തീരുമാനം ദൈവത്തിന്റേത്, ആര്‍ക്ക് തടയാനാകും?
''എന്നാല്‍ ഭൂമിയില്‍ അടിച്ചമര്‍ത്തപ്പെട്ടുകൊണ്ടിരുന്ന ഒരു വിഭാഗത്തോട് ഔദാര്യം കാണിക്കാനും അങ്ങനെ അവരെ നേതാക്കന്മാരും അനന്തരമെടുക്കുന്നവരുമാക്കാനുമാണു നാം തീരുമാനിച്ചത്. എന്നിട്ട്, അവര്‍ക്കു അധികാരം നല്‍കി ഫറോവയും ഹാമാനും അവരുടെ പടകളും ഭയപ്പെട്ടതെന്തോ അതു നടപ്പില്‍ വരുത്തി കാണിക്കാനും'' (ഖുര്‍ആന്‍ 28: 5-6).
ഈജിപ്തിലെ വിപ്ലവാനന്തര തെരെഞ്ഞെടുപ്പ് പ്രക്രിയ അവസാനത്തിലെത്തി നില്‍ക്കെ സംഭവിക്കാന്‍ പോകുന്ന ശുഭപര്യവസാനത്തെക്കുറിച്ചോര്‍ത്തപ്പോള്‍ മനസ്സിലേക്ക് ഓടി വന്നത് വിശുദ്ധ ഖുര്‍ആനിലെ മേല്‍ പറഞ്ഞ സൂക്തങ്ങളായിരുന്നു. 60 വര്‍ഷത്തോളം നിരോധിക്കപ്പെടുകയും അടിച്ചമര്‍ത്തപ്പെടുകയും ചെയ്യപ്പെട്ട മുസ്‌ലിം ബ്രദര്‍ഹുഡ് എന്ന ഇസ്‌ലാമിസ്റ്റ് കൂട്ടായ്മ ഒടുവില്‍ സ്വതന്ത്ര ഈജിപ്തിന്റെ പ്രസിഡന്റ് ഭരണത്തിലേക്ക് നടന്നടുക്കുന്നു. ഏറ്റവും ഒടുവിലത്തെ ചിത്രമനുസരിച്ച് വരുന്ന ജൂണ്‍ 16നു നടക്കാന്‍ പോകുന്ന അവസാന വട്ട പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നേര്‍ക്കു നേരെ ഏറ്റുമുട്ടുന്നത് രണ്ടേ രണ്ടു പേരാണ്. ഒന്നു അടിച്ചമര്‍ത്തപ്പെട്ടവരുടെ പ്രതിനിധിയും വിപ്ലവത്തെ നേരെ നയിച്ച മുസ്‌ലിം ബ്രദര്‍ഹുഡിന്റെ സ്ഥാനാര്‍ഥിയുമായ പ്രഗത്ഭ പണ്ഡിതന്‍ ഡോ.മുഹമ്മദ് മര്‍സി. എതിരാളിയാവട്ടെ, ജനങ്ങളെ അടിച്ചമര്‍ത്താനും പീഡിപ്പിക്കാനും നേതൃത്വം കൊടുത്തിരുന്ന അഹ്മദ് ശഫീഖ്. വേട്ടക്കാരനും ഇരയും തമ്മിലുള്ള പോര്. ലോകം ഉറ്റു നോക്കുന്ന ഈ പോരാട്ടത്തിന്റെ പര്യവസാനമാകട്ടെ, എല്ലാവര്‍ക്കും അറിയാവുന്നതും തര്‍ക്കമില്ലാത്തതും.
ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടി ഈജിപ്ഷ്യന്‍ പാര്‍ലിമെന്റില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായതും അറബ് വസന്തത്തിന്റെ മുല്ലപ്പൂമൊട്ട് വിടര്‍ത്തിയ തുനീഷ്യയിലെ തെരഞ്ഞെടുപ്പ് ഫലവും ഇസ്‌ലാമിസ്റ്റുകളുടെ ആഗമനത്തെക്കുറിച്ച ശക്തമായ സൂചനകള്‍ നല്‍കിയിരുന്നു. അതിനാല്‍ ഏണും കോണും നോക്കാതെ,വിപ്ലവം ഇസ്‌ലാമിസ്റ്റുകള്‍ ചൂഷണം ചെയ്തു വെടക്കാക്കി തനിക്കാക്കുകയാണെന്നാണു പാശ്ചാത്യ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. അറബ് വസന്തം ഇസ്‌ലാമിക ശൈത്യത്തിനു വഴിമാറുന്നു (Arab Spring turns to Islamic Winter) എന്നായിരുന്നു പാശ്ചാത്യ മാധ്യമങ്ങള്‍ ചെണ്ടകൊട്ടിയത്. ഇസ്‌ലാം അധികാരത്തില്‍ വന്നാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകള്‍ ചൂണ്ടിക്കാട്ടി ജനമനസ്സുകളില്‍ പരമാവധി ഭീതി വിതക്കാന്‍ അവര്‍ കിണഞ്ഞു ശ്രമിച്ചു കൊണ്ടിരുന്നു. വാഷിംഗ്ടണ്‍ ടൈംസ്, വേള്‍ഡ് അഫയര്‍ ജേര്‍ണല്‍, യു.കെയില്‍ ഗാര്‍ഡിയന്‍, ഡയ്‌ലി മെയ്ല്‍ തുടങ്ങി ഇന്ത്യയിലെ തെഹല്‍ക്ക വരെയും ഇസ്‌ലാമിക ശൈത്യത്തെക്കുറിച്ച ലേഖനങ്ങള്‍ കൊണ്ട് പേജുകള്‍ നിറച്ചു.
പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കി ഡോ.മര്‍സി ഒന്നാം സ്ഥാനത്തും ശഫീഖ് രണ്ടാം സ്ഥാനത്തുമായി വന്നപ്പോഴും പശ്ചാത്യ മാധ്യമങ്ങള്‍ വിടാന്‍ തയാറില്ലായിരുന്നു. ബ്രദര്‍ഹുഡിന്റെ മുന്നേറ്റത്തില്‍ കെറുവുള്ള ചില ആളുകളെയും ബ്ലോഗര്‍മാരെയും ഉദ്ധരിച്ച് മാധ്യമങ്ങള്‍ ഈജിപ്തുകാരെ പരിഹസിച്ചു. എന്തിനേറെ ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടിയുടെ എം.പിമാര്‍ പാര്‍ലിമെന്റില്‍ ഇപ്പോള്‍ തന്നെ മോശമായാണു പെരുമാറുന്നതെന്നും ഇനി പ്രസിഡന്റു കൂടി ബ്രദര്‍ഹുഡുകാരനായാല്‍ ഈജിപ്തിന്റെ ഭാവി തുലഞ്ഞു പോകുമെന്നുമൊക്കെ ബ്രിട്ടനിലെ ഗാര്‍ഡിയന്‍ എഴുതി. ജേര്‍ണലിസത്തിന്റെ പ്രാഥമിക മര്യാദയായ വിവേചന രഹിത (unbiased) റിപ്പോര്‍ട്ട് എന്ന സങ്കല്‍പത്തിനു കടക വിരുദ്ധമായിരുന്നു ഈ എഴുത്തുകളൊക്കെയും. കാരണം ബ്രദര്‍ഹുഡിനു വോട്ട് ചെയ്യാത്ത ന്യൂനപക്ഷത്തിന്റെ അഭിപ്രായങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി വോട്ട് ചെയ്ത ഭൂരിപക്ഷത്തെ കൊഞ്ഞനം കുത്തുന്ന ഇത്തരം വാര്‍ത്തകള്‍ ഇസ്‌ലാം പേടിയെ അല്ലാതെ മറ്റെന്തിനെയാണു സൂചിപ്പിക്കുന്നത്.
സ്വേഛാധിപത്യം സഹിക്കാന്‍ കഴിയാത്ത ഒരു പുതിയ ഫേസ് ബുക്ക് തലമുറയാണു വിപ്ലവത്തിനു പിന്നില്‍, അല്ലാതെ, ഇസ്‌ലാമല്ല എന്നായിരുന്നു പാശ്ചാത്യ മാധ്യമങ്ങളുടെ പ്രചാരണത്തിന്റെ കാതല്‍. ഈ സഹിക്കാന്‍ കഴിയായ്ക ഇസ്‌ലാം സൃഷ്ടിച്ച സ്വാതന്ത്ര്യബോധത്തിന്റെ അനുരണനങ്ങളാണെന്നും, ലോകത്തെമ്പാടുമുള്ള ഇസ്‌ലാമിസ്റ്റുകള്‍ സാങ്കേതിക വിദ്യയെ മനോഹരമായി ഉപയോഗിക്കാന്‍ അറിയുന്നവരാണെന്നു ആരെങ്കിലും പറഞ്ഞു തരണോ. ഹാശിം റിഫാഇയുടെ ''കടല്‍ ശാന്തമാണെന്ന് വിചാരിച്ച് കപ്പിത്താന്‍ വിശ്രമിക്കുമ്പോഴാണു ചിലതരം കാറ്റുകള്‍ ആഞ്ഞു വീശുക, അത് സ്വേഛാധിപത്യത്തിന്റെ കപ്പലിനെയും അതിന്റെ കപ്പിത്താനെയും കടപുഴക്കിയെറിയും'' എന്ന വരികള്‍ ഇസ്‌ലാമിക ചിന്തയില്‍ നിന്നല്ലാതെ എവിടെ നിന്ന് വന്നു. ''അഗ്നി പര്‍വ്വതം പോലെ ഈജിപ്തിന്റെ മുകള്‍ഭാഗം ശാന്തമാണ്, പക്ഷെ, അടിത്തട്ട് തിളച്ചുമറിഞ്ഞുകൊണ്ടിരിക്കുകയാണ്. ഒരിക്കല്‍ അതു പൊട്ടിയൊഴുകും, ചൂടുള്ള ലാവകളുമായി'' ഹാശിം പാടി.
ചില അറബ് ഭരണാധികാരികളും പാശ്ചാത്യ പ്രചാരണങ്ങളില്‍ പങ്കു ചേര്‍ന്നിരുന്നു. കാലിനടിയിലെ മണ്ണ് ഒലിച്ച് പോകുന്നതായി തോന്നാത്ത ഒരു ഏകാധിപതിയും അറബ് ലോകത്ത് ബാക്കിയില്ല എന്നതാണു ശരി. ഈജിപ്ഷ്യന്‍ വിപ്ലവം നടന്ന ഉടന്‍ ഒരു ഈമെയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. അറബ് ഏകാധിപതികളേ, നോഹയുടെ പേടകത്തില്‍ കയറി രക്ഷപ്പെട്ടോളൂ (യാ തുഗാത്തല്‍ അറബ്, ഇര്‍കബൂ സഫീനത്ത നൂഹ്) എന്നതായിരുന്നു അതിന്റെ തലക്കെട്ട്. നോഹിന്റെ പുത്രന്‍ കനാനെ പോലെ, ഞാന്‍ നില്‍ക്കുന്ന പര്‍വ്വതത്തില്‍ പ്രളയമുണ്ടാകില്ല എന്നു ചിന്തിക്കേണ്ട, എല്ലാവരെയും കൊണ്ടേ ഈ വസന്തം പോകൂ എന്നതായിരുന്നു ഉള്ളടക്കം. ഇതും ഇതിനു സമാനമായ മറ്റ് നിരവധി പ്രചാരണങ്ങളും അവരെ ശരിക്കും ഭയപ്പെടുത്തി. പക്ഷെ, തീരുമാനം ദൈവത്തിന്റേതാണ്....ആര്‍ക്ക് തടയാനാകും?
Comments