Prabodhanm Weekly

Pages

Search

2023 മെയ് 12

3301

1444 ശവ്വാൽ 21

കൊച്ചിയെ മോശമാക്കി  ചിത്രീകരിക്കുന്നു

ഷാഹിദ് ഖാൻ ഖത്തർ

 പ്രബോധനം 3290-ൽ ടി.കെ ഹുസൈൻ രചിച്ച  'വെയിൽ നിഴലുകൾ' എന്ന പുസ്തകത്തെ നിരൂപണം ചെയ്ത് വി.എസ് സലീം എഴുതിയ ലേഖനത്തിലൊരിടത്ത് (പശ്ചിമ) കൊച്ചിയെ  'എല്ലാത്തരം തിന്മകൾക്കും പടർന്നു പന്തലിക്കാൻ മാത്രം വളക്കൂറുള്ള മണ്ണെന്ന്' വളരെ മോശമായ രീതിയിൽ പരാമർശിച്ചത് ശരിയായില്ല. ലേഖകന് കൊച്ചിയെ (ഫോർട്ട് കൊച്ചി-മട്ടാഞ്ചേരി) കുറിച്ച് വേണ്ടത്ര പരിജ്ഞാനം ഇല്ലാത്തതുകൊണ്ടാവും.  ഒരുപക്ഷേ, ലേഖകൻ കൊച്ചിയെ കുറിച്ച് മറ്റുള്ളവരിൽനിന്ന് കേട്ടതോ,  ചലച്ചിത്രങ്ങളിൽനിന്ന്  കേട്ടതോ ആയ സംഭാഷണങ്ങളായിരിക്കാം ഈ തെറ്റു
ധാരണയ്ക്ക് കാരണം.
ഒരു കാലത്ത് ബ്രിട്ടീഷുകാർ ഹോംലി ഇംഗ്ലണ്ട് എന്നും പോർച്ചുഗീസുകാർ ലിറ്റിൽ ലിസ്ബൺ എന്നും ഡച്ചുകാർ ഹോംലി ഹോളണ്ട് എന്നും വിശേഷിപ്പിച്ച നാടിന്റെ പേരാണ് കൊച്ചി.
4.5 ചതുരശ്ര കിലോമീറ്ററിനുള്ളിൽ 16 ഭാഷകൾ സംസാരിക്കുന്ന മുപ്പതിലധികം നാനാ ജാതി-മത വിഭാഗങ്ങൾ പരസ്പരം കുശലം പറയുന്ന വിശ്വപൗര (cosmopolitan) സംസ്കാരങ്ങളാൽ സമ്പന്നമായ നാടിന്റെ പേരാണ് കൊച്ചി.
മട്ടാഞ്ചേരിയിലെ ജൂത പള്ളിയിൽ (സിനഗോഗ്) ചെമ്പ് തകിടിൽ എഴുതിവെച്ചിരിക്കുന്നതിങ്ങനെയാണ് : 'സൂര്യനും ചന്ദ്രനും ഉള്ളിടത്തോളം നിങ്ങൾക്ക് ഇവിടെ സമാധാനത്തിലും ഐശ്വര്യത്തിലും കഴിയാം'. അങ്ങനെയുള്ള നാടിന്റെ പേരാണ് കൊച്ചി.

 

ആദ്യം ആദരിക്കേണ്ടത് ഖുർആൻ അധ്യാപകരെ


ഈ റമദാനിലെ   ഖുർആൻ സമ്മേളനങ്ങളിൽ പുതുമയുള്ളതായിരുന്നു  ടി.കെ ഉബൈദ് എന്ന ഖുർആൻ പണ്ഡിതനെ ആദരിക്കുന്ന  മാറഞ്ചേരി ഏരിയയിലെ പരിപാടി. അദ്ദേഹത്തിന്റെ ഖുർആൻ ബോധനവും മറ്റു പുസ്തകങ്ങളും പലരും വായിച്ചിട്ടുണ്ടെങ്കിലും  അദ്ദേഹം പ്രസംഗിക്കുന്നത് അധികം ആരും കേട്ടിരിക്കാൻ സാധ്യതയില്ല.
അദ്ദേഹം, താൻ മാറഞ്ചേരിയിലും പരിസരങ്ങളിലും ജീവിക്കാൻ തുടങ്ങിയ കാലം മുതൽക്കുള്ള ഓർമകൾ പങ്കുവെച്ചു.  അറുപതുകളിൽ പള്ളിദർസിലെ പഠനവും, ഇസ്്ലാമിക പ്രസ്ഥാനവുമായി അന്ന് മുതൽ ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞതും വിശദീകരിച്ചപ്പോൾ മാറഞ്ചേരിക്കാർക്ക് അതൊരു പുതിയ വിവരമായിരുന്നു.
ആദരവ് ഏറ്റു വാങ്ങിക്കൊണ്ട് അദ്ദേഹം പറഞ്ഞ ഒരു കാര്യം പ്രത്യേകം പരാമർശമർഹിക്കുന്നു. ഖുർആൻ സ്റ്റഡി നടത്തിക്കൊണ്ടിരിക്കുന്ന അധ്യാപകരെയാണ് ഏറ്റവും ആദ്യം ആദരിക്കേണ്ടത് എന്നാണ് അദ്ദേഹം പറഞ്ഞത്. തന്നെപ്പോലുള്ളവർ മരുന്ന് ഉൽപാദിപ്പിക്കുന്നവരാണെങ്കിൽ ആ മരുന്ന് മാർക്കറ്റിങ്ങിലൂടെ ജനങ്ങളിലെത്തിക്കുന്നവരാണ് ഖുർആൻ അധ്യാപകർ. ഖുർആൻ പണ്ഡിതന്മാരെയും അധ്യാപകരെയും പൊതു സമൂഹത്തിന് പരിചയപ്പെടുത്തുന്ന പരിപാടികൾ  ഉണ്ടാകണം എന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ കേട്ടപ്പോൾ തോന്നിയത്.
ഉമർ മാറഞ്ചേരി

 

അതൃപ്തി വളരാനുള്ള കാരണങ്ങൾ അന്വേഷിക്കണം


ഡോ. ഇ.എം സക്കീർ ഹുസൈൻ എഴുതിയ  'അല്ലാഹു ഗോത്ര ദൈവമോ?'എന്ന ലേഖനം (ലക്കം 3292) വായിച്ചു. വിഷയം പഠിച്ചും ശ്രേഷ്ഠമായ ലക്ഷ്യത്തോടെയും എഴുതിയതിന് നന്ദി. ലേഖനത്തിൽ പറയുന്ന കാര്യങ്ങളെപ്പറ്റി ഏകദേശം 10-15 കൊല്ലം മുമ്പുവരെ കാത്തോലിക്കർക്കിടയിൽ ഒരു വിയോജിപ്പും ഉണ്ടാകുമായിരുന്നില്ല. വലിയ ആദരവോടെ ഇസ്‌ലാമിനെ കാണുകയും ഞങ്ങൾക്കൊക്കെ പറഞ്ഞുതരികയും ചെയ്ത പണ്ഡിതന്മാർ ഞാനുൾപ്പെടുന്ന ഈശോ സഭ എന്ന കത്തോലിക്കാ സന്ന്യാസ സംഘത്തിലുണ്ടായിരുന്നു. ഒരു മുപ്പതു കൊല്ലം മുമ്പ് ഇസ്‌ലാമിനെപ്പറ്റി  ഉപരിപഠനം നടത്താൻ കേരളത്തിൽനിന്ന് ഒരാളെ അയക്കാൻ തീരുമാനിച്ച ഗ്രൂപ്പിൽ ഞാനുണ്ടായിരുന്നു. ഇപ്പഴും ഉണ്ട് അത്തരം പണ്ഡിതന്മാർ.
പക്ഷേ, 10- 15 കൊല്ലങ്ങളിൽ കേരളത്തിലെ ക്രിസ്ത്യാനികൾക്കിടയിൽ ഇസ്‌ലാമിനെപ്പറ്റി ശക്തമായ അസംതൃപ്തി വളർന്നുവന്നിട്ടുണ്ട്. അതിന്റെ സാഹചര്യങ്ങളും കാരണങ്ങളും പഠിച്ചു വിലയിരുത്താതെ സന്മനസ്സുകൊണ്ടും ഭാഷാപരമായ വിശദീകരണങ്ങൾകൊണ്ടും മാത്രം ക്രൈസ്തവ- ഇസ്്ലാം സാഹോദര്യം ബലപ്പെടില്ല എന്നാണ് ഞാൻ കരുതുന്നത്.
ആ സാഹചര്യങ്ങളുടെയും കാരണങ്ങളുടെയും ഒരു ലിസ്റ്റുണ്ടാക്കാൻ എനിക്കാകും. എന്നാൽ, അവയിലേക്ക്  ആധികാരികമായ വെളിച്ചം വീശാൻ ഞാൻ ആളല്ല. ലേഖകനെപ്പോലുള്ളവരുടെ ശ്രമം ആ വഴിക്കും തിരിയണം എന്നാണെന്റെ അഭിപ്രായം.
ലേഖനത്തിൽ ഉപയോഗിച്ചിരിക്കുന്ന, പലരും ഉപയോഗിക്കുന്ന, പാതിരി എന്ന പദത്തെപ്പറ്റി ഒരു കാര്യം. പാശ്ചാത്യ നാടുകളിൽനിന്ന് വന്ന ക്രിസ്ത്യൻ മിഷനറിമാരെ മുമ്പ് അങ്ങനെ വിളിച്ചിരുന്നു- ഉദാഹരണം അർണോസ് പാതിരി. ക്രമേണ ആ പദത്തിന് ആക്ഷേപത്തിന്റെയും അപഹസിക്കലിന്റെയും ഒരു ധ്വനി വന്നു. ഇപ്പോൾ ഒരു ക്രൈസ്തവ വിഭാഗവും തങ്ങളുടെ ആചാര്യരെപ്പറ്റി ആ പദം ഉപയോഗിക്കുന്നില്ല. അച്ചൻ, വൈദികൻ, പുരോഹിതൻ, ഇംഗ്ലീഷിൽ ഫാദർ എന്നൊക്കെയാണ് കാത്തോലിക്കർ പറയുന്നത്. ചിലർ പാസ്റ്റർ എന്നും ദൈവദാസൻ എന്നും പറയുന്നു. കുഞ്ഞാടുകൾ എന്ന പദത്തിന്റെയും കാര്യം ഇതുപോലെയാണ്. പുരോഹിതർ നയിക്കുന്ന വിശ്വാസികൾ എന്ന അർഥത്തിൽ ആ പദം ഞങ്ങൾ ഉപയോഗിക്കുന്നില്ല. വിശ്വാസി സമൂഹം, ക്രൈസ്തവ സമൂഹം, ആരാധനാ സമൂഹം എന്നൊക്കെയാണ് ഞങ്ങൾ പറയുന്നത്.

സ്നേഹാശംസകളോടെ
ഫാദർ ജോസഫ് പുളിക്കൽ 
എസ്. ജെ

Comments