Prabodhanm Weekly

Pages

Search

2023 മെയ് 12

3301

1444 ശവ്വാൽ 21

യൂറോപ്പിൽ മരിക്കുന്നത് ദൈവമല്ല, മതമാണ്

യൊറാം വാൻ ക്ലവരൻ

ചിന്തകനും നെതർലന്റ്സിലെ തീവ്ര വലതുപക്ഷ കക്ഷിയായ പാർട്ടി ഫോർ ഫ്രീഡത്തിന്റെ മുൻ നേതാവും അതിന്റെ പാർലമെന്റ് അംഗവുമായിരുന്ന യൊറാം വാൻ ക്ലവരൻ (Joram Van Klaveren) തന്റെ സത്യാന്വേഷണ യാത്രകൾ രേഖപ്പെടുത്തുകയാണ് Apostate : From Christianity to lslam in Times of Secularisation and Terror എന്ന പുസ്തകത്തിൽ. ദൈവം നിലനിൽക്കുന്നുണ്ടോ, ഖുർആനിലെയും ബൈബിളിലെയും ദൈവം ഒന്നാണോ, അവിശ്വാസികളെ വെറുക്കാനും സ്ത്രീകളെ അടിച്ചമർത്താനും ഇസ്്ലാം പഠിപ്പിക്കുന്നുണ്ടോ തുടങ്ങിയ ചോദ്യങ്ങൾ ഉയർത്തിയും തന്റെതായ മറുപടികൾ കണ്ടെത്തിയും ഇസ്്ലാമിനെക്കുറിച്ച തന്റെ ബോധ്യങ്ങൾ അവതരിപ്പിക്കുകയാണ് ഗ്രന്ഥകാരൻ. ശൈഖ് ഹംസ യൂസുഫും പ്രഫ. അബ്ദുൽ ഹകീം മുറാദുമാണ് അവതാരികകൾ എഴുതിയിരിക്കുന്നത്. അവരുമായി നടത്തിയ ചർച്ചകളിലൂടെയാണ് യൊറാം കാര്യമായും തന്റെ ആശയങ്ങൾ വികസിപ്പിച്ചിരിക്കുന്നത്. ദൈവശാസ്ത്ര വിഷയങ്ങളിൽ ഇരുവരുടെയും നിലപാടുകൾ പ്രാമാണികവും യുക്തിസഹവും ആയിരിക്കുമ്പോൾ തന്നെ, ഇസ്്ലാമിനെ അരാഷ്ട്രീയവൽക്കരിച്ചു (quietism) എന്ന ആരോപണം നേരിടുന്നുമുണ്ട് അവർ. ക്വയറ്റിസം ഈ പുസ്തകത്തിലുടനീളം തല പൊക്കുന്നുമുണ്ട്. ഇസ്്ലാമിനെ 'രാഷ്ടീയവൽക്കരിച്ച'തിന് ഇമാം ഇബ്്നു തൈമിയ്യ മുതൽ മൗലാനാ മൗദൂദി വരെയുള്ളവരെ പ്രതിക്കൂട്ടിൽ നിർത്തുന്നു. യൂറോപ്പിൽ നാശം വിതച്ച തീവ്ര സലഫിസത്തോടുള്ള കടുത്ത വിയോജിപ്പും തീവ്ര വലതുപക്ഷ പാർട്ടിയിൽ പ്രവർത്തിക്കേണ്ടി വന്നതിലുള്ള കുറ്റബോധവുമൊക്കെയായിരിക്കാം ഈ അരാഷ്ട്രീയതക്ക് കാരണം. പഠനത്തിന്റെ മറ്റൊരു ഘട്ടത്തിൽ അദ്ദേഹം ഈ നിലപാട് തിരുത്തിക്കൂടായ്കയുമില്ല. പക്ഷേ, അതൊന്നും ഈ പുസ്തകത്തിന്റെ പ്രസക്തിക്ക് മങ്ങലേൽപ്പിക്കുന്നില്ല. പുസ്തകത്തിൽ നിന്നുള്ള ഒരു ഭാഗമാണ് ചുവടെ. വിവ : അബൂ സ്വാലിഹ)

 

 

ഫ്രഡറിക് നീച്ചെ 1882-ൽ  എഴുതി: 'ദൈവം മരിച്ചിരിക്കുന്നു.' ഏതാനും വർഷങ്ങൾ കഴിഞ്ഞ് അദ്ദേഹത്തിന്റെ 'സരത്തുസ്ട്ര അങ്ങനെ പറഞ്ഞു' എന്ന കൃതി പ്രസിദ്ധീകരിക്കപ്പെട്ടതോടെ വ്യാപകമായി ഉദ്ധരിക്കപ്പെടുന്ന പ്രസ്താവമായി അത് മാറി. പടിഞ്ഞാറിന്റെ ഏറ്റവും ഒടുവിലത്തെ മതേതര/മതവിരുദ്ധ വൽക്കരണത്തെ ഇതുപോലെ സാക്ഷ്യപ്പെടുത്തുന്ന മറ്റൊരു വാക്യമില്ല. ഈ സെക്യുലറൈസേഷൻ എന്നത് നിരന്തരം തുടരുന്ന പ്രക്രിയയാണ്. 1900-ത്തിൽ ഡച്ച് ജനസംഖ്യയുടെ 98 ശതമാനത്തിനും ഒരു ചർച്ച് വിഭാഗവുമായി ബന്ധമുണ്ടായിരുന്നു. 2015-ൽ ആ ചർച്ച്ബന്ധം 30 ശതമാനമായി കുറഞ്ഞു. മൊത്തം ജനസംഖ്യയുടെ 82 ശതമാനവും ഒരു   ചർച്ചിലും പോകാത്തവരുമായി. ദൈവ വിശ്വാസം പ്രഖ്യാപിക്കുന്നവരെക്കാൾ ദൈവ വിശ്വാസത്തെ തുറന്നെതിർക്കുന്നവരാണ് ഹോളണ്ടിൽ ഇപ്പോൾ കൂടുതൽ (God in Netherlands, 2016). ഈ പഠനത്തിൽ ഭാഗഭാക്കായവർ പറയുന്നത്, ക്രിസ്തുമതം ചുരുങ്ങുകയും അരിക് വൽക്കരിക്കപ്പെടുകയും ചെയ്തിരിക്കുന്നു എന്നാണ്. 'നെതർലന്റ്സ് ഒരു ക്രിസ്ത്യൻ ദേശം അല്ലാതായിക്കഴിഞ്ഞിരിക്കുന്നു' എന്നാണ് ആ ഗവേഷകർ എത്തിച്ചേർന്ന നിഗമനം. 2018-ലെ സ്റ്റാറ്റിസ്റ്റിക്സ് സർവെ (സി.ബി.എസ്) പ്രകാരം,  ചരിത്രത്തിലാദ്യമായി ഡച്ച് ജനതയുടെ ഭൂരിപക്ഷവും തങ്ങളെ സ്വയം ഒരു മതത്തിന്റെയും ആളുകളായി കാണുന്നില്ല. 2018-ൽ പ്യൂ റിസർച്ച് സെന്റർ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ, പടിഞ്ഞാറൻ യൂറോപ്പിൽ ഏറ്റവും 'അവിശ്വാസികൾ' ഉള്ള നാടായി നെതർലന്റ്സിനെ അടയാളപ്പെടുത്തിയിരിക്കുന്നു. ഡച്ച് ജനതയിൽ പകുതിയോളം തങ്ങളെ സ്വയം നിരീശ്വരവാദികൾ, സന്ദേഹവാദികൾ, മതമില്ലാത്തവർ എന്നൊക്കെയാണ് വിശേഷിപ്പിക്കുന്നത്.
ഇതിന്റെ ഫലം ചരിത്രത്തിലെ തീർത്തും അസ്ഥിരമായ, ഒറ്റപ്പെട്ട ഒരു പരീക്ഷണത്തിന് തുടക്കം കുറിച്ചു എന്നതാണ്. ദൈവം ഇല്ലാത്ത ഒരു നാഗരികതയെ വളർത്തിയെടുക്കുക എന്നതാണ് ആ പരീക്ഷണം. യൂറോപ്പിലെ രാഷ്ട്രീയ പാർട്ടികൾ 'ജൂത - ക്രിസ്ത്യൻ സംസ്കാരം' സംരക്ഷിക്കണമെന്ന് മുറവിളി കൂട്ടുന്നത് ഈ സ്ഥിതിവിശേഷത്തിൽ അവർ എത്രത്തോളം അസ്വസ്ഥരാണ് എന്ന് കാണിക്കുന്നുണ്ട്. മത ജീവിതം പാടേ ഉപേക്ഷിച്ച രാഷ്ട്രീയക്കാരാവും മുറവിളി കൂട്ടാൻ മുൻപന്തിയിലുണ്ടാവുക. അതിന്റെ അർഥം പ്രശ്നത്തിന്റെ മർമം അവർക്ക് പിടി കിട്ടിയിട്ടില്ല എന്നതു തന്നെ. മതത്തെ കേവലം 'സാംസ്കാരിക പ്രകാശന'മായി കാണുന്നതിൽ ഒരർഥവുമില്ല. അത് ജനങ്ങളുടെ ജീവിതരീതികളിലോ കാഴ്ചപ്പാടുകളിലോ ഒരു മാറ്റവും ഉണ്ടാക്കുകയില്ല. മനുഷ്യനിലേക്ക് ആഴ്ന്നിറങ്ങുന്ന ഒരു ജീവൽ മതത്തിന് മാത്രമേ സവിശേഷമായ രീതിയിൽ എല്ലാ തലങ്ങളിലും മനുഷ്യ സമൂഹത്തെ രൂപപ്പെടുത്തിയെടുക്കാനാകൂ.
പാശ്ചാത്യ ദേശത്ത് സ്വാതന്ത്ര്യം, ജനാധിപത്യം, മനുഷ്യാവകാശങ്ങൾ തുടങ്ങിയവയുടെ അടിസ്ഥാനങ്ങൾ രൂപപ്പെട്ടത് ക്രൈസ്തവത കേന്ദ്ര സ്ഥാനത്ത് നിലയുറപ്പിച്ചിരുന്ന ഘട്ടത്തിലായിരുന്നു. അവിടെനിന്ന് ക്രൈസ്തവത പിൻവാങ്ങുമ്പോൾ അത് ജനജീവിതത്തെ ബാധിക്കുമെന്ന് ഉറപ്പ്. അടിത്തറ ഉറപ്പിക്കാതെ ഈ 'ജൂത - ക്രൈസ്തവ' എടുപ്പിന്റെ ചുമരുകൾ പൊക്കി നിർത്താൻ ശ്രമിച്ചതുകൊണ്ട് കാര്യമില്ല. അകം കാലിയായ ഷോപ്പിന്റെ മുൻഭാഗം അലങ്കരിച്ചുവെക്കുന്നത് പോലെയാണത്. അത്തരമൊരു അലങ്കാര മുഖപ്പ് അധിക കാലം നിലനിൽക്കുകയില്ല. ചർച്ചിന്റെ പിൻവാങ്ങൽ (de-churching ) തുടരുകയാണ് (2030 ആവുമ്പോഴേക്ക് ആയിരം ചർച്ചുകൾ പൂട്ടിയിടേണ്ടി വരുമെന്നാണ് പറയുന്നത് ). ഇതിന്റെ പ്രത്യാഘാതം ജനം പൂർണാർഥത്തിൽ മനസ്സിലാക്കിയ മട്ടില്ല. ക്രിസ്ത്യൻ അടിസ്ഥാന വിശ്വാസത്തിന്റെ ആധാരശിലകളെ തന്നെ കടപുഴക്കിക്കൊണ്ടാവും ഈ മാറ്റം നടക്കുക. ഈ വിശ്വാസ നഷ്ടം 'കുഞ്ഞാടുകൾ'ക്ക് മാത്രമായിരിക്കില്ല; 'ഇടയൻമാരും' അതിന് വിധേയരാവും. ആറ് വൈദികരിൽ ഒരാൾ സന്ദേഹവാദിയായി മാറിയിട്ടുണ്ടെന്നാണ് (Stoffelട, 2006) പറയുന്നത്. യേശു ജീവിച്ചിരുന്നിട്ടില്ലെന്നും ഉയർത്തെഴുന്നേൽപ്പ് ഉണ്ടായിട്ടില്ലെന്നും വിശ്വസിക്കുന്നവർ കൂട്ടത്തിലുണ്ട്. 'നാസ്തികനായ വൈദികൻ' വരെ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു.
മതമീമാംസാ ചർച്ചകൾ വരുമ്പോൾ വിശ്വാസ കാര്യങ്ങളിൽ സംശയങ്ങളും സന്ദേഹങ്ങളും ഉയർന്നു വരിക എന്നത് അസ്വാഭാവികമല്ല. വിശ്വാസത്തെ ദൃഢീകരിക്കാൻ അത് ഉപകരിക്കുകയും ചെയ്യും. പക്ഷേ, അടിസ്ഥാന വിശ്വാസങ്ങളെ അപ്പടി തള്ളിക്കളയുക എന്നത് മറ്റൊരു കാര്യമാണ്. ആ നിഷേധം അനുയായികളുടെ മാത്രമല്ല, ആ മതത്തിന്റെ തന്നെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്നതാണ്. ക്രമേണ അടിസ്ഥാന ക്രിസ്ത്യൻ മതവിശ്വാസങ്ങളിൽനിന്ന് അകന്നു പോവുക എന്ന ഈ പ്രക്രിയ  എന്റെ ജീവിത ചുറ്റുപാടുകളിൽ അനുഭവിച്ചറിഞ്ഞിട്ടുള്ളയാളാണ് ഞാൻ. എന്നിൽ തന്നെ  അത്തരമൊരു മാറ്റം ഉണ്ടായിട്ടുണ്ട്. ക്രൈസ്തവതയോട് എനിക്ക് സഹാനുഭൂതിയുണ്ട്. വലിയൊരു പരിധി വരെ അതിന്റെ ചരിത്രത്തെയും സംസ്കാരത്തെയും ഞാൻ പ്രശംസിക്കുന്നു. അത് നിലനിൽക്കേണ്ടതിന്റെ പ്രാധാന്യവും ഞാൻ മനസ്സിലാക്കുന്നു. പക്ഷേ, എന്റെ യുവത്വത്തിന്റെ അവസാന ഘട്ടത്തിൽ അതിന്റെ അടിസ്ഥാന വിശ്വാസങ്ങളുമായി (ലോക വ്യാപകമായി അതിന്റെ ഓർത്തഡോക്സ് വിശ്വാസ സംഹിത രൂപപ്പെട്ടിരിക്കുന്നത് അതിന്റെ അടിസ്ഥാനത്തിലാണ് ), അതായത് ത്രിയേകത്വം, ക്രിസ്തുവിന്റെ ആളത്തവും ദൈവത്വവും, ആദി പാപം, (യേശുവിന്റെ) രക്തബലിയുടെ അനിവാര്യത തുടങ്ങിയ ആശയങ്ങളുമായി എനിക്ക് താദാത്മ്യപ്പെടാൻ കഴിഞ്ഞിരുന്നില്ല. എന്നു മാത്രമല്ല, ആ വർഷങ്ങളിൽ എന്റെ ദൈവ സങ്കൽപം മൗലികമായി തന്നെ മാറിക്കഴിഞ്ഞിരുന്നു. പക്ഷേ, നീച്ചെ കരുതും പോലെ ദൈവം മരിക്കുകയല്ല ചെയ്തത്; പെട്ടെന്ന് നിരീശ്വരവാദം യുക്തിപരമായി സംതൃപ്തി നൽകുന്ന ബദലാവുകയുമല്ല. സംഭവിച്ചത് നേരെ തിരിച്ചായിരുന്നു. l

Comments