സ്വവര്‍ഗ വിവാഹം നിയമാനുസൃതമാക്കരുത്
സ്വവര്‍ഗ വിവാഹം നിയമാനുസൃതമാക്കണമെന്ന ഹരജികള്‍ പരിശോധിച്ച സുപ്രീം കോടതിയിലെ മൂന്നംഗ ബെഞ്ച്, വിഷയം അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടിരുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് നയിക്കുന്ന ആ ബെഞ്ച് കഴിഞ്ഞ ഏപ്രില്‍ 18 മുതല്‍ വാദങ്ങള്‍ കേട്ടുവരികയാണ്. 2018-ലെ സുപ്രീം കോടതി വിധി പ്രകാരം സ്വവര്‍ഗ രതി കുറ്റകൃത്യമല്ലായിത്തീര്‍ന്നിട്ടുണ്ട്. ആ വിധിയുടെ സ്വാഭാവികമായ രണ്ടാം ഘട്ടമാണ്, ഇങ്ങനെ ഒന്നിച്ച് ജീവിക്കുന്ന ഒരേ ലിംഗക്കാരായ രണ്ട് പേര്‍ക്ക് വിവാഹിതരാകാനുള്ള അനുമതി എന്ന് ഹരജിക്കാര്‍ വാദിക്കുന്നു. വിവാഹിതര്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും വകവെച്ച് കിട്ടണമെന്നും അവര്‍ ആവശ്യപ്പെടുന്നു. ചില രാജ്യങ്ങളില്‍ ഇപ്പോള്‍ തന്നെ പാര്‍ലമെന്റ് നിയമ നിര്‍മാണത്തിലൂടെയും കോടതി വിധികളിലൂടെയും ഒരേ ലിംഗ വിവാഹം നിയമവിധേയമാക്കപ്പെട്ടതിനാല്‍ നിരവധി ലിബറല്‍ ഗ്രൂപ്പുകള്‍ ശക്തമായിത്തന്നെ ഇതിനു വേണ്ടി രംഗത്തിറങ്ങിയിട്ടുണ്ട്.
മതങ്ങളുടെ സംഗമ ഭൂമിയാണ് ഭാരതം. രാജ്യ നിവാസികളില്‍ ബഹുഭൂരിപക്ഷവും മതവിശ്വാസികളുമാണ്. സ്വവര്‍ഗ വിവാഹത്തിന് നിയമ സാധുത നല്‍കുന്നത് തങ്ങളുടെ മതവിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും കടകവിരുദ്ധമാണെന്ന കാര്യത്തില്‍ അവര്‍ക്കിടയില്‍ യാതൊരു തർക്കവുമില്ല. അതിനാല്‍ വിവിധ മത വിശ്വാസങ്ങളെ പ്രതിനിധാനം ചെയ്യുന്ന കൂട്ടായ്മകള്‍ ഇതിനെതിരെ ശക്തമായി പ്രതികരിക്കുന്നു. ചിലര്‍ ഒരേ ലിംഗ വിവാഹത്തിനെതിരെ സുപ്രീം കോടതിയില്‍ എതിര്‍ ഹരജി സമര്‍പ്പിച്ചിട്ടുണ്ട്. ജംഇയ്യത്തുല്‍ ഉലമായേ ഹിന്ദാണ് അതില്‍ മുന്‍പന്തിയില്‍. ചെലവിന് കൊടുക്കല്‍, അനന്തരാവകാശം, സംരക്ഷണം തുടങ്ങിയ ഒട്ടേറെ ഉത്തരവാദിത്വങ്ങള്‍ വിവാഹത്തിലൂടെ വന്നുചേരുന്നു. കുടുംബം എന്ന സ്ഥാപനത്തിന് വലിയ വെല്ലുവിളി ഉയര്‍ത്തുകയാണ് സ്വവര്‍ഗ വിവാഹത്തിനു വേണ്ടി വാദിക്കുന്നവര്‍ എന്ന് എതിര്‍ ഹരജിയില്‍ പറയുന്നു. ഇന്ത്യന്‍ ജമാഅത്തെ ഇസ്്‌ലാമി വൈസ് പ്രസിഡന്റ് സലീം എഞ്ചിനീയര്‍ മറ്റൊരു വശമാണ് ചൂണ്ടിക്കാട്ടിയത്. പുരുഷും സ്ത്രീയും തമ്മില്‍ നടക്കുന്നതാണ് യഥാര്‍ഥ വിവാഹം. അതിനെതിരെയുള്ള ഏതു നീക്കവും നമ്മുടെ നാഗരിക മൂല്യങ്ങളെ തകര്‍ക്കും. രാജ്യത്ത് നിലനില്‍ക്കുന്ന പല വ്യക്തിനിയമങ്ങളിലെയും സ്ഥിരപ്രതിഷ്ഠ നേടിയിട്ടുള്ള കുടുംബ സംവിധാനത്തിന്റെ കടക്കല്‍ കത്തിവെക്കും. പലതരം അവകാശ നിഷേധങ്ങളിലേക്കാണ് ഒടുവിലത് എത്തിച്ചേരുക. ജൈന ഗുരു ആചാര്യ ലോകേഷ്, പൗരാണിക മൂല്യങ്ങള്‍ക്കെതിരെയുള്ള നീക്കമായാണ് ഇതിനെ കാണുന്നത്. സമാന ചിന്താഗതിയാണ് കമ്യൂണിയന്‍ ഓഫ് ചര്‍ച്ചസിനും ഉള്ളത്. സ്വവര്‍ഗക്കാര്‍ ചേരുന്നതിനെ വിവാഹമെന്ന് വിളിക്കാനോ, അതിന് നിയമാനുസൃതത്വം നല്‍കാനോ പാടില്ലെന്ന് അവര്‍ വ്യക്തമാക്കുന്നു. സിക്ക് മത നേതൃത്വം അകാല്‍ തക്തും സമാന അഭിപ്രായം പങ്കുവെക്കുന്നു.
രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും, അവരുടെ മതശാസനകളും മൂല്യവ്യവസ്ഥകളും നിരാകരിക്കുന്ന വഴിവിട്ട ലൈംഗികതക്ക് നിയമാനുസൃതത്വം നല്‍കാനുള്ള ശ്രമത്തെ കൂട്ടായി ചെറുക്കേണ്ടതുണ്ട്. പാശ്ചാത്യ നാടുകളിലെ ലൈംഗികാഭാസങ്ങള്‍ക്കെല്ലാം ഇവിടെയും അംഗീകാരം വേണം എന്ന ലിബറല്‍ ചിന്താഗതിക്കാരുടെ വാദങ്ങള്‍ക്ക് മുന്നില്‍ ഭരണസ്ഥാപനങ്ങള്‍ മുട്ടുമടക്കരുത്. l
Comments