Prabodhanm Weekly

Pages

Search

2023 മെയ് 12

3301

1444 ശവ്വാൽ 21

"ഇസ്്ലാമിനു മാത്രമേ ശൂന്യത നികത്താനാവൂ'

യൊറാം വാൻ ക്ലവരൻ

ഹോളണ്ടിലെ തീവ്ര വലതു പക്ഷത്തിന്റെ ആത്മീയ പിതാവ് എന്നറിയപ്പെടുന്ന ഗീർത്ത് വിൽഡേഴ്സിന്റെ വലം കൈയായി പ്രവർത്തിച്ചിരുന്ന കാലം യൊറാം വാൻ ക്ലവരനെ സംബന്ധിച്ചേടത്തോളം ഒട്ടും അകലെയല്ല. ആ കാലത്താണ് ക്ലവരൻ ഒരു ഇസ്്ലാം വിരുദ്ധ പുസ്തകത്തിന്റെ രചനയിൽ ഏർപ്പെടുന്നത്. ഇസ്്ലാമിനെ പഠിക്കും തോറും അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ മാറിക്കൊണ്ടിരുന്നു. ഇസ്്ലാമിനെക്കുറിച്ചും മുസ്്ലിംകളെക്കുറിച്ചും നേരത്തെയുണ്ടായിരുന്ന ഭീതി ഇല്ലാതായി. ആ പഠനം ക്ലവരനെ 2019 - ൽ ഇസ്്ലാമിലെത്തിച്ചു. ഖുർആൻ കത്തിക്കൽ പോലുള്ള അത്യന്തം പ്രകോപനപരമായ നീക്കങ്ങൾ തീവ്ര വലതു പക്ഷം നടത്തിക്കൊണ്ടിരിക്കെ ഇസ്്ലാം ആശ്ലേഷിച്ച അദ്ദേഹം തുർക്കിയ ചാനലായ TRT World-ന് നൽകിയ അഭിമുഖം.

 

താങ്കളുടെ ഇസ്്ലാമാശ്ലേഷം വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നല്ലോ. അതിന് മുമ്പുള്ള താങ്കളുടെ ജീവിതത്തെക്കുറിച്ച് പറയാമോ?
വർഷങ്ങളായി രാഷ്ട്രീയക്കാരൻ എന്ന നിലക്ക് ഇസ്്ലാമിനോട് പോരാടാൻ ഞാൻ എന്റെ കഴിവിൽ പെട്ട സകലതും ചെയ്തുവരികയായിരുന്നു. ഹോളണ്ടിലെ മുഴുവൻ ഇസ്്ലാമിക കലാലയങ്ങളും അടച്ചുപൂട്ടാനുള്ള നിയമം കൊണ്ടുവരാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. എന്റെ നാട്ടിലെ മുഴുവൻ മസ്ജിദുകളും അടച്ചുപൂട്ടിക്കാനും ശ്രമിച്ചു. ഖുർആൻ നിരോധിക്കണമെന്നാവശ്യപ്പെട്ടും രംഗത്തിറങ്ങി. അക്കാലത്ത് ഞാൻ ഖുർആനെ വിശേഷിപ്പിച്ചിരുന്നത് 'വിഷം' എന്നായിരുന്നു. ഡച്ച് പാർലമെന്റ് അംഗം എന്ന നിലക്ക് അവസരം കിട്ടുമ്പോഴൊക്കെ ഞാൻ ഇസ്്ലാം ഉയർത്തുന്ന ഭീഷണികളെക്കുറിച്ച് പറഞ്ഞു കൊണ്ടിരുന്നു. ഇസ്്ലാമിനെ ഒരു യഥാർഥ മതമായി ഞാൻ ഒരിക്കലും കണ്ടിരുന്നില്ല. ലോകത്തിന് ഏറ്റവും അപകടകരമായ രാഷ്ട്രീയ പ്രത്യയശാസ്ത്രമായാണ് ഞാനതിനെ കണ്ടത്. ഇസ്്ലാം ഹിംസാത്മകമാണ്, സ്ത്രീ വിരുദ്ധമാണ്, ക്രൈസ്തവതക്കെതിരാണ്, സ്വാഭാവികമായും ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നതാണ് - ഇക്കാര്യങ്ങളിലൊന്നും എനിക്ക് ഒരു സംശയവും ഉണ്ടായിരുന്നില്ല.
എന്റെ ഈ ചിന്താഗതികൾ അധികവും വരുന്നത് യാഥാസ്ഥിതിക പ്രൊട്ടസ്റ്റന്റ് മത പശ്ചാത്തലത്തിൽ നിന്നാണ്. പ്രൊട്ടസ്റ്റന്റ് വിശ്വാസ പ്രകാരം, മറ്റു മതങ്ങളെല്ലാം, പ്രത്യേകിച്ച് ഇസ്്ലാം വഴിപിഴച്ചു പോയിരിക്കുന്നു. ഇസ്്ലാം ത്രിയേകത്വത്തെ നിഷേധിക്കുന്നതും യേശുവിന്റെ ദിവ്യത്വം അംഗീകരിക്കാതിരിക്കുന്നതും ആദി പാപസങ്കൽപത്തെ തള്ളിക്കളയുന്നതും കാരണം ചില യാഥാസ്ഥിതിക പ്രൊട്ടസ്റ്റന്റ് വൈദികർ അതിനെ പൈശാചിക അനുഷ്ഠാനങ്ങളായാണ് കണ്ടിരുന്നത്. ഞാൻ ഉൾപ്പെട്ട സെക്ടിൽ അത്തരം ആശയങ്ങളാണ് പ്രചാരം നേടിയിരുന്നത്.
ഞാൻ കോളേജിലേക്ക് പോയ ആദ്യ ദിനം തന്നെ ഇത്തരം ചിന്താഗതികളെ അരക്കിട്ടുറപ്പിക്കുകയായിരുന്നു. 2001 സെപ്റ്റംബർ പതിനൊന്ന് ആയിരുന്നു ആ ദിനം! ഏതാണ്ട് അതേ സമയത്ത് തന്നെയാണ് ഹോളണ്ടിലെ പ്രശസ്ത സംവിധായകൻ തിയോ വാൻ ഗോഗ് വധിക്കപ്പെടുന്നത്. അംസ്റ്റർഡമിൽ എന്റെ പഴയ വീടിന്റെ അടുത്തു വെച്ചായിരുന്നു സംഭവം. അന്നു മുതൽ ഞാൻ തീരുമാനിച്ചതാണ്; തിൻമയുൽപാദിപ്പിക്കുന്ന ഈ മതത്തിനെതിരെ അവസാന ശ്വാസം വരെ പോരാടുമെന്ന്. അതിന്റെ കെടുതികളിൽനിന്ന് ഞാനെന്റെ രാജ്യത്തെ രക്ഷിക്കും. പക്ഷേ, ഏറ്റവും മികച്ച ആസൂത്രകൻ പ്രപഞ്ച നാഥനാണല്ലോ. നിങ്ങൾക്കറിയാവുന്നതു പോലെ, ഒടുവിൽ കാര്യങ്ങൾ നീങ്ങിയത് തീർത്തും വ്യത്യസ്തമായ വഴിയിലൂടെയാണ്.

ഇസ്്ലാം സ്വീകരിക്കാനുണ്ടായ കാരണം?
ഇസ്്ലാമിനെ രൂക്ഷമായി വിമർശിക്കുന്ന ഒരു പുസ്തകം ഞാൻ എഴുതിവരുന്നുണ്ടായിരുന്നു. അത് എന്റെ ചിരകാല അഭിലാഷമായിരുന്നു. അപ്പോഴേക്കും ഞാൻ സജീവ രാഷ്ട്രീയ പ്രവർത്തനം നിർത്തിയിട്ടുണ്ട്. ഇസ്്ലാമിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് തെളിവ് നൽകേണ്ടതുണ്ടല്ലോ. ആ തെളിവുകൾ തേടിപ്പോയപ്പോഴാണ് ഇസ്്ലാമിനെക്കുറിച്ച് ഞാൻ വെച്ചുപുലർത്തുന്ന ധാരണകൾക്ക് കടക വിരുദ്ധമായ വസ്തുതകളെ എനിക്ക് അഭിമുഖീകരിക്കേണ്ടി വന്നത്. അപ്പോൾ എനിക്ക് പുതിയ ചില ചോദ്യങ്ങൾ ചോദിക്കേണ്ടി വന്നു. ഞാൻ എഴുതിവരുന്ന പുസ്തകം യാഥാർഥ്യ നിഷ്ഠമാവണം എന്ന് എനിക്ക് നിർബന്ധമുള്ളതിനാൽ ആ ചോദ്യങ്ങൾ ഞാൻ ചില മുസ്്ലിം പണ്ഡിതന്മാർക്ക് അയച്ചുകൊടുത്തു. നേരത്തെ തിമോത്തി വിന്റർ എന്നറിയപ്പെട്ടിരുന്ന പ്രഫ. അബ്ദുൽ ഹകീം മുറാദിനാണ് ചില ചോദ്യങ്ങൾ അയച്ചത്. അദ്ദേഹം മറുപടി നൽകുമെന്ന ഒരു പ്രതീക്ഷയും എനിക്കില്ലായിരുന്നു. കാരണം, കടുത്ത മുസ്്ലിം വിദ്വേഷം പുലർത്തുന്ന ഗ്രൂപ്പിലെ അംഗമാണല്ലോ ഞാൻ. പക്ഷേ, അദ്ദേഹം മറുപടി തന്നു. വളരെ തൃപ്തികരമായ മറുപടികൾ തന്നെ. വായിക്കേണ്ട പുസ്തകങ്ങളുടെയും ബന്ധപ്പെടേണ്ട പണ്ഡിതൻമാരുടെയും പേരുകളും നിർദേശിച്ചു തന്നു.
ത്രിയേകത്വം, ക്രിസ്തുവിനെ ബലി നൽകൽ, ആദിപാപം തുടങ്ങിയ വിഷയങ്ങളിൽ എനിക്ക് ആദ്യമേ ചില അവ്യക്തതകൾ ഉണ്ടായിരുന്നു. എന്റെ അന്വേഷണം ക്രമേണ ദൈവത്തിലേക്ക് തിരിഞ്ഞു. നേരത്തെയുണ്ടായിരുന്ന സംശയങ്ങൾക്കും ചോദ്യങ്ങൾക്കും ഞാൻ ഇസ്്ലാമിൽ മറുപടി കണ്ടെത്തി. ഇസ്്ലാമിലേക്കുള്ള പാതയിൽ ഞാൻ പിന്നിട്ട ഘട്ടങ്ങളാണ് എന്റെ പുസ്തകത്തിൽ (അതിൽനിന്നുള്ള ചില ഭാഗങ്ങൾ ഈ ലക്കത്തിൽ ചേർക്കുന്നുണ്ട് - വിവ:) പറയുന്നത്. അതിലെ ഒരു പ്രധാന ഘട്ടം മുഹമ്മദ് നബി(സ)യുടെ പ്രവാചകത്വവുമായി ബന്ധപ്പെട്ടാണ്. മാസങ്ങളെടുത്ത് ഞാൻ തിരുനബിയുടെ ജീവിതം പഠന വിധേയമാക്കി. യഥാർഥ ദൈവദൂതൻ തന്നെ അവിടുന്ന് എന്നെനിക്ക് പൂർണ ബോധ്യമാവുകയും ചെയ്തു. 
യഥാർഥത്തിൽ എനിക്ക് ഏക ദൈവത്തിൽ മാത്രമേ വിശ്വാസമുണ്ടായിരുന്നുള്ളൂ. റസൂൽ കൂടി എനിക്ക് സ്വീകാര്യനായതോടെ പിന്നെ വിശ്വാസിയാവാൻ തടസ്സങ്ങളേതുമില്ല. പൂർണ ബോധ്യത്തിൽ എത്തിച്ചേർന്ന ആ രാത്രി പക്ഷേ, സത്യത്തിന് വിധേയപ്പെടാൻ തയ്യാറാകാതെ എന്റെ മനസ്സ് വിലങ്ങടിച്ചു നിന്നു. ഇതൊരു ഭാവനയായി തോന്നാം. പക്ഷേ, സത്യം അതാണ്. പുസ്തക രചന പൂർത്തിയാക്കുകയും ഇസ്്ലാം സത്യമാണെന്ന് ബോധ്യപ്പെടുകയും ചെയ്തെങ്കിലും ഒരു മുസ്്ലിമായിത്തീരാൻ ഞാൻ ഒരുക്കമായിരുന്നില്ല. ആ രാത്രി, ഷെൽഫിലുണ്ടായിരുന്ന  പുസ്തകങ്ങൾ കുറച്ചകലേക്ക് ഞാൻ മാറ്റിവെക്കുകയായിരുന്നു. അപ്പോൾ ചില പുസ്തകങ്ങൾ താഴെ വീണു. കുനിഞ്ഞ് എടുത്തുനോക്കുമ്പോൾ, അതിലൊരെണ്ണം വിശുദ്ധ ഖുർആൻ ആയിരുന്നു. ഞാനത് മറിച്ചു നോക്കവെ എന്റെ ചൂണ്ടു വിരൽ ഒരു സൂക്തത്തിൽ പതിഞ്ഞു. അൽ ഹജ്ജ് അധ്യായത്തിലെ 46-ാം സൂക്തത്തിൽ: "കണ്ണുകളല്ല അന്ധമാവുന്നത്; മറിച്ച് നെഞ്ചുകളിലെ ഹൃദയങ്ങളാണ് അന്ധമാവുന്നത്." ഇതു തന്നെയാണല്ലോ എന്റെയും പ്രശ്നം! നോക്കൂ, ഈ പുസ്തകമെഴുതാൻ ആരും എന്നെ നിർബന്ധിച്ചിട്ടില്ല. അതെഴുതിക്കഴിഞ്ഞപ്പോൾ, യാഥാർഥ്യങ്ങളെല്ലാം എന്റെ മുമ്പിൽ അനാവൃതമായിക്കഴിഞ്ഞു. അവ സ്വീകരിക്കാൻ എന്റെ കണ്ണുകൾക്കോ ബുദ്ധിക്കോ തടസ്സമില്ല. എന്റെ ഹൃദയവും വികാരങ്ങളുമാണ് തടസ്സമുണ്ടാക്കുന്നത്. ഞാൻ അൽപനേരം പ്രാർഥനയിൽ മുഴുകി. ഒരു അടയാളം എനിക്ക് കാണിച്ചു തരേണമേ എന്ന് ദൈവത്തോട് മുട്ടിപ്പായി പ്രാർഥിച്ചു. അടയാളമായി ആകാശത്ത് മഴവിൽ തെളിയുകയോ സ്വർണ നക്ഷത്രങ്ങൾ പൊഴിയുകയോ ഒന്നുമുണ്ടായില്ല. പക്ഷേ, പിറ്റേന്ന് ഉറക്കമുണർന്നപ്പോൾ മനസ്സിലെ വിമ്മിട്ടവും അസ്വസ്ഥതകളും പൂർണമായി വിട്ടു മാറിയിരുന്നു. ഹൃദയത്തിൽ ശക്തിയും സൗഭാഗ്യവും ഞാൻ അനുഭവിച്ചറിയുകയായിരുന്നു. അന്ന് ഞാൻ എന്റെ മാതാവിനോടും ഭാര്യയോടും പറഞ്ഞു: 'ഞാൻ മുസ്്ലിമാവുകയാണ്.'

ഇസ്്ലാം സ്വീകരിക്കുകയാണ് എന്ന് പ്രഖ്യാപിച്ചപ്പോഴുള്ള പ്രതികരണമെന്തായിരുന്നു? ഭീഷണിപ്പെടുത്തലുകൾ ഉണ്ടായിരുന്നോ?
ഒട്ടേറെ വധഭീഷണികൾ എനിക്ക് ലഭിച്ചിട്ടുണ്ട്. ചിലർ എന്റെ കുട്ടികളെ കൊല്ലുമെന്നും ഭാര്യയെ മാനഭംഗപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി. പക്ഷേ, ഇതൊക്കെ ഒരർഥത്തിൽ എന്റെ തന്നെ പാപങ്ങളുടെ സ്വാഭാവിക ഫലമാണല്ലോ. ഇത്തരം അതിതീവ്രത കളല്ലേ ഞാൻ കഴിഞ്ഞ കാലങ്ങളിൽ പറഞ്ഞുകൊണ്ടിരുന്നത്. ഭീഷണികളൊക്കെ എന്റെ പഴയ കാല സുഹൃത്തുക്കളിൽനിന്നായിരുന്നു. ജീവിതം അങ്ങനെയാണല്ലോ. നാം എന്താണോ ചെയ്യുന്നത് അതാണ് തിരിച്ചു കിട്ടുക. അൽഹംദു ലില്ലാഹ് ... ഇപ്പോൾ കാര്യങ്ങൾ എളുപ്പമാണ്.

ഹോളണ്ടിന് ഇസ്്ലാമിനോടുള്ള സമീപനം എന്താണ്?
ഇതിന് രണ്ട് വശമുണ്ട്. പൊതുവെ തുറന്ന സമീപനമാണ് രാജ്യത്തിനകത്തുള്ളത്. പൗരൻമാർക്ക് എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്താനും കഴിവുകൾ വികസിപ്പിക്കാനുമുള്ള അവസരങ്ങളുണ്ട്. രാജ്യത്തിനകത്തെ നിരവധി പള്ളികൾ, ഇസ്്ലാമിക മദ്റസകൾ, വലിയ കമ്പനികൾ എന്നിവയൊക്കെ ഉദാഹരണങ്ങളായി പറയാം. ആരാധനാ കാര്യങ്ങൾ, വസ്ത്രം, ഭക്ഷണം തുടങ്ങിയ കാര്യങ്ങളിലൊക്കെ ഗവൺമെന്റിന് പ്രത്യേകം ശ്രദ്ധയുണ്ട്. അതേസമയം രാജ്യത്ത് ഇസ്്ലാമോഫോബിയ പടരുകയുമാണ്. പള്ളികൾക്കെതിരെയും ഹിജാബ് ധരിച്ച മുസ്്ലിം സ്ത്രീകൾക്കെതിരെയും ഖുർആന്ന് നേരെയും ഹിംസകൾ അരങ്ങേറുന്നു. ഭരണകൂടം ഔദ്യോഗികമായിത്തന്നെ ഇസ്്ലാമോഫോബിയ ഏറ്റെടുക്കുന്ന സാഹചര്യവുമുണ്ട്. പള്ളികൾക്കും ദീനീ സ്ഥാപനങ്ങൾക്കും ഫണ്ട് നൽകുന്നവരെ സംശയക്കണ്ണോടെയാണ് ഭരണകൂടം കാണുന്നത്. പള്ളികൾക്കും മറ്റും പുറം രാജ്യങ്ങളിൽനിന്ന് സഹായമെത്തുന്നതും ഭരണകൂടം തടയുന്നു. അതേസമയം ക്രൈസ്തവ-ജൂത സ്ഥാപനങ്ങൾക്ക് ഇത്തരം വിലക്കുകളൊന്നുമില്ല. ഹലാൽ ഭക്ഷണത്തിന് നിരോധനമേർപ്പെടുത്താനും ശ്രമിക്കുന്നു. പി.പി.വി (പാർട്ടി ഫോർ ഫ്രീഡം) പോലുള്ള ഹോളണ്ടിലെ രാഷ്ട്രീയ സംഘടനകൾ ഇസ്്ലാമിനെതിരെ നിരോധമേർപ്പെടുത്താനും മുസ്്ലിംകളോട് വിവേചനം കാണിക്കുന്ന നിയമങ്ങൾ കൊണ്ടുവരാനും കിണഞ്ഞു ശ്രമിക്കുന്നുണ്ട്.

പി.പി.വി നേതാവ് ഗീർത്ത് വിൽഡേഴ്സിനെ അടുത്തറിയുന്ന ആളാണ് താങ്കൾ. അദ്ദേഹത്തെക്കുറിച്ച് എന്തു പറയുന്നു?

ഒരു നാൾ അദ്ദേഹവും സത്യമാർഗത്തിലെത്തും, ഇൻശാ അല്ലാഹ്...

ഇസ്്ലാമോഫോബിയ ആളിപ്പടരുകയാണല്ലോ യൂറോപ്പിൽ. എന്താണ് കാരണങ്ങൾ? ഇതിൽ മീഡിയയുടെ പങ്ക് എന്താണ് ?

പല വിധത്തിൽ പരിശോധിക്കപ്പെടേണ്ട വിഷയമാണിത്. യൂറോപ്യർക്ക് ഇസ്്ലാമിനെക്കുറിച്ച് അറിയില്ല എന്നതു തന്നെയാണ് മുഖ്യ പ്രശ്നം. അവർക്കറിയാവുന്നത് മുസ്്ലിംകളുടെ പെരുമാറ്റമാണ്; പിന്നെ ടെലിവിഷനിലും ഇന്റർനെറ്റിലും അവരെക്കുറിച്ച് വരുന്നതും. മുസ്്ലിംകളുടെ കൈകാര്യങ്ങൾ മോശമായ രീതിയിലാണെങ്കിൽ അത് ഇസ്്ലാമിനെക്കുറിച്ച മോശം പ്രതിഛായ ഉണ്ടാക്കും. ഭീകരാക്രമണങ്ങൾ ഈ മോശം ഇമേജിനെ അരക്കിട്ടുറപ്പിക്കുകയാണ് ചെയ്തത്. മീഡിയ ഇതു തന്നെ ആവർത്തിച്ചാവർത്തിച്ച് കൊടുത്തുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇതെല്ലാം ചേർന്നാണ് ഇസ്്ലാമിനെക്കുറിച്ച ഭയം ഉൽപാദിപ്പിച്ചുകൊണ്ടിരിക്കുന്നത്. രാഷ്ട്രീയ പാർട്ടികൾക്ക് സത്യമറിയാം. അവർ സമൂഹത്തിന്റെ അജ്ഞതയെ മുതലെടുത്തുകൊണ്ടിരിക്കുകയാണ്.
ഇസ്്ലാമോഫോബിയക്ക് ഒരു ചരിത്ര പശ്ചാത്തലം കൂടിയുണ്ട്; പ്രത്യേകിച്ച് കിഴക്കൻ യൂറോപ്പിൽ. റൊമാനിയ, ഗ്രീസ്, ഹങ്കറി തുടങ്ങിയ കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ ഒരു കാലത്ത് തുർക്കിയയിലെ ഉസ്മാനി ഭരണത്തിൻ കീഴിലായിരുന്നു. ഒരു കിഴക്കൻ സാമ്രാജ്യ അധിനിവേശത്തെ അവർ ഭയക്കുക സ്വാഭാവികം. അതിലേക്ക് (തെറ്റായി) അവർ ഇസ്്ലാമിനെയും കണ്ണി ചേർക്കുന്നു. എല്ലാറ്റിനും പുറമെ, കുരിശ് യുദ്ധങ്ങൾ ഉൾപ്പെടെ കഴിഞ്ഞ കാലങ്ങളിൽ ക്രൈസ്തവ യൂറോപ്പും മുസ്്ലിം ലോകവും തമ്മിൽ സംഘട്ടനങ്ങൾ ഉണ്ടായിട്ടുണ്ടല്ലോ. ദൈവശാസ്ത്ര തർക്കങ്ങളും ധാരാളം. ഇതെല്ലാം ഇസ്്ലാമാണ് ശത്രു എന്ന പ്രതീതിയാണ് ഉണ്ടാക്കിയത്. അത് വലിയൊരു വിഭാഗം യൂറോപ്യരെ അറിഞ്ഞോ അറിയാതെയോ സ്വാധീനിക്കുന്നു. മീഡിയയുടെ കാര്യം നേരത്തെ സൂചിപ്പിച്ചുവല്ലോ.
    പിന്നെ ചർച്ചയിൽ അൽപം മാത്രം കടന്നുവരാറുള്ള ഒരു വിഷയമുണ്ട്. ഇതിലൊക്കെ യൂറോപ്പിലെ തീവ്ര സെക്യുലരിസ്റ്റുകൾക്കുള്ള പങ്കെന്ത് എന്നതാണത്. ഈ സ്ഥിതിവിശേഷത്തിന് വലിയൊരളവോളം കാരണക്കാർ ഇക്കൂട്ടരാണ്. ഇവരുടെ പ്രവർത്തനങ്ങൾ കാരണമായി അധിക യൂറോപ്യരും ദൈവത്തിൽനിന്ന് അടർത്തിമാറ്റപ്പെട്ട നിലയിലാണ്. മത ധാർമിക സദാചാര മൂല്യങ്ങളിൽനിന്ന് വളരെയേറെ അകലെയാണ് ആ ജനത. അതു കാരണം അവർക്ക് മതത്തെ മനസ്സിലാക്കാൻ പറ്റുന്നില്ല. മതാധ്യാപനങ്ങളിൽ വളരാത്ത ഒരു സമൂഹത്തിന് വിശ്വാസികളുടെ മുൻഗണനകൾ പിടികിട്ടുകയില്ലല്ലോ. ജനങ്ങൾക്കത് അപരിചിതമോ പേടിപ്പെടുത്തുന്നതോ ആയിത്തോന്നുക സ്വാഭാവികം. എന്നു മാത്രമല്ല, പൊതുവെ മതത്തോട് തന്നെ അവർക്ക് എതിർപ്പാണ്. മുസ്്ലിംകളോടാവുമ്പോൾ അതൽപം കൂടുതലുമാണ്. യൂറോപ്പിലെ മുസ്്ലിംകൾ പൊതുവെ മതത്തിന്റെ യഥാർഥ പ്രതിനിധാനം നിർവഹിക്കുമ്പോൾ, ക്രൈസ്തവരിൽ വലിയൊരു വിഭാഗം തങ്ങളുടെ മത വിശ്വാസത്തിൽനിന്ന് പുറത്തുകടന്നിരിക്കുന്നു. സെക്യുലർ ലിബറലിസം യൂറോപ്പിലെ വ്യക്തിയെയും സമൂഹത്തെയും ഇഞ്ചിഞ്ചായി കൊന്നുകൊണ്ടിരിക്കുകയാണെന്ന സത്യം നാം മറക്കാൻ പാടില്ലാത്തതാണ്.
അതിനാൽ, മുസ്്ലിംകൾ അവരുടെ പ്രബോധന പ്രവർത്തനങ്ങൾ കുറെക്കൂടി സജീവമാക്കേണ്ടതുണ്ട്. മോക്ഷമാർഗം കാണാതെ ഉഴറുന്ന, ഭൗതികതയുടെ ഊഷരതയിലേക്ക് എടുത്തെറിയപ്പെട്ട യൂറോപ്യൻ സമൂഹത്തിന് അവർ വഴികാട്ടികളാകേണ്ടതുണ്ട്. ഈ ശൂന്യത നികത്താൻ ഇസ്്ലാമിനല്ലാതെ മറ്റൊരു ദർശനത്തിനും സാധ്യമല്ല. അക്കാര്യമാണ് വിശുദ്ധ ഖുർആൻ അന്നഹ്ൽ അധ്യായത്തിലെ 125-ാം സൂക്തത്തിൽ പറയുന്നത്.

യൂറോപ്പിലെ രാഷ്ട്രീയക്കാർ ഇസ്്ലാമോഫോബിയയെയും വിവേചന നയങ്ങളെയും വേണ്ട രീതിയിൽ ചെറുക്കുന്നുണ്ടോ?

കുറച്ചുപേർ മാത്രം അങ്ങനെ ചെയ്യുന്നുണ്ട്. അധികപേരും വിഷയത്തിന്റെ ഗൗരവം കുറക്കുകയോ ആ വിഷയം തന്നെ കാണാതിരിക്കുകയോ ചെയ്യുന്നു.

യൂറോപ്യൻ ചെറുപ്പക്കാർ തീവ്ര വലതു പക്ഷത്തിലോ തീവ്ര ഇടതു പക്ഷത്തിലോ അഭയം തേടുന്നത് എന്തുകൊണ്ടാണ് ?
അവർക്ക് ദൈവത്തെയും മതത്തെയും നഷ്ടമായിരിക്കുന്നു. അതുകൊണ്ടുതന്നെ,ാ ഹൃദയത്തിലെ ശൂന്യത നികത്താനാവുമോ എന്നാണവർ നോക്കുന്നത്. പക്ഷേ, ചിന്തയോ അവബോധമോ ഇല്ല. മയക്കുമരുന്നുകൾ, തീവ്ര ദേശീയ / വംശീയ വികാരങ്ങൾ ജ്വലിപ്പിക്കുന്ന സമ്മേളനങ്ങൾ, ആഘോഷങ്ങൾ, അത്തരത്തിലുള്ള മറ്റു ചിന്തകൾ എന്നിവ കൊണ്ട് അവർ ശൂന്യത നികത്താൻ ശ്രമിക്കുന്നു. l

Comments