നജ്മ ടീച്ചര്‍
ജമാഅത്തെ ഇസ്്ലാമി അംഗവും കൂട്ടില്‍ വനിതാ കാര്‍കുന്‍ ഹല്‍ഖയുടെ സ്ഥാപകയും മുന്‍ നാസിമത്തും മങ്കട ഏരിയയുടെ ദീര്‍ഘകാല കണ്‍വീനറുമായിരുന്ന സി. നജ്മ ടീച്ചര്‍ ജനുവരി 16-ന് അല്ലാഹുവിലേക്ക് യാത്രയായി. പിതാവില്‍നിന്നും ഭര്‍ത്താവില്‍നിന്നും പകര്‍ന്നുകിട്ടിയ നേതൃപാടവം കൊണ്ടുതന്നെ കൂട്ടില്‍ ഹല്‍ഖയെ സംബന്ധിച്ചേടത്തോളം നികത്താനാവാത്ത നഷ്ടമാണ് ടീച്ചറുടെ വിയോഗം. ശാന്തപുരം ഇസ് ലാമിയാ കോളേജ്, വണ്ടൂര്‍ വനിതാ കോളേജ് എന്നീ സ്ഥാപനങ്ങളിലായിരുന്നു വിദ്യാഭ്യാസം. പഠനകാലത്ത് ജി.ഐ.ഒയിലൂടെയാണ് ടീച്ചര്‍ നേതൃസ്ഥാനത്തേക്കുയര്‍ന്നത്. നെമ്മിനി, പെരിന്തല്‍മണ്ണ, കാപ്പുമുഖം, കര്‍ക്കിടകം എന്നിവിടങ്ങളിലായിരുന്നു അധ്യാപനം. ഹല്‍ഖയിലും ഏരിയയിലും ഒട്ടേറെ നല്ല മാതൃകകള്‍ നല്‍കിയാണ് ടീച്ചര്‍ വിടപറഞ്ഞത്. ഏരിയയിലെ 'സ്‌നോ' സൗഹൃദ കൂട്ടായ്മയും ചികിത്സാ സഹായ ക്ഷേമനിധിയും ഉദാഹരണങ്ങള്‍.
പ്രദേശത്ത് ഖുര്‍ആന്‍ സ്റ്റഡി സെന്ററുകള്‍ തുടങ്ങുന്നതിന് അവര്‍ മുഖ്യ പങ്കുവഹിച്ചു. സ്‌ക്വാഡ് പ്രവര്‍ത്തനങ്ങളില്‍ അതീവ തല്‍പരയായിരുന്നു. അസുഖമായ കാലത്ത് യോഗം സ്വന്തം വീട്ടില്‍വെച്ച് നടത്താന്‍ ആവശ്യപ്പെട്ടിരുന്നു. തന്റെ കുടുംബത്തെയും ഇസ്്ലാമിക ശിക്ഷണം നല്‍കി വളര്‍ത്തി. ഭര്‍ത്താവ് പരേതനായ കെ.കെ അബ്ദുല്ലാ മൗലവി. പിതാവ് പരേതനായ സി. അബ്ദുര്‍റഹ് മാന്‍ മൗലവി. മക്കള്‍: അലീഫ്, അദീബ, അദീല. മരുമക്കള്‍: ഇബ്‌റാഹീം, തൂബ റുഖിയ.
അബൂബക്കര്‍ഹാജി
ജമാഅത്തെ ഇസ്്ലാമി എടത്തനാട്ടുകര പ്രാദേശിക ജമാഅത്തിലെ പ്രവര്‍ത്തകനായ തോരക്കാട്ടില്‍ അബൂബക്കര്‍ ഹാജി(96) അല്ലാഹുവിങ്കലേക്ക് യാത്രയായി. പ്രായാധിക്യം കാരണം വര്‍ഷങ്ങളോളം കിടപ്പിലായിരുന്നു. തന്നെ സന്ദര്‍ശിക്കാന്‍ വരുന്നവരോട് പഴയ കാല സംഭവങ്ങളും അനുഭവങ്ങളും വളരെ ഹൃദ്യമായി പങ്ക് വെക്കുമായിരുന്നു. ജംഇയ്യത്തുല്‍ ഇസ്്ലാഹ് ട്രസ്റ്റ് അംഗമായും എടത്തനാട്ടുകര ഓര്‍ഫനേജ് കമ്മറ്റിയില്‍ ഖജാന്‍ജിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ട്രസ്റ്റിന്റെ കീഴിലുള്ള മസ്ജിദ് റവാഹ, അല്‍ മദ്റസത്തുല്‍ ഇസ്്ലാമിയ, ജമാഅത്തെ ഇസ്്ലാമി ഓഫീസ് കെട്ടിടം എന്നിവയുടെ നിർമാണത്തിലും പരിപാലനത്തിലും മുന്‍പന്തിയിലുണ്ടായിരുന്നു. പള്ളി നിർമാണത്തിന് വേണ്ട മരസാമഗ്രികൾ അദ്ദേഹമാണ് നൽകിയത്. പള്ളിക്ക് വേണ്ടി ഒരു കിണറും കുഴിപ്പിച്ചു. പള്ളി കോമ്പൗണ്ടില്‍ അദ്ദേഹം വെച്ചു പിടിപ്പിച്ച തെങ്ങിന്‍ തൈകള്‍ ഇപ്പോള്‍ വരുമാനം നൽകിത്തുടങ്ങി. എല്ലാ നല്ല സംരംഭങ്ങള്‍ക്കും ഉദാരമായി സഹായങ്ങൾ നൽകി. കേരളത്തിലെ അറിയപ്പെട്ട മുജാഹിദ് പണ്ഡിതനായിരുന്ന പറപ്പൂര്‍ അബ്്ദുർറഹ്്മാന്‍ മൗലവിയുടെ രണ്ടാമത്തെ മകളെയാണ് വിവാഹം ചെയ്തിരുന്നത്. നല്ലൊരു കര്‍ഷകനും വ്യാപാരിയുമായിരുന്നു. ഒരു മകളടക്കം 6 മക്കളെയും ഇസ്്ലാമിക ചുറ്റുപാടിലാണ് വളര്‍ത്തിയത്.
ടി. അബ്ദുല്‍ റഷീദ് എടത്തനാട്ടുകര
യു. ഹമീദ്
കോഴിക്കോട് ചെറുവറ്റ ജമാഅത്തെ ഇസ്്ലാമി ഘടകത്തില്‍ സജീവ പ്രവര്‍ത്തകനായിരുന്ന ഹമീദ് (69) അല്ലാഹുവിലേക്ക് യാത്രയായി. 22 വര്‍ഷം മുമ്പ് നടന്ന ഒരു സംഭവം ഹമീദിനെ പരിചയപ്പെടാന്‍ ഏറെ ഉപകരിക്കും: അന്തർ സംസ്ഥാന പെര്‍മിറ്റുള്ള ലോറികള്‍ ഓടിച്ചിരുന്ന ഹമീദ് കര്‍ണാടകയിലൊരിടത്ത് ലോഡെടുക്കാന്‍ പോയി. ലോഡ് കയറ്റിക്കൊണ്ടിരിക്കെ നമസ്‌കാരത്തിന് സമയമായി. ചുറ്റുപാടും ഹിന്ദുക്കള്‍ മാത്രം താമസിച്ചിരുന്ന ക്ഷേത്ര പരിസരം. ഹമീദ് എപ്പോഴും ലോറിയില്‍ സൂക്ഷിച്ചിരുന്ന 'മുസ്വല്ല' എടുത്ത് നിലത്ത് വിരിച്ച് നമസ്‌കരിച്ചു. കൂടെയുണ്ടായിരുന്ന മകന്‍ പക്ഷേ, ആ സാഹസത്തിന് പിതാവിനൊപ്പം ചേര്‍ന്നില്ല. ചുറ്റും കൂടിനിന്ന പരിസരവാസികള്‍ കൗതുകത്തോടും ആദരവോടും തെല്ല് അമ്പരപ്പോടും കൂടി ആ രംഗം കണ്ടുനിന്നു - അതായിരുന്നു ഹമീദ്.
വിജ്ഞാന സമ്പാദനത്തിലും മതനിഷ്ഠയിലും മറ്റാരെക്കാളും മുമ്പിലായിരുന്നു ഹമീദ്. നല്ലൊരു വായനക്കാരനായിരുന്നു. ഐ.പി.എച്ച് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ പുസ്തകമടക്കം മുഴുവന്‍ സാഹിത്യങ്ങളും അദ്ദേഹം വായിച്ചു തീര്‍ത്തിട്ടുണ്ട്. ഏറ്റവുമൊടുവില്‍ 'മുഖദ്ദിമ'യുടെ പുതിയ മലയാള വിവര്‍ത്തനം എന്റെ പക്കല്‍നിന്ന് വാങ്ങിക്കൊണ്ടുപോയി. പക്ഷേ, ആ ഗ്രന്ഥം വായിച്ചു തീര്‍ക്കാന്‍ കഴിയും മുമ്പേ അദ്ദേഹം രോഗഗ്രസ്തനായിക്കഴിഞ്ഞിരുന്നു. പരന്ന വായന ഉള്ളതുകൊണ്ടുതന്നെ സാമൂഹിക രാഷ്ട്രീയ വിഷയങ്ങളില്‍ തെളിഞ്ഞ കാഴ്ചപ്പാടുണ്ടായിരുന്നു.
നല്ലൊരു ജനസേവകനായിട്ടാണ് നാട്ടുകാര്‍ അദ്ദേഹത്തെ അറിയുന്നത്. കഷ്ടപ്പാടും ദുരിതവും അനുഭവിക്കുന്നവര്‍ക്ക് സഹായം സംഘടിപ്പിക്കുന്നതില്‍ ആനന്ദമനുഭവിച്ച ആളായിരുന്നു ഹമീദ്. സ്വന്തം പോക്കറ്റ് കാലിയായിരിക്കെ, മറ്റുള്ളവരില്‍നിന്ന് സഹായം സംഘടിപ്പിച്ചു നല്‍കുന്നതില്‍ പ്രത്യേക സാമര്‍ഥ്യമുണ്ടായിരുന്നു.
തബൂക്കില്‍ പ്രവാസിയായിരിക്കെയാണ് ഹമീദ് ജമാഅത്തുമായി ബന്ധപ്പെടുന്നത്. അതോടെ പല ഉത്തരവാദിത്വങ്ങളും തേടിയെത്തിയപ്പോള്‍ അവയെല്ലാം സന്തോഷപൂര്‍വം ഏറ്റെടുത്തു. ഗള്‍ഫില്‍ പ്രയാസങ്ങളില്‍ പെട്ടവരെ രക്ഷപ്പെടുത്താന്‍ ലക്ഷക്കണക്കിന് റിയാല്‍ അദ്ദേഹം സമാഹരിച്ചു നല്‍കി. പ്രവാസ ജീവിതത്തില്‍ ലഭിച്ച വരുമാനത്തിന്റെ വലിയൊരു ഭാഗവും നാട്ടിലെ സ്വന്തം കുടുംബാംഗങ്ങളുടെ പ്രയാസം ലഘൂകരിക്കുന്നതിനാണുപയോഗിച്ചത്.
ഹമീദിനെ എല്ലാ ജനവിഭാഗങ്ങള്‍ക്കിടയിലും സ്വീകാര്യനാക്കിയത് അദ്ദേഹത്തിന്റെ വിശ്വാസ്യതയും ലളിത ജീവിതവുമായിരുന്നു.
പ്രവാസ ജീവിതം അവസാനിപ്പിച്ച് തിരിച്ചുവന്ന ഹമീദ് ഒരു മുഴുസമയ ഇസ്്ലാമിക പ്രവര്‍ത്തകനായി മാറുകയായിരുന്നു. ജമാഅത്ത് സ്ഥാപിച്ച ബദ്്ര്‍ പള്ളിക്ക് വേണ്ടി തനിക്ക് അനന്തരാവകാശമായി ലഭിച്ച ഒരു വന്‍ തുക അദ്ദേഹം സംഭാവന നല്‍കി. ഓടിട്ട പള്ളി മൂന്ന് നിലകളുള്ള കോണ്‍ക്രീറ്റ് പള്ളിയാക്കുന്നതിന് അത് സഹായകമായി. അല്‍ബദ്്ര്‍ മദ്‌റസയുടെ കെട്ടിട നിര്‍മാണത്തിലും എസ്.ഐ.ഒ ഹോസ്റ്റലിന്റെ നടത്തിപ്പിലും ഹമീദ് സുപ്രധാന പങ്കാണ് വഹിച്ചത്.
ഭാര്യ: നഫീസ. മക്കള്‍: നൗഫല്‍, നബീല്‍.
കെ.പി കമാലുദ്ദീന്‍
പി.പി അബ്്ദുര്‍റഹ്്മാന്‍ ഓമശ്ശേരി
പി.പി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ടിരുന്ന പി.പി അബ്്ദുര്‍റഹ്്മാന്‍ സാഹിബ് അല്ലാഹുവിലേക്ക് യാത്രയായി. അങ്ങേയറ്റം വിനയാന്വിതനായി ലളിത ജീവിതം നയിച്ച സാത്വിക വ്യക്തിത്വമായിരുന്നു. ജമാഅത്തെ ഇസ്്ലാമി ഓമശ്ശേരി നോര്‍ത്ത് യൂനിറ്റ് അംഗമായിരുന്നു. ജമാഅത്തെ ഇസ്്ലാമി പ്രാദേശിക ജമാഅത്ത് സെക്രട്ടറി, അമീര്‍ എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ആലിയാ കോളേജില്‍നിന്ന് പഠനം പൂര്‍ത്തിയാക്കി. ഓമശ്ശേരിയിലും പരിസര പ്രദേശങ്ങളിലും മദ്‌റസാ അധ്യാപകനായും ഖത്വീബായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജില്ലയിലെ പല സ്ഥലങ്ങളിലും സ്‌കൂള്‍ അധ്യാപകനായി ജോലി ചെയ്തു. അവിടങ്ങളിലെല്ലാം ഖുര്‍ആന്‍ പഠന ക്ലാസുകളും സ്റ്റഡി ക്ലാസുകളും സംഘടിപ്പിക്കുകയും വലിയ സുഹൃദ് നിര നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്.
ഭാര്യ: കുഞ്ഞാമിന. മക്കള്‍: ആബിദ, സാജിദ, ഫരീദ, ഉബൈദ്. സഹോദരങ്ങള്‍: ഒ.പി അബ്്ദുസ്സലാം മൗലവി, പി.പി കോയാമു, പി.പി അബു, സൈനബ, ഫാത്വിമ, റുഖിയ, ആസ്യ, സാബിറ, ആമിനക്കുട്ടി, പാത്തൂട്ടി, സുലൈഖ, ജമീല.
എ. മൊയ്തീൻ കുട്ടി ഓമശ്ശേരി
പരേതരെ അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും
സ്വര്‍ഗത്തില്‍ ഉന്നത സ്ഥാനവും നല്‍കി
അനുഗ്രഹിക്കുമാറാകട്ടെ - ആമീന്‍.
Comments