* തൊട്ടപ്പന്‍
അടുത്ത്
അവനുള്ളപ്പോള്‍
ആരും, മറ്റൊന്നും
ശ്രദ്ധിക്കാറേയില്ല;
അവനെ തൊട്ട്
അവനോട് കൊഞ്ചി
അവന്റെ പാട്ടില്‍ മറന്ന്
ഇരുന്ന് വേരിറങ്ങും...
കോളിംഗ് ബെല്‍
നിറുത്താതെ
കരഞ്ഞോണ്ടിരിക്കും
രജിസ്‌ട്രേഡുമായി വന്ന
പോസ്റ്റ്മാന്‍
അന്തംവിട്ട് തിരിച്ചുപോകും
പശു കയറു പൊട്ടിച്ചോടും
അടുപ്പത്ത് വെച്ച പരിപ്പ്
വെന്ത് കരിഞ്ഞ മണമുയരും
മുറ്റത്തു കളിച്ചോണ്ടിരിക്കുന്ന
കുഞ്ഞുങ്ങൾ, തിരിക്കുപിടിച്ച
റോട്ടിലേക്കിറങ്ങി നടക്കും...
തൊട്ടപ്പാ
പിള്ളേരെ വിട്!
അവര് രണ്ടക്ഷരം പഠിച്ച്
വലുതായി, തണലാകട്ടെ
മാഞ്ചോട്ടിലും മൈതാനത്തും
കളിച്ച് രസിക്കട്ടെ
നാളെയെ കിനാക്കണ്ട്
മതികെട്ടുറങ്ങട്ടെ...
തൊട്ടപ്പാ
ചെറുപ്പക്കാരെ വിട്!
അവര് പാടത്തും
പറമ്പിലും പണിയട്ടെ
നിലമുഴുതു മറിക്കട്ടെ
പാലവും റോഡുമുണ്ടാക്കി
നാളേക്ക് കരുതലാകട്ടെ
വായിച്ച് വായിച്ച്
പൊക്കം വെക്കട്ടെ...
തൊട്ടപ്പാ
വീട്ടുകാരികളെ വിട്
അവര്, വെന്തുകരിയാത്ത
കറിയുണ്ടാക്കട്ടെ
പഠിച്ചുയരട്ടെ
അടുക്കള സജീവമാകട്ടെ
തൊട്ടപ്പാ
നിന്നെത്തൊട്ട് തൊട്ട്
ഇല്ലാതാകുന്ന സമയത്തെ
തിരിച്ചറിയുന്ന ഒരു തലമുറ
നാളെയെങ്കിലുമുണ്ടാകട്ടെ!
* മൊബൈലിന്റെ കളിപ്പേര്
Comments