ഇസ്്ലാമിനോടായിരുന്നു എന്റെ അനുരാഗം
അപ്പർ ഈജിപ്തിലെ ഒരു പരമ്പരാഗത ക്രിസ്ത്യൻ ഓർത്തഡോക്സ് (കോപ്റ്റിക്ക് ) കുടുംബത്തിലാണ് എന്റെ ജനനമെങ്കിലും വളരെ ചെറിയ കുട്ടിയായിരിക്കുമ്പോൾ തന്നെ ആ പ്രായത്തിലുള്ള കുട്ടികളിൽ കാണാത്ത അനുരാഗവും താൽപര്യവും എനിക്ക് ഇസ്്ലാമിനോടുണ്ടായിരുന്നു. ഇസ്്ലാമിന്റെ അനുഷ്ഠാനമുറകൾ, അതിന്റെ ആശയങ്ങൾ, മൂല്യങ്ങൾ എല്ലാം എന്നെ ആകർഷിച്ചു. അത് എന്തുകൊണ്ട്, എങ്ങനെ എന്നൊന്നും പറയാൻ കഴിയില്ല. ഞങ്ങൾ അനുഷ്ഠിച്ചുപോരുന്ന ക്രൈസ്തവ രീതികളിൽനിന്ന് അത് വ്യത്യസ്തമാണല്ലോ. പള്ളിയിൽനിന്ന് അല്ലെങ്കിൽ ടി.വിയിൽനിന്ന് ബാങ്ക് കേൾക്കുമ്പോൾ മുഅദ്ദിൻ പറയുന്ന വാക്കുകളുടെ അർഥമെന്തെന്ന് സ്വയം ആലോചിക്കും. എന്റെ മനസ്സിൽ രൂപപ്പെട്ടു വന്ന ചോദ്യം ഇതായിരുന്നു: എന്തുകൊണ്ടാണ് മുസ്്ലിംകൾ ഈ രൂപത്തിൽ നമസ്കരിക്കുന്നത്? എന്തിനാണ് നമസ്കാരത്തിന് വേണ്ടിയുള്ള വിളിയാളത്തിൽ ഒരേ വാക്കുകൾ ആവർത്തിച്ചുകൊണ്ടിരിക്കുന്നത്? നമസ്കാരത്തിലെ ശരീര ചലനങ്ങളുടെ (സുജൂദ്, റുകൂഅ്.....) അർഥമെന്താണ്?
കാലം കടന്നുപോയപ്പോൾ ഇസ്്ലാമിനെ കുറെക്കൂടി നന്നായി മനസ്സിലാക്കാൻ എനിക്ക് സാധിച്ചു. കുട്ടിക്കാലത്ത് മനസ്സിൽ കറങ്ങിക്കൊണ്ടിരുന്ന ചോദ്യങ്ങൾക്ക് ഉത്തരവും കണ്ടെത്തി. ഈജിപ്തിലെ മുസ്്ലിംകളും അവിടത്തെ കോപ്റ്റിക് ക്രിസ്ത്യാനികളും തമ്മിലുള്ള സുഹൃദ് ബന്ധങ്ങളെക്കുറിച്ച് പ്രത്യേകം പറയേണ്ടതില്ല. അയൽവാസികളും സഹപാഠികളും എന്നീ നിലകളിലൊക്കെയുമുള്ള ബന്ധങ്ങൾ. ഒരുപാട് മുസ്്ലിം സുഹൃത്തുക്കൾ എനിക്കുണ്ടായിരുന്നു. മതം വേറെയാണെന്നത് ഒരിക്കലും ഞങ്ങളുടെ സ്നേഹ ബന്ധത്തിന് തടസ്സമായിട്ടില്ല.
ഈ അടുപ്പങ്ങൾ ഇസ്്ലാമിന്റെയും മുസ്്ലിംകളുടെയും വ്യത്യസ്ത സാമൂഹിക-സാംസ്കാരിക പശ്ചാത്തലങ്ങൾ മാത്രമല്ല മതപശ്ചാത്തലവും വിശദാംശങ്ങളോടെ അറിയാൻ എന്നെ പ്രാപ്തനാക്കി. മുസ്്ലിംകളുടെ ഈ സാമൂഹിക-സാംസ്കാരിക പശ്ചാത്തലങ്ങൾ കോപ്റ്റിക്കുകൾ പങ്ക് വെക്കുന്നുണ്ടെന്നും മനസ്സിലായി. അത് സ്വാഭാവികമാണ്. ഈജിപ്തിൽ ഭൂരിപക്ഷവും മുസ്്ലിംകളാണല്ലോ. അവർക്ക് ഇസ്്ലാമിക സംസ്കാരമാണുള്ളതും. പ്രത്യേകിച്ച്, അപ്പർ ഈജിപ്തിൽ ഇസ്്ലാമിക സാംസ്കാരിക പരിസരത്തുനിന്ന് ഉൽഭൂതമായ ഒട്ടേറെ പൈതൃക ശേഷിപ്പുകളും സ്വഭാവ രീതികളും മുസ്്ലിംകൾക്കും ക്രൈസ്തവർക്കും പൊതുവാണ്. മുസ്്ലിംകളല്ലാത്തവരിൽ ഇസ്്ലാം ചെലുത്തുന്ന സ്വാധീനമാണിത്. വ്യത്യസ്ത മതങ്ങൾക്കിടയിൽ ധാർമികതയുടെ സംരക്ഷകൻ എന്ന റോളിലാണ് ഇസ്്ലാം വേറിട്ട് നിൽക്കുന്നത്.
യൂനിവേഴ്സിറ്റി പഠനകാലം ഓർമിക്കുകയാണ്: ഈജിപ്തിൽ സാറ്റലൈറ്റ് സംപ്രേഷണം (ഡിഷ്) പ്രചാരം നേടിക്കൊണ്ടിരുന്ന സമയം. മുമ്പ് കുറച്ച് പേർക്ക് ലഭ്യമായിരുന്ന അതിന്റെ സേവനം എല്ലാവർക്കും ലഭ്യമാകും വിധം അത് വാങ്ങിവെക്കാനുള്ള ചെലവ് കുറഞ്ഞു. ആ സമയത്താണ് സകരിയ്യ ബുത്വ്്റുസ്, 'അൽ ഹയാത്ത്' ചാനൽ തുടങ്ങുന്നത്. കോപ്റ്റിക് വീടുകളായിരുന്നു അയാളുടെ ലക്ഷ്യം. കോപ്റ്റിക്കുകളിൽ അധികപേരും ആ ടെലിവിഷൻ അവതരണത്തെ ഹീറോയിസമായാണ് കണ്ടത്. മുസ്്ലിംകൾ അധിനിവേശകരാണെന്നും അവരോടും, അതിനെക്കാളുപരി ഒരു മതമെന്ന നിലക്ക് ഇസ്്ലാമിനോടും പകരം വീട്ടേണ്ടതുണ്ടെന്നുമാണ് സകരിയ്യ ബുത്വ്്റുസ് പറഞ്ഞുകൊണ്ടിരുന്നത്.
ഈ അവതരണത്തിന്റെ പല എപ്പിസോഡുകൾ ഞാൻ കണ്ടിട്ടുണ്ട്. എന്നെയത് ഒട്ടും ആകർഷിക്കുകയുണ്ടായില്ല. വസ്തുതകൾ വളച്ചൊടിച്ച് ഇസ്്ലാമിനോട് പ്രതികാരം ചെയ്യണമെന്ന് പറഞ്ഞുകൊണ്ടിരിക്കുന്ന കോമാളിത്തമായേ തോന്നിയിട്ടുള്ളൂ. ആ വ്യക്തിയുടെ വൈരാഗ്യവും വെറുപ്പുമാണ് അതിലൂടെ പുറത്തുവരുന്നതെന്ന് തോന്നി. പക്ഷേ, സകരിയ്യ ബുത്വ്്റുസിനെപ്പോലെ ചിന്തിക്കുന്ന അസൂയാലുക്കൾ കോപ്റ്റുകളിൽ ധാരാളമുണ്ട്. അവർക്കിടയിൽ അയാൾക്ക് നല്ല ജനപ്രീതിയും ലഭിച്ചു. യൂനിവേഴ്സിറ്റി പഠനകാലൊത്തൊന്നും സകരിയ്യയുടെ ഇസ്്ലാമിനെതിരെയുള്ള വെറുപ്പുൽപാദനം എന്റെ നിലപാടുകളെ മാറ്റുന്നതിൽ വിജയിച്ചില്ല. മുസ്്ലിം സുഹൃത്തുക്കളുമായുള്ള എന്റെ ബന്ധങ്ങൾ തുടർന്നു. അവരിൽ ചിലർ സഹോദരതുല്യർ തന്നെയായിരുന്നു.
കാലം പെട്ടെന്ന് കടന്നുപോയി. അങ്ങനെ ഈജിപ്തിന്റെ, അല്ല അറബ് ലോകത്തിന്റെ ചരിത്രത്തിലെ ആ നിർണായക ഘട്ടം വന്നെത്തി. അറബ് വസന്തം! അതിക്രമങ്ങൾക്കും അതിരുകവിച്ചിലുകൾക്കുമെതിരെ സമൂഹത്തിന്റെ പടയൊരുക്കം. ഭരണാധികാരികൾ ഇത്രയൊക്കെ അതിക്രമങ്ങൾ അഴിച്ചുവിട്ടിട്ടും തങ്ങൾ ഇനിയും മരിച്ചിട്ടില്ല എന്ന് ആ സമൂഹം വിളിച്ചുപറയുകയായിരുന്നു.
എനിക്കും അതുപോലെ മില്യൻ കണക്കായ യുവാക്കൾക്കും അറബ് വസന്തം വലിയ ആശയക്കുഴപ്പമുണ്ടാക്കി എന്നതാണ് വസ്തുത. അവർ മാറ്റം സ്വപ്നം കണ്ടവരാണ്. പക്ഷേ, അതിനു വേണ്ട രാഷ്ട്രീയ പോരാട്ടം മുന്നോട്ട് കൊണ്ടുപോകാനുള്ള കഴിവോ അനുഭവ പരിചയമോ അവർക്കില്ലായിരുന്നു. പിന്നെ യുവാക്കളുടെ സ്വപ്നങ്ങൾ വെച്ചുള്ള രാഷ്ട്രീയക്കളിയായി. ആ സംഘർഷം മറ്റൊരു തലത്തിലേക്ക് വഴി തിരിഞ്ഞു പോകുന്നുണ്ടായിരുന്നു. ഇസ്്ലാമിന്റെ മുഖം വികൃതമാക്കാനുള്ള അണിയറ നീക്കങ്ങളാണ് (അതിപ്പോഴും തുടരുന്നു) നടന്നുകൊണ്ടിരുന്നത്. ഭീകരതയുമായും തീവ്രതയുമായും അതിനെ ബന്ധിപ്പിച്ചുകൊണ്ടിരുന്നു. ആ പ്രവണത സെപ്റ്റംബർ പതിനൊന്നിന് ശേഷം വളരെ ശക്തിപ്പെട്ടിരുന്നതാണല്ലോ. അറബ് വസന്തം നടന്ന നാളുകളിൽ മത ന്യൂനപക്ഷങ്ങൾ പ്രത്യേകം ടാർഗറ്റ് ചെയ്യപ്പെടാനും തുടങ്ങി. അത് നിരന്തരം ആവർത്തിച്ച് നടന്നുകൊണ്ടിരുന്നു. ഇസ്്ലാമുമായി ഏറ്റുമുട്ടാൻ മതന്യൂനപക്ഷങ്ങളെ നിർബന്ധിക്കുമാറ് ഭയവും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുകയായിരുന്നു അതിന് പിന്നിലെ ലക്ഷ്യം. അത് പിന്നീട് 'ഇസ്്ലാമിസ്റ്റുകളു' മായുള്ള ഏറ്റുമുട്ടലിലേക്കും അവരെ കൊണ്ടെത്തിക്കും (ഇത്തരം സംജ്ഞകളുടെ അർഥവിവക്ഷകളെപ്പറ്റി മറ്റൊരു കുറിപ്പ് ഉടനെ എഴുതണമെന്നുണ്ട് ).
ധാരാളം മുസ്്ലിംകളുമായി എനിക്ക് ഉറ്റ സൗഹൃദമുണ്ടായിരുന്നെങ്കിലും ഞാൻ ശരിക്കും ആശയക്കുഴപ്പത്തിലായിക്കഴിഞ്ഞിരുന്നു. ഭയപ്പെടുത്തലുകൾ എന്നെയും ബാധിച്ചു. അങ്ങനെ ആ ഘട്ടത്തിൽ ഞാൻ ഈജിപ്ത് ഉപേക്ഷിച്ച് മറ്റൊരു നാട്ടിലെത്തി; ഒരു പുതു ജീവിതം തുടങ്ങാൻ. ആ നാട്ടിൽ ജീവിത വിജയം നേടണമെങ്കിൽ പഠിച്ച് മുന്നേറുകയല്ലാതെ വേറെ മാർഗമുണ്ടായിരുന്നില്ല. അങ്ങനെ മാസ്റ്റേഴ്സ് ബിരുദമെടുത്തു. പിന്നെ പി.എച്ച്.ഡി എടുക്കാനായി ശ്രമം. വിഷയവും കണ്ടുവെച്ചു: 'ഇസ്്ലാമും രാഷ്ടീയ ഇസ്്ലാമും - ബന്ധങ്ങൾ, പരികൽപനകൾ; അറബ് വസന്താനന്തര യൂറോപ്പിൽ ഇഖ്്വാനുൽ മുസ്്ലിമൂൻ.'
ഇസ്രായേലുമായി ബന്ധം നോർമലൈസ് ചെയ്യുന്ന ഒരു പരിപാടി നടന്നുവരുന്നുണ്ടല്ലോ. അക്കാദമിക പഠന ഗവേഷണങ്ങൾ നടത്തിക്കൊണ്ടിരിക്കെ, ആ ചതിക്കുഴിയിലും ഞാൻ വീണു. അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. സയണിസവുമായി ബന്ധം സാധാരണ നിലയിലാക്കുക എന്ന ഈ കാര്യവും പാശ്ചാത്യ ലോകത്ത് വ്യാപകമായ ഇസ്്ലാമോഫോബിയയും ഇസ്്ലാമിനെക്കുറിച്ച എന്റെ അന്വേഷണങ്ങളെ എങ്ങനെ ബാധിച്ചു എന്നേ ഞാൻ പറയുന്നുള്ളൂ. ഇസ്്ലാംപേടി ഈ വിധത്തിൽ വർധിക്കാൻ ദാഇശ്/ ഐ.എസ് (ഇസ്്ലാമിക് സ്റ്റേറ്റ് ) എന്ന സംഘത്തിന്റെ പ്രവൃത്തികളും കാരണമായിട്ടുണ്ട്. 'ഇസ്്ലാമിക് സ്റ്റേറ്റ്' എന്ന പേര് നൽകിയത് മനപ്പൂർവമാണ്. എന്റെ പഠനത്തിൽ രാഷ്ട്രീയ ഇസ്്ലാമിനെ പ്രതിസ്ഥാനത്ത് നിർത്തി വിമർശിച്ചപ്പോൾ ഇസ്‌ലാമിനെക്കൂടി വിമർശിക്കാൻ ഇടയാക്കിയ സാഹചര്യം ഇതാണ്. മധ്യ പൗരസ്ത്യ ദേശത്തെ ഏറ്റവും വലിയ മത ന്യൂനപക്ഷത്തിൽ പെടുന്ന ആളുമാണല്ലോ ഞാൻ. ദാഇശ് ചിന്താധാരയിൽ പെടുന്നവർ നടത്തിയതായി പറയപ്പെടുന്ന ഭീകര പ്രവൃത്തികൾക്ക് ഇരകളുമായിരുന്നല്ലോ കോപ്റ്റുകൾ; അറബ് വസന്തകാലത്തും അതിന് ശേഷവും. ചുരുക്കം പറഞ്ഞാൽ, ഇതെല്ലാം മുമ്പിൽ വെച്ച് എഴുതിയ എന്റെ പ്രബന്ധത്തിൽ ഇസ്്ലാമിനെക്കുറിച്ച് തെറ്റായ ഒരുപാട് ധാരണകൾ ഞാൻ പകർത്തിവെച്ചിരുന്നു. വർഷങ്ങൾ കഴിഞ്ഞാണ് അവ തെറ്റാണെന്ന് ബോധ്യമായത്. അപ്പോൾ തിരുത്തുകയും ചെയ്തു.
എന്റെ ദീർഘിച്ച ഈ യാത്രയിൽ ഒരുപാട് അനുഭവങ്ങളിലൂടെ ഞാൻ കടന്നുപോയി. ഇസ്്ലാമിനെയും മുസ്്ലിംകളെയും നശിപ്പിക്കാനും അവരുടെ മുഖം വികൃതമാക്കാനും (പ്രത്യേകിച്ച് പാശ്ചാത്യ ദേശത്ത്) തിരശ്ശീലക്ക് പിന്നിൽ നടന്നുകൊണ്ടിരിക്കുന്ന ഗൂഢ നീക്കങ്ങളെപ്പറ്റി ഒരുപാട് സത്യങ്ങൾ എനിക്ക് വെളിപ്പെടുകയും ചെയ്തു. സെക്യുലറിസത്തെ ഉപയോഗിച്ച് ക്രൈസ്തവതയെ മാറ്റിയെടുത്തതു പോലെ ഇസ്്ലാമിനെയും അതിന്റെ പ്രകൃതത്തിന് ഒരിക്കലും യോജിക്കാത്ത മറ്റൊരു സാമൂഹിക പ്രതിഭാസമായി മാറ്റിയെടുക്കാനുള്ള അണിയറ നീക്കങ്ങളെപ്പറ്റിയും എനിക്ക് കൃത്യമായ ധാരണ ലഭിച്ചു.
ഞാൻ എന്നിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു. പഠനകാലത്തുണ്ടായ എന്റെ അനുഭവങ്ങളും കുട്ടിക്കാലത്തേ ഇസ്്ലാമിനോട് എനിക്കുണ്ടായിരുന്ന അനുരാഗവുമായിരുന്നു ഈ തിരിച്ചു പോക്കിൽ എനിക്കുള്ള കൂട്ട്. പ്രത്യയശാസ്ത്ര മുൻവിധികൾ മാറ്റി വെച്ച് വായിച്ചപ്പോൾ ധാരാളം വസ്തുതകൾ മുമ്പിലേക്ക് വന്നു. കൊണ്ടുനടന്ന പല ധാരണകളും ഉടനടി കൈയൊഴിഞ്ഞു. അതിൽ ഏറ്റവും പ്രധാനം സയണിസവുമായി സൗഹൃദമാവാം എന്ന നിലപാട് തന്നെ. അങ്ങനെയൊരു നിലപാടെടുത്തതിൽ ഖേദിച്ചും തെറ്റ് തിരുത്തിയും ഞാൻ മുമ്പൊരു ലേഖനം എഴുതിയിട്ടുണ്ട്. എന്റെ വിനീതമായ അന്വേഷണത്തിലും, അറ്റ്ലാന്റിക്കിന്റെ ഇരു കരകളിലുമായി പാശ്ചാത്യ ദേശങ്ങളിലെ എന്റെ താമസക്കാലത്തും എനിക്ക് ബോധ്യപ്പെട്ട ഒരു കാര്യമുണ്ട്. ഇസ്്ലാമിനെ ശിഥിലമാക്കാനുള്ള ഈ ഗൂഢ പദ്ധതിയുടെ പ്രത്യാഘാതം മുസ്്ലിംകളെ മാത്രമായിരിക്കില്ല ബാധിക്കുക. മനുഷ്യ സമൂഹത്തെ ഒന്നാകെ അത് ബാധിക്കും. ഇസ്്ലാമും അതുൾക്കൊള്ളുന്ന മൂല്യ സംഹിതയുമാണ്, മനുഷ്യ സമൂഹത്തിനെതിരെ തക്കം പാർത്തിരിക്കുന്ന അതി വിനാശകരമായ ധാർമികത്തകർച്ചയെ തടുത്തുനിർത്താൻ കെൽപുള്ള ഏക പ്രതിരോധ മതിൽ എന്നതാണ് അതിനു കാരണം.
അടുത്തും അകന്നുമുള്ള ഈ ദീർഘയാത്രയിൽ മറ്റൊരു കാര്യവും കൂടി എനിക്ക് ബോധ്യമായി. ഇസ്്ലാമിനെ പ്രതി എനിക്കുണ്ടായിരുന്ന ബാലകൗതുകം ഒട്ടും ആകസ്മികമായിരുന്നില്ല. നിരർഥകമായ കേവലം അടുപ്പവുമായിരുന്നില്ല അത്. എന്നെ വിടാതെ പിന്തുടർന്നിരുന്ന മനസ്സാക്ഷിയുടെ ശബ്്ദമായിരുന്നു; എന്നെ സത്യത്തിലേക്ക് വഴിനടത്താനുള്ള വിധിനിർണായകമായ നിമിത്തം. അതെക്കുറിച്ച് പറയാൻ ലേഖനങ്ങൾ മതിയാവില്ല. ഒരു പുസ്തകം തന്നെ വേണ്ടിവന്നേക്കും.
ആദ്യം അടുപ്പം, അനുരാഗം. പിന്നെ അകൽച്ച, കടന്നാക്രമണം. ഒടുവിൽ അന്വേഷണം, സത്യത്തിലേക്കെത്തിച്ചേരൽ. അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താൽ ഇസ്്ലാമിൽ എത്തിച്ചേരാൻ എനിക്ക് കഴിഞ്ഞിരിക്കുന്നു. ശിഷ്ടജീവിതം ഇതു വരെ ആർജിച്ച അറിവും ജ്ഞാനവും ഇസ്്ലാമിനും ഇസ്്ലാമിക സമൂഹത്തിനും സേവനം ചെയ്യാൻ പ്രയോജനപ്പെടേണമേ എന്നാണ് എന്റെ പ്രാർഥന.
ഒരു ഖുർആൻ വാക്യം കൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം:
"നീ ആഗ്രഹിക്കുന്നവരെ സൻമാർഗത്തിലാക്കാൻ നിനക്ക് കഴിയില്ല. എന്നാൽ, അല്ലാഹു ഉദ്ദേശിക്കുന്നവരെ അവൻ സന്മാർഗത്തിലാക്കുന്നു. സൻമാർഗം സ്വീകരിക്കുന്നവരെ നന്നായി അറിയുന്നവനും അവനാകുന്നു. " (അൽ ഖസ്വസ്വ് 56). l
(കനഡയിൽ താമസിക്കുന്ന ഈജിപ്ഷ്യൻ അക്കാദമീഷ്യനാണ് ലേഖകൻ)
Comments