Prabodhanm Weekly

Pages

Search

2023 മെയ് 12

3301

1444 ശവ്വാൽ 21

ഇന്ത്യന്‍ ജനാധിപത്യം വെന്റിലേറ്ററില്‍

എ.ആര്‍

ലോകത്തിനാകെ മാതൃകയെന്നും വിശ്വോത്തരമെന്നും നാം അവകാശപ്പെടുന്ന ഇന്ത്യന്‍  ജനാധിപത്യം മുക്കാല്‍ നൂറ്റാണ്ടിന് ശേഷം എവിടെ എത്തിനില്‍ക്കുന്നു എന്ന ചോദ്യത്തിന് ശരിയുത്തരം നല്‍കും കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗം. 224 അംഗ നിയമ സഭയിലേക്ക് മൂന്ന് രാഷ്ട്രീയ പാര്‍ട്ടികളാണ് പ്രധാനമായി മത്സര രംഗത്തുള്ളത്. ഭരണകക്ഷിയായ ഭാരതീയ ജനതാ പാര്‍ട്ടി, പ്രതിപക്ഷത്തെ ഇന്ത്യന്‍ നാഷ്‌നല്‍ കോണ്‍ഗ്രസ്, ജനതാ ദള്‍ (എസ്) എന്നിവ. നിലവില്‍ ഭരണത്തിലിരിക്കുന്ന ബി.ജെ.പിക്ക് ഗതകാല വികസന നേട്ടങ്ങളും ഭാവി പദ്ധതികളും എടുത്തുകാട്ടി ജനവിധി തേടാം. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ്സിന് ജനകീയ പ്രശ്‌നങ്ങളുടെ പരിഹാരത്തിൽ ബി.ജെ.പി സര്‍ക്കാറിന്റെ പരാജയവും അഴിമതിയും ചൂണ്ടിക്കാട്ടി വോട്ട് ചോദിക്കാം. മൂന്നാമത്തെ പാര്‍ട്ടിക്ക് തങ്ങളാണ് യഥാര്‍ഥ പ്രതിപക്ഷമെന്ന് അവകാശപ്പെട്ട് വിപ്ലവകരമായ മാറ്റങ്ങള്‍ ഉറപ്പ് നല്‍കി സമ്മതിദായകരെ സമീപിക്കാം. ഇതിനൊക്കെ ആധാരമായി ഓരോ പാര്‍ട്ടിയുടെയും പ്രകടന പത്രികയും പ്രചാരണത്തിന് ആയുധമാക്കാം. ഡിജിറ്റല്‍ യുഗത്തില്‍ അത്യന്താധുനിക ഉപാധികളും സാങ്കേതിക സൗകര്യങ്ങളും പ്രയോജനപ്പെടുത്താം; പ്രയോജനപ്പെടുത്തുന്നുമുണ്ട്. ഭരണകക്ഷിക്കാവട്ടെ കോടികള്‍ വെള്ളം പോലെ ഒഴുക്കാന്‍ ധനസ്രോതസ്സുകളുമുണ്ട്. കോണ്‍ഗ്രസ്സിന്റെ നേതൃത്വവും ഫലത്തില്‍ ശതകോടീശ്വരനായ ഡി.കെ ശിവകുമാറിന്റെ കൈകളിലാണെന്നതുകൊണ്ട് മറ്റു സംസ്ഥാനങ്ങളിലെ വിഭവ ദാരിദ്ര്യം കര്‍ണാടകത്തിലില്ല. ദേവഗൗഡ-കുമാര സ്വാമി കുടുംബത്തിനുമുണ്ട് മോശമല്ലാത്ത സാമ്പത്തിക പശ്ചാത്തലം. ഇങ്ങനെ നോക്കിയാല്‍ ആരോഗ്യകരമായ ഒരു കാമ്പയിന് ആവശ്യമായ പശ്ചാത്തലം കര്‍ണാടകയിലുണ്ട് എന്ന് തീര്‍ത്തു പറയാനാവും.
പക്ഷേ, യഥാര്‍ഥത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതോ? അഞ്ചു വര്‍ഷത്തെ ഭരണം സമ്മാനിച്ച തിരിച്ചടിയില്‍നിന്നും അപരിഹാര്യമായി തുടരുന്ന ജനകീയ പ്രശ്‌നങ്ങളില്‍നിന്നും  ജനശ്രദ്ധ തിരിക്കാന്‍ ഹിന്ദുത്വ പാര്‍ട്ടി മുെമ്പന്നത്തെക്കാളും ഭീകരമായി വര്‍ഗീയതയും ന്യൂനപക്ഷ വിരോധവും ഇളക്കിവിടാന്‍ പതിനെട്ടടവും പയറ്റുകയാണ്. മേമ്പൊടിയായി ജാതീയ പ്രീണനവും തരംപോലെ ഉപയോഗിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ തീരാ ശാപങ്ങളായ വൊക്കലിഗ, ലിംഗായത്ത് ജാതിപ്പോര് എന്നെങ്കിലുമൊരു നാള്‍ അവസാനിപ്പിക്കണമെന്നല്ല, പരമാവധി ജ്വലിപ്പിച്ചു കാര്യം നേടാനാണ് ശ്രമം. അവിഹിത പ്രീണനവും അധികാര ദുര്‍വിനിയോഗവുമാണ് ഇതിനവലംബിക്കുന്ന വഴികള്‍. ഇത്തവണ മുമ്പൊരിക്കലുമില്ലാത്ത വിധം കൂറുമാറ്റം പാര്‍ട്ടിയെ പിടിച്ചുകുലുക്കുന്നതാണ് മുഖ്യ ഭീഷണി. പുതു രക്തത്തിന് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മുന്തിയ പരിഗണന നല്‍കി എന്നവകാശപ്പെടുമ്പോള്‍ തഴയപ്പെട്ട എം.എല്‍.എമാരും പ്രമുഖരും കൂട്ടത്തോടെ കാലുമാറുകയും കൂറുമാറുകയുമാണ്. ടിക്കറ്റ് നിഷേധിക്കപ്പെട്ടതിന്റെ പേരില്‍ കോണ്‍ഗ്രസ്സിലേക്ക് കൂറുമാറിയവരില്‍ ഗണ്യമായ എണ്ണത്തിന് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കാന്‍ അവസരം ലഭിച്ചിട്ടുമുണ്ട്. ഇന്നലെ വരെ മതേതരത്വത്തിന്റെ കടുത്ത ശത്രുക്കളായിരുന്നവര്‍ രായ്ക്കുരാമാനം കോണ്‍ഗ്രസ്സില്‍ ചേക്കേറുന്നതോടെ കറകളഞ്ഞ മതേതരവാദികളും മതസൗഹാര്‍ദത്തിന്റെ മൂര്‍ത്തീമത്ഭാവങ്ങളുമായി മാറുന്ന മറിമായം! അഭിപ്രായ സര്‍വേകള്‍ പ്രവചിക്കും പോലെ തൂക്കു സഭയാണ് ഫലമെങ്കില്‍ പണവും പദവിയും മോഹിച്ച് വീണ്ടും ഒരു കൂറുമാറ്റത്തിനുള്ള സര്‍വ മുന്‍കരുതലുകളുമെടുത്തുകൊണ്ടാണ് ഈ ഭിക്ഷാംദേഹികളുടെ ഇളകിയാട്ടം എന്ന് ഏത് മന്ദബുദ്ധിക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. 'അവസരവാദ ദള്‍' എന്ന് ന്യായമായും വിളിക്കാവുന്ന ദേവഗൗഡയുടെ പാര്‍ട്ടിയാകട്ടെ മുഖ്യമന്ത്രി സ്ഥാനം ഓഫര്‍ ചെയ്യുന്ന ഏത് ചെകുത്താന്റെ കൂടെയും ഭരിക്കാനുള്ള റിഹേഴ്‌സലിലാണെന്നതും പരക്കെ അറിയാവുന്ന സത്യം മാത്രം. കൂറുമാറ്റത്തിന്റെ റിക്കാര്‍ഡ് തകർത്ത കൂത്തുപറമ്പുകാരനാണ് ഇത്തവണ ദള്‍ തലപ്പത്ത് എന്നതും ശ്രദ്ധേയം.
ഹിന്ദുത്വ പാര്‍ട്ടിയുടെ പ്രചാരണ യന്ത്രം പൂര്‍ണമായി കൈകളിലേന്തിയ രാജ്യത്തിന്റെ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും വര്‍ഗീയ-വംശീയ കാര്‍ഡിന് തന്നെ പ്രഥമ പരിഗണന നല്‍കിയതില്‍ അത്ഭുതപ്പെടാനില്ല. മത ന്യൂനപക്ഷങ്ങളോടുള്ള തീര്‍ത്താല്‍ തീരാത്ത പകയും വൈരവുമാണല്ലോ ഹിന്ദുത്വ സാരഥികളുടെ എക്കാലത്തെയും വജ്രായുധം. സംസ്ഥാന ജനസംഖ്യയില്‍ 16 ശതമാനം വരുന്ന മുസ്്‌ലിംകള്‍ക്ക് ഇതുവരെ ലഭിച്ചിരുന്ന നാല് ശതമാനം ഉദ്യോഗ സംവരണം ഒറ്റയടിക്ക് ഇല്ലാതാക്കി രണ്ട് വീതം വൊക്കലിഗക്കും ലിംഗായത്തിനും പതിച്ചുകൊടുത്തതാണ് മുഖ്യ പ്രചാരണായുധം. തങ്ങള്‍ അധികാരത്തിലേറിയാല്‍ മുസ്്‌ലിംകൾക്കത് തിരിച്ചു കൊടുക്കും എന്ന കോണ്‍ഗ്രസ് നേതാക്കളുടെ വാഗ്ദാനം കാവിപ്പടയുടെ ആയുധത്തിന് പ്രഹരശേഷി വര്‍ധിപ്പിക്കുകയാണ് ചെയ്തത്. മതത്തിന്റെ പേരില്‍ സംവരണം പാടില്ലെന്ന പ്രഖ്യാപിത നിലപാട് ആവര്‍ത്തിക്കുന്നതോടൊപ്പം സവര്‍ണ ജാതികള്‍ക്ക് നഷ്ടപ്പെടുന്ന സംവരണം ആര്‍, എങ്ങനെ തിരിച്ചു നല്‍കും എന്ന ചോദ്യമാണ് മോദി-അമിത് ഷാ ടീം ഉയര്‍ത്തുന്നത്. ഹിന്ദുത്വ വികാരം ആവോളം ഇളക്കിവിട്ടാല്‍ നഷ്ടപ്പെടുന്ന ന്യൂനപക്ഷ പിന്തുണയെക്കാള്‍ ലാഭകരമാവും എന്നുതന്നെ അവര്‍ കണക്കു കൂട്ടുന്നു. ഇതിന് തക്കതായ മറുപടി നല്‍കാന്‍ ഖാര്‍ഗെയുടെ പാര്‍ട്ടി പ്രയാസപ്പെടും എന്നും അവര്‍ കരുതുന്നു. കേരളത്തില്‍ എട്ട് ക്രൈസ്തവ സഭാ പിതാക്കളെ നേരില്‍ കണ്ട് പ്രധാനമന്ത്രി സുഖിപ്പിച്ചുപോയെങ്കിലും കര്‍ണാടകയില്‍ പ്രമോദ് മുത്തലിക്കിനെപ്പോലുള്ള കൊടും വിഷവാഹകരുടെ ആക്രമണത്തിനിരയാവുന്ന ക്രിസ്തീയ ന്യൂനപക്ഷത്തിന്റെ വോട്ട് നിര്‍ണായകമല്ലെന്ന കണക്കുകൂട്ടലാവും രാജ്യം വാഴുന്നവര്‍ക്ക്. 
എന്തൊക്കെ ബലഹീനതകളുണ്ടെങ്കിലും രാഹുല്‍ -പ്രിയങ്ക കൂട്ടുകെട്ടിന്റെ ആര്‍ജവമുള്ള നിലപാടിലും നിര്‍ഭയമായ വിമര്‍ശനങ്ങളിലുമുള്ള വിശ്വാസവും പ്രതീക്ഷയുമാണ് ന്യൂനപക്ഷങ്ങള്‍ക്ക് കോണ്‍ഗ്രസ്സിന്റെ കൂടെ നില്‍ക്കാനുള്ള പ്രേരണ. മറ്റൊരു ഓപ്ഷന്‍ അവരുടെ മുന്നിലില്ല. മുസ്‌ലിം ലീഗ് മത്സര രംഗത്തില്ല. എസ്.ഡി. 2പി.ഐ 16 സീറ്റുകളില്‍ ഭാഗ്യ പരീക്ഷണത്തിനിറങ്ങിയിട്ടുണ്ട്. തീരദേശ മണ്ഡലങ്ങളാണവരുടെ പിന്‍ബലം. ന്യൂനപക്ഷ വോട്ടുകളുടെ ശൈഥില്യം ആര്‍ക്കാണ് ഗുണകരമാവുക എന്ന ആശങ്ക നിലനില്‍ക്കുന്നു. വെല്‍ഫെയര്‍ പാർട്ടിയടക്കമുള്ള 28 മുസ്്‌ലിം സംഘടനകളുടെ കൂട്ടായ്മ വിജയ സാധ്യതയുള്ള മതേതര സ്ഥാനാര്‍ഥികള്‍ക്ക് വോട്ടു ചെയ്യും എന്ന തീരുമാനത്തിലാണ്. കോണ്‍ഗ്രസ്സിന്റെ മുന്‍തൂക്കമാണ് അഭിപ്രായ സര്‍വേകളുടെ പ്രവചനം. കേവല ഭൂരിപക്ഷം ചില ഏജന്‍സികള്‍ പ്രവചിക്കുമ്പോള്‍ മറ്റു ചിലര്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി എന്നേ വിലയിരുത്തുന്നുള്ളൂ. അങ്ങനെ വന്നാല്‍ മുന്‍ അനുഭവങ്ങള്‍ ആവര്‍ത്തിക്കാനുള്ള സാധ്യത നിരാകരിക്കാനാവില്ല. അദാനി-അംബാനിമാരുടെ പൂര്‍ണ രക്ഷാകര്‍തൃത്വമുള്ള പാര്‍ട്ടിയുടെ ദേശീയ സര്‍ക്കാര്‍ എന്ത് വില കൊടുത്തും ഭരണത്തുടര്‍ച്ച ഉറപ്പാക്കാന്‍ മടിക്കില്ല എന്നതാണ് ഗതകാല അനുഭവം. അതിനുള്ള സാധ്യത പോലും ഇല്ലാതാകുന്ന വിധമാണ് ഇലക്്ഷന്‍ ഫലങ്ങളെങ്കില്‍ 2024-ലെ പൊതു തെരഞ്ഞെടുപ്പ് ഹിന്ദുത്വയുടെ മിടിപ്പിന് ആക്കം കൂട്ടുമെന്നതും നിസ്തര്‍ക്കമാണ്. l

Comments