Prabodhanm Weekly

Pages

Search

2023 മെയ് 12

3301

1444 ശവ്വാൽ 21

പൗത്രന്റെ ഓഹരിയും അനാഥ സംരക്ഷണവും

അബ്ദുസ്സലാം അഹ്്മദ് നീര്‍ക്കുന്നം

ഇസ്്ലാമിലെ അനന്തരാവകാശ നിയമം: സ്ത്രീ-പുരുഷ വിവേചനമുണ്ടോ? - 2

 

വിമര്‍ശനം 2: പൗത്രന്റെ അവകാശം
പിതാവ് ജീവിച്ചിരിക്കെ മരണപ്പെടുന്ന മകന്റെ മക്കള്‍ക്ക് (പൗത്രന്മാര്‍ക്ക്) പിതാവിന്റെ സ്വത്തില്‍ ഓഹരി ലഭിക്കില്ല എന്നത് ഇസ്്ലാമിന്റെ അനന്തരാവകാശ നിയമത്തിലെ ഏറ്റവും വലിയ അനീതിയാണ് എന്നാണ് മറ്റൊരു ആരോപണം.

വിശകലനം:
പിതാവ് ജീവിച്ചിരിക്കെ മരണപ്പെടുന്ന മകന്റെ മക്കള്‍ക്ക് പിതാമഹന്റെ സ്വത്തില്‍ ഒരു അവകാശവും ലഭിക്കില്ല എന്നാണ് പൊതുവേ ധരിച്ചുവെച്ചിരിക്കുന്നത്. വിമര്‍ശകര്‍ പൊതുവേ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു പോയിന്റും ഇതാണ്. എന്നാല്‍, യാഥാര്‍ഥ്യമാവട്ടെ തികച്ചും വിരുദ്ധവുമാണ്. പിതാമഹന്റെ സ്വത്തില്‍ പൗത്രന് ഒന്നും ലഭിക്കാതിരിക്കുന്നത് അപൂർവം സന്ദര്‍ഭങ്ങളില്‍ മാത്രമാണ്.
പൗത്രന്റെ അവകാശവുമായി ബന്ധപ്പെട്ട് ആദ്യം മനസ്സിലാക്കേണ്ട കാര്യം ഇസ്്ലാമിലെ വസ്വിയ്യത്ത് നിയമമാണ്.
സൂറ അല്‍ ബഖറ 180-ാം സൂക്തം ഇങ്ങനെ വായിക്കാം: “നിങ്ങളിലൊരുവന് മരണമടുത്താല്‍, ധനം ശേഷിപ്പിക്കുന്നുവെങ്കില്‍, മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും ന്യായമായ രീതിയില്‍ ഒസ്യത്തുചെയ്യുക നിര്‍ബന്ധമാക്കിയിരിക്കുന്നു. ഭക്തന്മാര്‍ക്ക് ഇതൊരു ബാധ്യതയാകുന്നു.”
വസ്വിയ്യത്ത് നിര്‍ബന്ധമാക്കി എന്നതിന് 'കുതിബ' എന്ന വാക്കാണ് ഇവിടെ ഖുര്‍ആന്‍ പ്രയോഗിക്കുന്നത്. അത്രയും ശക്തമായ നിര്‍ബന്ധം എന്ന നിലക്ക് നിയമമാക്കപ്പെട്ടിരിക്കുന്നു; യാതൊരു വിട്ടുവീഴ്ചക്കും ഇടയില്ല എന്നർഥം. നോമ്പ്, യുദ്ധം, പ്രതിക്രിയ എന്നിവയാണ് 'കുതിബ' എന്ന വാക്ക് കൊണ്ട് നിര്‍ബന്ധമാക്കപ്പെട്ട മറ്റു മൂന്ന് നിയമങ്ങള്‍. ആയത്തിന്റെ അവസാനം “ഭക്തന്മാര്‍ക്ക് ഇതൊരു ബാധ്യതയാകുന്നു” എന്ന് പറയുന്നതോടെ വിഷയം കൂടുതല്‍ ഗൗരവപൂർണമാവുന്നു. നോമ്പ് എത്രത്തോളം നിര്‍ബന്ധമാണ് എന്ന് മനസ്സിലാക്കുന്നോ അത്ര തന്നെ ഗൗരവത്തിലെടുക്കേണ്ടതാണ് വസ്വിയ്യത്ത്.
സൂറ അന്നിസാഇലൂടെ അനന്തരാവകാശ നിയമങ്ങള്‍ വിശദമായി വന്നതോടെ, മുസ്‌ലിമായ മാതാപിതാക്കള്‍, മക്കള്‍, സഹോദരങ്ങള്‍, ഭാര്യാഭര്‍ത്താക്കന്മാര്‍ തുടങ്ങി അവകാശം നിശ്ചയിക്കപ്പെട്ടവര്‍ക്ക് വേണ്ടി വസ്വിയ്യത്ത് ആവശ്യമില്ലാതെയായി. എന്നാല്‍, നേര്‍ക്കുനേരെ ഓഹരി ലഭിക്കാത്തവര്‍ക്ക് വേണ്ടി തന്റെ മരണശേഷം എന്തെങ്കിലും മാറ്റിവെക്കല്‍ 'മുത്തഖി'യുടെ മേല്‍ 'നിര്‍ബന്ധമാണ്‌'. ഇങ്ങനെ വസ്വിയ്യത്ത് ചെയ്യാവുന്ന പരമാവധി പരിധി സ്വത്തിന്റെ മൂന്നിലൊന്നാണെന്ന് തിരുമേനി വിശദീകരിച്ചു. ഒരാള്‍ ഇങ്ങനെ വസ്വിയ്യത്ത് ചെയ്തിട്ടുണ്ടെങ്കില്‍ അത് നിറവേറ്റിയ ശേഷം ബാക്കിയുള്ളത് മാത്രമേ അവകാശികള്‍ക്കിടയില്‍ വിഭജനം നടത്തൂ.
ഓഹരിയായി അനന്തരാവകാശം ലഭിക്കാന്‍ സാധ്യതയില്ലാത്ത അടുത്ത ബന്ധുക്കള്‍ക്കാണ് വസ്വിയ്യത്തില്‍ മുന്‍ഗണന നല്‍കപ്പെടേണ്ടത്. അവരില്‍ ഒന്നാം സ്ഥാനത്ത് വരാന്‍ എന്തുകൊണ്ടും അര്‍ഹത മരണപ്പെട്ടുപോയ മകന്റെ മക്കള്‍ തന്നെയാണ്. തന്റെ ജീവിതകാലത്ത് മരണപ്പെട്ടുപോകുന്ന മകന്റെ മക്കള്‍ക്ക്, ആ മകന് ലഭിക്കാമായിരുന്നതോ, മൊത്തം സ്വത്തിന്റെ മൂന്നിലൊന്നില്‍ കൂടാത്തതോ ആയ ഒരു വിഹിതം വസ്വിയ്യത്ത് ചെയ്തുവെക്കല്‍ മുകളിലുദ്ധരിച്ച വസ്വിയ്യത്ത് ആയത്ത് പ്രകാരം 'മുത്തഖിയായ' ഒരു മനുഷ്യന് 'നിര്‍ബന്ധ ബാധ്യതയാണ്.'
ഈ ബാധ്യതയില്‍ ഒരാള്‍ വീഴ്ച വരുത്തിയാല്‍, അനന്തരാവകാശികളായി ബാക്കിയാവുന്ന മക്കള്‍, തങ്ങളുടെ പിതാവ് വരുത്തിയ വീഴ്ചയില്‍ ഏറ്റവും അനുയോജ്യമായ ഒരു തീരുമാനത്തിലെത്തണം. മരണപ്പെട്ടുപോയ സഹോദരന്‍ ജീവിച്ചിരുന്നെങ്കില്‍ തങ്ങളോടൊപ്പം അവനും ഈ സ്വത്തില്‍ പങ്കുകാരനാകുമായിരുന്നു എന്ന പരിഗണനയില്‍ അവന്റെ മക്കള്‍ക്ക് മാന്യമായ ഒരു പങ്ക് നല്‍കാന്‍ അവര്‍ യോജിക്കണം. അനന്തരമായി വരുന്നത് വലിയ സ്വത്താവുകയും ഈ അനാഥകുട്ടികള്‍ കൂടുതല്‍ ആവശ്യക്കാരാവുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ പ്രത്യേകിച്ചും.
അഥവാ ഇനി ഈ കുട്ടികള്‍ക്ക് വേണ്ടി വസ്വിയ്യത്ത് ചെയ്തിട്ടില്ലെങ്കില്‍ പോലും, അനന്തരാവകാശ വിതരണം വിവരിക്കുന്ന ആയത്തുകള്‍ക്ക് ആമുഖമായി സൂറ അന്നിസാഇല്‍ നിർദേശിക്കുന്ന കാര്യം പ്രത്യേകം പരിഗണിക്കപ്പെടണം. “ഭാഗം വയ്ക്കുമ്പോള്‍ ബന്ധുക്കളും അനാഥരും പാവങ്ങളുമൊക്കെ ഹാജരായാല്‍, ആ ധനത്തില്‍നിന്നു കുറച്ച് അവര്‍ക്കും നല്‍കുവിന്‍. അവരോട് നല്ല വാക്കുകള്‍ പറയുകയും ചെയ്യുവിന്‍.” സ്വന്തം കുടുംബത്തില്‍ സ്വത്ത്‌ വീതംവെക്കുകയും പിതൃസഹോദരങ്ങള്‍ക്ക് അത് ലഭിക്കുകയും തങ്ങളുടെ പിതാവുണ്ടായിരുന്നുവെങ്കില്‍ അദ്ദേഹത്തിനും ലഭിക്കുമായിരുന്ന, അതുവഴി തങ്ങളും അനുഗ്രഹിക്കപ്പെടുമായിരുന്ന കാര്യത്തില്‍ ഏറ്റവുമധികം പരിഗണിക്കപ്പെടേണ്ടത് ഈ കുട്ടികളല്ലാതെ മറ്റാരാണ്‌!
ഇസ്‌ലാമിക ശരീഅത്തനുസരിച്ച് അനന്തരാവകാശം വിതരണം ചെയ്യപ്പെടുന്ന പല നാടുകളിലും ഇത്തരം കേസുകളില്‍ വസ്വിയ്യത്ത് ചെയ്തിട്ടില്ലെങ്കില്‍ പോലും പൗത്രന്മാര്‍ക്ക് മൂന്നിലൊന്നില്‍ കൂടാത്ത ഒരു വിഹിതം നല്‍കാറുണ്ട്. മുകളില്‍ ഉദ്ധരിച്ച ആയത്തുകള്‍ അടിസ്ഥാനമാക്കിയാണ് ഇത്തരം ഒരു നടപടി സ്വീകരിക്കപ്പെടുന്നത്. ഈ നിയമം മുന്നില്‍ വെച്ചുകൊണ്ട് ഈജിപ്ത് (ആർട്ടിക്കിള്‍ 43/76-1946), യു. എ. ഇ (ആര്‍ട്ടിക്കിള്‍ 272)  പോലെ ചില മുസ്്ലിം രാഷ്ട്രങ്ങളില്‍ പിതാമഹന്‍ പൗത്രന് വേണ്ടി വസ്വിയ്യത്ത് ചെയ്തിട്ടില്ലെങ്കിലും, പിതാവ് മരണപ്പെട്ട പൗത്രന് പിതാമഹന്റെ സ്വത്തില്‍, ഒന്നുകില്‍ മരണപ്പെട്ട മകന് ലഭിക്കുമായിരുന്ന ഓഹരിയോ അല്ലെങ്കില്‍ മൂന്നിലൊന്നില്‍ കൂടാത്തതോ നിയമാനുസൃതം ലഭിക്കും. ഇത് ഖുര്‍ആന്റെ അനന്തരാവകാശ നിയമത്തെയും വസ്വിയ്യത്ത് നിയമത്തെയും ഒരുപോലെ പരിഗണിച്ചപ്പോഴുണ്ടായ ഗുണപരമായ വികാസമാണ്. അതാണ് ഖുര്‍ആന്റെ കല്‍പനയുമായി അടുത്തുനില്‍ക്കുന്നതും.
അങ്ങനെ വസ്വിയ്യത്തിലൂടെ പൗത്രന്റെ സംരക്ഷണം ആദ്യം തന്നെ ഇസ്്ലാം സ്ഥാപിക്കുന്നു. അതിനു ശേഷമേ അവകാശികളുടെ ഓഹരി വരുന്നുള്ളൂ.
അനന്തരാവകാശത്തില്‍ അവകാശിയെന്ന നിലക്ക് തന്നെ ചില കേസുകളില്‍ പൗത്രന് ഓഹരി ലഭിക്കും. ചിലതില്‍ ഓഹരി ലഭിക്കില്ല.
പൗത്രന് ഓഹരി / സ്വത്തവകാശം ലഭിക്കുന്ന അവസരങ്ങള്‍ ആദ്യം നോക്കാം:
ഒരാള്‍ മരണപ്പെടുമ്പോള്‍ അവകാശിയായി മക്കള്‍ ആരുമില്ലാതെ ഒരു പൗത്രന്‍ മാത്രമാണെങ്കില്‍ അവന് സ്വത്ത്‌ മുഴുവന്‍ അവകാശമായി ലഭിക്കും. അവര്‍ ഒന്നിലധികം ആണ്‍കുട്ടികളാണെങ്കില്‍ സ്വത്ത് അവര്‍ക്കിടയില്‍ തുല്യമായി വീതിക്കും. ആണും പെണ്ണും ആണെങ്കില്‍ 2 പെണ്ണിന്റെ ഓഹരി ഒരു ആണിന് എന്ന തോതില്‍ വീതിക്കപ്പെടും.
ഒരാള്‍ മരണപ്പെടുമ്പോള്‍ അവകാശിയായി ഒരു മകളും നേരത്തെ മരണപ്പെട്ട മകന്റെ മകനും മാത്രമാണുള്ളതെങ്കില്‍ ഒറ്റ മകള്‍ എന്ന നിലയില്‍ അവള്‍ക്ക് സ്വത്തിന്റെ പകുതി ലഭിക്കും. ബാക്കിയുള്ള പകുതി പൗത്രന് ലഭിക്കും. അവര്‍ ഒന്നിലധികം ആണ്‍കുട്ടികളാണെങ്കില്‍ മകള്‍ക്ക് കൊടുത്ത ശേഷം ബാക്കിയാവുന്ന പകുതി സ്വത്ത് അവര്‍ക്കിടയില്‍ തുല്യമായി വീതിക്കും. ആണും പെണ്ണും ആണെങ്കില്‍ 2 പെണ്ണിന്റെ ഓഹരി ഒരു ആണിന് എന്ന തോതില്‍ വീതിക്കപ്പെടും.
മരണപ്പെട്ട ആള്‍ക്ക് ഒന്നിലധികം പെണ്‍കുട്ടികളും നേരത്തെ മരണപ്പെട്ട മകന്റെ മകനും മാത്രമാണുള്ളതെങ്കില്‍ ഒന്നിലധികം പെണ്‍കുട്ടികള്‍ എന്ന നിലയില്‍ സ്വത്തിന്റെ മൂന്നില്‍ രണ്ട് അവര്‍ക്കിടയില്‍ തുല്യമായി വീതിക്കും. ബാക്കിയുള്ള മൂന്നിലൊന്ന് പൗത്രന് ലഭിക്കും. അവര്‍ ഒന്നിലധികം ആണ്‍കുട്ടികളാണെങ്കില്‍ പെൺമക്കള്‍ക്ക് കൊടുത്ത ശേഷം ബാക്കിയാവുന്ന സ്വത്ത് അവര്‍ക്കിടയില്‍ തുല്യമായി വീതിക്കും. ആണും പെണ്ണും ആണെങ്കില്‍ 2 പെണ്ണിന്റെ ഓഹരി ഒരു ആണിന് എന്ന തോതില്‍ വീതിക്കപ്പെടും.
ഇങ്ങനെ സ്വത്തില്‍ ഓഹരി നിയമാനുസൃതമായി ലഭിക്കാന്‍ സാധ്യതകള്‍ ധാരാളമുണ്ട്. ഇതിനെ മറച്ചുപിടിച്ചുകൊണ്ടാണ് വിമര്‍ശകര്‍ ഒറ്റയടിക്ക് പിതാമഹന്റെ സ്വത്തില്‍ പൗത്രന് അവകാശമേയില്ല, അവരെ പറ്റെ അവഗണിക്കുന്നു എന്ന് പ്രചരിപ്പിക്കുന്നത്.
എന്നാല്‍, നേര്‍ക്കുനേരെ ഓഹരി ലഭിക്കാത്ത അവസ്ഥകളും ഉണ്ടാവാറുണ്ട്.
മരണപ്പെട്ട ആള്‍ക്ക് ജീവിച്ചിരിക്കുന്ന ആൺമക്കളുണ്ടെങ്കില്‍, നേരത്തെ മരണപ്പെട്ടുപോയ മകന്റെ മക്കള്‍ക്ക് നേര്‍ക്കുനേരെ ഓഹരിയവകാശം ലഭിക്കുകയില്ല. ജീവിച്ചിരിക്കുന്ന ആൺമക്കള്‍ മരണപ്പെട്ടുപോയ സഹോദരന്റെ മക്കളെ (പൗത്രന്മാരെ) അവകാശത്തില്‍നിന്ന് തടയുന്നു. പരേതനുമായി ഏറ്റവും അടുത്ത അവകാശിക്കാണ് ഓഹരി ലഭിക്കുക. അടുത്ത അവകാശി അകന്ന അവകാശിയെ ഓഹരിയില്‍നിന്ന് തടയുന്നു. ഇങ്ങനെ തടയുന്നതിന് 'ഹജ്ബ്' എന്നാണ് അനന്തരാവകാശ നിയമത്തിലെ പ്രയോഗം.
ഈ അവസ്ഥയില്‍ എന്താണ് ഇസ്്ലാം നിർദേശിക്കുന്ന പരിഹാരം എന്ന് നമുക്ക് പരിശോധിക്കാം:

വലായത്ത് 
(സംരക്ഷണോത്തരവാദിത്വം)
ഒരാള്‍ മരണപ്പെട്ടാല്‍ അതുവഴി അനാഥരാവുന്ന മക്കളുടെ സംരക്ഷണം ഏറ്റെടുക്കേണ്ടത് അയാളുടെ പിതാവാണ്. പിതാവ് ജീവിച്ചിരിപ്പില്ലെങ്കില്‍ പരേതന്റെ സഹോദരന്‍, അല്ലെങ്കില്‍ അയാളുടെ മകന്‍, അല്ലെങ്കില്‍ പരേതന്റെ പിതാവിന്റെ സഹോദരന്‍, അയാളുടെ മകന്‍ എന്നിങ്ങനെ ക്രമത്തിലാണ് ഈ ഉത്തരവാദിത്വം വന്നുചേരുന്നത്. ഇവരെയാണ് വലിയ്യ് എന്ന് വിളിക്കുന്നത്. അവര്‍ ഈ അനാഥരെ പൂർണമായി ഏറ്റെടുക്കുകയാണ് വേണ്ടത്. അവരുടെ പിതാവ് അവരെ സംരക്ഷിച്ചിരുന്നതുപോലെയോ അതിനെക്കാള്‍ മികച്ച രീതിയിലോ അവരെ സംരക്ഷിക്കേണ്ട ബാധ്യത ഇവരില്‍ വന്നുചേരുകയാണ് ചെയ്യുന്നത്. പരേതന് അനന്തര സ്വത്ത് ഉണ്ടെങ്കിലും ഇല്ലെങ്കിലും ഈ ഉത്തരവാദിത്വം ഇല്ലാതാവുന്നില്ല. പരേതന് സ്വത്ത് ഉണ്ടെങ്കില്‍ അനാഥര്‍ വകതിരിവ് എത്തുന്നതുവരെ ആ സ്വത്ത് സംരക്ഷിക്കുക എന്ന ഉത്തരവാദിത്വവും കൂടി വലിയ്യിന് വരുന്നു. വലിയ്യ് ധനികനാണെങ്കില്‍ ഈ സ്വത്തില്‍നിന്ന് ഒന്നും തന്നെ പ്രയോജനപ്പെടുത്താന്‍ പാടില്ല; സംരക്ഷിക്കുകയും വളര്‍ത്തുകയും മാത്രം ചെയ്യണം. വലിയ്യ് ദരിദ്രനാണെങ്കില്‍ അനാഥയുടെ സ്വത്ത് സംരക്ഷിക്കുന്നതോടൊപ്പം അതില്‍നിന്ന് ഏറ്റവും മാന്യമായി മാത്രം ആഹരിക്കുകയും ചെയ്യാം. ഈ വലിയ്യ് ഉത്തരവാദിത്വവും കുടുംബത്തിലെ പുരുഷന്മാരെയാണ് ഇസ്്ലാം ഏൽപിക്കുന്നത്. അവിടെയും സ്ത്രീകള്‍ ഈ ഉത്തരവാദിത്വത്തിന് പുറത്താണ്. അവരുടെ കൈവശം പണം ഉണ്ടെകിലും ഈ ബാധ്യത അവര്‍ നിയമാനുസൃതമായി ഏറ്റെടുക്കേണ്ടതില്ല. അവര്‍ ചെലവാക്കുന്നതിന് അല്ലാഹുവില്‍നിന്നുള്ള പ്രതിഫലം ലഭിക്കുമെന്നത് വേറെ കാര്യം.

അനാഥ സംരക്ഷണം 
മുകളില്‍ പറഞ്ഞ പ്രകാരം അനാഥയെ സംരക്ഷിക്കാന്‍ അടുത്ത വലിയ്യ് ആരുമില്ലെങ്കില്‍, അനാഥയെ സംരക്ഷിക്കേണ്ട ബാധ്യത സമൂഹത്തിന്റെതായി മാറുന്നു. കുടുംബത്തിനു പുറത്തുള്ള അനാഥയെ ഏറ്റെടുക്കല്‍ പോലും സ്വർഗപ്രവേശനത്തിന് കാരണമാണ് എന്നിരിക്കെ സ്വന്തം സഹോദരപുത്രന്മാരുടെ കാര്യം എത്രയധികം പ്രധാനമല്ല! ഈ കുട്ടികള്‍ പ്രായപൂര്‍ത്തിയായി സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാവുന്നതു വരെ അവരുടെ സംരക്ഷണം മുസ്്ലിം സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. ഏറെ പരിമിതികളും പരാതികളും ഉണ്ടെങ്കിലും, ഇന്നും സമുദായം കാര്യക്ഷമമായി നടത്തിക്കൊണ്ടിരിക്കുന്ന നൂറുകണക്കിന് അനാഥശാലകള്‍ ഇതിന് നല്ല തെളിവാണ്. അതിനാല്‍ തന്നെ ഈ കുട്ടികള്‍ വഴിയാധാരമായിപ്പോവുകയില്ല.
അവസാനമായി, അവകാശം ലഭിക്കാതെ ഏതെങ്കിലും അനാഥപൗത്രന്‍ അവഗണിക്കപ്പെടുകയും പിതാമഹന് സ്വത്തുണ്ടായിട്ടും ദരിദ്രരായി ജീവിക്കേണ്ടി വരികയും ചെയ്യുന്നുണ്ടെങ്കില്‍ അതിന് കാരണക്കാര്‍, ഖുര്‍ആന്റെ നിർദേശങ്ങള്‍ പരിഗണിക്കാത്ത പിതാമഹനും പിതൃസഹോദരന്മാരുമാണ്; പിന്നെ മുസ്്ലിം സമുദായവും. ഇസ്‌ലാമോ ഖുര്‍ആനോ അല്ല. അവര്‍ മുത്തഖികളാണെങ്കില്‍ ഖുര്‍ആനിക നിർദേശം അനുസരിക്കലാണ് അവര്‍ക്ക് ഐഹിക സമൃദ്ധിയെക്കാള്‍ ഉത്തമം. ഇങ്ങനെ അവഗണിക്കപ്പെടുന്ന കുട്ടികളെ അവരുടെ പിതൃവ്യന്മാരെക്കാള്‍ സമ്പന്നരാക്കാനും, പിതൃവ്യരെ അവനുദ്ദേശിച്ചാല്‍ അവരുടെ അവസ്ഥയില്‍ മാറ്റം വരുത്താനും കഴിവുള്ളവനാണ്‌ അല്ലാഹു എന്ന യാഥാര്‍ഥ്യം കൂടി അവര്‍ ഓര്‍ക്കുക. ഐഹിക ജീവിതത്തിലെ വിഭവങ്ങള്‍ നശ്വരമാണെന്നും അനശ്വരമായ പരലോക വിജയമാണ് വിശ്വാസി ലക്ഷ്യം വെക്കേണ്ടതെന്നും മറക്കാതെയുമിരിക്കുക.

വിമര്‍ശനം 3:
സംരക്ഷണോത്തരവാദിത്വം ഏറ്റെടുക്കാത്ത ബന്ധുക്കള്‍ക്ക് സ്വത്തോഹരി നല്‍കുന്നതിലെ അനൗചിത്യമാണ് ചൂണ്ടിക്കാട്ടുന്നത്.
പെണ്‍കുട്ടികള്‍ മാത്രം സന്താനങ്ങളായി ഉള്ള ഒരാള്‍ മരണപ്പെടുന്ന നിമിഷം, മയ്യിത്ത് സംസ്കരിക്കുന്നതിന് മുമ്പ് പോലും, അത്രയും കാലം തിരിഞ്ഞുനോക്കുക പോലും ചെയ്യാതിരുന്ന പലരും തങ്ങളുടെ സ്വത്തോഹരി ചോദിച്ചു വരുന്നു. അവരാവട്ടെ ഈ അനാഥ പെണ്‍കുട്ടികളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയാറാവുന്നവരുമല്ല. ഇതാണ് വിമര്‍ശനം.

വിശകലനം:
ഖുര്‍ആനിലും ഹദീസിലും കർമശാസ്ത്ര ഗ്രന്ഥങ്ങളിലുമായി വിശദമാക്കപ്പെട്ട അനന്തരാവകാശ നിയമങ്ങള്‍ പ്രധാനമായും 3 ബന്ധങ്ങളെയാണ് അനന്തരാവകാശം ലഭിക്കാനുള്ള കാരണമായി പറയുന്നത്. വൈവാഹിക ബന്ധം, രക്തബന്ധം, അടിമമോചന ബന്ധം എന്നിവയാണ് അവ. ഓഹരി തടയപ്പെടാനുള്ള കാരണങ്ങളും വ്യക്തമാണ്. കൊലപാതകം, മതം വ്യത്യസ്തമാവല്‍, അടിമയാക്കപ്പെടല്‍ എന്നിവയാണ് അവ. മറ്റു കാരണങ്ങളൊന്നും തന്നെ ഒരു അവകാശിയുടെ ഓഹരി നഷ്ടപ്പെടുത്തുകയില്ല.
ചിലരുടെ സംരക്ഷണം ഏറ്റെടുക്കുന്നതിന് പകരമാണ് മറ്റു ചിലര്‍ക്ക് അനന്തര സ്വത്ത് ലഭിക്കുന്നത് എന്നാണ് പൊതുവേ മനസ്സിലാക്കിവെച്ചിരിക്കുന്നത്. അതൊരു തെറ്റിദ്ധാരണയാണ്.
എന്നാല്‍, സംരക്ഷണവും സ്വത്തവകാശവും രണ്ടും പരസ്പര ബന്ധിതമല്ല. സംരക്ഷണം ഏറ്റെടുത്താലേ ഓഹരി ലഭിക്കൂ എന്ന നിബന്ധന ഇല്ല. അങ്ങനെ ഒരു നിബന്ധന വയ്ക്കാനും കഴിയില്ല. മേൽപറഞ്ഞ ബന്ധങ്ങള്‍ മാത്രമാണ് ഓഹരി ലഭിക്കാനുള്ള മാനദണ്ഡം. ഉദാഹരണത്തിന്, മാതാപിതാക്കളും ഭാര്യയും മാത്രം അവകാശികളായി മരണപ്പെട്ട ആളുടെ സ്വത്ത് മാതാപിതാക്കള്‍ക്ക് ലഭിക്കുന്നത് രക്തബന്ധം കൊണ്ടും, ഭാര്യക്ക് ലഭിക്കുന്നത് വൈവാഹിക ബന്ധംകൊണ്ടും മാത്രമാണ്. മകന്റെ വിധവയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം മകന്റെ പിതാവിനില്ല. അവളെ അവളുടെ പിതാവോ സഹോദരങ്ങളോ മറ്റ് വലിയ്യുകളോ ആണ് സംരക്ഷിക്കേണ്ടത്.
അനാഥയുടെ വലിയ്യ്സ്ഥാനവും അനാഥ സംരക്ഷണവും മറ്റും അല്ലാഹുവിനോടുള്ള ഉത്തരവാദിത്വമാണ്. ഒരാള്‍ അത് നിർവഹിക്കുന്നില്ലെങ്കില്‍ അവന്‍ അല്ലാഹുവിനോടാണ് ധിക്കാരം പ്രവര്‍ത്തിക്കുന്നത്. അതിനുള്ള ശിക്ഷ അല്ലാഹുവില്‍നിന്നാണ് ലഭിക്കുക. ഈ ലോകത്ത് അവന് പരേതനുമായുള്ള ബന്ധം വെച്ചുകൊണ്ട് എന്താണോ ഓഹരി നിർണയിക്കപ്പെട്ടത് അത് അവന് ലഭിക്കും.
ധിക്കാരിയും തെമ്മാടിയും പിതാവിനെ അനുസരിക്കാത്ത മകന്റെയുമൊക്കെ വിധി ഇതു തന്നെയാണ്.

അവസാനമായി:
• അനന്തരാവകാശം എന്ന ഒരു പോയിന്റ് മാത്രം ചര്‍ച്ച ചെയ്യുമ്പോഴും വിമര്‍ശിക്കുമ്പോഴും അതില്‍ അനീതി തോന്നാം. സമൂഹത്തിന്റെ തകാഫുല്‍ (പരസ്പരം ഏറ്റെടുക്കല്‍) കൂടി ചര്‍ച്ച ചെയ്യുമ്പോഴാണ് അത് പൂർണമാവുന്നത്.
• എല്ലാവരും ഉത്തരവാദിത്വങ്ങൾ നിര്‍വഹിക്കുന്ന ഇസ്്ലാമിക സമൂഹത്തിലാണ് നിയമങ്ങള്‍ പൂര്‍ണമായി നടപ്പാവുക; അതിന്റെ നന്മ കാണപ്പെടുക.
• അനിസ്്ലാമിക ചുറ്റുപാടില്‍ ഇസ്്ലാമിക നിയമങ്ങള്‍ പൂർണമായി നടപ്പാക്കാന്‍ പരിമിതികളുണ്ട്. എന്നാല്‍, വ്യക്തിതലത്തില്‍ നടപ്പാക്കാന്‍ കഴിയുന്നത്ര പാലിക്കുന്നതില്‍ ആര്‍ക്കും തടസ്സം നില്‍ക്കാനും കഴിയില്ല. ഇസ്്ലാമിക നിയമങ്ങള്‍ എത്രകണ്ട് നടപ്പാക്കപ്പെടുന്നോ അത്രയും ഗുണഫലങ്ങളേ പ്രകടമാവൂ.
• നിയമങ്ങള്‍ മാത്രം നന്നായിട്ട് പ്രയോജനമില്ല; അത് പ്രാവര്‍ത്തികമാക്കാന്‍ സമൂഹം മുന്നോട്ടു വരണം. l
(അവസാനിച്ചു)

Comments