ഈസാ നബിയും യേശുവും
അരമായ ഭാഷയില്‍ യേശുവിനെ വിളിച്ചിരുന്ന പേര് 'ഈശോമ്ശീഖാ' എന്നായിരുന്നു. അതിനോട് ഏറ്റവും അടുത്തു നില്‍ക്കുന്ന നാമമാണ് 'ഈസാമസീഹ്' എന്നത്. ഖുര്‍ആനില്‍ പരാമര്‍ശിക്കുന്ന ഈസാ നബിയല്ല തങ്ങളുടെ യേശു എന്ന് ഇപ്പോള്‍ പുതുവാദികളായ ക്രിസ്ത്യന്‍ അപ്പോളജിസ്റ്റുകള്‍ വാദമുന്നയിക്കുന്നുണ്ട്. അതിന് അവര്‍ പറയുന്ന ന്യായം ഖുര്‍ആനിലെ, ഈസാ മരിച്ചിട്ടില്ല; ഉയിര്‍ത്തിട്ടുമില്ല എന്നാണ്. മരിച്ചവരില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റവനായ ക്രിസ്തുവിലാണ് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നത്; ഖുര്‍ആനിലെ ഈസാ നബി അല്ല അതെന്നാണ്.
ബൈബിള്‍ തന്നെ ഈ വിഷയത്തില്‍ പറയുന്നത് ഇപ്രകാരം വായിക്കാം: 'അവന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ പ്രധാന പുരോഹിതന്മാരുടെയും ജനപ്രമാണികളുടെയും അടുക്കല്‍ നിന്ന് വാളും വടികളുമായി ഒരു ജനക്കൂട്ടവും വന്നിരുന്നു. ഒറ്റുകാരന്‍ അവര്‍ക്ക് ഈ അടയാളം നല്‍കിയിരുന്നു. ഞാന്‍ ആരെ ചുംബിക്കുന്നുവോ അവന്‍ തന്നെ. അവനെ പിടിച്ചു കൊള്ളുക. അവന്‍ പെട്ടെന്ന് യേശുവിന്റെ അടുത്തു ചെന്ന്, റബ്ബീ വന്ദനം എന്നു പറഞ്ഞു അവനെ ചുംബിച്ചു. യേശു അവനോടു ചോദിച്ചു: സ്‌നേഹിതാ, നീ എന്തിനാണ് വന്നത്? അപ്പോള്‍ അവര്‍ മുന്നോട്ട് വന്ന് യേശുവിനെ പിടിച്ചു. യേശുവിനോട് കൂടെയുണ്ടായിരുന്നവരില്‍ ഒരുവന്‍ കൈനീട്ടി വാള്‍ ഊരി പ്രധാന പുരോഹിതന്റെ സേവകനെ വെട്ടി, അവന്റെ ചെവി ഛേദിച്ചു കളഞ്ഞു. യേശു അവനോട് പറഞ്ഞു: വാള്‍ ഉറയിലിടുക, വാളെടുക്കുന്നവന്‍ വാളാല്‍ നശിക്കും. എനിക്ക് എന്റെ പിതാവിനോട് അപേക്ഷിക്കാന്‍ കഴിയുകയില്ലെന്നും ഉടന്‍ തന്നെ അവിടുന്ന് എനിക്ക് തന്റെ ദൂതന്മാരുടെ പന്ത്രണ്ടിലേറെ വ്യൂഹങ്ങളെ അയച്ചു തരികയില്ലെന്നും നീ വിചാരിക്കുന്നുവോ?' (മത്തായി 26: 47-53).
പത്രോസിനോട് യേശു നടത്തുന്ന ഈ സംഭാഷണത്തിന്റെ പൂര്‍ത്തീകരണമെന്നോണമാണ് ഖുര്‍ആനില്‍ വന്നിട്ടുള്ള ഈ പരാമര്‍ശത്തെ കാണാവുന്നത്: 'അവര്‍ അദ്ദേഹത്തെ കൊന്നിട്ടുമില്ല; കുരിശില്‍ തറച്ചിട്ടുമില്ല' (വി. ഖുര്‍ആന്‍ 4:157).
കുരിശിലേറ്റാന്‍ വന്ന പടയാളികള്‍ക്ക് തന്നെ ദൈവം വിട്ടുകൊടുക്കാതെ മാലാഖമാരെ അയച്ച് രക്ഷിക്കുമെന്ന ശുഭപ്രതീക്ഷയാണ് യേശു പത്രോസുമായി പങ്ക് വെക്കുന്നത്. യേശുവിന്റെ ആ ശുഭപ്രതീക്ഷ തന്നെയാണ് സത്യമായി പുലര്‍ന്നതെന്ന് ഖുര്‍ആന്‍ സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു. 'പക്ഷേ, ദൈവത്തിങ്കലേക്ക് അവനെ ഉയര്‍ത്തുകയാണ് ചെയ്തത്' (വി.ഖുര്‍ആന്‍ 4:158).
യേശുവും ഈസാ നബിയും ഒന്നാണെന്ന് ഈ രണ്ട് ഗ്രന്ഥങ്ങളും സാക്ഷ്യം വഹിക്കുന്നു. യേശുവിന്റെ ശുഭപ്രതീക്ഷ അട്ടിമറിഞ്ഞു എന്നാണ് പിന്നീടുള്ള ബൈബിള്‍ വിവരണങ്ങളില്‍നിന്ന് മനസ്സിലാവുന്നത്. അതിനു കാരണവും ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്: 'പക്ഷേ, അവര്‍ക്ക് കാര്യങ്ങള്‍ അവ്യക്തമാക്കപ്പെടുകയാണുണ്ടായത്' (വി. ഖുര്‍ആന്‍ 4:157).
ഈ അവ്യക്തത സുവിശേഷങ്ങളിലെ കുരിശു മരണ പരാമര്‍ശങ്ങളില്‍ പ്രതിഫലിക്കുന്നതായി കാണാം: 'അവര്‍ പോകുന്ന വഴി ശിമയോന്‍ എന്ന കിറേനക്കാരനെ കണ്ടുമുട്ടി. യേശുവിന്റെ കുരിശ് ചുമക്കാന്‍ അവര്‍ അവനെ നിര്‍ബന്ധിച്ചു. തലയോടിടം എന്നര്‍ഥമുള്ള ഗൊല്‍ഗോഥായിലെത്തിയപ്പോള്‍ അവര്‍ അവന് കയ്പു കലര്‍ത്തിയ വീഞ്ഞ് കുടിക്കാന്‍ കൊടുത്തു. അവന്‍ അത് രുചിച്ചു നോക്കിയെങ്കിലും കുടിക്കാന്‍ ഇഷ്ടപ്പെട്ടില്ല. അവനെ കുരിശില്‍ തറച്ചതിനു ശേഷം, അവര്‍ അവന്റെ വസ്ത്രങ്ങള്‍ കുറിയിട്ടു ഭാഗിച്ചെടുത്തു' (മത്തായി 27:32-35).
'അലക്‌സാണ്ടറിന്റെയും റൂഫസിന്റെയും പിതാവായ കിറേനക്കാരന്‍ ശിമയോന്‍ നാട്ടിന്‍ പുറത്തുനിന്ന് വന്ന് അതിലേ കടന്നുപോവുകയായിരുന്നു. യേശുവിന്റെ കുരിശ് ചുമക്കാന്‍ അവര്‍ അവനെ നിര്‍ബന്ധിച്ചു. തലയോടിടം എന്നര്‍ഥമുള്ള ഗോല്‍ഗോഥായില്‍ അവര്‍ അവനെ കൊണ്ടുവന്നു. മീറ കലര്‍ത്തിയ വീഞ്ഞ് അവര്‍ അവന് കൊടുത്തു. അവന്‍ അത് കുടിച്ചില്ല. പിന്നീട്, അവര്‍ അവനെ കുരിശില്‍ തറച്ചു' (മാര്‍ക്കോസ് 15: 21-24).
'അവര്‍ അവനെ കൊണ്ടുപോകുമ്പോള്‍ നാട്ടിന്‍ പുറത്തുനിന്ന് ആ വഴി വന്ന ശിമയോന്‍ എന്ന ഒരു കിറേനക്കാരനെ പിടിച്ചുനിര്‍ത്തി കുരിശ് ചുമലില്‍ വെച്ച് യേശുവിന്റെ പിറകെ ചുമന്നുകൊണ്ടു വരാന്‍ നിര്‍ബന്ധിച്ചു' (ലൂക്കാ 23:26).
കുറേനക്കാരനായ ശിമയോന്‍, യൂദാസ്, യേശുവിന്റെ വിശ്വസ്താനുയായികളിലൊരാള്‍ എന്നിവരുടെ പേരുകളാണ് കുരിശില്‍ മരിച്ചതായി സമകാലികരായ കുറേനക്കാരും ബാസിലിഡിയക്കാരും അകാനോനിക സുവിശേഷ ഗ്രന്ഥങ്ങളും പറയുന്നത്. 'ഡൊസേറ്റിസത്തിന്റെ പ്രണേതാക്കളില്‍ ഒരാളായ ബസിലിദസിന്റെ അഭിപ്രായത്തില്‍ കുരിശ് ചുമന്നു കൊണ്ട് പോയ യേശു പെട്ടെന്ന് അപ്രത്യക്ഷനാവുകയും തല്‍സ്ഥാനത്ത് സൈറീന്‍കാരനായ ശിമയോന്‍ ക്രൂശിക്കപ്പെടുകയും ചെയ്തു. മറ്റൊരു വക്താവായ വലന്റൈന്‍ (Valentine) യേശുവിന്റെ പീഡാസഹനവും മരണവും എല്ലാം വെറുമൊരു തോന്നല്‍ മാത്രമായിരുന്നു എന്ന് വാദിച്ചു. ഗദ്‌സമനില്‍ വെച്ച് പിടിക്കപ്പെട്ടത് വാസ്തവത്തില്‍ യൂദാസ്‌സ്‌കറിയോത്താ ആയിരുന്നു എന്നും യേശു അദ്ഭുതകരമായി സ്വര്‍ഗത്തിലേക്ക് മടങ്ങിപ്പോയി എന്നും വാദിക്കുന്നവരുമുണ്ട്.' (പേജ് 100 : വിശ്വാസത്തിന്റെ വേരുകള്‍, ഫാദര്‍ മൈക്കിള്‍ കാരിമറ്റം, മീഡിയ ഹൗസ്, കാലിക്കറ്റ് 2016). ഖുര്‍ആനാകട്ടെ, 'യേശുവെ അവര്‍ കൊന്നിട്ടില്ലെന്ന്' ഉറപ്പിച്ചു പറയുകയും ചെയ്യുന്നു (ഖുര്‍ആന്‍ 4:157).
'ലാഇലാഹ ഇല്ലല്ലാഹ്' (അല്ലാഹു അല്ലാതെ ജീവിതം സമര്‍പ്പിക്കാന്‍ അര്‍ഹനായി മറ്റാരുമില്ല) എന്ന വാക്യം പുറം ചട്ടയിലടിച്ച് മുസ്‌ലിംകളും തങ്ങളും തമ്മിലുള്ള സാദൃശ്യങ്ങളില്‍ കേന്ദ്രീകരിച്ചുകൊണ്ട് മതപ്രഘോഷണം ചെയ്തിരുന്നവര്‍ പെട്ടെന്നൊരു നാള്‍ ഈസാ നബിയെ തങ്ങള്‍ക്കറിയില്ല എന്നു പറയുന്നതിന്റെ കാരണം എന്താവാം?
മുസ്‌ലിംകളല്ല ഒരിക്കലും ബൈബിളിന്റെ ആധികാരികതയെ കൃത്യമായ തെളിവുകളും പ്രമാണങ്ങളും വെച്ച് ചോദ്യം ചെയ്തത്. അക്കാര്യം ചെയ്തത് 'ദ ന്യൂ ജെറോം ബിബ്ലിക്കല്‍ കമന്ററി'യാണ്. ബിഷപ്പിന്റെ ഇംപ്രിമാത്തൂരുമായി ഇറങ്ങിയ പ്രസ്തുത ഗ്രന്ഥം ഇപ്രകാരം മത്തായിയെക്കുറിച്ച് പറയുന്നു:
'ഈ സുവിശേഷത്തിന് ആദ്യം മുതല്‍ക്കേ ലഭ്യമായ ഉന്നതമായ ആദരവിന് കാരണം സഹജമായ അതിന്റെ യോഗ്യത മാത്രമല്ല, ഒരു അപ്പോസ്തലന്റെ നാമം അത് വഹിക്കുന്നു എന്നതുകൊണ്ട് കൂടിയാണ്. മാര്‍ക്കോസ് എഴുതിയ മുഴുവന്‍ സുവിശേഷവും മത്തായിയുടെ അവസാന ഗ്രീക്ക് പ്രതിയില്‍ മാറ്റത്തിരുത്തലുകളോടെ പകര്‍ത്തിയെഴുതിയിരിക്കുകയാണെന്ന് കണ്ടെത്തിയതു മുതല്‍ ഒരു ദൃക്്സാക്ഷിയായ അപ്പോസ്തലന്റെ രചനയാണ് ഇത് എന്നത് ഒരു അസംഭവ്യമായ കാര്യമാണ് എന്നാണ് ഇന്ന് ചിന്തിക്കുന്നത്. ദൃക്‌സാക്ഷി അല്ലാതിരുന്ന ഒരാളില്‍നിന്ന് ദൃക്‌സാക്ഷി ആയ ഒരാള്‍ പകര്‍ത്തി എഴുതേണ്ടതിന്റെ ആവശ്യകത എന്താണ്?...
സത്യം പറയാമല്ലോ. നമുക്ക് ഇന്ന് ലഭ്യമായ രൂപത്തില്‍ ആരാണ് ഈ പൂർണ സുവിശേഷങ്ങളെ ഗ്രീക്കില്‍ രചിച്ചത് എന്നത് ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിക്കുകയാണ്. ഈ അജ്ഞാതനായ സുവിശേഷകനെക്കുറിച്ച് നമ്മുടെ പൈതൃക ഉറവിടങ്ങളെല്ലാം നിശ്ശബ്ദമാണ്. മത്തായിയുടെ സുവിശേഷത്തിന് അകത്തേക്ക് തന്നെ വിവരങ്ങള്‍ക്ക് വേണ്ടി നാം നോക്കേണ്ടി വരും. ഒരു ആദിമ ക്രൈസ്തവ അധ്യാപകന്‍ അല്ലെങ്കില്‍ സഭയുടെ ഒരു നേതാവ് എന്നതിലേക്കാണ് സൂചനകള്‍ ഉള്ളത്. അദ്ദേഹം ഒരു മതപരിവര്‍ത്തനം ചെയ്യപ്പെട്ട യഹൂദ പുരോഹിതനോ അല്ലെങ്കില്‍ ഒരു മതാധ്യാപകനോ ആയിരിക്കാം എന്ന കാര്യമാണ് കൂടുതല്‍ പഠനം നടത്തുമ്പോള്‍ മുന്നോട്ടുവെക്കപ്പെടുന്ന അനുമാനം.' (പേജ് 630- ദ ന്യൂ ജെറോം ബിബ്ലിക്കല്‍ കമന്ററി, റെയ്മണ്ട് ഇ. ബ്രൗണ്‍, ഇംപ്രിമാത്തൂര്‍: റവ. വില്യം ജെ. കെയിന്‍, വികാരി ജനറാള്‍, വാഷിംഗ്ടണ്‍ അതിരൂപത, അമേരിക്ക 1988).
മത്തായിയുടെ സുവിശേഷം പകര്‍ത്തിയെഴുതിയത് മാര്‍ക്കോസിന്റെ സുവിശേഷത്തില്‍ നിന്നാണ് എന്ന കാരണത്താല്‍ പ്രസ്തുത ഗ്രന്ഥത്തില്‍ ആദ്യം 'മാര്‍ക്കോസും' രണ്ടാമതായി മാത്രം 'മത്തായിയും' കൊടുത്തിരിക്കുന്നു. മാര്‍ക്കോസിന്റെ സുവിശേഷം അതിനാല്‍ തന്നെ ആധികാരികമാണെന്നു കരുതാം എന്നു വിചാരിച്ചാലും നമുക്കു തെറ്റിയെന്നാണ് പ്രസ്തുത ഗ്രന്ഥം പറയുന്നത്. മാര്‍ക്കോസ് പ്രധാനമായും അവലംബിച്ചിരുന്നത് പത്രോസിനെയാണെന്നാണ് പൊതുവേയുള്ള വിശ്വാസവും പ്രബലമായ ധാരണയും. എന്നാല്‍, ന്യൂ ജെറോം ബിബ്ലിക്കല്‍ കമന്ററി പ്രസ്തുത വിഷയത്തെ ഇങ്ങനെ സമീപിക്കുന്നു:
'എങ്കിലും വ്യാഖ്യാനിക്കപ്പെടാവുന്ന ഒരു സിദ്ധാന്ത പ്രകാരം യേശുവിന്റെ പരസ്യ ശുശ്രൂഷയുടെ കാര്യങ്ങള്‍ക്ക് പത്രോസാണ് മാര്‍ക്കോസിന്റെ മുഖ്യവും പ്രാഥമികവുമായ ഇടനിലക്കാരനെന്ന ധാരണക്ക് വലുതായ ഊന്നല്‍ നല്‍കേണ്ടതില്ല. (പേജ് 596 - ന്യൂ ജെറോം ബിബ്ലിക്കല്‍ കമന്ററി).
ഇതത്രെ രണ്ട് സുവിശേഷങ്ങളായ മത്തായി, മാര്‍ക്കോസ് എന്നീ ഗ്രന്ഥങ്ങളുടെ അവസ്ഥ. ലൂക്കോസിന്റെ സുവിശേഷമെഴുതിയ ലൂക്കോസ് പൗലോസിന്റെ ശിഷ്യനാണെന്ന കാര്യം സുവിദിതമാണല്ലോ. യോഹന്നാന്റെ സുവിശേഷമെഴുതിയ യോഹന്നാനാകട്ടെ എവിടെ, എപ്പോള്‍, ആര്‍ക്കൊപ്പം ജീവിച്ച വ്യക്തി എന്ന കാര്യത്തില്‍ ഇപ്പോഴും ബൈബിള്‍ പണ്ഡിതന്മാര്‍ക്ക് അഭിപ്രായ ഐക്യമില്ല എന്നുള്ള കാര്യവും ഓര്‍ക്കേണ്ടതാണ്.
യേശുവിന്റെ കൂടെ നടന്ന ശിഷ്യന്മാരുടെ അഭാവമാണ് സുവിശേഷ രചയിതാക്കളുടെ കാര്യത്തില്‍ പ്രത്യേകിച്ച് പരാമര്‍ശമര്‍ഹിക്കുന്ന വിഷയം. 'ദ ന്യൂ ജെറോം ബിബ്ലിക്കല്‍ കമന്ററി' അതിന് അടിവരയിടുകയും ചെയ്യുന്നു.
യോഹന്നാന്റെ സുവിശേഷത്തില്‍ യേശു എന്നല്ല, ഈസാ അല്‍ മസീഹ് എന്നുതന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. വിദ്വേഷ പ്രചാരകരുടെ ദുരുപദേശങ്ങള്‍ വിലപ്പോവുന്നില്ല എന്നുകൂടിയാണിതിനർഥം. 'പിറ്റേ ദിവസം ഈസാ അല്‍മസീഹ് ഗലീലിയിലേക്ക് പോകാനൊരുങ്ങി. പീലിപ്പോസിനെ കണ്ടപ്പോള്‍ ഈസാ അല്‍ മസീഹ് അവനോട് പറഞ്ഞു: എന്നെ അനുഗമിക്കുക' (1 : 43).
യേശു തന്നെയാണ് ഈസാ നബിയെന്ന ഈ ക്രൈസ്തവസാക്ഷ്യം ക്രൈസ്തവ-ഇസ്‌ലാം സംവാദങ്ങളെ മുന്നോട്ട് കൊണ്ടുപോകാന്‍ സഹായകരമായ ഒരു കാല്‍വെപ്പായി മനസ്സിലാക്കാം. l
Comments