ഇസ്്ലാമോഫോബിയാവിരുദ്ധ രാഷ്ട്രീയം വികസിപ്പിക്കും
സോളിഡാരിറ്റി യൂത്ത് മൂവ്മെന്റിന്റെ പ്രസിഡന്റും ഫെഡറേഷൻ ഓഫ് യൂത്ത്
മൂവ്മെന്റ്സിന്റെ ദേശീയ ചെയർമാനുമായി തെരഞ്ഞെടുക്കപ്പെട്ട സി.ടി സുഹൈബ് സംസാരിക്കുന്നു.
സാമൂഹിക മേഖലയിൽ നിരന്തരമായി ഇടപെട്ടുകൊണ്ടിരിക്കുന്ന പ്രസ്ഥാനമെന്ന നിലക്ക് സോളിഡാരിറ്റി ഫോക്കസ് ചെയ്യുന്ന മേഖല ഏതാണ് ?
ഭരണകൂടത്തിന്റെ നിലപാടുകളിലും പ്രതിരോധ വ്യവഹാരങ്ങളിലും ഇസ്്ലാമോഫോബിയ ശക്തമായിക്കൊണ്ടിരിക്കുകയാണ്. അതിനെ ക്രിയാത്മകമായി പ്രതിരോധിക്കാൻ കഴിയുന്ന രാഷ്ട്രീയം ഉയർത്തിക്കൊണ്ടുവരിക എന്നത് പ്രധാനമാണ്. സോളിഡാരിറ്റിയടക്കമുള്ള സാമൂഹിക പ്രസ്ഥാനങ്ങൾ നിരന്തരമായി ഉന്നയിച്ചതിന്റെ കൂടി ഫലമായിട്ടാണ് അന്താരാഷ്ട്ര തലത്തിൽ യു.എൻ അടക്കം അംഗീകരിക്കുന്ന ഒരു വ്യവഹാരമായി ഇസ്്ലാമോഫോബിയ മാറിയത്. മുസ്്ലിം വിരുദ്ധ വംശീയതയെ സൂക്ഷ്മമായി വിലയിരുത്താനും പ്രതിരോധിക്കാനും ഇന്ത്യൻ സാഹചര്യത്തിലും കേരള പശ്ചാത്തലത്തിലും ഇസ്്ലാമോഫോബിയക്കെതിരായ രാഷ്ട്രീയത്തെ സവിശേഷമായി വികസിപ്പിക്കേണ്ടതുണ്ട്. വിവിധ വിഷയങ്ങളിൽ ഇടപെടുന്നതിന്റെ നിർണായക ഘടകമായി ഇസ്്ലാമോഫോബിയ സ്ഥാപനവൽക്കരിക്കപ്പെട്ട സാഹചര്യത്തിൽ ജനകീയ ഭാഷയിൽ അതിനെ ചെറുക്കാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കും. അതിന്റെ ഭാഗമായാണ് യു.എൻ പ്രഖ്യാപിച്ച ലോക ഇസ്്ലാമോഫോബിയാ ദിനത്തിൽ ദേശീയ തലത്തിലും പ്രാദേശിക കേന്ദ്രങ്ങളിലും ഇസ്്ലാമോഫോബിയക്കെതിരായ ജനജാഗ്രതാ ചർച്ചകൾ സംഘടിപ്പിച്ചത്.
ഇസ്്ലാമിനെക്കുറിച്ച വിദ്വേഷമാണോ തെറ്റിദ്ധാരണകളാണോ ഇസ്്ലാമോഫോബിയാ പ്രചാരണങ്ങൾ ശക്തമാവാൻ കാരണം?
ഹലാൽ ഭക്ഷണം എന്താണെന്ന സാമാന്യധാരണ ഇവിടത്തെ ജനങ്ങൾക്കുണ്ട്. തുപ്പിയ ഭക്ഷണമാണ് ഹലാൽ ഫുഡ് എന്ന തികച്ചും വ്യാജമായ ഒരു പ്രചാരണം ഇവിടെ നടക്കുകയുണ്ടായി. ആളുകൾക്ക് ശരിയായ ധാരണയുള്ള വിഷയങ്ങളിൽ പോലും വിദ്വേഷം പടച്ചുവിടുകയാണ്. ലൗ ജിഹാദിന്റെ പേരിലും നാർകോട്ടിക് ജിഹാദിന്റെ പേരിലും ഇതു തന്നെയാണ് നടന്നത്. ഇതൊന്നും തെറ്റിദ്ധാരണയല്ല, ബോധപൂർവമായ വിദ്വേഷ പ്രചാരണങ്ങളാണ്. മുസ്്ലിംകളെ കുറിച്ച വംശീയമായ മുൻവിധികൾ നിറഞ്ഞതാണ് ഇവിടത്തെ പൊതുബോധം .
അതേ സമയം ഇത്തരം വിദ്വേഷ പ്രചാരണങ്ങൾ പലരുടെയും മനസ്സിൽ ഇസ്്ലാമിനെയും മുസ്്ലിംകളെയും കുറിച്ച വെറുപ്പും തെറ്റായ ധാരണകളുമുണ്ടാക്കുന്നു എന്നതൊരു യാഥാർഥ്യമാണ്.
കേവലം സംഘ് പരിവാർ മാത്രമല്ല ഇത്തരം വംശീയതക്ക് അടിത്തറ പാകുന്നത്. മുസ്്ലിം സമൂഹത്തിൽ സ്വന്തം നിലക്ക് രാഷ്ട്രീയം സംസാരിക്കുന്ന പ്രസ്ഥാനങ്ങളെയും വ്യക്തികളെയും വംശീയമായി അധിക്ഷേപിച്ച് അവരുടെ ശബ്ദം അടിച്ചമർത്തുക എന്നതും ഇതിന്റെ ഭാഗമാണ്. തീവ്രവാദം, വർഗീയവാദം തുടങ്ങിയ പദാവലികളിലൂടെ മുസ്്ലിം സമുദായത്തിന്റെ അവകാശ ചോദ്യങ്ങളെ തള്ളിമാറ്റാൻ ഇവിടത്തെ ഇടത്-വലത്-ലിബറൽ പൊതുബോധം നിരന്തരം ശ്രമിക്കാറുണ്ട്. ഇത്തരം വംശീയവത്കരണങ്ങളെ ആശയപരമായി പ്രതിരോധിക്കാനും ഇസ്്ലാമിക ആശയങ്ങളെ ജനങ്ങളിലേക്കെത്തിക്കാനുമുള്ള അവസരമായി ഇതിനെ ഉപയോഗപ്പെടുത്താനും ശ്രമിക്കും.
സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സ്ഥാപിക്കപ്പെട്ട് രണ്ട് പതിറ്റാണ്ട് പിന്നിടുന്ന സന്ദർഭമാണിത്. നിലവിലെ സാമൂഹിക സാഹചര്യത്തിൽ സോളിഡാരിറ്റി പോലുള്ള ഒരു യുവജന പ്രസ്ഥാനത്തിന്റെ പ്രസക്തിയെന്താണ്?
അറബ് വസന്തം നടന്ന സന്ദർഭത്തിൽ അതിൽ വലിയ പങ്ക് വഹിച്ച ഇസ്്ലാമിക പ്രസ്ഥാനങ്ങളെ നോക്കി അവർ ഞങ്ങളെപ്പോലെയായി എന്ന് നെടുവീർപ്പിടുന്ന, ആഗോളതലത്തിലുള്ള ഇടത് ചിന്തകരെക്കുറിച്ച് ലോകത്തെ അറിയപ്പെട്ട ചിന്തകയായ സൂസൻ ബക്ക് മോസ് വിമർശിക്കുന്നുണ്ട്. സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് പത്ത് വർഷം പിന്നിട്ട സന്ദർഭത്തിൽ കേരളത്തിൽ നടത്തിയ ജനകീയ ഓഡിറ്റിങ്ങിൽ സമാനമായ തരത്തിലുള്ള വിലയിരുത്തലുകൾ ഇടതുപക്ഷ ചിന്തകരുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. ഇസ്്ലാമിക അടിത്തറയിൽ നിന്നുകൊണ്ട് സാമൂഹിക വിഷയങ്ങളിൽ ഇടപെടുന്ന, സാമൂഹിക നീതിയെക്കുറിച്ച് സംസാരിക്കുന്ന ഒരു പ്രസ്ഥാനത്തെ ഉൾക്കൊള്ളാനോ വിഭാവന ചെയ്യാനോ കഴിയാത്ത മാനസികാവസ്ഥയിൽനിന്നാണ് അത്തരത്തിലുള്ള വിലയിരുത്തലുകൾ ഉണ്ടാകുന്നത്. സോളിഡാരിറ്റിയെന്ന ഇസ്്ലാമിക യുവജന പ്രസ്ഥാനത്തിന്റെ പ്രസക്തിയും അതു തന്നെയാണ്.
ഹിന്ദുത്വ വംശീയത സകല മേഖലകളിലും പിടിമുറുക്കുന്ന ഒരു സന്ദർഭത്തിൽ അതിന് പ്രസക്തിയേറുകയാണ്. സമൂഹത്തിലെയും സമുദായത്തിലെയും നിർണായക ഘടമായ യുവാക്കളെ സംഘടിപ്പിച്ചുകൊണ്ട് വംശീയതക്കെതിരെയും അവകാശ ധ്വംസനങ്ങൾക്കെതിരെയും സാമൂഹിക പ്രതിരോധം തീർക്കാനും, വ്യക്തിതലത്തിൽ പടച്ചവന് മാത്രം വിധേയപ്പെടുന്ന അചഞ്ചലമായ ആദർശ ധീരതയും പ്രത്യാശയും പ്രകടിപ്പിക്കുന്ന ഒരു യുവതയെ വാർത്തെടുക്കാനും സോളിഡാരിറ്റി പോലുള്ള ഇസ്്ലാമിക യുവജന പ്രസ്ഥാനങ്ങൾ അനിവാര്യമായ സാഹചര്യമാണുള്ളത്.
ഒരു ഇസ്്ലാമിക യുവജന പ്രസ്ഥാനമെന്ന നിലക്ക് യുവാക്കളുടെ സംഘാടനത്തിന് സോളിഡാരിറ്റി കാണുന്ന വഴികളെന്താണ് ?
യുവാക്കളെ ബഹുമുഖമായ മേഖലകളിൽ സംഘടിപ്പിക്കുകയും അവരെ സോളിഡാരിറ്റിയുമായി ചേർത്തുനിർത്താൻ ശ്രമിക്കുകയും ചെയ്യും.. വിവിധ ധാരകളിലുള്ള യുവാക്കളെ കാണാനും അവരെ സംഘടനയിലേക്ക് ക്ഷണിക്കാനും പ്രത്യേകം ശ്രദ്ധിക്കും. അവർക്കൊപ്പം ദീനീ സംസാരങ്ങളും ചർച്ചകളും അധികരിപ്പിക്കാനുതകുന്ന തരത്തിലുള്ള കൂട്ടായ്മകൾ പ്രാദേശികമായി വളർത്തിയെടുക്കും. അതിനായി മഹല്ലുകൾ, പള്ളികൾ, മദ്റസകൾ പോലുള്ള സംവിധാനങ്ങൾ ക്രിയാത്മകമായി ഉപയോഗപ്പെടുത്താനാകും ശ്രമിക്കുക. നാട്ടിലെ ദീനീ കാര്യങ്ങളിലും ബഹുമുഖ മേഖലകളിലും സമുദായത്തിന് അവലംബിക്കാവുന്ന കമ്യൂണിറ്റി ലീഡർമാരായി പ്രവർത്തകരെ വളർത്തിയെടുക്കും.
മുസ്്ലിം സമുദായവുമായി ബന്ധപ്പെട്ട സോളിഡാരിറ്റിയുടെ ഇടപെടലുകളുടെ സ്വഭാവമെന്തായിരിക്കും?
.
വിശാലമായ മുസ്്ലിം സമുദായത്തിന്റെ ഭാഗമായാണ് സോളിഡാരിറ്റി അതിനെ സ്വയം മനസ്സിലാക്കുന്നത്. കമ്യൂണിറ്റി എംപവർമെന്റ് സോളിഡാരിറ്റിയുടെ പ്രധാന മേഖലയാണ്. മുസ്്ലിം സമുദായത്തിന്റെ ശാക്തീകരണം ബഹുമുഖ പദ്ധതികളിലൂടെയാണ് സാധ്യമാവുക. സംഘടനാപരമായ ചട്ടക്കൂടുകൾക്കപ്പുറത്ത് വിശ്വാസപരവും സാമൂഹികവും സാമ്പത്തികവുമായി സമുദായത്തെ ശാക്തീകരിക്കാനുള്ള വ്യത്യസ്ത പദ്ധതികൾ സോളിഡാരിറ്റിക്കുണ്ട്. നിലവിലെ സാഹചര്യങ്ങൾ മുൻനിർത്തി പുതിയ പദ്ധതികളും ആവിഷ്കരിക്കും.
ഈ ശാക്തീകരണ പദ്ധതികളോടൊപ്പം മുസ്്ലിമിനെ അപരനാക്കി പ്രതിഷ്ഠിച്ച് അധികാരവും ആധിപത്യവും സ്ഥാപിക്കാനായി നടന്നുവരുന്ന ശ്രമങ്ങളെ പ്രതിരോധിച്ച് സമുദായത്തിന് ആത്മവിശ്വാസം പകരുന്ന ഇടപെടലുകൾ നടത്തും. സമുദായത്തിലെ വിവിധ ധാരകളോട് സൗഹാർദപരവും സംവാദാത്മകവുമായ ബന്ധമാകും സംഘടനക്കുണ്ടാവുക.ഭരണകൂടത്തിന്റെ മുസ്്ലിംവിരുദ്ധ നടപടികൾക്കും അജണ്ടകൾക്കുമെതിരായ യോജിച്ച നിലപാടുകൾ രൂപപ്പെടേണ്ടതുണ്ട്. രാഷ്ട്രീയ-സാമൂഹിക ഇടപെടലുകളിൽ സമുദായത്തിന് കൃത്യമായ ദിശാബോധമുണ്ടാക്കാൻ കഴിയുന്ന രൂപത്തിൽ സോളിഡാരിറ്റി പരമാവധി ഇടപെടലുകൾ നടത്തും. ലിബറൽ വ്യക്തിവാദങ്ങളുടെ പേരിൽ നടക്കുന്ന പ്രചാരണങ്ങളെ പ്രതിരോധിക്കാനും സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിൽ കൃത്യമായ ദീനീ നിലപാട് പ്രഖ്യാപിക്കാനും സോളിഡാരിറ്റി പരിശ്രമിക്കും.
വ്യത്യസ്ത അഭിരുചികളുള്ള യുവാക്കളെ ഉൾക്കൊള്ളാനും അഭിമുഖീകരിക്കാനും സോളിഡാരിറ്റിക്ക് കഴിയുന്നുണ്ടോ?
യുവാക്കളുടെ ആത്മവിശ്വാസം വർധിക്കുന്ന തരത്തിൽ അവരിലുള്ള വ്യത്യസ്ത കഴിവുകളെ പരിപോഷിപ്പിച്ചും ക്രിയാത്മകമായി ഉപയോഗപ്പെടുത്തിയുമുള്ള യൂത്ത് കൾച്ചർ രൂപപ്പെടുത്താനാണ് സോളിഡാരിറ്റി ശ്രമിക്കുക. സോളിഡാരിറ്റിയിൽ അണിനിരക്കുന്ന ഏജ് ഗ്രൂപ്പ് ജീവിതത്തിെന്റ നിർണായക സന്ദർഭത്തിലുള്ളവരാണ്. കരിയർ സെറ്റ് ചെയ്യുന്നവർ, സംരംഭങ്ങൾ കരുപ്പിടിപ്പിക്കുന്നവർ, പുതിയ മേഖലകൾ അന്വേഷിക്കുന്നവർ, മത്സര പരീക്ഷകളെ അഭിമുഖീകരിക്കുന്നവർ - ഇങ്ങനെയൊക്കെ ഉള്ളവരാണ്. കഴിവുകൾ വർധിപ്പിക്കാനുള്ള സംവിധാനങ്ങളൊരുക്കിയും സംരംഭങ്ങളും മറ്റും വികസിപ്പിക്കാൻ കൂടെനിന്നും യുവാക്കളുടെ ആത്മവിശ്വാസം വർധിപ്പിക്കാനും അവരിൽ ക്രിയാത്മകത വളർത്താനും സോളിഡാരിറ്റി ശ്രമിക്കും.
കല, കായികം, ഫിറ്റ്നസ് എന്നിവയെ ഒരു വിശ്വാസിയുടെ തർബിയത്തിന്റെ ഭാഗമായിട്ട് കൂടിയാണ് സോളിഡാരിറ്റി കാണുന്നത്. അവയെ അടിസ്ഥാനപ്പെടുത്തി വ്യത്യസ്ത സംരംഭങ്ങൾ വഴി യുവാക്കളെ സംഘടിപ്പിക്കാനും വിശ്വാസപരമായി കരുത്തു പകരാനും സാധിക്കും. ഇതിനുതകുന്ന തരത്തിലുള്ള കൂട്ടായ്മകളെയും സഹകരണ സംഘങ്ങളെയും പ്രോത്സാഹിപ്പിക്കും.
സോളാഡാരിറ്റിയിൽ അണിനിരന്ന പ്രവർത്തകർക്കായുള്ള സവിശേഷ ഊന്നലുകൾ എന്തെല്ലാമാണ്?
പ്രവർത്തകരുടെയും കുടുംബത്തിന്റെയും ദീനീ സംസ്‌കരണത്തിന് പ്രത്യേക പരിഗണന നൽകും. പ്രവർത്തകരുടെ ആദർശ-വിശ്വാസ സംസ്‌കരണത്തിനും ധാർമിക പ്രവർത്തന സംസ്‌കരണത്തിനും സഹായകമാകുന്ന ജീവിത രീതികൾ പരിശീലിക്കാനുള്ള പരിപാടികളാകും സംഘടന ആവിഷ്‌കരിക്കുക. ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ലിബറൽ വ്യക്തിവാദങ്ങളെയും അതിരുകളില്ലാത്ത സ്വാതന്ത്ര്യ പ്രഖ്യാപനങ്ങളെയും മറികടക്കാനുതകുന്ന ഈമാനിക കരുത്ത് പ്രവർത്തകരിലുണ്ടാക്കിയെടുക്കും. വിശ്വാസത്തെ അടിസ്ഥാനമാക്കി ധാർമിക മൂല്യങ്ങൾ ആർജിച്ചാൽ ഈ ലോകത്തെ ആസ്വാദനങ്ങളെക്കാൾ ഉന്നതമാണ് പരലോക വിജയമെന്ന യാഥാർഥ്യം മനസ്സിൽ ഉറക്കും. അതിലൂടെ സ്രഷ്ടാവിന്റെ വിധിവിലക്കുകൾ നെഞ്ചേറ്റുകയെന്നത് ആനന്ദമുള്ള അനുഭവമാക്കി മാറ്റാനും നൈമിഷികമായ ആസ്വാദനങ്ങൾക്കപ്പുറം റബ്ബിനോടുള്ള സ്‌നേഹത്തിലലിയാനും കഴിയും.
ഈ പ്രവർത്തന കാലയളവ് തുടങ്ങി മൂന്ന് മാസം പിന്നിടുമ്പോൾ എന്തെല്ലാം പ്രവർത്തനങ്ങളാണ് സോളിഡാരിറ്റി നടത്തിയത് ?
സർക്കാരിന്റെ ന്യൂനപക്ഷ വിവേചന സമീപനങ്ങൾക്കെതിരെ ജനാഭിപ്രായങ്ങളും പ്രക്ഷോഭങ്ങളും ഉയർന്നുവരാൻ പാകത്തിൽ ചില ഇടപെടലുകൾ നടത്തി. പ്രധാന ജില്ലകളിൽ പൊതു സമ്മേളനങ്ങളും തിരുവനന്തപുരത്ത് ന്യൂനപക്ഷ ഡയറക്ടറേറ്റിലേക്ക് മാർച്ചും സംഘടിപ്പിച്ചു. വ്യത്യസ്ത വിഷയങ്ങളെ മുൻനിർത്തി ഇത്തരം ഇടപെടലുകൾ മുന്നോട്ട് കൊണ്ടുപോകാനാണ് തീരുമാനിച്ചിട്ടുള്ളത്.
യു.എൻ പ്രഖ്യാപിച്ച ഇസ്്ലാമോഫോബിയാ ദിനത്തോടനുബന്ധിച്ച് നിരവധി ടൗണുകളിലും പ്രാദേശിക ഇടങ്ങളിലും ഇസ്്ലാമോഫോബിയാ വിരുദ്ധ ജനജാഗ്രതാ പരിപാടികൾ സംഘടിപ്പിച്ചു. നവ നാസ്തികതയുടെ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് കണ്ണൂരിൽ നടത്തിയ ചർച്ചയാണ് മറ്റൊരു പ്രധാന പരിപാടി. ഗുജറാത്ത് വംശഹത്യയെ കുറിച്ച് ബി.ബി.സി പുറത്തിറക്കിയ ഡോക്യുമെന്ററി കേരളത്തിൽ ആദ്യമായി പ്രദർശിപ്പിച്ചത് സോളിഡാരിറ്റിയായിരുന്നു. ഗുജറാത്ത് വംശഹത്യക്ക് 21 വർഷം പിന്നിടുന്ന ഘട്ടത്തിൽ മാറിയ സാഹചര്യങ്ങളെ മുൻനിർത്തി മഞ്ചേരിയിൽ നടത്തിയ യുവജന റാലിയും പൊതുസമ്മേളനവും ശ്രദ്ധേയമായിരുന്നു. സോളിഡാരിറ്റി നടത്തിവരുന്ന വ്യത്യസ്ത സേവന പ്രവർത്തനങ്ങളുടെ തുടർച്ചയായി പാലക്കാട് സുന്ദരം കോളനിയിലെ സോളിഡാരിറ്റി സെന്റർ പ്രവർത്തിച്ചു തുടങ്ങി. തുർക്കിയ-സിറിയ ഭൂകമ്പ ദുരിതാശ്വാസ നിധിയിലേക്ക് ധന സമാഹരണം നടത്തിയും നോമ്പ് തുറക്ക് ആവശ്യമായ ഈത്തപ്പഴക്കിറ്റുകൾ പള്ളികളിൽ വിതരണം ചെയ്തും സേവന പ്രവർത്തനങ്ങൾ തുടർന്നു. അബ്ദുന്നാസിർ മഅ്ദനിയോട് ഭരണകൂടം കാണിക്കുന്ന അനീതിക്കെതിരെ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു.
പുതുതായി ഓരോ സംസ്ഥാനത്തും രൂപവത്കരിച്ചിട്ടുള്ള ഫെഡറേഷൻ ഓഫ് യൂത്ത് മൂവ്്മെന്റ്സ് ദേശീയ ചെയർമാൻ കൂടിയാണല്ലോ താങ്കൾ. അതിന്റെ പ്രവർത്തന മേഖലകളെ കുറിച്ച് വിശദമാക്കാമോ? സോളിഡാരിറ്റിയുടെ അഖിലേന്ത്യാ സംവിധാനമാണോ ഇത് ?
ജമാഅത്തെ ഇസ്്ലാമി കേരളയുടെ യുവജന സംഘടന എന്ന നിലക്ക് ഇരുപത് വർഷങ്ങൾക്ക് മുമ്പ് രൂപംകൊണ്ടതായിരുന്നു സോളിഡാരിറ്റി. മറ്റു സംസ്ഥാനങ്ങളിൽ അത്തരം പ്ലാറ്റ്ഫോമുകൾ സജീവമായിട്ടുണ്ടായിരുന്നില്ല. നിലവിൽ ഓരോ സംസ്ഥാനത്തും യൂത്ത് മൂവ്മെന്റുകൾ രൂപവത്കരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പത്ത് സംസ്ഥാനങ്ങളിൽ യൂത്ത് മൂവ്മെൻറുകൾ നിലവിൽ വന്നു കഴിഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ ഭാരവാഹികൾ ചേർന്നതാണ് അഖിലേന്ത്യാ ഫെഡറേഷൻ. എന്നാൽ, അതൊരു കേന്ദ്രീകൃത നേതൃഘടനയോ സംവിധാനമോ അല്ല.
ഓരോ സംസ്ഥാനത്തിന്റെയും സാഹചര്യങ്ങൾ മുൻനിർത്തിയുള്ള ഘടനയും പേരും സംഘടനാ ശൈലിയുമാണുണ്ടാവുക. അതേ സമയം ചില അടിസ്ഥാന സവിശേഷതകൾ പൊതുവായി എല്ലായിടത്തും സംഘടനക്കുണ്ടാവും. അതുറപ്പു വരുത്തലും, ആശയങ്ങളും അനുഭവങ്ങളും പങ്കുവെച്ച് ക്രിയാത്മകമായ ഇടപെടലുകൾ നടത്തലും, സാധ്യമാകുന്ന മുഴുവൻ സംസ്ഥാനങ്ങളിലും യുവജന പ്ലാറ്റ്ഫോമുകൾ രൂപവത്കരിക്കലുമാണ് ഫെഡറേഷന്റെ പ്രധാന ഉദ്ദേശ്യലക്ഷ്യങ്ങൾ. l
Comments