്‍ എഡിറ്റ് ചെയ്ത Voice of Resistance: Muslim Women on War, Faith, and Sexuality എന്ന ഗ്രന്ഥം. 2006-ല്‍ സീല്‍ പ്രസ്സാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്.
സാമ്രാജ്യത്വ അധിനിവേശത്തിന്റെ ഇരകളായ മുസ്‌ലിം രാഷ്ട്രങ്ങളില്‍ നിന്ന് നിര്‍ബന്ധിതമായോ അല്ലാതെയോ വടക്കേ അമേരിക്കയിലേക്ക് കുടിയേറിയവരുടെ പുതു തലമുറയിലെ സ്ത്രീകളും പെണ്‍കുട്ടികളുമാണ് ഈ സമാഹാരത്തിലെ എഴുത്തുകാര്‍. പാശ്ചാത്യ സയണിസ്റ്റ് പട്ടാളം ലോകത്ത് നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യകള്‍ക്കും രക്തച്ചൊരിച്ചിലുകള്‍ക്കും കുപ്രചാരണങ്ങള്‍ക്കും എതിരെയുള്ള രോഷമാണ്, പല ദേശക്കാരും ഭാഷക്കാരും വ്യത്യസ്ത കാഴ്ചപ്പാടുകളുള്ളവരുമായ ഈ സ്ത്രീകളെ ഒരുമിച്ചു പ്രതിരോധിക്കാന്‍ പ്രേരിപ്പിക്കുന്നത്. പെണ്ണായതിന്റെ പേരില്‍ വീടിനുള്ളിലും കുടുംബങ്ങളിലും സമൂഹത്തിലും നേരിടുന്ന വിവേചനങ്ങളും യുദ്ധം, ഭരണകൂട ഭീകരത എന്നിവയുണ്ടാക്കുന്ന സംഘര്‍ഷങ്ങളും പുസ്തകത്തിലുള്‍പ്പെടുത്തിയിട്ടുണ്ട്. അമേരിക്കയില്‍ ഇതുവരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള മുസ്‌ലിം സ്ത്രീ പഠനങ്ങളില്‍ നിന്നും വിശകലനങ്ങളില്‍നിന്നും രണ്ട് രീതിയില്‍ ഈ സമാഹാരം വ്യതിരിക്തത പുലര്‍ത്തുന്നു. ഒന്ന്, സെപ്റ്റംബര്‍ 11-നും വളരെ മുമ്പേ നിലനില്‍ക്കുന്ന ഇസ്‌ലാമിലെ സ്ത്രീ സങ്കല്‍പങ്ങളെക്കുറിച്ചുള്ള ധാരണകളെ മുസ്‌ലിം സ്ത്രീകള്‍ തന്നെ ചോദ്യം ചെയ്യുന്നു. രണ്ട്, പാശ്ചാത്യ അധിനിവേശത്തിന്റെ ഇരകളായ നാടുകളില്‍ നിന്നുള്ള സ്ത്രീകള്‍ അതിര്‍ത്തികള്‍ക്കപ്പുറം യുദ്ധത്തിനെതിരെ സംഘടിച്ചുകൊണ്ട് പ്രതികരിക്കുന്നു.
'വായിക്കുക' എന്നര്‍ഥം വരുന്ന 'ഇഖ്‌റഅ്' എന്ന അറബി പദമാണ് ആമുഖത്തിന് തലക്കെട്ടായി നല്‍കിയിരിക്കുന്നത്. വായനക്ക് ഇസ്‌ലാം നല്‍കിയ പ്രാധാന്യം വിളംബരം ചെയ്യുന്നതോടൊപ്പം വിജ്ഞാനം നേടുക എന്നത് ഒരാളുടെ വിശ്വാസത്തിന്റെ ഭാഗമാണ് എന്നും സാറാ ഹുസൈന്‍ എഴുതുന്നു.
മുസ്‌ലിം സ്ത്രീ വിശകലനങ്ങള്‍ക്കും എഴുത്തുകള്‍ക്കും അക്കാദമിക കമ്പോളങ്ങളില്‍ ആവശ്യക്കാര്‍ ഏറെയാണ്. ഇസ്‌ലാമില്‍ പുരുഷാധിപത്യമാണ്, സ്ത്രീ അടിച്ചമര്‍ത്തപ്പെട്ടവളാണ് തുടങ്ങിയ വെളുത്ത-ഉദാര സ്ത്രീവാദങ്ങളെ ന്യായീകരിക്കുന്ന എഴുത്തുകളാണ് മിക്കതും. തൊള്ളായിരത്തി തൊണ്ണൂറുകളില്‍ ഉയര്‍ന്നുവന്ന ആമിന വദൂദ്, അസ്മ ബര്‍ലാസം, ഫാത്വിമ മിര്‍നിസി തുടങ്ങിയവരുടെ ഇസ്‌ലാമിക സ്ത്രീവാദങ്ങളാണ് ഇത്തരം വെളുത്ത ഫെമിനിസ്റ്റ് വായനകളെ പ്രശ്‌നവത്കരിച്ചുകൊണ്ട് പിന്നീട് കടന്നുവന്നിട്ടുള്ളത്. അതില്‍ നിന്നൊക്കെ വ്യത്യസ്തമായി ഈ സമാഹാരം ഒരു സര്‍ഗാത്മക സംഭാഷണമാണ്. മുസ്‌ലിം സ്ത്രീകള്‍ എന്ന നിലയില്‍ തങ്ങളുടെ ചരിത്രങ്ങളുടെയും പോരാട്ടങ്ങളുടെയും പ്രതിരോധങ്ങളുടെയും വക്താക്കള്‍ (agents) എന്ന നിലയില്‍ സ്വദേശത്തും വിദേശത്തുമായി അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്‌നങ്ങളെ കൂട്ടമായി നേരിടാന്‍ ഈ സംരംഭം സഹായകമാകുമെന്ന് എഡിറ്റര്‍ സാറാ ഹുസൈന്‍ പ്രതീക്ഷിക്കുന്നു.
ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന മിക്ക യുദ്ധങ്ങളുടെയും കെടുതികള്‍ അനുഭവിക്കുന്നത് മുസ്‌ലിം സമൂഹമാണ്; പ്രധാനമായും മുസ്‌ലിം സ്ത്രീകള്‍. യുദ്ധത്തില്‍ സ്വന്തം പിതാവിനെയും സഹോദരനെയും മകനെയും ഇണയെയും അവള്‍ക്ക് നഷ്ടമാകുന്നു. യുദ്ധക്കോപ്പുകള്‍ക്ക് മുന്നില്‍ അവളുടെ ശരീരം വലിച്ചെറിയപ്പെടുന്നു. ചാവേറുകളായിക്കൊണ്ട് അവര്‍ പൊട്ടിത്തെറിക്കുന്നു. ഇത്തരത്തില്‍ തകര്‍ത്തെറിയപ്പെടുന്ന ഒരു വിഭാഗം സ്ത്രീകളുടെ ജീവിതങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ കേവലം പര്‍ദക്കുള്ളിലും ഹിജാബിനുള്ളിലും നിലനിര്‍ത്തുന്ന സിദ്ധാന്തങ്ങളെ ചോദ്യം ചെയ്തുകൊണ്ട് അവരുടെ ജീവിത യാഥാര്‍ഥ്യത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുകയാണ് ഇതിലെ നാല്‍പത് എഴുത്തുകാരും.
മുന്നൂറോളം പേജുകളുള്ള ഈ പുസ്തകം നാല് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
1. (UN) Naming Wars
2. Witnessing Acts
3. (UN) Naming Faith/Unclaiming Nations
4. Reclaiming Our Bodies/Reclaiming Our Sexualities
ലോകത്താകമാനം നടന്നുകൊണ്ടിരിക്കുന്ന യുദ്ധങ്ങളുടെയും വംശഹത്യകളുടെയും പേരില്‍ അമേരിക്കന്‍ മുസ്‌ലിംകള്‍ നേരിടുന്ന വെല്ലുവിളികളാണ് ആദ്യ ഭാഗത്ത് പ്രതിപാദിക്കുന്നത്. പുസ്തകത്തിന്റെ തുടക്കത്തില്‍ ദക്ഷിണേഷ്യക്കാരിയും കവയിത്രിയും എഴുത്തുകാരിയുമായ എസ്.എന്‍ എഴുതിയ 'സ്ത്രീ' എന്ന കവിതയാണ്. യുദ്ധഭൂമികള്‍ നിര്‍ണയിക്കാനും നിയമങ്ങള്‍ അടിച്ചേല്‍പിക്കാനും എന്തും പ്രചരിപ്പിക്കാനുമുള്ള കളിപ്പാട്ടമായി മാറിക്കൊണ്ടിരിക്കുന്ന മുസ്‌ലിം സ്ത്രീശരീരത്തെ വര്‍ണിക്കുകയാണ് കവയിത്രി. മറ്റൊരു കവിതയില്‍, മുമ്പ് സോവിയറ്റ് യൂനിയന്റെയും ഇപ്പോള്‍ യു.എസ്സിന്റെയും അധിനിവേശത്തിനിരയായിക്കൊണ്ടിരിക്കുന്ന അഫ്ഗാനില്‍ നിന്ന് സുഊദിയിലേക്കും അവിടെ നിന്ന് ബ്രുക്‌ലൈനിലേക്കും കുടിയേറാനുണ്ടായ സാഹചര്യവും മാനസിക പിരിമുറുക്കങ്ങളും വിവരിക്കുകയാണ് സൊഹ്‌റ സഈദ്. Drop by Drop We make a River: Afghan American Experiences of Exile and Return എന്ന സമാഹാരത്തിന്റെ കോ-എഡിറ്റര്‍ കൂടിയാണ് സൊഹ്‌റ.
ബാഗ്ദാദിലെ ഇറാഖി ഹൗസിന്റെ (Al-Beit Al-Iraqi) സ്ഥാപകയും ഡയറക്ടറുമായ അമല്‍ അല്‍ ഖെദരി, ഇറാഖി പത്രപ്രവര്‍ത്തകയായ മുഫ്തി എന്നിവരുമായി നടത്തിയ അഭിമുഖത്തില്‍, ഇറാഖിന്റെ വിഷയത്തില്‍ ഐക്യരാഷ്ട്ര സഭക്കും മറ്റു അന്താരാഷ്ട്ര സംഘടനകള്‍ക്കും എന്തുപറ്റിയെന്ന് മുഫ്തി ചോദിക്കുന്നു. അമേരിക്കന്‍ പൊതുസമൂഹം മാധ്യമങ്ങളെ പിന്തുടരാതെ ഇറാഖികളെ കുറിച്ച് ചിന്തിക്കണമെന്നും കലാലയങ്ങളും വീടുകളും രാഷ്ട്ര സംവിധാനവും നഷ്ടപ്പെട്ട ഒരു രാഷ്ട്രത്തിന്റെ വേദന മനസ്സിലാക്കണമെന്നും ഖെദരി ആവശ്യപ്പെടുന്നു.
ദൈനംദിന ജീവിതത്തിലെ പോരാട്ടങ്ങള്‍ക്ക് സാക്ഷിയാവുന്ന എഴുത്തുകളാണ് രണ്ടാം ഭാഗത്ത്. 'ദൈവം എനിക്ക് രണ്ട് കുട്ടികളെ നല്‍കി. ഞാന്‍ അവരെ ഒരുപാട് സ്‌നേഹിക്കുന്നു. ദൈവത്തിനു മാത്രമേ അറിയൂ, ഞാന്‍ അവരെ എത്രമാത്രം സ്‌നേഹിക്കുന്നുവെന്ന്' എന്ന ഫലസ്ത്വീനില്‍ സൂയിസൈഡ് ബോംബിംഗിലൂടെ രക്തസാക്ഷിയായ റീമ സാലിഹിന്റെവാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് പാകിസ്താന്‍ വംശജയായ ബുഷ്‌റ റഹ്മാന്റെ കവിത തുടങ്ങുന്നത്. ഇസ്‌ലാമിക ചരിത്രത്തിലെ നായികയായ ഹാജറ ബീവി തന്റെ പിഞ്ചുമകന്‍ ഇസ്മാഈലിനോടൊപ്പം മരുഭൂമിയില്‍ ഒറ്റപ്പെട്ടു ജീവിക്കേണ്ടിവന്നപ്പോള്‍, അവരനുഭവിച്ച ത്യാഗവും, ദൈവാനുഗ്രഹത്തിന്റെ നീരുറവയായി സംസം ഒഴുകിയതും കവിതയില്‍ കടന്നുവരുന്നു. ചാവേറുകളുടെ വിഷയത്തില്‍ നടക്കുന്ന 'ധാര്‍മിക സിദ്ധാന്ത' ചര്‍ച്ചകളെ, ഹാജറ എന്ന മാതാവ് തന്റെ മകന് ഒരു തുള്ളി വെള്ളം ലഭിക്കാന്‍ വേണ്ടി നെട്ടോട്ടമോടിയതിനെയും സ്വന്തം രാഷ്ട്രത്തിനു വേണ്ടി മക്കളെ അനാഥരാക്കി രക്തസാക്ഷിയാകേണ്ടിവന്ന റീമ സാലിഹിന്റെ ജീവിതത്തെയും ബന്ധപ്പെടുത്തിക്കൊണ്ട് ബുഷ്‌റ റഹ്മാന്‍ ചര്‍ച്ച ചെയ്യുന്നത്.
സ്വയം നിര്‍ണയത്തിനു വേണ്ടിയുള്ള ഫലസ്ത്വീനി ജനതയുടെ പോരാട്ടത്തെയും ഇസ്രയേലീ അധിനിവേശത്തെയും കുറിച്ച് ഷാദി എസ്‌കന്‍ദാനി എഴുതുന്നു. യുദ്ധത്തില്‍ ഇരു വിഭാഗങ്ങളും അവരുടേതായ പോരാട്ടത്തിന്റെ മാര്‍ഗങ്ങള്‍ സ്വീകരിക്കും. അക്രമങ്ങള്‍ നടത്തും. ഒരു വിഭാഗത്തിന് അധിനിവേശമാണ് ലക്ഷ്യമെങ്കില്‍ മറു വിഭാഗത്തിനത് പ്രതിരോധത്തിനു വേണ്ടിയുള്ളതാണ്. ചാവേറുകളെ പ്രോത്സാഹിപ്പിക്കുകയല്ല, അതൊരു ആയുധമായി ഉപയോഗിക്കേണ്ടിവരുന്ന സാഹചര്യത്തെ തുറന്നുകാട്ടുകയാണ് ഷാദി എസ്‌കന്‍ദാനി.
മൂന്നാം ഭാഗത്ത്, വിശ്വാസത്തെ രാഷ്ട്രീയ, സാംസ്‌കാരിക, ലിംഗ, ദേശീയ കാഴ്ചപ്പാടുകളിലേക്ക് വ്യാഖ്യാനിക്കുന്നതിലൂടെ പുതിയൊരു വീക്ഷണം രൂപവത്കരിക്കുകയാണ്. 2002-ല്‍ ഗുജറാത്തില്‍ ഭരണകൂടത്തിന്റെ ഒത്താശയോടെ ഹിന്ദുത്വശക്തികള്‍ നടത്തിയ മുസ്‌ലിം വംശഹത്യയുടെ രാഷ്ട്രീയം ചര്‍ച്ച ചെയ്യുകയാണ് ജവഹറ കെ സെയ്ദുല്ല. കഥാകാരിയും ചൗക് ഡോട്‌കോമില്‍ (chowk.com) കോളമിസ്റ്റുമാണ് ലേഖിക. രാജ്യത്ത് ക്രമസമാധാനം നിലനിര്‍ത്താന്‍ ശ്രമിക്കേണ്ട ഭരണകൂടം തന്നെ സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥയും വര്‍ഗീയ കലാപങ്ങളും ഒരു പ്രത്യേക വിഭാഗം ജനത(മുസ്‌ലിം)യോടുള്ള വിദ്വേഷത്തിന്റെ ഭാഗമാണ്.
വര്‍ഗ, വര്‍ണ, വംശ വ്യത്യാസമില്ലാതെ വിശ്വാസികള്‍ കൈക്കോര്‍ക്കുന്ന, നിരവധി സംസ്‌കാരങ്ങള്‍ സംഗമിക്കുന്ന മക്കയില്‍ ഒരേ സാംസ്‌കാരിക പശ്ചാത്തലത്തില്‍ നിന്നുള്ളവര്‍ എളുപ്പം ഇടപഴകാന്‍ പറ്റുന്ന രീതിയില്‍ സംവിധാനിച്ചതിനാല്‍ വ്യത്യസ്ത സംസ്‌കാരങ്ങളിലുള്ളവര്‍ തമ്മില്‍ സാംസ്‌കാരിക വിനിമയം നടക്കുന്നില്ലെന്ന് ആഇശ സത്താര്‍ വിമര്‍ശിക്കുന്നു.
ഈ സമഹാരാത്തിന്റെ അവസാനഭാഗം ലൈംഗികതയും ശരീര രാഷ്ട്രീയവും കേന്ദ്രമാക്കിയുള്ളതാണ്. യുദ്ധം, രാഷ്ട്രീയം, ആത്മീയത എന്നിവയുമായി ബന്ധപ്പെടുത്തി മുസ്‌ലിമിന്റെ ലൈംഗികതക്കും ലിംഗഭേദത്തിനും മേലുള്ള പോരാട്ടങ്ങളെ വിശകലനം ചെയ്യുന്നു. പാശ്ചാത്യ ഉദാര സ്ത്രീവാദങ്ങള്‍ക്കപ്പുറം മറ്റു സ്ത്രീവാദങ്ങളെ അവയുടേതായ സ്വത്വവും ചരിത്രവും സാഹചര്യവും മനസ്സിലാക്കിത്തന്നെ പഠിക്കണമെന്ന് ടിന സമാന്‍ തന്റെ കവിതയിലൂടെ പറയുന്നു. ലോകത്തെ മുഴുവന്‍ സ്ത്രീകളെയും ഒരു വിഭാഗമായി പരിഗണിച്ചുള്ള സ്ത്രീവാദങ്ങളെ ചോദ്യം ചെയ്തുകൊണ്ട് പുതിയ തരത്തിലുള്ള സ്ത്രീവാദമാണ് ടിന സമാന്‍ മുന്നോട്ടുവെക്കുന്നത്.
ഡ്യൂക് യൂനിവേഴ്‌സിറ്റി പ്രഫസറും അസോസിയേഷന്‍ ഓഫ് മിഡിലീസ്റ്റേണ്‍ വുമന്‍ സ്റ്റഡീസിന്റെ മുന്‍ പ്രസിഡന്റുമായ മിറിയം കുക്കാണ് പുസ്തകത്തിന്റെ ഉപസംഹാരം എഴുതിയിട്ടുള്ളത്. കാലങ്ങളായി മുസ്‌ലിം സ്ത്രീ നേരിടുന്ന പ്രശ്‌നങ്ങളും നാളെയുടെ പ്രതീക്ഷകളുമാണ് ഈ സമാഹാരമെന്ന് മിറിയം കുക്ക് വിലയിരുത്തുന്നു. മുസ്‌ലിം സ്ത്രീകളെന്ന നിലയില്‍ തങ്ങളുടെ വ്യക്തിത്വങ്ങളെയും അവകാശങ്ങളെയും കുറിച്ചെഴുതാന്‍ മുസ്‌ലിം സ്ത്രീകള്‍ തന്നെ മുന്നോട്ടുവരുന്നുവെന്നും, ആണധികാരത്തെയും മേല്‍ക്കോയ്മാ സ്ത്രീവാദത്തെയും വിമര്‍ശിച്ചുകൊണ്ടുള്ള ഈ സമാഹാരം പുതിയ ജനാധിപത്യ ഭാഷയെ വികസിപ്പിക്കുന്നുവെന്നും മിറിയം കുക്ക് പറയുന്നു.
[email protected]
(ദല്‍ഹി യൂനിവേഴ്‌സിറ്റിയില്‍ പൊളിറ്റിക്കല്‍ സയന്‍സ് ബിരുദ വിദ്യാര്‍ഥിനിയാണ് ലേഖിക).
Comments