മാലാഖ ഭൂമിയിലിറങ്ങുന്നു
സമൂഹത്തിന്റെ കൊള്ളരുതായ്മകളിൽ, മനുഷ്യർക്കിടയിലെ വിവേചനങ്ങളിൽ, ഭരണവർഗത്തിന്റെ അനീതികളിലൊക്കെ അസ്വസ്ഥനായി ഒരു മനുഷ്യൻ മലമുകളിലെ ഗുഹയിൽ പോയിരുന്ന് വേപഥു പൂഴുന്നത് ആദ്യമായിരിക്കില്ല. രാജകൊട്ടാരത്തിൽ നിന്നു പോലും ഇറങ്ങിപ്പോയ സിദ്ധാർഥന്മാരുടെ ചരിത്രമൊക്കെ നാം കേട്ടതാണല്ലോ. പക്ഷേ, ഗുഹക്കുള്ളിലെ ആ മനുഷ്യന്റെ ഉരുകൽ ആകാശത്ത് നിന്ന് മാലാഖ ഇറങ്ങി വരാൻ തക്കവണ്ണം ശക്തമായിരുന്നു. പടച്ചവന്റെ തെരഞ്ഞെടുപ്പായിരുന്നു മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ 'പ്രവാചകത്വം' എന്ന് വിശുദ്ധ ഖുർആൻ നമുക്ക് പറഞ്ഞു തരുന്നുണ്ട്. അതുപോലെ തന്നെ പടച്ചവന്റെ തെരഞ്ഞെടുപ്പിലേക്ക് സ്വയം ഉരുകി സമർപ്പിച്ച മുഹമ്മദിന്റെ സമർപ്പണവും ത്യാഗനിർഭരം. വെള്ളം വേരിനെ തേടി ചെന്നതോ വേര് വെള്ളത്തെ തേടി ചെന്നതോ?
സമാധാനം തേടി ഒറ്റപ്പെട്ടവൻ ഉടയോന്റെ സഹായം തേടി ഉരുകിയപ്പോൾ സലാമുമായി ജിബ്‌രീൽ മാലാഖ തന്നെയെത്തി. തന്റെ നാൽപതാം വയസ്സിൽ മലമുകളിലെ ഗുഹയിൽ അനാഥനായ ഒരു മനുഷ്യൻ സനാഥത്വം നേടിയതിനെ കൂടിയാണോ നമ്മൾ പ്രവാചകത്വം എന്ന് വിശേഷിപ്പിക്കുന്നത്? അനാഥത്വം അതിന്റെതായ എല്ലാ തീവ്രതയോടും കൂടിയാണല്ലോ മുഹമ്മദിനെ വലം െവച്ചിരുന്നത്. ജനിക്കും മുൻപേ പിതാവ് നഷ്ടമായി, ആറു വയസ്സിനുള്ളിൽ മാതാവും. അങ്ങനെയുള്ളൊരു കുട്ടി കളിസ്ഥലങ്ങളിലും ബന്ധുക്കളുടെ ഇടയിലുമൊക്കെ അനുഭവിച്ച ഒറ്റപ്പെടലിനറുതിയായി ഇരുപത്തിയഞ്ചാം വയസ്സിൽ ഒരു തണലായി ബീവി ഖദീജ എത്തിച്ചേർന്നിരുന്നുവെങ്കിലും സമാധാനം അന്നത്തെ സാമൂഹികാവസ്ഥയിൽ അകലെ തന്നെയായിരുന്നു. ഇന്നും എല്ലാം നേടിയെന്നവകാശപ്പെടുന്ന പലരും ആ ഒറ്റപ്പെടൽ പല രൂപത്തിൽ അനുഭവിക്കാറുണ്ട്. അതിനെ മറികടക്കാനുള്ള അറിവ് പകരൽ കൂടിയാണല്ലോ പ്രവാചക ദൗത്യം.
ആരോടും പങ്കുവെക്കാത്ത ചില സ്വപ്‌നങ്ങളിലൂടെ ഏതോ ഒരു അജ്ഞാത ശക്തി തന്നിലേക്ക് എന്തോ ഒരു നിയോഗം ചേർത്തുവെക്കുന്നതായി മുഹമ്മദിന് (സ്വല്ലല്ലാഹു അലൈഹി വസല്ലം) ഇടക്കൊക്കെ തോന്നിയിരുന്നു. ആറുമാസത്തോളം ആ സ്വപ്നങ്ങൾ അദ്ദേഹത്തെ വീർപ്പ് മുട്ടിച്ചിരുന്നുവത്രെ. അതിന്റെ ഭാരം താങ്ങാനുള്ള ശക്തി സംഭരിക്കാൻ വേണ്ടിയായിരുന്നു ചെങ്കുത്തായ ജബലുന്നൂർ കയറി ഹിറാ ഗുഹയിൽ ഏകാന്ത ധ്യാനത്തിലിരുന്നത്.
പല റിപ്പോർട്ടുകളും അനുസരിച്ച് 610 ആഗസ്റ്റ് മാസം 10 , തിങ്കളാഴ്ച റമദാൻ 21-ന് ആ വീർപ്പുമുട്ടലിന് ഒരവസാനം ഉണ്ടായി. പക്ഷേ, മാലാഖ വന്നു പറഞ്ഞതോ,
"വായിക്കുക."
"എനിക്ക് വായിക്കാനറിയില്ല " എന്ന നിസ്സഹായത അല്ലാതെ മുഹമ്മദ് ( (സ്വല്ലല്ലാഹു അലൈഹി വസല്ലം) വേറെന്ത് പങ്കുവെക്കാൻ?
നെഞ്ചോട് ചേർത്തമർത്തി വീണ്ടും
"വായിക്കുക."
ആ ആശ്ലേഷത്തിന്റെ ഊഷ്മളതയിലും അന്ധാളിപ്പിലും അറിയാതെ വീണ്ടും പറഞ്ഞു: "എനിക്ക് വായിക്കാനറിയില്ല."
ഇത് രണ്ടു തവണ ആവർത്തിച്ച ശേഷം പിന്നീട് പറഞ്ഞത് ഇങ്ങനെ: "സൃഷ്ടിച്ചവനായ നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ വായിക്കുക. മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍നിന്ന് സൃഷ്ടിച്ചിരിക്കുന്നു. നീ വായിക്കുക, നിന്റെ രക്ഷിതാവ് ഏറ്റവും വലിയ ഔദാര്യവാനാകുന്നു."
ഭൂമിയിൽ വായനയുടെ വസന്തം തുടങ്ങുന്നു; സമാധാനത്തിന്റെ സുഗന്ധവും. പക്ഷേ, സംഭവിക്കുന്നതെന്താണെന്ന് തിരിച്ചറിയാനാവാത്ത മുഹമ്മദിന്റെ പരവേശം നിങ്ങൾക്ക് ഊഹിക്കാമല്ലോ. l
Comments