മാനവികതയുടെ ധാര്‍മിക പാഠങ്ങള്‍
മനുഷ്യന്‍ ഒരു സാമൂഹിക ജീവിയാണെന്ന സത്യം പരക്കെ അംഗീകരിക്കപ്പെട്ട വസ്തുത. താന്‍ ഉള്‍ക്കൊള്ളുന്ന സമൂഹവുമായി ബന്ധപ്പെട്ടും സഹവസിച്ചും സഹകരിച്ചും കൊണ്ടല്ലാതെ അവന് മുന്നോട്ടു പോവാനാവില്ല. അപരന്റെ അവകാശം വകവെച്ചു കൊടുക്കാന്‍ സന്നദ്ധമാകുമ്പോള്‍ മാത്രമേ തന്റെ അവകാശം വകവെച്ച് കിട്ടൂ. സ്വന്തം സുഖസൗകര്യങ്ങളെ കുറിച്ചും പുരോഗതിയെക്കുറിച്ചും മാത്രം ചിന്തിക്കുന്ന ഒരാള്‍, അപരന്റെ സുഖസൗകര്യങ്ങള്‍ക്കും നന്മക്കും പുല്ലുവിലയാണ് കല്‍പിക്കുന്നത്. മറ്റുള്ളവര്‍ എങ്ങനെ ആയാലെന്താ, തനിക്കും തന്റെ കുടുംബത്തിനും സുഖം വന്നാല്‍ മതിയെന്ന ചിന്ത ശുദ്ധ സ്വാര്‍ഥതയുടെതാണ്. ഈവിധം കുടുസ്സായി ചിന്തിക്കുന്ന വ്യക്തി മറ്റുള്ളവര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നു. അവരെ കണ്ണീര് കുടിപ്പിക്കുന്നു. ഈദൃശങ്ങളായ സ്വാര്‍ഥ ചിന്തയാല്‍ ഭരിക്കപ്പെടുകയും നയിക്കപ്പെടുകയും ചെയ്യുന്ന ഒരു സമൂഹം, ഇതര സമൂഹങ്ങളെ കഷ്ടത്തിലാക്കുന്നു. വ്യക്തിയെക്കുറിച്ചും സമൂഹത്തെക്കുറിച്ചും ഇപ്പറഞ്ഞത് ശരിയാണെങ്കില്‍ രാഷ്ട്രത്തെക്കുറിച്ചും അത് ശരിതന്നെ.
ഓരോരുത്തരും കിട്ടിയതൊക്കെ കെട്ടിപ്പൂട്ടി വെക്കുന്നു. കണ്ടതൊക്കെ തട്ടിയെടുക്കുന്നു. ഫലമോ? കൈയൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന കാട്ടുനീതി കളിയാടുന്നു. ദുര്‍ബലന്‍ പട്ടിണി കിടക്കുന്നു. ധനാഢ്യന്‍ പതിനായിരങ്ങള്‍കൊണ്ട് പകിട്ടു കാട്ടുന്നു. പൊങ്ങച്ചത്തിന്റെ കുതിരപ്പുറത്ത് സവാരി ചെയ്യുന്നു. പാവപ്പെട്ടവന്‍ നിത്യവൃത്തിക്ക് പാടുപെടുന്നു. അപരന്റെ അവകാശം കവര്‍ന്നെടുത്താലും, സമൂഹമാകെ ദുരിതമനുഭവിച്ചാലും 'സ്വന്തം കാര്യം സിന്ദാബാദ്' എന്നതാണ് സ്വാര്‍ഥിയുടെ മുദ്രാവാക്യം! ഓരോരുത്തരുടെയും ലോകം ഇന്ന് അതിവിശാലമാണ്. മനസ്സോ, നന്നേ കുടുസ്സും. മനുഷ്യനിന്ന് കഴുകക്കണ്ണാണുള്ളത്. ആ കണ്ണുകള്‍ ഇന്ന് ചൂഷണ വ്യഗ്രതയോടെ പരതി നടക്കുകയാണെങ്ങും.
അപരന്റെ നേരെ തുറക്കുന്ന കണ്ണുകളില്ല. ദൃഷ്ടി തിരിച്ചുവച്ചിരിക്കുന്നത് തന്നിലേക്ക് തന്നെ. സ്വാര്‍ഥം വെടിയണമെന്നര്‍ഥിക്കുന്നവരും ഉപദേശിക്കുന്നവരും നിരവധി. അത് സാര്‍ഥകമാക്കുന്നവരോ വളരെ വിരളം. 'ലോകമേ തറവാട്' എന്ന് മോഹന ഗീതം നീട്ടിപ്പാടുന്നവര്‍ അനേകം. അവശരായ അടുത്ത ബന്ധുക്കളെ അവഗണിക്കാത്തവര്‍ വളരെ അപൂര്‍വവും!
അപരന്റെ സുഖ-ദുഃഖങ്ങളും, സന്തോഷ-സന്താപങ്ങളും തന്റേതായി അനുഭവപ്പെടുന്ന സാമൂഹികാവബോധമുള്ളവര്‍ക്കേ, സ്വാര്‍ഥ മോഹങ്ങളുടെ തടവറയില്‍നിന്ന് മോചിതരാകാനാവൂ. 'തന്നെപ്പോലെ തന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക' എന്ന ക്രിസ്തു ഉപദേശവും, 'താനിച്ഛിക്കുന്നത് തന്റെ സഹോദരന് വേണ്ടിയും ആഗ്രഹിക്കുക' എന്ന നബിവചനവും നിസ്വാര്‍ഥ മനസ്സുകളിലേ അനുരണനം സൃഷ്ടിക്കൂ.
'സ്‌നേഹത്തിന്‍ മാധുര്യം ത്യാഗത്തിലാണെന്ന് നാകത്തിലാരോ കുറിച്ചിരുന്നു' എന്ന കവിതാശകലം, മറ്റുള്ളവര്‍ക്കു വേണ്ടി ത്യാഗങ്ങളനുഷ്ഠിക്കാനും പ്രയാസങ്ങള്‍ സ്വയം വരിക്കാനും സന്നദ്ധരാവുമ്പോഴാണ് യഥാര്‍ഥ സ്‌നേഹത്തിന്റെ സാക്ഷാല്‍ മാധുര്യം നമുക്കനുഭവവേദ്യമാകുന്നതെന്ന യാഥാര്‍ഥ്യം അനുസ്മരിപ്പിക്കുന്നു. 'സ്‌നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ സ്‌നേഹിച്ചിടാത്തൊരു തത്ത്വശാസ്ത്രത്തെയും' - വയലാറിന്റെ ഈ വരികള്‍, വേദന തിന്നുകയും ദുരിതം പേറുകയും ചെയ്യുന്ന ഭൂമിയിലെ നിസ്സഹായരായ മനുഷ്യരെ സ്‌നേഹിക്കാനും അവരുടെ കണ്ണീരൊപ്പാനും മുന്നോട്ടു കുതിക്കുന്ന ഹൃദയാലുവായ മനുഷ്യന്റെ സാമൂഹികാവബോധത്തെയാണ് തൊട്ടുണര്‍ത്തുന്നത്. മറ്റുള്ളവന്റെ ദുഃഖത്തില്‍ വേദനിക്കാനും ഉയര്‍ച്ചയിലും ഐശ്വര്യത്തിലും സന്തോഷിക്കാനുമുള്ള ഹൃദയ നൈര്‍മല്യം സാധിക്കുകയെന്നത് നിസ്സാര കാര്യമല്ല. 'അന്യനുയര്‍ച്ച കാണുമ്പോള്‍ ആനന്ദിക്കേണ്ടതാണു നീ' എന്ന് കവി നമ്മെ ഉദ്‌ബോധിപ്പിക്കുന്നതിന്റെ സ്വാരസ്യവും മറ്റൊന്നല്ല. l
Comments