Prabodhanm Weekly

Pages

Search

2023 മെയ് 12

3301

1444 ശവ്വാൽ 21

കെ.എ മുഹമ്മദ് മൗലവി മനസ്സുകളെ കീഴടക്കിയ സാത്വികൻ

കെ.എം ബശീർ

ഉന്നത പഠനത്തിന് പള്ളിദർസുകളെ മാത്രം ആശ്രയിച്ചിരുന്ന കാലത്ത് ഞങ്ങളുടെ പ്രദേശത്തു നിന്ന് ദർസ് പഠനം പൂർത്തിയാക്കി കർമ രംഗത്തിറങ്ങിയ സമകാലികരായ നാല് പേരിൽ ഒരാളായിരുന്നു കെ.എ മുഹമ്മദ് മൗലവി. അദ്ദേഹത്തിന്റെ മാതൃ സഹോദരിയുടെ മകൻ മാള  ടി.എ മുഹമ്മദ് മൗലവി, ഇരുവരുടെയും കുടുംബ ബന്ധുക്കൾ കൂടിയായ പുതിയോട്ട് അബ്ദുർറഹ്്മാൻ ഹാജി, സഹോദരൻ പി.എം അബ്ദുല്ലക്കോയ എന്നിവരായിരുന്നു മറ്റുള്ളവർ. ഇവരിൽ മൂന്ന് പേരും ഇസ്്ലാമിക പ്രസ്ഥാനത്തിന്റെ വിവിധ തലങ്ങളിൽ നേതൃപരമായ പങ്ക് വഹിച്ച സജീവ പ്രവർത്തകരായി മാറി. അത്യാവശ്യം ജീവിത സൗകര്യമുള്ളവർ ദർസ് പഠനത്തിലേക്ക് തിരിയുക അപൂർവമായിരുന്ന അക്കാലത്ത് അതൊക്കെ ഉണ്ടായിരിക്കെ തന്നെ പിതാവ് അബൂബക്കർ ഹാജിയുടെ താൽപര്യപ്രകാരമാണ് മുഹമ്മദ് മൗലവി പള്ളിദർസ് പഠനം തെരഞ്ഞെടുത്തത്. ദർസ് പഠനത്തിനുശേഷം പലചരക്ക് കച്ചവടം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് ഇസ്്ലാമിക പ്രസ്ഥാനവുമായി ബന്ധപ്പെടുന്നത്. ശാന്തപുരം ഇസ്്ലാമിയാ കോളേജിൽ സേവനമനുഷ്ഠിച്ചിരുന്ന മർഹൂം ഹൈദ്രോസ് സാഹിബിന്റെ നിരന്തര ബന്ധത്തിലൂടെയാണ് മുഹമ്മദ് മൗലവി ജമാഅത്തെ ഇസ്്ലാമിയിൽ ആകൃഷ്ടനാകുന്നത്. പരന്ന വായനയിലൂടെ ഇസ്്ലാമിക പ്രസ്ഥാനത്തെ ഉൾക്കൊണ്ട അദ്ദേഹം കർമരംഗത്ത് സജീവമായി. പ്രസ്ഥാന പ്രവർത്തനം കടുത്ത എതിർപ്പുകൾ നേരിട്ടുകൊണ്ടിരുന്ന ആ സമയത്ത് നീർക്കുന്നത്തും പരിസര പ്രദേശങ്ങളിലും ഇസ്്ലാമിക പ്രസ്ഥാനത്തിന്റെ ശബ്ദമെത്തിക്കാൻ ധൈര്യപൂർവം കഠിനാധ്വാനം ചെയ്തു അദ്ദേഹം. സമീപ പ്രദേശങ്ങളായ പല്ലനയിലും മാന്നാറിലും വെച്ച് പ്രസ്ഥാന പ്രവർത്തനങ്ങൾക്കിടയിൽ മർദനമേൽക്കുകയും ഉണ്ടായിട്ടുണ്ട്. പിന്നീട് തിരുവനന്തപുരം ജില്ലയിലെ ഞാറയിൽ കോണത്തേക്ക് പ്രവർത്തനം മാറ്റി. പിന്നെയാണ് അന്ന് ഹൽഖാ അമീർ ആയിരുന്ന കെ.സി അബ്ദുല്ലാ മൗലവിയുടെ നിർദേശപ്രകാരം കോഴിക്കോട് ജില്ലയിലെ പൈങ്ങോട്ടായി തന്റെ  കർമമണ്ഡലമായി തെരഞ്ഞെടുക്കുന്നത്. 
പൈങ്ങോട്ടായിയിലേക്കുള്ള കൂടുമാറ്റം ഒരു പറിച്ചുനടൽ തന്നെയായിരുന്നു. പിന്നീട് ആറ് പതിറ്റാണ്ട് കാലത്തോളം കർമമണ്ഡലമായ പൈങ്ങോട്ടായി അദ്ദേഹത്തിന്റെ സ്വന്തം നാടായി മാറുകയായിരുന്നു. അങ്ങനെയാണ് നീർക്കുന്നത്തുകാരനായ മുഹമ്മദ് മൗലവി പൈങ്ങോട്ടായി മുഹമ്മദ് മൗലവിയായി അറിയപ്പെടുന്നത്. വാഗ്മിതയും നേതൃകഴിവുമുള്ള  ഒരു യുവ പണ്ഡിതനെയാണ് അന്ന് നീർക്കുന്നത്തുകാർക്ക്  നഷ്ടപ്പെട്ടതെങ്കിലും അത് പൈങ്ങോട്ടായിക്ക് വലിയ അളവിൽ ഗുണം ചെയ്തു.
ഹാജി സാഹിബിന്റെ കാലത്ത് തന്നെ പ്രസ്ഥാന സന്ദേശം എത്തിയ പൈങ്ങോട്ടായി ഒരു മാതൃകാ പ്രസ്ഥാന ഗ്രാമമായി വികസിച്ചുകൊണ്ടിരിക്കുന്ന സന്ദർഭത്തിലാണ് കെ.എ മുഹമ്മദ് മൗലവി അങ്ങോട്ടെത്തുന്നത്. തറക്കണ്ടി അന്ത്രു  ഹാജി, തോലാത്തി അന്ത്രു ഹാജി, തോലാത്തി ബീരാൻ ഹാജി (കീരംവെള്ളി), എ.കെ കുഞ്ഞുമുഹമ്മദ് സാഹിബ്, അത്തികുളങ്ങര മൊയ്തു ഹാജി, തെയ്യത്താം കണ്ടി അഹമ്മദ് ഹാജി (പുനത്തിൽ) തുടങ്ങിയവർ ഒരു ടീമായി നിന്നുകൊണ്ട് പൈങ്ങോട്ടായി മഹല്ലിനും  പ്രസ്ഥാനത്തിനും നേതൃത്വം കൊടുക്കുന്ന കാലത്താണ് ഇത്. 
പൈങ്ങോട്ടായിയിൽ ഇസ്്ലാമിക പ്രവർത്തനം പൂത്തുലഞ്ഞുനിന്ന സന്ദർഭത്തിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതും ജമാഅത്തെ ഇസ്്ലാമി നിരോധിക്കപ്പെടുന്നതും.  പൈങ്ങോട്ടായി എന്ന ചെറിയ ഗ്രാമത്തിൽനിന്ന് മാത്രം മുഹമ്മദ് മൗലവി ഉൾപ്പെടെ ഏഴ് പേരെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു.  
മതിയായ ഗതാഗത സൗകര്യങ്ങളോ വൈദ്യുതി പോലുമോ എത്താതിരുന്ന കാലത്താണ് തെക്കൻ കേരളത്തിലെ ആലപ്പുഴ  ജില്ലയിലെ നീർക്കുന്നത്ത്  നിന്ന് കോഴിക്കോട് ജില്ലയിലെ പൈങ്ങോട്ടായി എന്ന ഗ്രാമത്തിൽ മൗലവി എത്തുന്നത്. തികച്ചും വ്യത്യസ്തമായ ജീവിതരീതിയും ഭാഷാശൈലിയും ആയിരുന്നിട്ടും ലളിതമായ ജീവിതവും വിനയപൂർവമായ പെരുമാറ്റവും ആകർഷകമായ സംഭാഷണ ശൈലിയുമായി പൈങ്ങോട്ടായിക്കാരുടെ നല്ല മനസ്സിനെ കീഴടക്കാനും അവരിൽ ഒരാളായി ഇഴുകിച്ചേരാനും മൗലവിക്ക് സാധിച്ചു. മഹല്ലിന്റെയും നാടിന്റെയും നവോത്ഥാനത്തിന് വലുപ്പച്ചെറുപ്പം ഇല്ലാതെ, മുതിർന്നവരെന്നും ചെറുപ്പക്കാരെന്നും വ്യത്യാസമില്ലാതെ അവരൊന്നടങ്കം  മൗലവിയെ പിന്തുണച്ചു. യാഥാസ്ഥിതിക വിഭാഗങ്ങളിൽനിന്നുണ്ടായ എതിർപ്പുകളെ വ്യക്തിബന്ധങ്ങൾക്കും കുടുംബ ബന്ധങ്ങൾക്കും അതീതമായ ആദർശ ബോധത്തോടെ അവർ ഒറ്റക്കെട്ടായി പ്രതിരോധിച്ചു. പ്രമാദമായ പൈങ്ങോട്ടായി പുരാതന ജുമുഅത്ത് പള്ളി കേസ് രമ്യമായി  പരിഹരിക്കണമെന്ന് മൗലവി അതിയായി ആഗ്രഹിച്ചിരുന്നു. അത് പൂർണാർഥത്തിൽ പൂവണിഞ്ഞില്ലെങ്കിലും, പതിറ്റാണ്ടുകളായി അടഞ്ഞുകിടന്ന പള്ളിയുടെ കവാടങ്ങൾ വിശ്വാസികൾക്കായി തുറന്നുകൊടുത്തതിന് ശേഷമാണ് മൗലവി വിടപറഞ്ഞത്.  മൗലവിയോടൊപ്പം  തോളോട് തോൾ ചേർന്ന് പ്രവർത്തിച്ചിരുന്നവരിൽ പ്രമുഖരായ ചെവിടമ്മൽ മൊയ്തു മൗലവി, ചെവിടമ്മൽ മൂസാ ഹാജി, കോന്തനാരി മൊയ്തു മാഷ്, കീരംവെള്ളി ഇബ്്റാഹീം സാഹിബ് തുടങ്ങിയവരൊക്കെ അല്ലാഹുവിലേക്ക് യാത്രയായി. 
പൈങ്ങോട്ടായിക്കാർ മൗലവിയെ വലിയ അളവിൽ സ്നേഹിച്ചു; മൗലവി തിരിച്ചും.  അതുകൊണ്ടാണ് വിദൂര ദേശത്തുനിന്ന് വന്ന ഒരാൾക്ക് ഈ ദേശത്തെ സ്വന്തം നാടായി സ്വീകരിക്കാനും ഇവിടത്തുകാർക്ക് അദ്ദേഹത്തെ നാട്ടുകാരനായി ഉൾക്കൊള്ളാനും കഴിഞ്ഞത്. പ്രായത്തിന്റെ അവശതകൾ നേരിട്ടു തുടങ്ങിയ നാളുകളിൽ ജന്മനാടിനെ കുറിച്ച ഗൃഹാതുരത്വം അദ്ദേഹത്തിന്റെ മനസ്സിനെ അലട്ടിക്കൊണ്ടിരുന്നെങ്കിലും പൈങ്ങോട്ടായി വിട്ടുപോകാൻ അദ്ദേഹം സന്നദ്ധമായിരുന്നില്ല. 
 കുറ്റ്യാടി ഇസ്്ലാമിയാ കോളേജിലെ പഠനകാലത്താണ് എന്റെ വല്യുമ്മയുടെ അനുജത്തിയുടെ മകൻ എന്ന നിലയിൽ എന്റെ അമ്മാവനായ മുഹമ്മദ് മൗലവിയുമായി കൂടുതൽ അടുത്തിടപഴകാൻ എനിക്ക് അവസരം ലഭിക്കുന്നത്. കോളേജിലെ അവധി ദിനങ്ങൾ എനിക്ക് പൈങ്ങോട്ടായിയിലെ അദ്ദേഹത്തിന്റെ വീട്ടിലേക്കുള്ള യാത്രകളായിരുന്നു. അതുവഴി പൈങ്ങോട്ടായിയിലെ ഇസ്്ലാമിക പ്രവർത്തകരുമായി കൂടുതൽ അടുക്കാനും ഇടപഴകാനും, അവരുടെ ഹൃദ്യമായ ആതിഥേയത്വം  അനുഭവിക്കാനും ധാരാളം അവസരം എനിക്ക് ലഭിച്ചിട്ടുണ്ട്. മൗലവിയുടെ അനന്തരവൻ എന്ന നിലയിൽ പ്രത്യേക സ്നേഹവും പരിഗണനയും പൈങ്ങോട്ടായിക്കാരിൽനിന്നും, അവിടെനിന്നും പരിസര പ്രദേശങ്ങളിൽനിന്നും കുറ്റ്യാടി ഇസ്്ലാമിയാ കോളേജിൽ പഠിച്ച വിദ്യാർഥികളിൽനിന്നും എനിക്ക് ലഭിച്ചിട്ടുണ്ട്.
ഏകദേശം ഒന്നര മാസം മുമ്പ് മൗലവിയെ അദ്ദേഹത്തിന്റെ വീട്ടിലെത്തി സന്ദർശിക്കാനായത് സമാധാനമായി കരുതുന്നു.
 പൈങ്ങോട്ടായിയിലായിരിക്കെ തന്നെ, ജന്മനാടായ നീർക്കുന്നത്തെ ഇസ്്ലാമിക പ്രവർത്തകരുടെ അഭിമാന സ്തംഭമായ അൽഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ പ്രാരംഭ പ്രവർത്തനങ്ങളിൽ പങ്കാളിത്തം വഹിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. പ്രസ്ഥാന സ്ഥാപനങ്ങളുടെ പ്രചരണാർഥം സുഊദി അറേബ്യ, ഖത്തർ, യു.എ.ഇ എന്നീ ഗൾഫ് നാടുകൾ സന്ദർശിച്ചിട്ടുണ്ട്. വടകര ശാന്തിനികേതൻ വനിതാ കോളേജ് പ്രിൻസിപ്പലായും കുറച്ചുനാൾ പ്രവർത്തിച്ചിട്ടുണ്ട്. ഇടക്കാലത്ത് ജമാഅത്തെ ഇസ്്ലാമി കോഴിക്കോട് ജില്ലാ നാസിമായി ജില്ലയിലെ ഇസ്്ലാമിക പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുകയും ചെയ്തു.
 മക്കളും മരുമക്കളും സജീവ ഇസ്്ലാമിക പ്രവർത്തകരോ സഹയാത്രികരോ ആണ്. അല്ലാഹു അദ്ദേഹത്തിന്റെ വീഴ്ചകൾ പൊറുത്തു കൊടുക്കുകയും കർമങ്ങൾ സ്വീകരിച്ച് സ്വർഗ പ്രവേശം നൽകി അനുഗ്രഹിക്കുകയും ചെയ്യുമാറാകട്ടെ (ആമീൻ). l

 

 

മൗലാനാ റാബിഅ് ഹസനി നദ്്വി 
(1929-2023)

 

പ്രതിസന്ധികള്‍ നിറഞ്ഞ കാലത്ത് ഇന്ത്യന്‍ മുസ്്ലിംകള്‍ക്ക് ദിശാബോധം നല്‍കുകയും അവരെ വിവേകത്തിന്റെ പാതയിലൂടെ നയിക്കുകയും ചെയ്ത പണ്ഡിതനായിരുന്നു കഴിഞ്ഞ ഏപ്രില്‍ പതിമൂന്നിന് വിടവാങ്ങിയ മൗലാനാ മുഹമ്മദ് റാബിഅ് ഹസനി നദ്്വി.
ആള്‍ ഇന്ത്യാ മുസ്്ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് പ്രസിഡന്റായും പ്രശസ്ത ഇസ്്ലാമിക കലാലയമായ ലഖ്നൗ ദാറുല്‍ ഉലൂം നദ് വത്തുല്‍ ഉലമായുടെ ചാന്‍സലറായും ദീര്‍ഘകാലം സേവനം ചെയ്തിട്ടുണ്ട്. ഇസ്്ലാമിക് ഫിഖ്ഹ് അക്കാദമി ഇന്ത്യയുടെ പ്രസിഡന്റും രിയാദിലെ റാബിത്വ അദബെ ഇസ്്ലാമിയുടെ വൈസ് പ്രസിഡന്റും റാബിത്വതുല്‍ ആലമില്‍ ഇസ്്ലാമി (മുസ്്ലിം വേള്‍ഡ് ലീഗ്)യുടെ സ്ഥാപകാംഗങ്ങളില്‍ ഒരാളുമായിരുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ 500 മുസ്്ലിം വ്യക്തിത്വങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു. പ്രശസ്ത പണ്ഡിതൻ മൗലാനാ അബുല്‍ ഹസന്‍ അലി നദ്്വിയുടെ അനന്തരവനും (സഹോദരീ പുത്രന്‍) ആയിരുന്നു.
1929 ഒക്ടോബര്‍ 29-ന് റായ്ബറേലിയിലാണ് ജനനം. 1948-ല്‍ ദാറുല്‍ ഉലൂം നദ്്വത്തുല്‍ ഉലമായില്‍നിന്ന് ബിരുദമെടുത്തു. ദാറുല്‍ ഉലൂം ദയൂബന്ദില്‍ ഒരു വര്‍ഷം പഠിച്ച ശേഷം ഉപരിപഠനത്തിനായി ഹിജാസിലെത്തി. അറബി ഭാഷയിലും സാഹിത്യത്തിലുമാണ് അദ്ദേഹത്തിന്റെ സവിശേഷ പഠനം. ദാറുല്‍ ഉലൂം ലഖ്‌നൗവില്‍ 1952-ല്‍ തിരിച്ചെത്തിയ അദ്ദേഹം ദീര്‍ഘകാലം അവിടെ അധ്യാപകനുമായിരുന്നു.
ലഖ്നൗവില്‍നിന്നിറങ്ങിയിരുന്ന അര്‍റാഇദ് അറബി പത്രത്തിന്റെ സ്ഥാപകനും കാരവാനെ അദബ് ഉര്‍ദു മാഗസിന്റെ എഡിറ്ററുമായിരുന്നു. 18 പുസ്തകങ്ങള്‍ ഉര്‍ദുവില്‍ രചിച്ചിട്ടുണ്ട്, അറബിയിലും ഏതാണ്ട് അത്രതന്നെ പുസ്തകങ്ങള്‍ എഴുതി. അദ്ദേഹത്തിന്റെ ജസീറത്തുൽ അറബ് ഉർദുവിലെ വ്യതിരിക്തതയുള്ള ഭൂമിശാസ്ത്ര ഗ്രന്ഥമാണ്. അല്‍ അദബുല്‍ അറബി ബൈനല്‍ അര്‍ദി വന്നഖ്ദ്, താരീഖുല്‍ അദബില്‍ അറബി എന്നിവയാണ് അറബി ഭാഷയും സാഹിത്യവും പ്രമേയമായ പ്രധാന കൃതികള്‍. ദീന്‍ വോ അദബ്, ഫിഖ്‌ഹെ ഇസ്്ലാമി ഔര്‍ അസ്വ്്റെ ജദീദ്, മുസ്്ലിം സമാജ് സിമ്മെദാരിയാം ഔർ തഖാദാ തുടങ്ങി ശ്രദ്ധിക്കപ്പെട്ട നിരവധി കൃതികളുണ്ട്.
'മുഴുവന്‍ സമുദായത്തിന്റെയും വിലപിടിച്ച ആസ്തി' എന്നാണ് തന്റെ അനുശോചന സന്ദേശത്തില്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്്ലാമി അധ്യക്ഷന്‍ സയ്യിദ് സആദത്തുല്ലാ ഹുസൈനി അദ്ദേഹത്തെ വിശേഷിപ്പിച്ചത്. വിജ്ഞാനം, സാഹിത്യം, അധ്യാപനം, വഴികാട്ടല്‍, പ്രബോധനം, സമുദായത്തിന് നേതൃത്വം കൊടുക്കല്‍ തുടങ്ങി പല മേഖലകളില്‍ നിരന്തരം സേവനം ചെയ്യുകയായിരുന്നു ആ വ്യക്തിത്വം. നാല് വര്‍ഷം മുമ്പ് താന്‍ ആദ്യമായി ഇന്ത്യന്‍ ജമാഅത്തെ ഇസ്്ലാമി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട അവസരത്തില്‍ തന്നെ അടുത്തിരുത്തി കുറെ നേരം പലപല കാര്യങ്ങള്‍ പങ്ക് വെച്ച കാര്യം ഹുസൈനി അനുസ്മരിച്ചു. മുസ്്ലിം ലോകത്തിന് ഇസ്്ലാമിക വിജ്ഞാനത്തിന്റെയും ചിന്തയുടെയും വലിയ ആധാരങ്ങളിലൊന്നാണ് നഷ്ടമായിരിക്കുന്നതെന്ന് ആള്‍ ഇന്ത്യാ മുസ്്ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗ. ഖാലിദ് സൈഫുല്ലാ റഹ്്മാനി പറഞ്ഞു. അദ്ദേഹം പേഴ്‌സനല്‍ ബോര്‍ഡ് അധ്യക്ഷനായിരിക്കെ പ്രശ്‌നങ്ങളില്‍ വളരെ പക്വവും വിവേകപൂര്‍ണവുമായ നിലപാടാണ് സ്വീകരിച്ചിരുന്നതെന്നും സൈഫുല്ലാ റഹ്്മാനി ചൂണ്ടിക്കാട്ടി. l

Comments