Prabodhanm Weekly

Pages

Search

2012 ജൂണ്‍ 16

ചോദ്യോത്തരം

മുജീബ്

ഇസ്ലാമിക പ്രസ്ഥാനമെന്ന അവകാശവാദം
ഹാറൂണ്‍ തങ്ങള്‍ കിളികൊല്ലൂര്‍

"റിക്ഷാ വണ്ടി വലിക്കുന്നവരും വെള്ളം കോരികളും ഭൂവുടമകളുടെ പാടങ്ങളില്‍ അടിമവേല ചെയ്യുന്നവരുമായ മഹാ ഭൂരിപക്ഷം വരുന്ന സാധാരണക്കാരും പട്ടിണിപ്പാവങ്ങളുമായ ഇന്ത്യന്‍ മുസല്‍മാന് സാന്ത്വനമോ സംരക്ഷണമോ പ്രതീക്ഷയോ എന്തിനധികം ഇസ്ലാമികമായ ശിക്ഷണം പോലുമോ നല്‍കാന്‍ സാധിക്കാത്ത ഒരു മധ്യ വര്‍ഗ സംഘടനയെ ഇസ്ലാമിക പ്രസ്ഥാനം എന്ന് വിശേഷിപ്പിക്കുന്നതിലെ യുക്തിഭംഗം തിരിച്ചറിയപ്പെടേണ്ടതുണ്ട്.... 'ഇന്ത്യയിലെ സൂഫി പ്രബോധകന്മാര്‍ നേരിട്ട് സംവദിച്ചത് ഈ ജനവിഭാഗങ്ങളോടായിരുന്നു. അച്ചടിച്ച പുസ്തകങ്ങളായിരുന്നില്ല അവരുടെ മാധ്യമം. ഹൃദയത്തിന്റെ ഭാഷയിലാണ് അവര്‍ സംസാരിച്ചത്. അവരുടെ പ്രാര്‍ഥനകളില്‍ കീഴാളര്‍ സാന്ത്വനം കണ്ടെത്തി. സാന്ത്വനത്തിന് ശേഷം തുടര്‍ച്ച നഷ്ടപ്പെട്ടുപോയ ഈ പ്രബോധന ശൃംഖലയാണ് യഥാര്‍ഥത്തില്‍ ഇന്ത്യയുടെ ഹൃദയത്തെ ഇസ്ലാമുമായി കൂട്ടിയിണക്കിയത്. ഈ പാരമ്പര്യവുമായി താരതമ്യം ചെയ്യുമ്പോള്‍ വ്യവസ്ഥാപിതമായ ദഅ്വത്ത് നടത്തുന്നു എന്നവകാശപ്പെടുന്ന 'ഇന്ത്യയിലെ ഇസ്ലാമിക പ്രസ്ഥാനം' പ്രസ്താവ്യമായ സാന്നിധ്യമേ അല്ല'' (കേരള മുസ്ലിം നവോത്ഥാനം ഒരു വിചാരണ, പേജ് 65). ഇസ്ലാമിലേക്ക് കടക്കാം പക്ഷേ, ചാടിക്കടക്കരുത്. ഈ വിമര്‍ശനം യാഥാര്‍ഥ്യമല്ലേ?

ന്ത്യയിലെത്തിയ സൂഫി വര്യന്മാര്‍ രാജാക്കന്മാരെയും അവരുടെ സാധാരണക്കാരായ പ്രജകളെയും ഒരുപോലെ സംബോധന ചെയ്തും അവരെ സത്യദീനിലേക്ക് ക്ഷണിച്ചും അവര്‍ക്ക് പ്രായോഗിക മാതൃകകളായി. അതിനാല്‍ ജനലക്ഷങ്ങള്‍ ഇസ്ലാമിലേക്ക് വന്നത് അനിഷേധ്യ സത്യം. പക്ഷേ, ഈ ജനകോടികള്‍ തന്നെയാണ് കടുത്ത അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും അനിസ്ലാമിക സംസ്കാരത്തിലും വീണുപോയത് എന്നതും ചരിത്രം. എന്തുകൊണ്ട് എന്നാലോചിക്കണം. തൌഹീദിലേക്ക് തങ്ങളെ നയിച്ച സൂഫിവര്യന്മാരുടെ ഖബ്റിടങ്ങള്‍ ഇന്ന് സ്മശാന പൂജയുടെ ലോകചിഹ്നങ്ങളായി മാറിയില്ലേ? 'നാഥനില്ലാ പട നായ്പട' എന്നു പറഞ്ഞപോലെ അനേകമനേകം ത്വരീഖത്തുകളിലും സംഘടനകളിലും ഇമാമുകളിലുമായി മുസ്ലിം ബഹുജനം ശിഥിലമാവുകയും പരസ്പരം കുത്തിക്കീറുകയും ചെയ്തത് എന്തുകൊണ്ട്?
കഴിഞ്ഞ നൂറ്റാണ്ടില്‍ ജനസമൂഹത്തെ ഏറ്റവും വിജയകരമായി സംഘടിപ്പിക്കാനും നയിക്കാനും സാധിച്ചത് മുഹമ്മദലി ജിന്നക്കായിരുന്നു. തദ്ഫലമായി ഒരു രാഷ്ട്രം തന്നെ അദ്ദേഹത്തിന് ലഭിച്ചു. എങ്കില്‍ ജിന്നയുടേതായിരുന്നോ ലക്ഷണമൊത്ത ഇസ്ലാമിക പ്രസ്ഥാനം? ആയിരുന്നെന്ന് വാദിക്കാന്‍ പോയാല്‍ ജിന്ന ഖബ്റില്‍നിന്ന് എഴുന്നേറ്റ് വന്നു വാദിച്ചവന്റെ നാവറുക്കുമെന്ന് പേടിക്കണം. ആപാദചൂഢം മതേതരനായിരുന്നു അദ്ദേഹമെന്നതാണ് കാരണം. അപ്പോള്‍ മുസ്ലിം എന്നു പേരുള്ള എല്ലാ വെള്ളംകോരികളെയും റിക്ഷക്കാരെയും കര്‍ഷകത്തൊഴിലാളികളെയും സംഘടിപ്പിക്കുകയും അവരുടെ ന്യായം തന്നെയായ അവകാശങ്ങള്‍ക്ക് വേണ്ടി വിലപേശുകയുമല്ല ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ദൌത്യം. ഒന്നാമതായി അവര്‍ മുസ്ലിംകളാണെന്ന് അവരെ ബോധ്യപ്പെടുത്തുകയും അതനുസരിച്ച് ജീവിക്കാനും അല്ലാഹു അവരെ നിയോഗിച്ച ദൌത്യം നിറവേറ്റുന്നതിന് അവരെ പ്രാപ്തരാക്കാനും ശ്രമിക്കുകയാണ് ഒരു ഇസ്ലാമിക പ്രസ്ഥാനം ചെയ്യേണ്ടത്. അതോടൊപ്പം മനുഷ്യ സമൂഹത്തിന് മുഴുവന്‍ അനുഗ്രഹമായി അല്ലാഹു അവതരിപ്പിച്ച ഇസ്ലാമിനെ സമുദായഭേദമന്യെ എല്ലാ മനുഷ്യര്‍ക്കും പ്രബോധനം ചെയ്യുകയും വേണം. ഈ രണ്ട് ദൌത്യങ്ങളും നിറവേറ്റിക്കഴിഞ്ഞിട്ടേ മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താവൂ എന്നില്ല. ദാരിദ്യ്രം, തൊഴിലില്ലായ്മ, നിരക്ഷരത മുതലായ അടിസ്ഥാന പ്രശ്നങ്ങളുടെ പരിഹാരത്തിന് ശ്രമിക്കുന്ന ശക്തികളോടൊപ്പം നില്‍ക്കുകയും സ്വന്തം നിലയില്‍ സാധ്യമായ പരിഹാര നടപടികളെല്ലാം സ്വീകരിക്കുകയും വേണം. ഇന്ത്യയിലെ ഇസ്ലാമിക പ്രസ്ഥാനമായ ജമാഅത്തെ ഇസ്ലാമി ചെയ്തുകൊണ്ടിരിക്കുന്നതും അതാണ്. 'ഇന്ത്യയുടെ ഹൃദയത്തെ ഇസ്ലാമുമായി കൂട്ടിയിണക്കാന്‍' മറ്റുള്ളവര്‍ എന്താണ് ചെയ്യുന്നത് എന്നുകൂടി ഗ്രന്ഥകാരന്‍ ചൂണ്ടിക്കാട്ടണം. മുടിപ്പള്ളിക്ക് വേണ്ടി കോടികള്‍ ചെലവിട്ട് തെക്ക് വടക്ക് നടക്കുന്നതോ? ജിന്ന്, സിഹ്ര്‍ വിവാദങ്ങളുയര്‍ത്തി പലതായി പിരിഞ്ഞു അനുയായികളെപ്പോലും കടുത്ത ആശയക്കുഴപ്പത്തില്‍ ചാടിക്കുന്നതോ? ജാറങ്ങളും ദര്‍ഗകളും കെട്ടിപ്പൊക്കിയും സിദ്ധന്മാരെ അവരോധിച്ചും അധ്വാനിക്കുന്നവരുടെയും ഭാരം ചുമക്കുന്നവരുടെയും ചോര ഊറ്റിക്കുടിക്കുന്നതോ? 'റോമാ പട്ടണം ഒരു ദിവസം കൊണ്ട് പണിതതല്ല' എന്ന പഴമൊഴി പോലെ, നൂറ്റാണ്ടുകള്‍ കൊണ്ട് ദുഷിച്ചുപോയ, ജീവിതത്തിലെ അച്ചടക്കവും ബോധവും നഷ്ടമായ, നേതൃത്വമില്ലാത്ത ഒരു ബഹുജന സമുച്ചയത്തെ ഒരുനാള്‍കൊണ്ട് സംസ്കരിക്കാനോ സംഘടിപ്പിക്കാനോ ഉയര്‍ത്തെഴുന്നേല്‍പിക്കാനോ സാധിക്കുന്നതല്ല. അതിന് സാവകാശവും ക്ഷമാപൂര്‍വവുമായ നിരന്തര യത്നം കൂടിയേ തീരൂ. കൊച്ചാക്കുന്നവര്‍ മെച്ചപ്പെട്ട ബദല്‍ കാണിച്ചുതരട്ടെ.


ജനാസയോട് ആദരം

പി.എ സരിന്‍ മഞ്ഞപ്പെട്ടി, ആലുവ

ജൂതന്റെ ജനാസ കണ്ടപ്പോള്‍ 'അതും ഒരാത്മാവല്ലേ, നിങ്ങളെഴുന്നേറ്റു നില്‍ക്കൂ' എന്ന പ്രവാചക കല്‍പന സ്ഥാനത്തും അസ്ഥാനത്തും പൊക്കിപ്പിടിച്ച് ലോകത്തിലെ സകലമാന ജൂതരോടും മറ്റു വേദക്കാരോടും മുശ്രിക്കുകളോടും സത്യനിഷേധികളോട് മൊത്തത്തിലും ബഹുമാനവും ആദരവും പുലര്‍ത്തണമെന്ന് പഠിപ്പിക്കുന്ന നവ മതേതരവാദികളുടെ നിലപാട് അസ്വീകാര്യമാണ്. കാലഹരണപ്പെട്ട ഒരു നിയമത്തെ അടിസ്ഥാന പ്രമാണമായി ഉയര്‍ത്തിപ്പിടിക്കുന്നത് അനുചിതവും അന്യായവുമാണ്. നില്‍ക്കാനുള്ള കല്‍പനക്കു പോലും പ്രേരകമായത് ജൂതനോടുള്ള ബഹുമാനമായിരുന്നില്ല. മറിച്ച്, ആത്മാവിനെ പിടിച്ചെടുക്കുന്നവനോടുള്ള ആദരവായിരുന്നു. ഇമാം അഹ്മദും ഹാകിമും അബ്ദുല്ലാഹിബ്നു അംറില്‍നിന്ന് ഉദ്ധരിക്കുന്ന ഹദീസില്‍ ഇങ്ങനെ വന്നിരിക്കുന്നു. 'ആത്മാവിനെ പിടിച്ചെടുക്കുന്നവനെ ആദരിച്ചുകൊണ്ടാണ് നിങ്ങള്‍ എഴുന്നേറ്റ് നില്‍ക്കുന്നത്'. അദ്ദേഹത്തില്‍ നിന്നുതന്നെ ഇബ്നു ഹിബ്ബാന്‍ ഉദ്ധരിക്കുന്നത് 'ആത്മാക്കളെ പിടിച്ചെടുക്കുന്ന അല്ലാഹുവിനെ ആദരിക്കാനാണ്' എന്നാണ്.
എന്നാല്‍, ജനാസക്ക് വേണ്ടി എഴുന്നേറ്റു നില്‍ക്കുക എന്ന കല്‍പന കാലഹരണപ്പെട്ടതാണെന്നാണ് ശരിയും പ്രസിദ്ധവും. അലിയില്‍ നിന്ന്: 'ജനാസ കാണുമ്പോള്‍ നില്‍ക്കാന്‍ പ്രവാചകന്‍ ഞങ്ങളോട് കല്‍പിച്ചിരുന്നു. പിന്നീട് അവിടുന്ന് ഇരുന്നു. ഞങ്ങളോട് ഇരിക്കാന്‍ കല്‍പിച്ചു.' അഹ്മദും അബൂദാവൂദും ഉദ്ധരിച്ച ഇത് ഹസനാണ്. നസാഇ ഇബ്നു സീരീനില്‍നിന്ന്: "ഒരു ജനാസ കണ്ടപ്പോള്‍ ഹസന്‍ ബിന്‍ അലി എഴുന്നേറ്റുനിന്നു. ഇബ്നു അബ്ബാസ് എഴുന്നേറ്റില്ല. അപ്പോള്‍ ഹസന്‍ ചോദിച്ചു: പ്രവാചകന്‍ ജൂതന്റെ ജനാസക്ക് എഴുന്നേറ്റുനിന്നിട്ടില്ലേ? ഇബ്നു അബ്ബാസ് പറഞ്ഞു: ഉവ്വ്. എന്നാല്‍ പില്‍ക്കാലത്ത് ഇരിക്കുമായിരുന്നു.''
ഇമാം ശാഫിഈ പറയുന്നു: "പ്രവാചകന്‍ മുമ്പ് നിന്നിരുന്നുവെങ്കിലും പിന്നീടത് ഉപേക്ഷിക്കുകയുണ്ടായി. ആദ്യകാല കല്‍പന വാജിബായിരുന്നുവെങ്കില്‍ പോലും പ്രവാചകന്റെ അവസാന നിലപാടായിരിക്കും ഹുജ്ജത്ത്. ആയതിനാല്‍ ആദ്യ നിലപാട് കാലഹരണപ്പെടുകയും രണ്ടാമത്തേത് സ്ഥാപിതമാവുകയും ചെയ്തു. പ്രവാചകന്റെ അവസാനകാല നിലപാട് ഇരിക്കലായിരുന്നു'' (തുഹ്ഫത്തുല്‍ അഹ്വദി, 4/123). ശൈഖ് നാസ്വിറുദ്ദീന്‍ അല്‍ബാനി പറയുന്നു: "നില്‍ക്കല്‍ ദുര്‍ബലപ്പെടുത്തപ്പെട്ടു'' (അഹ്കാമുല്‍ ജനാഇസ്, 100).
ജനാസക്ക് എഴുന്നേറ്റ് നില്‍ക്കുന്നതു തന്നെ-മുസ്ലിമിന്റെയോ നിഷേധിയുടെയോ എന്ന വ്യത്യാസമില്ലാതെ- ദുര്‍ബപ്പെടുത്തപ്പെട്ടു എന്നിരിക്കെ ജൂതന്റെ ജനാസക്കു വേണ്ടി എഴുന്നേറ്റു നിന്നത് പൊക്കിപ്പിടിച്ച് വിശ്വ സാഹോദര്യത്തിന് തെളിവുണ്ടാക്കുന്ന വഹ്ദത്തുല്‍ അദ്യാന്റേയും മതേതരത്വത്തിന്റേയും വക്താക്കള്‍ തികഞ്ഞ വഴികേടാണ് പഠിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതും. (സര്‍ഫറാസ് നവാസ്, ആര്‍ക്കാണ് മതേതരത്വത്തോട് പ്രതിപത്തി? പ്രസാ: നേരറിവ് പെരുമ്പാവൂര്‍, 2011 സെപ്റ്റംബര്‍, പേജ് 86). സത്യാവസ്ഥയെന്ത്?

തീവ്രവാദം തലക്കു പിടിച്ചാല്‍ ഏതറ്റം വരെയും പോവാം എന്നതിനു ഉദാഹരണമാണ് ചോദ്യത്തില്‍ ഉദ്ധരിച്ച വാദഗതി. ജനാസ അഥവാ ശവമഞ്ചം കണ്ടാല്‍ ആദരസൂചകമായി പ്രവാചകനും ശിഷ്യന്മാരും എഴുന്നേറ്റുനിന്നിരുന്നു എന്ന കാര്യത്തില്‍ ഒരെതിര്‍പ്പും ലേഖകന്‍ പ്രകടിപ്പിച്ചിട്ടില്ല. ആ യാഥാര്‍ഥ്യത്തെ അദ്ദേഹം നിഷേധിച്ചിട്ടുമില്ല. എന്നാല്‍, പിന്നീടാ ആചാരം നിര്‍ത്തലാക്കി എന്നാണ് ആകപ്പാടെ പറഞ്ഞതിന്റെ ചുരുക്കം. അതുകൊണ്ട് എന്താണ്? മനുഷ്യരായ ആരുടെയും ശവമഞ്ചം കാണുമ്പോള്‍ മനുഷ്യ മഹത്വത്തെ അംഗീകരിച്ചുകൊണ്ട് എഴുന്നേറ്റ് നില്‍ക്കാനാണ് നബി പഠിപ്പിച്ചത്, അത് അന്ന് മദീനയിലെ ഇസ്ലാമിലെ കൊടിയ ശത്രുക്കളായ ജൂതന്മാരുടെ മൃതദേഹമാണെങ്കില്‍ പോലും. 'അയാളും ഒരു മനുഷ്യനല്ലേ' എന്നായിരുന്നു നബിയുടെ ചോദ്യം എന്നോര്‍ക്കുക. പിന്നീട് നബിയോ ശിഷ്യന്മാരോ അത് നിര്‍ത്തലാക്കിയെങ്കില്‍, അത് ജൂതന്മാരുടെയോ അമുസ്ലിംകളുടെയോ ശവമഞ്ചങ്ങള്‍ കാണുമ്പോള്‍ മാത്രം എഴുന്നേറ്റ് നില്‍ക്കുന്നതിനെയല്ല. സാക്ഷാല്‍ മുസ്ലിംകള്‍ ഉള്‍പ്പെടെയും ആരുടെയും ജനാസ കാണുമ്പോള്‍ എഴുന്നേല്‍ക്കേണ്ടതില്ല എന്നാണ് തീരുമാനിച്ചത്. പാടുണ്ടോ, പാടില്ലേ എന്ന കര്‍മശാസ്ത്ര ചര്‍ച്ചക്ക് ഇക്കാര്യത്തില്‍ ഒരു പ്രസക്തിയുമില്ല. ജനാസ കാണുമ്പോള്‍ ആദരപൂര്‍വം എഴുന്നേല്‍ക്കുക എന്ന സംസ്കാരം നിലവിലിരുന്നപ്പോള്‍ അത് എല്ലാ മനുഷ്യരുടെയും കാര്യത്തില്‍ പാലിക്കപ്പെട്ടിരുന്നു എന്നതിനാണ് പ്രസക്തി. നിര്‍ത്തലാക്കിയപ്പോള്‍ പൊതുവെ എല്ലാവരുടെ കാര്യത്തിലും നിര്‍ത്തലാക്കി. അമുസ്ലിം ജനാസകളുടെ കാര്യത്തില്‍ മാത്രം അതുപേക്ഷിച്ചതല്ല. അതാണ് ഇസ്ലാമിന്റെ വിശാല വീക്ഷണം.

Comments

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം
എ.വൈ.ആര്‍